സ്വന്തം വീട്ടുജോലിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരെ നിയോഗിച്ച് ഡയറക്ടർ, പരാതിയുമായി ജീവനക്കാർ

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിക്കെത്തുന്ന ശുചീകരണ തൊഴിലാളികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പണിക്കുശേഷം ഡയറക്ടറുടെ വീട്ടിലെയും ജോലിക്കെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഡയറക്ടറുടെ വീടും സർക്കാർ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൂടുതൽ പണി ചെയ്യിപ്പിക്കാനാണ് അധികൃതർ തുടക്കം മുതലേ ശ്രമിച്ചത്. ഇതിനെക്കുറിച്ച് ചോദ്യം ചെയ്താൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി തൊഴിലാളികൾ പറയുന്നു.

ദലിത്- പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് തുല്യമായ പ്രാതിനിധ്യാവകാശങ്ങളോടെ പഠനപ്രവർത്തനങ്ങളിലേർപ്പെടാൻ കഴിയുന്ന ഇടമല്ല കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടെന്ന് തെളിയിക്കുന്ന സംഭവങ്ങൾ മുമ്പുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ, നാല് സ്ത്രീ ശുചീകരണ തൊഴിലാളികൾ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ഭാഗത്തുനിന്നുള്ള കടുത്ത ജാതിവിവേചനത്തെക്കുറിച്ച് പരാതിയുമായി രംഗത്തുവന്നിരിക്കുന്നു. രാജ്യത്തെ പ്രധാന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ ഇവിടെ നടക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് വിദ്യാർഥികളും ജീവനക്കാരും ഒരുപോലെ തുറന്നുപറഞ്ഞിട്ടും പരിഹാരങ്ങളുണ്ടാകാത്തതിനെതുടർന്നാണ് തൊഴിലാളികൾ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ വീട്ടിൽ നിന്ന് നേരിടേണ്ടിവന്ന മനുഷ്യത്വരഹിതമായ പീഡനങ്ങളെക്കുറിച്ചാണ് നാല് ശുചീകരണ തൊഴിലാളികൾ പരാതിപ്പെടുന്നത്.

ജാതി നോക്കി വീട്ടുജോലി ചെയ്യിപ്പിക്കുന്ന ഡയറക്ടർ

ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് ശുചീകരണ തൊഴിലാളികളാണുള്ളത്. സർക്കാർ നിർദ്ദേശപ്രകാരം ഇവർക്ക് രാവിലെ എട്ടുമണി തൊട്ട് പന്ത്രണ്ട് മണി വരെയാണ് ജോലിസമയം നിശ്ചയിച്ചിരിക്കുന്നത്. പന്ത്രണ്ട് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ 55 ക്ലാസുകളും 13 സ്ഥാപനങ്ങളും പരിസരവും വൃത്തിയാക്കാൻ ഇത്രയും ചുരുങ്ങിയ സമയം തികയാത്തതിനാൽ ശമ്പളമില്ലാതെ അധികം ഒരു മണിക്കൂർ കൂടി ഇവർ പണിയെടുക്കുന്നുണ്ട്. ഇതിനുപുറമെയാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ പണിക്കുശേഷം ഡയറക്ടറുടെ വീട്ടിലെ പണിയും ചെയ്യാൻ ഇവരെ വ്യവസ്ഥപ്പെടുത്തിയത്. ഇന്റർവ്യൂ സമയത്ത് ഡയറക്ടറുടെ വീട്ടിലെ പണികളും ചെയ്യേണ്ടി വരുമെന്ന് ഇവരോട് അധികൃതർ സൂചിപ്പിച്ചിട്ടില്ല. ജോലിക്ക് കയറി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഈ വിവരം അറിയിച്ചത്. ഡയറക്ടറുടെ വീടും സർക്കാർ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൂടുതൽ പണി ചെയ്യിപ്പിക്കാനാണ് അധികൃതർ തുടക്കം മുതലേ ശ്രമിച്ചത്. ഇതിനെക്കുറിച്ച് ചോദ്യം ചെയ്താൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി തൊഴിലാളികൾ പറയുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിലെ പണി കഴിഞ്ഞ് വരുന്ന തങ്ങൾക്ക് യാതൊരു മാനുഷിക പരിഗണനകളും ഡയറക്ടറുടെ വീട്ടിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും ജാതീയവും വർഗീയവുമായ വിവേചനം നേരിട്ടുവെന്നും ശുചീകരണ തൊഴിലാളികൾ ട്രൂകോപ്പിയോട് പറഞ്ഞു:

""ഡയറക്ടർ സാറിന്റെ വീട്ടിൽ പണിക്കുപോയ ആദ്യ ദിവസം തന്നെ ഞങ്ങളോടെല്ലാവരോടും ജാതി ഏതാണെന്ന് ചോദിച്ചിരുന്നു. താഴ്ന്ന ജാതിക്കാരാണോന്ന് അറിയാൻ വേണ്ടിയാണ് ചോദിക്കുന്നത്. അവരുദ്ദേശിച്ച ജാതിയല്ലെന്ന് അറിഞ്ഞാൽ പുറത്തു നിന്ന് കുളിച്ച്, കൈയ്യൊക്കെ രണ്ടുമൂന്ന് പ്രാവശ്യം സാനിറ്റൈസെറൊക്കെയിട്ട് കഴുകിയശേഷം അകത്തേക്ക് കയറാൻ പറയും. താഴ്ന്ന ജാതിക്കാരാണെങ്കിൽ വേറെ രീതിയിലാകും പരിഗണിക്കുക. ഞങ്ങളുടെ കൂട്ടത്തിൽ എസ്.സി വിഭാഗത്തിൽ നിന്നുള്ള ഒരാളുണ്ട്. അവളെ മാത്രം ഇതേവരെ ഡയറക്ടർ വീട്ടിൽ പണിയെടുപ്പിക്കാൻ വിളിപ്പിച്ചിട്ടില്ല. സാറിന്റെ വീട്ടിലെ മുറ്റത്തെയും അകത്തെയും പണികളെല്ലാം ഞങ്ങളെകൊണ്ട് ചെയ്യിപ്പിക്കും. വലിയ മുറ്റമാണ്. ഒറ്റയ്ക്ക് ഒരാളെ കൊണ്ട് അടിച്ചുവാരിയാൽ തീരില്ല. വീട്ടിലെ ബാത്ത്റൂമൊക്കെ കൈകൊണ്ടുതന്നെ കുഞ്ഞു സ്‌ക്രബർ ഉപയോഗിച്ച് കഴുകാൻ പറയും. ഇങ്ങനെ ചെയ്താലേ കൂടുതൽ വൃത്തിയാകുകയുള്ളൂ എന്നു പറഞ്ഞ് ബ്രഷ് ഉപയോഗിച്ച് കഴുകാനൊന്നും സമ്മതിക്കില്ല. പണിയെടുപ്പിക്കാൻ സാറിന്റെ ഭാര്യ അടുത്തുതന്നെ നിൽക്കും. അവിടുത്തെ പണിക്ക് പ്രത്യേക ശമ്പളമൊന്നും തരാറില്ല '' , അവർ പറഞ്ഞു.

വെള്ളം പ്രത്യേക ഗ്ലാസിൽ

ഡയറക്ടറുടെ വീട്ടിലെ തീർത്താൽ തീരാത്ത പണികൾക്കുപുറമെ മനുഷ്യവിരുദ്ധമായ വിവേചനങ്ങളും തങ്ങളുടെ നേരെയുണ്ടായതായി ഇവർ പറയുന്നു. വീട്ടുജോലിക്കിടെ കുടിക്കാൻ വെള്ളം ചോദിച്ചാൽ തരാൻ മടിയാണ്. വീടിനുപുറത്ത് പ്രത്യേകം മാറ്റിവച്ച ഗ്ലാസിലാണ് വെള്ളം കുടിക്കാൻ കൊടുക്കുക. ഡയറക്ടറുടെ വീട്ടിൽനിന്ന് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഡയറക്ടറെയും മറ്റ് അധികാരികളെയും അറിയിച്ചിട്ടുണ്ട്. ഇനിയും ഈ വീട്ടിലേക്ക് പോകാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ അഞ്ചുപേരെയും പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കുമെന്നായിരുന്നു മറുപടി. പരാതി നൽകിയശേഷം തങ്ങളെ പിരിച്ചുവിടാനുള്ള നീക്കങ്ങൾ തുടങ്ങിയെന്നറിഞ്ഞപ്പോഴാണ് സത്യം തുറന്നുപറയാൻ ഇവർ തീരുമാനിക്കുന്നത്.

""ജോലി പോകുമെന്ന് പേടിച്ചാണ് ഇത്രയും കാലം ആരോടും ഒന്നും പറയാതിരുന്നത്. ഞങ്ങൾ നാലു പേരും എത്ര തവണ ഇതൊക്കെ പറഞ്ഞ് കരഞ്ഞിട്ടുണ്ടെന്നറിയാമോ?. ഞങ്ങളൊക്കെ ജീവിക്കാൻ വളരെയധികം കഷ്ടപ്പെടുന്നവരാണ്. ഈ ജോലി പോയാൽ ഞങ്ങൾക്ക് വേറെ മാർഗങ്ങളില്ല. അതുകൊണ്ടുമാത്രമാണ് ഇത്രയും വിഷമിച്ചും സഹിച്ചും ഇവിടെ നിന്നത്. രണ്ട് ജോലിയും കഴിഞ്ഞുവന്നാൽ നടുവൊന്ന് നിവർത്താൻ പോലും കഴിയില്ല. ഡയറക്ടർ സാറിന്റെ വീട്ടിലേക്ക് പോവാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നൂറ് രൂപ വണ്ടിക്കൂലി തരും. രണ്ട് ബസ് മാത്രമുള്ള ആ സ്ഥലത്തേക്ക് ഈ പൈസ കൊണ്ട് പോയിവരാൻ കഴിയില്ല. ചിലപ്പോൾ ഞങ്ങടെ കൈയ്യീന്ന് പൈസ എടുത്താണ് പോയിരുന്നത്. ഞങ്ങൾക്ക് ശേഷം വരുന്നവർക്കും ഇതേ ഗതി തന്നെയാണ് വരാൻ പോകുന്നത്. ഇതൊക്കെ എല്ലാവരും തിരിച്ചറിയണം. ഞങ്ങൾക്ക് നീതി ലഭിക്കണം.''

പുറത്തുപറഞ്ഞപ്പോൾ പിരിച്ചുവിടൽ ഭീഷണി

6000 രൂപയാണ് ശുചീകരണ തൊഴിലാളികളുടെ ശമ്പളം. ഓവർടൈമിന് കൂടുതൽ ശമ്പളം ഇല്ല. കരാർ അടിസ്ഥാനത്തിലുള്ള ജോലിയായതിനാൽ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാമെന്ന ഭീഷണിയിലാണ് ഇവരെ ചൂഷണം ചെയ്യുന്നത്. ഇവരുടെ വരുമാനത്തെ ആശ്രയിച്ചാണ്, അഞ്ച് തൊഴിലാളികളുടെയും കുടുംബങ്ങൾ കഴിയുന്നത്. ഈ നിസ്സഹായവസ്ഥയെ മുതലെടുത്ത് എല്ലാ പണികളും ചെയ്യിപ്പിക്കാനാണ് തുടക്കം മുതലേ അധികൃതർ ശ്രമിച്ചിരുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ എന്തെങ്കിലും പരിപാടികളുണ്ടെങ്കിൽ ഇവർക്ക് കൂടുതൽ പണിയുണ്ടാകും. അത്തരം ദിവസങ്ങളിൽ ഡയറക്ടറുടെ വീട്ടിലേക്ക് രണ്ടുപേർ പണിക്ക് വരട്ടെയെന്ന് ചോദിച്ചാലും സമ്മതിക്കില്ല. അസുഖമാണെങ്കിലും മറ്റ് എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാ ചൊവ്വാഴ്ചയും ഡയറക്ടറുടെ വീട്ടിൽ പണിക്ക് പോയിരിക്കണം. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നശേഷം അധികൃതർ ഇവരെ വിളിച്ച് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. ഡയറക്ടറുടെ വീട്ടിൽ നടന്ന സംഭവങ്ങളെക്കുറിച്ച് പുറത്തുപറയരുത്. ഈ പ്രശ്‌നങ്ങളെല്ലാം കെട്ടടങ്ങി കഴിയുമ്പോൾ ഡയറക്ടർ എല്ലാവരെയും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വിദ്യാർഥിവിരുദ്ധ സമീപനങ്ങളെക്കുറിച്ച് നേരത്തെ നിരവധി പരാതികളുണ്ടായിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ശുചീകരണ തൊഴിലാളികളുടെ പോരാട്ടത്തിന് പിന്തുണ നൽകിയിട്ടുണ്ട്. രാജ്യം എക്കാലവും അഭിമാനത്തോടെ ഓർക്കുന്ന കെ.ആർ. നാരായണന്റെ പേരിലുള്ള ഒരു സ്ഥാപനമാണ്, സവർണബോധത്തിലൂന്നിയ അക്കാദമിക് കാഴ്ചപ്പാടോടെ വിദ്യാർഥികളെയും തൊഴിലാളികളെയും പീഡിപ്പിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് സർക്കാറിന്റെ അടിന്തര ഇടപെടൽ കാത്തിരിക്കുകയാണിവർ

Comments