‘‘പരീക്ഷ മാറ്റിവെക്കുക എന്നത് എളുപ്പമാണ്. ഈ വര്‍ഷം പരീക്ഷകള്‍ വേണ്ട എന്നു തീരുമാനിച്ചാല്‍ സര്‍ക്കാറിന് പിന്നെ തലവേദന ഒന്നുമില്ല. എന്നാല്‍ ഈ ആപത്‌സന്ധിയിലും പഠനവും പരീക്ഷയും മുടങ്ങാതെ നോക്കുക എന്നത് എളുപ്പമല്ല- സംസ്ഥാനത്ത് പൊതുപരീക്ഷ നടത്താനുള്ള സർക്കാർ നടപടി വ്യാപക വിമർശനത്തിനിടയാക്കിയ സാഹചര്യത്തിൽ, സിലബസിനെയും പരീക്ഷാനടപടികളെയും കുറിച്ച് സർക്കാർ പക്ഷത്തുനിന്ന് വിശദീകരിക്കുകയാണ് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗമായ ലേഖകൻ
10 Jan 2021, 07:52 AM
പത്തുമാസമായി അടച്ചിട്ട സ്‌കൂളുകള്‍ ഭാഗികമായി തുറന്നിരിക്കുന്നു. പത്തിലേയും പന്ത്രണ്ടിലേയും പൊതുപരീക്ഷകള്‍ എഴുതേണ്ട കുട്ടികളാണ് സ്‌കൂളിലെത്തിയിരിക്കുന്നത്. വിക്‌ടേഴ്‌സ് ചാനല്‍ വഴി നടന്നു വരുന്ന ‘ഫസ്റ്റ് ബെല്‍' ക്ലാസ്സുകളില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ ഒന്നു കൂടി ഉറപ്പിക്കുവാനും സംശയദൂരീകരണത്തിനുമാണ് കുട്ടികളെ സ്‌കൂളിലേക്ക് വരുത്തുന്നത്. കോവിഡ് ഭീതി പൂര്‍ണമായും ഒഴിഞ്ഞ സാഹചര്യമല്ലെങ്കിലും കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കുന്നതിനുള്ള ‘റിസ്‌ക്' സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. ആരോഗ്യ വകുപ്പിന്റെയും മറ്റ് വിദഗ്ധരുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് സ്‌കൂളില്‍ വരാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സ്‌കൂളില്‍ വരുന്ന കുട്ടികള്‍ രക്ഷിതാക്കളുടെ സമ്മതപത്രം ഹാജരാക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്.
Also Read: പത്താംക്ലാസ് പരീക്ഷാ നടത്തിപ്പ് അപ്രായോഗികം; ആരോട് ചര്‍ച്ച ചെയ്തിട്ടാണ് സര്‍ക്കാര്‍ തീരുമാനം | കെ. ടി. ദിനേശ്
പത്ത് മാസമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാതെ കുടുങ്ങിക്കിടന്നിരുന്ന കുട്ടികള്‍ സ്‌കൂളിലേക്ക് വരുന്നതില്‍ സന്തോഷിക്കുന്നവരാണ്. ഒന്നിച്ചിരിക്കാനും കൂട്ടുകൂടാനും ഭക്ഷണം പങ്കുവെച്ച് കഴിക്കാനും കഴിയില്ലെങ്കിലും വീട്ടില്‍നിന്ന് പുറത്തിറങ്ങാനാവുന്നതിന്റെ സന്തോഷം അവര്‍ക്കുണ്ട്. അധ്യാപക പക്ഷത്തുനിന്നുള്ള പൊതുവികാരവും ഏതാണ്ട്് സമാനമാണ്. സ്‌കൂളില്‍ വരാനും കുട്ടികളെ കാണാനും അവരെ നേരിട്ട് പഠിപ്പിക്കാനും വീണ്ടും അവസരം കിട്ടിയതില്‍ സന്തുഷ്ടരാണവര്‍.
ലോക്ഡൗണും രോഗഭീതിയും സൃഷ്ടിച്ച മാനസികാഘാതം പേറുന്ന കുട്ടികളും കൂട്ടത്തിലുണ്ടാവും എന്നു മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. സ്‌കൂളിനോടും പഠനത്തോടുമൊക്കെ ഒരുതരം വിരക്തിയോ അകല്‍ച്ചയോ ബാധിച്ച കുട്ടികള്‍ പോലുമുണ്ടാവാം. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വേണ്ടത്ര ശ്രദ്ധിക്കാത്തവരും അസൗകര്യങ്ങള്‍ കാരണം കാണാന്‍ കഴിയാതെ പോയവരും കൂട്ടത്തിലൂണ്ടാവാം. എണ്ണത്തില്‍ കുറവാണെങ്കിലും ഇവരെക്കൂടി അഭിസംബോധന ചെയ്യാതെ പരീക്ഷയുമായി മുമ്പോട്ട് പോകുന്നത് ശരിയല്ല എന്നതില്‍ തര്‍ക്കമില്ല.
മാര്‍ച്ചിലെ പൊതുപരീക്ഷകള്‍
ജനുവരി 30 നകം ചാനല്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കാനും മാര്‍ച്ച് 17 മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ നടത്താനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉണ്ടാക്കിയ പഠനവിടവുകള്‍ രണ്ടര മാസത്തെ മുഖാമുഖ ക്ലാസ്സുകളിലൂടെ നികത്താനാവുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഒരു പകര്‍ച്ചവ്യാധിക്ക് മുമ്പില്‍ നിശ്ചലപ്പെട്ട് പോകേണ്ടതല്ല സ്‌കൂള്‍ വിദ്യാഭ്യാസമെന്ന തിരിച്ചറിവും ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തില്‍ നിന്ന് ഒരു വര്‍ഷം വെറുതെ നഷ്ടപ്പെട്ട് പോവരുതെന്ന ഉറച്ച ബോധ്യവുമാവണം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് സര്‍ക്കാറിനെ എത്തിച്ചത്.

ആരോട് ചര്‍ച്ച ചെയ്തിട്ടാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത് എന്ന പ്രകോപനപരമായ ചോദ്യങ്ങള്‍ മുതല്‍ കുട്ടികളെ പരീക്ഷാസമ്മര്‍ദ്ദങ്ങളിലേക്ക് തള്ളിയിടുന്നതിന്റെ അശാസ്ത്രീയതകള്‍ ചൂണ്ടിക്കാണിക്കുന്ന ലേഖനങ്ങള്‍ വരെ വന്നു കഴിഞ്ഞിട്ടുണ്ട്. ‘ഫസ്റ്റ് ബെല്‍' സംപ്രേഷണങ്ങള്‍ സ്‌കൂള്‍ ക്ലാസുകള്‍ക്ക് പകരമല്ല എന്നാണ് പറഞ്ഞിരുന്നത് എന്നും ഇപ്പോള്‍ ആ ക്ലാസുകളെ അടിസ്ഥാനമാക്കി പരീക്ഷ നടത്തുന്നത് കുട്ടികളോടുള്ള വഞ്ചനയാണെന്നുമാണ് പ്രധാന വിമര്‍ശനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്റ് ചെയ്യുന്നതിലും പഠിക്കുന്നതിലും പിന്നാക്കം പോയ കുട്ടികള്‍ക്ക് പരീക്ഷ പ്രയാസമകരമാവും എന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. നാലോ അഞ്ചോ മാസത്തെ മുഖാമുഖ ക്ലാസുകള്‍ക്കുശേഷം മേയിലോ ജൂണിലോ പരീക്ഷ നടത്തിയാല്‍ പോരെ എന്ന ചോദ്യമുയരുന്നുണ്ട്. മാര്‍ച്ചില്‍ തന്നെ പരീക്ഷ നടത്തണമെന്നാണെങ്കില്‍ സിലബസിന്റെ പകുതിയെങ്കിലും വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
നിര്‍ദ്ദേശങ്ങളായും വിമര്‍ശനങ്ങളായും വന്ന ഒട്ടേറെ കാര്യങ്ങളില്‍ മറുപടി അര്‍ഹിക്കുന്നവ എന്നു തോന്നിയ കാര്യങ്ങളാണ് മുകളില്‍ എഴുതിയിട്ടുള്ളത്. ജൂണില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ക്ക് കൊടുത്ത വാഗ്ദാനം സര്‍ക്കാര്‍ നിര്‍വഹിക്കുന്നില്ല എന്നതാണല്ലോ ആരോപണത്തിന്റെ കാതല്‍. ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമാണ് സ്‌കൂള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുക എന്നും ആഗസ്റ്റിലോ സെപ്റ്റംബറിലോ പഴയ പോലെയുള്ള ക്ലാസുകള്‍ തുടങ്ങാന്‍ സാധിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ മാത്രമല്ല എല്ലാവരും അന്ന് കരുതിയിരുന്നത്.
എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളേയും തകിടം മറിച്ചാണ് കൊറോണ വൈറസ് താണ്ഡവമാടിയത്. അപ്രതീക്ഷിതമായി നീണ്ടുപോയ ലോക്ഡൗണിനൊടുവില്‍ ഇപ്പോള്‍ കിട്ടിയ ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കുന്നത് എങ്ങനെയാണ് കുട്ടികളോടു ചെയ്യുന്ന വഞ്ചനയാവുക. എല്ലാ മുന്‍കരുതലും സ്വീകരിച്ച് കുട്ടികളെ സ്‌കൂളില്‍ എത്തിക്കുകയും രണ്ടരമാസത്തെ റിവിഷന്‍ ക്ലാസുകള്‍ക്ക് ശേഷം പരീക്ഷ എഴുതാന്‍ അവസരം കൊടുക്കുകയും ചെയ്തതിലൂടെ കുട്ടികളോടുളള പ്രതിബദ്ധയാണ് സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നത്.

കൂടുതല്‍ ചോദ്യങ്ങള്‍, തെരഞ്ഞെടുക്കാന്‍ അവസരം
പരീക്ഷയുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍കാല ചോദ്യപേപ്പറില്‍ നിന്ന് വ്യത്യസ്തമായി ചോദ്യങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തവണത്തെ മുഖ്യമായ സവിശേഷത. എല്ലാ ചോദ്യങ്ങളും ഉത്തരങ്ങള്‍ എഴുതുന്നതിനു വേണ്ടിയല്ല, മറിച്ച് അവര്‍ക്ക് അഭിരുചിയുള്ള പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ മാത്രം തെരെഞ്ഞെടുത്ത് എഴുതുന്നതിനുവേണ്ടിയാണ് ഇങ്ങിനെയൊരു മാറ്റം വരുത്തിയിട്ടുള്ളത്.
പരീക്ഷയില്‍ തോറ്റുപോകുമെന്നോ മാര്‍ക്ക് കുറയുമെന്നോ ഉള്ള ഭയം കുട്ടികള്‍ക്കുണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് ചോദ്യപേപ്പര്‍ ഈ രീതിയില്‍ പരിഷ്‌കരിക്കുന്നത്. ചോദ്യങ്ങള്‍ വായിച്ച് മനസ്സിലാക്കുന്നതിനുളള ‘കൂള്‍ ഓഫ് ടൈം' വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവും പരീക്ഷാര്‍ത്ഥികള്‍ക്ക് സഹായകരമാണ്. തിയറി പരീക്ഷകള്‍ക്കുശേഷം മതിയായ സമയം അനുവദിച്ച് മാത്രമേ പ്രാക്ടിക്കല്‍ പരീക്ഷ നടത്തൂ എന്നും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ നടന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ കൃത്യമായി അറ്റന്റ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് സ്‌കൂളില്‍ വെച്ച് ക്ലാസ് കാണിച്ച് കൊടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ചുരുക്കത്തില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരും പരീക്ഷയെ ഭയപ്പെടേണ്ടതില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇക്കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന, വിദ്യാഭ്യാസ മന്ത്രി തന്നെ കുട്ടികളോട് നേരിട്ട് സംസാരിക്കുന്ന മൂന്ന് വീഡിയോകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികളില്‍ മാനസികോര്‍ജ്ജം ഉറപ്പാക്കുംവിധം കൗണ്‍സിലിംഗിനുളള സംവിധാനവും സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്.
-
രക്ഷിതാക്കളോട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്
-
പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരോട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രൻ മാഷ്
-
പ്രിയ അദ്ധ്യാപക സുഹൃത്തുക്കളോട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്
മുഴുവന്‍ സിലബസും, ചോയ്‌സോടെ
പരീക്ഷകള്‍ നീട്ടിവെക്കുന്നതിലും ഒട്ടേറെ പ്രയാസങ്ങളുണ്ട്. ഏപ്രില്‍, മെയ് മാസങ്ങള്‍ പൊതുപരീക്ഷകള്‍ക്ക് പറ്റിയ കാലമല്ല എന്നതാണ് കേരളത്തിലെ യാഥാര്‍ത്ഥ്യം. കൊടിയ വേനലും ജലദൗര്‍ലഭ്യവും ഏപ്രിലില്‍ സാധാരണയാണ്. മെയ് മാസവും ഇതേ അവസ്ഥ തുടര്‍ന്നേക്കാം. കാലവര്‍ഷം നേരത്തെ എത്തുകയാണെങ്കില്‍ പേമാരിയും വെള്ളപ്പൊക്കവും വരെ ആ സമയത്ത് ഉണ്ടായേക്കാം. നിയമസഭാ തെരെഞ്ഞെടുപ്പ് വരുന്നതും ഏപ്രിലിലാണ്. ഇങ്ങനെ ഒരു കൊല്ലമേ ഇല്ലായിരുന്നു എന്ന മട്ടിൽ സീറോ അക്കാദമിക് ഇയർ ആയി പ്രഖ്യാപിക്കുകയോ പഠനമോ പരീക്ഷയോ ഇല്ലാതെ ഓള്‍ പ്രമോഷൻ നൽകുകയോ ചെയ്യുന്ന നിവൃത്തികേടിലാണ് ലോകത്തെ പല രാജ്യങ്ങളും ഇന്ത്യയിലെ പല സംസ്ഥാനങ്ങളും എത്തിനിൽക്കുന്നത് എന്നുകൂടി ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്.
Also Read: പരിഷത്ത് പഠന റിപ്പോര്‍ട്ട്: ഡിജിറ്റല്‍ ക്ലാസ് കേരളത്തിൽ വേണ്ടത്ര ഫലപ്രദമായില്ല
പരീക്ഷകള്‍ക്കുശേഷം ഒരു മാസം വരെ നീണ്ടുനില്‍ക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകളും മുന്നില്‍ കാണേണ്ടതുണ്ട്. ചുരുക്കത്തില്‍ പരീക്ഷകള്‍ നീട്ടിവെക്കാമെന്ന് എളുപ്പത്തില്‍ പറയാമെങ്കിലും അതുകൊണ്ടുണ്ടാകുന്ന പ്രത്യാഘാതം പ്രതീക്ഷിക്കുന്നതിലും ഗുരുതരമായെന്ന് വരും. കേരളത്തിനു പുറത്ത് പഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെട്ടേക്കാം. പ്രവേശന നടപടികള്‍ നീട്ടിവെച്ച് കേരളത്തിലെ തുടര്‍പഠനങ്ങള്‍ക്ക് അവസരം കൊടുക്കാന്‍ കഴിയുമെങ്കിലും അടുത്ത അധ്യയനവര്‍ഷത്തെ കൂടി സാരമായി പരിക്കേല്‍പ്പിക്കുന്ന നടപടിയായി അത് മാറിയെന്നുവരും.
സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാതെ വന്ന ഉടനെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം തുടക്കത്തില്‍ കേരളം തള്ളിക്കളഞ്ഞതാണ്. ഒരു ക്ലാസില്‍ ഒരു വര്‍ഷത്തേക്കുള്ള പാഠഭാഗങ്ങള്‍ (സിലബസ്) തീരുമാനിക്കപ്പെടുന്നത് ശാസ്ത്രീയമായിട്ടാണെന്നും അതില്‍ ചിലത് പഠിക്കേതില്ല എന്ന് തീരുമാനിക്കുന്നത് അസംബന്ധമാണെന്നുള്ള നിലപാടാണ് കേരളം കൈക്കൊണ്ടത്. ഏതെങ്കിലും ഒരു വിവരം അല്ലെങ്കില്‍ അറിവിന്റെ ഒരു തലം ജീവിതത്തില്‍ നിന്ന് തന്നെ ഒഴിവാക്കപ്പെടുന്ന സാഹചര്യം ഒരു പക്ഷെ ഉണ്ടായെന്നുവരാം. അല്ലെങ്കില്‍ ഇങ്ങനെ ഒഴിവാക്കപ്പെടുന്ന ഒരു പാഠഭാഗം ഉയര്‍ന്ന ക്ലാസുകളില്‍ തുടര്‍ന്ന് പഠിക്കേണ്ടി വരുന്ന വിഷയത്തിന്റെ അടിസ്ഥാന ഭാഗങ്ങളാവാം എന്നത് വലിയ അക്കാദമിക നഷ്ടമാണുണ്ടാക്കുക. ആയതിനാല്‍ കുട്ടികള്‍ മുഴുവന്‍ സിലബസിലൂടെയും കടന്നുപോകട്ടെ എന്നും അവരുടെ അഭിരുചിക്കനുസരിച്ച് പരീക്ഷ എഴുതാന്‍ കഴിയും വിധം ചോയ്സുകള്‍ കൊടുക്കാമെന്നുമാണ് നമ്മള്‍ തീരുമാനിച്ചിട്ടുള്ളത്.
ഓരോ അധ്യായത്തിലേയും ശ്രദ്ധിച്ച് പഠിക്കേണ്ട ഭാഗങ്ങള്‍ ‘ഫോക്കസ് പോയിന്റുകള്‍' എന്ന പേരില്‍ പ്രത്യേകം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനാല്‍ പഠിക്കാനുള്ള സമയക്കുറവും പ്രശ്‌നമാവില്ല. ഭയപ്പെടുത്തുന്ന പരമ്പരാഗത പരീക്ഷാരീതികള്‍ ഉപേക്ഷിച്ച് ശിശുസൗഹൃദ മൂല്യനിര്‍ണയ പദ്ധതികളിലേക്ക് നേരത്തെ തന്നെ നാം മാറിക്കഴിഞ്ഞതുമാണ്.
വര്‍ഷം നഷ്ടമാകാതിരിക്കാന്‍...
ഓരോ പാഠത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന പഠനനേട്ടങ്ങള്‍ എന്തൊക്കെയാണ്, അതുറപ്പാക്കുംവിധം ക്ലാസ്സുകളെടുക്കാന്‍ എത്ര സമയം വേണം, അതു പൂര്‍ത്തിയായിക്കഴിഞ്ഞല്ലേ പരീക്ഷകള്‍ നടത്തേണ്ടത് മുതലായ ചോദ്യങ്ങള്‍ക്ക് ഈ സവിശേഷസാഹചര്യത്തില്‍ യാതൊരു പ്രസക്തിയുമില്ല. അസാധാരണമായ ഒരു കാലത്ത് അസാധാരണമായ തീരുമാനങ്ങള്‍ എടുക്കുന്നതാണ് ധീരതയും ഔചിത്യവും. പരീക്ഷകള്‍ മാറ്റിവെക്കുക എന്നത് എളുപ്പമാണ്. ഈ വര്‍ഷം പരീക്ഷകള്‍ വേണ്ട എന്നു തീരുമാനിച്ചാല്‍ സര്‍ക്കാറിന് പിന്നെ തലവേദന ഒന്നുമില്ല. എന്നാല്‍ ഈ ആപത്‌സന്ധിയിലും പഠനവും പരീക്ഷയും മുടങ്ങാതെ നോക്കുക എന്നത് എളുപ്പമല്ല. കുട്ടികളുടെ വിലയേറിയ ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാനുള്ള ധീരമായ തീരുമാനമാണത്. ഒറ്റക്കെട്ടായി നിന്ന് കേരളം രചിച്ച വിജയ ചരിതങ്ങളില്‍ കോവിഡ് കാല പരീക്ഷകളും എഴുതപ്പെടാന്‍ പോകുകയാണ്.
എം.ജയകൃഷ്ണണൻ
11 Jan 2021, 07:54 AM
ലേഖനം grass root level യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്യുന്നു..ഒപ്പം നയപരമായും ശാസ്ത്രീത്രീ മായും സമീപിക്കുന്നു. ഇപ്പോൾ സ്കൂളിൽ വരുന്ന കുട്ടികളും അധ്യാപകരും ആഹ്ലാദചിത്തരാണ്. സംശയമില്ല.
പി.കെ.വിനയരാജ്
10 Jan 2021, 01:48 PM
സ്തുതിഗീതം തുടരുന്നു.
എം.സി.പ്രമോദ് വടകര
10 Jan 2021, 12:21 PM
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിലുള്ള പ0നങ്ങളോ വിദ്യാലയങ്ങളിലും കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും അധ്യാപകർക്കിടയിലും നടത്തിയ അന്വേഷണങ്ങളോ മറ്റെന്തെങ്കിലും പ0നങ്ങളോ പരിഗണിച്ചു കൊണ്ടല്ല കേരളത്തിലെ സ്കൂൾ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് മാസം തന്നെ നടത്താൻ തീരുമാനമെടുത്തത്. താൽക്കാലികമായ സംവിധാനമെന്ന് ആവർത്തിച്ച് സൂചിപ്പിച്ചു കൊണ്ട് ആരംഭിച്ച ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി ഒരു പൊതു പരീക്ഷയ്ക്ക് ധൃതി പിടിച്ചൊരുങ്ങേണ്ട അങ്കലാപ്പിലാണെല്ലാവരും. പല കാരണങ്ങൾ കൊണ്ടും ഓൺലൈൻ ക്ലാസുകൾ എല്ലാവരിലേക്കും എത്തിയിട്ടില്ല. അമ്പതു ശതമാനം കുട്ടികൾ പോലും പൂർണമായും ക്ലാസുകൾ കണ്ടിട്ടില്ല. പ0ന വേഗതയോ കുട്ടികളിലെ വൈവിധ്യ മോ പരിഗണിച്ചു കൊണ്ടുമല്ല ക്ലാസുകൾ കൈകാര്യം ചെയ്തത്.വിദ്യാലയങ്ങളുടെ നേതൃത്വത്തിൽ നടന്ന അനുബന്ധ സഹായങ്ങളും വേണ്ടത്ര ഫലപ്രദമായിരുന്നില്ലെന്ന് ഇപ്പോൾ ക്ലാസ് റൂം യാഥാർഥ്യമായി നിലനിൽക്കുന്നു. കൃത്യമായ ആലോചനകളില്ലാതെ, അടിസ്ഥാനമില്ലാതെ പല വിഷയങ്ങളുടെയും ഊന്നൽ മേഖലകൾ തീരുമാനിച്ചിരിക്കുന്നു.. ഭാഷാ വിഷയങ്ങളിൽ കഠിനമാണീ വെട്ടിച്ചുരുക്കൽ .ആദ്യ രണ്ടു യൂണിറ്റ് കഴിഞ്ഞാൽ മലയാളം കേരളപാഠാവലിയിൽ പാ0ങ്ങളില്ല. അടിസ്ഥാന പാഠാവലിയിലും ആദ്യഭാഗം മാത്രം. കുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മിക്ക ഭാഗങ്ങളും പൂർണമായും വെട്ടിമാറ്റി. റിവിഷൻ എന്ന രീതിയിലല്ലാതെ തന്നെ തുടക്കം മുതൽ ക്ലാസുകൾ കൈകാര്യം ചെയ്യേണ്ട അവസ്ഥയിലാണ് അധ്യാപകർ.കോവിഡ് ഭീതികൾക്കിടയിലും ഓൺലൈൻ ക്ലാസുകൾ, വർക്കുകൾ, റ്റ്യൂഷൻ ക്ലാസുകൾ, സ്കൂൾ ക്ലാസുകൾ, പ്രാക്റ്റിക്കൽ ,... പെട്ടെന്നുള്ള പരീക്ഷാ തീരുമാനം എല്ലാം ...കുട്ടികളെ മുഴുവൻ സമ്മർദ്ദത്തിലാക്കുന്നു .ലേഖകൻ സൂചിപ്പിച്ച പ്രശ്നങ്ങളെല്ലാം (തെരഞ്ഞെടുപ്പ് ,ജലക്ഷാമം ,പ്രളയഭീഷണി ... ;) നിലനിൽക്കെ CBSE അടക്കമുള്ള പരീക്ഷകൾ മെയ് ആദ്യവാരം തീരുമാനിച്ചിരിക്കുന്നു. മെയ് മാസമാദ്യം പരീക്ഷകൾ തീരുമാനിച്ചിരുന്നെങ്കിൽ കുട്ടികൾക്ക് കുറച്ചു കൂടി സമയം റിവിഷനും പഠനത്തിനും അവസരം കിട്ടിയേനെ - ഒന്നു മാത്രം.....മാർച്ച് രണ്ടാം വാരത്തിൽത്തന്നെ --- ഇത്ര പെട്ടെന്ന് ഇത്തരം പൊതു പരീക്ഷകൾ നടത്തണമെന്ന നിർബന്ധം വേണ്ടിയിരുന്നോ?.. ---
ഡോ. മനോജ് വെള്ളനാട്
Mar 03, 2021
5 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Feb 22, 2021
5 minutes read
കിഷോര്‍ കുമാര്‍
Feb 14, 2021
35 Minutes Read
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Feb 10, 2021
7 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
അലന്‍ പോള്‍ വര്‍ഗ്ഗീസ്
Jan 17, 2021
4 Minutes Read
ജിഷ ഒ കെ
11 Jan 2021, 08:14 PM
വിദ്യാഭ്യാസ മന്ത്രിയുടെ മൂന്നു വീഡിയോകളിലൂടെയും കാര്യങ്ങൾ വ്യക്തമായിട്ടും ,അനാവശ്യ വിവാദങ്ങളുമായി ചിലർ കച്ചകെട്ടിയിറങ്ങിയിരിക്കയാണ് , അതിനുള്ള വ്യക്തമായ മറുപടിയാണ് ഹക്കീം മാഷ് അക്കമിട്ട് നിരത്തിയത് , നന്നായി