ഓൺലൈൻ പഠിപ്പ്; മാറേണ്ടത് മനോഭാവം

കോവിഡിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതമായ ഭാവി മുൻനിർത്തി ഓൺലൈൻ വിദ്യാഭ്യാസം എന്ന സാധ്യതയിലേക്കെത്തിയിരിക്കുകയാണ് സർക്കാർ. ഈ വിഷയത്തിൽ ട്രൂകോപ്പിയിൽ അമൃത് ജി കുമാറും മീന ടി. പിള്ളയും എഴുതിയ കുറിപ്പുകളിൽ ഓൺലൈൻ വിദ്യാഭ്യാസം മുഖ്യധാരയായി മാറുമോ, അധ്യാപകർ അപ്രസക്തമാകുമോ, മാനവിക-കലാ പഠനങ്ങളിൽ വിമർശനാത്മകത അസാധ്യമായി മാറുമോ തുടങ്ങിയ ആശങ്കകൾ ഉന്നയിച്ചിരുന്നു. കൂടാതെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രധാന പ്രശ്‌നമായി ഡിജിറ്റൽ അന്തരത്തെ ഇവർ എടുത്തുപറയുകയും ചെയ്തിരുന്നു. പ്രസ്തുത വാദങ്ങളോട് വിമർശനാത്മകമായി പ്രതികരിക്കുകയാണ് അധ്യാപകനും എഴുത്തുകാരനുമായ ദിലീപ് രാജ്.

ദ്യമേ തന്നെ, കോവിഡിന് മുമ്പ് കോവിഡ് സമയത്ത് എന്ന് ഓൺലൈൻ പഠിപ്പിനെ വേർതിരിക്കേണ്ടതുണ്ട്. ഈ വേർതിരിവ് ചർച്ചയിലെ പല വിഷയ ബിന്ദുക്കളെ സംബന്ധിച്ചും അപ്രസക്തമായിരിക്കാം. പക്ഷെ അനിശ്ചിതമായ ഭാവി മുൻ നിർത്തി ആലോചിക്കുമ്പോൾ ഇങ്ങനെ തുടങ്ങുന്നതിനു സാംഗത്യമുണ്ട് .

പരമ്പരാഗത പഠിപ്പ് രീതികൾക്ക് പൂരകമായാണ് കോവിഡിന് മുമ്പ് ഓൺലൈൻ പഠിപ്പിനെ കണ്ടിരുന്നത്. അന്ന് പരമ്പരാഗത പഠിപ്പ് രീതികളായിരുന്നു മുഖ്യധാര. ഇന്നിപ്പോൾ ലോകത്ത് വന്നിട്ടുള്ള അടിയന്തരാവസ്ഥയിൽ ആ സ്ഥിതി മാറി ഓൺലൈൻ പഠിപ്പ് മുഖ്യധാരയായി മാറുമോ എന്ന ആശങ്ക പല ഭാഗത്തു നിന്നും ഉയർന്നു കേൾക്കാം. ട്രൂ കോപ്പിയിൽ അമൃത് ജി കുമാറുംമീന ടി.പിള്ളയും എഴുതിയ കുറിപ്പുകളിലും ഈ വികാരം പ്രകടമാണ്. അതിന്റെ തന്നെ തുടർച്ചയിൽ അധ്യാപകർ അനാവശ്യമായി മാറുമോ, അവരുടെ മേൽ ഭരണകൂടത്തിന്റെ ചുഴിഞ്ഞു നോട്ടം ഒന്നു കൂടി മുറുകുമോ, മാനവിക-കലാ പഠനങ്ങളിൽ വിമർശനാത്മകത അസാധ്യമായി മാറുമോ തുടങ്ങിയ ആശങ്കകളും ഉന്നയിക്കപ്പെടുന്നു.

രണ്ടു പേരും പ്രധാനമായി എടുത്തു പറയുന്ന വേറൊരു പ്രശ്‌നം ഡിജിറ്റൽ അന്തരം അഥവാ ഡിജിറ്റൽ ഡിവൈഡ് ആണ് . രണ്ടു ലേഖകരുടെയും വാദ രീതിയിലെ സമാനത അവർ പൂർണമായ ഒരു പ്രതിസ്ഥാപനം പരമ്പരാഗത ഇടവും വിർച്വൽ ഇടവും തമ്മിലും പരമ്പരാഗത പഠിപ്പും ഓൺലൈൻ പഠിപ്പും തമ്മിലും നടത്തുന്നു എന്നതാണ്. ആ വാദ രീതിയോടാണ് കുറിപ്പിൽ വിമർശനാത്മകമായി പ്രതികരിക്കുന്നത്.

സ്‌കൂൾ തലത്തിലും ഉന്നത പഠന മേഖലയിലും ഉള്ള സ്ഥിതിയും നേരിടുന്ന പ്രശ്‌നങ്ങളും വ്യത്യസ്തങ്ങളാണ്. സവിശേഷമായ അത്തരം പ്രശ്‌നങ്ങളോട് ഇവിടെ പ്രതികരിക്കുന്നില്ല. എന്ത് തന്നെയായാലും കാതലായ മാറ്റങ്ങൾ ഉണ്ടാവുന്ന ഒരു ഘട്ടമെന്ന നിലയ്ക്ക് എല്ലാ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തിയുള്ള ചർച്ചകൾ ഇപ്പോൾ ആവശ്യമാണ്. പ്രത്യേകിച്ചും വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
നമ്മുടെ നാട്ടിൽ ഡിജിറ്റൽ ഡിവൈഡ് ഉണ്ടെന്നതും അത് ഗുരുതരമായ പ്രശ്‌നമാണെന്നതും നിസ്തർക്കമാണ്. അത് പരിഹരിക്കാൻ സവിശേഷമായ ശ്രമം ആവശ്യവുമാണ്. ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കാൻ എന്റെ പരിമിതമായ അറിവും ആലോചനയും വെച്ച് ചില സാദ്ധ്യതകൾ താഴെ കൊടുക്കുന്നു

സർക്കാർ സഹായത്തോടെ ഉപകരണങ്ങൾ ലഭ്യമാക്കുക പങ്കാളിത്ത സമത്വം ഉണ്ടാക്കുക. വെറും ഉപകരണ ലഭ്യതയ്ക്കപ്പുറം വിമർശനാത്മക ഡിജിറ്റൽ സാക്ഷരത ലക്ഷ്യമിടുക . നിലവാരമുള്ള ഉള്ളടക്കം മാതൃഭാഷയിൽ സൃഷ്ടിക്കുക ജാതീയവും ലിംഗപരവും ഒക്കെയായ അന്തരങ്ങളെ സവിശേഷമായി പരിഗണിക്കുക. ഡിജിറ്റൽ തുല്യതയ്ക്കായി വയനാട് പോലുള്ള സ്ഥലങ്ങളിൽ (കണക്ക് പ്രകാരം സ്‌കൂൾ വിദ്യാർത്ഥികളിൽ കൂടുതൽ പേർക്ക് മൊബൈൽ ഇല്ലാത്ത സ്ഥലങ്ങളിൽ ഒന്ന് വയനാട് ആണ്) വിവിധ പൊതു സ്വകാര്യ സംവിധാനങ്ങളും സംഘടനകളും ഉൾപ്പെടുന്ന സാമൂഹ്യ മുൻകൈ ഉണ്ടാക്കുക. ഓരോ സ്ഥലത്തെയും ഡിജിറ്റൽ ഡിവൈഡ് പ്രശ്‌നത്തിൽ മുൻ ഗണനയർഹിക്കുന്നത് എന്ത് (കണക്ടിവിറ്റി, ലഭ്യത, പ്രാപ്യത..) എന്ന് നിശ്ചയിക്കുക. "ഇന്റർനെറ്റ് അവശ്യതാ' കൂട്ടുകെട്ടുകൾ രൂപീകരിക്കുക (ഇനിയെങ്കിലും) വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൊബൈൽ നിരോധനം നീക്കുക. ഡിജിറ്റൽ സാക്ഷരതയ്ക്കായി പൊതു പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തുക (ഡിജിറ്റൽ ഡിവൈഡിലെ "ഇല്ലാത്തവർ'ക്ക് മാത്രമല്ല " ഉള്ളവർ'ക്കും ബോധവൽക്കരണം ആവശ്യമാണ്.).

എന്നാൽ ഡിജിറ്റൽ ഡിവൈഡ് പൂർണമായും പരിഹരിക്കപ്പെട്ട ശേഷം മാത്രമേ ഓൺലൈൻ പഠനം എന്ന സാധ്യത ഗൗരവമായി ആലോചിക്കാനാവൂ എന്ന നിലപാട് ശരിയാണോ?

ഡിജിറ്റൽ അന്തരം എന്നതിനേക്കാൾ ഒരു പക്ഷേ അസമമായ പ്രാപ്യത (Access Inequality) എന്നു പറയുന്നതായിരിക്കും കൂടുതൽ കൃത്യമാവുക. ഒരു ഉപകരണം സ്വന്തമായി ഉണ്ടായിരിക്കുക ( possession ) എന്നതല്ല പ്രാപ്യത (access). ഉള്ളവർ ഉപയോഗിക്കുന്നില്ല, സ്വന്തമായി ഇല്ലാത്തവർ ഉപയോഗിക്കുന്നു എന്ന സ്ഥിതി ഉണ്ടാവാം. ഉദാഹരണത്തിന് മലയാളികൾ പുസ്തകം വായിക്കുന്നവരായി മാറിയത് ഭൗതികമായി പുസ്തകം ലഭ്യമായത് കൊണ്ട് മാത്രമല്ല. വളരെ സജീവമായ ഗ്രന്ഥശാലാ പ്രസ്ഥാനം ഉണ്ടായത് കൊണ്ടു കൂടിയാണ്. അക്കാലത്ത് സ്വന്തമായി പുസ്തകങ്ങൾ ഉള്ളവരുടെ കണക്കെടുത്താൽ പുസ്തക പ്രാപ്യതയുടെ കൃത്യമായ ചിത്രം നമുക്ക് കിട്ടുമായിരുന്നില്ല. ലൈബ്രറി എന്ന സ്ഥാപനത്തിന്റെ പങ്കാണ് അവിടെ പ്രധാനം.

സാമ്പത്തികമായ അസമത്വം എന്ന ഒറ്റക്കാര്യം പരിഗണിച്ചാൽ മതിയാവില്ല എന്നർത്ഥം. പ്രായം, ലിംഗപദവി, സാംസ്‌കാരിക പശ്ചാത്തലം തുടങ്ങി പല ഘടകങ്ങളും ഇതിൽ പ്രധാനമാണ്. മനോഭാവം (attitude) എന്ന മനശ്ശാസ്ത്ര / സാമൂഹ്യ ശാസ്ത്ര ഘടകം പ്രത്യേകിച്ചും പ്രസക്തമാണ്.

മൊബൈൽ ഫോണുകൾ, ലാപ് ടോപ്പുകൾ, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയവ ഉണ്ടായിരിക്കുക എന്നത് പേരിനുള്ള പ്രാപ്യത മാത്രമാണ്. ഫലപ്രദമായ പ്രാപ്യതയല്ല. ഇതൊക്കെ സ്വന്തമായുള്ളവർ മാനസികമായി അതിനോട് വിമുഖമാണെങ്കിൽ ഫലപ്രദമായ ഉപയോഗത്തിന് മുതിരുകയില്ല. വിവരങ്ങൾ തിരയൽ, അതിലൂടെ ലഭിക്കാവുന്ന അറിവുകളുടെ നിലവാരം നിർണയിക്കൽ തുടങ്ങിയ കാര്യങ്ങൾ കൂടി ഉൾപ്പെട്ടതാണ് പ്രാപ്യത. ഇക്കാര്യത്തിൽ അസമത്വങ്ങൾ ഉണ്ട്. സാമ്പത്തികമായ അസമത്വം എന്ന ഒറ്റക്കാര്യം പരിഗണിച്ചാൽ മതിയാവില്ല എന്നർത്ഥം. പ്രായം, ലിംഗപദവി, സാംസ്‌കാരിക പശ്ചാത്തലം തുടങ്ങി പല ഘടകങ്ങളും ഇതിൽ പ്രധാനമാണ്. മനോഭാവം (attitude) എന്ന മനശ്ശാസ്ത്ര / സാമൂഹ്യ ശാസ്ത്ര ഘടകം പ്രത്യേകിച്ചും പ്രസക്തമാണ്. ഇതാവാം ഉള്ളവർ ഫലപ്രദമായി ഉപയോഗിക്കുന്നില്ല എന്നതിന് പ്രധാന കാരണം.

ഒരു വിധം കൊളേജുകളിലെല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. എന്നു വെച്ച് അവ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു എന്ന് അവിടെ ജീവിക്കുന്ന ഒരാളും പറയുമെന്നു തോന്നുന്നില്ല. പ്രായവും നിർണായക ഘടകമാണ്. വിദ്യാർഥികൾ ഒട്ടു മിക്ക കാര്യങ്ങളും പുതിയ സാങ്കേതിക സാദ്ധ്യതകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. പ്രായ-അന്തരം എന്നോ ശേഷികളിലെ (skills ) അന്തരം എന്നോ ഒക്കെ പറയേണ്ടി വരും അത്തരം സന്ദർഭങ്ങളിൽ.
കണ്ടു പിടുത്തങ്ങളുടെ ഒരു സ്വഭാവം അത് തുടക്കത്തിൽ സമ്പന്നരായ വരേണ്യർ നടത്തുകയും കമ്പോളം കൂടുതൽ വ്യാപിപ്പിക്കുമ്പോൾ ജനസാമാന്യത്തിനു ഉപകാരപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഇലക്ട്രിസിറ്റി, ടെലിഫോൺ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ടെലിഫോണിന്റെ കാര്യത്തിൽ ആദ്യ കാല സംരംഭകർ സമ്പന്ന താമസ സ്ഥലങ്ങളിൽ പരിമിതമായി ആണത് തുടങ്ങിയത്. ടെലിഫോൺ കമ്പനികൾ അതിന്റെ ചെലവ് ലഘൂകരിച്ച് ആൾക്കാർക്ക് വിപണനം ചെയ്തു. 1896 ൽ ഒരു വീട്ടിൽ ഇലക്ട്രിക് അടുപ്പ് സ്ഥാപിച്ചപ്പോൾ അത് പണക്കാർക്കു വേണ്ടിയുള്ള വിലപിടിച്ച കളിപ്പാട്ടം എന്ന നിലയ്ക്കാണ് ചെയ്തത്. വൈദ്യുതിയുടെ കാര്യത്തിലും തുടക്കം ഒരു വരേണ്യ ന്യൂനപക്ഷത്തിൽ നിന്നാണ് എന്നർത്ഥം.

വൈദ്യുതി പോലെ ഇന്നത്തെ ലോകത്ത് അവശ്യം ആവശ്യമുള്ളതാണ് ഇന്റർനെറ്റും സെൽഫോണുകളും എന്നുണ്ടെങ്കിൽ പൊതു വിതരണത്തിന്റെ പരിധിയിൽ അതും വരും. അതു സംബന്ധിച്ച് സർക്കാരുകൾക്ക് ഒരു നയം എടുക്കാൻ ബാധ്യത വരും. നമുക്ക് ഒരു ചിന്താ പരീക്ഷണം നടത്തി നോക്കാം. പ്രളയ സമയത്ത് ഒരു മുറിയിൽ നിങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നു. ഭക്ഷണം അല്ലാതെ അത്യാവശ്യമല്ലാത്ത സാധനങ്ങൾ ഒന്നൊന്നായി ഉപേക്ഷിക്കണം എന്ന സ്ഥിതിയാണ്. എന്തായിരിക്കും ഏറ്റവും അവസാനം ഉപേക്ഷിക്കുക? എനിക്ക് യാതൊരു സംശയവുമില്ല, സെൽഫോണായിരിക്കും.

വർഗ്ഗപരവും ജാതീയവും ഒക്കെയായ അസമത്വങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അവ വിദ്യാർത്ഥികൾക്കിടയിലും ഉണ്ട് . കോവിഡ് കാലത്ത് അത്തരം അന്തരങ്ങൾ ഉണ്ടായിരിക്കെ തന്നെ കേരളത്തിൽ എല്ലാവർക്കും ഭക്ഷ്യധാന്യങ്ങൾ കിട്ടുന്നത് സർക്കാർ നയത്തിന്റെ ഫലമായാണ്. അതുപോലെ രാഷ്ട്രീയമായ നയം രൂപീകരിച്ചാൽ വിദ്യാർത്ഥികൾക്കിടയിലെ ഡിജിറ്റൽ അസമത്വവും വലിയ അളവിൽ പരിഹരിക്കാൻ സാധിക്കും. ഡിജിറ്റൽ ഡിവൈഡ് എന്ന വിലാപമല്ല ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം എന്ന് ചുരുക്കം. തള്ളിമാറ്റപ്പെട്ട വിഭാഗങ്ങൾക്ക് ഐ.സി.ടിയുടെ വിമോചക സാദ്ധ്യതകൾ എന്തൊക്കെയാണ് ? അത് അവർ കൂടി പറയേണ്ടതാണ്. അവരുടെ "പേരി'ൽ ഇക്കാര്യത്തിൽ നിഷേധാത്മക നിലപാട് എടുക്കാതിരിക്കുകയാവും ജനാധിപത്യത്തിന് നിരക്കുന്ന സമീപനമെന്നു ഞാൻ കരുതുന്നു. വരേണ്യ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്ന് കിട്ടുന്ന സൗകര്യങ്ങളും അനുഭവങ്ങളും വിദ്യാഭ്യാസം വഴി അങ്ങനെയല്ലാത്ത പശ്ചാത്തലമുള്ള കുട്ടികൾക്കും പ്രൈമറി സ്‌കൂൾ തൊട്ട് കിട്ടുക എന്നതാവണം വിദ്യാർത്ഥികൾക്കിടയിലെ അന്തരങ്ങളോട് സർക്കാരിന്റെ സമീപനം. ഉച്ചക്കഞ്ഞി പോലെ അവശ്യം ആവശ്യമായ ഒന്നായി പുതു സാങ്കേതികതയുടെ പ്രാപ്യതയെയും കാണാൻ സാധിക്കണം. അക്കാര്യത്തിൽ പൊതു എന്ന സ്പിരിറ്റിൽ നയം കൈക്കൊള്ളണം. ഉള്ളവരുടെ പ്രത്യേകാവകാശങ്ങൾ ഇല്ലാത്തവർക്ക് അനുഭവിക്കാൻ സാധ്യതയില്ലെങ്കിൽ ഉള്ളവർ തങ്ങളുടെ ആനുകൂല്യം ഉപയോഗിച്ച് ഉയരങ്ങളിലേക്ക് പോവുകയും ഇല്ലാത്തവർ കൂടുതൽ അരുക്കാവുകയും ചെയ്യും. അന്തരങ്ങൾ അത്യന്തം മൂർച്ഛിക്കും.

രാഷ്ട്രീയമായ നയം രൂപീകരിച്ചാൽ വിദ്യാർത്ഥികൾക്കിടയിലെ ഡിജിറ്റൽ അസമത്വവും വലിയ അളവിൽ പരിഹരിക്കാൻ സാധിക്കും. ഡിജിറ്റൽ ഡിവൈഡ് എന്ന വിലാപമല്ല ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം എന്ന് ചുരുക്കം.

വീട്ടു മഹിമ കൊണ്ട് കിട്ടുന്ന നൈപുണികൾക്ക് ഇത്തരം കാര്യങ്ങളിൽ ഉള്ള പങ്ക് പിയറി ബോർദ്യു എടുത്തു പറയുന്നുണ്ട്. പ്രത്യേകാവകാശങ്ങളിലെ സമത്വം എന്നതാവണം നയം. അമൃത് ഈ വശം വിശദമായിത്തന്നെ സ്പർശിക്കുന്നുണ്ട്. പക്ഷെ അദ്ദേഹം എത്തിച്ചേരുന്ന തീർപ്പ് ആണ് പ്രശ്‌നം. പ്രത്യകാവകാശവും അസമത്വവും നിലനിൽക്കുന്നു, അതുകൊണ്ട് ഓൺലൈൻ പഠിപ്പ് ഇപ്പോൾ ആലോചിക്കേണ്ട എന്നാവരുത് നയം. സാമ്പ്രദായിക ഇടത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ ഓൺലൈൻ പഠിപ്പ് വിഘാതമല്ല. അവയെ പരസ്പര പൂരകമായി ഉദ്ഗ്രഥിക്കാൻ കഴിയും.

അധ്യാപകർ അനാവശ്യമാവുമോ ?

ഓൺലൈൻ പഠിപ്പ് എന്നാൽ എന്താണ് ? കോവിഡ് കാല ചിന്തകളിൽ മുന്നിട്ടു നിൽക്കുന്നത് പരമ്പരാഗത ക്ലാസ് റൂമുകളിൽ നടക്കുന്ന കാര്യങ്ങൾ ഓൺലൈൻ ആയി സാധ്യമാക്കുക എന്ന ചിന്തയാണ്. അതായത് പാഠങ്ങൾ പി.ഡി എഫ് ആക്കുക, ക്ലാസ് റൂം ലെക്ച്ചറുകൾ റെക്കോർഡ് ചെയ്‌തോ ലൈവ് ആയോ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾ. എന്നാൽ ഓൺലൈൻ പഠിപ്പ് അല്ലെങ്കിൽ ഇ ലേണിംഗ് അതിന്റെ പൂർണാർത്ഥത്തിൽ ലക്ഷ്യമിടുന്നത് ഇക്കാര്യങ്ങൾ അല്ല. മുഖാ -മുഖം ഉള്ള ക്ലാസ്സുകളിലെ അനുഭവങ്ങളും പരസ്പര ഇടപാടുകളും ഒട്ടു മുക്കാലും ഓൺലൈൻ ആയി പുനരാവിഷ്‌കരിക്കുക എന്ന ലക്ഷ്യമാണ് അതിനുള്ളത്. പരമ്പരാഗത മാർഗ്ഗത്തിൽ മുഖാമുഖം ക്ലാസ് എടുക്കുന്നതിന്റെ പത്തിരട്ടിയെങ്കിലും ശ്രമം നടത്തിയാലേ അധ്യാപകർക്ക് അങ്ങനെ ക്ലാസുകൾ ഡിസൈൻ ചെയ്യാൻ കഴിയുകയുള്ളൂ. കേവലം ഇ റീഡിങ്ങോ ലെക്ച്ചറിംഗോ അല്ല ഓൺലൈൻ പഠിപ്പ്. ഉള്ളടക്കം ഡിസൈൻ ചെയ്യലാണ്. ഈ പ്രക്രിയയിൽ മൂന്നു ഘടകങ്ങൾ ഉണ്ട്.

ഉള്ളടക്കം , ഡിസൈൻ, സാങ്കേതികവിദ്യ

ഇതിൽ ആദ്യത്തെ രണ്ടിലും അധ്യാപകരുടെ വൈഭവമാണ് ആവശ്യം (പ്രാഥമികമായ ഓതറിങ് ടൂളുകൾ മാത്രം അറിയേണ്ടി വരും. അത് പേന ഉപയോഗിക്കും പോലെയോ ടൈപ്പ് ചെയ്യും പോലെയോ മാത്രമേ ഉള്ളൂ ). മൂന്നാം ഘട്ടം മാത്രമേ സാങ്കേതിക പരിജ്ഞാനം ആഴത്തിൽ ആവശ്യമായതുള്ളൂ. സാധാരണ ഗതിയിൽ സംസാരത്തിലൂടെയും ബ്ലാക്ക് ബോഡിലൂടെയും വിന്യസിക്കുന്ന ഉള്ളടക്കം വേറെ മാധ്യമങ്ങളിലൂടെ ഗ്രാഫിക് എലിമെന്റുകളും മറ്റും ഉൾപ്പെടുത്തി അവതരിപ്പിക്കുന്നു. പഠനത്തിന് സാഹചര്യം ഒരുക്കുക എന്നാൽ കേവലം അറിവ് ( മെറ്റീരിയലും പ്രസംഗങ്ങളും ) പങ്കിടലല്ല. ഇ ലേണിങ്ങിൽ മുഖ്യമായ ജോലികൾ അധ്യാപകർക്ക് തന്നെയാണ്. കരിക്കുലം, കോഴ്സുകൾ, അസൈൻമെന്റ്റുകൾ, മൂല്യനിർണയോപാധികൾ തുടങ്ങിയവ അവരാണ് ഉണ്ടാക്കുന്നത്. ഇതിനൊക്കെ വേണ്ടത് സാങ്കേതിക, പരിജ്ഞാനമല്ല സർഗ്ഗാത്മകതയായും വിഷയ പരിജ്ഞാനവുമാണ്. മാത്രമല്ല, വിർച്വൽ ക്ലാസ് റൂമിൽ ഓൺലൈൻ ആയി വിദ്യാർത്ഥികളുമായി ഫലപ്രദമായി ഇടപെടാൻ അത്യാവശ്യം നല്ല അധ്യാപന വൈഭവം അനിവാര്യമാണ്. അതേസമയം ലേണിങ് ഡിസൈൻ വിദ്യാർത്ഥി കേന്ദ്രിതമാണ്. ഓൺലൈൻ ക്ലാസ് രൂപപ്പെടുത്തുമ്പോൾ ഉള്ള വെല്ലുവിളി ലേണിങ് ഡിസൈൻ സംബന്ധിച്ചാണ്. എന്നു വെച്ചാൽ കോഴ്‌സ് ഡിസൈൻ ചെയ്യുമ്പോൾ അവയുടെ ഫലപ്രാപ്തിയും എൻഗേജ്‌മെന്റും ഉറപ്പു വരുത്തുന്ന രീതിയിൽ പഠന ഉള്ളടക്കം രൂപപ്പെടുത്തുക എന്ന വെല്ലുവിളി.

സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും പ്രധാനപ്പെട്ട ഉപയോഗം വിദ്യാർത്ഥികളുടെ പഠിപ്പ് പിന്തുടരുന്നതിലും വിശകലനം ചെയ്യുന്നതിലുമാണ്. പഠനാനുഭവത്തിന്റെ ഇങ്ങനെയൊരു ട്രാക്കിങ് ഓൺലൈൻ പഠിപ്പിൽ നടക്കുന്നുണ്ട്. അത് ഡാറ്റയാൽ നിർണ്ണയിതമാണ് .

ചുരുക്കിപ്പറഞ്ഞാൽ അധ്യാപകർ ചെയ്യുന്ന ക്ലറിക്കൽ ജോലികൾ ഒട്ടു മുക്കാലും സാങ്കേതിക വിദ്യ ഏറ്റെടുക്കും. അധ്യാപകർക്ക് ഉള്ളടക്കത്തിലും സർഗാത്മകമായ കാര്യങ്ങളിലും മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാം. ഇതിൽ നിന്നും വ്യക്തമാവുന്നത് ഓൺലൈൻ പഠിപ്പ് അധ്യാപകരെ അപ്രസക്തരാക്കുകയല്ല, അവർക്ക് കൂടുതൽ സാദ്ധ്യതകൾ നൽകുകയാണ് ചെയ്യുന്നത് എന്നാണ്.

ഓൺലൈൻ ക്ലാസ് രൂപപ്പെടുത്തുമ്പോൾ ഉള്ള വെല്ലുവിളി ലേണിങ് ഡിസൈൻ സംബന്ധിച്ചാണ്. എന്നു വെച്ചാൽ കോഴ്‌സ് ഡിസൈൻ ചെയ്യുമ്പോൾ അവയുടെ ഫലപ്രാപ്തിയും എൻഗേജ്‌മെന്റും ഉറപ്പു വരുത്തുന്ന രീതിയിൽ പഠന ഉള്ളടക്കം രൂപപ്പെടുത്തുക എന്ന വെല്ലുവിളി.

ഒരിക്കൽ ഉള്ളടക്കം പ്രസംഗരൂപത്തിൽ റെക്കോർഡ് ചെയ്യലല്ല അതിന്റെ മാർഗ്ഗം. ഉള്ളടക്കം മാറിക്കൊണ്ടിരിക്കും. ആ പണി അധ്യാപകരുടേതാണ്. ഇനി വെർച്വൽ ക്ലാസ് റൂമുകൾ ആണെങ്കിലും അധ്യാപകർ അനിവാര്യമാണ്. അധ്യാപകർ അപ്രസക്തരാവും എന്ന് കരുതുമ്പോൾ വിദ്യാഭ്യാസത്തിൽ ക്ലെറിക്കൽ ജോലി മാത്രമാണ് അധ്യാപകർ ചെയ്യുന്നത് എന്ന കാഴ്ചപ്പാടാണ് വാസ്തവത്തിൽ സ്വീകരിക്കപ്പെടുന്നത്.

അധ്യാപകരുടെ വൾനറബിലിറ്റി

എന്തു തരം കോഴ്സുകളാണ് ഡിജിറ്റയ്‌സ് ചെയ്യാൻ വേഗം സാധിക്കുക എന്നതിനെക്കുറിച്ച് ചില മുൻധാരണകൾ ഇന്നുണ്ട്. പ്രയോജനം എന്നതാണ് ഇതിലെ മന്ത്രം. ആദ്യം എൻജിനീയറിങ്, പിന്നെ അടിസ്ഥാന ശാസ്ത്രങ്ങൾ അതു കഴിഞ്ഞ് (മാത്രം) മാനവിക വിഷയങ്ങൾ എന്നതാണ് നിലവിലുള്ള മുൻഗണനാ ക്രമം. ഇത് ആരാണ് തീരുമാനിക്കുന്നത്? ഇവിടെയാണ് കോർപ്പറേറ്റുകളുടെയും ഭരണകൂടങ്ങളുടെയും താല്പര്യങ്ങൾ പ്രധാനമാവുന്നത്. വിദ്യാഭ്യാസം തന്നെ ഇന്ന് (കോവിഡിനു മുമ്പേ തന്നെ ) കോർപ്പറേറ്റുകൾക്ക് ആവശ്യമായ മനുഷ്യ വിഭവങ്ങൾ ലഭ്യമാക്കുന്നതിന് മുൻഗണന നൽകുന്നതാണ്. മാനേജ്മെന്റ് പഠിച്ചാലും കമ്പ്യൂട്ടർ സയൻസ് പഠിച്ചാലും എൻജിനീയറിങ് പഠിച്ചാലും അങ്ങോട്ടാണ് പോകാനുള്ളത്. അതു കൊണ്ടാണ് പ്രയോജനം എന്ന മന്ത്രം വിദ്യാഭ്യാസത്തിൽ സർവത്ര മുഴങ്ങുന്നത്.

പ്രയോജനമില്ലെന്നു അപഹസിക്കപ്പെടുന്ന മാനവിക വിഷയങ്ങളും കലയുമൊക്കെ നിലവിലുള്ള വ്യവസ്ഥയിൽ നിലനിന്നു പോരുന്നത് വലിയ വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ടാണ്. ലോക വ്യാപകമായിത്തന്നെ ഇക്കാര്യത്തിൽ വലിയ വ്യത്യാസങ്ങളില്ല. ഇന്ത്യയിലേത് പോലെ സർവ്വാധിപത്യ സ്വഭാവമുള്ള ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിൽ മാനവിക പഠനത്തിന്റെ കേന്ദ്രങ്ങൾ പരസ്യമായി അക്രമിക്കപെടുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഈ പശ്ചാത്തലത്തിൽ ഡിജിറ്റൈസ് ചെയ്യാവുന്നത് എന്ത് എന്ന നടപ്പ് മുൻഗണനയെ മാനവിക വിഷയങ്ങളിലെയും കലാ സാഹിത്യ പഠനത്തിലെയും അധ്യാപകർ ചോദ്യം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. സർഗ്ഗാത്മകമായ സാദ്ധ്യതകൾ ആരായുകയും കണ്ടെത്തുകയും വേണം. ഘടനാപരവും മാധ്യമ സംബന്ധവുമായ പരിധികളും പരിമിതികളും ഇല്ലെന്നല്ല. അവയെ നേരിടണം.

ഡിജിറ്റൽ ഡിവൈഡിൽ ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. ഇല്ലാത്തവർ നിലനിൽക്കുന്നതു തന്നെയില്ല എന്നതാണ് കോർപ്പറേറ്റുകളുടെയും സ്‌റ്റേറ്റിന്റെയും ഇക്കാല സമീപനം. അക്കാദമിക ബാഹ്യമായ മണ്ഡലങ്ങളിൽ നമ്മൾ കാണുന്നത് സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ കോർപ്പറേറ്റ് താല്പര്യങ്ങൾക്കെതിരെ പ്രതിരോധങ്ങൾ ഉയർന്നു വരുന്നതാണ്. ഓപ്പൺ അക്‌സസ്സ് പോലുള്ള പ്രസ്ഥാനങ്ങൾ രാജ്യങ്ങൾക്കിടയിലെ ഡിജിറ്റൽ ഡിവൈഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് ഇതിനു നല്ല ഉദാഹരണമാണ്. ശാസ്ത്രീയാന്വേഷണങ്ങളിൽ ഒന്നാം ലോകത്തുള്ളവർക്കു മാത്രം പുതിയ ഗവേഷണ ഫലങ്ങൾ പ്രാപ്യമാവുന്ന തരം അസമത്വത്തെയാണ് അത് ചോദ്യം ചെയ്യുന്നത്.

അമിതാവ് ഘോഷിന്റെ നോവലായ "ഗൺ അയലന്റി'ൽ പതിനാറു വയസ്സ് മുതൽക്കുള്ള യുവാക്കളായ കുടിയേറ്റക്കാർ എങ്ങനെയാണ് സാങ്കേതികവിദ്യ വിധ്വംസകമായി ഉപയോഗിക്കുന്നതെന്ന് കാണിക്കുന്നുണ്ട്. ഭരണകൂടങ്ങൾക്ക് അവർ തലവേദനയാണ്. ഡാറ്റയിൽ പിടിക്കാൻ കഴിയാത്ത ഗറില്ലാ കർതൃത്വങ്ങളാണവർ. ഒളിവിടങ്ങൾ, സ്വതന്ത്ര വിമർശനത്തിന്റെ ഇടങ്ങൾ നമുക്ക് ആവശ്യമാണ്.

വിദ്യാഭ്യാസം തന്നെ ഇന്ന് (കോവിഡിനു മുമ്പേ തന്നെ ) കോർപ്പറേറ്റുകൾക്ക് ആവശ്യമായ മനുഷ്യ വിഭവങ്ങൾ ലഭ്യമാക്കുന്നതിന് മുൻഗണന നൽകുന്നതാണ്. മാനേജ്മെന്റ് പഠിച്ചാലും കമ്പ്യൂട്ടർ സയൻസ് പഠിച്ചാലും എൻജിനീയറിങ് പഠിച്ചാലും അങ്ങോട്ടാണ് പോകാനുള്ളത്

കോവിഡ് അനന്തര ലോകത്തായാലും ഡിജിറ്റൽ ഡിവൈഡ് ഇല്ലാതായ ലോകത്തായാലും വിമർശനാത്മകതയുടെ ഇടങ്ങൾ സൃഷ്ടിക്കുക എന്നത് ശ്രമകരവും സർഗ്ഗാത്മക ഇടപെടലുകൾ ആവശ്യമായിട്ടുള്ളതുമായ കാര്യമാണ്. ഗൂഗിളിന് കൊടുത്തതെന്തും നേർ വഴിക്ക് തന്നെ മോദിക്ക് കിട്ടുന്ന, ഡിജിറ്റൽ ലോകത്തേക്ക് പ്രവേശിച്ച ഒരാളുടെ പോക്ക് കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കുന്ന രാജ്യത്തും ലോകത്തുമാണ് നമ്മൾ മുമ്പേ തന്നെ ഉള്ളത്. അവിടെ നില നിൽക്കാൻ എന്തു ചെയ്യും എന്നുള്ളതിൽ ഒറ്റ മൂലികളൊന്നുമില്ല. ഡിജിറ്റൽ ലോകത്ത് നിന്ന് ഇറങ്ങി വരേണ്ടി വന്നേക്കാം. സർക്കാർ വിദ്യാഭ്യാസത്തിൽ നിന്ന് ഇറങ്ങി വരേണ്ടി വന്നേക്കാം. ബദൽ സ്ഥലങ്ങൾ ഉണ്ടാക്കേണ്ടി വന്നേക്കാം. ഇപ്പോൾ നിൽക്കുന്ന സ്ഥലങ്ങളുടെ തന്നെ വിമോചക സാദ്ധ്യതകൾ സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞേക്കാം (ഉദാഹരണത്തിന് കോർപ്പറേറ്റുകൾക്ക് ഈ രംഗം പൂർണമായും വിട്ടു കൊടുക്കാതെ ക്രിട്ടിക്കൽ കോമ്മൺസ് എന്ന നിലയ്ക്ക് പൊതു മേഖലയിൽ ഒരു പ്ലാറ്റ്‌ഫോം എന്ന സാധ്യത ദാമോദർ പ്രസാദ് ചർച്ചകളിൽ മുന്നോട്ടു വെച്ചിട്ടുള്ളത് വളരെ ശ്രദ്ധേയമാണ് ). ഓൺലൈൻ പഠിപ്പിൽ തന്നെ അറിവിന്റെ വിമോചക സാധ്യതകളിലേക്ക് വഴി കാട്ടുന്ന അവാംഗ്ഗാദ് അധ്യാപകരായി അവതരിക്കേണ്ടിയും വന്നേക്കാം. സങ്കീർണമാണ് അവസ്ഥ. അതിനെ ലളിതവൽക്കരിക്കാതെ അഭിമുഖീകരിക്കേണ്ട മുഹൂർത്തമാണിത്. ഒരു സാധ്യതയോടും മുഖം തിരിക്കാത്ത മനോഭാവം എല്ലാ മാനവികവിഷയ പഠിതാക്കളും കൈക്കൊള്ളണം എന്നതാണ് എന്നോടടക്കമുള്ള എന്റെ അഭ്യർത്ഥന .

( ദീർഘകാല സുഹൃത്തുക്കളായ സുരേന്ദ്രൻ , അനിൽ എം , സാജൻ പി.കെ എന്നിവരുമായി കുറേക്കാലമായി നടത്തിവരുന്ന സംസാരങ്ങളാണ് ഈ കുറിപ്പിന്റെ ധൈര്യം. ഇതിലെ പല നിലപാടുകൾക്കും അവർക്ക് ഉത്തരവാദിത്തമുണ്ട് ! സഹായക ഗ്രന്ഥം:"ദി ഡിജിറ്റൽ ഡിവൈഡ് :ഫെയ്സിങ് എ ക്രൈസിസ് ഓർ ക്രിയേറ്റിങ്ങ് എ മിത്ത് ? ' -- ( എഡിറ്റർ) ബെഞ്ചമിൻ എം കോംബൈൻ , ദി എം.ഐ .ടി പ്രസ്സ് , 2001 )

Comments