വെള്ളിത്തിരയിലെ വിഷാദ ഭാരം ജീവിതത്തിലെ പ്രണയഭാവം

ദിലീപ് സാബിനോട് ഞാൻ ചോദിച്ചു: ജീവിതത്തിൽ ഏറ്റവും സംതൃപ്തി നൽകിയ ഒരു നിമിഷത്തെക്കുറിച്ച് എന്തെങ്കിലും ഒരോർമ പങ്ക് വെക്കാമോ?. വീൽചെയറിന്റെ പിന്നിൽ നിന്ന സൈറാബാനുവിനെ നോക്കി പതിഞ്ഞ ശബ്ദത്തിൽ ദിലീപ് സാബ് പറഞ്ഞു: വിശുദ്ധ മക്കയിലെ ഉംറ തീർഥാടനവും സംസം തീർഥജലം കുടിച്ചപ്പോഴുള്ള സന്തോഷവുമല്ലാതെ, ഇപ്പോൾ മറ്റൊന്നും പറയാൻ എനിക്കറിയില്ല.

ധാരാളം ഉറങ്ങുക, സമാധാനത്തോടെ ഉണരുക, ഉണരുമ്പോൾ എന്റെ കൈയിലൊരു കർച്ചീഫ് വേണം. ഓമനത്തം തുളുമ്പുന്ന ഒരു കൈക്കുഞ്ഞ് കൂടി അടുത്ത് കിടന്ന് പുഞ്ചിരിക്കാനുണ്ടെങ്കിൽ, ജീവിതം സ്വർഗതുല്യം.. ദിലീപ്കുമാറിന്റെ ഈ ആഗ്രഹം ഫിലിംഫെയർ മാസികയുടെ പഴയ ലക്കത്തിൽ വായിച്ചതോർക്കുന്നു. ഒരു കുഞ്ഞിന്റെ പിതാവാകാൻ സാധിച്ചില്ല എന്നതൊഴിച്ചാൽ മറ്റുള്ള ആശകളെല്ലാം സഫലമായതിന്റെ ചാരിതാർഥ്യത്തിലാകണം, ഇന്ത്യയുടെ മഹാനടൻ അരങ്ങൊഴിഞ്ഞത്.
മലയാളി ചലച്ചിത്രമാധ്യമ പ്രവർത്തക ഉദയതാരാ നായർ എഴുതിയ ദിലീപ് കുമാറിന്റെ ആത്മകഥാപരമായ ജീവചരിത്രത്തിൽ ശബ്‌നാ ആസ്മിയുടെ വാക്കുകൾ: ബോളിവുഡിലെ ഏറെക്കുറെ എല്ലാ നടീനടന്മാരുടേയും ദ്രോണാചാര്യരാണ് ദിലീപ് സാബ്. ഗുരുദക്ഷിണ നൽകേണ്ട ഏകലവ്യന്മാർക്ക് കണക്കില്ല.

2013 ആഗസ്റ്റിൽ പരിശുദ്ധ ഉംറ നിർവഹിക്കാനെത്തിയ ദിലീപ് കുമാറിനും പത്‌നി സൈരാബാനുവിനും ജിദ്ദയിലെ അന്നത്തെ ഇന്ത്യൻ കോൺസൽ ജനറൽ ഫൈസ് അഹമ്മദ് കിദ്വായി നൽകിയ അത്താഴവിരുന്നിനു ശേഷമുള്ള ചെറിയ ഇടവേളയ്ക്കിടെ ദിലീപ് സാബിനോട് ഞാൻ ചോദിച്ചു: ജീവിതത്തിൽ ഏറ്റവും സംതൃപ്തി നൽകിയ ഒരു നിമിഷത്തെക്കുറിച്ച് എന്തെങ്കിലും ഒരോർമ പങ്ക് വെക്കാമോ?.

ദിലീപ്കുമാറും സൈറാബാനുവും ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയപ്പോൾ / ഫോട്ടോ :കൃഷ്ണ ചെമ്മാട്

വീൽചെയറിന്റെ പിന്നിൽ നിന്ന സൈറാബാനുവിനെ നോക്കി പതിഞ്ഞ ശബ്ദത്തിൽ ദിലീപ് സാബ് പറഞ്ഞു: വിശുദ്ധ മക്കയിലെ ഉംറ തീർഥാടനവും സംസം തീർഥജലം കുടിച്ചപ്പോഴുള്ള സന്തോഷവുമല്ലാതെ, ഇപ്പോൾ മറ്റൊന്നും പറയാൻ എനിക്കറിയില്ല.

പാക് - അഫ്ഗാൻ അതിർത്തിയിലെ പെഷവാറിലെ പഴക്കച്ചവടക്കാരന്റെ മകനിൽ നിന്ന് ലോകമെമ്പാടുമുള്ള സിനിമാക്കമ്പക്കാരുടെ വീരനായക പദവിയിലേക്കുള്ള യൂസുഫ്ഖാൻ എന്ന ദിലീപ്കുമാറിന്റെ ഇതിഹാസ സമാനമായ വളർച്ച, ചരിത്രത്തിൽ കൊത്തിവെച്ചത് വിസ്മയങ്ങളുടെ അസംഖ്യം വിജയമുദ്രകളാണ്.

അതിഭാവുകത്വത്തിലേയ്ക്ക് വഴുതിയേക്കാവുന്ന ചില റോളുകളിൽ നിന്ന് ഝടുതിയിലാണ് ദിലീപ് കുമാർ മോചിതനായതും വ്യതിരിക്തമായ നടനശൈലിയുടെ അന്യൂനമായ അവസ്ഥയിലേക്ക് പൊടുന്നനെ പരകായപ്രവേശം ചെയ്തതും. ഉദയതാരാ നായർ, ഏറെ പണിപ്പെട്ടാണ് ദിലീപ് സാബിന്റെ 456 പേജുള്ള ആത്മകഥ - എഴുതിത്തീർത്തത്. സൈറാബാനുവിന്റെ പ്രേരണ കൂടിയില്ലായിരുന്നുവെങ്കിൽ പുസ്തകമെഴുത്ത് യാഥാർഥ്യമാകുമോ എന്ന കാര്യത്തിലും ഉദയതാരാ നായർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റിലും ലൊക്കേഷനുകളിലും ഹോട്ടൽ ലോണുകളിലും യാത്രകളിലുമൊക്കെ പറഞ്ഞുകേട്ട ജീവിതമാണ് എഴുതിത്തീർത്തതെന്നും ഗ്രന്ഥകാരി പറയുന്നുണ്ട്.

ഉദയതാരാനായർ എഴുതിയ ദിലീപ്കുമാറിന്റെ ജീവചരിത്രത്തിന്റെ കവറും നടന്റെ കൈയൊപ്പുള്ള ആദ്യപേജും

ഏഴു പതിറ്റാണ്ടോളം ഇന്ത്യൻ സിനിമയെ അടക്കിവാണ ദിലീപ് ഇരുപത്തിരണ്ടാം വയസ്സിലാണ് അമിയാ ചക്രവർത്തി സംവിധാനം ചെയ്ത ജ്വാർഭാട്ട എന്ന ചിത്രത്തിനു വേണ്ടി ചമയമണിയുന്നത്. സിനിമ പരാജയമായിരുന്നു. അതിനിടെ, ബാപ്പയുടെ പഴക്കച്ചവടത്തിന്റെ എക്സ്റ്റൻഷൻ എന്നു പറയാവുന്ന ചെറിയ ഒരു ഫ്രൂട്ട് - സാൻഡ്​വിച്ച്​ കട പൂനെയിലെ ബ്രിട്ടീഷ് ആർമി ക്ലബിലാരംഭിച്ച ദിലീപിന്റെ അഭിനയമോഹത്തിന് അതിരുകളില്ലായിരുന്നു. ദിലീപിന്റെ അഭിനയത്തോടുള്ള അഭിനിവേശം കണ്ടറിഞ്ഞ സ്‌ക്രീൻ ചലച്ചിത്രമാസികയുടെ എഡിറ്റർ മലയാളിയായ എസ്.എസ്. പിള്ളയുടെ ഒരു ലേഖനം ശ്രദ്ധയിൽപ്പെട്ട എസ്. മുഖർജിയാണ്, ജ്വാർഭട്ടയ്ക്കു ശേഷം മൂന്നു വർഷം കൂടി കഴിഞ്ഞപ്പോൾ പുറത്തിറങ്ങിയ ജുഗ്‌നു എന്ന സിനിമയിലേക്കുള്ള രംഗപ്രവേശത്തിനു വഴിയൊരുക്കിയത്. നായിക നൂർജഹാൻ. അതാകട്ടെ, ഗംഭീരതുടക്കവുമായി. ജുഗ്‌നു വൻഹിറ്റായി. പിൽക്കാല ബോളിവുഡിന്റെ ചരിത്രം തിരുത്തിയ അഭിനയസമ്രാട്ടിന്റെ വരവായിരുന്നു അത്.

തുടർന്ന് നിരവധി ചിത്രങ്ങൾ, നിരവധി വേഷങ്ങൾ. അന്ദാസിലെ സ്വപ്‌നനായകനെ ഹിന്ദി സിനിമാലോകം കൈയിലെടുത്തു. ആൻ, ദാഗ്, ദേവദാസ്, ആസാദ്, മുഗൾ എ അഅ്സം, ഗംഗാ ജമുന, രാം ഔർ ശ്യാം, ശഹീദ്, മേള, ലീഡർ... അഞ്ചു പതിറ്റാണ്ടിന്റെ അഭ്രലോകത്തിൽ ദിലീപ്‌സാബിന് കരിയറിൽ നേരിട്ട് പ്രതിയോഗികളില്ലായിരുന്നു. അക്ഷരാർഥത്തിൽ മുടിചൂടാമന്നൻ. ഡയലോഗുകളുടെ ചക്രവർത്തി. ഭാവാഭിനയത്തിൽ ഹോളിവുഡ് നടന്മാരെപ്പോലും പിന്നിലാക്കുന്ന സർഗപ്രതിഭ. തന്റെ ക്രെഡിറ്റിലേക്കൊഴുകിയ സിനിമകളുടെ മഹാപ്രവാഹത്തിനിടെ വ്യക്തിജീവിതത്തിലും ദിലീപ്കുമാറിന് ചില ആന്റിക്ലൈമാക്‌സുകൾ സംഭവിക്കുന്നുണ്ട്, ഈ കാലയളവിൽ. തരാന എന്ന സിനിമയുടെ ലൊക്കേഷനിൽ പൂവിട്ട ഒരു നിശ്ശബ്ദപ്രണയം. പ്രണയത്തിന്റെ രാജകുമാരി, ഇന്ത്യൻ സിനിമയുടെ സ്വപ്‌നസുന്ദരി മധുബാല. ഏഴു വർഷം നീണ്ടു നിന്ന പ്രണയം പൂവണിയാതെ പോയി. മധുബാലയുടെ വീട്ടുകാർ കോടതി കയറി. അക്കാലത്തെ ഒരു ശരാശരി ഹിന്ദി സിനിമയിലെപ്പോലെ ദിലീപ്കുമാർ - മധുബാല പ്രേമം ശോകപര്യവസായിയായി. തെന്നിന്ത്യൻ നടി വൈജയന്തിമാലയുടെ മനസ്സിൽ ദിലീപ് കുമാർ തീയായിപ്പടർന്നതും ഇക്കാലത്താണ്.

മധുബാല, ദിലീപ്കുമാർ.

സ്വകാര്യ ജീവിതത്തിൽ വിവാദങ്ങൾ പുകയുന്നതിനിടെ ദിലീപ്കുമാർ തന്നെക്കാൾ ഇരുപത്തിരണ്ടു വയസ്സിന് ഇളപ്പമുള്ള സൈറാബാനുവിനെ നിക്കാഹ് ചെത്​തു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ ഹിന്ദി നടിയാണ് അന്ന് സൈറാബാനു. ഇപ്പോഴത്തെ ഉത്തരാഖണ്ഡിലെ മിസൗറിയിൽ, പ്രസിദ്ധമായ കുടുംബാംഗമായ സൈറാബാനു മികച്ച നർത്തകിയുമായിരുന്നു. ഈ താരവിവാഹം കടുത്ത എതിർപ്പുകൾക്ക് നടുവിലായിരുന്നു. 1966 ലായിരുന്നു ദിലീപ് കുമാർ - സൈറാബാനു വിവാഹം. അന്ന് തൊട്ട് കഴിഞ്ഞ രാത്രിയിലെ മരണം വരെ ദിലീപ്കുമാറിന്റെ ജാൻ (ജീവൻ) തന്നെയാണ് സൈറാബാനു. കഴിഞ്ഞ മാസം ആറാം തിയ്യതി മുംബൈ ഹിന്ദുജാ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട ദിലീപ് കുമാറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്നും ആശങ്കയ്ക്ക് വഴിയില്ലെന്നും സൈറാബാനു ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല, രോഗക്കിടക്കയിൽ നിന്ന് നടന്റെ ചിത്രങ്ങളും അവർ പോസ്റ്റ് ചെയ്തു. ഡിസ്ചാർജ് ചെയ്യപ്പെട്ട ദിലീപ്കുമാറിനെ വീണ്ടും ഒരാഴ്ച മുമ്പാണ് ന്യൂമോണിയയെത്തുടർന്ന് ആശുപത്രിയിലാക്കിയതും അന്ത്യം സംഭവിച്ചതും. അവസാനനേരത്തും സൈറ, ദിലീപ്‌സാബിന് സാന്ത്വനമേകാൻ കൂട്ടിനുണ്ടായിരുന്നു.

ഹൈദരബാദുകാരിയായ അസ്മാ സാഹിബയുമായുള്ള ഹ്രസ്വകാലദാമ്പത്യവും ദിലീപ്കുമാറിന്റെ ജീവിതത്തിലുണ്ടായി. സൈരാബാനുവുമായുള്ള ബന്ധത്തിൽ അവർ ഗർഭസ്ഥയായെങ്കിലും കുഞ്ഞുണ്ടായില്ല. അനപത്യതയുടെ ആകുലതകൾ ഏറെക്കാലം ദിലീപ്- സൈരാ ദമ്പതികളുടെ ജീവിതത്തിൽ ഇരുൾ നിറച്ചു. ഈ ഇരുളിന് കട്ടികൂട്ടുന്നതായിരുന്നു ഇക്കഴിഞ്ഞ വർഷം - 2020 ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ടു ഇളയ സഹോദരങ്ങൾ ദിലീപ് കുമാറിന് നഷ്ടപ്പെട്ടത്. മക്കളെപ്പോലെ പരിചരിച്ചിരുന്ന, കലാകാരന്മാർ കൂടിയായിരുന്ന അസ്‌ലം ഖാൻ, ഇഹ്‌സാൻ ഖാൻ എന്നീ അനിയന്മാരെയാണ് കോവിഡ്ബാധയെത്തുടർന്ന് ദിലീപ്കുമാറിന്റെ കുടുംബത്തിന് നഷ്ടമായത്.
1976 ൽ അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം 1981 ൽ ക്രാന്തി എന്ന സിനിമയിലൂടെ ദിലീപ്കുമാർ ഗംഭീരമായൊരു രണ്ടാം വരവ് നടത്തുന്നതാണ് ബോളിവുഡ് കണ്ടത്. തുടർന്ന് മശായി, കർമ, സൗദാഗർ, ഖില തുടങ്ങിയ നിരവധി ഹിറ്റുകൾ പിറവി കൊണ്ടു. സംഗീതപ്രേമിയായ ദിലീപ്‌സാബിന് നന്നായി സിതാർ വായിക്കാനറിയാമായിരുന്നു. ക്രിക്കറ്റും ജ്വരമായിരുന്നു- അവസാനകാലം വരെ.

അത്യുജ്വലമായ അഭിനയത്തിന്റെ അംഗീകാരമായി എട്ടുതവണ ഫിലിം ഫെയർ പുരസ്‌കാരം ദിലീപ്കുമാറിനെത്തേടിയെത്തി. ദാദാസാഹിബ് അവാർഡ് ജേതാവായ അഭിനയചക്രവർത്തിയെ രാജ്യം 1991 ൽ പദ്മഭൂഷണും 2015 ൽ പദ്മവിഭൂഷണും നൽകി ആദരിച്ചു. രാജ്യസഭാംഗമായും പ്രവർത്തിച്ചു.
ദിലീപ്കുമാറിന്റെ ജന്മസ്ഥലമായ പാകിസ്ഥാനിലെ പെഷവാറിൽ അദ്ദേഹം ജനിച്ച വീട് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് ദേശീയ സ്മാരകമാക്കിയിട്ടുണ്ട്.


Comments