ദേശീയ വിദ്യാഭ്യാസ നയം ക്ലാസ് റൂമിലെ ജാതിയെ എന്തുചെയ്യും?

ഒന്നാം ക്ലാസിൽ ചേരുന്ന ദളിത്-ബഹുജൻ വിദ്യാർത്ഥികളിൽ 90 ശതമാനവും പ്ലസ് ടു കഴിഞ്ഞാൽ അദ്ധ്യയനത്തിൽനിന്ന് പിന്തള്ളപ്പെടുന്നു. ഇന്ത്യൻ ക്ലാസ്‌റൂമുകളിലെ സംഘടിത ജാതിവ്യവസ്ഥയും അസഹിഷ്ണുതയുമാണ് ഇവരെ പുറന്തള്ളുന്നത്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം ഭയാനകമായ അസമത്വം നിയമവിധേയമാക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയം ചെയ്യുന്നതെന്ന് വിദ്യാഭ്യാസവിചക്ഷകനും ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസവിഭാഗം മേധാവിയുമായിരുന്ന ലേഖകൻ വാദിക്കുന്നു

പുതിയ ദേശീയ വിദ്യാഭ്യാസ നയം ജാതീയവും പുരുഷമേധാവിത്തപരവും ബലഹീനവുമായ സാമൂഹിക പ്രശ്‌നങ്ങളെ അവഗണിക്കുന്നു എന്നതിനേക്കാളേറെ, അടിമത്തവും അവകാശ നിഷേധവും സൃഷ്ടിക്കാൻ വേണ്ടിയാണ് അതിന്റെ സംവിധാനം എന്നുകൂടി പറയേണ്ടിവരുന്നു.

ഒന്നാം ക്ലാസിൽ ചേരുന്ന ദളിത്-ബഹുജൻ വിദ്യാർത്ഥികളിൽ ഏകദേശം 90 ശതമാനവും പ്ലസ് ടുവോടെ അദ്ധ്യയനത്തിൽനിന്ന് പിന്തള്ളപ്പെടുന്നു. ഇതിനെ കൊഴിഞ്ഞുപോക്ക് എന്ന് വിളിക്കാൻ പാടില്ല, കാരണം അവർ ഇഷ്ടപ്രകാരം പഠനം നിർത്തുന്നതല്ല. മറിച്ച്, ഇന്ത്യൻ ക്ലാസ്‌റൂമുകളിലെ സംഘടിത ജാതിവ്യവസ്ഥയും അസഹിഷ്ണുതയും അവരെ പുറന്തള്ളുന്നതാണ്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം ഭയാനകമായ അസമത്വം നേരിടുന്നതിനുപകരം ദേശീയ വിദ്യാഭ്യാസ നയം എന്ന ‘പുതിയ വിദ്യാഭ്യാസ നയം', ജാതിയധിഷ്ഠിതമായ പലതരം തരംതിരിവുകളെ നിയമവിധേയമാക്കാൻ ശ്രമിക്കുകയാണ്.
നീതിപൂർവ വിദ്യാഭ്യാസം എന്നുപറഞ്ഞ് അധരസേവ നടത്തുകയാണ് പുതിയ നയം. അത് തീർച്ചയായും സ്വകാര്യ സംരംഭകർക്ക് ലാഭമുണ്ടാക്കാൻ സ്വതന്ത്ര്യം നൽകുന്നു. സ്വകാര്യ സ്‌കൂളുകളെയോ സർവകലാശാലകളെയോ അവരുടെ ലാഭത്തെയോ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. വിദ്യാഭ്യാസരംഗത്ത് പ്രോത്സാഹിപ്പിക്കപ്പെടുന്ന കാരുണ്യ നിക്ഷേപത്തിന്റെ മറവിൽ നികുതി വെട്ടിപ്പിന് സൗകര്യമൊരുങ്ങുമെന്നും ലാഭത്തിന് നടത്തപ്പെടുന്ന സർവകലാശാലകൾ ഈ പേരിൽ സർക്കാർ സഹായങ്ങൾക്ക് അർഹമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇല്ലാതാകുന്ന സാമൂഹിക നീതി

പൊതുസ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത അസമത്വം നിലനിൽക്കുന്നു. സ്‌കൂളുകളെയും കോളേജുകളെയും തരംതിരിച്ചുള്ള രീതി നിലനിൽക്കേ വിദ്യാഭ്യാസത്തിലെ തുല്യനീതിയെ കുറിച്ചോ സമന്വയത്തെ കുറിച്ചോ സംസാരിക്കുന്നതിൽ അർത്ഥമില്ല. യഥാർഥത്തിൽ, നീതിപൂർവ വിദ്യഭ്യാസത്തിന്റെ നിലവിലെ നയരേഖയായി കരുതപ്പെടുന്ന 1966ലെ കോത്താരി കമീഷൻ പോലും ഇക്കാര്യം പറയുന്നില്ല! കോത്താരി കമീഷൻ എല്ലാ സ്‌കൂളുകളിലും തുല്യത, ഏകരൂപഘടന എന്നിവക്കായി ശിപാർശ ചെയ്തിട്ടുള്ളത് വിദ്യാഭ്യാസഘടനയിലെ വിദ്യാർത്ഥി - അധ്യാപക അനുപാതത്തിലുള്ള ഏകത, ആറാം ക്ലാസിനുശേഷം ശാസ്ത്രലാബുകളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങളാണ്. ഇതൊന്നും ദേശീയ വിദ്യാഭ്യാസ നയത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല. കാരണം, അത്തരം തുല്യഘടന, നേർക്കുനേരെ ലാഭാധിഷ്ഠിത സ്വകാര്യ സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങളെ ആക്രമിക്കും.

പൊതു- സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള വേർതിരിവ് പലപ്പോഴും ജാതി ഘടനക്കനുസരിച്ചുള്ളതാണ്. സവർണ വിദ്യാർത്ഥികൾക്ക് ഉയർന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് ലഭിക്കുന്നത്. അധിക ബഹുജൻ വിദ്യാർത്ഥികളും ധനസഹായവും ജീവനക്കാരും ആവശ്യത്തിനില്ലാത്ത സർക്കാർ സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്. ‘സുതാര്യത', ‘കുറഞ്ഞ നിയന്ത്രണം' എന്നിവയുടെ മറവിൽ ഉന്നത വിദ്യാഭ്യാസത്തിൽ നിലവിലുള്ള അപകടം വീണ്ടും പുതിയ നയത്തിലൂടെ ശക്തമാകുകയാണ്, ഇത് ഒരു നിയന്ത്രണരഹിത സമ്പ്രദായം മുന്നോട്ട് വെക്കുന്നു, അതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യാതൊരു സർക്കാർ ഇടപെടലുകളുമില്ലാതെ ഓൺലൈൻ ഫോറങ്ങൾ സമർപ്പിച്ച് സ്വയംകൃത നിയമങ്ങൾ ഉണ്ടാക്കും, ഇത് സ്വകാര്യ സർവകലാശാലകൾക്കും ബാധകമാണ്.

സംവരണം അല്ലെങ്കിൽ പട്ടികജാതി /വർഗ സെൽ നടപ്പിലാക്കൽ പോലുള്ള സാമൂഹിക നീതി നിയമങ്ങളെ, സ്വകാര്യ സ്ഥാപനങ്ങൾക്ക് മറികടക്കാൻ കഴിയും വിധമുള്ള സാഹചര്യം ഇത് സൃഷ്ടിക്കുന്നു.
സ്വകാര്യ സ്ഥാപനങ്ങൾ അവർ ചെലവാക്കുന്നതിന്റെയോ, വാടകയുടെയോ കണക്കോ, അഡ്മിഷൻ നടപടി ക്രമങ്ങളോ ആരെയും ബോധിപ്പിക്കേണ്ടതില്ല.

ജാതിത്തൊഴിലിലേക്ക്

ജാതിവിഭജനം ത്വരിതപ്പെടുത്തുന്നത് ലക്ഷ്യംവെച്ച് ദേശീയ വിദ്യാഭ്യാസ നയം പ്ലാൻ ചെയ്ത ഒന്നാണ് ആറാം ക്ലാസ് മുതൽക്കുള്ള വൊക്കേഷനൽ വിദ്യാഭ്യസ പദ്ധതി. ഇതിന് അടിത്തറ പാകിയത്, 2016ൽ ബാലവേല ഭേദഗതിയിലൂടെയാണ്. ഈ ഭേദഗതി പ്രകാരം 14 വയസ്സിനു താഴെയുള്ള കുട്ടികൾ രക്ഷിതാക്കൾക്ക് വേണ്ടി പണിയെടുക്കുന്നുണ്ടെങ്കിൽ അത് ബാലവേലയായി പരിഗണിക്കപ്പെടുകയില്ല. ഇത് ‘കുലത്തൊഴിലുകളി'ൽ ബാലവേലയെ നിയമവിധേയമാക്കുന്നു.

ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്‌കൂളുകളിൽ ‘ഉന്നത ജാതി'യിൽ പെട്ട രക്ഷിതാക്കൾ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ ആവേശം കാണിക്കാറില്ല, പ്രത്യേകിച്ചും ശാരീരിക അധ്വാനം ആവശ്യമായി വരുന്ന ഇടങ്ങളിൽ. അതുകൊണ്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ സ്‌കൂളുകളിലെ കുട്ടികളെ, സവിശേഷമായി ബഹുജൻ വിഭാഗത്തിലെ കുട്ടികളെ, ജാത്യാടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് തള്ളിവിടുകയും അവരെ നിസ്സാരജോലിക്ക് സ്വയം പരിശീലനം നേടാൻ സന്നദ്ധരാക്കുകയും ചെയ്യുന്നു.
അക്കാദമിക് വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും തമ്മിൽ വലിയ വിടവില്ലെന്ന് ദേശീയ വിദ്യാഭ്യാസ നയം അവകാശപ്പെടുന്നു. അപ്പോഴും തൊഴിലെടുക്കാൻ നിർബന്ധിക്കപ്പെടുന്ന കുട്ടികൾ പതുക്കെ, ഹാജർ കുറവും, പഠിക്കാൻ സമയമില്ലായ്മ മൂലവും വിദ്യാഭ്യാസ മേഖലയിൽ പിന്നോട്ടുപോകുന്നു.

ഏതുഘടനയിലും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും കുലത്തൊഴിലിലും എത്തിപ്പെടുന്ന കുട്ടികൾ, പന്ത്രണ്ടാം ക്ലാസിനുശേഷം പഠനം പൂർത്തീകരിക്കാനും പ്രൊഫഷൻ തെരെഞ്ഞെടുക്കാനും പ്രാപ്തരാണെന്ന് ദേശീയ വിദ്യാഭ്യാസ നയം ഉറപ്പുവരുത്തണം. ബഹുജൻ വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തി, വില കുറഞ്ഞ തൊഴിലിടങ്ങൾ സൃഷ്ടിക്കൽ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന വൻ പദ്ധതിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അതായത്, മുതലാളിത്ത പുരോഗതി ലക്ഷ്യം വെച്ചുള്ള വിദേശ നിക്ഷേപം, അടിച്ചമർത്തപ്പെട്ട അവസ്ഥ തിരിച്ചറിയാനോ വിശകലനം ചെയ്യാനോ മാർഗമില്ലാത്ത വലിയ ഒരു തൊഴിലാളിശക്തിയെ ആവശ്യമാക്കിത്തീർക്കും. ഇതുപോലെ, എ ലെവൽ പരീക്ഷക്കാ ബി ലെവൽ പരീക്ഷക്കോ ഇരിക്കാവുന്ന സ്വാതന്ത്ര്യത്തോടുകൂടിയ അയഞ്ഞ സമീപനം കുട്ടികൾക്കിടയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഉദ്യോഗങ്ങളിലും അസമത്വം സൃഷ്ടിക്കുന്നു.

ദേശീയ വിദ്യാഭ്യാസ നയം പറയുന്നത്, ‘സാധ്യമാകുന്നേടത്തോളം, അധ്യയന മാധ്യമം, ചുരുങ്ങിയത് അഞ്ചാം തരം വരെയും എന്നാൽ ഉത്തമമായത് എട്ടാം തരവും അതിനപ്പുറവും വരെയും വീട്ടു ഭാഷയോ /മാതൃഭാഷയോ /പ്രാദേശിക ഭാഷയോ / പ്രവിശ്യാ ഭാഷയോ ആകണമെന്നാണ്. എന്നാൽ അധ്യയന മാധ്യമം മാറണമെന്ന് വിധി നൽകുന്നുമില്ല. ഇത് അർത്ഥമാക്കുന്നത്, സർക്കാർ സ്‌കൂളുകളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മാർഗമില്ല എന്നതാണ്. ഇത് സാമ്പത്തികമായി കെൽപ്പുള്ള കുട്ടികളുടെ സ്വകാര്യ സ്‌കൂളുകളിലേക്കുള്ള ഒഴിച്ചുപോക്കിലേക്കെത്തിക്കുന്നു. ഇംഗ്ലീഷ് ഭാഷ, ബഹുജൻ വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങളും, പുറം സംസ്ഥാനങ്ങളിലെ ജോലിയും തേടിപ്പിടിക്കാൻ പ്രാപ്തരാക്കുന്നു. അതുവഴി അവർക്ക് പ്രാദേശിക ഉന്നത ജാതികളുടെ സ്വാധീനവലയത്തിനുപുറത്ത് കടക്കാനും കഴിയുന്നു. അധ്യയന മാധ്യമത്തിലെ അസമത്വം ദേശീയ വിദ്യാഭ്യാസ നയം പ്രോത്സാഹിപ്പിക്കുന്നത്, അപകടകരമായ നിലയിൽ ജാതിയടിച്ചമർത്തൽ ശക്തിപ്പെടുത്താനാണ്.

പുതിയ നയം പറയുന്നത്, എല്ലാ തലത്തിലുമുള്ള സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും സംസ്‌കൃതം ഓഫർ ചെയ്യപ്പെടും എന്നാണ്. അതിനാവശ്യമായ അധ്യാപകരെ നിയമിക്കുകയും ഡിപ്പാർട്ടു‌മെന്റുകൾക്ക് ഫണ്ട് നൽകുകയും ചെയ്യും. ക്ലാസ്സിക്കൽ ഭാഷകളെ ഉയർത്തിക്കൊണ്ടുവരലാണ് ഇതിന് ന്യായമായി പറയുന്നത്. എന്നാൽ, ഈ നിർദ്ദേശങ്ങളിൽ മറ്റെല്ലാ ക്ലാസ്സിക്കൽ ഭാഷകളും അവഗണിക്കപ്പെടുകയാണ് ചെയ്തത്. മറ്റു ചരിത്ര -ക്ലാസിക്കൽ ഭാഷകൾ ഡിജിറ്റൽ മീഡിയത്തിൽ രേഖയാക്കി സൂക്ഷിച്ചു വെക്കും എന്നും പറയുന്നുണ്ട്. ഇതിലെ സന്ദേശം വ്യക്തമാണ്- ബ്രാഹ്മണിസത്തിനും ജാതീയ ആശയങ്ങൾക്കും വേരുള്ള ഭാഷ മാത്രമേ എല്ലാതലത്തിലും പഠിപ്പിക്കൂ, അതിനുമാത്രമേ ധനസഹായം ചെയ്യൂ, തമിഴ്, പാലി, ജാതി വിരുദ്ധ വിജ്ഞാനീയങ്ങളുള്ള മറ്റു ഭാഷകൾ എല്ലാം അവഗണിക്കപ്പെടും. ബ്രാഹ്മണ അറിവുകളുടെ ഈ ദുരുദ്ദേശ്യപരമായ പ്രോത്സാഹനം പുതിയ നയത്തിന്റെ ‘പുരാതന ഇന്ത്യൻ സംസ്‌കാരത്തെ' കുറിച്ചുളള പരാമർശങ്ങളിൽ തെളിഞ്ഞുനിൽക്കുന്നു. എന്തെന്നാൽ, ബ്രാഹ്മണിസത്തെ പ്രതിരോധിച്ച ചാർവാക, ലോകായത്, ബുദ്ധിസം മുതലായ മതകീയവും, തത്വചിന്താപരവുമായ പാരമ്പര്യങ്ങളെ അതിൽനിന്ന് സൗകര്യപൂർവം അത് മായ്ച്ചുകളഞ്ഞിരിക്കുന്നു.

ആരാണ് "മികച്ചവർ'?

ആദിവാസി മേഖലയിൽ, ആശ്രമശാലകളിലെ മികച്ച വിദ്യാർത്ഥികൾക്ക് ഫീസിളവും, മികച്ച അധ്യാപകർക്ക് പ്രത്യേക പരിശീലനവും സൗകര്യങ്ങളും ലഭ്യമാകുമെന്ന് നയം പറയുന്നു. ഈ ഫീസിളവ് പരാമർശം തന്നെ ദുർഗ്രഹമാണ്. കാരണം, ഈ നയത്തിൽ, ‘RTE കാലാവധി നീട്ടുമെന്നും വിദ്യാഭ്യാസം സൗജന്യമായിരിക്കുമെന്നും' പറയുന്നു. ഇതിൽ വൈരുധ്യമുണ്ട്. ഒന്നുകിൽ വിദ്യാഭ്യാസത്തിന്, ഈ നയത്തിൽ വ്യക്തമാക്കാത്ത ചെലവുണ്ടാകും. അല്ലെങ്കിൽ മെറിറ്റ് അടിസ്ഥാനത്തിൽ സ്‌കോളർഷിപ് കൊടുത്ത് സംവരണം അട്ടിമറിക്കാനുള്ള ശ്രമമായിരിക്കും.
മറ്റൊന്ന്, ‘മികച്ചവർ' (‘മെറിറ്റോറിയസ്') എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് ചോദിക്കണം. വിദ്യാർത്ഥികളെ സംബന്ധിച്ച് അത്, അസമത്വപരവും കേന്ദ്രീകൃതവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അധിഷ്ഠിതമായ ഓൺലൈൻ പരീക്ഷയിൽ അധികമാർക്ക് ലഭിക്കുന്നവരായിരിക്കും. അദ്ധ്യാപകരെ സംബന്ധിച്ച് അത്, ബ്രാഹ്മണ-മൂലധനാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിലെ ആശയങ്ങളെ ഏറ്റവും കൂടുതൽ അനുസരിക്കുന്നവർ ആയിരിക്കും. അതുകൊണ്ടുതന്നെ, ഈ നയരേഖയിലെ, ‘മികച്ചവർ' (‘മെറിറ്റോറിയസ്') എന്ന പ്രയോഗം ഭയമുളവാക്കുന്നതാണ്.

ജാതിയോട് കണ്ണിചേർക്കപ്പെട്ട പുരുഷമേധാവിത്തം

പുതിയ നയത്തിൽ, ലിംഗബോധവൽകരണത്തെ കുറിച്ച് അധരസേവ നടത്തുന്നത്, അതൊരു പുരോഗമന നയരേഖയാണ് എന്ന് കാണിക്കാനാണ്. എന്തായാലും, പുരുഷമേധാവിത്തം ഇന്ത്യയിൽ, ജാതിയോട് അന്തർലീനമായി കണ്ണിചേർക്കപ്പെട്ടതാണ്, ഒന്നില്ലാതെ മറ്റേതിനെ മാത്രം കൈകാര്യം ചെയ്യാൻ കഴിയില്ല. പുതിയ നയത്തിൽ, ജാതിയെ കൈകാര്യം ചെയ്യാനുള്ള മാർഗം ഇല്ല എന്നുമാത്രമല്ല, അതിലേറെ, പല വഴികളിലൂടെ, ജാതിസ്പർധ സ്ഥിരപ്പെടുത്താനും ശക്തിപ്പെടുത്താനുമാണ് അത് ശ്രമിക്കുന്നത്. നിലവിൽ, സ്‌കൂളുകളിൽ ചേരുന്ന ബഹുജൻ വിദ്യാർഥികളിലെ 10 ശതമാനത്തിൽ താഴെ മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിന് അർഹരാകുന്നത്. ബഹുജൻ വിഭാഗത്തിലെ ഈ ചെറിയ എണ്ണം പോലും, സവർണ ജാതി വർഗത്തെ ഭയപ്പെടുത്തുന്നു, ഈ ഭയമാണ് സംവരണത്തിനെതിരെ തെരുവിലിറങ്ങാൻ അവരെ പ്രേരിപ്പിക്കുന്നത്. എന്തുകൊണ്ട് ഭൂരിപക്ഷം ബഹുജൻ വിദ്യാർഥികൾക്കും പന്ത്രണ്ടാം ക്ലാസു വരെ എത്താൻ കഴിയുന്നില്ല എന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞാൽ, അതോടെ ‘മെറിറ്റി'ന്റെ സകല സങ്കൽപവും വെല്ലുവിളിക്കപ്പെടും. തീർച്ചയായും നീതിപൂർവകവും വിമോചനപരവുമായ വിദ്യാഭ്യാസ സമ്പ്രദായം, ജാതി, പുരുഷ മേധാവിത്തം, അവശത എന്നീ സാമൂഹ്യപ്രശ്‌നങ്ങളെ നേരിട്ട് കൈകാര്യം ചെയ്യാൻ ആവശ്യപ്പെടുന്നു. ജാതീയവും, പുരുഷാധിപത്യപരവും, ദുർബല സ്പർശിയുമായ സാമൂഹിക പ്രശ്‌നങ്ങളെ പുതിയ ദേശീയ വിദ്യാഭ്യാസ നയം അവഗണിക്കുന്നു, അതിലുപരി അത് അടിമത്തവും അവകാശ നിഷേധവും സൃഷ്ടിക്കാനുള്ള സംവിധാനവുമാണ്.

(ദേശീയ വിദ്യാഭ്യാസ നയം 2020: പുതിയ പുറന്തള്ളൽ നയം; മുതലാളിത്തവൽക്കരണം, മനുവധികാരം, വിദ്യഭ്യാസത്തിന്റെ അമിത കേന്ദ്രീകരണം എന്ന വിഷയത്തെ കുറിച്ച് ഡോ: അനിൽ സദ്‌ഗോപാൽ നടത്തിയ വെബിനാർ പ്രഭാഷണം ആസ്പദമാക്കി തയ്യാറാക്കിയത്. വിവർത്തനം റഷീദ് അയിരൂർ)

Comments