കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള
മതനിരപേക്ഷ ശക്തികളുമായി
ചേര്‍ന്നുപ്രവര്‍ത്തിക്കും- വിജൂ കൃഷ്ണന്‍
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ ശക്തികളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കും- വിജൂ കൃഷ്ണന്‍
ഭരണഘടനക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതിരോധം കെട്ടിപ്പൊക്കുന്നതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ മതനിരപേക്ഷ ശക്തികളുമായും ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വിജൂ കൃഷ്ണന്‍ ‘ട്രൂ കോപ്പി വെബ്‌സീനി’ന് നല്‍കിയ അഭിമുഖത്തില്‍.
1 Aug 2022, 10:51 AM
ഹിന്ദുത്വ കോര്‍പറേറ്റ് ഭരണക്രമത്തിനെതിരായ പോരാട്ടം വിജയിക്കണമെങ്കില്‍ അതിന്റെ കൂടെ തന്നെ ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെയും നവലിബറല്‍ നയങ്ങള്‍ക്കെതിരെയുമുള്ള പോരാട്ടങ്ങള്‍ ആവശ്യമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം വിജൂ കൃഷ്ണന്‍. ധാരണയിലെത്തിയ വിഷയങ്ങളില്‍ പാര്‍ലമെന്റിനകത്ത് മതനിരപേക്ഷ പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സഹകരണവും വര്‍ഗീയ അജണ്ടക്കെതിരെ എല്ലാ മതനിരപേക്ഷ ശക്തികളുടെയും വിശാല മുന്നേറ്റവും ഉറപ്പുവരുത്തുമെന്ന് ട്രൂ കോപ്പി വെബ്‌സീനിനുനല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘‘ഓരോ പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തില്‍, പാര്‍ട്ടിയും ഇടതുപക്ഷവും സ്വതന്ത്രമായും മറ്റ് ജനാധിപത്യ ശക്തികളുടെ കൂടെച്ചേര്‍ന്നും, നവഉദാരവത്കരണത്തിനെതിരെയും ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കുമെതിരായ സര്‍വ്വാധിപത്യ കടന്നാക്രമങ്ങള്‍ക്കെതിരെയും പൈശാചിക നിയമങ്ങളുപയോഗിച്ച് വിസമ്മതങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെയും പൊരുതും. കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ ഇടതുപക്ഷവും പ്രാദേശിക പാര്‍ട്ടികളും തമ്മില്‍ ഏകോപനം സാധ്യമായിട്ടുണ്ട്. പക്ഷേ, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയോലിബറല്‍ സാമ്പത്തിക നയങ്ങളോടുള്ള ഉറച്ച പ്രതിപത്തി തുടരുകയും ഹിന്ദുത്വയെ എതിരിടുന്ന സന്ദര്‍ഭങ്ങളില്‍ അവസരവാദപരമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുകയുമാണ് ചെയ്യുന്നത്. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ദൃഢനിശ്ചയത്തോടെ പോരാടുകയും വിട്ടുവീഴ്ചയില്ലാത്ത തരത്തില്‍ വര്‍ഗീയശക്തികളെ പ്രതിരോധിക്കുകയും ചെയ്യാതെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ സാധിക്കില്ല. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അസ്ഥിരമാക്കാന്‍, ഒളിഞ്ഞും തെളിഞ്ഞും അവര്‍ സംഘപരിവാറുമായും ബി.ജെ.പിയുമായും സഖ്യത്തിലാകുന്നത് ഇതിനെ സാധൂകരിക്കുന്ന ഒന്നാണ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ബി.ജെ.പിയിലേക്ക് കൂട്ടത്തോടെ കൂറുമാറുന്നത് സംഘപരിവാറിനെ എതിര്‍ക്കുന്ന ശക്തിയെന്ന നിലയില്‍ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഭരണഘടനക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പ്രതിരോധം കെട്ടിപ്പൊക്കുന്നതില്‍ ഞങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ മതനിരപേക്ഷ ശക്തികളുമായും ചേര്‍ന്നുപ്രവര്‍ത്തിക്കും.''
‘‘കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുമായി സംഘപരിവാര്‍ കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യാനികള്‍ക്കെതിരായ ശാരീരിക ആക്രമണങ്ങള്‍ വലിയ രീതിയില്‍ പെരുകിയ വര്‍ഷമാണ് 2021. ആ വര്‍ഷം ക്രിസ്ത്യാനികള്‍ക്കെതിരെ 486 ആക്രമണങ്ങളാണുണ്ടായത്, 2020ലെ കണക്കുകളെ അപേക്ഷിച്ച് 75 ശതമാനം കൂടുതൽ. സംഘപരിവാറും ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകളും വര്‍ഗ്ഗീയ വികാരങ്ങളെ ആളിക്കത്തിച്ചു. കൂടാതെ ക്രിസ്ത്യാനികള്‍ക്കിടയിലുള്ള 'കാസ' പോലുള്ള തീവ്രവിഭാഗങ്ങള്‍ മുസ്ലിം വിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോവുകയുമുണ്ടായി. ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പോലുള്ള കാമ്പയിനുകള്‍ സംഘപരിവാറിന്റെ പണിപ്പുരയില്‍ നിന്ന് പുറത്തിറങ്ങുന്നവയാണ്.''
‘‘പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ആരാധകരായ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ വിഭാഗങ്ങളുടെ മൗലികവാദ നിലപാടുകളും ഈ കാമ്പയിന്‍ കൂടുതല്‍ ശക്തമാക്കാൻ ഉപയോഗിക്കുന്നു. ഒരു തരത്തിലുള്ള വര്‍ഗ്ഗീയവാദവും മറ്റൊന്നിനെ അവസാനിപ്പിക്കില്ലെന്ന നമ്മുടെ മനസ്സിലാക്കലിനെ ശരിവെക്കുന്ന ഒന്നാണിത്. പരസ്പരം സഹകരിച്ച് അവര്‍ നിലനില്‍ക്കുന്നതും വളരുന്നതും ജനങ്ങള്‍ക്ക് നഷ്ടങ്ങളുണ്ടാക്കിക്കൊണ്ടാണ്. അതിനാല്‍ എല്ലാ തരത്തിലുമുള്ള വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെയും ചാഞ്ചല്യമില്ലാതെ പൊരുതേണ്ടത് സാമുദായിക മൈത്രി സംരക്ഷിക്കുന്നതിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.''
‘‘മതനിരപേക്ഷ രാഷ്ട്രീയമുന്നേറ്റമായി രൂപപ്പെട്ടുവന്ന ഒരു വിഭാഗമാണ് പസ്മന്ദ മുസ്‌ലിംകള്‍. അവര്‍ ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമായാണ് അണിചേര്‍ന്നിരുന്നത്. വര്‍ഗീയ മതമൗലികവാദ ശക്തികളുമായി സഖ്യത്തിലാകുന്നതിന്റെ അപകടങ്ങളെന്താണെന്ന് അവര്‍ നന്നായി മനസ്സിലാക്കുകയും പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന ശക്തികളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഘപരിവാര്‍ സോഷ്യല്‍ എഞ്ചിനിയറിങ്ങിനെ ആശ്രയിക്കുകയും ചില ജാതി വിഭാഗങ്ങളെ ബി.ജെ.പിയുടെ കൂടെ അണിചേര്‍ക്കുന്നതില്‍ കുറേയധികം വിജയിക്കുകയും ചെയ്തിട്ടുണ്ട്. ക്രൂരമായ അതിക്രമങ്ങളും കൊലപാതകങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ഇത്തരത്തില്‍ അണിചേര്‍ക്കുകയെന്നത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ല.''
‘‘അമേരിക്കയുടെ പിന്നാമ്പുറമെന്ന് അറിയപ്പെട്ടിരുന്ന പ്രദേശങ്ങളില്‍ ഇടതുപക്ഷത്തിനുണ്ടായ വിജയങ്ങള്‍ അതിന്റെ സാമ്രാജ്യത്വ അപ്രമാദിത്വത്തിനെ പ്രസക്തമായ രീതിയില്‍ തന്നെ തളര്‍ത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശിക പാര്‍ട്ടികളാണെങ്കിലും കേന്ദ്രതലത്തിലെ പാര്‍ട്ടികളാണെങ്കിലും നിയോലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെയാണെന്ന് കണക്കാക്കാന്‍ മടിച്ചുനില്‍ക്കുമ്പോള്‍ അതില്‍നിന്ന് വ്യത്യസ്തമായി, പിങ്ക് തരംഗത്തിലെ ലാറ്റിനമേരിക്കന്‍ പാര്‍ട്ടികളുടെ നിലപാട് കൃത്യമായും അതിനെതിരാണ്. വിശാലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി പടുത്തുടയര്‍ത്താനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഇത്തരം പുരോഗമനങ്ങളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ പാഠങ്ങളുണ്ട്.''
Truecopy Webzine
Aug 02, 2022
3 Minutes Read
Truecopy Webzine
Aug 01, 2022
5 Minutes Read
Truecopy Webzine
Aug 01, 2022
5 Minutes Read
Truecopy Webzine
Aug 01, 2022
2 minutes Read
പി.ബി. ജിജീഷ്
Jul 28, 2022
13 minutes Read
Truecopy Webzine
Jul 23, 2022
3 Minutes Read
ഡോ. എം.കെ. മുനീർ
Jul 20, 2022
4 Minutes Read