truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 20 April 2021

truecoppy
Truecopy Logo
Readers are Thinkers

Tuesday, 20 April 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
dileepraj

Politics

House on the Hill, 1902 by Pablo Picasso

വീട് -
വിപ്ലവേതര ദാര്‍ശനികപ്രശ്‌നങ്ങള്‍ 2

വീട് - വിപ്ലവേതര ദാര്‍ശനികപ്രശ്‌നങ്ങള്‍ 2

''മനുഷ്യഭാവിയെപ്പറ്റി അവസാന വാക്കുകളൊന്നുമില്ല. മനുഷ്യ യാതനകള്‍ക്കെതിരായ എല്ലാ നീക്കങ്ങളോടും ഐക്യപ്പെടുകയെന്ന സ്പിരിറ്റിലാണ് വിപ്ലവേതര ദാര്‍ശനിക പ്രശ്‌നങ്ങള്‍ എഴുതുന്നത്. യാതനകളെ എതിര്‍ക്കാനായി ഉണ്ടായ സിദ്ധാന്തങ്ങള്‍ ഒന്നൊഴിയാതെ അളവറ്റ പുതിയ യാതനകള്‍ക്ക് വഴിയൊരുക്കുന്നു എന്ന ചരിത്രാനുഭവമാണ് മുന്നിലുള്ളത് എന്നതിനാല്‍ ജനാധിപത്യത്തെ ബഹുമുഖവും സമ്പന്നവുമാക്കാന്‍ എന്ത് രാഷ്ട്രീയമാണ് സാധ്യമാവുക എന്ന ആലോചനകളാണ് ഓരോ അധ്യായവും.'' - രണ്ടാം ഭാഗം

14 May 2020, 10:29 AM

ദിലീപ് രാജ്

നക്‌സലൈറ്റ് എന്ന പേരിന് ഒരാളുടെ രാഷ്ട്രീയ വിഷയിത്വം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുണ്ടെന്നാണ് എന്റെ അനുഭവം. എന്റെ നാട്ടുകാരെ സി.ആര്‍.സി, സി.പി.ഐ (എം. എല്‍ ) എന്നതിന്റെ ഫുള്‍ഫോം പഠിപ്പിക്കാനാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ നല്ല ഭാഗം ഞങ്ങള്‍ ചെലവഴിച്ചത്. അതുപോലെ പഴയ ലൈനല്ല ബഹുജന ലൈന്‍ എന്ന് ബോധ്യപ്പെടുത്താനും. ആള്‍ക്കാര്‍ക്ക് അത് കുറച്ചൊക്കെ മനസ്സിലായി വരുമ്പോഴേക്കും പാര്‍ട്ടി തന്നെ ഇല്ലാതായി. പാനൂരില്‍ ഞങ്ങള്‍ ക്ഷമാപൂര്‍വം പ്രവര്‍ത്തിച്ച് നിലമൊരുക്കി ഇരിക്കുമ്പോഴായിരിക്കും "യുവജനവേദി'യുടെ രണ്ടു പ്രവര്‍ത്തകര്‍ കോഴിക്കോട്ടുനിന്ന് വന്ന് പാനൂരില്‍ ഒരു പിരിവുമെടുത്ത് പോവുക. പേരിലെ സമാനത അവര്‍ക്ക് പണി എളുപ്പമാക്കുന്നു. നാട്ടുകാര്‍ക്കുണ്ടോ കേരളീയ യുവജനവേദി വേറെ, യുവജനവേദി വേറെ എന്നൊക്കെ മനസ്സിലാവുന്നു! അവര്‍ക്ക് എല്ലാം "നക്‌സലൈറ്റ്' ആണ്.

Narayana_Guru.jpg
ശ്രീനാരായണ ഗുരു

നക്‌സലൈറ്റ് എന്നത് ഒരു മാസ്റ്റര്‍ സിഗ്‌നിഫയര്‍ ആണ്. ഒരിക്കല്‍ നക്‌സലൈറ്റ് ആയൊരാളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള പ്രതീക്ഷയെപ്പറ്റി നല്ലൊരു ഉപമ ഫിലിപ്. എം.പ്രസാദ് പറഞ്ഞിട്ടുണ്ട്. "അമിതമായി താക്കോല്‍ തിരിച്ച് തറയില്‍ വെച്ച കളിപ്പാട്ടം'. ടി.എന്‍. ജോയ് എഡിറ്റ് ചെയ്ത "ഇങ്ങനെയും കുറെ മലയാളികള്‍' (ഫ്ളെയിം ബുക്‌സ് , തൃശൂര്‍ ) എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു: "എന്തേ ഞാന്‍ മാത്രം ഇങ്ങനെയായിപ്പോയി എന്റെ ജ്യേഷ്ഠന്‍ എത്ര സുഖമായി കഴിയുന്നു. എന്റെ അയല്‍ക്കാര്‍. എത്ര സുഖം അവരുടെ സാധാരണ ജീവിതങ്ങള്‍ക്ക്. ചില കളിപ്പാട്ടങ്ങളുണ്ട്. അമിതമായി താക്കോല്‍ കൊടുത്ത് തറയില്‍ വിട്ടാല്‍ കുതിച്ചും ചാടിയും ചുറ്റിക്കയറിയും ബഹളം വെക്കുന്ന കളിപ്പാട്ടങ്ങള്‍!...തുള്ളലും ചാട്ടവും കണ്ടു നില്‍ക്കുന്നവര്‍ക്ക് ഇതൊരു ഹരമാണ്. നല്ല കൂത്ത്. കാണാന്‍ നല്ല രസം'. 

ചായക്കടയിലിരുന്ന് അജിതയുടെ വിശേഷമന്വേഷിക്കുമ്പോള്‍, താന്‍ കണ്ടിരുന്നു, രണ്ടു കുട്ടികളുണ്ട്, സന്തോഷമായിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ചായക്കടക്കാരന്റെ മുഖം ഇരുളുന്നത് അദ്ദേഹം വിവരിക്കുന്നു . ചായക്കടക്കാരനപ്പോള്‍ പഴയ കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ മുഖഭാവം. രാഷ്ട്രീയത്തില്‍ "സാധാരണ ജീവിതം' എന്നതിനുള്ള പ്രാധാന്യത്തിലേക്കും നക്‌സലൈറ്റ് എന്നതുമായി വിട്ടുപിരിയാതെ കെട്ടിയിടപ്പെട്ട അസാധാരണത്വത്തിലേക്കും ഈ കുറിപ്പിന്റെ അവസാന ഭാഗത്ത് നമ്മള്‍ തിരിച്ചു വരും.

നക്‌സലൈറ്റ് എന്നത് ഒരു മാസ്റ്റര്‍ സിഗ്‌നിഫയര്‍ ആണ്. ഒരിക്കല്‍ നക്‌സലൈറ്റ് ആയൊരാളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള പ്രതീക്ഷയെപ്പറ്റി നല്ലൊരു ഉപമ ഫിലിപ്. എം.പ്രസാദ് പറഞ്ഞിട്ടുണ്ട്. "അമിതമായി താക്കോല്‍ തിരിച്ച് തറയില്‍ വെച്ച കളിപ്പാട്ടം'.

നക്‌സലൈറ്റ് എന്നമാസ്റ്റര്‍ സിഗ്നിഫയര്‍ പലപ്പോഴും നിങ്ങളുടെ രക്ഷയ്‌ക്കെത്തുമെങ്കിലും ("എവിടുന്നൊക്കെയോ ആള്‍ക്കാര്‍ വന്നു തിരിച്ചടിക്കും' എന്ന് പേടിച്ച് ഞങ്ങളെ തല്ലിയൊതുക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം അമര്‍ത്തി വെച്ചവരുണ്ട് !) മിക്കവാറും ഒരു വാര്‍പ്പ് വിഷയിയെ സൃഷ്ടിച്ചു കൊണ്ട് ഒരു ഭാരമായി തലയ്ക്കു മുകളില്‍ തൂങ്ങുകയാണത് ചെയ്യുക. ത്യാഗം, സാഹസികത, അമാനുഷികത്വം ഒക്കെ സമാസമം ചേര്‍ത്ത ഒരു പ്രഭാവലയമുണ്ട് ആ പ്രരൂപത്തിന്. ഇതുപോലെ പ്രഭയുള്ള വേറൊരു വിഷയിത്വമാണ് സന്ന്യാസി.

സന്ന്യാസിക്കും നക്‌സലൈറ്റിനും ഇതല്ലാതെയും ഒട്ടേറെ കാര്യങ്ങള്‍ പൊതുവായുണ്ട്. നേരത്തെ സൂചിപ്പിച്ച ത്യാഗം, പിരിവ് (ഭിക്ഷാടനം), കാവി മുണ്ട്, മാനാപമാന സമത എന്നിങ്ങനെ. അക്കൂട്ടത്തില്‍ ചേര്‍ത്ത് പറയാവുന്ന ഒന്നാണ് വീട് വിടലും. എന്തെങ്കിലും വിടുക എന്നാല്‍ ത്യജിക്കലാണ്. ത്യജിക്കുന്നതില്‍ അറിഞ്ഞു കൊണ്ടല്ലെങ്കിലും ഒരു ആത്മപ്രശംസയുണ്ട്. അങ്ങനെ വിടാത്തവരെ മോശക്കാരാക്കലുമുണ്ട്.

വീട് വിട്ട നാരായണഗുരുവിന് സന്യാസിയായ ശേഷം സമൂഹത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ ഒരു പ്രത്യേക പ്രഭാവലയം ഉണ്ടായിരുന്നു. അടി കിട്ടാതെ രക്ഷപ്പെടാന്‍ അതദ്ദേഹത്തെ കുറെയൊക്കെ സഹായിച്ചും കാണണം. ജാതിയെ എതിര്‍ത്തവര്‍ക്ക് അടി നിര്‍ലോഭമായി കിട്ടിയിരുന്ന കാലത്താണല്ലോ ഗുരുവും പ്രവര്‍ത്തിച്ചത്. 

ഗുരു ഇതിലേക്ക് ഓര്‍ക്കാപ്പുറത്ത് കയറി വന്നതാണ്. എന്നാല്‍ ഇനി പറയുന്ന കഥയില്‍ ഗുരു മുഖ്യ റോള്‍ തന്നെ അഭിനയിക്കുണ്ട്. ശ്രീനാരായണ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു എന്റെ അച്ഛന്‍. ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് വീട്ടില്‍ വന്ന് അച്ഛന് യതിയുടെ പുസ്തകങ്ങള്‍ വിറ്റിരുന്നതാണ് യുവാവായ മൈത്രേയനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ.

Veed_Gurukulam_article.jpg
ഗുരുകുലം മാസികയിലെ കുറിപ്പ്

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സമ്മര്‍ വെക്കേഷന് അച്ഛന്‍ എന്നെ വര്‍ക്കല ശ്രീനാരായണ ഗുരുകുലത്തില്‍ പഠന ക്യാംപിന് പറഞ്ഞു വിട്ടു. മുനി നാരായണപ്രസാദാണ് അവിടെ ക്ലാസുള്‍ക്ക് നേതൃത്വം നല്‍കുന്നത്. അങ്ങനെ രണ്ടു മാസം ക്ലാസും സഹവാസവുമൊക്കെ കഴിഞ്ഞപ്പോള്‍ ക്യാമ്പംഗങ്ങള്‍ എഴുതിക്കൊടുത്ത അനുഭവക്കുറിപ്പുകളില്‍ നിന്ന് തെരഞ്ഞെടുത്തവ ഗുരുകുലം മാസിക പ്രസിദ്ധീകരിച്ചു. എന്റെ കുറിപ്പാണ് ആദ്യം കൊടുത്തത്. ഗുരുവിന്റെയും ഗുരുകുലത്തിന്റെയും ജ്ഞാനമാര്‍ഗത്തിലുള്ള എന്റെ സമ്പൂര്‍ണ സമര്‍പ്പണം വികാരനിര്‍ഭരമായി പ്രഖ്യാപിക്കുന്ന ഒരു കുറിപ്പായിരുന്നു അത്. തിരിച്ചുവന്ന ശേഷം മുനി നാരായണപ്രസാദ് അച്ഛനോട് മകനെ ഗുരുകുലത്തിലേക്ക് സ്ഥിരമായി വിടണം എന്ന് പറഞ്ഞ് കത്തയച്ചെങ്കിലും എന്നെ എഞ്ചിനീയര്‍ ആക്കാന്‍ ഉറച്ച അച്ഛന്‍ പ്രീ ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പിന് നിര്‍മലഗിരി കോളേജില്‍ ചേര്‍ക്കുകയാണ് ചെയ്തത്.

മനസുകൊണ്ട് വീട് വിടാനുള്ള ഒരു തയ്യാറെടുപ്പ് ഇക്കാലത്ത് എനിക്ക് കലശലായി ഉണ്ടായിരുന്നു. അന്ന് ഞാന്‍ ഡയറിയെഴുതും . അതിലെ എഴുത്തിനു മുഴുവന്‍ ഭാവിയില്‍ ഒരു മഹാന്‍ ആവാന്‍ പോകുന്ന ഒരാളുടെ കൗമാരകാല ജീവിതം എന്ന മട്ടാണ്. ഭാവി വായനക്കാര്‍ക്ക് വായിക്കാന്‍ വേണ്ടിയുള്ള പരസ്യ പ്രസ്താവനകള്‍. എന്തായാലും സന്ന്യാസിക്ക് പകരം നക്‌സലൈറ്റ് ആയ എന്റെ മനോനില വലിയ മാറ്റമൊന്നുമില്ലാതെയാണ് തുടര്‍ന്നത്. ഒരു മധ്യവര്‍ഗ്ഗ മാധ്യമ ജാതി യുവാവിന്റെ സവിശേഷമായ നിരാസബുദ്ധി .

ഒരിക്കല്‍ വീട് വിട്ടാല്‍ മധ്യവര്‍ഗ യുവാവിന് ലഭിക്കുന്നത് ലൗകിക ജീവിതത്തിന്റെ സുപ്രതീക്ഷിത ഘട്ടങ്ങളില്‍ നിന്നുള്ള വിച്ഛേദമാണ്. നിങ്ങള്‍ ഒരു (കൈ) വിട്ട കേസായി മാറും.

എന്തായാലും പ്രീ ഡിഗ്രി സമയത്ത് രാഷ്ട്രീയത്തില്‍ സജീവമായതോടെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നത് തീരുമാനമായി. കെമിസ്ട്രി റെക്കോര്‍ഡില്‍ ഒപ്പ് കിട്ടില്ലെന്ന് മുന്‍കൂര്‍ തന്നെ മാഷുടെ ഉറപ്പ് കിട്ടി. ഒന്നു കൂടി ചെന്നു കണ്ട് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമാണ്. ഞാന്‍ പക്ഷേ സര്‍വസംഗ പരിത്യാഗിയായ ഭാവി മഹാന്‍ ആണല്ലോ. അതിനൊന്നും പോയില്ല. തുടര്‍ന്നും വീട്ടില്‍ നിന്ന് ദിവസവും രാവിലെ കോളേജിലേക്ക് വരുന്നുണ്ട്.

അവസാന പരീക്ഷ കഴിഞ്ഞ ദിവസം അനിവാര്യമായ പ്രതിസന്ധിയെ നേരിടാനായി ഞാന്‍ ഒരു ചെറുകിട വീട് വിടല്‍ നടപ്പാക്കി! എന്നു വെച്ചാല്‍ വൈകീട്ട് വീട്ടിലേക്ക് തിരിച്ചുവരാതെ മൂത്തമ്മയുടെ വീട്ടില്‍ പോയി താമസിച്ചു. മൊബൈല്‍ ഫോണുകളൊന്നുമില്ലാത്ത കാലമായതിനാല്‍ ആ ചരിത്ര സംഭവം ഉടനടി അലസിപ്പോയില്ല. വീട്ടില്‍ എല്ലാരും കൂടി ആലോചിച്ച് എവിടെപ്പോയിരിക്കാം എന്നതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ഒന്നാം സ്ഥാനം തുല്യമായി പങ്കിട്ടത് ഗുരുകുലത്തില്‍ സന്ന്യസിക്കാന്‍ പോയിട്ടുണ്ടാവും, മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടുണ്ടാവും എന്നിവയാണ്! രണ്ടുവഴിക്കുമുള്ള തിരയല്‍ പരാജയപ്പെട്ടപ്പോള്‍ അപ്രധാന സാദ്ധ്യതകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി മൂത്തമ്മയോട് അന്വേഷിക്കുകയും എന്നെ കണ്ടുപിടിക്കുകയും ഒരു ദിവസം നീണ്ടു നിന്ന എന്റെ മഹത്തായ വീട് വിടലിനു വിരാമമാവുകയും ചെയ്തു.

ഒരിക്കല്‍ വീട് വിട്ടാല്‍ മധ്യവര്‍ഗ യുവാവിന് ലഭിക്കുന്നത് ലൗകിക ജീവിതത്തിന്റെ സുപ്രതീക്ഷിത ഘട്ടങ്ങളില്‍ നിന്നുള്ള വിച്ഛേദമാണ്. നിങ്ങള്‍ ഒരു (കൈ) വിട്ട കേസായി മാറും. പഠനം നിര്‍ത്തിയ ഞാന്‍ വടകരയില്‍ മുത്തച്ഛന്റെ ആയുര്‍വേദ കടയില്‍ കാഷ്യറായി അഞ്ചാറു മാസം ജോലി ചെയ്തു. അതിനിടെ മലയാളം , ഇംഗ്ലീഷ് എന്നിവ പാസായവര്‍ക്ക് ഗ്രൂപ്പ് ഒറ്റയടിക്ക് ചെയ്ഞ്ച് ചെയ്യാം എന്ന സാധ്യത പത്രത്തില്‍ കണ്ട് തേര്‍ഡ് ഗ്രൂപ്പെടുത്തത് പരീക്ഷ പാസ്സാവുകയും ബ്രണ്ണന്‍ കോളേജില്‍ ഡിഗ്രിയ്ക്ക് ചേരുകയും ചെയ്തു.

ഇക്കാലയളവില്‍ എന്റെ രാഷ്ട്രീയമായ ഇടപാടുകള്‍ മുഴുവന്‍ ഒരു കൂട്ടം ആണുങ്ങളുമായിട്ടായിരുന്നു. എന്റെ വീടിനു മുമ്പില്‍ ഒരു ഗ്രൗണ്ട് ആണ്. വീട്ടുപേര് തന്നെ ഗ്രൗണ്ട് വ്യൂ എന്നാണ്. അവിടെ ഞങ്ങള്‍ സീസണനുസരിച്ച് ക്രിക്കറ്റും ഫുട്ബാളും വോളിബാളും ഒക്കെ കളിക്കും. കളി കഴിഞ്ഞ് അര്‍ധരാത്രി വരെ ഞങ്ങള്‍ കുറേപ്പേര്‍ ഗ്രൗണ്ടിലിരുന്നു സഭകൂടും. അവിടെ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളിലൂടെയാണ് കുറേപ്പേര്‍ സംഘടനയിലേക്ക് വരുന്നത്.

 veed_cricket.jpg
ദിലീപ് രാജ്

ആകപ്പാടെ എന്റെ അക്കാല കണ്ണൂര്‍ രാഷ്ട്രീയ ജീവിതത്തില്‍ രണ്ടു സ്ത്രീ സഖാക്കളാണ് ഓര്‍മയില്‍ ഉള്ളത്. ജെന്നിയും രമയും. അവര്‍ രണ്ടു പേരും പാനൂരിനടുത്തുള്ള പൊയിലൂരില്‍ വെച്ച് കേരളീയ വിദ്യാര്‍ത്ഥി മുന്നണിയുടെ സംസ്ഥാന സമ്മേളനം നടന്നപ്പോള്‍ വന്നതാണ്.

സ്ത്രീകള്‍ രാഷ്ട്രീയവിഷയികളായി മാറിയപ്പോള്‍ എന്തു തരം മനോനിലയാണവര്‍ പുലര്‍ത്തുന്നുണ്ടാവുക? കുമാരനാശാന്റെ നായികമാര്‍ പലരും വീട് വിട്ടവരാണ്. മോക്ഷമല്ല മരണമാണ് അവര്‍ക്ക് കിട്ടുന്നത്. കേരളത്തിലുള്ള വീട്ടിനു പുറത്തെ സ്ഥലങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അത് അങ്ങേയറ്റം റിയലിസ്റ്റിക്കായ ഒരു പരിണതിയാണെന്നു പറയേണ്ടി വരും. കൗമാര പ്രായത്തില്‍ വീട്ടുകാരോട് തെറ്റിയോ മറ്റോ വീട് വിടുന്ന സ്ത്രീകള്‍ക്ക് ഒരു രാത്രി സുരക്ഷിതമായി താമസിക്കുക അസാധ്യമാണിവിടെ. ലോഡ്ജിലോ ഹോസ്റ്റലിലോ ഒക്കെ വീട്ടുകാരുടെ രക്ഷാകര്‍തൃത്വത്തിലേ സ്ഥലം ലഭിക്കൂ.

ഈയവസ്ഥയിലുള്ളവര്‍ക്ക് എസ് .ജോസഫിന്റെ "ധ്വനി' എന്ന കവിത പേരിടുന്നത് "പോക്കെടമില്ലാത്തവര്‍' എന്നാണ്. കവിതയിലെ പോക്കെടമില്ലായ്മ വളരെ സവിശേഷമായ (particular) ഒന്നാണ്. അച്ഛച്ഛന്റെ ഭാഗത്തു നിന്ന് അമ്മയെ കളിയാക്കാന്‍ ആണ്‍മക്കള്‍ ചോദിക്കുന്ന പരിഹാസച്ചോദ്യമാണ് "പോക്കെടമില്ല അല്ലേ ?' എന്നത്. അത്രക്ക് സവിശേഷമാകയാല്‍ തന്നെ, അക്കാരണമൊന്നു കൊണ്ടുമാത്രം,  ആകവിതഭൂമിയിലെ പോക്കെടമില്ലാത്ത എല്ലാവര്‍ക്കു വേണ്ടിയും നില്‍ക്കുന്നു. ഏറ്റവും സാര്‍വജനീന (universal)മാവുന്നു.
വഴക്കു മൂലം ശരണക്കേട് തോന്നി സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പോവുന്ന അമ്മയുടെ വീട് വിടല്‍ എവിടംവരെയാണ് എന്ന് നോക്കൂ:

"അമ്മ ചട്ടയും മുണ്ടുമുടുത്ത് വീടിറങ്ങി .
എന്നാല്‍ ചായന്തെങ്ങിനു താഴെയുള്ള കടുത്തുകല്ലില്‍
അവര്‍ ഇരുന്നു പോകും.
കുറേനേരം അങ്ങനെയിരുന്നിട്ട് തിരിച്ചു പോരാറുള്ള
അമ്മയോട്
പോക്കെടമില്ല അല്ലേ ? ഞങ്ങള്‍ ആണ്‍മക്കള്‍
കളിയാക്കി ചോദിക്കും.
കൂകിച്ചിരിക്കും.' 
(ധ്വനി, എസ്. ജോസഫ്)

വൈകാതെയവര്‍ ഒരുങ്ങിയിറങ്ങി വീടും ലോകവും വിട്ടു പോവുമെന്ന് താന്‍ സങ്കടപ്പെടാറുണ്ടെന്ന് ആഖ്യാതാവ് / കവി കൂട്ടിച്ചേര്‍ക്കുന്നു.

എസ്. ജോസഫ്
എസ്. ജോസഫ്

ഉള്ളവരാണ് വീടായാലും വിടുന്നത്. അതുകൊണ്ടു തന്നെ വീട് എന്നത് ഒരുവരേണ്യാവകാശമാണ്. ത്യാഗം വലിയ വിപ്ലവ മൂല്യമാവുന്ന തത്വരേണ്യരായ ത്യാഗികള്‍ ഒരു പ്രസ്ഥാനത്തില്‍ ഭൂരിപക്ഷമാവുമ്പോഴായിരിക്കണം. ഒരു മിഡില്‍ ക്ലാസുകാരന്‍ മധ്യമ ജാതിക്കാരനായ പുരുഷന്റെ കഥ എന്ന് മേല്‍പ്പറഞ്ഞ കഥയെ വിശേഷാല്‍ അടയാളപ്പെടുത്തണം. തന്മ അഥവാ ഐഡന്റിറ്റി മൃദുവും (fluid) മാറിക്കൊണ്ടിരിക്കുന്നതും വേലി മാറ്റിക്കെട്ടിക്കൊണ്ടിരിക്കുന്നതും ആയ ഒന്നാണ്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കുമായി ഒരു വിമോചന മാര്‍ഗ്ഗം കണ്ടെത്താനോ എല്ലാവര്‍ക്കുമായി ഒരു കഥ പറയാനോ കഴിയില്ല . പല തലങ്ങളിലുള്ള പ്രത്യേകാവകാശങ്ങള്‍ അനുഭവിക്കുന്നവര്‍ എന്ന നിലയ്ക്ക് സ്വന്തം ആഖ്യാനം എന്തിനെയാണ് പുറംതള്ളുന്നത് എന്നതിലുള്ള ശ്രദ്ധ സൂക്ഷിക്കലാണ്പ്രധാനം.

മലയാള സാഹിത്യത്തില്‍ വിലക്കുകള്‍ ലംഘിച്ചിറങ്ങിയ സ്ത്രീകള്‍ക്ക് ശരീരം വെടിയുന്നതിനു പകരം അതിജീവനം സാധ്യമാവുന്നത് മാധവിക്കുട്ടിയുടെ കഥകളിലാണ്. വീട് വിടാത്തൊരു വിപ്ലവകാരിയാണവര്‍. 

ഞാനിതെഴുതുന്നത് എല്ലാവരോടും വീട്ടിലിരിക്കാന്‍ ഗവണ്‍മെന്റ്‌ ആവശ്യപ്പെട്ടിട്ടുള്ള കൊറോണാക്കാലത്താണ്. വിഭവങ്ങളോ സുരക്ഷയോ ഇല്ലാതെ ഡല്‍ഹിയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ചിത്രമാണ് ഈ ആലോചനകളുടെ പുറം. ഉള്ളിലുള്ളത് ഉണ്ടായിരിക്കുന്നത് ഈ പുറം (outside) ഉള്ളത് കൊണ്ടാണ്. അകം പുറം വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖകള്‍ എങ്ങനെ വേണമെങ്കിലും മാറാം. ആയിത്തീരലിന്റെ രാഷ്ട്രീയം അതില്‍ നിന്നാണ് ഉരുവം കൊള്ളുന്നത്.

പുരുഷ രാഷ്ട്രീയ വിഷയിത്വത്തെ മാനദണ്ഡമാക്കുന്ന ഒരു രാഷ്ട്രീയത്തില്‍ അതുതന്നെ ആന്തരവല്‍ക്കരിച്ചു വേണമായിരിക്കാം സ്ത്രീകളും ഇറങ്ങാന്‍. മലയാള സാഹിത്യത്തില്‍ വിലക്കുകള്‍ ലംഘിച്ചിറങ്ങിയ സ്ത്രീകള്‍ക്ക് ശരീരം വെടിയുന്നതിനു പകരം അതിജീവനം സാധ്യമാവുന്നത് മാധവിക്കുട്ടിയുടെ കഥകളിലാണ്. വീട് വിടാത്തൊരു വിപ്ലവകാരിയാണവര്‍. അഥവാ വീട് എല്ലാത്തരം ട്രാന്‍സ് ഗ്രഷനുകളുടെയും ഇടമാകാമെന്നു ഭാവനാത്മകമായി കാണിച്ചു തന്ന ആള്‍.

ഇതേക്കുറിച്ച് സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന തന്റെ പഠനത്തിന് കെ. രാജന്‍ നല്‍കിയ തലക്കെട്ട് "അസ്ഥിര വാസ്തുവിദ്യ' എന്നാണ്. "കൂട്ടുവഴി' എന്ന ശ്രദ്ധേയമായ പുസ്തകത്തില്‍ മാധവിക്കുട്ടിയുടെ ആഖ്യാന രീതിയെക്കുറിച്ച് രാജന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: "സ്ഥിരം പ്ലോട്ടിലെ പ്രമാണ പ്രകാരമുള്ള വാസ്തു വിദ്യയല്ല , ഭൂകമ്പമേഖലയിലെ സ്ഥാനത്തിനൊത്ത് അഴിച്ചു പണിയുന്ന അസ്ഥിര വാസ്തുവിദ്യയാണിത്' (പുറം 89 -90).

കല്‍പ്പറ്റ നാരായണന്‍
റിയാസ് കോമു, കല്‍പ്പറ്റ നാരായണന്‍, ദിലീപ് രാജ്, എം. എ ബേബി

രണ്ട്

അമ്മയെക്കുറിച്ചുള്ള ഹൃദയസ്പൃക്കായ കവിതയില്‍ കല്‍പ്പറ്റ നാരായണന്‍ വീടിനെക്കുറിച്ചാണ് പറയുന്നത് എന്നത് യാദൃച്ഛികമാണോ

"ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു'

(ആശ്വാസം)

ഡി.വിനയചന്ദ്രനും വീട് അമ്മയുടെ പര്യായമാണ്.
"അമ്മയില്ലാത്തവര്‍ക്കെന്തു വീട്?
ഇല്ല വീട് , എങ്ങെങ്ങുമേ വീട്' 
(വീട്ടിലേക്കുള്ള വഴി)

അമ്മ എന്ന് പറയുമ്പോള്‍ അത് വീട് എന്നാവുന്നത് വളരെ സ്വാഭാവികമായിട്ടാണ്. എസ് ജോസഫിന്റെ കവിതയില്‍ നമ്മളത് കണ്ടു കഴിഞ്ഞു. അമ്മയുടെ / ഭാര്യയുടെ ഓര്‍ക്കാപ്പുറത്തുള്ള അഭാവത്തെ ഒട്ടും കാല്‍പനികതയില്ലാതെ എന്നാല്‍ അടുപ്പത്തിന്റെ തീവ്രത മുഴുവനും അനുഭവിപ്പിച്ചുകൊണ്ട് "നെയ്പ്പായസം' എന്ന കഥയില്‍ മാധവിക്കുട്ടി വിവരിക്കുന്നുണ്ട്. നെയ്പ്പായസം ഉള്‍പ്പെടെയുള്ള പദാര്‍ത്ഥങ്ങളെയും സാമഗ്രികളെയും സാധനങ്ങളെയും വിന്യസിച്ചു കൊണ്ടാണത് ചെയ്യുന്നത്. രണ്ടാള്‍ക്കു നില്‍ക്കുവാന്‍ സ്ഥലമുള്ള കൊച്ചുവരാന്തയിലെ പൂച്ചട്ടിയില്‍ അമ്മ നനച്ചുണ്ടാക്കിയ പനിനീര്‍ച്ചെടി, ചുമരിന്മേല്‍ കൊളുത്തിയിട്ട പിച്ചളച്ചട്ടുകങ്ങളും കരണ്ടികളും, സ്റ്റൗവിനടുത്ത് അവരിരിക്കാറുള്ള തേഞ്ഞ പലക , കിണ്ണങ്ങള്‍...."ആരോടും യാത്ര പറയാതെ നിലത്ത് ഒരു ചൂലിന്റെയടുത്ത് വീണു മരിച്ചു' എന്ന വാചകത്തിലെ ചൂല് അറിയപ്പെടാത്ത ഒരു ജീവചരിത്രത്തിലെ ജീവനുള്ള ഒരു കഥാപാത്രം തന്നെ. കഥയുടെ അവസാനത്തോടടുത്ത് ഇങ്ങനെയൊരു വാചകമാണ്: "അയാള്‍ തന്റെ ഭാര്യയിരിക്കാറുള്ള പലകമേല്‍ ഇരുന്നു'.

D-Vinayachandran.jpg
ഡി. വിനയചന്ദ്രന്‍

ജോസഫിന്റെ "ധ്വനി'യിലെ അമ്മ പെരുമാറുന്നത് ചാണകം മെഴുകിയ മുറിയിലും പുറകു വശത്ത് വിറകു വെക്കുന്നിടത്തെ സിമന്റ് കെട്ടിലുമൊക്കെയാണ്.

വീട്ടിലെന്ന പോലെ ലോഡ്ജിലും ഉണ്ട് പലതരംവസ്തുക്കള്‍. എന്നാല്‍ ലോഡ്ജ് വീടല്ല. എന്താണ് വീടിനെ ലോഡ്ജില്‍ നിന്ന് വേര്‍തിരിക്കുന്നത് എന്ന് ഫെമിനിസ്റ്റ് ചിന്തകയായ ഐറിസ് മരിയന്‍ യുങ് ആലോചിക്കുന്നത് ഇനി പറയുന്ന തരത്തിലാണ്: 
എല്ലാ സൗകര്യങ്ങളും ലോഡ്ജിലെ മുറിയിലുമുണ്ടാവാം.പക്ഷെ ഒരാളുടെ സ്വത്വം അതില്‍ നിക്ഷേപിക്കപ്പെട്ടിട്ടില്ല. ജീവിത ശൈലികളുടെയും ശീലങ്ങളുടെയും ചരിത്രമില്ല അവിടുത്തെ വസ്തുക്കള്‍ക്കും മൂലകള്‍ക്കും. അങ്ങേയറ്റം നിഷ്പക്ഷമായ സംവിധാനമാണ് ലോഡ്ജ്. മുന്തിയ തരം ഹോട്ടലുകളില്‍ ടൂത്ത്ബ്രഷും ഷേവിങ് കിറ്റും സോപ്പുമൊക്കെ ദിനം തോറും മാറ്റിക്കൊണ്ടിരിക്കും. പക്ഷേ വീട് അങ്ങനെയല്ല. അത്യന്തം വ്യക്തിമുദ്ര പതിഞ്ഞതാണ് അവിടുത്തെ വസ്തുക്കളും ഇടങ്ങളുമെല്ലാം.

പണി തീരാത്ത വീടാണ് തന്മ. വീട്ടിലും വസ്തുക്കളിലും സ്വയം ഉറപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ നമ്മള്‍ പിടുത്തം വിട്ടവരായിപ്പോവും.

ഒരാളുടെ ദിനചര്യകള്‍ക്ക് അനുരൂപമായും അയാളുടെ ശരീരത്തിന്റെ  തന്നെനീട്ടലെന്നോണവുമാണ് വസ്തുവകകള്‍ അവിടെ നിരത്തിയിരിക്കുന്നത്. വ്യക്തിചരിത്രത്തില്‍ അവ ചേര്‍ന്നു നില്‍ക്കുന്നു. ആളുകള്‍ തങ്ങളുടേതാക്കി മാറ്റിയ സാധനങ്ങളാണ് അവിടെ മുഴുവന്‍. ചുറ്റുമുള്ള വസ്തുക്കളോടുള്ള ഇടമുറിയാത്ത ബന്ധങ്ങള്‍ തന്നെയാണ് ഇടമായി മാറുന്നത്. മനുഷ്യര്‍ ഇടം കൊള്ളുന്നതാണ് വീട്. അന്യഥാ ഒഴുക്കില്‍ പെട്ട തന്മയെ (identity) സ്ഥായിയാക്കുന്ന ധര്‍മം ഇവ്വിധം വീട് ഏറ്റെടുക്കുന്നു. പണി തീരാത്ത വീടാണ് തന്മ. വീട്ടിലും വസ്തുക്കളിലും സ്വയം ഉറപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ നമ്മള്‍ പിടുത്തം വിട്ടവരായിപ്പോവും.
ഇങ്ങനെ സ്വത്വത്തിന്റെ ആധാരമായി വീട് മെയിന്റയിന്‍ ചെയ്യുന്നത് മിക്കപ്പോഴും സ്ത്രീകളാണ്. വീടിന്റെ പരിരക്ഷണ (preservation) ധര്‍മമാണിത്. വാസത്തെയും ഭാഷയെയും ചിന്തയെയും കുറിച്ചൊക്കെ ഒരുമിച്ചാലോചിച്ചിട്ടുള്ള മാര്‍ട്ടിന്‍ ഹൈഡഗര്‍ പരിരക്ഷണം, നിര്‍മാണം (construction) എന്നീ രണ്ടു ധര്‍മങ്ങളാണ് വസതികള്‍ക്കുള്ളതായി കണ്ടെത്തുന്നത്.

വാസം (dwelling) എന്നത് മനുഷ്യരുടെ ആയിരിക്കലിന്റെ ഒരു പ്രകാരം ആണ്. കെട്ടിപ്പടുക്കുന്നതിലൂടെയാണ് മനുഷ്യര്‍ പാര്‍ക്കുന്നത്. കെട്ടിടത്തിന്റെ രണ്ടു വശങ്ങളാണ് പരിരക്ഷണവും നിര്‍മ്മാണവും. മനുഷ്യ ലോകത്ത് സ്ഥല (place)മുണ്ടാവുന്നത് ചുമരുകളും റോഡുകളും പാലങ്ങളും ടവറുകളും മതിലുകളും ഒക്കെ കെട്ടിപ്പടുക്കുന്നതിലൂടെയാണ്, മനുഷ്യരുടെ വിഷയിത്വ നിര്‍മ്മിതിയില്‍ കെട്ടിപ്പടുക്കലിന്, നിര്‍മ്മാണത്തിന്, മര്‍മസ്ഥാനമുണ്ട്. ഇത്രയുമാണ് ഹൈഡഗറുടെ കാഴ്ചപ്പാടിന്റെ രത്‌നച്ചുരുക്കം.

ഹന്ന ആരെന്‍റ്
ഹന്ന ആരെന്റ്‌

ഇടത് ഹൈഡഗേറിയന്‍ ആയ ഹന്ന ആരെന്റും സമാനമായ വാദം "ദി ഹ്യൂമന്‍ കണ്ടീഷന്‍' (ചിക്കാഗോ യൂണിവേഴ്സിറ്റി പ്രസ്, 1958 ) എന്ന കൃതിയില്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ജോലിയും (labor) അധ്വാനവും(work)തമ്മില്‍ ആരെന്റ് വേര്‍തിരിക്കുന്നു. ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് ജീവന്‍ നിലനിര്‍ത്തുന്നത് ജോലി. അധ്വാനമാവട്ടെ ക്ഷേത്രങ്ങള്‍, ചത്വരങ്ങള്‍ തുടങ്ങി ചരിത്രപരമായ സ്മാരകങ്ങള്‍ ഉണ്ടാക്കുന്നു. അടിത്തറകള്‍ പണിഞ്ഞു മനുഷ്യര്‍ നാഗരികത കെട്ടിപ്പൊക്കുന്നുവെന്നും അതിലൂടെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വിഷയികളായി രംഗത്ത് വരുന്നുവെന്നുമാണ് ആരെന്റിന്റെ വാദം.

ഹൈഡഗറെയും ആരെന്റിനെയും ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്ന രണ്ടു ഫെമിനിസ്റ്റ് ചിന്തകരാണ് ലൂസി ഇരിഗരെയും സിമോണ്‍ ദി ബുവ്വേയും. കെട്ടിപ്പടുക്കുന്നതിലൂടെയാണ് ലോകവും വിഷയിയും ഉണ്ടാവുന്നതെങ്കില്‍, ആ പ്രക്രിയകളില്‍ പങ്കില്ലാതെ വരുക എന്നാല്‍ രണ്ടും നിഷേധിക്കപ്പെടലാവുമല്ലോ. ഉണ്ടായ ലോകങ്ങളൊക്കെയും പുരുഷന്മാരുടെ ലോകങ്ങളാണ് എന്നും വരും. സ്ത്രീകള്‍ പരിരക്ഷണം മാത്രമേ നടത്തുന്നുള്ളൂ.

"സെക്കന്റ് സെക്‌സ്' എന്ന വിഖ്യാതമായ കൃതിയില്‍ സിമോണ്‍ ദി ബുവേ വീട്ടു പണിയെപ്പറ്റി വിശദമായിത്തന്നെ വിശകലനം നടത്തുന്നുണ്ട്. ക്ലീനിംഗ് എന്നാല്‍ വൃത്തികേട് ഒഴിവാക്കലാണ്. അടുക്കി വെക്കല്‍ എന്നാല്‍ ക്രമം തെറ്റിയത് നേരേയാക്കലും. ഇതിനു ഒരന്തവുമില്ല. വൃത്തിയാക്കിയത് വീണ്ടും വൃത്തികേടാവുന്നു. അടുക്കിയത് വീണ്ടും ക്രമം തെറ്റുന്നു. വീണ്ടും വീണ്ടും വൃത്തിയാക്കല്‍, അടുക്കി വെക്കല്‍. ചാക്രികമായ വല, ഫലമോ, തുടങ്ങുമ്പോഴുള്ള അതേയവസ്ഥ! (പുറം 451). അനിത തമ്പി "മുറ്റമടിക്കുമ്പോള്‍' എന്ന കവിതയില്‍ എഴുതിയത് പോലെ,
"തൂത്തു നേരം പുലര്‍ന്നു വെളിച്ചം
വീണു വീടിന്‍ മിഴി തുറക്കുമ്പോള്‍
കാല്‍ച്ചുവടും കരിയില പോലും
നീങ്ങി, എന്തൊരു വൃത്തിയെന്‍ മുറ്റം'.

ബുവ്വെയുടെ കാഴ്ചപ്പാടില്‍ ജീവന്റെ നീക്കമാണ് പരിരക്ഷണം. ഭക്ഷണവും പാര്‍പ്പിടവും കുട്ടികളെ നോക്കലുമൊക്കെ ഉണ്ടെങ്കിലേ ചരിത്രം നിര്‍മ്മിക്കാന്‍ ആള് ബാക്കിയുണ്ടാവൂ. ഇപ്പണികള്‍ പക്ഷെ വ്യക്തിത്വത്തിന്റെ ആവിഷ്‌കാരങ്ങളാവുക അസാധ്യമാണ്. ജീവന്‍ രക്ഷയാണ് ഒരാളുടെ പ്രധാന ഏര്‍പ്പാടെങ്കില്‍ ഒരു വിഷയി അഥവാ വ്യക്തിയാവുക അവള്‍ക്ക് വളരെ വിഷമകരമായിരിക്കും. സ്ത്രീകളുടെ വിഷയിത്വ നഷ്ടത്തെക്കുറിച്ച് ഇറിഗരെയും ബുവ്വേയും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ അത്യന്തം സംഗതവും ന്യായവുമാണെന്നത് അംഗീകരിച്ചേ പറ്റൂ. 

സിമോണ്‍ ദി ബുവ്വേ
സിമോണ്‍ ദി ബുവ്വേ

എന്നാല്‍ പരിരക്ഷണ പ്രവൃത്തികള്‍ സര്‍ഗാത്മകമാവാന്‍ സാധിക്കില്ല, അവയ്ക്ക് വിഷയിത്വ നിര്‍മ്മാണത്തില്‍ പങ്കു വഹിക്കാന്‍ കഴിയില്ല എന്ന ധാരണ തീര്‍ത്തും ശരിയാണോ? അല്ലെന്നാണ് ഐറിസ് മരിയന്‍ യുങ്ങിനെപ്പോലുള്ള ഫെമിനിസ്റ്റുകള്‍ പറയുന്നത്. അങ്ങനെയുള്ള വാദമാണ് നമ്മള്‍ ഈ ഖണ്ഡത്തിന്റെ തുടക്കത്തില്‍ കണ്ടതും. പുരുഷന്മാരുടെ (നിര്‍മ്മാണ ) പ്രവര്‍ത്തനങ്ങള്‍ പോലെ തന്നെ സ്ത്രീകളുടെ വീട്ടിലെ (പരിരക്ഷണ) പ്രവര്‍ത്തനങ്ങളും ലോകനിര്‍മ്മാണത്തില്‍ പങ്കെടുക്കുന്നതാണ്. പരിരക്ഷണംയാഥാസ്ഥിതികമാവുന്നത് പോലെത്തന്നെ സര്‍ഗാത്മകവുമാവാം. യുങ്ങും മറ്റും വീട്ടു ജോലിയെ ഒട്ടും കാല്‍പനികവല്‍ക്കരിക്കാതെയാണ് ഈ സാധ്യത ചൂണ്ടിക്കാട്ടുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീട് പരിരക്ഷണം ജന്‍ഡര്‍ മുക്തമാക്കുകയാണ് വേണ്ടതെന്നവര്‍ ഭാവന ചെയ്യുന്നു.

തത്വചിന്തകനായ ഗാസ്റ്റന്‍ ബാഷ്ലാര്‍ഡ് "പോറ്റിക്‌സ് ഓഫ് സ്‌പേസ്' എന്ന മനോഹരമായ കൃതിയില്‍ കൃത്യമായും ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അതായത്, വീട്ടുജോലി എങ്ങനെയാണ് സര്‍ഗാത്മകമാക്കാന്‍ സാധിക്കുക എന്ന ചോദ്യം. യാന്ത്രികമായ ജോലിക്കിടെ ഒരു നൊടി ഉണര്‍വ്വ് കാണിച്ചാല്‍ ഇത് സാധിക്കും എന്നാണദ്ദേഹത്തിന്റെ വാദം (പുറം 67). അപ്പോള്‍ ഒരു മനുഷ്യ പാര്‍പ്പിടത്തിലെ അംഗം എന്ന നിലയ്ക്ക് വീട്ടിലെ വസ്തുക്കള്‍ ഒന്നുകൂടി വിശേഷപ്പെടും. അതിന് വിന്‍സന്റ് വാന്‍ഗോഗ് സഹോദരന്‍ തിയോക്ക് എഴുതിയതു പോലെ "റോബിന്‍സണ്‍ ക്രൂസോയുടെ മൗലികതയുടെ ഒരംശം നമ്മള്‍ കാത്തുവെക്കണം'. എന്നു വെച്ചാല്‍, ഓരോന്നും പുതുതായി സ്വയം നിര്‍മിച്ചും മാറ്റിപ്പണിതും കൊണ്ടിരിക്കണം.

ഇതര സംസ്ഥാന തൊഴിലാളികള്‍ കൊറോണക്കാലത്ത് കേരളത്തില്‍ ഭക്ഷണത്തിലെ രുചിയെപ്പറ്റി പരാതി പറഞ്ഞു എന്നത് പലര്‍ക്കും ദഹിച്ചില്ല. കുടിയേറിയ ആളുകള്‍ക്ക് പലപ്പോഴും ജീവിതത്തില്‍ തങ്ങളുടെ സാംസ്‌കാരിക വ്യതിരിക്തതയും ചരിത്രവും സംരക്ഷിക്കാനും അനുഭവിക്കാനും സാധിക്കുന്നത് സ്വന്തം താമസ സ്ഥലത്തു മാത്രമായിരിക്കും.

ആവര്‍ത്തനവും സര്‍ഗാത്മകതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ജോര്‍ജ്ജിന്റെ "വിരഹങ്ങളുടെ സമാഹാരം' എന്ന കവിതാപുസ്തകത്തിന്റെ മുഖക്കുറിപ്പില്‍ ഉദയകുമാര്‍ എഴുതിയിട്ടുള്ളത് ഇതിനോട് ചേര്‍ത്തു വായിക്കാം: "ആവര്‍ത്തനവും സൃഷ്ടിയും വിപരീതങ്ങളല്ല എന്ന ഉള്‍ക്കാഴ്ച ആധുനികതയുടെ സവിശേഷ മുദ്രയാണെന്നു പറയാന്‍ വിഷമമാണ്. പഴയ പാട്ടുകള്‍ , രംഗാവതരണത്തിലും മനോധര്‍മത്തിലും ഊന്നിനില്‍ക്കുന്ന കലാരൂപങ്ങള്‍- ഇവയിലൊക്കെ ആവര്‍ത്തനം ഒരു പ്രധാന ചാലക ശക്തിയായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്'. (നിയോഗം ബുക്‌സ്, 2014, പുറം, 24).വിഷയിത്വത്തിന്റെ സ്ഥായീരൂപങ്ങളെ തകര്‍ക്കാനുള്ള ഉപാധിയാണ് ആധുനിക കലയില്‍ ആവര്‍ത്തനമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ വീട്ടുജോലിയില്‍ ഇത് നേര്‍വിപരീതമാണ്. വിഷയിത്വത്തിന്റെ ദ്രവാവസ്ഥയെ (fluidity) മെരുക്കി അതിന് സ്ഥായിത്വം നല്‍കുന്നത് വീടും അതിനുള്ളിലെ വസ്തുക്കളുമായുള്ള വ്യക്തിബന്ധങ്ങളുമാണ്. കുടിയേറിയവര്‍ക്ക് ഇത് നന്നായറിയാം. ഇതര സംസ്ഥാന തൊഴിലാളികള്‍ കൊറോണക്കാലത്ത് കേരളത്തില്‍ ഭക്ഷണത്തിലെ രുചിയെപ്പറ്റി പരാതി പറഞ്ഞു എന്നത് പലര്‍ക്കും ദഹിച്ചില്ല. കുടിയേറിയ ആളുകള്‍ക്ക് പലപ്പോഴും ജീവിതത്തില്‍ തങ്ങളുടെ സാംസ്‌കാരിക വ്യതിരിക്തതയും ചരിത്രവും സംരക്ഷിക്കാനും അനുഭവിക്കാനും സാധിക്കുന്നത് സ്വന്തം താമസ സ്ഥലത്തു മാത്രമായിരിക്കും. അപ്പോള്‍ ഭക്ഷണത്തിലെ പ്രത്യേക താല്‍പ്പര്യം എന്നത് ജീവന്മരണ പ്രശ്‌നംതന്നെയായി മാറും. സ്വന്തം ഐഡന്റിറ്റിയാണ് അതില്‍ കുരുങ്ങിക്കിടക്കുന്നത്. തൊഴിലാളി എന്നത് ഒരു സര്‍വജനീന തന്മയാണ്. "അതിഥി' എന്ന് വിളിച്ചാലും "ഇതര സംസ്ഥാന' എന്നു വിളിച്ചാലും രണ്ടും സാംസ്‌കാരിക വ്യതിരിക്തതയെകുറിക്കുന്ന വിശേഷണങ്ങളാണ്. അവര്‍ അതിഥികളോ ബംഗാളികളോ ഒക്കെ ആയിരിക്കുന്ന ഒരേയൊരു സ്ഥലമായിരിക്കും സ്വന്തം വാസസ്ഥലം. അവരുടെ രാഷ്ട്രീയത്തില്‍ തൊഴിലാളി രാഷ്ട്രീയമോ സ്വത്വരാഷ്ട്രീയമോ പ്രസക്തമാവുന്നത് എന്നത് അവരോടുള്ള ഇടപെടലുകളില്‍ എന്തു മനോഭാവമാണ് മുന്നിട്ടു നില്‍ക്കുന്നത് എന്നതിനെക്കൂടി ആശ്രയിച്ചുള്ള കാര്യമാണ്. മലയാളി തൊഴിലാളിക്ക് മലയാളിയാണ് എന്നതിനാല്‍ കൂലി കൂടുതല്‍ കിട്ടുന്ന അവസ്ഥയുണ്ടെങ്കില്‍ കൂലി എന്നത് തന്നെ സാംസ്‌കാരികമാവുകയാണ് ചെയ്യുക (മൈത്രി പ്രസാദ് ഏലിയാമ്മ ഇതേക്കുറിച്ച്നടത്തിയ വിശദപഠനങ്ങള്‍ അക്കാര്യം ചൂണ്ടിക്കാട്ടുന്നു).

മൂന്ന് 

 

വീട് ഒരു പ്രത്യേകാവകാശം ആണെന്ന ഫെമിനിസ്റ്റ് വാദത്തെ തിരിച്ചിടുന്ന ഫെമിനിസ്റ്റ് ചിന്തകയാണ് ബെല്‍ ഹൂക്‌സ്. വീട് മര്‍ദ്ദിതരെ സംബന്ധിച്ച് ഒരു പ്രതിരോധ സ്ഥലമാണെന്നാണ് അവരുടെ നിലപാട്. സാംസ്‌കാരികമായ വ്യത്യാസം ഒരു പരിധി വരെ അവിടെ ആഘോഷിക്കാന്‍ സാധിക്കും. രാഷ്ട്രീയ വിഷയികളാവാനുള്ള ഊര്‍ജ്ജം അവിടെ നിന്ന് സംഭരിക്കാം. ഈ നിലപാടും നൊസ്റ്റാള്‍ജിയയോ കാല്‍പനികമോ ഒന്നുമല്ല. തീര്‍ത്തും രാഷ്ട്രീയമാണ്. 
മര്‍ദ്ദകര്‍ക്ക് ഏറ്റവും ഗുണം ചെയ്യുക നമുക്ക് നമ്മുടേതായി ഒന്നുമില്ലാത്ത അവസ്ഥയാണ്. അവര്‍ നമ്മുടെ ആത്മമര്യാദയും മാനുഷികതയും കവര്‍ന്നെടുക്കുന്ന അവസ്ഥയില്‍ സ്വന്തം വീട് ബാക്കിയുണ്ടെങ്കില്‍ സ്വയം വീണ്ടെടുക്കാന്‍ സാധിക്കും . ഇത്രയുമാണ്  ഹൂക്‌സ് പറയുന്നത്. ("ഹോംപ്‌ളേസ്: എ സൈറ്റ് ഓഫ് റെസിസ്റ്റന്‍സ്', പുറം 43).

Bellhooks.jpg
ബെല്‍ ഹൂക്‌സ്

വീടിനു കല്‍പിക്കപ്പെടുന്ന നിഷേധാത്മക സ്വഭാവത്തിന്റെ എതിര്‍സാധ്യതയാണ് ഹൂക്‌സ് ഇത്തരത്തില്‍ മുന്‍തലത്തിലേക്ക് കൊണ്ടുവരുന്നത്. അതായത്?, താരതമ്യേനയുള്ള സുരക്ഷ, രാഷ്ട്രീയ വിഷയിത്വ നിര്‍മാണം തുടങ്ങിയ സാധ്യതകളുടെ അടിസ്ഥാനത്തിലുള്ള ഒരു പുനര്‍മൂല്യനിര്‍ണയം. ചൂഷണാത്മകമായ സാമൂഹ്യ ഘടനകളെ ചെറുക്കാനുള്ള ഇടമാണവര്‍ക്ക് വീട്. ഘടനയുടെ പൂര്‍ണനിയന്ത്രണത്തിന് പുറത്തുള്ള ഒരു ഇടം അവലംബിച്ചുമാത്രമേ അതിനെതിരായ ചെറുത്തുനില്‍പ് സാധിക്കൂ. ആ ഇടത്തില്‍ നിന്നുകൊണ്ട് വേണം കൂടുതല്‍ മാനുഷികമായ സാമൂഹ്യ ബന്ധങ്ങള്‍ ഭാവന ചെയ്യാനും അനുഭവിക്കാനും .

പൗരത്വം തന്നെ റദ്ദ് ചെയ്യപ്പെടുമെന്ന സ്ഥിതിയില്‍ പറിച്ചുനടല്‍ അല്ലെങ്കില്‍ പലായനം അഭിമുഖീകരിക്കുന്ന ആളുകളാണ് ഇന്നത്തെ ഇന്ത്യയില്‍. സ്വന്തം വീട്ടിലെ വിദേശികള്‍ എന്ന അനുഭവമാണ് തള്ളി മാറ്റപ്പെട്ടവര്‍ക്ക് ഇവിടെ.

വീട് ആണ്‍കോയ്മയുടെ ഇടമാണ്, സുരക്ഷിതമല്ല എന്ന ഫെമിനിസ്റ്റ് വിമര്‍ശത്തെ കണക്കിലെടുത്തു കൊണ്ട് തന്നെ ബെല്‍ ഹൂക്‌സ് നടത്തുന്ന ഈ തിരിച്ചിടല്‍ വളരെ പ്രധാനമാണ് പുറം ലോകത്തെവിടെയും അപമാനം ഏറ്റുവാങ്ങുന്നവര്‍ക്ക്  അല്‍പ്പമെങ്കിലും ആത്മമര്യാദകിട്ടുന്നത് വീട്ടിലാണ്. അവിടെയും പാട്രിയാര്‍ക്കി ഇല്ലെന്നല്ല. അതിന്റെ  പേരില്‍ വീടിനെ തള്ളിപ്പറയാന്‍ പറ്റില്ല.
നിത്യജീവിതത്തില്‍ ദിനംപ്രതി നേരിടുന്ന അപമാനങ്ങള്‍ ആണ് രാഷ്ട്രീയമായി ബെല്‍ ഹൂക്‌സ് പ്രധാനമായെടുത്തത്. പൗരത്വം തന്നെ റദ്ദ് ചെയ്യപ്പെടുമെന്ന സ്ഥിതിയില്‍ പറിച്ചുനടല്‍ അല്ലെങ്കില്‍ പലായനം അഭിമുഖീകരിക്കുന്ന ആളുകളാണ് ഇന്നത്തെ ഇന്ത്യയില്‍. സ്വന്തം വീട്ടിലെ വിദേശികള്‍ എന്ന അനുഭവമാണ് തള്ളി മാറ്റപ്പെട്ടവര്‍ക്ക് ഇവിടെ. അംബേദ്കര്‍ അനുസ്മരണ പ്രഭാഷണത്തില്‍ തത്വചിന്തകനായ ഹോമി കെ. ഭാഭ അംബേദ്ക്കറുടെ ഒരു പുസ്തകത്തിന്റെ തലക്കെട്ട് "അണ്‍ടച്ചബിള്‍സ്, ഓര്‍ ദി ചില്‍ഡ്രന്‍ ഓഫ് ഇന്ത്യന്‍ ഘെറ്റോ' എന്നാണെന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത് ലോകത്തെമ്പാടും ചേരികളിലേക്ക് പുറംതള്ളപ്പെട്ട എല്ലാവരിലേക്കും ദലിതരെ അത് ചേര്‍ത്തു വെക്കുന്നു എന്നതിലാണ്. 

 Veed_Rekha.jpg
രേഖാ രാജ്

സി.കെ.ജാനുവിന്റെ കുടില്‍കെട്ടി സമരത്തിലും ചെങ്ങറ ഭൂസമരത്തിലും ഐക്യദാര്‍ഢ്യപ്പെട്ട് പ്രവര്‍ത്തിച്ചപ്പോഴാണ് എനിയ്ക്ക് ഇതിന്റെ വിവക്ഷ പൂര്‍ണമായും വെളിപ്പെട്ടത്. "സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍' എന്നത് കുടില്‍ കെട്ടി സമരത്തിന്റെ കേന്ദ്ര മുദ്രാവാക്യമായിരുന്നു. അടുത്ത സുഹൃത്തുക്കളായ സണ്ണി കപിക്കാടിന്റെയും രേഖാരാജിന്റെയും നിലപാടുകള്‍ ആ വിഷയത്തിലുള്ള എന്റെ ധാരണകളുടെ നവീകരണത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഭൂമിക്കു വേണ്ടിയുള്ള സമരം അംഗീകാരത്തിനും പൂര്‍ണ പൗരത്വത്തിനും വേണ്ടിയുള്ള സമരമാണെന്ന് അത്തരം സമരങ്ങളില്‍ നിന്നു കൊണ്ട് തന്നെ സിദ്ധാന്തവല്‍ക്കരിച്ച സണ്ണിയും രേഖയും കേരളത്തിലെ നവ സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ രാഷ്ട്രീയദിശ പ്രത്യേകം അടയാളപ്പെടുത്തേണ്ട ഒന്നാണ്. ഇടം എന്നത് സാമൂഹ്യ ഇടവും സാംസ്‌കാരിക മൂലധനവുമാണെന്ന് അവര്‍ അടിവരയിട്ടു പറഞ്ഞു.Veed_rathrisamaram_chengarasolidarity_trivandrum.jpg

മാര്‍ക്‌സിസത്തെ സംബന്ധിച്ച് വീട് എന്ന രൂപകം സൈദ്ധാന്തികമായിത്തന്നെ പ്രധാനമാണ്. അടിത്തറ/ ഉപരിഘടന എന്ന രൂപകമാണല്ലോ അതിന്റെ അസ്ഥിവാരം. ഭൂമിക്കുവേണ്ടിയുള്ള സമരം കേവലം വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക സമരമല്ലെന്നും രാഷ്ട്രീയ സമരങ്ങളില്‍ സാംസ്‌കാരികമൂലധനവും ചിഹ്നപരമൂലധനവും ജീവന്മരണ സ്വഭാവമുള്ളതാണെന്നും സ്ഥാപിച്ചെടുത്തതാണ് കേരളത്തിലെ കീഴാളരുടെ ഭൂസമരങ്ങളുടെ ഒരു ഉപലബ്ധി.

പാര്‍പ്പിടം വിഷയികളെ ഉള്‍ക്കൊള്ളുക മാത്രമല്ല ചെയ്യുന്നത്. അവരുടെ സാമൂഹ്യമായ പദവിയെ ആവിഷ്‌കരിക്കുക കൂടിയാണ്. എം.ബി.മനോജിന്റെ "കൂട്ടാന്തതയുടെ എഴുപത് വര്‍ഷങ്ങള്‍' എന്ന കവിതയില്‍ ആ സൂചന കാണാം :
"വീട് എവിടെയെന്നാരെങ്കിലും ചോദിച്ചാല്‍
ഞാന്‍ തെറ്റിച്ചു തന്നെയാണ് പറയാറ്
നാണം പുറത്തു കാട്ടാതെ, വിക്കാതെ'

ഗള്‍ഫില്‍ പോയ മലബാറുകാര്‍ നാട്ടില്‍ വലിയ മാളികകള്‍ പണിയുന്നതിനെ പലരും ആര്‍ഭാടമായിട്ടും ധൂര്‍ത്തായിട്ടുമാണ് ചിത്രീകരിക്കാറുള്ളത്. സാമൂഹ്യമായി അവര്‍ അനുഭവിച്ച അധഃസ്ഥിതത്വത്തെ മറികടക്കാന്‍ ചിഹ്നപരമായ തുല്യതയ്ക്കുള്ള പങ്കാണ് ഇത്തരം വാദക്കാര്‍ അവഗണിക്കുന്നത്. മേല്‍ജാതി സ്ത്രീകള്‍ ധരിക്കുന്നതു പോലത്തെ

ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ചുകൊണ്ട് ചിഹ്നപരമായ തുല്യത അവകാശപ്പെട്ട കീഴാളരാണ് കേരളത്തില്‍ ജാതിവിരുദ്ധ സമരങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന കാര്യം ഓര്‍ത്താല്‍ മതി ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍. വീട് ഒരു ഭാഷ കൂടിയാണ്. അത് പുറം ലോകത്തോട് സംസാരിക്കുന്നു. വീട്ടിലുള്ളവരുടെ ആത്മഗൗരവത്തെ സ്വാധീനിക്കുന്നു. അതിന് ഒരേസമയം ഉപയോഗവും അര്‍ത്ഥവുമുണ്ട്. അത് ആയിത്തീരലിന്റെ വേദിയാണ്; നിര്‍മാണ രീതികളിലും, അവിടെ വസിക്കുന്നവരുടെ വിഷയിത്വരൂപങ്ങളിലും.

സി.കെ. ജാനു
സി.കെ. ജാനു

നാല്

ചൈനയിലെ സാംസ്‌കാരിക വിപ്ലവം പരാജയമായതിന്റെ കാരണമായി അലന്‍ ബജിയോ കാണുന്നത് അതില്‍ രോഗാതുരമായ മൃത്യുകാംക്ഷ മാത്രമാണ് ഉണ്ടായിരുന്നത് എന്നതാണ്. ദൈനം ദിനത്തെ അത് അവഗണിച്ചു. ദൈനംദിനത്തിന്റെ തലത്തില്‍ നവീകരണവും പുതുമയും പരിഷ്‌കരണവും കൊണ്ടു വരാത്ത ഒരു വിപ്ലവവും ജീവത്തായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കില്ല. ആള്‍ക്കാരുടെ സാധാരണ ജീവിതത്തില്‍ പഴയതെല്ലാം അതിവേഗം തിരിച്ചുവരും. സാമൂഹ്യ ജീവിതത്തിലെ, ദൈനം ദിനത്തിലെ, പരിവര്‍ത്തനങ്ങള്‍ കൂടാതെ രാഷ്ട്രീയ വിപ്ലവം അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ രണ്ടു പേരാണ് ശ്രീനാരായണ ഗുരുവും അംബേദ്കറും. ഗുരുവില്‍ നിന്നാണ് തുടങ്ങിയത് എന്നതുകൊണ്ട് എന്താണ് ഗുരുവിന്റെ രാഷ്ട്രീയം എന്ന ഒരു വീണ്ടുവിചാരം ഈ ഘട്ടത്തില്‍ അസ്ഥാനത്താവില്ല.

ജീവിതത്തില്‍ ആള്‍ക്കാര്‍ പരസ്പരം ഇടപെടുന്ന വിധങ്ങള്‍ ഇപ്പോള്‍ ഉള്ളതുപോലെ തുടരണമോ മാറ്റങ്ങള്‍ വേണമോ എന്ന് തീരുമാനമെടുക്കുന്നതാണല്ലോ രാഷ്ട്രീയം. നടപ്പുരീതികള്‍ തുടരാമെന്ന് തീരുമാനിക്കുന്നത് യാഥാസ്ഥിക രാഷ്ട്രീയവും മാറ്റങ്ങള്‍ വേണമെന്ന് കരുതുന്നത് പരിവര്‍ത്തന രാഷ്ട്രീയവും ആണ്.

നിലവിലുള്ള സ്ഥിതിവിശേഷങ്ങള്‍ തികച്ചും യാദൃച്ഛികമാണ് (contingent), മറ്റു പല സാധ്യതകളും ഉണ്ട് എന്നു കണ്ട ഒരാളായിരുന്നു ഗുരു. മാറ്റങ്ങള്‍ക്കായി അദ്ദേഹം ഒരു പദ്ധതി ഉണ്ടാക്കുകയോ അതിന്റെ അടിസ്ഥാനത്തില്‍ ആള്‍ക്കാരെ സംഘടിപ്പിക്കുകയോ ചെയ്തില്ല. ഓരോ ദിവസവും ഇടപെടുന്ന ഓരോ മുഹൂര്‍ത്തങ്ങളിലും അദ്ദേഹം വ്യത്യസ്തമായ സാദ്ധ്യതകള്‍ സംഭാഷണങ്ങളിലൂടെയും ഫലിത രൂപത്തിലുള്ള അഭിപ്രായങ്ങളിലൂടെയും ആള്‍ക്കാര്‍ക്ക് നിര്‍ദ്ദേശിച്ചു. അങ്ങേയറ്റം അഹിംസാത്മകമായി നിത്യജീവിതത്തിലെ ഓരോ വിശദാംശത്തിലും അദ്ദേഹം മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. വിവാഹം, ശവസംസ്‌കാരം, തീര്‍ത്ഥാടനം, ഹോമം, വിഗ്രഹാരാധന തുടങ്ങിയ ആചാരങ്ങള്‍ തൊട്ട് സൂക്ഷ്മമായ ജീവിതകര്‍മങ്ങളിലെല്ലാം അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. ഈ ശ്രദ്ധ തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. അല്ലാതെ എപ്പോഴും എടുത്തു പ്രയോഗിക്കാവുന്ന ഒരു റെഡിമെയ്ഡ് രാഷ്ട്രീയ പദ്ധതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആള്‍ക്കാര്‍ പരസ്പരം ശ്രദ്ധ പുലര്‍ത്തുന്നതിനെയുമാണ് സമഭാവന എന്ന് പറയുന്നത്. അതുള്ളപ്പോള്‍ ഓരോ സന്ദര്‍ഭത്തിലും എന്തു സംഭവിക്കുമെന്ന് മുന്‍കൂര്‍ പ്രവചിക്കാന്‍ സാധിക്കില്ല. ഭാവിയോടുള്ള തുറവിയാണ്, നടപ്പ് സ്ഥിതിഗതികള്‍ അനിവാര്യവും അലംഘനീയവുമാണ് എന്ന് കരുതാതിരിക്കലാണ് ഈ അസ്തിത്വനിലയില്‍ മുഖ്യം.

പോസ്റ്റ് മാര്‍ക്സിസ്റ്റുകളില്‍ ചിലര്‍ ആധാരശൂന്യ രാഷ്ട്രീയം (groundless politics) എന്നു വിളിക്കുന്നതിനുസമാനമാണ് ഗുരുവിന്റെ രാഷ്ട്രീയം. ഗുരുവിനെ സംബന്ധിച്ച് ഇത് അസ്തിത്വപരമായ ഉണര്‍വാണ്. അങ്ങനെ ഉണര്‍ന്നിരിക്കുന്നവര്‍ എന്ത് ചെയ്യുന്നോ അതാണ് കരുണ. അല്ലാതെ കരുണ എന്ന പേരില്‍ സംഘടിച്ച് നടപ്പാക്കാവുന്ന കാര്യങ്ങളല്ല. ഇതുകൊണ്ടാണ് കേരളത്തിലെ സാഹചര്യങ്ങളില്‍ താന്‍ നടത്തിയ ഇടപെടലുകളുടെ കര്‍തൃത്വം അദ്ദേഹം അവകാശപ്പെടാത്തത്. ആള്‍ക്കാര്‍ക്ക് മേലെയുള്ള ഒരാളാണ് താനെന്നു ധരിക്കുമ്പോള്‍ രക്ഷാ-കര്‍തൃത്വം ആണുണ്ടാവുക. ഗുരുവാണെങ്കില്‍ വെറും കര്‍തൃത്വം പോലും സ്വയം കല്പിച്ചിട്ടില്ല. സവിശേഷമായ ഒരുജനാധിപത്യ രാഷ്ട്രീയമാണത്. നമ്മെപ്പോലുള്ള ലഘുക്കള്‍ക്ക് അസാധ്യമല്ല ഇത്തരം അഹിംസാത്മകവും ആധാരശൂന്യവും തിരശ്ചീനമായ സമഭാവനയില്‍ നങ്കൂരമിട്ടതുമായ രാഷ്ട്രീയം.

ശ്രീനാരായണന്റെ ആധാരശൂന്യ രാഷ്ട്രീയത്തിന്റെ അതിസൂക്ഷ്മമായ ഭൂപടം വരയ്ക്കുന്ന തത്വചിന്തകനാണ് നിസാര്‍ അഹമ്മദ്. അദ്ദേഹം പറയുന്നത് ഗുരുവിനെ അദ്വൈതവാദി എന്ന് വിളിക്കാന്‍ പറ്റില്ലെന്നാണ്. അദ്വൈതിയായ ഒരാള്‍ സ്വയം പരിവര്‍ത്തിക്കപ്പെടണം.

Veed_with_Devika.jpg
ദിലീപ് രാജ്, ജെ. ദേവിക

അങ്ങനെ പരിവര്‍ത്തിക്കപ്പെട്ടാലോ, അയാള്‍ക്ക് അദ്വൈതം കൊണ്ട് യാതൊരു കാര്യവുമില്ല താനും. അതുകൊണ്ടാണ് മറ്റുള്ളവരെ അദ്വൈതമോ മറ്റെന്തെങ്കിലും ദര്‍ശനമോ ഉപദേശിക്കുന്നതിനുപകരം സ്വയം ഉപദേശിക്കുന്ന, ആത്മോപദേശശതകം അദ്ദേഹം എഴുതിയതെന്നാണ് നിസാറിന്റെ അഭിപ്രായം. അദ്വൈതവാദി ആവുന്നതോടെ ഒരു പൂര്‍ണവല്‍ക്കരണം നടക്കുമെന്നും അത് സാധ്യതകളെ മുന്‍കൂര്‍ അടയ്ക്കുമെന്നും ഗുരുവിന് അറിയാമായിരുന്നു. സി.വി.കുഞ്ഞുരാമനുമായുള്ള സംഭാഷണത്തില്‍ "ബുദ്ധന് ബുദ്ധമതം കൊണ്ട് വല്ല കാര്യവുമുണ്ടോ?' എന്നദ്ദേഹം ചോദിച്ചത് ഓര്‍ക്കുക.

പ്രായമാവും വരെയും ഒരിടത്തും മൂന്നു ദിവസത്തില്‍ കൂടുതല്‍ ഗുരുതാമസിച്ചിട്ടില്ലെന്നാണ് പി.കെ.ബാലകൃഷ്ണന്‍ പറയുന്നത് . അദ്ദേഹത്തിന്റെ കര്‍തൃത്വ നിരാസത്തിനു ചേരുന്ന ഒരു സന്ന്യാസ ശീലമാണത്. ഗുരു ഭൗതികമായി വിട്ട വീട്, അദ്ദേഹത്തിന്റെ ഇടപെടലുകളില്‍ കൂടി ഉണ്ടായി വന്ന ആധുനിക കേരളത്തിലെ സുപ്രധാന സ്ഥാപനമായി മാറിയതിന്റെ കഥകൂടിയാണ് ജെ. ദേവിക തന്റെ ഗവേഷണ പ്രബന്ധത്തില്‍ നമുക്ക് കാണിച്ചു തരുന്നത്. ആധുനികത അസമമായ ആധികാരികതയാണ് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പകര്‍ന്നു നല്‍കിയതെന്ന് ദേവിക വാദിക്കുന്നു. ആണുങ്ങളെ പൊതു മണ്ഡലത്തിലും പെണ്ണുങ്ങളെ വീട്ടമ്മമാരായി സ്വകാര്യ മണ്ഡലത്തിലും അധികാരികളായി വാഴിച്ച പ്രക്രിയയാണ് കേരളത്തിലെ ആധുനികത.

എന്തുകൊണ്ട് സര്‍ക്കാരിന് നഗരങ്ങളില്‍ തന്നെ, പലേടത്തായി ആദിവാസികള്‍ക്കും ചേരിനിവാസികള്‍ക്കും ഭൂമി കൊടുത്തു കൂടാ? 26000 ലധികം ദലിത് കോളനികളും അയ്യായിരത്തിലധികം ആദിവാസി കോളനികളും അങ്ങനെ തന്നെ നിലനില്‍ക്കണമോ? അവരുന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചാലെന്ത് ?

വീടിനെ സര്‍ഗാത്മകമായി വീണ്ടെടുക്കുക, സമഭാവനയോടെ പരിഷ്‌കരിക്കുക എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ ദൗത്യം. വീട് എന്ന വരേണ്യവകാശം എല്ലാവര്‍ക്കും ലഭിക്കണം എന്ന ആവശ്യവും അതിന്റെ അവിഭാജ്യഭാഗമാണ്. വീടായാലും കേരളത്തിലെ അധിവാസരൂപങ്ങളായാലും എന്തുരൂപമെടുക്കുമെന്നത് മുന്‍കൂര്‍ പ്രവചിക്കുക അസാധ്യമാണ്. പക്ഷേ ഒന്നിനെയും അനിവാര്യമായി കാണാതിരിക്കുക സുപ്രധാനമാണ്. എന്തുകൊണ്ട് സര്‍ക്കാരിന് നഗരങ്ങളില്‍ തന്നെ, പലേടത്തായി ആദിവാസികള്‍ക്കും ചേരിനിവാസികള്‍ക്കും ഭൂമി കൊടുത്തു കൂടാ? 26000 ലധികം ദലിത് കോളനികളും അയ്യായിരത്തിലധികം ആദിവാസി കോളനികളും അങ്ങനെ തന്നെ നിലനില്‍ക്കണമോ? അവരുന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചാലെന്ത് ?മത്സ്യത്തൊഴിലാളികളില്‍ പകുതിയിലധികം പേര്‍ വീട് വെക്കാന്‍ ഭൂമിയില്ലാതെ തുടരണോ? ചിലരുമാത്രം കോളനികളിലും ബാക്കിയുള്ളവര്‍ അങ്ങനെയല്ലാതെയും താമസിക്കുന്ന സാമൂഹ്യസ്ഥലം അടിമുടി മാറ്റി വരക്കേണ്ടേ?

കമല സുരയ്യ
മാധവിക്കുട്ടി

തീര്‍ച്ചയായും മാധവിക്കുട്ടിയും ബെല്‍ ഹുക്സും ഉള്‍പ്പെട്ട, ശരീരനിരാസത്തെ ഒഴിവാക്കുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ ഈ ദിശയില്‍ നമുക്ക് വഴികാട്ടികളായിരിക്കും. ശ്രീനാരായണ ഗുരു സാമ്പത്തിക ശാസ്ത്രജ്ഞനല്ലായിരുന്നു. കവിയാണ്. ഇക്കാല കേരളത്തിന്റെ ഒരു ദുര്യോഗം ആസൂത്രണം മൊത്തമായി സാമ്പത്തിക വിദഗ്ധരെ ഏല്‍പിച്ചിരിക്കുന്നു എന്നതാണ്. മറ്റൊരു ഭാവനയില്‍ നിന്നേ പുതിയൊരു കേരളം രൂപപ്പെടുകയുള്ളൂ. അതിന് സര്‍ഗശേഷി അനിവാര്യമാണ്.

വീടിനെ പുനരാവിഷ്‌കരിക്കുമ്പോള്‍ നമുക്ക് വീട് വിട്ടഗുരുവിനെ മറക്കാം; ഏകപക്ഷീയമായ നിരാസത്തെ നിഹിലിസ്റ്റിക്കായിപ്പോലും മുന്‍നിര്‍ത്തിയ നക്‌സലൈറ്റ് പാരമ്പര്യങ്ങളെയും. പകരം ഗുരുവില്‍ കെടാതെ നിന്ന ഉണര്‍വ് , നടപ്പ് സ്ഥിതിഗതികള്‍ മാറേണ്ടതാണ് എന്ന തുറന്ന മനോഭാവം, അണയാതെനിര്‍ത്താം.

പരാമര്‍ശിത കൃതികള്‍

കെ.രാജന്‍, കൂട്ടുവഴി(സാഹിത്യ അക്കാദമി , 2017) 

ഐറിസ് മരിയന്‍ യൂങ് ,"ഹൌസ് ആന്‍ഡ് ഹോം : ഫെമിനിസ്റ്റ് വേര്യേഷന്‍സ്ഓണ്‍ എ തീം', "ഓണ്‍ ഫീമെയ്ല്‍ ബോഡി ഏക്‌സ്പീരിയന്‍സ്' എന്ന കൃതിയില്‍ (ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് , 2005).

മാര്‍ട്ടിന്‍ ഹെയ്ഡഗര്‍, "ബില്‍ഡിങ്, ഡ്വെല്ലിങ്, തിങ്കിങ്?', "പോയട്രി, ലാംഗ്വേജ്, തോട്ട്' എന്ന കൃതിയില്‍, (ഹാര്‍പ്പര്‍ ആന്‍ഡ് റൗ, 1971)

സിമോണ്‍ ദി ബുവ്വെ, ദി സെക്കന്റ്? സെക്‌സ്, വിന്റേജ് ബുക്‌സ്, 1997 (1949)

ഗാസ്റ്റന്‍ ബാഷ്ലാര്‍ഡ്,പോറ്റിക്‌സ് ഓഫ് സ്‌പേസ്, ബീക്കണ്‍ പ്രസ്സ്, 1969 (1958)

ബെല്‍ ഹൂക്‌സ്, "ഹോംപ്‌ളേസ്: എ സൈറ്റ് ഓഫ് റെസിസ്റ്റന്‍സ്',  യേണിംഗ്: റേസ്, ജന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ പൊളിറ്റിക്‌സ്എന്ന കൃതിയില്‍ ( സൗത്ത് ഏന്‍ഡ് പ്രസ്സ് , 1990) 

ഹോമി കെ.ഭാഭ, "ദി ബര്‍ഡന്‍ഡ് ലൈഫ്: അംബേദ്കര്‍, ആരെന്റ് ആന്‍ഡ് ദി പെര്‍പ്ലെക്‌സിറ്റി ഓഫ് റൈറ്റ്സ്', "കണ്‍വെര്‍സേഷന്‍സ് വിത്ത് അംബേദ്കര്‍' എന്ന കൃതിയില്‍ (എഡിറ്റര്‍: വലേരിയന്‍ റോഡ്രിഗ്‌സ്, തൂലിക, 2019)

മൈത്രി പ്രസാദ് ഏലിയാമ്മ, "ദി കള്‍ച്ചറല്‍ പൊളിറ്റിക്‌സ് ഓഫ് വേജസ്: എത്നോഗ്രഫി ഓഫ് കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് ഇന്‍ കൊച്ചി , ഇന്ത്യ', കോണ്ട്രിബ്യുഷന്‍സ് ടു ഇന്ത്യന്‍ സോഷ്യോളജി, 51, 2 (2017), പുറം 1-31

നിസാര്‍ അഹമ്മദ്, "മെറ്റാഫിസിക്‌സ് ആന്‍ഡ് ദി പൊളിറ്റിക്‌സ് ഓഫ് കംപാഷന്‍', 2017ല്‍ കൊച്ചിയില്‍ ബാക്ക് വാട്ടേഴ്‌സ് കളക്ടീവ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധം

ജെ.ദേവിക, എന്‍ജന്‍ഡറിങ് ഇന്‍ഡിവിജ്വല്‍സ്: ദി ലാംഗ്വേജ് ഓഫ് റീഫോമേഷന്‍ ഇന്‍ ട്വന്റിയത് സെഞ്ചുറി കേരളം, (ഓറിയന്റ് ലോങ്ങ്മാന്‍, 2007)
 

(തുടരും...)

  • Tags
  • #Dileep Raj
  • #Naxalism
  • #Narayana Guru
  • #Rekha Raj
  • #Kalpetta Narayanan
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

എൻ.രേണുക

21 May 2020, 09:31 PM

സൂക്ഷ്മവും സർഗാത്മകവുമായ നിരീക്ഷണങ്ങൾ.എസ്.ജോസഫിന്റെ കവിത യിലെ പോക്കെടം"എന്ന സൂചനയും മാധവിക്കുട്ടിയുടെ നെയ്പ്പായസവും കല്പറ്റ നാരായണന്റെയും എംബി മനോജിന്റെയും അനിത തമ്പിയുടെയും ഒക്കെ കവിതാ പരാമർശങ്ങളും നവോത്ഥാന ചരിത്രത്തിന്റെ വിമർശനാത്മകവിശകലനങ്ങളും ചേർന്ന് 'വീട്' പല തലങ്ങളിലേക്ക് വ്യാപിക്കുന്നു.ആകർഷകമായ പഠനം

ജോണി മിറാൻഡ

14 May 2020, 08:39 PM

ഗംഭീരമായി .അഭിനന്ദനങ്ങൾ. തുടർ ലക്കങ്ങൾക്കായി കാത്തിരിക്കുന്നു.

Rekha Raj 2

Podcast

രേഖാ രാജ്

വൈരുധ്യങ്ങളുടെ ജനിതകപാലത്തിൽ ഒരമ്മയും മകളും

Apr 09, 2021

58 Minutes Listening

Kalpatta Narayanan

Podcast

കൽപ്പറ്റ നാരായണൻ / ഒ.പി. സുരേഷ്​

എനിക്കൊരു ഗൂഢകാാമിനി എല്ലാ ക്ലാസിലും ഉണ്ടായിരുന്നു

Mar 25, 2021

1 hour watch

kalppatta

Biblio Theca

കൽപ്പറ്റ നാരായണൻ / ഒ.പി. സുരേഷ്​

രണ്ടു കവികൾ തമ്മിൽ സംഭാഷണത്തിന്​ ഒരു ശ്രമം

Mar 01, 2021

1 hour watch

Rekha Raj 2

LSGD Election

രേഖാ രാജ്

ദളിത്  ബൗദ്ധിക നേതൃത്വം ദളിത് സ്ത്രീവാദ ഇടപെടലുകളോട് സംവാദത്തിനു തയ്യാറാവുന്നുണ്ടോ?

Nov 27, 2020

15 Minutes Read

Pasha 2

Editorial

കമല്‍റാം സജീവ്

മുസ്ലീം, വിലപ്പെട്ട സോഷ്യല്‍കാപ്പിറ്റലാണ്

Oct 11, 2020

5 Minutes Read

Sreenarayana Guru

Cultural Studies

കെ. എസ്. ഇന്ദുലേഖ

നാരായണ ഗുരുവിന്റെ പ്രതിമയാണ് സ്ഥാപിക്കുന്നത്, വിഗ്രഹമല്ല

Sep 20, 2020

11 Minutes Read

KR Meera Dileep Raj Interview 2

Controversy

കെ.ആർ. മീര / ദിലീപ്​ രാജ്​

വ്യക്തികളോട് പോരാടുന്നതില്‍ എനിക്ക്​ താല്‍പര്യമില്ല

Aug 21, 2020

10 Minutes Read

Kr Meera

Controversy

ദിലീപ് രാജ്

സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലെ ആണദ്ധ്യാപകരോട്

Aug 19, 2020

6 Minutes Read

Next Article

പാര്‍ട്ടി - വിപ്ലവേതര ദാര്‍ശനികപ്രശ്‌നങ്ങള്‍ - 4  

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster