കോവിഡ് ഭയത്തിന് വാക്‌സിനുണ്ടോ?

കോവിഡ് പോസിറ്റീവ് ആകുന്നവരിൽ 25% ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നം കാണുന്നുണ്ട്. ഇവ നേരിടുന്നതിൽ നമ്മൾ അധികം ശ്രമിക്കുകയോവിജയിക്കുകയോ ചെയ്തിട്ടില്ലെന്നത് ഇപ്പോൾ പ്രതികൂല അവസ്ഥയാണ് ഉണ്ടാക്കുന്നത്. കോവിഡ് പ്രതിരോധത്തിന് സ്വീകരിച്ചിക്കുന്ന ഒറ്റപ്പെടുത്തൽ, ഉറ്റവരെ വേർപിരിഞ്ഞ താമസം എന്നിവ നേരിട്ടുള്ള മനോവിഷമത്തിന് കാരണമാകുന്നു. ഇതിന് പരിഹാരമായി, മനസ്സിന്റെ ഉള്ളറകളിൽ മാത്രം തപ്പിത്തടയുന്നതിനുപകരം ഒരു വശത്ത് ശരീരശാസ്ത്രം പഠിക്കാനും മറുവശത്ത് സാമൂഹ്യഘടന വിമർശനപരമായി വിലയിരുത്താനും കഴിഞ്ഞാൽ പുതിയ സമീപനങ്ങളുണ്ടാക്കാൻ കഴിയുമെന്ന് കണ്ണൂർ മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ പ്രഫസറായ ലേഖിക

കോവിഡ് കേരളത്തിൽ വന്നേക്കാം എന്ന് ചിന്തിച്ചുള്ള തയാറെടുപ്പുകൾ, ആദ്യം സംശയത്തോടെ ഒരാൾ വന്നത്, അവരുടെ ഭയാശങ്ക, ആദ്യം രോഗിയായിവന്ന യുവാവിന് നൽകിയ ആശ്വാസവചനങ്ങൾ, ആദ്യത്തെ ഗർഭിണിക്കും കുടുംബത്തിനുംനൽകിയ പരിചരണങ്ങൾ, ആദ്യം പിറന്ന കുഞ്ഞിന് കോവിഡുണ്ടോ എന്ന ഉത്കണ്ഠ എന്നിങ്ങനെ ഒന്നിനുപുറകെഒന്നായി കോവിഡ് അനുഭവങ്ങൾ ഈ ടീമുകളിൽ ജോലി ചെയ്യുന്ന ഞങ്ങൾക്കെല്ലാമുണ്ട്. എങ്കിലും ഞങ്ങളിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവാകാൻ സാദ്ധ്യതയുണ്ട് എന്ന് തോന്നിയ ദിവസം ആർക്കും സമാധാനമായി ഉറങ്ങാൻ കഴിഞ്ഞില്ല. റിയൽ ടൈമിന് മുമ്പേ ഓടുന്ന മനസ്സ് അതിജീവന സൂചന നൽകുന്നതാകാം, അസ്വസ്ഥതകളും ഭയവുമൊക്കെയായി പ്രകടമാകുന്നത്. എന്നാൽ, അവ അമിതമാകുമ്പോൾ രോഗലക്ഷണങ്ങളായി മാറുകയും ജീവിതത്തിന് താങ്ങാനാകാതെ വരികയും ചെയ്യും.

കേരളത്തിലും കൂടുകയാണ് മാനസികപ്രശ്‌നങ്ങൾ

കോവിഡ് ആകസ്മികമായി മനുഷ്യലോകത്തെത്തുകയും അതിന്റെ ക്രമം തെറ്റിക്കുകയും ഭാവി സന്നിഗ്ധമാക്കുകയും ചെയ്തു. രോഗപ്പകർച്ച മാത്രമല്ല, അത് തടയാൻ സ്വീകരിക്കേണ്ടിവന്ന ഉപാധികൾ കൂടിയാണ് ഇപ്പോൾ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായി ഇതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും മനുഷ്യലോകത്തെ അസ്വസ്ഥപ്പെടുത്തിയിരിക്കുകയാണ്. തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയും ഭാവിയുടെ അനിശ്ചിതത്വവും വ്യക്തികളിലുണ്ടാക്കുന്ന മാനസിക സമ്മർദ്ദം പ്രത്യേകിച്ച് എടുത്ത് കാണേണ്ടതാണ്. ഈ സന്ദർഭത്തിൽ ഭയം, ഉത്കണ്ഠ, സമ്മർദം, വിഷാദം, ആത്മഹത്യ പ്രവണത തുടങ്ങിയ മാനസികാവസ്ഥയിലൂടെ കൂടുതൽ ആളുകൾ കടന്നുപോകാനിടയാകുന്നത് സ്വാഭാവികമാണ്.

ഡാറ്റ ലഭ്യമായ രാജ്യങ്ങളിലെല്ലാം വിഷാദവും ഉത്കണ്ഠയും വർദ്ധിച്ചതായി കാണുന്നു. ബ്രിട്ടൻ, എത്യോപിയ, ചൈന തുടങ്ങി പല രാജ്യങ്ങളിലും ഇവ രണ്ടിരട്ടിയോ മൂന്നിരട്ടിയോആയി വർദ്ധിച്ചു. കേരളത്തിലും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഹെൽപ്‌ലൈൻ കണക്കുകളിൽ നിന്നും ഇതേ വിവരമാണ്​ ലഭിക്കുന്നത്. കോവിഡ്​ ബാധിച്ചവരിലും ക്വാറന്റൈനിൽ കഴിഞ്ഞവരിലും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആത്മഹത്യ മാനസിക അനാരോഗ്യത്തിന്റെ മുകളറ്റം (Tip of the iceberg) മാത്രമാണ് വെളിവാക്കുന്നത്. അതിനേക്കാൾ എത്രയോ അധികം പ്രശ്‌നങ്ങൾ അടിയിൽ മറഞ്ഞിരിക്കുന്നു. രോഗം ഉള്ളവരിലോ ഉണ്ടാകാൻ സാദ്ധ്യതയുള്ളവരിലോ മാത്രമല്ല, ഇത് പൊതുസമൂഹത്തിലാകെ വ്യാപിച്ച് കൊണ്ടിരിക്കുന്ന നിരാശയുടെ പ്രതിഫലനം കൂടിയാണ്. കോവിഡ് പ്രതിരോധം പോലെ തന്നെ പ്രാധാന്യത്തോടെ കാണേണ്ട വിഷയമായി ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാക്കൾ ഉൾപ്പെടെയുള്ളവരെ ബാധിക്കുന്ന മാനസിക സമ്മർദ്ദവും വിഷാദവും തകരുന്ന സാമ്പത്തിക മേഖലയെ കൂടുതൽ കുഴപ്പത്തിലാക്കിയേക്കാം. ലോകാരോഗ്യസംഘടന പോലെയുള്ള അന്താരാഷ്ട്ര ഏജൻസികളും രാജ്യങ്ങളും ആരോഗ്യവ്യവസ്ഥയും ഇത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതേസമയം, ഇത് നേരിടുന്നതിന് ആശയപരവും സാമൂഹ്യ ഘടനാപരവും സാംസ്‌കാരികവും മറ്റുമായ ഒട്ടേറെ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്.

ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാവരിലും പ്രയാസങ്ങൾ ഉണ്ടാകാമെങ്കിലും, നേരത്തെ തന്നെ മാനസികമായി ദുർബലരായവരും സാമൂഹ്യമായി പിന്തള്ളപ്പെട്ടവരും കോവിഡുമായി ബന്ധപ്പെട്ട് അപകടസാദ്ധ്യതയുള്ളവരും മറ്റും കൂടുതൽ മാനസികപ്രശ്‌നങ്ങൾക്ക് അടിപ്പെടുന്നതായാണ് കാണുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ വിഷമം അനുഭവിക്കുന്നവർക്ക് സവിശേഷ ശ്രദ്ധ വേണ്ടിവരുമെന്നതാണ് ഒരു വെല്ലുവിളി. മറ്റൊന്ന്, സാമ്പ്രദായികമായി നിലനിൽക്കുന്ന വ്യവസ്ഥക്കുപറത്ത്, ഒരു വലിയ ചലനമോ പ്രസ്ഥാനമോ എന്ന നിലക്കുള്ള പ്രതികരണം ആവശ്യമായ തരത്തിലുള്ള പ്രതിസന്ധി ഘട്ടമാണ് ഇതെന്നതാണ്. അതിന് നമ്മുടെ സമൂഹം എത്ര പ്രാപ്തമാണെന്നതാണ് അതിലെ വെല്ലുവിളി ആയി മാറുന്നത്. നമ്മുടെ സമൂഹത്തിലെ പല വൈരുദ്ധ്യങ്ങളെയും മനസ്സിലാക്കേണ്ടതും ഇതിന്ആവശ്യമായി വരും.

ക്വാറന്റൈൻ പ്രതിസന്ധി പലതരം

കേരളത്തിലെ മാനസികാരോഗ്യ സൂചികകൾ നേരത്തേ കാണിക്കുന്നത് താഴ്ന്നനിലയാണ്. എന്നാൽ, ആരോഗ്യത്തിന്റെ പൊതുവായ സൂചികകളിലൊക്കെ ഉയർന്ന നിലകാണുന്നുമുണ്ട്. ഇതിൽ തന്നെ വൈരുദ്ധ്യമുണ്ട്. വിഷാദം, മദ്യപാനം, പിരിമുറുക്കം, ആത്മഹത്യ എന്നിവ കേരളത്തിൽ കൂടുതലാണ്. ഇവ നേരിടുന്നതിൽ നമ്മൾ അധികം ശ്രമിക്കുകയോ വിജയിക്കുകയോ ചെയ്തിട്ടില്ലെന്നത് ഇപ്പോൾ പ്രതികൂലമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. നേരത്തെ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുള്ളവരെയാണ് പുതിയ പ്രതിസന്ധികൾ അപകടത്തിലാക്കുന്നതെന്നത് വച്ചുനോക്കുമ്പോൾ കേരളം ഇത് ഗൗരവമായെടുക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധത്തിനായി നമ്മൾ സ്വീകരിച്ചിട്ടുള്ളതും അനിവാര്യവുമായ ഒറ്റപ്പെടുത്തൽ, ഉറ്റവരെ വേർപിരിഞ്ഞ താമസം എന്നിവയൊക്കെയാണ് നേരിട്ടുള്ള മനോവിഷമത്തിന് കാരണമാകുന്നത്. ഇതിനോട് എല്ലാവരും പൊരുത്തപ്പെടുന്നത് ഒരുപോലെയല്ല. ചിലർ പെട്ടെന്ന് പൊരുത്തപ്പെടും. കുറച്ച് ദിവസം സ്വസ്ഥമായിരിക്കാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുമായി ക്വാറന്റൈൻ പ്രയോജനപ്പെടുത്താമെന്ന് വിചാരിക്കുന്നവരുണ്ട്.എന്നാൽ, ഇത് ദുസ്സഹമായും വലിയ നഷ്ടമായും അപമാനമായും അനുഭവിച്ച് വേദനിക്കുന്നവരുമുണ്ട്. ഒറ്റക്ക് കഴിയേണ്ടിവരുന്നത് പോലെയോ അതിനേക്കാൾ കൂടുതലായോ ചിലർ സാമൂഹ്യഅയിത്തം (Stigma) നേരിടേണ്ടിവരുന്നു. ചില സ്ഥലങ്ങളിലെങ്കിലും ഇതുമൂലം വിഷാദത്തിലേക്കും ആത്മഹത്യാശ്രമത്തിലേക്കും പോയവരുണ്ട്.
ആശുപത്രിയിലെത്തുന്നവരിൽ തീർച്ചയായും പ്രശ്‌നങ്ങൾ കൂടുതലായി കാണുന്നു. ടെസ്റ്റിന് കൊടുത്ത ശേഷം റിസൾട്ടിന് കാത്തിരിക്കുന്നത് പരീക്ഷഫലം നോക്കിയിരിക്കുന്നതുപോലെയോ അതിലധികമായോ ടെൻഷൻ ഉണ്ടാക്കുന്നതാണ്.

പോസിറ്റീവ് ആകുന്നവരിൽ 25% ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നം കാണുന്നുണ്ട്. പ്രായമായവരിലും മറ്റ് ഗുരുതരമായ രോഗങ്ങളുള്ളവരിലും ഗർഭിണികളിലും ഇത് അധികമാണ്.

Photo: Unsplash

പല സന്ദർഭങ്ങളിലും നിസ്സഹായത അനുഭവിക്കേണ്ടി വരുന്നവരുണ്ട്. ഗർഭിണികളെ ഈ കൂട്ടത്തിൽ പെടുത്താം. സാധാരണ അവർക്ക് കിട്ടിക്കൊണ്ടിരുന്ന, കിട്ടാമായിരുന്ന പരിചരണം കിട്ടാതെ വരും. സ്ഥിരമായി ചെക്കപ്പ് നടത്തിക്കൊണ്ടിരുന്ന രീതിയാണ് നമുക്കുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ പലപ്പോഴും ആവശ്യമുള്ള സമയത്ത് പോലും അവർക്ക് സേവനം ലഭിക്കാതെ വരുന്നു. ജോലി പ്രതീക്ഷിച്ച് കഴിയുന്നവരിലും ജോലി നഷ്ടപ്പെടുന്നവരിലും പ്രതീക്ഷ നഷ്ടപ്പെട്ട് നിരാശയിലേക്ക് വീഴുന്ന അവസ്ഥ കാണാം. നേരത്തെ പൊതുസമൂഹത്തിൽ കൂടുതൽ പേരും സംഘർഷത്തിൽ ആയിരുന്നെങ്കിൽ, ഇപ്പോൾ അവർ കൂടുതൽ പൊരുത്തപ്പെട്ടു വരുന്നതായി കാണുന്നുണ്ട്. എന്നാൽ, ആരോഗ്യ പ്രവർത്തകരിലും മറ്റ് മുൻനിര പ്രവർത്തകരിലും കൂടുതലായി രോഗം പകരുന്നതിനാൽ അവർ ഇപ്പോൾകൂടുതൽ വിഷമം അനുഭവിക്കുന്നു. ട്രാൻസ്‌ജെന്റർ വ്യക്തികൾ, പ്രവാസികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയ വ്യത്യസ്ത സാഹചര്യങ്ങളിൽ പെട്ടവർ പലതരം വിഷമതകളാണ് നേരിടുന്നത്.

മാനസികാരോഗ്യവും ലിംഗാധികാരബന്ധവും

കോവിഡ് പ്രതിരോധം പോലെ തന്നെ മാനസിക പ്രശ്‌നങ്ങൾ നേരിടുന്നതിനും കേരള സർക്കാർ, നേരത്തെ പരിപാടികൾ ആവിഷ്‌കരിച്ചു. നാഷണൽ ഹെൽത്ത് മിഷൻ, ജില്ല മാനസികാരോഗ്യ പദ്ധതി, സന്നദ്ധ സംഘടനകൾ, മെഡിക്കൽ കോളേജുകൾ എന്നിവയൊക്കെ ഇത് ഏറ്റെടുത്തിട്ടുണ്ട്.വിഷമം തോന്നുന്നവർക്ക് വിളിക്കാൻ ഹെൽപ്‌ലൈൻ നമ്പറുകളുണ്ട്. ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് തീർച്ചയായും ഒരു വിഭാഗം ആളുകൾക്ക് ആശ്വാസം നൽകുകയും, നമ്മുടെ മാനസികാരോഗ്യവും സംവിധാനങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യും. എന്നാൽ, അതിന്റെ പരിമിതികളെ ഭേദിച്ച് മുന്നോട്ട് പോകേണ്ടതുമുണ്ട്. ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള മുന്നേറ്റമായി മാറേണ്ടചില വശങ്ങൾ മാനസികാരോഗ്യത്തിനുണ്ട്. ശരിക്കും, മാനസികാരോഗ്യത്തിൽ മാത്രമല്ല, പൊതുജനാരോഗ്യത്തിലും വികസനത്തിലും ഇന്നുള്ളഅവസ്ഥയിൽ നിന്ന് ഒരു കുതിച്ചുചാട്ടം ആവശ്യമാണ്. ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണവും അത്തരത്തിലുള്ള മാറ്റം ഘടനയിൽ വരുത്തിയതിന്റെ നേട്ടങ്ങളാണ് ഇന്നുള്ളത്. അത് സാന്ത്വന പരിചരണ (Palliative care) പ്രസ്ഥാനത്തിലൊക്കെ പ്രതിഫലിച്ചിട്ടുണ്ട്. എന്നാൽ, മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ അത് പരിമിതമാണ്.പരിമിതികളെക്കുറിച്ചുള്ള തിരിച്ചറിവാണ് മാറ്റത്തിന് പ്രേരകമാവുന്നത്.

കേരളത്തിൽ കാണുന്ന പല വൈരുദ്ധ്യങ്ങളിലൊന്ന്, വിദ്യാഭ്യാസത്തിലെ ഔപചാരിക നേട്ടങ്ങളും, എന്നാൽ അതിനൊത്ത് നേടിയിട്ടില്ലാത്ത ശാസ്ത്രബോധവുമാണ്. ശാസ്ത്രബോധം മാത്രമല്ല, യാഥാർത്ഥ്യങ്ങളെ ചരിത്രബോധത്തോടെയും സന്ദർഭോചിതമായും തിരിച്ചറിഞ്ഞ് കൂട്ടായി പ്രതികരിക്കാനാവുന്ന പൗരബോധവും ഉണ്ടാകേണ്ടിയിരിക്കുന്നു. പ്രായോഗിക ബുദ്ധിക്കപ്പുറമുള്ള ഒരു സാമൂഹ്യബോധത്തിലേക്ക് കൂട്ടായി ഉണരേണ്ടതുണ്ട്. ലിംഗാധികാര ബന്ധങ്ങൾ പോലെ സൂക്ഷ്മതലത്തിലെ സാംസ്‌കാരിക മാറ്റങ്ങൾ അതാവശ്യപ്പെടുന്നു. മറഞ്ഞിരുന്ന പലതിനെയും പുറത്തുകൊണ്ട് വരാൻ കോവിഡിന് കഴിഞ്ഞിട്ടുണ്ട്. വർദ്ധിച്ചു കാണുന്ന ഗാർഹിക പീഡനങ്ങൾ കുടുംബത്തിലെ സുരക്ഷ എന്ന മിഥ്യ പൊളിച്ചുകാട്ടുന്നുണ്ട്. എല്ലാവരും വീട്ടിൽ തന്നെ കഴിയുന്നതുവഴി ബന്ധങ്ങളിലെ സംഘർഷങ്ങൾ കൂടുകയാണ് ചെയ്യുന്നത്. കുടുംബത്തിന് പുറത്തുള്ള സാമൂഹ്യമായ നിലനിൽപ്പും ബന്ധങ്ങളും ഉള്ളിലേതുപോലെ തന്നെ പ്രധാനമാണെന്നും അകവും പുറവും തമ്മിൽ അങ്ങനെ വേർതിരിക്കാനാവില്ലെന്നും ഒരു തിരിച്ചറിവ് ഇതിൽ നിന്നുണ്ടാകേണ്ടതാണ്. മാനസികാരോഗ്യം നിർണയിക്കുന്നതിൽ ലിംഗാധികാരബന്ധം വലിയ പങ്ക് വഹിക്കുന്നു എന്നതുകൊണ്ടാണ് ഇതിവിടെ സൂചിപ്പിക്കുന്നത്.ഇതുപോലെ ഒട്ടേറെ സൂക്ഷ്മമായ സാമൂഹ്യ നിർണയ ഘടകങ്ങൾ മാനസികരോഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്.

ജനിതകം, മസ്തിഷ്‌കം, ഹോർമോൺ

കോവിഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസികപ്രശ്‌നങ്ങൾ വിഷാദം (Depression), അമിതോത്കണ്ഠ (Anxiety disorder), ആത്മഹത്യാപ്രവണത (Suicidal tendency), മദ്യാസക്തി (Alcoholism), മാനസികപിരിമുറുക്കം (Stress disorder), എന്നിവയാണ്. ഇവയെല്ലാം ശാരീരികമായ അടിസ്ഥാനമുള്ളതും അതേസമയം മാനസികവും സാമൂഹ്യവുമായ മാനങ്ങളുള്ളതുമാണ്. മനോനില രൂപപ്പെടുത്തുന്നതിൽ കുട്ടിക്കാലത്തെ വളർച്ച, ആ സമയത്തുണ്ടാകുന്ന ആഘാതങ്ങൾ, അവ സാന്ത്വനപ്പെടുത്തിയ രീതി, എന്നിവയ്ക്ക് പങ്കുണ്ട്. എന്നാൽ, ഈ ശാരീരികവും മാനസികവുമായ ഘടകങ്ങളും പ്രകടമാകുന്നത് അശാന്തമായ ബന്ധങ്ങളുടെയും സാമൂഹികാന്തരീക്ഷത്തിന്റെയും സാന്നിദ്ധ്യത്തിലാണ്. അതേസമയം, വളരെ കുറച്ച് പേർക്കെങ്കിലും പൂർണമായും ശാരീരികഘടനയിൽ എഴുതിച്ചേർത്ത സവിശേഷതകൾ രോഗാവസ്ഥ ഉണ്ടാക്കുന്നു എന്ന കാര്യവും വിസ്മരിക്കാൻ പാടില്ല.അത് കണ്ടെത്തുന്നത് പക്ഷേ ദുർഘടമാണ്. നല്ല ശ്രദ്ധ ഇക്കാര്യത്തിൽ ആരോഗ്യസേവകരുടെ ഭാഗത്തുനിന്നുണ്ടാകണം.

ജനിതകം (Genetics), മസ്തിഷ്‌കം (Brain), ഹോർമോണുകൾ (Hormones) എന്നിവയാണ് ശരീരത്തിന്റെ വശത്ത് നിന്ന് നോക്കാവുന്ന കാര്യങ്ങൾ. സന്തോഷം, വിഷമം, ഭയം, ഉത്ക്കണ്ഠ, ദേഷ്യം തുടങ്ങിയ വികാരങ്ങൾക്ക് സമാന്തരമായി മസ്തിഷ്‌കത്തിലെ ഉത്തേജനത്തിലുംരാസസന്ദേശവാഹകരിലും (Neuro transmitters) മാറ്റങ്ങൾ പ്രകടമാകുന്നു.ഇത് ചുറ്റുപാടിൽ നിന്നുള്ള ഉത്തേജനം കൊണ്ട് മാത്രമല്ല, ശാരീരികമായ പൂർവാവസ്ഥ കൊണ്ട് കൂടിയാണെന്നത് ഇപ്പോൾ തെളിവ് (Evidence) ആർജ്ജിച്ചിട്ടുണ്ട്. ചുറ്റുപാടുകളും ബന്ധങ്ങളുടെ സ്വഭാവവും മാറിയാലും അത് നിലനിൽക്കുമെന്നത് പലരുടെയും കാര്യത്തിൽമരുന്ന് ചികിത്സ (Drug therapy)അനുയുക്തമാക്കുന്നു. ഇതോടൊപ്പം കൗൺസിലിംഗ്, പല തരത്തിലുള്ള സൈക്കോ തെറാപ്പി (Psycho therapy) തുടങ്ങിയവ ഗുണകരമാണ്. പെട്ടെന്നുണ്ടാകുന്ന ചില അസ്വസ്ഥതകൾക്ക് സൈക്കോ തെറാപ്പി മാത്രം മതിയാകും. കോവിഡ് ഭീതി ബാധിച്ചവരിൽ രണ്ട് കൂട്ടത്തിലുള്ളവരുമുണ്ടാകാം. മുൻപേ അസ്വസ്ഥതകളുള്ളവരെയും ചികിത്സ എടുക്കുന്നവരെയും പുതിയ ഭീഷണി കൂടുതൽ ഗുരുതരമായിബാധിക്കുന്നു എന്നാണ് ചികിത്സകർ കാണുന്നത്. അവരെ വേർതിരിച്ചറിഞ്ഞ് പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടി വരും. അടുത്ത ദിവസങ്ങളിൽ ഒന്നിൽ ക്വാറന്റയിനിൽ കഴിഞ്ഞ ഒരു യുവാവ് തീരെ പ്രതീക്ഷിക്കാതെ ആത്മഹത്യ ചെയ്തു. ഇതുപോലെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ വൈകുന്നേരം അഡ്മിറ്റ് ആയ ഒരാൾ പിറ്റേന്ന് വെളുപ്പിന് ആത്മഹത്യ ചെയ്തു.ഈ രണ്ട് സംഭവത്തിനുശേഷവും ഇത് പോലുള്ളവ തടയാൻ എന്ത് ചെയ്യാനാവുമെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കുകയുണ്ടായി. കോവിഡ് ബാധിച്ചവരെ അഡ്മിറ്റ് ചെയ്തയുടൻ ഒരു അഭിമുഖം നടത്തി അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ തീരുമാനിച്ചു. എന്നാൽ, ക്വാറന്റയിനിൽ പോകുന്നതിനുമുമ്പ് എല്ലാവർക്കും ഇത് ചെയ്യാൻ സാധിക്കുമോ എന്നത് വലിയ പ്രശ്‌നമാണ്. ആശുപതിയിലാണെങ്കിലും പരിശീലനം കിട്ടിയവരുടെ കുറവുണ്ട്.സാമൂഹ്യതലത്തിൽ കുറെ കൂടി വ്യാപിപ്പിക്കേണ്ടി വരുമ്പോൾ ഈ കുറവ് വളരെ വലുതാണ്.

നിലപാടുള്ള പൗരസംഘങ്ങൾ ചെയ്യേണ്ടത്

ശാരീരികവും മാനസികവുമായ അവസ്ഥകളുടെ പശ്ചാത്തലത്തെ മൂർത്തമായ രോഗനിലയിലേക്കെത്തിക്കുന്നത് ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുമാണെന്ന് സൂചിപ്പിച്ചുവല്ലോ. അതുകൊണ്ട് കോവിഡ് കാലത്ത്, അയിത്തം, ലിംഗാധികാരം തുടങ്ങിയ സാമൂഹ്യ ഘടനാപരമായഘടകങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ബഹുലമായ ഘടകങ്ങൾ സങ്കീർണമായി പ്രതിപ്രവർത്തിച്ചുണ്ടാകുന്നതാണ് മാനസികപ്രശ്‌നങ്ങൾ എന്നതുകൊണ്ട് അവയുടെ പരിഹാരവും അങ്ങനെയേ സാദ്ധ്യമാവൂ. ഭരണവ്യവസ്ഥയുടെ ഭാഗമായ ആരോഗ്യ പരിപാടികളാണ് ഇപ്പോൾ ഇതിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ശാരീരികവും മാനസികവുമായ തലത്തിലുള്ള പ്രശ്‌നങ്ങൾ ഇതുവഴി കുറെ പരിഹരിക്കാനാവും. എന്നാൽ, ഇതിനും സാമൂഹ്യപങ്കാളിത്തം ആവശ്യമുണ്ട്. സാമൂഹ്യമായ ഘടനാമാറ്റം തീർച്ചയായും കൂടുതൽ ജനപങ്കാളിത്തം ആവശ്യപ്പെടുന്നു. എന്നാൽ, ജീവശാസ്ത്രപരമായ അവസ്ഥകളെ, ചിലപ്പോൾ വൈറസിന്റെ സാന്നിദ്ധ്യം പോലും നിഷേധിക്കുന്ന തരത്തിലുള്ള ചിന്താരീതികളും കണ്ട് വരുന്നു. യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒഴിഞ്ഞു മാറലായി മാത്രമേ ഇത് കാണാനാവൂ. യാഥാർത്ഥ്യങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള സംവാദങ്ങൾ ഉണ്ടാകണം. സയൻസും ടെക്നോളജിയും ജീവിതത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് മാത്രമേ ജനപങ്കാളിത്തമുണ്ടാക്കാൻ കഴിയൂ.

സാമൂഹ്യപങ്കാളിത്തം ഫലപ്രദമാകണമെങ്കിൽ ആശയപരമായ വ്യത്യസ്ത കാഴ്ചപ്പാടുകളും സംവാദങ്ങളുമുണ്ടാകണം. ഇത് ആരോഗ്യവ്യവസ്ഥയുമായും ഉണ്ടാകണം. ജനങ്ങൾ അതിന് പ്രാപ്തി നേടുക എന്നതും പ്രധാനമാണ്. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന കാഴ്ച്ചപ്പാടും ധാരണകളും പരിശോധിക്കേണ്ടതുണ്ട്. പൊതുവെയുള്ള ധാരണ മോഡേൺ മെഡിസിൻ മരുന്നുകളെല്ലാം ശരീരത്തിന് പ്രശ്‌നമുണ്ടാക്കുമെന്നതാണ്. അതിനാൽ, മിക്കവരും മരുന്ന് കഴിക്കാൻ വൈമുഖ്യമുള്ളവരാണ്. മരുന്നുകൾക്ക് പാർശ്വഫലം ഉണ്ടാകുമെന്നതും അത് കൃത്യമായി മരുന്നിനോടോപ്പമുള്ള കുറിപ്പുകളിൽ എഴുതി വക്കുമെന്നതും വാസ്തവമാണ്. അത് വിവിധ പരീക്ഷണങ്ങൾക്കുശേഷം കൃത്യമായ അളവിൽ പാകപ്പെടുത്തിയതുമാണ്. ആധുനിക ചികിത്സയുടെ ഈ തുറന്ന സമീപനം ഉൾക്കൊള്ളാൻ നമ്മുടെ സമൂഹത്തിന് വൈമുഖ്യമുള്ളതായി കാണുന്നു. മരുന്നിനോടുള്ള ഭയം കാരണം മിക്ക ആളുകളും വല്ലാതെ പ്രശ്‌നം അനുഭവിക്കുമ്പോഴും കൗൺസിലിംഗ് മാത്രം മതിയെന്ന് വിചാരിക്കുന്നവരാണ്. കേരളത്തിൽ നന്നായി വേരോടിയിട്ടുള്ള ഒന്നാണ് മനഃശാസ്ത്രം. ഇതിനുകാരണം, മനസ്സിനെ കുറിച്ച് അറിയാനുള്ള കൗതുകവും അത് മനസ്സിലാകുന്ന തരത്തിൽ പ്രചരിച്ചിട്ടുള്ള മനഃശാസ്ത്ര മാസികകളുമൊക്കെയാവണം. അതിനേക്കാളുപരി, നമുക്ക് സ്വയം മാറ്റിയെടുക്കാവുന്നതും എളുപ്പം പരിഹാരം കിട്ടുന്നതുമായവ തേടാനുള്ള വാസനയും ആളുകൾക്ക് ഉണ്ടായിരിക്കും.

മനഃശാസ്ത്രം ഫ്രോയ്ഡിനുശേഷം പല സിദ്ധാന്തങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം ഒത്തുപോകുന്നതാവണമെന്നില്ല. ഓരോ കാലത്തും മാറി വരുന്ന ശരീരശാസ്ത്രത്തിനും സാമൂഹ്യ കാഴ്ചപ്പാടിനും അനുസൃതമായി മനഃശാസ്ത്ര സിദ്ധാന്തങ്ങൾ മാറുന്നുമുണ്ട്. മരുന്ന് ചികിത്സ ആവശ്യമുണ്ടോ എന്ന് നോക്കിയതിനുശേഷം ആവശ്യമായ സൈക്കോ തെറാപ്പി സ്വീകരിക്കുന്നതാവും നല്ലത്. ചിലപ്പോൾ മനസ്സുമായി ഒരു ബന്ധവുമില്ലാത്ത തലച്ചോറിലെ മുഴകളും മറ്റും സമാന ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇതൊക്കെ പരിശോധിക്കുക ആവശ്യമായി വരും.

മെഡിക്കൽ ലോകം പുലർത്തുന്ന ആധിപത്യം പലപ്പോഴും ജനങ്ങൾ എതിർക്കുന്നതാണ്. രോഗികളുടെ ശരീരത്തിനും മനസ്സിനും മേൽ അവർക്ക് കൂടി അവകാശമുണ്ടെന്ന കാര്യം പരിഗണിക്കാതെയാണ് ആധുനിക ചികിത്സ മുന്നേറിയത്. ഇതിനെതിരെ പല ജനകീയ പ്രതിരോധങ്ങളുമുണ്ടായിട്ടുണ്ട്. സ്ത്രീകൾ, മനോരോഗത്തിന് മരുന്ന് കഴിക്കുന്നവർ എന്നിവരുടെയൊക്കെ സ്വയം പഠന ഗ്രൂപ്പുകൾ ഇങ്ങനെയുണ്ടായതാണ്. പല രാജ്യങ്ങളിലും ആന്റി സൈക്യാട്രി (Anti psychiatry) ഗ്രൂപ്പുകളുണ്ട്. ഇത്തരം ജനകീയ സംഘടനകൾ ഒഫീഷ്യൽ സംവിധാനങ്ങളുമായി സംവദിച്ച് അവയിൽ മാറ്റം വരുത്താറുണ്ട്. കേരളത്തിൽ പാലിയേറ്റീവ് പ്രസ്ഥാനം ജനകീയമായി തുടങ്ങുകയും പിന്നീട് ഗവണ്മെന്റിന്റെ ഭാഗമാവുകയുമാണുണ്ടായത്.
ഈ ഗ്രൂപ്പുകൾ നിരന്തരം സ്വയംപഠനത്തിനും ക്രിയാത്മക ചിന്തക്കും സന്നദ്ധമാകണം. മറ്റ് പല സ്ഥലങ്ങളിലും ഇത് നടക്കുന്നുണ്ട്. തീരെ മരുന്നുപയോഗിക്കേണ്ട എന്നതിൽ നിന്ന് സംഘടനകൾ നിലപാട് മാറ്റിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ടും മറ്റ് പല രാജ്യങ്ങളിലും സ്വയം സഹായ ഗ്രൂപ്പുകൾ ഉണ്ടാവുകയും അവർ പ്രൊഫഷണലുകളുമായി ബന്ധപ്പെട്ട് തിരുത്തലുകൾ നടത്തുകയും ചെയ്യുന്നു. അതുപോലെ രോഗികളുടെ അനുഭവങ്ങളെ വിലയിരുത്തുകയും രേഖപ്പെടുത്തുകയും അതിനനുസരിച്ച് ചികിത്സ പ്രോട്ടോകോളിൽ മാറ്റം വരുത്തുകയും ചെയ്യാനുള്ള സന്നദ്ധത പ്രൊഫഷണലുകളും കാണിക്കണം.

സയൻസിലൂടെ നിരന്തരം ഉൽപ്പാദിപ്പിക്കുകയും തിരുത്തിയെഴുതുകയും ചെയ്യുന്ന അറിവുകൾ പൗരസംഘടനകൾ സ്വാംശീകരിക്കേണ്ടതാണ്. നമ്മുടെ നാട്ടിൽ അത്തരം പ്രസ്ഥാനങ്ങൾ വിരളമായേ ഉണ്ടാകുന്നുള്ളൂ. പാലിയേറ്റീവ് പ്രസ്ഥാനം തുടക്കത്തിൽ അങ്ങനെയുള്ളജൈവികഇടപെടലാണ് നടത്തിയത്. ജീവശാസ്ത്രത്തിന്റെധാരണകളെ ഉൾക്കൊണ്ടുംമനഃശാസ്ത്ര സങ്കൽപനങ്ങൾക്ക് ചെവി കൊടുത്തും വിമർശിച്ചും വളരാൻ ഇവിടെ ക്വിയർ (Queer) പ്രസ്ഥാനത്തിനുംകഴിയുന്നുണ്ട്. ഈ മാതൃകയിൽ വ്യത്യസ്തങ്ങളായ പ്രസ്ഥാനങ്ങളുണ്ടാകണം.

സാമൂഹ്യാന്തരീക്ഷത്തിൽ മാറ്റം വരുത്താവുന്ന തരത്തിൽ നിലപാടുള്ളഗ്രൂപ്പുകൾ പരസ്പര പിന്തുണക്കായി ഉണ്ടാക്കാവുന്നതാണ്. കോവിഡ് കാലത്തെ സ്ത്രീകളുടെ മാനസികാരോഗ്യം ധാരാളം ചർച്ച ചെയ്യപ്പെടുന്നുണ്ട്. വീടിനുള്ളിൽ പെട്ടുപോയ സ്ത്രീകളും അവരുടെ മാനസിക സമ്മർദ്ദവും ആളുകൾ മനസ്സിലാക്കി വരുന്നു. എന്നാൽ, ഒഫിഷ്യൽ ഘടനയിൽ നിന്ന് പുറത്തുപോയി ഇടപെടൽ നടത്താൻ പ്രാപ്തമായ സ്ത്രീകളുടെ സംഘങ്ങൾ ഉണ്ടാകുന്നത് കാണുന്നില്ല. ലിംഗാധികാരബന്ധങ്ങൾ വളരെ ആഴത്തിലും സൂക്ഷ്മമായും പ്രവർത്തിക്കുന്നത് കൊണ്ടാകണമിത്. കോവിഡ്പരിചരണത്തിലും സേവനത്തിലും കൂടുതലും ഏർപ്പെട്ടിരിക്കുന്നത് സ്ത്രീകളാണ്. ഇവർക്ക് പലപ്പോഴും സാധാരണ ജെന്റർ മാനകങ്ങൾ ഭേദിച്ച് രാത്രിയും പകലുമില്ലാതെജോലി ചെയ്യേണ്ടിവരുന്നുണ്ട്. വീട്ടിൽനിന്ന് മാറിക്കഴിയേണ്ടി വരുന്നുണ്ട്. കുട്ടികൾ വീട്ടിൽ തനിച്ചായിരിക്കുമ്പോൾ അതിന്റെ ടെൻഷനും അനുഭവിക്കുന്നു.വീട്ടിലെ മറ്റുത്തരവാദിത്വങ്ങൾ അയൽക്കാരെയോ ബന്ധുക്കളെയോ ഏൽപ്പിച്ച് മാറി നിൽക്കുമ്പോൾ അവർ വീടിന്റെ മതിൽ ഭേദിച്ച് പുറത്തുകടക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കുകയല്ല. മറിച്ച്, കൂടുതൽ സംഘർഷത്തിലേക്ക് വീഴുകയാണ്. നിലപാടുള്ളഒരു സംഘത്തിന്റെ ഭാഗമായി പരസ്പരം പിന്തുണച്ചാൽ, അത് സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാകും.
കോവിഡ്കാലത്തെ ഗർഭിണികളുടെ അവസ്ഥയും ഇതുപോലെ നോക്കാവുന്നതാണ്. ഗർഭധാരണവും പ്രസവവും,സ്വകാര്യവുംകുടുംബപരവുംമെഡിക്കൽപരവുമായാണ് നമ്മൾ പരിപാലിച്ച് പോരുന്നത്. എന്നാൽ, ഈ അവസ്ഥ തകർന്നതായാണ് കോവിഡ് കാലത്ത് കാണുന്നത്. ആശുപത്രികളിൽ പോകാൻ പ്രയാസമാണ്. വീട്ടിൽ ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്നു. കുഞ്ഞുങ്ങൾ എങ്ങനെയാകുമെന്ന് ഉത്കണ്ഠപ്പെടുന്നു. ഇവയെല്ലാം ചേർന്ന് അവർക്ക് മാനസികമായ പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പരസ്പരം പിന്തുണ നൽകുന്ന ഗ്രൂപ്പുകൾ സോഷ്യൽ മീഡിയ വഴിയെങ്കിലും ഉണ്ടായാൽ അത് അവർക്ക് പുതിയൊരു ലോകം തുറക്കും.

മാറേണ്ടത്​ ഘടനാപരമായി

കോവിഡ് പെട്ടെന്നുണ്ടായ ഒരു അത്യാഹിതമായതുകൊണ്ടും മുമ്പ് ഇതുപോലെ ദുരന്താനുഭവങ്ങളിൽ നിന്ന് സമൂഹങ്ങൾ പെട്ടെന്ന് കരകയറുന്നത് കണ്ടതുകൊണ്ടും, വ്യക്തികളിൽ നിന്ന് മാനസികമായ കെടുതികൾ വൈകാതെ മാഞ്ഞുപോവുമെന്നുള്ള കാഴ്ചപ്പാടും നിലവിലുണ്ട്. ഡാറ്റകളിൽ തന്നെ പലയിടങ്ങളിലും വ്യത്യാസമുണ്ടാകാം. ഏതു ദുരന്തവും സമാധാനപരമായി നേരിടുകയും പൊരുത്തപ്പെടുകയും ചെയ്യുന്നവരെയും നമുക്ക് ചുറ്റിലും കാണാം. ഈ സാദ്ധ്യതകളെയൊക്കെ തുറന്ന സമീപനത്തോടെ തന്നെ കാണാവുന്നതാണ്.
അതേസമയം, മാനസിക രോഗം നേരിടുന്നതിനും ആരോഗ്യപരിപാലനം മെച്ചപ്പെടുത്തുന്നതിനുമുള്ള അവസരം മറ്റു പല കാര്യങ്ങളിലുമെന്ന പോലെ കോവിഡ് തുറന്നുതരുന്നുണ്ട്. മാനസികാരോഗ്യം നിലനിർത്തുന്നതിന് ധാരാളം നിർദ്ദേശങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. മറ്റുള്ളവരോട് തുറന്ന് സംസാരിക്കുക, വ്യായാമം ചെയ്യുക, യോഗ പരിശീലിക്കുക, നല്ല ഭക്ഷണം കഴിക്കുക, വിനോദങ്ങളിൽ ഏർപ്പെടുക തുടങ്ങി നമ്മുടെ അധികാരനിലകളെ ഒട്ടും ഉലക്കാത്ത നിർദ്ദേശങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഹെൽപ് ലൈനുകളുണ്ട്. കൗൺസിലിംഗുണ്ട്. ഇതെല്ലാം സ്വീകരിക്കാവുന്നതാണ്. മറ്റുള്ളവർക്ക് പിന്തുണ നൽകുന്നതിൽ ഏർപ്പെട്ടിട്ടുള്ളവർ സമാധാനത്തിലായിരിക്കണം. അങ്ങനെ ആകാൻ കഴിയുന്നില്ലെങ്കിൽ അതിനുള്ള മാർഗം സ്വീകരിച്ചശേഷം മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതാവും നല്ലത്.

എന്നാൽ, ഇതിനപ്പുറം ഘടനാപരമായ മാറ്റങ്ങളുണ്ടാവുകയും സാംസ്‌കാരികാന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്യാനായാൽ അത് കോവിഡ് കാലത്തിന്റെ സംഭാവനയാകും. മനസ്സിന്റെ ഉള്ളറകളിൽ മാത്രം തപ്പി തടയുന്നതിന് പകരം അതിന്റെ ഒരു വശത്ത് ശരീരശാസ്ത്രം പഠിക്കാനും മറുവശത്ത് സാമൂഹ്യഘടന വിമർശനപരമായി വിലയിരുത്താനും കഴിഞ്ഞാൽ പുതിയ സമീപനങ്ങളുണ്ടാക്കാൻ കഴിയും. പ്രൊഫഷണലുകളുമായി സംവദിക്കാൻ കഴിയണം. അവരുടെ ഭാഗത്തുനിന്ന് താൽപര്യമുണ്ടായാൽ നല്ലതാണ്. ഇല്ലെങ്കിലും നിലപാടുള്ള പൗരസംഘങ്ങൾക്ക് അതിന് കഴിയണം.
ഇപ്പോൾ തന്നെ അവിടെയും ഇവിടെയും ആളുകൾ തമ്മിൽ ചേരുകയും പുതിയ ക്രിയാത്മകമായ സംരംഭങ്ങളുണ്ടാവുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും യുവാക്കളുടെ ഇടയിൽ. ഉദാഹരണത്തിന് മെഡിക്കൽ വിദ്യാർഥികൾ ക്വിയർ മാനസികാരോഗ്യത്തിൽ അന്വേഷണം നടത്തുന്നു. മുമ്പ് കാണാത്തതാണത്. ഇത് പോലെയുള്ള നൂതന സംരംഭങ്ങൾ വളർന്ന് വരാൻ കോവിഡ് കാലവും പ്രേരണയാകട്ടെ.

Comments