truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 20 April 2021

truecoppy
Truecopy Logo
Readers are Thinkers

Tuesday, 20 April 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
J Devika

Interview

കേരള പഠനങ്ങള്‍:
ആത്മവിമര്‍ശം അനിവാര്യം

കേരള പഠനങ്ങള്‍: ആത്മവിമര്‍ശം അനിവാര്യം

29 Jun 2020, 04:50 PM

ജെ ദേവിക / ദിലീപ് രാജ്

ദിലീപ് രാജ് : ഇന്നിപ്പോള്‍, ഒഴുകിയെത്തിയ സ്ഥലത്തു നിന്ന്, അതിന്റെ ആനുകൂല്യത്തോട് കൂടി, മുമ്പെഴുതിയ തീസിസ് പുന:സന്ദര്‍ശിക്കുകയാണെങ്കില്‍, പെട്ടെന്ന് എങ്ങനെ സ്വയം വിലയിരുത്തും?

ജെ ദേവിക : ജെന്റര്‍ എന്ന സങ്കല്പനം തന്നെ ഇന്നിപ്പോള്‍ വളരെ വിഭിന്നമായ അര്‍ത്ഥവിവക്ഷയാണല്ലോ നല്‍കുന്നത്- അന്നത്തെ അപേക്ഷിച്ച്! അതുപോലെ, ഇന്റര്‍സെക്ഷനാലിറ്റി മര്‍ദ്ദിതസമൂഹങ്ങളെ മനസ്സിലാക്കുന്നതില്‍ മാത്രമല്ല, മര്‍ദ്ദകരെ മനസ്സിലാക്കാനും പ്രധാനമാണെന്ന തിരിച്ചറിവും  ഇന്നുണ്ട്. എന്‍-ജെന്ററിങ് ഇന്‍ഡിവിജ്വല്‍സ് എന്ന പുസ്തകത്തിന് മറ്റൊരു പതിപ്പുണ്ടാക്കുന്ന വേളയില്‍ ഇതു വിശദമായി ചര്‍ച്ചചെയ്യണമെന്ന് വിചാരിക്കുന്നു.

ഇന്നായിരുന്നു ഗവേഷണം തുടങ്ങുന്നതെങ്കില്‍ ഒന്നാമതായി, ഞാന്‍ എന്റെ അന്വേഷണം 19-ാം നൂറ്റാണ്ടിലല്ല, 18-ാം നൂറ്റാണ്ടിലോ അതിനു മുന്‍പോ ഉള്ള കാലഘട്ടം മുന്‍നിര്‍ത്തി ആരംഭിക്കുമായിരുന്നു. കേരളത്തില്‍ 19-ാം നൂറ്റാണ്ടില്‍ മിഷണറിമാരിലൂടെയും മറ്റു അധിനിവേശ എജന്റുകളിലൂടെയും എത്തിയ വിക്ടോറിയല്‍-ഉദാരവാദ പിതൃമേധാവിത്വത്തിനു മുന്‍പുതന്നെ ജാതിഭേദത്തിനപ്പുറം നില്‍ക്കുന്ന, ആധുനികതയുടെ ലക്ഷണങ്ങള്‍ കാട്ടിയ, ഒരു ഉത്തമസ്ത്രീസങ്കല്പം -- ബ്രാഹ്മണ മാനദണ്ഡങ്ങളിലൂടെ രചിക്കപ്പെട്ട ഒന്ന് -- ഉണ്ടായിത്തുടങ്ങി എന്നു മാത്രമല്ല, അതു പല മാര്‍ഗങ്ങളിലൂടെ പ്രചരിക്കാനും തുടങ്ങിയിരുന്നു. ഉദാഹരണത്തിന് ഉണ്ണായി വാരിയരുടെ നളചരിതത്തിലെ പദങ്ങള്‍ കൈകൊട്ടിക്കളിപ്പാട്ടുകളായി പ്രചരിച്ചുതുടങ്ങിയത്, . ഈ പ്രചാരം നടന്നുകൊണ്ടിരുന്ന സമൂഹത്തിലേക്കാണ് വിക്ടോറിയന്‍-ഉദാരവാദലിംഗമൂല്യങ്ങള്‍ വരുന്നത്. ആ പ്രക്രിയയെകൂടുതല്‍ സൂക്ഷ്മമായി പിന്‍തുടരാന്‍ ഞാന്‍ ശ്രമിച്ചേനെ.

രണ്ടാമതായി, സവര്‍ണ- അവര്‍ണ സമുദായങ്ങളെ കീഴ്പെടുത്തിയ പഴയകാല ലിംഗ-ജാതി സംവിധാനത്തെ കൂടുതല്‍ സമഗ്രമായി പഠിച്ചേനെ. വരേണ്യഭാവനയില്‍ കേരളം ബ്രാഹ്മണരുടെ സങ്കല്പസ്വര്‍ഗമായിരുന്നു എന്ന കാര്യം ഇക്കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ക്ലൂ ആണ് എന്നു ഞാന്‍ കരുതുന്നു. അതിന്റെ ചില്ലിലൂടെ നോക്കിയാല്‍ മാത്രമേ കേരളത്തിലെ അവര്‍ണര്‍ അദൃശ്യരാക്കപ്പെട്ട രീതികളുടെ ഭയങ്കരത്വം വെളിവാകൂ എന്നുതന്നെയാണ് എന്റെ വിശ്വാസം. സങ്കല്പസ്വര്‍ഗത്തിലെ ദേവ-യക്ഷ-ഗന്ധര്‍വ്വ - കിന്നരവര്‍ഗങ്ങളായി സവര്‍ണരെ കണ്ടാല്‍, ഭൂമിയിലായതുകൊണ്ടു മാത്രം (സ്വര്‍ഗത്തില്‍ കാമധേനുവുണ്ട്, കല്പവൃക്ഷമുണ്ട്) ആ സ്വര്‍ഗത്തിന് ആവശ്യമാകുന്ന അധ്വാനം പ്രദാനം ചെയ്യുന്നവര്‍ അവര്‍ണരാണെന്നു കാണാം -- അവരെ എല്ലാവിധത്തിലും അദൃശ്യരും ശബ്ദരഹിതരും എന്തിന്, കേവലം ഉപയോഗമൂല്യ-ഉത്പാദന യന്ത്രങ്ങള്‍ മാത്രമായും (അതായത്, മനുഷ്യശരീരം എന്ന അംഗീകാരം നിഷേധിക്കപ്പെട്ടവര്‍) ചുരുക്കുന്ന വ്യവസ്ഥയായിരുന്നു അത്. ഈ സങ്കല്പസ്വര്‍ഗത്തിന്റെ ദൈനംദിന പുനരുത്പാദനം അവര്‍ണരുടെ അധ്വാനത്താലാണ് നടന്നതെങ്കില്‍, തലമുറകളിലൂടെ "ഭൂദേവഗണ'ത്തെ പുനരുത്പാദിപ്പിക്കേണ്ട ബാധ്യത വന്നുചേര്‍ന്നത് ബ്രാഹ്മണ സ്ത്രീകള്‍ക്കാണ് -- അവരും കഠിനമായ അദൃശ്യതയിലും നിശബ്ദതയിലും ശരീരമില്ലായ്മയിലും ജീവിക്കേണ്ടി വന്നു (ഈ പുനരുത്പാദനവും വേണ്ടി വന്നത് ഈ സ്വര്‍ഗം ഭൂമിയിലായിപ്പോയതുകൊണ്ടാണ് -- സ്വര്‍ഗത്തിലെ ദേവന്മാര്‍ക്ക് അമൃതുണ്ടല്ലോ). ഈ ചില്ലിലൂടെ നോക്കിയാല്‍ അവര്‍ണരുടെ ശരീരകേന്ദ്രിത ചെറുത്തുനില്‍പ്പുകളെ കൂടുതല്‍ വ്യക്തമായിക്കാണാം- വീണ്ടെടുക്കാം! നങ്ങേലിയുടേത് ശരീരത്തിനു വേണ്ടിയുള്ള സമരം തന്നെയായിരുന്നെന്ന് കൃത്യമായി വാദിക്കാം-- അതായത്, അവര്‍ണ ശരീരം മനുഷ്യ ശരീരമാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച സമരം ആയി അതു തെളിയും. അവര്‍ അപ്പോള്‍ നമ്മുടെ അധികാരവിരുദ്ധ പാരമ്പര്യത്തിന്റെ തന്നെ ആദിമാതാവാണെന്ന് കൂടുതല്‍ ശക്തമായി വാദിക്കാം. മാത്രമല്ല, ശൂദ്ര-ക്ഷത്രിയസമുദായങ്ങളില്‍ സ്ത്രീകള്‍ പലപ്പോഴും അനുഭവിച്ച ഓണററി പുരുഷത്വവും പഠിക്കാന്‍ ഇതനുവദിച്ചേനെ -- അതായത് ആണ്‍-പെണ്‍ഭേദത്തെ ആധുനികപൂര്‍വ മലയാളി സമൂഹത്തിലേക്ക് പ്രക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിച്ചേനെ. സ്വര്‍ഗനിവാസികള്‍ ജാതി-ലിംഗബന്ധനങ്ങളില്‍ നിന്ന് താരതമ്യേന വിമുക്തരാണല്ലോ - അതിന്റെ ഏതെങ്കിലും ഒരംശംഭൂമിയിലേ ഈ സ്വര്‍ഗത്തില്‍ കാണാനുണ്ടാകും എന്ന ചിന്തയില്‍ അത് അന്വേഷിച്ചേനെ. ചുരുക്കിപ്പറഞ്ഞാല്‍,
ഇന്നായിരുന്നെങ്കില്‍, വളരെ വ്യത്യസ്തമായ ഹൈപ്പോതീസീസുകള്‍ ഉന്നയിച്ചേനെ.

ഞാന്‍ വിദ്യാര്‍ത്ഥിനിയായിരുന്ന 1990കളില്‍ സവര്‍ണയായ ഗവേഷക അവര്‍ണ സ്ത്രീകളുടെ ശബ്ജമാകാന്‍ ശ്രമിക്കരുതെന്ന കരുതലും, സവര്‍ണലിംഗമൂല്യങ്ങളുടെ സാര്‍വ്വജനീനമുഖംമൂടി വലിച്ചൂരിക്കളയാനുള്ള ആകാംക്ഷയുമായിരുന്നു എന്നെ നയിച്ചത്. ഇത് സവര്‍ണ സ്ത്രീകളുടെയും അവര്‍ണ സ്ത്രീകളുടെയും ചരിത്രങ്ങളെ പൂര്‍ണമായും രണ്ടായിത്തന്നെ വേണം പഠിക്കാനെന്ന തോന്നലായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴായിരുന്നെങ്കില്‍ ഇന്റര്‍സെക്ഷനല്‍ അന്വേഷണത്തിന്റെ ബലത്തില്‍ ജാതി-ലിംഗസംവിധാനത്തിന്റെ പഴമയും പുതുമയും സമഗ്രമായി അന്വേഷിച്ചേനെ.

എന്നുവച്ച് ആ സമയത്തു ചെയ്ത പഠനം അപ്രസക്തമായി എന്നല്ല. മാത്രമല്ല അന്നെഴുതിയ കാര്യങ്ങളോട് കാര്യമായി കലഹിക്കുന്നവയല്ല ഈ നിര്‍ദ്ദേശങ്ങളൊന്നുംതന്നെ. എങ്കിലും അവയുടെ അപൂര്‍ണത, ആ അര്‍ത്ഥത്തില്‍ അപര്യാപ്തത, ഇന്നെനിക്ക് വ്യക്തമാണ്.

വളരെയധികം താല്‍പ്പര്യജനകമായ സ്വയം പരിശോധനയും തിരിഞ്ഞു നോട്ടവുമാണ് ഈ നിരീക്ഷണങ്ങളിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിനുപുറകിലേക്ക് പോവുക എന്നതുതന്നെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു നീക്കമാണല്ലോ. നളചരിതത്തില്‍ അതിനു മുമ്പത്തെ ആട്ടകഥകളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യരുടെ കഥ ആഖ്യാനം ചെയ്യപ്പെട്ടതിന്റെയും ശൃംഗാരത്തിനു പകരം അനുരാഗം വരുന്നത്തിന്റെയുമൊക്കെ പ്രാധാന്യം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് എന്‍.അജയകുമാര്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെയുണ്ടായ കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച നളചരിതം കിളിപ്പാട്ടും നളചരിതം ഓട്ടന്‍ തുള്ളലും ഉണ്ണായി വാര്യരുടെ കൃതിക്കൊപ്പം ചേര്‍ത്തു വായിക്കാന്‍ ശ്രമിച്ചിട്ടുള്ളത് ശ്രദ്ധാര്‍ഹമാണ്. മാനസിക ജീവിതത്തിനു പ്രാധാന്യം കൊടുക്കുന്നതാണ് ആട്ടക്കഥ എന്നും പ്രേമം, സൗഹൃദം തുടങ്ങിയ ആധുനിക മൂല്യങ്ങള്‍ അതില്‍ കാണാമെന്നും ഒരു വ്യക്തിസ്ഥാനം ഉറയ്ക്കുന്നത് കാണാമെന്നും അദ്ദേഹം വാദിക്കുന്നു. ഡേവിഡ് അര്‍നോള്‍ഡും സ്റ്റാര്‍ട്ട് ബ്ലാക്ക് ബേണും ചേര്‍ന്നെഴുതിയ ടെല്ലിങ് ലൈവ്‌സ് ഇന്‍ ഇന്ത്യ : ബയോഗ്രഫി, ഓട്ടോബയോഗ്രഫി ആന്‍ഡ് ലൈഫ് ഹിസ്റ്ററിഎന്നപുസ്തകത്തില്‍ മധ്യകാല ഇന്ത്യയില്‍ വ്യക്തി സങ്കല്‍പ്പനത്തിന്റെ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ദേവികയുടെ പ്രതികരണത്തിന്റെ ഒരു ഭാഗത്തെ നമ്മുടെ ചിന്താ ചട്ടക്കൂട് പാശ്ചാത്യ ജ്ഞാനസിദ്ധാന്ത പരിധികളില്‍ നിന്ന് കൂടുതല്‍ മുക്തമാക്കുക , യൂറോപ്പില്‍ ആദ്യം ഉത്ഭവിച്ചതും പിന്നീട് ഇവിടെയെത്തിയതുമായി ആധുനികതയെ മനസ്സിലാക്കുന്ന ശീലത്തെ പ്രശ്‌നവല്‍ക്കരിക്കുക, യുക്തി, വ്യക്തി, മതേതരത്വം തുടങ്ങിയവ കൂടാതെ വിമോചനമോ വിമര്‍ശമോ സാധ്യമല്ല എന്ന രൂഢമൂലമായ ധാരണയെ ചോദ്യം ചെയ്യുക എന്നുള്ള ദിശയില്‍ വായിക്കാമോ? തീര്‍ച്ചയായും, കൊളോണിയല്‍ കാലഘട്ടത്തിലെ വ്യക്തി നിര്‍മ്മിതിയുടെ കര്‍ക്കശമായ ആന്തരിക വിമര്‍ശമാണ് താങ്കളുടെ പ്രബന്ധം നടത്തിയത്; പക്ഷെ, പഠന കാലഘട്ടം പുറകോട്ടു നീക്കുക എന്നാല്‍ ഒരു തദ്ദേശീയ ആധുനികതയെ മനസ്സിലാക്കലും അതിനു ഒരു ആഭ്യന്തര വിമര്‍ശത്തിന് ശ്രമിക്കലും എന്ന വ്യാപ്തി വരില്ലേ ? ശബരിമല പ്രശ്നത്തിലൊക്കെ അവൈദികമായ പഴയ ചിന്താസ്രോതസ്സുകളുടെ ശക്തിയും യുക്തി മാത്ര വ്യവഹാരങ്ങളുടെ ശക്തിക്കുറവും നമ്മള്‍ കണ്ടു.

ഇസ്ലാമിക ഫെമിനിസത്തിലൊക്കെ കാണുമ്പോലെ  തിയോളജിക്കല്‍ കൂടിയായ ഒരു ഫെമിനിസ്റ്റ് വിമര്‍ശത്തിന്റെ സാധ്യതയാണോ ഈ സൂചനകളില്‍ ഉള്ളത് ?

അതെ, യുക്തി, വ്യക്തിത്വം മുതലായ സങ്കല്പനങ്ങളോ അധിനിവേശമോമുഖ്യ ഉപകരണങ്ങളാകാതെ, അവയെ ആധാരശിലകളാക്കാതെ, മലയാളി സമൂഹത്തിലെ അധികാരത്തിന്റെയും ചെറുത്തുനില്പിന്റെയും ചരിത്രം പഠിക്കാമെന്നു തന്നെയാണ് കരുതുന്നത്. യുക്തിയും വ്യക്തിത്വവും മാത്രമല്ല, ആണ്‍-പെണ്‍ ഭേദമായി ലിംഗഭേദത്തെ ചുരുക്കുന്ന രീതിയെത്തന്നെ ഒരുപക്ഷേ മാറ്റിവയ്ക്കാന്‍ കഴിയും.

പക്ഷേ യുക്തിയെ അമിതമായി ആശ്രയിച്ചു നില്‍ക്കുന്ന ഫെമിനിസം കേരളത്തിനു പോര എന്ന് വളരെ മുന്‍പുതന്നെ -- 2004ല്‍ -- ഞാന്‍ എഴുതിയിരുന്നു-- മുസ്‌ലിം ഫെമിനിസത്തെപ്പറ്റി പറഞ്ഞ സമയത്തു തന്നെ. കേരളത്തിനാവശ്യമായ ഫെമിനിസം വിശ്വാസത്തെ ഗൗരവത്തോടെ കാണണമെന്നും ഇക്കോഫെമിനിസം ഇവിടെ വളരാത്തതിന് ഒരു കാരണം മലയാളി ഫെമിനിസത്തിന്റെ യുക്തിവാദാഭിമുഖ്യമാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. അതിനെ തിയോളജിക്കല്‍ ഫെമിനിസം എന്നു വിളിക്കേണ്ടതില്ല.  എന്നാല്‍ ഈ കാഴ്ചപ്പാടിനെ അതിന്റെ മുഴുവന്‍ സാദ്ധ്യതകളിലേക്കും ഗവേഷണത്തില്‍ അന്ന് വികസിപ്പിക്കാത്തത് എന്തുകൊണ്ട് എന്നു ചോദിച്ചാല്‍ അന്നത്തെ സാഹചര്യത്തിന്റെ പരിമിതികള്‍ എന്നു പറയാനാണ് തോന്നുന്നത്.

ഫിസിക്‌സിനോട് ആഭിമുഖ്യമുണ്ടായിരുന്ന ഞാന്‍ ചരിത്രം പഠിക്കാന്‍ തീരുമാനിച്ചതു തന്നെ സ്വന്തം ജീവിതത്തെപ്പറ്റി അറിയണമെന്ന ആഗ്രഹം കൊണ്ടായിരുന്നു.

പാശ്ചാത്യചട്ടക്കൂടുകള്‍ നമ്മുടേതായ അവസ്ഥകളെ മനസ്സിലാക്കാനും തദ്ദേശ പ്രശ്‌നങ്ങളെ അപഗ്രഥിക്കാനും പ്രാപ്തമാക്കുവാന്‍ അവയെ നമുക്ക് വേണ്ട രീതിയില്‍ മാറ്റിയെഴുതണമെന്നും ജ്ഞാനനിര്‍മ്മാണത്തില്‍ അനിവാര്യമായ ഒരു കാര്യമാണതെന്നും തുടക്കം മുതല്‍ക്കേ ബോധ്യമുണ്ടായിരുന്നു. തിയറിയോട് -- ഫെമിനിസ്റ്റ് തിയറി അടക്കം --നമ്മുടെ പുരുഷ സ്വവര്‍ഗ സഹൃദയസംഘങ്ങള്‍ പുലര്‍ത്തിയ വിധേയത്വത്തിന്റെ വക്കോളമെത്തുന്ന ബഹുമാനം പണ്ടേ എനിക്കില്ലായിരുന്നു. അന്ന് എല്ലാവരും ബഹുമാനിച്ചിരുന്ന ഒരു മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവി മാര്‍ക്‌സിന്റെ കൃതികളെ വായിക്കാന്‍ ജര്‍മ്മന്‍ഭാഷ പഠിച്ചു എന്ന് അത്ഭുതാദരങ്ങളോടെ പലരും പറഞ്ഞു കേട്ടപ്പോള്‍, മൂലഭാഷയില്‍ വായിച്ചാല്‍ മാത്രമേ മാര്‍ക്‌സിസത്തിന്റെ സത്യം നമുക്ക് ഗ്രഹിക്കാന്‍ പറ്റൂ എങ്കില്‍ അത് ജര്‍മ്മന്‍ ജനങ്ങള്‍ക്കു മാത്രം പ്രസക്തമായ ചിന്തയായിരിക്കും എന്നായിരുന്നു എന്റെ തോന്നല്‍. ഫിസിക്‌സിനോട് ആഭിമുഖ്യമുണ്ടായിരുന്ന ഞാന്‍ ചരിത്രം പഠിക്കാന്‍ തീരുമാനിച്ചതു തന്നെ സ്വന്തം ജീവിതത്തെപ്പറ്റി അറിയണമെന്ന ആഗ്രഹം കൊണ്ടായിരുന്നു. അതായത്, എന്റെ ഗവേഷണ കൗതുകത്തിന്റെ ഉറവിടം എന്റെ ജീവിതം തന്നെയായിരുന്നു. ഞാന്‍ വായിച്ച തത്വചിന്തയോ സാമൂഹ്യസിദ്ധാന്തമോ ആയിരുന്നില്ല എന്നെ ഗവേഷണത്തിലെത്തിച്ചത്. അതുകൊണ്ട് തടി എന്താണെന്ന് അറിഞ്ഞിട്ട് ഉളി എടുക്കുന്ന രീതിയാണ് സ്വീകാര്യമായത്. പ്രാഗ്മാറ്റിസത്തെപ്പറ്റി വായിക്കും മുന്‍പേതന്നെ തിയറിയെ നമ്മുടെ ആവശ്യമനുസരിച്ച് പാകപ്പെടുത്തിയെടുക്കാവുന്ന ഉപകരണങ്ങളുടെ സഞ്ചയമായാണ് ഞാന്‍ കണ്ടത്. അതുകൊണ്ട് പാശ്ചാത്യചിന്തയോട് കൂറു നിലനിര്‍ത്തുന്ന പ്രശ്‌നം ഒരിക്കലും എന്നെ വിഷമിപ്പിച്ചില്ല. ഭക്തി ഇല്ലാത്തതുപോലെ വിരക്തിയും ഇല്ലായിരുന്നു എന്നും പറയട്ടെ. ഉരുളക്കിഴങ്ങു മുതല്‍ മാര്‍ക്‌സിസം വരെ പലതരം സാധനങ്ങള്‍ പാശ്ചാത്യബന്ധത്തിലൂടെയാണ് ഇവിടെ വന്നത്, അവ സാംസ്‌കാരികമായി അന്യമാണെന്ന് തോന്നിയിട്ടേയില്ല.

കേസരി
കേസരി ബാലകൃഷ്ണപിള്ള

ഇത് എന്റെ മാത്രം പ്രത്യേകതയൊന്നുമല്ല. കേരളത്തില്‍ കേസരി ബാലകൃഷ്ണപിള്ള ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഞാന്‍ ജോലി ചെയ്യുന്ന സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ സ്ഥാപകന്‍ ഡോ കെ.എന്‍ രാജ് ഈ വഴിയെ സഞ്ചരിച്ചയാളാണ്. നൂറുശതമാനം യൂറോകേന്ദ്രിതമായ ഇക്കണോമിക് തിയറിയുടെ മുന്നില്‍ കുമ്പിടാതെ ഇന്ത്യയിലെ ജനങ്ങളുടെ അനുഭവങ്ങളെയും ഇവിടെ ഉടലെടുക്കുന്ന പ്രശ്‌നങ്ങളെയും ക്രമത്തില്‍, അച്ചടക്കത്തോടെ, പഠിച്ച്, അവയില്‍ നിന്ന് തിയറിയിലേക്കു സഞ്ചരിച്ചും തിരിച്ചു വന്നും, രണ്ടിടങ്ങളെയും ചലനാത്മകമായി നിലനിര്‍ത്താന്‍ സന്നദ്ധമായ ഗവേഷണ രീതിയുടെ വക്താവായിരുന്നു അദ്ദേഹം. 1980കള്‍ വരെയുള്ള ഇ പി ഡബ്‌ള്യൂ പഠനങ്ങള്‍ നോക്കൂ, അവയിലൊന്നും തിയറിയെ അഡ്രസ് ചെയ്യാനുള്ള വ്യഗ്രതയല്ല കാണുന്നത്. അതേ സമയം തിയറിയെ മാറ്റിത്തീര്‍ത്തെടുക്കാവുന്ന ഉപകരണമായി ഉപയോഗിക്കുന്നതില്‍ മടിയൊന്നും കാണിക്കുന്നില്ലതാനും.

ഇത് പോസ്റ്റ് കൊളോണിയല്‍ നിലയല്ല, പോസ്റ്റ് -- കോളനിയില്‍ നിന്നുള്ള ബൗദ്ധിക പ്രവര്‍ത്തനമാണ്. പോസ്റ്റ്കൊളോണിയല്‍ സിദ്ധാന്തവും ഒന്നാംലോക സര്‍വകലാശാലകളിലെയും ഗവേഷണകേന്ദ്രങ്ങളിലെയും ജ്ഞാനനിര്‍മ്മാണശീലങ്ങള്‍ക്കു കീഴ്‌പ്പെട്ടുതന്നെയാണ് നില്‍ക്കുന്നത്.
കുറച്ചു വര്‍ഷം മുന്‍പ് ഒരാള്‍ എന്നോട് കേരളസ്പിവാക്ക് ആണെന്നാണോ വിചാരം എന്ന് കയര്‍ത്തപ്പോള്‍ ഞാനയാളോട് പറഞ്ഞു -- ഇത് നിങ്ങളുടെ കാഴ്ചയുടെ പരിമിതിയാണ്. കേസരി ബാലകൃഷ്ണപിള്ള മതി എനിക്ക്, സ്പിവാക്ക് ആവശ്യമില്ല. മാത്രമല്ല, കേരളത്തിനു പുറത്ത് രണ്ടേ രണ്ടു വര്‍ഷമേ ഞാന്‍ പഠിച്ചിട്ടുള്ളൂ. തിയറിയില്‍ നിന്നാരംഭിച്ച്, അല്ലെങ്കില്‍ ഒന്നാം ലോക സര്‍വ്വകലാശാലകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കാളിയായിക്കൊണ്ട്, ആ വെളിച്ചത്തില്‍ പഠനരംഗത്തെ സമീപിക്കുന്നരീതിയോട് അധികം എക്‌സ്‌പോസ്ഡ് ആയില്ല. അത് ഒരു പരിമിതിയാണെന്നു തോന്നിയിട്ടുമില്ല. 

ഇക്കാരണങ്ങളാല്‍ എന്റെ ഗവേഷണം നടന്ന കേരളമെന്ന സ്ഥലത്തിന്റെയും പഠനകാലത്തിന്റെയും പരിമിതിക്കുള്ളില്‍-- ഒരു പി എച്ച് ഡി പ്രബന്ധരചനയുടെ എല്ലാത്തരം പരിമിതികള്‍ക്കുമുള്ളില്‍--നിന്നുമാണ് ഞാന്‍ ആ പഠനം നടത്തിയത്. ഹെട്രോസെക്ഷ്വല്‍ ലിംഗവ്യവസ്ഥയുടെ നിര്‍മ്മിതിയില്‍ സ്വവര്‍ഗലൈംഗികത അടിച്ചമര്‍ത്തപ്പെട്ടു എന്നു പറഞ്ഞാല്‍ കുനിഞ്ഞിരുന്നു നാണിക്കുകയോ ഞെട്ടുകയോ ചെയ്യുന്ന കേള്‍വിക്കാരൊക്കെയായിരുന്നു അന്നിവിടെയുണ്ടായിരുന്നത് എന്നോര്‍ക്കണം ... അന്നത്തെ പ്രയോറിറ്റി നവോത്ഥാന ഐക്കണുകളെ, അവര്‍ക്കു കല്പിച്ചിരുന്ന ധാര്‍മ്മിക മഹത്വത്തെ, പിതൃമേധാവിത്വവിരുദ്ധ നിലപാടില്‍ നിന്ന് വിമര്‍ശനപരമായി പരിശോധിക്കുക എന്നതായിരുന്നു... അതുപോലെ, കേരളത്തിലെ ഫെമിനിസത്തിന് അതിന്റേതായ വ്യവഹാരമുണ്ടാക്കുക, നവോത്ഥാന ചരിത്രത്തില്‍ സ്ത്രീശബ്ദങ്ങളെ വിമര്‍ശനപരമായി രേഖപ്പെടുത്തുക, വ്യക്തി, സമുദായം മുതലായ സംവര്‍ഗങ്ങളുടെ സ്വയംപൂര്‍ണതയെ ചോദ്യം ചെയ്യുക മുതലായ ദൗത്യങ്ങളും അന്ന് അടിയന്തിര പ്രാധാന്യം നേടി. പത്തുവര്‍ഷം കഴിഞ്ഞ് തീസിസ് പുസ്തകമായപ്പോഴേയ്ക്കും ഇവ പലതും അപ്രത്യക്ഷമായി. അതുകൊണ്ട് പുസ്തകം റിവ്യൂ ചെയ്ത ചെറുപ്പക്കാര്‍ക്ക് മലയാള ബ്രാഹ്മണസമുദായ പരിഷ്‌ക്കരണത്തിന് പുസ്തകത്തില്‍ ഒരു മുഴുവന്‍ അദ്ധ്യായം കൊടുത്തതിന്റെ യുക്തി മനസ്സിലായില്ല -- അവരുടെ തലമുറയായപ്പോഴേക്കും വി.ടി ഭട്ടതിരിപ്പാടിനെ ഉദ്ധരിച്ച് ഫെമിനിസ്റ്റുകളുടെ വായടപ്പിക്കുന്ന രീതിയൊക്കെ പോയിക്കഴിഞ്ഞിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്നായിരുന്നെങ്കില്‍ എന്റെ ഗവേഷണം ഇത്തരത്തിലാകുമായിരുന്നു എന്നു പറയുന്നത് പോസ്റ്റ് കൊളോണിയല്‍ വിമര്‍ശനം സര്‍വ്വകലാശാലകളിലൂടെ നമ്മുടെയടുത്തെത്തിയതുകൊണ്ടു മാത്രമല്ല.നമ്മുടെ സാമൂഹിക-രാഷ്ട്രീയപരിസരങ്ങളില്‍ പുതിയ ഇടങ്ങളും ചോദ്യങ്ങളും ഉയര്‍ന്നുവന്നതുകൊണ്ടാണ്.

കേസരിയുടെ പേര് ചര്‍ച്ചയിലേക്ക് വന്നത് ഏറെ പ്രധാനമാണ് എന്നു തോന്നുന്നു. പതിനെട്ടാം നൂറ്റാണ്ടിലേക്ക് ശ്രദ്ധ മാറ്റുമ്പോഴുള്ള വലിയ സൈദ്ധാന്തിക പ്രത്യാഘാതങ്ങളാണല്ലോ നമ്മള്‍ പറഞ്ഞു തുടങ്ങിയത്. കേസരിയ്ക്കാണെങ്കില്‍ എത്ര നൂറ്റാണ്ടുകള്‍ വേണമെങ്കിലും പുറകോട്ടു പോവാന്‍ യാതൊരുപേടിയുമില്ല. വീട് വിടാതെ വിപ്ലവങ്ങളെല്ലാം സാധ്യമാക്കിയ മാധവിക്കുട്ടിയെപ്പോലെ ഒരിക്കല്‍ പോലുംകേരളം വിടാതെ കേരളമെന്ന ഭൂമിശാസ്ത്ര സങ്കുചിതത്വത്തെ ഇത്രയ്ക്ക് പിടിച്ചുലയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ഭാവനയ്ക്ക് ഗവേഷണത്തിലുള്ള സ്ഥാനം യാതൊരു കലവറയുമില്ലാതെ അംഗീകരിക്കാന്‍ കഴിഞ്ഞത് കൊണ്ട് കൂടിയാവണം. സാഹിതീയവും ലാവണ്യശാസ്ത്രപരവുമായ കോസ്‌മോപൊളിറ്റനിസത്തിന്റെ പതാകാവാഹകനായ കേസരിയുടെ പാരമ്പര്യത്തില്‍ ദേവികയുടെ ഗവേഷണങ്ങളെ കാണുന്നത് തീര്‍ച്ചയായും അത്യന്തം ഫലപ്രദമായ ഒരു കാര്യമായാണ് എനിക്കും തോന്നുന്നത്. പ്രത്യേകിച്ചും അടുത്തിടെ ഇംഗ്ലീഷില്‍ എഴുതിയ ഒരു കൂട്ടം പ്രബന്ധങ്ങളുടെ പശ്ചാത്തലത്തില്‍.

ആധുനികത പോലെ തന്നെ കോസ്‌മോപൊളിറ്റനിസവും പലതുണ്ടല്ലോ . കുടിയേറ്റം എന്ന വാക്ക് പ്രധാനമാവുന്ന ഒരു ഗവേഷണ ചട്ടക്കൂടില്‍ ആധുനികതയുടെ അചഞ്ചലത്വത്തിനാവണം ആദ്യം ഇളക്കം തട്ടുന്നത്. കേരളത്തില്‍ ആധുനികതയെ ആത്മപ്രശംസയ്ക്കായി ഉപയുക്തമാക്കുന്നത് പോലെ ഇവിടെയുണ്ടായിരുന്ന "എല്ലാത്തിനെയും സ്വീകരിക്കുന്ന' തരം കോസ്‌മോപൊളിറ്റനിസത്തെയും ആഘോഷപൂര്‍വം ഉയര്‍ത്തിക്കാണിക്കുന്ന വ്യവഹാരങ്ങള്‍ അടുത്തിടെ ശക്തിപ്പെട്ടിട്ടുണ്ട്. ദേവികയാണെങ്കില്‍ അതിനെ ജാതീയ - കോസ്‌മോപൊളിറ്റനിസം എന്നാണ് വിളിക്കുന്നത്. ഇതിനിടയില്‍ മുക്കിക്കളയുന്ന കീഴാള കോസ്‌മോപൊളിറ്റനിസത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട്. എസ്.കെ.പൊറ്റക്കാടിന്റെ യാത്രാ വിവരണങ്ങളില്‍ അദ്ദേഹം സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും ആഫ്രിക്കയിലെയും കീഴാള സാര്‍വജനീനതയുമായി നേര്‍ക്കു നേര്‍ വരുന്നതിന്റെ അനുഭവങ്ങള്‍ ഈ നോട്ടപ്പാടില്‍ വായിച്ചെടുത്തത് എനിക്ക് വളരെ പുതിയ കാഴ്ചകള്‍ നല്‍കുകയുണ്ടായി. ഇത്തരം ഒഴുക്കുകളെയും കുടിയേറ്റങ്ങളെയും ആസ്പദമാക്കി കേരളത്തിന്റെ ഭൂതകാലത്തെ നോക്കുമ്പോള്‍ ദൈനംദിന ജീവിതത്തിനും വസ്തുക്കള്‍ക്കും ഭക്ഷണത്തിനും വാസ്തുവിദ്യയ്ക്കും വസ്ത്രത്തിനുമൊക്കെയുള്ള പ്രാധാന്യം ദേവിക അടിവരയിടുന്നതായും കണ്ടു.

ആധുനികതയെ ഒരു വഴിക്കാക്കിയ ശേഷം കോസ്‌മോപൊളിറ്റനിസത്തിന്റെ നേരെ തിരിഞ്ഞിരിക്കുകയാണോ? മലയാളികളെ ഒരു തരത്തിലും സ്വയം അഭിനന്ദിക്കാന്‍ അനുവദിക്കില്ല എന്ന നിശ്ചയത്തിലാണോ?

സ്വയം അഭിനന്ദിക്കലും ആത്മപ്രശംസയും തമ്മില്‍ വലിയ അന്തരമുണ്ട്. സ്വയം അഭിനന്ദിക്കല്‍ മോശമല്ല, ഒരളവുവരെ ആവശ്യവുമാണ്. പക്ഷേ ആത്മപ്രശംസ എന്നാല്‍ സ്വന്തം പരിമിതികളെപ്പറ്റിയുള്ള അവബോധം തന്നെ ഉപേക്ഷിക്കലാണ്. ഞാന്‍ ആത്മപ്രശംസയെ മാത്രമേ തള്ളിപ്പറഞ്ഞിട്ടുള്ളൂ.

മലയാളി ആധുനികതയെ പഴിക്കാനോ തല്ലിത്താഴെയിടാനോ ഒന്നുമല്ല ഞാന്‍ ശ്രമിച്ചത്. അതിന്റെ പരിമിതി എന്തെന്നും, ആ പരിമിതി തിരിച്ചറിഞ്ഞില്ലെങ്കില്‍ അതിനുള്ളിലെ സ്ത്രീകളുടെയും മര്‍ദ്ദിതവിഭാഗങ്ങളുടെയും അനുഭവത്തെ വിശദീകരിക്കാനോ മനസ്സിലാക്കാനോ ആവില്ല എന്നും ചൂണ്ടിക്കാട്ടാനാണ് ശ്രമിച്ചത്. ഉദാഹരണത്തിന്, കേരളത്തിലെ ആദിവാസികള്‍ ആധുനികതയെ അനുഭവിച്ചത് ഉദ്യോഗസ്ഥ ആധുനികതയായാണ്--അവരെ ഭരണകൂടത്തിന്റെ സൂക്ഷ്മ-നിരന്തരനിരീക്ഷണത്തിനു വിധേയരാക്കുകയായിരുന്നു. ആധുനികതാവീരഗാഥയില്‍ ഒരു ഉപകഥയുടെപോലും ഇടമില്ല അതിന്. ആധുനികതയുടെ പ്രബലപക്ഷത്തുള്ള നാം സ്വന്തം പരിമിതികള്‍ കാണാന്‍ തയ്യാറാകാതിരിക്കുന്നത് വ്യവസ്ഥാപിത താത്പര്യങ്ങളുടെ വശംചേരലാണ്. അതുകൊണ്ടാണ് ഞാന്‍ മലയാളി ആധുനികതയെ ആത്മപ്രശംസ കൊണ്ടു മൂടുന്നവരെ ഇത്ര കര്‍ക്കശമായി വിമര്‍ശിക്കുന്നത്. മാത്രമല്ല, നാമിന്ന് നേരിടുന്ന അത്യന്തം അപകടകരമായ വലതുപക്ഷ സാമൂഹ്യശക്തികളുടെ വളര്‍ച്ചയ്ക്ക് ഭാഗിക ഉത്തരവാദിത്വം അവര്‍ക്കു കൂടിയാണെന്ന് പറയേണ്ടി വരും. ആധുനികതയുടെ പരിധിയും പരിമിതികളും അംഗീകരിക്കാനും അവയെ മറികടക്കാനും അവര്‍ തയ്യാറാകേണ്ടതായിരുന്നു.

മറ്റൊന്ന്, വിമര്‍ശകകാഴ്ചപ്പാട് ജ്ഞാനപരമായികൂടുതല്‍ വിശ്വാസ്യമാണെന്ന കാര്യമാണ്. ഒരു കാര്യത്തെ എത്ര തവണ വെരിഫൈ ചെയ്താലും അത് ഉറപ്പിക്കപ്പെടുന്നില്ല, പുതിയ അറിവിലേക്ക് നമ്മെ നയിക്കുന്നില്ല. എന്നാല്‍ അതിനെ ഫോള്‍സിഫൈ ചെയ്തു നോക്കുന്നതാണ് എപ്പോഴും കൂടുതല്‍ വിശ്വാസ്യവും ഫലപ്രദവും, പുതിയ അറിവിലേക്കുള്ള ചുവടാവും അത്.

 pinarayi-vijayan.jpg
പിണറായി വിജയന്‍

പരിമിതികളെ തിരിച്ചറിയുന്നത് ഏറെ വേദനാജനകമായ പ്രക്രിയയാണ്, പ്രത്യേകിച്ചും അധികാരം കൈവശം വച്ചിരിക്കുന്നവര്‍ക്ക്. കേരളത്തില്‍ നവോത്ഥാന വീരഗാഥ പാടിനടക്കുന്ന അക്കാദമിക്കുകളെ വിമര്‍ശിച്ചുകൊണ്ടേയിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ഇക്കാര്യമാണ്. അവരോട് ദേഷ്യം ലവലേശമില്ല. ദേഷ്യം വളരെയധികം ഊര്‍ജമാണ് ആവശ്യപ്പെടുന്നത്. അത് ചില്ലറ ലാഭംനോക്കുന്നവര്‍ക്കെതിരെ പ്രയോഗിക്കേണ്ടതല്ല (കേരളത്തെ മനഃപൂര്‍വം നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു, അവരില്‍ ദുഷ്ടത ഉണ്ട് എന്നൊന്നുംവിചാരിക്കുന്നുമില്ല). എങ്കിലും അവര്‍ കേരളത്തെ ആത്മപ്രശംസയില്‍ മൂടി മരണ സമാനമായ ഉറക്കത്തിലേക്കു നയിക്കുന്നത് നോക്കിയിരിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ പ്രതിരോധം ഒട്ടും എളുപ്പമല്ല, ഉള്ള സുഹൃത്തുക്കളെക്കൂടി വെറുപ്പിക്കലാണ് പലപ്പോഴും ഫലം.

നവോത്ഥാന ആത്മപ്രശംസാ വ്യവഹാരത്തിന്റെ ചിയര്‍ഗേള്‍സാകാനും, നവോത്ഥാനപരിമിതികള്‍ക്കെതിരെ പോരാടി നേടിയ അല്പമിടം പോലും പിണറായി വിജയന് അടിയറവയ്ക്കാനും കേരളത്തിലെ എല്ലാ തലമുറയിലുമുള്ള (കുറേ) ഫെമിനിസ്റ്റുകള്‍ തയ്യാറായത് ഓര്‍ക്കുമല്ലോ

ആത്മപ്രശംസ പൊതുവെ ഒരു അഡിക്ഷന്‍ ആണ് കേരളത്തില്‍. ഇതിനെ ഒരു ഡ്രഗ്ഗുപോലെ സേവിച്ചാല്‍ ദുഷ്ടശക്തികളെ അകറ്റാമെന്നാണ് ഇടതുപക്ഷത്തു നില്‍ക്കുന്ന സെന്‍സിറ്റിവ് ആയവര്‍ പോലും കരുതുന്നത്. ശബരിമല ശൂദ്രലഹളക്കാലത്ത് അത് കണ്ടതാണ്. നവോത്ഥാന ആത്മപ്രശംസാ വ്യവഹാരത്തിന്റെ ചിയര്‍ഗേള്‍സാകാനും, നവോത്ഥാനപരിമിതികള്‍ക്കെതിരെ പോരാടി നേടിയ അല്പമിടം പോലും പിണറായി വിജയന് അടിയറവയ്ക്കാനും കേരളത്തിലെ എല്ലാ തലമുറയിലുമുള്ള (കുറേ) ഫെമിനിസ്റ്റുകള്‍ തയ്യാറായത് ഓര്‍ക്കുമല്ലോ. വനിതാമതില്‍ എന്ന പരിപാടി തീരുമാനിക്കും മുന്‍പ് തങ്ങളോട് ഡയലോഗിനു തയ്യാറാകണമെന്നു പറയാന്‍ പോലും ഇക്കൂട്ടര്‍ ശ്രമിച്ചില്ല. ഇവര്‍ക്കു ബുദ്ധിയോ വിവരമോ ഇല്ലാഞ്ഞിട്ടല്ല. മലയാളിയുടെ നവോത്ഥാന ആത്മപ്രശംസ ഉച്ചസ്ഥായിയില്‍ കേള്‍പ്പിച്ചാല്‍ വലതുപക്ഷവ്യവഹാരങ്ങള്‍ കെട്ടടങ്ങിക്കൊള്ളുമെന്ന ആത്മാര്‍ത്ഥ വിശ്വാസമാണ് ഇക്കൂട്ടര്‍ക്കു പ്രേരണയായത്.

Sabarimala

അതേ, ആധുനികതയെ വിമര്‍ശിച്ചതുപോലെതന്നെയാണ് കോസ്‌മോപൊളിറ്റനിസത്തിന്റെയും കാര്യം. കേരളീയ കോസ്‌മോപൊളിറ്റനിസത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്നതുപോലെ കാര്യമായ പരിമിതികളും ഉണ്ട്. കൊച്ചി ബിനാലെപോലുള്ള പരിപാടികള്‍ കൊച്ചിയില്‍ ഹിന്ദുസ്വരൂപത്തിനു കീഴില്‍ പല മതസമുദായക്കാരെ പാര്‍പ്പിച്ചു പുലര്‍ത്തിയതിനെ കോസ്‌മോപൊളിറ്റനിസമായി വായിച്ചു കൊണ്ട് (അശീഷ് നന്ദിയുടെ വായനയും ഇതുതന്നെയായിരുന്നു) പൊതു വ്യവഹാരം തീര്‍ത്തപ്പോള്‍ സംസാരിക്കേണ്ടിവന്നത് അതുകൊണ്ടാണ്. ആരെയൊക്കെ ഉള്‍ക്കൊണ്ടാലും അവരെ ഏതെങ്കിലും ന്യൂട്രല്‍ ആയ സഹോദരത്വത്തിലല്ല, ജാതിയുടെ കൃത്യമായ ചട്ടക്കൂടിനകത്താണ് ഹിന്ദു ഭരണകൂടം ഉള്‍പ്പെടുത്തിയത്. കൊച്ചിയില്‍ എന്തുകൊണ്ടും കോസ്‌മോപൊളിറ്റന്‍ സ്വഭാവം അവകാശപ്പെടാന്‍ പറ്റുന്ന ഒരു വിഭാഗമായിരുന്നു പറങ്കികള്‍ -- ഇന്തോനേഷ്യ, മലേഷ്യ മുതലായ സ്ഥലങ്ങളില്‍ ഉത്ഭവിച്ച് പോര്‍ച്ചുഗീസ്-ഡച്ച് സാംസ്‌കാരിക വലയത്തില്‍ ഉള്‍പ്പെട്ട്, മലയാളി സമൂഹത്തിലെ ലത്തീന്‍ കത്തോലിക്കാ സംസ്‌കാരവുമായി ഇടകലര്‍ന്നവര്‍. അവര്‍ എന്നാല്‍ ഇപ്പറഞ്ഞ കൊച്ചിന്‍- കോസ്‌മോപൊളിറ്റനിസ വ്യവഹാരത്തില്‍ അദൃശ്യരാണ്.

അതെന്തുകൊണ്ടെന്നു ചോദിച്ചാല്‍ ആഘോഷിക്കപ്പെട്ടതിന്റെ പരിമിതികള്‍ വെളിപ്പെടും. പില്‍ക്കാലത്ത്, 19-20- നൂറ്റാണ്ടുകളില്‍, നമ്മുടെ ആധുനികതയെ രൂപപ്പെടുത്തിയ പുറംലോക ബന്ധങ്ങളിലൂടെ കൈവന്ന കോസ്‌മോപൊളിറ്റന്‍ മനോഭാവങ്ങളും-- അവ പല ഇഴകളായിരുന്നു -- ഒരുപോലെ വിമോചകങ്ങളായിരുന്നില്ല. 19-20 നൂറ്റാണ്ടുകളില്‍ മലയാളി സമൂഹം പുറം ലോകവുമായി ബന്ധപ്പെട്ട വിധത്തിന്റെ പ്രത്യേകത മൂലം പലപ്പോഴും സകലലോകസ്‌നേഹം എന്നു വിളിക്കാവുന്ന കോസ്‌മോപൊളിറ്റന്‍ മനോഭാവത്തിനുള്ള സാധ്യത ഇവിടെ ഉടലെടുത്തു. കേസരിയുടെയൊക്കെ കാലമാണത്. എന്നാല്‍ 20-ാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷമുള്ള ലോകാവസ്ഥകള്‍ മറ്റൊരു തരംകോസ്‌മോപോളിറ്റനിസത്തിനാണ് വഴിയൊരുക്കിയത് -- ദേശീയതയുടെയും ദേശീയവാദങ്ങളുടെയും ഭാരം പേറേണ്ടി വന്ന, മുതലാളിത്ത വിപണിയുടെ സാര്‍വ്വജനീനതയിലൂന്നിയ, ഒന്ന്. ഇതിനിടയിലും വിമോചകസ്വഭാവമുള്ള ആഗോളശൃംഖലകള്‍ ഉണ്ടായിട്ടുണ്ട്, അതിന്റെ കണ്ണികള്‍ കേരളത്തിലുമുണ്ട്. ആധുനികതയെപ്പറ്റിയുള്ള ഗവേഷണത്തിലെന്നപോലെ ഇവിടെയും ഞാന്‍ അന്വേഷിക്കുന്നത് സാധ്യതകളെക്കുറിച്ചും പരിമിതികളെ കുറിച്ചുമാണ്. അല്ലാതെ നല്ലതിനെയും ചീത്തയെയും അല്ല.

അന്വേഷിക്കുന്നത് സാധ്യതകളെക്കുറിച്ചും പരിമിതികളെക്കുറിച്ചുമാണ്, നല്ലതും ചീത്തയുമല്ല എന്നും വെരിഫിക്കേഷനെക്കാള്‍ ഫാള്‍സിഫിക്കേഷനാണ് ജ്ഞാനപരമായി ഫലദായകം എന്നും പറയുമ്പോള്‍ സ്വന്തംപഠനങ്ങളെ ഒരു അറിവിന്റെ പദ്ധതിയായിട്ടാണല്ലോ മനസ്സിലാക്കുന്നത്. ഇത് തീർച്ചയായും പ്രസക്തമായ വിലയിരുത്തലാണ്. അതില്‍ ഉള്‍പ്പെട്ട, യൂറോപ്യന്‍ തത്വചിന്തയിലടക്കം ഇപ്പോഴും തീരുമാനമാകാത്ത ചിലകീറാമുട്ടികള്‍ പെട്ടെന്ന് മനസ്സിലേക്ക് വരുന്നു.

ഒന്നാമത് സത്യം, അറിവ് എന്നിവയുടെ നിലയാണ്. അറിവാണോ കഥയാണോ കണ്ടെത്തുന്നത് എന്നത് സംബന്ധിച്ച് എപ്പോഴും അവ്യക്തതയുണ്ട്. ടെക്സ്റ്റുകള്‍ ആണല്ലോ പ്രധാനപഠനോപാധി. അതില്‍ നിന്ന് സത്യം പോയിട്ട് അര്‍ത്ഥം തന്നെ കണ്ടെത്തുക ദുഷ്‌കരമാണെന്ന കോണ്ടിനെന്റെല്‍ ഫിലോസഫിയിലെ തുടര്‍ചര്‍ച്ചകളും ഉണ്ട്. അത് നമുക്ക് തല്ക്കാലം മാറ്റിവെക്കാം.

കേരള സന്ദര്‍ഭത്തില്‍ സാമൂഹ്യശാസ്ത്രത്തോട്, അതിന്റെ ഭരണകൂടബന്ധം നിമിത്തവും സാമൂഹ്യവികസനാഭിമുഖ്യം കാരണവും കലഹിക്കുകയും ഒരു എതിര്‍നില സ്വീകരിക്കുകയും ചെയ്യുന്നയാളാണല്ലോ ദേവിക. ശാസ്ത്രം എന്ന സാധൂകരണം വേണ്ടെന്നു വെക്കുകയാണെങ്കില്‍, പിന്നെ എന്തായിരിക്കും വിമര്‍ശകപഠനങ്ങളുടെ നീതീകരണം എന്നാലോചിക്കാവുന്നതാണ്. അക്കാദമിക്സിനു ആഭ്യന്തരമായ ഒരു എത്തിക്‌സ് ചിലപ്പോള്‍ ഉണ്ടാവാം. സാധ്യതകളും പരിമിതികളും അന്വേഷണമേഖലയാല്‍ തന്നെ തീരുമാനിക്കപ്പെടുന്നതാവുക എന്ന സാധ്യതയുമുണ്ട്. ഗവേഷണം നടത്തുന്ന മേഖലകളില്‍ അതിന്റെതായ ethos ഉണ്ട്. അതിലേക്കൊരാള്‍ പ്രവേശിക്കുകയാണ്. അല്ലാതെ മാറിനിന്ന് വസ്തുനിഷ്ഠമായി വിലയിരുത്തുകയല്ല.

ദേവികയുടെ വിമര്‍ശക സംരംഭങ്ങളെ പുറത്തു നിന്നു നോക്കുമ്പോളുള്ള എന്റെ വിലയിരുത്തലാണ് മേല്‍പ്പറഞ്ഞത്. അക്കാദമിക്‌സ്, എത്തിക്‌സ്, പൊളിറ്റിക്‌സ് എന്നിവ തമ്മിലുള്ള സങ്കീര്‍ണമായ പാരസ്പര്യങ്ങളെ എങ്ങനെയൊക്കെയാണ് ദേവിക നേരിട്ടിട്ടുള്ളത് ?

ശാസ്ത്രീയഗവേഷണമെന്നാല്‍ കാര്യ-കാരണ ബന്ധത്തെ എല്ലാക്കാലത്തേയ്ക്കും സ്ഥാപിക്കുന്ന ഫലങ്ങള്‍ അന്വേഷിക്കുന്നതല്ല, സാമൂഹ്യശാസ്ത്രത്തില്‍ വിശേഷിച്ചും. സാമൂഹ്യവിഷയങ്ങളെപ്പറ്റി സൂക്ഷ്മവും വ്യവസ്ഥാപൂര്‍ണവുമായ അന്വേഷണമാണത് -- ആത്മപ്രതിഫലനത്തിലൂന്നിയ അന്വേഷകനിലയും, പലതരം സ്രോതസ്സുകളെ (സംഖ്യാപരവും ഗുണപരവും പാഠപരവുമായവ) വേണ്ടത്ര സമയമെടുത്ത് ശേഖരിച്ച് ട്രൈയാങ്കുലേറ്റ് ചെയ്യുന്ന രീതിശാസ്ത്രവും പുലര്‍ത്തുന്നതും ചരിത്രപരമായ മാറ്റത്തെ പിന്‍തുടരുന്നതുമായ അപഗ്രഥനങ്ങളാണ് എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ സാമൂഹ്യഗവേഷണം. മിക്ക അറിവുകളും ആഖ്യാനങ്ങളാണ്, എങ്ങനെ ഉണ്ടാക്കപ്പെടുന്നു എന്നതനുസരിച്ചായിരിക്കും അവയുടെ കനം.

ഉദാഹരണത്തിന് തിരുവനന്തപുരത്തെ അതിദരിദ്രമായ രണ്ടു സ്ഥലങ്ങളെപ്പറ്റി 2013-18 വരെയുള്ള സമയത്ത് നടത്തിയ രണ്ടു പഠനങ്ങള്‍ നോക്കാവുന്നതാണ്.  മൂന്നു ഘട്ടങ്ങളായാണ് അതു നടത്തിയത്. ആദ്യം, രണ്ടുസ്ഥലങ്ങളിലെയും ജനജീവിതത്തെയും ആവാസവ്യവസ്ഥയെയും സൂക്ഷ്മമായി അറിയാന്‍ സര്‍വ്വേ പഠനം നടത്തി, രണ്ടാമത്, എഴുതിയ ചരിത്രമില്ലാത്ത സ്ഥലങ്ങളായതുകൊണ്ട് പല തലമുറക്കാരായ നിവാസികളെ ചിട്ടപ്രകാരം തെരഞ്ഞെടുത്ത് അവരില്‍ നിന്നു ശേഖരിച്ച വാമൊഴിത്തെളിവുകളുടെയും ലഭ്യമായ ചരിത്രരേഖകളുടെയും (സര്‍ക്കാര്‍ രേഖകള്‍, പത്രറിപ്പോര്‍ട്ടുകള്‍, ആത്മകഥകള്‍ തുടങ്ങിയവ) അപഗ്രഥനത്തിലൂടെ തദ്ദേശീയ ചരിത്രം തയ്യാറാക്കി. ഇവയുടെ അടിസ്ഥാനത്തില്‍ രൂപമെടുത്ത ഹൈപ്പോതീസിസുകളെയാണ് മൂന്നാം ഘട്ടത്തില്‍ പരിശോധിച്ചത് -- തെരെഞ്ഞെടുത്ത സ്ഥലവാസികള്‍, ഉദ്യോഗസ്ഥര്‍, തെരെഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ പ്രതിനിധികള്‍, കുടുംബശ്രീ നേതാക്കള്‍, മതാധികാരികള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, സമുദായനേതാക്കള്‍, സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ എന്നിവരുമായുള്ള സുദീര്‍ഘങ്ങളായ അഭിമുഖങ്ങളിലൂടെയാണിത് ചെയ്തത്. ഈ അഭിമുഖങ്ങളൊക്കയും സൂക്ഷ്മമായി കോഡു ചെയ്ത് അപഗ്രഥിച്ചാണ് ഗവേഷണ ഫലങ്ങളടങ്ങുന്ന ആഖ്യാനങ്ങള്‍ സൃഷ്ടിച്ചത്. ഈ മിശ്രരീതിശാസ്ത്ര ഗവേഷണം ഗവേഷണ വിഷയികളെ സക്രിയരായിക്കാണുന്നതുകൊണ്ട്, അവരോടു ഗവേഷകര്‍ക്കുള്ള ധാര്‍മ്മികബാദ്ധ്യതയെ സംശയരഹിതമായി, ഗവേഷണത്തിനുള്ളില്‍ത്തന്നെ ഘടനാപരമായി, സ്ഥാപിക്കുന്നതുകൊണ്ട്, അതില്‍ വളരെ സൂക്ഷ്മവും നിരന്തരവുമായ ആത്മപ്രതിഫലനം അനിവാര്യമാണ്.

ശാസ്ത്രീയ സാമൂഹ്യ ഗവേഷണമെന്നാല്‍ കേവലം സംഖ്യാപരമായ ഗവേഷണമാണെന്ന തെറ്റിദ്ധാരണ പക്ഷേ ഇന്നും പ്രബലമാണ്. അതിനെ തിരുത്താന്‍ വളരെയധികം ഊര്‍ജ്ജം ചെലവഴിച്ചിട്ടുണ്ട്. ഞാന്‍ ജോലിചെയ്യുന്ന ഗവേഷണകേന്ദ്രം അറിഞ്ഞോ അറിയാതെയോ ഈ തെറ്റിദ്ധാരണ വളരെക്കാലം വളര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ആ സ്ഥിതി മാറിത്തുടങ്ങി എന്നതിനു തെളിവാണ് എന്നെപ്പോലെ ഇക്കണോമിക്‌സില്‍ ബിരുദമോ താത്പര്യമോ ഇല്ലാത്ത ഗവേഷകരെ അവിടെ ജോലിക്കെടുത്തത്. എന്റെയൊപ്പം അവിടെ ചേര്‍ന്ന ഡോ പ്രവീണാ കോടോത്തും ഞാനുമെല്ലാം ആ മാറ്റത്തെ പരമാവധി വളര്‍ത്താന്‍ ശ്രമിച്ചവരാണ്. ഇന്ന് സി.ഡി.എസ്സില്‍ മിശ്രരീതിശാസ്ത്രം ഉപയോഗിക്കുന്ന ഗവേഷണത്തിന് മാന്യമായ ഇടമുണ്ടെന്നത് ഞങ്ങളുടെ കൂട്ടായ നേട്ടമാണ്, അതില്‍ അഭിമാനവും ഉണ്ട്. സംഖ്യാപരമായതും ശാസ്ത്രീയമെന്നപേരില്‍ സവിശേഷ മാന്യതയും വിശ്വാസ്യതയും അവകാശപ്പെടുന്നതുമായ ആഖ്യാനങ്ങള്‍ മാത്രമല്ല ഭരണനയരൂപീകരണത്തിന് ഉതകുന്നവ എന്നു സ്ഥാപിക്കുന്നത് അതില്‍ത്തന്നെ ഒരുരാഷ്ട്രീയ പ്രവര്‍ത്തനമാണ്. ജനങ്ങള്‍ സംഖ്യകള്‍ മാത്രമല്ല, അവര്‍ക്ക് ശബ്ദവും തലച്ചോറും ഉണ്ടെന്നും അവ കണക്കാക്കാതെ നടത്തുന്ന നയരൂപീകരണം അപൂര്‍ണവും ജനാധിപത്യ വിരുദ്ധവുമാണെന്നു പറയലാണത്.

ഒരു കാലഘട്ടത്തില്‍ നിന്നുകൊണ്ട് കാലഘട്ടത്തെ അതിവര്‍ത്തിക്കുന്നതിനു മറ്റുതരം ടെക്സ്റ്റുകളെ അപേക്ഷിച്ച് കലാസൃഷ്ടികള്‍ക്ക് സാധ്യത കൂടുതലുണ്ടല്ലോ. ആധുനികതാപഠനത്തിലും കോസ്‌മോപൊളിറ്റനിസത്തെക്കുറിച്ച് പഠിക്കാനും ഒട്ടേറെ സാഹിതീയ പാഠങ്ങളെ ദേവിക സര്‍ഗ്ഗാത്മകമായി അവലംബിക്കുന്നുണ്ട്. സാഹിത്യത്തെക്കുറിച്ച് തന്നെ സവിശേഷമായി ഒട്ടേറെ എഴുതിയിട്ടുണ്ട്. സാഹിത്യ വിവര്‍ത്തനങ്ങള്‍ നടത്തുന്നുമുണ്ട്. വ്യത്യസ്തങ്ങളായ ഈ നീക്കുപോക്കുകളില്‍ സാഹിത്യപാഠങ്ങളുടെ പ്രാധാന്യം എങ്ങനെയാണു കാണുന്നത്? ജീവത്തായ അനുഭവങ്ങളുടെ (lived experience) രേഖകളായ സാഹിത്യസൃഷ്ടികളെ ഭൂതകാലത്തിലേക്കുള്ള കൂടുതല്‍ വിശ്വാസ്യതയുള്ള വാതിലുകളായി എടുക്കാമോ? ജോണിമിറാന്‍ഡയുടെയും മാധവിക്കുട്ടിയുടെയും എഴുത്തിനെക്കുറിച്ച് പറയുന്നിടങ്ങളില്‍ മറ്റൊരിടത്തും കാണാത്ത ചില തെളിച്ചങ്ങള്‍ വ്യക്തിപരമായി എനിക്ക് കാണാനായിട്ടുണ്ട്.

സാമൂഹ്യശാസ്ത്രം കലയോട് കൂടുതല്‍ അടുത്തു വരുന്നുണ്ടോ? യുക്തിയോടൊപ്പം ഭാവന അതിനുസാധ്യതയേറ്റുന്നുണ്ടോ? കലയിലേക്ക്, എഴുത്തിലും വിശകലനത്തിലും, ദേവിക കൂടുതല്‍ തിരിയാനിടയുണ്ടോ?

1980കളില്‍ യൗവ്വനത്തിലേക്കു പ്രവേശിച്ച ഒരു മലയാളി സ്ത്രീയെന്ന നിലയ്ക്ക് എന്നെ രൂപപ്പെടുത്തിയ നാലു വ്യവഹാരങ്ങളെപ്പറ്റി ഫെമിനിസ്റ്റ് പക്ഷത്തു നിന്നുള്ള വിമര്‍ശനപരമായ ആഖ്യാനങ്ങള്‍ സൃഷ്ടിക്കണമെന്നാണ് ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത് ഞാന്‍ ഉറച്ചത്-- കേരളീയ സാമുദായിക പരിഷ്‌ക്കരണം, കേരള രാഷ്ട്രീയം, മലയാള സാഹിത്യ പൊതു മണ്ഡലം, മലയാളികളുടെ സാമൂഹ്യ വികസനം. ഇതു നാലും 50 വയസ്സു തികയും മുന്‍പ് ചെയ്തു എന്നോര്‍ത്ത് സന്തോഷിച്ചിട്ടുണ്ട്. സാഹിത്യത്തെ സാമൂഹ്യവ്യവഹാരമായിക്കാണുമ്പോഴും അതിലെ സൗന്ദര്യാത്മക വശങ്ങളെ അവഗണിക്കാത്ത ഒരുസമീപനം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സൗന്ദര്യാത്മക തന്ത്രങ്ങള്‍ -- ഭാവന -- സാമൂഹ്യസാഹചര്യങ്ങളില്‍ നിന്ന് യാന്ത്രികമായി രൂപമെടുക്കുന്നില്ല -- എന്നാല്‍ അതിന്റെയര്‍ത്ഥം അവയ്ക്ക് രാഷ്ട്രീയ-സാമൂഹ്യവിവക്ഷകള്‍ ഇല്ലെന്നോഭൗതികമായ ഇടങ്ങളില്‍ അല്ല അവ പുലരുന്നതെന്നോഅല്ല. സാഹിത്യ കൃതികളുടെഅര്‍ത്ഥസാദ്ധ്യതകളെ പരിമിതപ്പെടുത്തുന്ന രീതിയിലല്ലാതെ സാഹിത്യത്തെ സമീപിക്കാനുള്ള ശ്രമങ്ങളാണ് മലയാളത്തിലെ പിതൃമേധാവിത്വവിരുദ്ധ എഴുത്തുകളെപ്പറ്റിയുള്ള എഴുത്തും പരിഭാഷകളും. ഏതൊരു പക്ഷത്തു നിന്നാണ് അവയെ സമീപിക്കുന്നതെന്ന് കൃത്യവും വ്യക്തവുമായി വെളിപെടുത്തിക്കൊണ്ടും സമൂഹത്തിലെ വിവിധഭൂതകാല- വര്‍ത്തമാനകാല വ്യവഹാരങ്ങളുമായി അവ ഇണങ്ങുന്നതും പിണങ്ങുന്നതും എങ്ങനെയെന്നുകാണിച്ചു കൊണ്ടുംസാഹിത്യത്തിന്റെ ആഖ്യാന-സമൃദ്ധിയുടെ സാദ്ധ്യതയെ വീണ്ടെടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

ഭാവനയാണ് മൗലികമായ എല്ലാത്തരം സൃഷ്ടികളുടെയും വേര്. സാമൂഹ്യമാറ്റത്തിന് ഏറ്റവുമാവശ്യം ഭാവനയെ തൊട്ടുണര്‍ത്തുന്ന രൂപകങ്ങളാണ്. ശാസ്ത്രത്തിലും അങ്ങനെത്തന്നെ. ഫിസിക്‌സിലെ ജനറല്‍ റിലേറ്റിവിറ്റി സിദ്ധാന്തവും മറ്റും ഭാവനയുടെ കുതിച്ചുചാട്ടമായിത്തന്നെയാണ് പിറക്കുന്നത്-- അതു തെളിയിക്കലും മറ്റും പുറകെ വരുന്ന അനിവാര്യമായ കാര്യങ്ങളാണെങ്കിലും.

സാഹിത്യം എഴുതുമോ എന്നു ചോദിച്ചാല്‍ അതിനുള്ള ഊര്‍ജം ഇല്ല, ഇപ്പോള്‍ എന്തായാലും ഇല്ല, എന്നേ പറയാനാകൂ. 16-17 വയസ്സു പ്രായത്തില്‍ ബാലസാഹിത്യകാരിയാകണം എന്നായിരുന്നു മോഹം. മുതിര്‍ന്നവരുടെ ലോകം ഭയങ്കരബോറാണെന്നു മനസ്സിലായപ്പോള്‍ തിരിഞ്ഞോടാനുള്ള പ്രേരണകൊണ്ടാവാം അങ്ങനെ തോന്നിയത്. 19-20 വയസ്സില്‍ ബാലസാഹിത്യം എഴുതി കുറേ പ്രശസ്തയൊക്കെയായതാണ് (പിള്ളേരുടെ ഇടയില്‍) -- ഈ പുസ്തകങ്ങള്‍ കുറേയധികം എഡിഷന്‍ ആവുകയും ചെയ്തു. ഇന്നും കുട്ടികളോട് സംസാരിക്കാന്‍ കഴിവുണ്ട് എനിക്ക്. പക്ഷേ പുതിയ രൂപകങ്ങളിലൂടെ ലോകത്തെ മാറ്റാന്‍ ശക്തിയുള്ള സാഹിത്യരചന നടത്താന്‍ അസാമാന്യമായ ഊര്‍ജവും ആത്മബലവും വേണം -- അല്ലെങ്കില്‍ അതു നമ്മെ മാനസികമായി, വൈകാരികമായി, തകര്‍ത്തുകളയുമെന്നാണ് എനിക്കു തോന്നുന്നത്. മീഡിയോക്രിറ്റിയെ വളര്‍ത്തുന്ന യാതൊന്നും ചെയ്യില്ല, അതിനൊന്നും കൂട്ടുനില്‍ക്കില്ല എന്നു തീരുമാനിച്ചതുകൊണ്ട് ഇല്ലാത്ത ഊര്‍ജ്ജമെടുത്ത് രണ്ടാംകിട എഴുത്തിനു തയ്യാറുമല്ല.

ഈ സംസാരത്തിലുടനീളം ആത്മപ്രതിഫലനപരതയും ഒരു നില്‍പ്പ് സമീപനവും (standpoint) പുലര്‍ത്തുന്നുണ്ട്. പ്രധാനമായും സ്ത്രീപക്ഷനിലയവലംബിച്ചാണല്ലോ ആധുനികതയുടെ വിമര്‍ശം നടത്തിയത്. ആദ്യത്തെ ചോദ്യത്തിനുത്തരമായി സ്ത്രീപക്ഷം എന്നത് തന്നെ കൂടുതല്‍ സൂക്ഷ്മമായതിനെക്കുറിച്ച് പറയുകയും ചെയ്തു.

വേറെ നില്‍പ്പുകള്‍ അവലംബിച്ച് വ്യത്യസ്തങ്ങളായ സമീപനങ്ങള്‍ കേരള ചരിത്രത്തിലെ അതേ കാലയളവിനോട് സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് യൂറോപ്പിതര സമൂഹങ്ങള്‍ യൂറോപ്യന്‍ സമൂഹങ്ങള്‍ക്ക് സമാനമായ പ്രക്രിയകളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നു പോയിട്ടുണ്ടെന്ന് ആവിഷ്‌കരിക്കാന്‍ കൊളോണിയല്‍ മോഡേണിറ്റി എന്ന സങ്കല്‍പ്പനത്തിനു പ്രാപ്തിയുണ്ടെന്നാണ് സനല്‍മോഹന്‍ അദ്ദേഹത്തിന്റെ പഠനത്തില്‍ പറയുന്നത്. അടിമ ജാതികളെ സംബന്ധിച്ചേടത്തോളം മിഷനറിമാര്‍ക്കൊപ്പം എന്താണ് നല്ല ജീവിതം എന്നതിനെക്കുറിച്ച് വ്യത്യസ്തമായ ധാരണവന്നുവെന്നും അതേത്തുടര്‍ന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ക്ക് അടിമജാതിക്കാരില്‍ തങ്ങളുടെ ദൈനംദിന ജീവിതം അടിമുടി പുനരാവിഷ്‌കരിക്കാനുള്ള അദമ്യമായ ആഗ്രഹം അടിയുറച്ചുവെന്നും അദ്ദേഹം പറയുന്നു.

നില്‍പ്പുകള്‍ സൃഷ്ടിക്കുന്ന കാഴ്ചയിലെ വൈവിധ്യമാണല്ലോ ഇത് സൂചിപ്പിക്കുന്നത്. ചിലര്‍ക്ക് മരവിപ്പിന്റെതായ ഒരു കാലയളവ് വേറെ ചിലര്‍ക്ക് വിമോചകമായി വരാം, അവരുടെ നില്‍പ്പുകള്‍ വ്യത്യസ്തങ്ങളായതിനാല്‍. അതേ സമയം ഇന്റെര്‍ സെക്ഷണല്‍ ആയ ഒരു നില എങ്ങനെ സ്വീകരിക്കുമെന്നതിനെ ഇത് സങ്കീര്‍ണ്ണമാക്കുന്നുമുണ്ട്. ദേവിക എങ്ങനെയാണിതിനെ നോക്കിക്കാണുന്നത്?

മൂന്നു കാര്യങ്ങളാണ് ഈ ചോദ്യത്തിനു പ്രതികരണമായി തോന്നുന്നത്. ഒന്ന്, എനിക്ക് സ്റ്റാന്റ് പോയിന്റ് എന്നതിനെ നില്പുനില എന്നു വായിക്കുന്നത് പ്രശ്‌നകരമാണെന്നു തോന്നുന്നു. മര്‍ദ്ദിതവിഭാഗങ്ങള്‍ കാലത്തിലും സ്ഥലത്തിലും മാറ്റമില്ലാത്തവരല്ല, അതുകൊണ്ട് സ്റ്റാന്റ് പോയിന്റ് എല്ലാക്കാലത്തേയ്ക്കും തീരുമാനിക്കപ്പെട്ട - നില്‍ക്കുന്ന -- ഒരു നിലയാകാന്‍ ഇടയില്ല. സ്റ്റാന്റ് പോയിന്റുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കുറവുമായേക്കാം -- അവയെ സാദ്ധ്യമാക്കിയ രാഷ്ട്രീയ-ഭൗതിക സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച്. ആ ചെറിയ ഇടവേളകളില്‍ നാം സാധാരണഗതിയില്‍ വരേണ്യര്‍ എന്നു കരുതുന്നവരും ഒരു മര്‍ദ്ദിത സ്റ്റാന്റ് പോയിന്റ് (എത്ര താത്കാലികമായിട്ടാണെങ്കിലും) പങ്കുവച്ചേയ്ക്കാം. എന്നാല്‍ കേരളത്തില്‍ സ്വത്വത്തെ പ്രശ്‌നവത്ക്കരിക്കുന്ന രാഷ്ട്രീയം പരിചിതമായിത്തീര്‍ന്നിരിക്കുന്നുവെങ്കിലും സ്റ്റാന്റ് പോയിന്റുകളുടെ ഈ ചലനാത്മകതയെ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാനുള്ള പക്വത ഇത്തരം രാഷ്ട്രീയങ്ങള്‍ കൈവരിച്ചു തുടങ്ങിയിട്ടേയുള്ളൂവെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കിസ് ഓഫ് ലവ് സമരങ്ങളിലെ ദലിത് -മുസ്‌ലിം
പുരുഷബുദ്ധിജീവികളുടെ പ്രതികരണങ്ങളില്‍ ആ അപക്വത വളരെ പ്രകടമായിരുന്നു. കേരളത്തിലെ പ്രബലമതങ്ങളിലും പഴയതും പുതിയതുമായ ജാതിരൂപീകരണങ്ങളിലും മുഖ്യധാരാ രാഷ്ട്രീയത്തിലുമെല്ലാം നിലവിലുള്ള ശരീരപ്പേടിയുടെ ഇരകള്‍ ശരിക്കും സാമൂഹ്യപാര്‍ശ്വവത്ക്കരണത്തിന്റെ മുന്നില്‍ നിസ്സഹായരാണെന്നും, അവര്‍ പരിചിതരീതിയിലുള്ള സമുദായമോ പാര്‍ട്ടിയോ അതു പോലുള്ള എന്തെങ്കിലും സാമൂഹ്യസ്ഥാപനമോ സംഘടനയോ ഒന്നുമല്ലെന്നും, വളരെ വ്യത്യസ്തങ്ങളായ ഇടങ്ങളില്‍, സാമൂഹ്യ നിലകളില്‍ നിന്നുള്ളവര്‍ ശരീരത്തിന്റെ രാഷ്ട്രീയവത്ക്കരണത്തിന്റേതായ ഈ ചെറിയ കാലയളവില്‍ ഉണ്ടായി വന്ന കാഴ്ച തുറവി പങ്കുവയ്ക്കുന്നവരാണെന്നുമൊക്കെ  പറഞ്ഞവരെ മുഴുവന്‍ വരേണ്യത ആരോപിച്ച് നിശബ്ദരാക്കാനാണ് ഇവിടുത്തെ പ്രമുഖ ദലിത് ബുദ്ധിജീവികളും മുസ്‌ലിം സംഘടനാ നേതാക്കളും ശ്രമിച്ചത്.

KissofLove.jpg
ചുംബന സമരത്തിനിടെ

സ്റ്റാന്റ് പോയിന്റുകള്‍ എന്നാല്‍ ചലനമേയില്ലാത്ത ചില രാഷ്ട്രീയരൂപീകരണങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ലോകവീക്ഷണങ്ങള്‍ മാത്രമാണെന്ന നിലപാടായിരുന്നു ഇത്. ആ നിലപാടിനെ മുറുക്കിപ്പിടിക്കുന്നവര്‍ക്ക് രാഷ്ട്രീയത്തിന്റെ ഒഴുക്കില്‍ ഉണ്ടായിവരുന്ന തന്മകളും സ്റ്റാന്റ് പോയിന്റുകളുമെല്ലാം ഭീഷണിയും ശല്യവും മാത്രമാണ്. അവരുമായി ഒരു സംവാദവും സാധ്യമല്ല എന്ന ഈ അടഞ്ഞ നിലപാട് മലയാളി സമൂഹത്തെ കൂടുതല്‍ ആഴത്തില്‍ ജനാധിപത്യവത്ക്കരിക്കാനുള്ള പ്രധാനപ്പെട്ട ഒരു അവസരത്തെയാണ് കെടുത്തിക്കളഞ്ഞത് -- മാനവ- അമാനവ അടിപിടി എന്ന ദയനീയമായ സ്വയംചുരുങ്ങലിലാണ് അതവസാനിച്ചത്.

രണ്ടാമത്തെ കാര്യം, എല്ലാ സ്റ്റാന്റ് പോയിന്റുകളും പരിമിതമായതുകൊണ്ട് പരസ്പരം പഠിക്കാന്‍ പലതുമുണ്ടെന്ന കാര്യം നാം അവഗണിക്കുന്നു എന്നതാണ്. ഞങ്ങള്‍ക്കൊന്നും പഠിക്കാനില്ല നിങ്ങളില്‍ നിന്നും, നിങ്ങള്‍ക്ക് ഞങ്ങളില്‍ നിന്നും എന്തെങ്കിലും പഠിക്കാനുള്ള സാധ്യത തന്നെയില്ല (നിങ്ങളുടെ ജനനം മുതലായവ മൂലം) എന്നു പറയുന്ന അടഞ്ഞ രീതിയാണ് പലയിടത്തും കാണാനുള്ളത്. അതുപോലെ ഓരോ സ്റ്റാന്റ് പോയിന്റും സവിശേഷമാണെന്നു കാണാനും നമുക്കാവുന്നില്ല. ഉദാഹരണത്തിന് കേരളത്തിലെ ദലിത് പുരുഷബുദ്ധിജീവികളുടെ മാച്ചോ അഥവാ അമിതപൗരുഷം മുഖ്യധാരാ-വരേണ്യപുരുഷ മാച്ചോയില്‍ നിന്ന് വ്യത്യസ്തമാണ്. അത് അംഗീകരിച്ചു കൊണ്ടുള്ള ദലിത് മാച്ചോ വിമര്‍ശനമാണ് ദലിത് പുരുഷബുദ്ധിജീവികള്‍ പിതൃമേധാവിത്വം തൊട്ടു തീണ്ടാത്ത മാലാഖമാരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിലേറെ സത്യസന്ധവും ബഹുമാനപരവും. രണ്ടാമത്തേത് കടുത്ത രക്ഷാകര്‍തൃമനോഭാവമാണ്. ഞാനടക്കമുള്ള എല്ലാവര്‍ക്കും ഇത്തരം വീഴ്ചകള്‍ പറ്റാനിടയുണ്ടെന്നാണ് സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്.

മൂന്നാമതായി, ഇന്റര്‍സെക്ഷണാലിറ്റി എന്ന ആശയം എങ്ങും കേള്‍ക്കാനുണ്ടെങ്കിലും അത് പ്രയോഗത്തില്‍ കാണുന്നതേയില്ല. ഒരാള്‍ എന്തെങ്കിലും പറയുമ്പോള്‍ അവര്‍ ഏതുസങ്കീര്‍ണ ഇന്റര്‍സെക്ഷണല്‍ ഇടത്തില്‍ നിന്നാണ് അതു പറയുന്നത് എന്നു തിരിച്ചറിഞ്ഞാല്‍ അവരുടെ നിലപാടുകളോടുള്ള വിമര്‍ശനത്തെ വ്യക്തിഹത്യയല്ലാത്തതും കൂടുതല്‍ കൃത്യതയുള്ളതും ആക്കാം. എന്നുവെച്ച് ഇന്ന് മലയാളി ബൗദ്ധിക ലോകത്തില്‍ നിറഞ്ഞുതഴയ്ക്കുന്ന വലുതും ചെറുതുമായ ഗുണംപറ്റികളുടെ ദൈന്യതയാര്‍ന്ന ഹിപ്പോക്രിസിയുടെ വിമര്‍ശനം വേണ്ട എന്നല്ല. അതു മാത്രം പറയുന്ന വിമര്‍ശനം അപൂര്‍ണമായിപ്പോകുമെന്നതാണ് പ്രശ്‌നം. ഉദാഹരണത്തിന് കേരളത്തില്‍ ഇടതുപക്ഷഭരണാധികാരികള്‍ പലപ്പോഴും പ്രകടിപ്പിച്ചു കണ്ട പച്ചയായ ഇസ്ലാം വിരുദ്ധതയെ ആവേശപൂര്‍വ്വം പിന്‍തുണയ്ക്കുകയും എന്തിന്, എന്‍ ഐ എപോലുള്ള ഭയങ്കരശക്തികളുടെ കൈ ശക്തിപ്പെടുത്തുംവിധം പ്രവര്‍ത്തിക്കുന്നവരുമായ ബുദ്ധിജീവികളുണ്ട്. അവരില്‍ പലരും നാണമില്ലാത്ത ഗുണംപറ്റികളാകാം, അതു തുറന്നു കാട്ടുന്നതു തെറ്റല്ല. പക്ഷേ അവര്‍ ഏതൊരു സങ്കീര്‍ണ സാമൂഹ്യ- സാംസ്‌കാരിക ഇടത്തില്‍ നിന്നാണ് സംസാരിക്കുന്നതെന്നു കണ്ടാല്‍ വിമര്‍ശനം വ്യക്തിഹത്യയായി ചുരുങ്ങാതിരിക്കുകയും അതിന്റെ പ്രസക്തി കൂടുകയും ചെയ്യും. വെറുപ്പ്, വൈരാഗ്യം മുതലായവയെ വിമര്‍ശനത്തില്‍ നിന്ന് അകറ്റിനിര്‍ത്താനും നമുക്ക് കഴിയും. അങ്ങനെ സംഭരിക്കുന്ന ഊര്‍ജം കൂടുതല്‍ ഗുണകരമായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യാം. ഇന്ന് വാസ്തവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാപ്യമായ പഠനസാമഗ്രികളും അവരുടെ പഠനധാര്‍മ്മികതയെ ശക്തമാക്കുന്ന ചര്‍ച്ചകളും ഒക്കെയാണ് വേണ്ടത്. നമ്മുടെ തലമുറയെ പോറ്റിയ മരീചികകള്‍ പോലുമില്ലാതെ, ഭാവി പേടിപ്പിക്കുന്ന പെരുംകുഴി മാത്രമായ, ഈ കാലത്ത്, ചെറുപ്പക്കാരുടെ ചിന്താശക്തിയെയും വൈകാരിക നല്‍സ്ഥിതിയെയും ആത്മധൈര്യത്തെയും മറ്റും വളര്‍ത്താനാവശ്യമായ ബൗദ്ധികപ്രവര്‍ത്തനമാണ് വേണ്ടത്.

ഇന്റര്‍സെക്ഷണല്‍ അവബോധത്തെ എല്ലാ സ്റ്റാന്റ് പോയിന്റ് അവകാശവാദങ്ങളുടെയും ആത്മപ്രതിഫലനത്തിന്റെ ഭാഗമാക്കണമെന്നാണ് എനിക്കു തോന്നുന്നത്. അതുണ്ടെങ്കില്‍  നമ്മുടെ എതിര്‍-സിവില്‍സമൂഹങ്ങളിലെ ചര്‍ച്ചകള്‍ എത്രയോ മടങ്ങ് ജനാധിപത്യപരവും ഫലപ്രദവുമായി മാറുമെന്നതുറപ്പാണ്.
 

കേരളം വിടാതെ ദീര്‍ഘകാലമായി അക്കാദമികമായും രാഷ്ട്രീയമായും പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വമൊരാള്‍ എന്ന നിലയ്ക്ക് കേരളത്തിലെ ഗവേഷണ മേഖലയെപ്പറ്റി സവിശേഷമായി ചിലത് ചോദിക്കട്ടെ. ഞാന്‍ ഇവിടെ കാണുന്ന ഏറ്റവും വലിയ പ്രശ്‌നം ഒരു അക്കാദമിക മനോഭാവത്തിന്റെ അഭാവമാണ്. പല പി.എച്ച്.ഡി ഓപ്പണ്‍ ഡിഫന്‍സുകള്‍ക്കും പോകുമ്പോള്‍ മനസ്സിലാവുന്നത് പ്രശംസ, ആശംസ എന്നിവയല്ലാതെ കര്‍ക്കശമായ വിമര്‍ശനപരത അവിടെ പ്രതീക്ഷിക്കപ്പെടുന്നില്ല എന്നതാണ്. പൊതുവേതന്നെ, നീ എന്നെ പ്രശംസിക്കൂ, ഞാന്‍ നിന്നെ പ്രശംസിക്കാം എന്ന മനോഭാവമാണ്. ഒരാളുടെ വര്‍ക്ക് ഗൗരവത്തിലെടുത്ത് കര്‍ക്കശമായി ആരെങ്കിലും വിമര്‍ശിച്ചുവെങ്കില്‍ ഉടനെ അങ്ങനെ ചെയ്തവരെ കുറ്റവാളികളാക്കി ചിത്രീകരിക്കുകയും വിമര്‍ശന വിധേയരായവര്‍ തങ്ങള്‍ ഇരകളാണെന്ന ഭാവത്തില്‍ ഏങ്ങലടിച്ചു കരയാന്‍ തുടങ്ങുകയും ചെയ്യും. എന്ന് തന്നെയല്ല കരയുന്നയാളെ പിന്തുണച്ച് ഒപ്പുശേഖരണം പോലും നടക്കും.

അക്കാദമികമാവുക എന്നത് ഒരു കുറ്റകൃത്യമായി കരുതുന്ന, വ്യവസ്ഥാപിത ഇടതിന്റെ വ്യാജ മേല്‍ക്കോയ്മ ഒരു ചീട്ടുകൊട്ടാരം പോലെ നിലനിര്‍ത്തപ്പെടുന്ന, കേരളീയ സാഹചര്യത്തില്‍ ഇവിടുത്തെ യുവ ഗവേഷകരോട് എന്താണ് ദേവികയ്ക്ക്പറയാനും പങ്കിടാനുമുള്ളത്?

ഇത് സത്യത്തില്‍ ഇന്ത്യന്‍ അക്കാദമികരംഗത്ത് 1990കളിലും ശേഷവുമായി കാണപ്പെടുന്ന പ്രവണതയാണ്. മുന്‍പൊക്കെ നാം സെമിനാര്‍ പ്രസന്റേഷന്‍ ഒക്കെ നടത്തുന്നത് വിമര്‍ശനം കിട്ടാന്‍ വേണ്ടിയാണ്. ആരെങ്കിലുമൊക്കെ ചോദ്യം ചോദിച്ചാലേ നമ്മുടെ പോരായ്മകള്‍ നമുക്കു പ്രത്യക്ഷമാകൂ എന്ന ബോധ്യത്തോടെയാണ്. അതുകൊണ്ട് നല്ല വിമര്‍ശനം തരുന്നവരെയാണ് അക്കാദമികരംഗത്ത് കൂട്ടുകാരായും ഗുരുക്കന്മാരായും കണ്ടിരുന്നത്. കോട്ടയത്ത് യേശുദാസന്‍ മാഷിനെയൊക്കെ ഞാന്‍ ഓര്‍മ്മിക്കുന്നത് ശക്തമായ വിമര്‍ശനത്തിലൂടെ അതുവരെ കാണാത്ത കാര്യങ്ങള്‍ കാണാന്‍ സഹായിച്ച ഗുരുവായിത്തന്നെയാണ്. ഈ രീതിയ്ക്കു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, തീര്‍ച്ചയായും. പലപ്പോഴും ആണ്‍-അക്കാദമിക മാച്ചോ പ്രകടനങ്ങള്‍ക്കും ഇതു സഹായകമായി. പക്ഷേ അതിനെ അതിജീവിച്ചവരെല്ലാം അതിശക്തരായി. ഇന്നാണെങ്കില്‍ മറ്റേ എക്‌സ്ട്രീമാണ്. നല്ല വാക്കുകള്‍ മാത്രം മതി, കാര്യമായ വിമര്‍ശനം വേദനിപ്പിക്കുമെന്ന പരാതി. ക്ലാസ് മുറികളിലും സെമിനാര്‍വേദികളിലും മര്യാദയും തുല്യതയും ചര്‍ച്ചയില്‍ പാലിക്കണമെന്നാവശ്യപ്പെടുന്നതു ന്യായം തന്നെ. പക്ഷേ ഗൗരവമായ
വിമര്‍ശനത്തെ ഒഴിവാക്കിക്കൊണ്ടല്ല അതുനടപ്പാക്കേണ്ടത്. വിമര്‍ശിക്കാതെ നല്ലതുമാത്രം പറയുക, എന്തു പറഞ്ഞാലും സമ്മതം മൂളി പൊളിറ്റിക്കല്‍ കറക്ട്‌നസ് തെളിയിക്കുക, ഇതൊക്കെ രക്ഷാകര്‍തൃത്വമാണ്.

കേരളത്തിലെ ഗവേഷണരംഗം പല തട്ടുകളായാണ് കിടക്കുന്നത്. കേരളത്തിനോ ഇന്ത്യയ്ക്കു തന്നെയോ പുറത്തുള്ള മറ്റു ഗവേഷകരുടെ പരിശോധനയ്ക്കും വിമര്‍ശനത്തിനും വിധേയമാക്കാതെ ഒരു വരി പോലും പ്രസിദ്ധീകരിക്കാത്ത സ്ഥാപനങ്ങളിവിടെയുണ്ട്, അവയുടെ എണ്ണം കുറവാണെങ്കിലും -- ഗവേഷണകര്‍ത്താവിന് യാതൊരുവിധത്തിലും സ്വാധീനിക്കാനാവാത്ത വിധത്തിലാണ് ഈ പരിശോധന. പിയര്‍റിവ്യൂ എന്ന പരിപാടി കേരളത്തിനുള്ളില്‍ മാത്രമായ രീതിയോ, അല്ലെങ്കില്‍ (പിയര്‍ റിവ്യൂ ഒന്നുമില്ലാതെ) പത്രമാദ്ധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും എഴുതിയും പുസ്തകപ്രസിദ്ധീകരണത്തിലേര്‍പ്പെട്ടും വ്യക്തികളും അദ്ധ്യാപകരും സ്വയം ബുദ്ധിജീവിപ്പട്ടം നേടിയെടുക്കുന്ന രീതിയോ, പിന്‍തുടരുന്ന സ്ഥലങ്ങളുമുണ്ട്. അവയാണ് താരതമ്യേന കൂടുതല്‍. ഗവേഷണം, പ്രസിദ്ധീകരണം ഇതൊക്കെ ജോലി നേടാന്‍ ആവശ്യമായതോടെ, അക്കാദമിക ജോലിക്കുള്ള പ്രതിഫലം കൂടിയതോടെ (രണ്ടു പ്രഫസര്‍മാര്‍ വീട്ടിലുണ്ടെങ്കില്‍ മാസവരുമാനം 2 ലക്ഷത്തോളം വരും) ഏതുവിധേനെയും ഒരു ഗവേഷണ ബിരുദം നേടാനുള്ള ഉന്തുംതള്ളും രണ്ടാമത്തെ സ്ഥാപനങ്ങള്‍ക്കുള്ള ഡിമാന്റ് കൂട്ടി. ഇത് ഈ സ്ഥാപനങ്ങളുടെ നിലവാരത്തെ ഇടിച്ചുകൊണ്ടേയിരിക്കുന്നു -- പീര്‍ റിവ്യൂ ഒന്നും കൂടാതെ മൗലികമായി എഴുതിയിരുന്നവര്‍ ജോലിയുടെ സമ്മര്‍ദ്ദമനുഭവിക്കാതെ അനേകവര്‍ഷം പ്രയത്‌നിച്ച് പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പകരം നിലവാരത്തകര്‍ച്ച രൂക്ഷമാകും തോറും പുറംചൊറിയല്‍ എന്ന ലളിതകലയ്ക്ക് പ്രയോക്താക്കള്‍ വര്‍ധിക്കുകയും ചെയ്യുന്നു.

ഇത് തിരിച്ചറിഞ്ഞാല്‍ ഇത്രയധികം അഭിനന്ദനത്തിന്റെ വിനിമയം ഇതിനുള്ളില്‍ നടക്കുന്നതെന്തുകൊണ്ടെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. ഈ കളി കളിക്കുന്നവരോട് വല്ലവിമര്‍ശനവും മയപ്പെടുത്താതെ പറഞ്ഞാല്‍ മര്‍ദ്ദിതജനങ്ങള്‍ ആത്മരക്ഷയ്ക്കായി സ്വീകരിച്ച മാര്‍ഗങ്ങളടക്കം കീശയിലുള്ള എല്ലാ ചീട്ടുകളും പുറത്തെടുത്ത് വീശിയടിക്കുകയും ചെയ്യും. രൂക്ഷമായി സ്വയമനുഭവപ്പെട്ട വശങ്ങള്‍ തള്ളിക്കളയുന്നത് ന്യായമാണ്; അതൊരുപക്ഷേ ആവശ്യവുമാണ്. എന്നാല്‍ അതിന്റെ മറവില്‍ വിമര്‍ശനത്തെത്തന്നെ അവഗണിക്കുന്നതാണ് നിര്‍ഭാഗ്യകരമായ പതിവ്. ഈ "ഇരകളി' കൂടാതെ കഴിയില്ല, ഇവര്‍ക്ക് -- കാരണം തങ്ങളുടെ എഴുത്ത് അത്യുത്തമമാണെന്നു സ്വയം വിശ്വസിച്ചാലേ ഉണ്ണുന്ന ചോറു പോലും ഇറങ്ങൂ. ക്രമേണ ഇത് സ്വയമങ്ങു വിശ്വസിച്ച് തങ്ങള്‍ വലിയസംഭവമാണെന്നും അസൂയ കൊണ്ടാണ് തങ്ങള്‍ വിമര്‍ശിക്കപ്പെടുന്നതെന്നും ആത്മാര്‍ത്ഥമായിത്തന്നെ കരുതാനിടവരും .

എന്റെ ഭാഗ്യത്തിന് ഞാന്‍ ചെന്നുപെട്ടത് യാതൊരു ദാക്ഷിണ്യവുമില്ലാതെ പിയര്‍ റിവ്യൂ രീതിയില്‍ അംഗീകരിക്കപ്പെട്ട പ്രസിദ്ധീകരണങ്ങളെ മാത്രം എണ്ണുന്ന സ്ഥലത്താണ്, ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും പുതുമയാര്‍ന്ന കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് നിര്‍ബന്ധമായ അദ്ധ്യാപന രീതിയുള്ള സ്ഥലത്താണ്. അതുകൊണ്ട് ഈഗോ ഒക്കെ ചെറുതായിത്തന്നെയിരിക്കുന്നു. നമ്മള്‍ ഇവിടെ "വലിയ സംഭവ'മാണെന്ന് അറിഞ്ഞുകൂടാത്ത, ആരെന്ന് നമുക്കറിഞ്ഞുകൂടാത്ത, ബംഗ്ലാദേശിലും റഷ്യയിലും ന്യൂ യോര്‍ക്കിലും ഗുവഹാട്ടിയിലും ഒക്കെയിരിക്കുന്നവരാണ് നമ്മുടെ എഴുത്ത് പരിശോധിക്കുന്നതെന്നതുകൊണ്ട് വിമര്‍ശനവും (അഭിനന്ദനവും) കൂടുതല്‍ നിര്‍ദാക്ഷിണ്യവും വിശ്വാസ്യതയുള്ളതുമാവും

എല്ലാ അടവും അംഗീകൃതമായ കളിയാണ് ഗുണംപറ്റികളുടേത്. അതിനു പിന്നിലുള്ള ആത്മവിശ്വാസമില്ലായ്മയും വലിഞ്ഞുകയറി മനഃസ്ഥിതിയുണ്ടാക്കുന്ന വെപ്രാളവും അരക്ഷിതാവസ്ഥയുമൊക്കെ ഓര്‍ത്താല്‍ പാവം തോന്നും. ഈ കളിയെ ഫണ്ടുചെയ്യുന്നത് കേരളത്തിലെ നികുതിദായകരാണ്. അവര്‍ അത് എന്നെങ്കിലും തിരുത്തിക്കൊള്ളുമെന്ന് സമാധാനിക്കാനേ കഴിയൂ. കൂടുതലാളുകള്‍ നേരത്തെ പറഞ്ഞ, കൂടുതല്‍ ഗുണാത്മകമായ, പ്രവര്‍ത്തനങ്ങളിലേക്കു തിരിയുകയാണ് വേണ്ടത്.

  • Tags
  • #J.Devika
  • #Dileep Raj
  • #Education
  • #Feminism
  • #Interview
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Nazeer Hussain Kizhakkedathu

Opinion

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

എന്തുകൊണ്ട് ഇന്ത്യയില്‍ നിന്ന് ഒരു മൈക്രോസോഫ്‌റ്റോ ഗൂഗിളോ ആപ്പിളോ ഉണ്ടാകുന്നില്ല? 

Apr 18, 2021

16 Minutes Read

SCHOOL

Education

വി.അബ്ദുള്‍ ലത്തീഫ്

മലയാളം മീഡിയമാണോ ഇംഗ്ലീഷ് മീഡിയമാണോ നല്ലത് ?

Apr 13, 2021

9 Minutes Read

Punnala Sreekumar 2

Interview

പുന്നല ശ്രീകുമാർ / ടി.എം. ഹർഷൻ

പുന്നല ശ്രീകുമാര്‍ ഇടതുപക്ഷത്തോട്; വിമര്‍ശനപൂര്‍വം

Apr 12, 2021

36 Minutes Watch

sslc

Education

പി. പ്രേമചന്ദ്രന്‍

ഇതായിരിക്കും നിങ്ങൾ എഴുതാൻ പോകുന്ന ഏറ്റവും എളുപ്പമുള്ള പരീക്ഷ

Apr 07, 2021

10 Minutes Read

KK Shailaja 2

Interview

കെ.കെ. ശൈലജ / ടി.എം. ഹർഷന്‍

തുടര്‍ഭരണമുണ്ടായാല്‍ ശൈലജ ടീച്ചര്‍ എന്ത് ചെയ്യും?

Apr 01, 2021

23 Minutes Watch

MK Muneer 2

Interview

എം. കെ. മുനീര്‍ / ടി.എം. ഹര്‍ഷന്‍

ചിലര്‍ എല്ലാ വിഷയത്തേയും മുസ്‌ലിം ഇഷ്യു ആക്കി മാറ്റുന്നു

Mar 31, 2021

26 Minutes Watch

നൂർബീന റഷീദ്

Interview

നൂർബീന റഷീദ് / അലി ഹൈദര്‍

ഈ സ്ഥാനാര്‍ഥിത്വം വനിതാലീഗിന് കിട്ടിയ അംഗീകാരം

Mar 31, 2021

11 Minutes Watch

t shashidaran

Interview

ടി. ശശിധരൻ / ടി.എം. ഹർഷന്‍

ടി.ശശിധരൻ ഇപ്പോൾ കോർണർ യോഗങ്ങളിലാണ്

Mar 30, 2021

28 Minutes watch

Next Article

ചോംസ്‌കിയും കേരളവും തമ്മിലെന്ത്?

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster