ദേവികുളം
എം.ജി.ആറും ഇളയരാജയും കാമരാജും ഇന്ദിരാഗാന്ധിയും
ഇളക്കിമറിച്ച മണ്ഡലം
ദേവികുളം: എം.ജി.ആറും ഇളയരാജയും കാമരാജും ഇന്ദിരാഗാന്ധിയും ഇളക്കിമറിച്ച മണ്ഡലം
22 Feb 2021, 04:04 PM
കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഏറ്റവും സവിശേഷതകളുള്ള ഒരു മണ്ഡലമാണ് ദേവികുളം. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി വിജയിപ്പിച്ച ചരിത്രമാണ് ഈ പട്ടികജാതി സംവരണ മണ്ഡലത്തിന്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്നു, ഒന്നര പതിറ്റാണ്ടായി സി.പി.എമ്മിന്റെ കൈയിലാണ്. 1991 മുതല്‍ 2001 വരെ കോണ്‍ഗ്രസിലെ എ.കെ. മണിയാണ് ജയിച്ചത്. പിന്നീട് മൂന്നുവട്ടം എല്‍.ഡി.എഫിലെ എസ്. രാജേന്ദ്രന്റെ കാലമായിരുന്നു. 2016ല്‍ എ.കെ. മണിയെ 5782 വോട്ടിനാണ് തോല്‍പ്പിച്ചത്.

രാജേന്ദ്രന്‍- മണി മല്‍സരം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കേണ്ടതില്ലെന്ന് ഇരുമുന്നണികളിലും ആവശ്യമുയര്‍ന്നുകഴിഞ്ഞു. പുതുമുഖങ്ങള്‍ക്കുവേണ്ടിയാണ് മുറവിളി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ. രാജ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആര്‍. ഈശ്വരന്‍ എന്നിവരുടെ പേരാണ് സി.പി.എം സാധ്യതാ ലിസ്റ്റില്‍. ദേവികുളത്ത് ആറുതവണ മല്‍സരിച്ച മണിയെ ഒരു കാരണവശാലും ഇത്തവണ ഇറക്കില്ലെന്ന വാശിയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗമെങ്കിലും, ഹൈക്കമാന്‍ഡിനെപ്പോലും മറികടന്ന മണിയുടെ കഴിഞ്ഞ തവണത്തെ പൂഴിക്കടകന്‍ ഓര്‍മിപ്പിക്കുകയാണ് മണിയുടെ ആരാധകര്‍. കഴിഞ്ഞ തവണ ഡി.സി.സി നല്‍കിയ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്ന മണിയെ പിന്തള്ളി, മൂന്നാമനായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ആര്‍. രാജാറാമാണ് ഹൈക്കമാന്‍ഡ് ലിസ്റ്റില്‍ ഒന്നാമതെത്തിയത്. ലിസ്റ്റ് വന്നപ്പോള്‍ ദേവികുളത്തെ കോണ്‍ഗ്രസിലുണ്ടായത് വന്‍ ഭൂകമ്പം. മണിയുടെ ആരാധകര്‍ തെരുവിലിറങ്ങി, പാര്‍ട്ടി ഓഫീസുകള്‍ പൂട്ടിച്ചു, രാജാറാമിനെ ഇറക്കിവിട്ടു. ഇതിനകം പ്രചാരണത്തില്‍ മുന്നേറിയിരുന്ന രാജാറാമിന് ഒടുവില്‍ രംഗമൊഴിഞ്ഞ് വീട്ടിലിരിക്കേണ്ടിവന്നു. ഓര്‍മകളുണ്ടായിരിക്കണമെന്നാണ് ഇത്തവണയും മണി ഓര്‍മിപ്പിക്കുന്നത്. യു.ഡി.എഫിലെ പടലപ്പിണക്കങ്ങള്‍ ഇല്ലാതായെന്നും വിജയസാധ്യതയുണ്ടെന്നുമാണ് സ്വന്തം തടി രക്ഷിക്കാനെന്ന വണ്ണം മണി പറയുന്നത്. എ.ഐ.സി.സിയുടെ കണക്കുകൂട്ടലിലും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി മണി തന്നെയാണ്.
Also Read: കേരള നിയമസഭയിലെ ആദ്യത്തെ ഉപതെരഞ്ഞെടുപ്പും പാവലര്‍ വരദരാജനും
പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും ഇത്തവണ മല്‍സരിക്കാനൊരുങ്ങുന്നുണ്ട്.
തമിഴ് വംശജര്‍ക്ക് മുന്‍തൂക്കമുള്ള ദേവികുളത്ത് സാമുദായിക സമവാക്യങ്ങളും പ്രധാനമാണ്. തമിഴ് വിഭാഗമായ പള്ളന്‍ വിഭാഗക്കാരാണ് മണിയും രാജേന്ദ്രനും. അടിമാലി, കാന്തല്ലൂര്‍, മറയൂര്‍, മാങ്കുളം, മൂന്നാര്‍, വട്ടവട, വെള്ളത്തൂവല്‍, ദേവികുളം, പള്ളിവാസല്‍, ഇടമലക്കുടി, ബൈസണ്‍ വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകള്‍ അടങ്ങിയതാണ് മണ്ഡലം.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയതകള്‍ക്ക് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പുകളായിരുന്ന ദേവികുളത്തേത്. ദ്വയാംഗ മണ്ഡലമായാണ് തുടക്കം. സംവരണം ഉറപ്പാക്കാനായിരുന്നു ഈ സംവിധാനം. ഇവിടെനിന്ന് രണ്ട് എം.എല്‍.എമാരെ തെരഞ്ഞെടുക്കാം. ഒരാള്‍ സംവരണ വിഭാഗവും മറ്റേയാള്‍ ജനറലും. കേരളത്തില്‍ 12 ദ്വയാംഗ മണ്ഡലങ്ങളാണുണ്ടായിരുന്നത്.
1957ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് സി.പി.ഐ സ്ഥാനാര്‍ഥി റോസമ്മ പുന്നൂസായിരുന്നു. അവര്‍ ജയിച്ച് കേരളത്തിലെ ആദ്യ എം.എല്‍.എയായി, ആദ്യ വനിത എം.എല്‍.എയും. ആദ്യ നിയമസഭയിലെ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ച പ്രോ ടേം സ്പീക്കറായിരുന്നു അവര്‍. എന്നാല്‍, എതിര്‍ സ്ഥാനാര്‍ഥി, കോണ്‍ഗ്രസിലെ ബി.കെ. നായരുടെ പത്രിക മതിയായ കാരണമില്ലാതെ തള്ളി എന്ന തെരഞ്ഞെടുപ്പുകേസില്‍ അവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പുകേസ്.
തുടര്‍ന്ന് 1958ല്‍ ഉപതെരഞ്ഞെടുപ്പ്. റോസമ്മ പുന്നൂസും ബി.കെ. നായരും സ്ഥാനാര്‍ഥികള്‍.
കേരളത്തിലെ ആദ്യത്തെ ഈ ഉപതെരഞ്ഞെടുപ്പിനെപ്പോലെ ആവേശകരമായ ഒരു മല്‍സരം പീന്നിട് കേരളത്തിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിലുണ്ടായിട്ടില്ല എന്നുതന്നെപറയാം.

ഇ.എം.എസ് സര്‍ക്കാറിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു ഈ തെരഞ്ഞെടുപ്പ്. എ.കെ.ജിയുടെ നിര്‍ദേശപ്രകാരം ദേവികുളം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വി.എസ്. അച്യുതാനന്ദനായിരുന്നു റോസമ്മ പുന്നൂസിന്റെ ഇലക്ഷന്‍ സെക്രട്ടറി. റോസമ്മ പുന്നൂസിന്റെ പ്രചാരണത്തിന് എത്തിയവരുടെ നിര ഞെട്ടിപ്പിക്കുന്നതായിരുന്നു: സാക്ഷാല്‍ എം.ജി.ആര്‍ അവരില്‍ ഒരാള്‍. ഈ സമയത്ത് മൂന്നാറില്‍ 'മാലൈക്കള്ളന്‍ തങ്കയ്യ' എന്ന സിനിമയുടെ ഷൂട്ടിംഗിനെത്തിയതായിരുന്നു അദ്ദേഹം. തമിഴ് വോട്ടര്‍മാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തിലേക്ക് വി.എസ് എം.ജി.ആറിനെ കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം കലാശക്കൊട്ടിന് കിടിലന്‍ പ്രസംഗങ്ങള്‍ നടത്തി. അന്ന് എം.ജി.ആര്‍ നടത്തിയ പ്രസംഗത്തിന്റെ പത്രക്കട്ടിംഗുകള്‍ ദേവികുളത്തെ ചായക്കടകളുടെ ചില്ലലമാരകളില്‍ ഏറെക്കാലമുണ്ടായിരുന്നു.
Also Read: ഏറ്റുമാനൂര്‍: ‘ഉപാധിയില്‍ ഇളവുണ്ടായിരിക്കുന്നതാണ്'
അദ്ദേഹം അന്ന് ഡി.എം.കെയിലായിരുന്നുവെങ്കിലും രാഷ്ട്രീയത്തില്‍ അത്ര സജീവമായിത്തുടങ്ങിയിട്ടില്ല. തീര്‍ന്നില്ല, പ്രചാരണത്തിന് പാട്ടുപാടാനെത്തി ഒരു 14 കാരന്‍, ഇന്നത്തെ സാക്ഷാല്‍ ഇളയരാജ. ജ്യോതിബസു, രാജേശ്വര റാവു, എസ്.എ. ഡാങ്ക, പി. രാമമൂര്‍ത്തി, ജീവാനന്ദം... കമ്യൂണിസ്റ്റ് നേതാക്കളുടെ വലിയ പട തന്നെ ദേവികുളത്തെ ഇളക്കിമറിച്ചു. തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രിയെപ്പോലും പ്രചാരണത്തിനിറക്കില്ലെന്ന തീരുമാനത്തിലായിരുന്നു ഇ.എം.എസ്. കോണ്‍ഗ്രസും വെറുതെയിരുന്നില്ല. കാമരാജും ഇന്ദിരാഗാന്ധിയുമാണ് ബി.കെ. നായരുടെ പ്രചാരണത്തിനെത്തിയത്. 1958 മേയില്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നു. റോസമ്മ പുന്നൂസിന് 7098 വോട്ടിന്റെ ഭൂരിപക്ഷം. ഒരേ സഭയില്‍ രണ്ടു തവണ സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ലഭിച്ച ആദ്യ എം.എല്‍.എ കൂടിയായി അവര്‍.
Join Think Election Special Whatsapp Group

Election Desk
Mar 04, 2021
6 Minutes Read
Election Desk
Mar 04, 2021
5 Minutes Read
Election Desk
Mar 03, 2021
3 Minutes Read
Election Desk
Mar 03, 2021
2 Minutes Read
Election Desk
Mar 03, 2021
2 Minutes Read
Election Desk
Mar 02, 2021
3 Minutes Read
Election Desk
Mar 02, 2021
3 Minutes Read