ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ :
നിര്‍മ്മിത ബുദ്ധി പ്രമേയമായ മലയാളത്തിലെ
ആദ്യത്തെ സയന്‍സ് ഫിക്ഷന്‍
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ : നിര്‍മ്മിത ബുദ്ധി പ്രമേയമായ മലയാളത്തിലെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍
മിക്സിയും ഗ്രൈന്‍ഡറും ഉപയോഗിക്കാത്ത, അമ്പലക്കുളത്തില്‍ മാത്രം കുളിക്കുന്ന പൊതുവാളിന്റെ വാശിക്കും കാര്‍ക്കശ്യത്തിനും മുന്‍പില്‍ ബാക്കി എല്ലാവരും തോറ്റുപോകുന്നിടത്ത് ഒരു മനുഷ്യ റോബോട്ട് വിജയിക്കുന്നു
28 Oct 2022, 11:37 AM
ചിരപുരാതനമായ ഭാരതീയ/കേരള സംസ്‌കാരത്തെ സംരക്ഷിക്കാനും പൈതൃകത്തില്‍ അഭിമാനം സാധ്യമാക്കാനും സാങ്കേതികവിദ്യയില്‍നിന്ന് സ്വയം അകന്നുനില്‍ക്കണമെന്ന ഓര്‍മപ്പെടുത്തലുകളുടെ ആവര്‍ത്തനങ്ങള്‍ ധാരാളമുണ്ട് മലയാള സിനിമയില്‍. എന്നാല്‍, ഇന്ന് ടെക്‌നോളജിയുടെ ഇടപെടലുകളെ മറ്റൊരു തരത്തില്‍ അടയാളപ്പെടുത്താതെ പോകാന്‍ സാധ്യമല്ലാതായിരിക്കുന്നു, ഇതര മാധ്യമങ്ങളെ പോലെ സിനിമയ്ക്കും. അകറ്റി നിര്‍ത്തേണ്ടതും സൂക്ഷിക്കേണ്ടതുമായ വലിയൊരു വിപത്തെന്ന നിലക്കുമാത്രം ടെക്‌നോളജിയെ അഭിസംബോധന ചെയ്യുന്ന പഴയ നയത്തില്‍ നിന്ന് കാതലായ മാറ്റം പ്രമേയ- ആവിഷ്‌കരണ തലത്തില്‍ സിനിമ കൊണ്ടുവന്നിട്ടുണ്ട്. നായക- പ്രതിനായക ദ്വന്ദ്വകല്പനകളെ നിര്‍ണയിക്കുന്ന ഘടകം എന്ന നിലക്കുപോലും ടെക്‌നോളജി സിനിമയില്‍ ഇടപ്പെട്ടു കഴിഞ്ഞു.
2019 ല്‍ റിലീസ് ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ Version 5.25 മാനവാനന്തര ലോകത്തിന്റെ പ്രത്യക്ഷമായ സ്വാധീനത അവകാശപ്പെടാവുന്ന സിനിമയാണ്. പോസ്റ്റ് ഹ്യൂമന്‍ മലയാള സിനിമാസന്ദര്‍ഭത്തിലെ പ്രധാന വഴിത്തിരിവായി ഈ സിനിമയെ കണക്കാക്കാം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമക്കുശേഷം റിലീസായ ഓപ്പറേഷന്‍ ജാവ (2021), ചതുര്‍മുഖം (2021) എന്നീ സിനിമകളിലും പുതിയ സൈബര്‍ലോകത്തെ വ്യത്യസ്തമായി ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളുണ്ട്.
മനുഷ്യന്‍ അഥവാ ഹോമോസാപിയന്‍സ് മറ്റു മൃഗങ്ങളില്‍ നിന്ന് ഔന്നത്യം അവകാശപ്പെടാവുന്ന ഒന്നാണെന്ന വാദത്തെ പോസ്റ്റ് ഹ്യൂമനിസം ചോദ്യം ചെയ്യുന്നുണ്ട്. "മനുഷ്യന്‍ ഒരു സ്പീഷീസ് മാത്രം' എന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കാനാണ് മാനവാനന്തരവാദം ശ്രമിക്കുന്നത്. അതോടൊപ്പം ഈ നൂറ്റാണ്ടില്‍ മനുഷ്യന്‍ നേരിടേണ്ടി വന്നേക്കാവുന്ന പല പ്രശ്നങ്ങളെ കുറിച്ചും തുറന്ന ചര്‍ച്ച നടത്തുന്നുണ്ട് മാനവാനന്തരവാദം. യന്ത്രലോകത്ത് മനുഷ്യകര്‍തൃത്വം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുകയും ജൈവം/അജൈവം, മനുഷ്യന്‍/യന്ത്രം എന്ന തരംതിരിവുകള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ മാനവാനന്തര സവിശേഷതയെ കൈകാര്യം ചെയ്യുന്ന സിനിമയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. നിര്‍മിത ബുദ്ധി കേന്ദ്രമാക്കി മലയാളത്തില്‍ ആദ്യമായി പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷനാണ് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍.
The development of full artificial intelligence could
spell the end of the human race
- Stephen Hawking
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങുന്നത് തന്നെ സ്റ്റീഫന്‍ ഹോക്കിങിന്റെ ഈ വാക്കുകള്‍ക്ക് ഫോക്കസ് നല്‍കി കൊണ്ടാണ്. യാഥാസ്ഥിതികതയെയും നാട്ടിന്‍പുറത്തെ നന്മകളെയും മുറുകെപ്പിടിച്ച് ജീവിക്കുന്ന ഭാസ്‌കര പൊതുവാളിന്റെ ജീവിതം പയ്യന്നൂരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. ആഗോളവത്കരണവും മുതലാളിത്തവും നിര്‍മിച്ച ‘ലോകം ഒരൊറ്റ കുടക്കീഴില്‍' എന്ന സങ്കല്‍പം അയാള്‍ക്ക് പരിചിതമല്ല. പുറംനാടുകളെ കുറിച്ച് വളരെ പരിമിതമായ അറിവുകളേ അയാള്‍ക്ക് ഉള്ളൂ. മിക്സിയും ഗ്രൈന്‍ഡറും ഉപയോഗിക്കാത്ത, അമ്പലക്കുളത്തില്‍ മാത്രം കുളിക്കുന്ന പൊതുവാളിന്റെ വാശിക്കും കാര്‍ക്കശ്യത്തിനും മുന്‍പില്‍ ബാക്കി എല്ലാവരും തോറ്റുപോകുന്നിടത്ത് ഒരു മനുഷ്യ റോബോട്ട് വിജയിക്കുന്നു. ഒടുവില്‍, ജപ്പാനില്‍ എങ്ങാനും ജനിച്ചാല്‍ മതിയായിരുന്നു എന്ന് ആത്മഗതം നടത്തുന്നതിലേക്ക് ഭാസ്‌കര പൊതുവാളിന്റെ ചിന്താഗതി മാറുന്നുണ്ട്. കീഴ്ജാതിയെന്ന് വ്യവഹരിക്കപ്പെടുന്ന ബാബുവിനെ കണ്ടാല്‍ തന്നെ ശുണ്ഠി പിടിച്ചിരുന്ന പൊതുവാള്‍ ബാബുവിന് പുഞ്ചിരി കൈ മാറുന്നതും ജപ്പാന്‍കാരിയായ ഹിറ്റോമിയെ സ്വീകരിക്കുന്നതും സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു.
അച്ഛന്‍ - മകന്‍ ബന്ധത്തിന്റെ ഇഴയടുപ്പങ്ങളും അകല്‍ച്ചകളും ആണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ആവിഷ്‌കരിക്കുന്നത്. മകന്‍ തന്നില്‍ നിന്നകന്നുപോകുമെന്ന ഭയം അച്ഛനായ ഭാസ്‌കര പൊതുവാളിനുണ്ട്. അച്ഛനെ ശുശ്രൂഷിക്കാനും ശ്രദ്ധിക്കാനുമായി കൊണ്ടുവന്ന ആന്‍ഡ്രോയ്ഡ് 5.25 എന്ന റോബോട്ടിനെ സുഹൃത്തായും, മകനായും പൊതുവാള്‍ അംഗീകരിക്കുന്നതുതൊട്ട് റോബോട്ടിന് പ്രതിനായകപദവി കൈവരുന്നു. മടുപ്പും നാണവും ക്ഷീണവും മനുഷ്യസഹജമായ ദുര്‍ബലവികാരങ്ങളുമില്ലാത്ത മനുഷ്യറോബോട്ട് പൊതുവാളിന്റെ പൊതു, സ്വകാര്യജീവിതങ്ങളുടെ ഭാഗമായി അംഗീകരിക്കപ്പെട്ടു. സാങ്കേതികജ്ഞാനമോ താല്‍പര്യങ്ങളോ ഒന്നുമില്ലാതിരുന്ന പൊതുവാളിന്റെ ജീവിതത്തിലിടപെട്ട് അയാളുടെ ചിന്തകളും പ്രവൃത്തികളും വരെ കുഞ്ഞപ്പനെന്ന റോബോട്ട് നിയന്ത്രിച്ചു കഴിഞ്ഞിരുന്നു. എത്ര അകലം പാലിച്ചാലും യന്ത്രലോകത്തിന്റെ ഇടപെടലുകള്‍ മനുഷ്യജീവിതത്തില്‍ സ്വാഭാവികമോ അസ്വാഭാവികമോ ആയി സംഭവിക്കുക തന്നെ ചെയ്യും. മനുഷ്യന്‍/ യന്ത്രം എന്ന ദ്വന്ദ്വത്തിന്റെ അതിരുകള്‍ പൂര്‍ണമായും ലംഘിക്കപ്പെടുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

നിര്‍മിതബുദ്ധിയും പുതിയ സൈബര്‍ ലോകവും സൃഷ്ടിക്കുന്ന അതിയാഥാര്‍ത്ഥ്യത്തിന്റെ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ പാകപ്പെട്ടിട്ടില്ലെങ്കിലും അഭിസംബോധന ചെയ്യാതിരിക്കാന്‍ മലയാള സിനിമക്കാവില്ല എന്നതിന്റെ തെളിവാണ് പുതിയ സിനിമകള്‍. ഒരേസമയം നായകപ്രതിനായക ബിംബങ്ങളാകാന്‍ സാധിക്കുന്ന നിലയ്ക്ക് സൈബര്‍ സ്പേസിനും ടെക്നോളജിക്കും വളര്‍ച്ചയും പ്രാധാന്യവും കൈ വന്നിരിക്കുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും, ചതുര്‍മുഖവും കല്‍പിതകഥകളാണ്. നിര്‍മിതബുദ്ധി മനുഷ്യന്റെ തന്മയെ തന്നെ ചോദ്യം ചെയ്തേക്കാവുന്ന രീതിയില്‍ വളര്‍ച്ച നേടാം എന്ന് ഓര്‍മിപ്പിക്കുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍. സിനിമയുടെ ടൈറ്റിലില്‍ തന്നെ സ്ഥാനം പിടിക്കാവുന്ന പ്രാധാന്യമുള്ള കഥാപാത്രമായി ഒരു മനുഷ്യറോബോട്ട് മലയാളസിനിമയില്‍ ആദ്യമാണ്. ചതുര്‍മുഖത്തില്‍ മൊബൈല്‍ ഫോണ്‍ അതിമാനുഷികവും അസാധാരണവുമായ കര്‍തൃത്വം അവകാശപ്പെടാവുന്ന ഹൊറര്‍ കഥാപാത്രമാണ്. ഓപ്പറേഷന്‍ ജാവ സൈബര്‍ സ്പേസിലെ നുഴഞ്ഞു കയറ്റങ്ങളുടെയും സത്യാസത്യങ്ങളുടെയും അന്വേഷണവഴികളാണ്. ഓപ്പറേഷന്‍ ജാവയില്‍ ശരിത്തെറ്റുകള്‍ ഏറ്റുമുട്ടുന്നത് സൈബര്‍ ഇടങ്ങളിലാണ്. ഒടുവില്‍ ധര്‍മസംസ്ഥാപനം നടത്തുന്നതും പുതിയ സാങ്കേതികവിദ്യയെ സംബന്ധിച്ച അറിവാണ്. ഇങ്ങനെ മലയാള സിനിമ മാനവാനന്തര കാലത്തെ സൈബര്‍ ലോകത്തെ അഭിസംബോധന ചെയ്യുന്ന നിലയിലേക്ക് പാകപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കഴിഞ്ഞു.
ലേഖനത്തിന്‍റെ പൂർണ്ണ രൂപം വായിക്കാം
സിനിമയിലെ പുതിയ സൈബറിടങ്ങളും വിമതപാത്ര നിര്‍മിതിയും | ധന്യ പി.എസ്.
എഴുത്തുകാരി, ഗവേഷക. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ മലയാള സിനിമയെക്കുറിച്ച് ഗവേഷണം നടത്തുന്നു.
ഷാജു വി. ജോസഫ്
Feb 01, 2023
5 Minutes Read
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read
Truecopy Webzine
Feb 01, 2023
3 Minutes Read
റിന്റുജ ജോണ്‍
Jan 28, 2023
4 Minutes Watch
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read