കുറ്റിച്ചൂൽ മുടിയുമായി വന്ന കനി; അമ്മ എഴുതുന്നു

അഭിനയിക്കാൻ കഴിവുണ്ടായിട്ടും താൽപര്യമുണ്ടായിട്ടും, ഈ ഫീൽഡിലുള്ള ഒട്ടു മിക്ക ആൾക്കാരും ഞങ്ങളുടെ കൂട്ടുകാരൊക്കെ ആയിട്ടും അവൾക്ക് സിനിമയിൽഅഭിനയിക്കാനുള്ള നല്ല അവസരങ്ങളുണ്ടായിട്ടില്ല. അവളുടെ നിലപാടുകളും ബോദ്ധ്യങ്ങളും തന്നെ ഒരു പക്ഷെ അതിന് വിഘാതമായിരിക്കാം. പരാജയപ്പെട്ടാൽ പോലും വിട്ടു വീഴ്ചയില്ലാതെ പ്രതിബദ്ധമായിരിക്കുന്ന ഒരു മനോഭാവം അവൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ അവൾക്ക് കിട്ടിയ അവാർഡിൽ എനിക്കും സന്തോഷമുണ്ട്. അമ്മയുടെ സ്‌നേഹത്തോടൊപ്പം ഞാൻ ബഹുമാനിക്കുന്ന ആൾ കൂടിയാണ് കനി- മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കനി കുസൃതിയുടെ അമ്മ ഡോ. എ.കെ. ജയശ്രീ എഴുതുന്നു

നിയെക്കുറിച്ച് എഴുതാൻ തുടങ്ങിയപ്പോൾ ഞാൻ അൽപം ഭയന്നു. മകൾ ആയിരിക്കുമ്പോഴും അവൾ വേറൊരാളാണല്ലോ. അമ്മയോ അച്ഛനോ ആകുന്നത് വളരെ രസകരമായ കാര്യമാണ്. അവർ വളരുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടുകൊണ്ടിരിക്കും. ഏറ്റവും വലിയ അത്ഭുതം ജനിക്കുമ്പോൾ തന്നെയാണ്.

എന്റെ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും അതിശയകരമായ സന്തോഷം മകൾ ജനിച്ചതാണ്. നമ്മുടെ കോടിക്കണക്കിനുള്ള കോശങ്ങളിലൊന്നിൽ നിന്ന് മറ്റൊരാളുണ്ടാവുക എന്ന അതിശയം തന്നെ തീർത്താൽ തീരാത്തതാണ്. അത് തുടർന്നുകൊണ്ടേയിരിക്കുന്നതാണ് കനിയോടൊപ്പമുള്ള ജീവിതം. (ഏതൊരു പേരന്റിനും അനുഭവിക്കാവുന്നത്) കുഞ്ഞുങ്ങൾ വളരുമ്പോൾ ഓരോ സമയത്തും ഇനി എന്താവും എന്ന് നമ്മൾ ഓരോരുത്തരും അതിശയിക്കില്ലേ? ഉത്കണ്ഠയും വിഷമവും സന്തോഷവുമൊക്കെ കലർന്ന അതിശയമാണത്.

മൈത്രേയനും കനിയും- ഒരു പഴയ ചിത്രം

ലേബർ റൂമിൽ ജോലി ചെയ്യുമ്പോൾ അവിടെ പിറന്നുവീഴുന്ന വഴുവഴുപ്പുള്ള കുഞ്ഞുങ്ങൾക്ക് അത്ര ഭംഗിയുള്ളതായി തോന്നിയില്ല. എന്നാൽ, കുറ്റിച്ചൂൽ വിടർന്നതുപോലെയുള്ള മുടിക്കുള്ളിൽ കുഞ്ഞുമുഖവുമായി വന്ന കനിയെ അപ്പോൾ തന്നെ എനിക്കിഷ്ടമായി. കുറച്ച് ദിവസം കഴിഞ്ഞ് ജോസി പറഞ്ഞു, ഇപ്പോഴാണിവൾ ഭംഗിയുള്ളതായതെന്ന്.അപ്പോൾ എനിക്ക് ആദ്യമേ തോന്നിയതോ?ചെറിയ തോതിൽ എനിക്ക് അനസ്‌തേഷ്യ തന്നിരുന്നതിനാൽ, ആദ്യം കാണുമ്പോൾ തന്നെ അവളെ അത് ബാധിച്ചോ എന്ന് ഒരാവശ്യവുമില്ലാതെ ഞാൻ ആശങ്കയോടെ നോക്കിക്കൊണ്ടിരുന്നു.അമ്മയുടെ ബയോളജിയാകാം അതൊക്കെ.

കുഞ്ഞുന്നാളിലെല്ലാം മൈത്രേയനും അമ്മമാരും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ലീലചേച്ചിയുമൊക്കെയാണ് അവളെ നോക്കി വളർത്തിയത്.

എന്നാലും, അന്നുമുതൽ ഇന്നുവരെ അവളിൽനിന്ന്​ ​ശ്രദ്ധ മാറിയിട്ടില്ല. കുഞ്ഞുങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കണമെന്ന് മൈത്രേയൻ പറയും. എന്നാൽ, എനിക്കതിന് സാധിച്ചിരുന്നില്ല. ഒരു ഡിസ്‌കണക്ട് ഉണ്ട്.

കുട്ടികൾ വേറൊരു വർഗമാണ്. അവരുടെ ഭാഷ വേറെയാണ്. കുട്ടികളുടെ ഭാഷയിൽ മിണ്ടാൻ അന്നും ഇന്നും എനിക്കറിഞ്ഞൂടാ. കുട്ടികളെ വളർത്താൻ ഒരു പരിശീലനവും നമുക്ക് കിട്ടുന്നില്ലല്ലോ. കനി നേരെ മറിച്ചാണ്. കുട്ടികളോട് പെട്ടെന്ന് കൂട്ടുകൂടുകയും കൂടെ കളിക്കുകയും ചെയ്യും. അതെനിക്കെപ്പോഴും അതിശയമാണ്. നമ്മളിൽ നിന്ന് പിറന്ന ഒരാൾ, വേറൊരാളായി വളരുന്നത് ഏറെ കൗതുകം തരുന്ന കാര്യമാണ്.

ഞാൻ പൂനയിലായിരിക്കുമ്പോൾ, അവൾക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ഞാനും അവളും തമ്മിൽ കത്തുകളെഴുതിയിരുന്നു. അതൊന്നും സൂക്ഷിച്ചുവച്ചില്ല. മനോഹരമായ കത്തുകളായിരുന്നു അവ. ഒരു പക്ഷെ, എനിക്ക് മാത്രമായിരിക്കും അങ്ങനെ തോന്നുന്നത്.

ടീനേജ് എത്തുമ്പോഴാണ് കുട്ടികൾ നമുക്ക് സംസാരിക്കാൻ പാകത്തിൽ മനുഷ്യരാകുന്നത്. എന്നാൽ, അപ്പോൾ അവർ നമുക്ക് പിടിതരാതെ വഴുതി പോകും. അവൾക്ക് ചില (ലോക)കാര്യങ്ങളൊക്കെ പഠിപ്പിച്ചു കൊടുക്കാമെന്ന് വിചാരിച്ച് സംസാരിക്കാൻ ശ്രമിക്കും. കുറെയൊക്കെ അവൾ കേൾക്കുന്നുണ്ടാകും. എന്നാൽ, ഞാൻ കരുതിയ തരത്തിലാവണമെന്നില്ല.

ചെറുപ്പക്കാരുടെ ചിന്തകൾ എപ്പോഴും നമ്മളെക്കാൾ മുന്നിലായിരിക്കും. എന്നാലും അവരെ പഠിപ്പിച്ച് ശരിയാക്കണമെന്ന് നമ്മൾ വിചാരിക്കുന്നു. കുറെയൊക്കെ അങ്ങനെ നടക്കുന്നുണ്ടാകുമായിരിക്കാം. ഇപ്പോൾ ചിന്തിക്കുമ്പോൾ ഞാനും ചെറുതായിരിക്കുമ്പോൾ എന്റെ അച്ഛനമ്മമാരിൽ നിന്ന് വളരെ വ്യത്യാസമായാണ് ചിന്തിച്ചിട്ടുള്ളത് എന്ന് കാണുന്നു. പക്ഷെ, നമ്മുടെ കള്ളികൾക്കകത്താണ് കുട്ടികൾ എന്ന ഇല്ല്യൂഷനിൽ പെട്ടുപോകും.

അങ്ങനെയല്ല എന്ന ഓരോ തിരിച്ചറിവും സന്തോഷിപ്പിക്കുന്ന അതിശയമാണെനിക്ക്. സ്‌കൂളിൽ കൂട്ടുകാർക്ക് സമ്മാനങ്ങൾ കിട്ടുമ്പോൾ സ്വന്തമെന്ന പോലെ അവൾ സന്തോഷിക്കുന്നത് കണ്ടിട്ടുണ്ട്. കൂട്ടുകാരിലൂടെ അവൾ വേറൊരു ലോകത്തേക്ക് വളരുകയാണ്. ഓരോ വളർച്ചയിലൂടെയും പുതിയതായി മാറുമ്പോൾ ചിലപ്പോൾ വേദനിക്കുമെങ്കിലും കൂടുതലും സന്തോഷമാണവൾ തരുന്നത്.

അവൾ എന്തെങ്കിലും ആകണമെന്ന് ഞാൻ പറഞ്ഞിട്ടില്ല മനുഷ്യാവസ്ഥകളോട് സെൻസിറ്റീവ് ആയിരിക്കണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളത്. അതും പറഞ്ഞിട്ടില്ല. അവൾ അങ്ങനെയാണെന്ന് കണ്ട് ആനന്ദിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചിലപ്പോൾ അവൾ രൂക്ഷമായി മറ്റുള്ളവരോട് പെരുമാറുന്നത് കാണും. അങ്ങനെ വേണോ എന്ന് അവളോട് ചോദിക്കാനാലോചിക്കും. പക്ഷെ, പെട്ടെന്നുതന്നെ അവളാണ് ശരി എന്ന് മനസ്സിലാകും. പിന്നെ ഒന്നും പറയാറില്ല. ശരികളെ കുറിച്ച് ഉറച്ചബോദ്ധ്യത്തോടെയാണ് അവൾ തീരുമാനമെടുക്കുന്നതെന്ന് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് എപ്പഴും അവളുടെ കൂടെ നിൽക്കും.

സ്‌കൂൾ മാത്രമല്ലാതെ വേറൊരു ലോകം കൂടിയുണ്ടാകട്ടെ എന്ന് വിചാരിച്ചാണ് കുട്ടിയായിരുന്നപ്പോൾ നാടകത്തിന് വിട്ടത്. ചന്ദ്രിക, സജിത, വിധു, സുധി, ദീപ, രഘൂത്തമൻ തുടങ്ങി എല്ലാ കൂട്ടുകാരോടുമൊത്ത് അവളായിരിക്കുമ്പോൾ വീട്ടിലെപോലെ തന്നെയാണ് എന്നതുകൊണ്ട് യാതൊരു ടെൻഷനുമുണ്ടായിരുന്നില്ല. രാത്രിയെന്നോ പകലെന്നോ ഒന്നും ഇല്ലാതെ അവൾ പുറംലോകത്തായിരുന്നു. കൂടെ തന്നെ ഉണ്ടാവണമെന്നൊന്നും തോന്നിയിട്ടുമില്ല.

പ്ലസ് ടു ഒക്കെ കഴിഞ്ഞപ്പോൾ അവൾക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കേണ്ടിവന്നു. മിക്ക പേരും കൃത്യമായ പ്ലാനോട് കൂടിയാണല്ലോ പഠിച്ചുപോകുന്നത്. സ്വന്തമായി ആലോചിക്കേണ്ടി വരുന്നത് അവൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടാവും. നമ്മൾക്കും അറിയില്ലെന്നതാണ് വാസ്തവം. അവരവരുടെ വഴികൾ സ്വയം കണ്ടെത്തേണ്ടത് തന്നെയാണ്. ചില ദിശാബോധം നൽകാനേ മറ്റുള്ളവർക്ക് കഴിയൂ.

മൈത്രേയൻ, എ.കെ. ജയശ്രീ, കനി കുസൃതി

വെറുതെ യാത്രയൊക്കെ ചെയ്യാമെന്ന് മൈത്രേയൻ പറഞ്ഞെങ്കിലും അവൾ സ്വന്തം ഉത്തരവാദിത്വത്തിൽ ചില കോളേജ് പരീക്ഷണങ്ങൾ ഒക്കെ നടത്തി. ഇടക്ക് ഒറ്റക്ക് യാത്രകൾ ചെയ്തു. ഒടുക്കം സ്‌കൂൾ ഓഫ് ഡ്രാമയിൽ എത്തി. അവിടുത്തെ വിശേഷങ്ങളൊന്നും അധികം എനിക്കറിഞ്ഞു കൂടാ. ചില കലഹങ്ങളും പ്രതിഷേധ മൊട്ടയടിക്കലുമൊക്കെ ഉണ്ടായെന്ന് തോന്നുന്നു. എല്ലാം എനിക്ക് അറിയണമെന്ന് തോന്നിയിട്ടില്ല.

ഗർഭത്തിലായിരിക്കുമ്പോൾ അമ്മയ്ക്കും കുഞ്ഞിനും ഇടയിലുള്ള അതാര്യതയാണ് ജനനത്തിന് കൗതുകമുണർത്തുന്നത്. അടുത്തവരായാൽ പോലും എല്ലാം അറിയാതിരിക്കുന്നതാണ് ബന്ധങ്ങളിൽ പുതുമ നിലനിർത്തുന്നതെന്നാണ് ഞാൻ വിചാരിക്കുന്നത്.

പ്രണയങ്ങളിൽ ഒരിക്കലും ഇടപെട്ടിട്ടില്ല. അവൾ തിരിച്ചും അങ്ങനെ തന്നെ. മറ്റുള്ളവർക്ക് വേദന ഉണ്ടാക്കരുതെന്ന് ആഗ്രഹിക്കാറുണ്ട്. എന്നാൽ പ്രണയത്തിൽ ഉണ്ടാകുന്ന ബ്രേക്ക് അപ്പ് വേദനിപ്പിക്കുന്നതാണ്. അത് അനിവാര്യവുമാണ്. കഴിയുന്നത്ര വേദനിപ്പിക്കാതിരിക്കാനും സ്‌നേഹം തുടരാനുമേ സാധിക്കൂ. കൂടുതൽ അടുപ്പമുള്ള സുഹൃത്തുക്കളെ അവൾ ഞങ്ങളെ പരിചയപ്പെടുത്താറുണ്ട്. ആവശ്യപ്പെടാതെ തന്നെ പണ്ട് മുതലേ ചെയ്യുന്നതാണ്. അതുകൊണ്ട് ബന്ധങ്ങളെ പറ്റി ഒരിക്കലും ആശങ്ക ഉണ്ടായിട്ടില്ല.

ചിലപ്പോഴൊക്കെ ഞെട്ടലുണ്ടാക്കുന്ന കാര്യങ്ങളായിരിക്കും സംഭവിക്കുക. ജീവിക്കാൻ താൽപര്യം തോന്നുന്നില്ല എന്ന് ഞങ്ങൾക്ക് കത്തെഴുതിയിട്ടുണ്ട്. വിഷമങ്ങളുണ്ടാകുമ്പോൾ ഞങ്ങളോടൊപ്പം വന്ന് കുറച്ച് ദിവസം കൂടെ കിടന്നുറങ്ങിയാൽ അത് മാറുകയും ചെയ്യും. അപൂർവ്വമായി ചിലപ്പോൾ മറ്റു സുഹൃത്തുക്കൾ സഹായിച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലും പക്വതയോടെ അവൾ പെരുമാറാൻ ശ്രമിക്കാറുണ്ട്.

ഒരിക്കൽ വൈകുന്നേരം കൊല്ലത്ത്​ കൂട്ടുകാരുടെ കൂടെ നടക്കാൻ പോകുമ്പോൾ, കടലിലേക്ക് തള്ളി നിൽക്കുന്ന പാലത്തിൽ വച്ച് വലിയൊരു സംഘം ആക്രമിച്ചു. ആരോ പൊലീസിനെ എത്തിച്ചതിനാൽ ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ്. അതിനുശേഷം അവിടെ എത്തിയ രേഷ്മയാണ് എന്നോട് ഇത് വിളിച്ച് പറഞ്ഞത്. അതുപോലെ ഒരു ഷോക്ക് ജീവിതത്തിൽ ഉണ്ടായിട്ടില്ല.

അത് പിന്നീട് കേസായപ്പോൾ അതിലെ ഒരു പ്രധാന പ്രതിയുടെ മാതാപിതാക്കൾ അത് പിൻവലിക്കണമെന്ന അഭ്യർത്ഥനയുമായി എത്തി. അവരുടെ മകൻ നിരപരാധിയാണെന്നും അവന് വിദേശത്ത് പോകാൻ കേസ് പിൻവലിച്ച് രക്ഷിക്കണമെന്നും അവർ അപേക്ഷിച്ചു. വല്ലാത്ത ധർമ്മസങ്കടത്തിലുമായി.

അവൾക്ക് കൈക്കും കാലിനും പല വിധ ഫ്രാക്ചറുകൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഓരോരോ ഞെട്ടലുകളാണ്. പ്രൈമറി ക്ലാസിൽ വച്ച് കൈയിന്റെ അസ്ഥി പൊട്ടി. അതല്ല സങ്കടമുണ്ടായത്, ആ കയ്യുമായി സ്‌കൂൾ ബസ്സിൽ എല്ലാ കുട്ടികളെയും ഇറക്കിയശേഷം അവസാനമാണ് വീട്ടിലെത്തിയതെന്നതാണ്. അതിനുശേഷമാണ് ആശുപത്രിയിലൊക്കെ കൊണ്ടുപോയത്.

ഒരിക്കൽ ഫ്രാൻസിൽ നാടകം ചെയ്യാൻ പോയി. രാത്രി രണ്ട് മണിക്ക് അവളുടെ മെയിൽ വന്നു. സന്തോഷത്തോടെ വായിച്ച് വരുമ്പോൾ എന്റെ കാൽമുട്ട് dislocate ചെയ്തു എന്ന് കൂളായി എഴുതിയിരിക്കുകയാണ്. ആ കാൽ കൊണ്ട് തന്നെ പല സ്ഥലങ്ങളിലും, സ്‌ക്രിപറ്റ് മാറ്റിയിട്ടാകാം, പരിപാടി പൂർത്തിയാക്കിയാണ് തിരിച്ചെത്തിയത്. ഒരു ദിവസം കാറിൽ യാത്ര ചെയ്യുമ്പോൾ കൂട്ടുകാരുമായി അങ്ങേയറ്റം സന്തോഷത്തിൽ ചിരിയൊക്കെയായി വിളിച്ചു. പുതിയ നാടകം ചെയ്യാനുള്ള തിരക്കാണ്. പിറ്റേദിവസം ഫോൺ വന്നു. റിഹേഴ്സൽ ചെയ്യുമ്പോൾ പ്ലാറ്റുഫോം പൊട്ടി കാൽ താഴേക്ക് പോയി എല്ലുപൊട്ടി ഹോസ്പിറ്റലിലാണെന്ന്.

എന്നാൽ, കൂടുതലും സന്തോഷകരമായ അതിശയങ്ങളാണ് അവൾ നൽകിയിട്ടുള്ളത്. ഓണത്തിന് ഒരുമിച്ച് ചേരുക, തുണിക്കടകളിൽ പോകുക, തർക്കിക്കുകയും വഴക്കടിക്കുകയും ചെയ്യുക, ഒന്നിച്ച് സിനിമ കാണുക ഇതെല്ലാം സന്തോഷമാണ്. പ്രത്യേകിച്ച്, വല്ലപ്പോഴുമാകുമ്പോൾ.

പഠനത്തിൽ ഒരു ക്രൈസിസ് വന്നപ്പോൾ അവൾ ആവശ്യപ്പെടാതെ തന്നെ പാരീസിൽ വിടാമെന്ന് തീരുമാനിച്ചു. നാടകരംഗത്തെ അവളുടെ കഴിവുകൾ വിലയിരുത്തിയ ഒരു സുഹൃത്ത് പറഞ്ഞതുകൊണ്ടാണ്. സിനിമ, നാടകം, കല ഒന്നും തന്നെ എനിക്ക് അധികം പരിചയമുള്ളതല്ല. തീരുമാനിച്ചെങ്കിലും അതിനുള്ള പണം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ പല കൂട്ടുകാരും കടം തന്ന് സഹായിച്ചതുകൊണ്ടാണ് അത് സാധിച്ചത്. ആ കടം തിരികെ കൊടുക്കാൻ വേണ്ടിയാണ് ഞാൻ കൃത്യമായി ജോലി ചെയ്യാൻ തുടങ്ങിയത്. അതെനിക്ക് ഇഷ്ടമാവുകയും ചെയ്തു. അതിന് ഞാൻ കനിയോട് കടപ്പെട്ടിരിക്കുന്നു.

അവളുടെ കൂട്ട് കൂടാനുള്ള കഴിവാണ് ഏറ്റവും വലിയ സമ്പത്തായി തോന്നിയിട്ടുള്ളതും അതിശയിപ്പിച്ചിട്ടുള്ളതും. ഓരോ പുതിയ കൂട്ടുകെട്ടും അവളുടെ വളർച്ചയുടെ ഭാഗമാണ്. തൊഴിലും കലയുമെല്ലാം അതോടൊപ്പമുണ്ടാകും. ദുഃഖമുണ്ടാകുമ്പോൾ ആരും ഉണ്ടാകില്ല എന്നാണ് നമ്മളെ പഠിപ്പിക്കുന്നത്. എന്നാൽ, അവളുടെ കൂടെ അപ്പോഴും കൂട്ടുകാരുള്ളതായാണ് ഞാൻ കാണുന്നത്. കൂട്ടുകാരോടുകൂടി അവൾ വളരുമ്പോൾ ഞാനും മാറുന്നതായാണ് അനുഭവിക്കുന്നത്. അമ്മയെന്ന നിലയിലുള്ള ആനന്ദവും അതിശയവും അതാണ്. കുട്ടികൾ വളരുമ്പോൾ നമ്മുടെ ലോകവും നമ്മളും മാറുന്നു എന്ന് എന്റെ ഒരു കൂട്ടുകാരിയും പറഞ്ഞു. ശരിയെന്ന് ഞാനും വിചാരിച്ചു.

ആനന്ദുമായുള്ള കനിയുടെബന്ധം എന്നെ ഏറെ അതിശയിപ്പിച്ച ഒന്നാണ്. അത് എന്റെ ജീവിതത്തിലും പുതുമ ഉണ്ടാക്കുന്നു. അവൾ അഭിനയിച്ചിട്ടുള്ള ചില നാടകങ്ങളും സിനിമകളും കണ്ടിട്ടുണ്ട്. അതിനോട് പ്രതിബദ്ധമാകുന്നതായാണ് തോന്നിയിട്ടുള്ളത്. അതിനപ്പുറം അതിനെ കുറിച്ച് പറയാൻ എനിക്കറിയില്ല. പലപ്പോഴും അവൾക്ക് പോരാ എന്ന് സ്വയം തോന്നലുണ്ടാകാറുണ്ടെന്നു തോന്നുന്നു. അതേപ്പറ്റിയൊന്നും ഞങ്ങൾ അധികം സംസാരിക്കാറില്ല.

പ്രായപൂർത്തിയെത്തിയ ശേഷം സ്വന്തമായി ജോലി ചെയ്താണ് അവൾ ജീവിക്കുന്നത്. അത്യാവശ്യമുള്ളപ്പോൾ മാത്രമാണ് ഞങ്ങൾ പരസ്പരം സഹായിക്കുന്നത്. ഇത് പ്രത്യേകിച്ച് പറഞ്ഞ് ചെയ്യുന്നതല്ല. ഏത് മനുഷ്യരും സ്വയം ബോദ്ധ്യത്തോടെ ചെയ്യേണ്ട കാര്യം മാത്രമാണ്. എല്ലാവർക്കും അതിനുള്ള സാഹചര്യങ്ങളുണ്ടായാൽ നല്ലത്.

ആനന്ദ് ഗാന്ധി

അഭിനയിക്കാൻ കഴിവുണ്ടായിട്ടും താൽപര്യമുണ്ടായിട്ടും, ഈ ഫീൽഡിലുള്ള ഒട്ടു മിക്ക ആൾക്കാരും ഞങ്ങളുടെ കൂട്ടുകാരൊക്കെ ആയിട്ടും അവൾക്ക് സിനിമയിൽഅഭിനയിക്കാനുള്ള നല്ല അവസരങ്ങളുണ്ടായിട്ടില്ല. അവളുടെ നിലപാടുകളും ബോദ്ധ്യങ്ങളും തന്നെ ഒരു പക്ഷെ അതിന് വിഘാതമായിരിക്കാം. മറ്റ് കാരണങ്ങളുണ്ടാകാം. പരാജയപ്പെട്ടാൽ പോലും വിട്ടു വീഴ്ചയില്ലാതെ പ്രതിബദ്ധമായിരിക്കുന്ന ഒരു മനോഭാവം അവൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ കിട്ടിയ അവാർഡ് അവൾക്ക് സന്തോഷമുണ്ടാക്കുന്നതായി ഞാൻ മനസ്സിലാക്കുന്നു. അപ്പോൾ എനിക്കും സന്തോഷമുണ്ട്. അമ്മയുടെ സ്‌നേഹത്തോടൊപ്പം ഞാൻ ബഹുമാനിക്കുന്ന ആൾ കൂടിയാണ്​ കനി.


ജൂറി എന്ത് പറയുന്നു; സംസ്ഥാന ചലച്ചിത്ര അവാർഡ് സമഗ്ര റിപ്പോർട്ട്

Comments