അജാന്ത്രിക്കും ചില സക്കറിയൻ കഥകളും

ഋത്വിക് ഘട്ടക്കിന്റെ വിഖ്യാത സിനിമ ‘അജാന്ത്രിക്കും’ സക്കറിയയുടെ ചില കഥകളും ചേർത്തു വായിക്കുകയാണ് ലേഖകൻ. ‘അജാന്ത്രിക്കി’ലെ ബിമൽ എന്ന ഏകാകിയായ കേന്ദ്രകഥാപാത്രത്തിന്റെ ജീവിതത്തേയും, അതിന് സമാനമായ സാഹചര്യങ്ങളെ സ്പർശിക്കുന്ന സമാന്തര രചനകളിലെ ജീവിതങ്ങളേയും താരതമ്യം ചെയ്യുന്നു

മാനഹൃദയരായ ചില ഏകാകികളെക്കുറിച്ചാണ് ഈ ലേഖനം. അജാന്ത്രിക്ക് (Ajantrik, Ghatak, 1958) എന്ന സിനിമയിലെ ബിമൽ എന്ന ഏകാകിയായ കേന്ദ്രകഥാപാത്രത്തിന്റെ ജീവിതത്തേയും, അതിന് സമാനമായ സാഹചര്യങ്ങളെ സ്പർശിക്കുന്ന ചില സമാന്തര രചനകളിലെ ജീവിതങ്ങളേയും താരതമ്യം ചെയ്യുവാനാണ് ശ്രമിക്കുന്നത്. "യാന്ത്രികമല്ലാത്ത' എന്നർത്ഥമുള്ള അജാന്ത്രിക്ക് എന്നു പേരായ ബംഗാളി സിനിമ, പ്രമേയം കൊണ്ടും ഭാവുകത്വം കൊണ്ടും അവതരണം കൊണ്ടും അന്നേവരെ നിലനിന്നിരുന്ന ഇന്ത്യൻ സിനിമാ സമ്പ്രദായങ്ങളിൽ നിന്നുള്ള പരിപൂർണ വിച്ഛേദനമായിരുന്നു. പരുക്കനായ ഒരു മനുഷ്യനും, പഴക്കവും പരിക്കും കൊണ്ട് ശോഭയറ്റ് പരിഹാസ പാത്രമായിത്തീർന്ന അയാളുടെ വാഹനവും തമ്മിലുള്ള വേർപിരിയാനാവാത്തവണ്ണം അടുപ്പമുള്ള സ്‌നേഹബന്ധത്തിന്റെ കഥനത്തിലൂടെ അജാന്ത്രിക്ക് പറഞ്ഞത്, ജീവിതത്തിന്റെ ചില സൂക്ഷ്മതലങ്ങളോട് അയാൾ പുലർത്തിരുന്ന പ്രതിബദ്ധതയുടെയും മമതയുടെയും കഥ കൂടെയായിരുന്നു.

ഏകാന്ത ലോകത്തിലെ ഏക ആശ്വാസം

സെമിത്തേരിക്കടുത്ത ഒരു ഇടുങ്ങിയ വീട്ടിൽ അരിഷ്ടിച്ചു ജീവിക്കുന്ന ഏകാകിയായ താമസക്കാരനാണ് അജാന്ത്രിക്ക് എന്ന സിനിമയിലെ മധ്യവയസ്‌കനായ ബിമൽ എന്ന കഥാപാത്രം. ടാക്‌സി ഡ്രൈവറായ അയാൾക്ക്, സ്വന്തമെന്നോ ബന്ധമെന്നോ പറയാൻ ഈ ഭൂലോകത്തുള്ള ഏക സംഗതി, കണ്ടം ചെയ്യാൻ മാത്രം പ്രായമായ (to be condemned) ഒരു അറുപഴഞ്ചൻ കാർ ആണ്. തന്റെ പരിദേവനങ്ങളും പരാതികളും സന്തത സഹചാരിയായ ആ വാഹനവുമായാണ് ബിമൽ പങ്കുവയ്ക്കുന്നത്.

ഇംഗിതങ്ങളുസരിച്ച് പ്രതികരിക്കുന്ന "മനുഷ്യതമുള്ള' ഒരു വസ്തുവാണ് തന്റെ കാർ എന്നാണ് അയാളുടെ ബോധ്യം. പതിനഞ്ച് വർഷത്തോളം പ്രായമായ ആ ചങ്ങാത്തം തുടങ്ങുന്നത്, തന്റെ അമ്മയുടെ മരണശേഷം ബിമൽ അതിനെ സ്വന്തമാക്കുന്നതോടെയാണ്. നിർധനനെങ്കിലും നിരന്തരം അതിനെ നന്നാക്കിയെടുത്ത്, ഉപേക്ഷിക്കാതെ കൂടെ കൊണ്ടുനടക്കാനുള്ള തത്രപ്പാടിലാണയാൾ. ഏകാന്തമായ തന്റെ ലോകത്തിലെ ഏക ആശ്വാസമാണ് അയാൾക്ക് ആ വസ്തു.

'അജാന്ത്രിക്ക്' സിനിമയിലെ ഒരു രംഗം

പുറമേക്ക് മഹാമുരടനും, അരസികനും, ക്ഷിപ്രകോപിയുമായ അയാളോട്, വല്ലപ്പോഴും വർത്തമാനം പറയാൻ എത്തുന്നത് അയാളോടൊപ്പമുള്ള സവാരിയിൽ താൽപര്യമുള്ള പത്തുവയസ്സോളം പ്രായമുള്ള സുൽത്താൻ എന്നു പേരുള്ള ഒരു കുട്ടിയാണ്. സുൽത്താൻ, വീണുകിട്ടുന്ന ചില ഇടവേളകളിൽ, ടാക്‌സി സ്റ്റാൻഡിലുള്ള ബിമലിനെ സമീപിക്കുകയും, അവരുടെ യാത്രകൾക്കിടെ, കുട്ടിത്തം കലർന്ന അവന്റെ ചോദ്യങ്ങൾക്ക് ബിമൽ അനുഭാവപൂർവ്വം മറുപടി നൽകുകയും ചെയ്യാറുണ്ട്. കുട്ടിയുടെ അത്തരം ചോദ്യങ്ങളിലൊന്നിലാണ് നാം ബിമലിന്റെ ജീവിതത്തിന്റെ വിഷാദം കലർന്ന ഏകാന്തതയുടെ ആഴത്തെപ്പറ്റി മനസ്സില്ലാക്കുന്നത്. അതിന്റെ നൈരാശ്യം അയാളെ അലട്ടുന്നുണ്ടെങ്കിലും അതിനോട് കൂടുതൽ പ്രതികരിക്കാനോ വിശദീകരിക്കാനോ ശ്രമിക്കാതെ, ആ വിഷയം വിട്ടുകളയുവാൻ ഭംഗ്യന്തരേണ അയാൾ കുട്ടിയോടാവശ്യപ്പെടുന്നു.

ഈ സാഹചര്യങ്ങളിലേക്കാണ് ഒരിക്കൽ, നവവധുവെന്ന് തോന്നിപ്പിക്കുന്ന സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു യുവതിയും അവളോടൊപ്പമുള്ള യുവാവും അകലേക്കുള്ള വിശ്രമകേന്ദ്രത്തിലേക്കുള്ള യാത്രക്കായി അയാളുടെ ടാക്‌സി കാറിൽ കയറുന്നത്. കാറിലെ യാത്രക്കിടയിൽ, മുൻശുണ്ഠിക്കാരനായ ബിമലിന്റെ കൗതുകകരമായ രീതികളും പ്രതികരണങ്ങളും യുവതിയിൽ ചിരി ഉണർത്തുന്നു. യാത്രാമദ്ധ്യേ, വഴിവാണിഭത്തിനായി വാഹനം നിർത്തുവാൻ അവൾ ഡ്രൈവറുടെ ചുമലിൽ സ്പർശിച്ചു പറയുന്നു; ആ സ്പർശനം അയാളെ മാത്രമല്ല ആ വാഹനത്തെ തന്നെ പ്രകമ്പനം കൊള്ളിച്ചതായി ചിത്രം രേഖപ്പെടുത്തുന്നു. ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം പിരിയുമ്പോഴും ബിമലും യുവതിയും തമ്മിൽ ഒരാകർഷണം അന്തരീക്ഷത്തിൽ നിലനിൽക്കുന്നു. ആദ്യമായി, തന്റെ ജീവിതത്തെക്കുറിച്ച് ഒരു അവലോകനത്തിന് അയാൾ പ്രേരിതനാകുന്നു, സാഹചര്യങ്ങൾ തന്നെയും യന്ത്രസമാനനാക്കി മാറ്റിയോ എന്നയാൾ ആത്മപരിശോധന നടത്തുന്നു. യാത്രക്കിടയിൽ കാറിന്റെ പരാധീനതയെപ്പറ്റി യുവതി നടത്തിയ ചില പരാമർശങ്ങൾ, അവയ്ക്ക് പരിഹാരം കാണാൻ വരെ അയാളെ പ്രേരിപ്പിച്ചു എന്ന് മറ്റൊരവസരത്തിൽ നാം അറിയുന്നു.

അവിടെനിന്ന് പതിവുജീവിതത്തിലേക്ക് മടങ്ങിയ അയാളെ ആ യാത്രയുടെ അനന്തരഗതികൾ പിന്തുടരുന്നു. തന്റെ കാറിൽ വിശ്രമകേന്ദ്രത്തിലേക്കുപോയ ആ യുവതിയും യുവാവും എങ്ങുനിന്നോ നിന്ന് ഒളിച്ചോടിയെത്തിയവരാണെന്ന അസുഖകരമായ വാർത്ത, അവരെ അന്വേഷിച്ചിറങ്ങിയ പൊലീസുകാരിൽ നിന്ന് അയാൾ മണത്തറിയുന്നു; അയാൾക്ക് വേണമെങ്കിൽ അവരുടെ സങ്കേതം പോലീസുകാരോടു ഒറ്റിക്കൊടുക്കാം; പക്ഷേ, അസ്പഷ്ടമായ ഒരു മമത, അങ്ങനെ ചെയ്യുന്നതിൽ നിന്ന് അയാളെ തടയുകയായിരുന്നിരിക്കണം. പിന്നീടൊരിക്കൽ, ഉപേക്ഷിക്കപ്പെട്ട നിലയിൽ ഏകാന്തമായ ഒരിടത്ത് ബിമൽ അവളെ കണ്ടെത്തുന്നു. യുവതി വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത അയാളെ അലോസരപ്പെടുത്തുന്നു.

നിർഭാഗ്യവശാൽ, അവളുടെ അനാഥത്വത്തിൽ ഹൃദയപൂർവ്വം ഇടപെടാനുള്ള അയാളുടെ ശ്രമങ്ങൾക്കുനേർ വിപരീതദിശയിലേക്കാണ് സംഭവങ്ങൾ ചുരുൾ നിവരുന്നത്. ഒരു നിമിഷനേരത്തെ ആശയക്കുഴപ്പമെന്നോ ധാരണപ്പിശകെന്നോ വിശേഷിപ്പിക്കാവുന്ന ആകസ്മികമായ ചില സംഭവങ്ങളുടെ ഫലമായി യുവതി എന്നന്നേയ്ക്കുമായി അയാളെ വിട്ട് മറ്റൊരിടത്തേക്ക് തീവണ്ടിയിൽ അകന്നു മറയുന്നു.

വിഷാദം, ശൂന്യത, നിരാനന്ദം

കാറിൽ ആ തീവണ്ടിയെ പിന്തുടരാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതീവദുഷ്‌ക്കരമായ ആ ഉദ്യമത്തിൽ പഴക്കം ചെന്ന ആ വാഹനം യാത്രക്കിടയിൽ പണി മുടക്കുന്നു. കാർക്കശ്യത്തിന്റെ പ്രതിരൂപമായിരുന്ന അയാളുടെ മനസ്സും, ഒരിക്കലും ക്ഷീണിക്കുകയില്ലെന്ന് തോന്നിച്ചിരുന്ന ആ കാറിന്റെ ജീവനും, ആദ്യമായി തളർന്നുപോകുന്ന ദയനീയമായ കാഴ്ചക്ക് നാം സാക്ഷ്യം വഹിക്കുന്നു. അതിനുശേഷം അയാളുടെയും ആ വാഹനത്തിന്റെയും ജീവിതം മേൽക്കുമേൽ ഇരുണ്ടതായിത്തീരുന്നു. വിഷാദം, ശൂന്യത, നിരാനന്ദം എന്നീ അവസ്ഥകളിലൂടെ അയാൾ കടന്നുപോകുന്നതായി പ്രതീകാത്മകമായി സിനിമ നമ്മെ ബോധ്യപ്പെടുത്തുന്നു. (ബിമലിന്റെ ജീവിതവുമായി നേരിട്ട് ബന്ധമില്ലാത്ത, എന്നാൽ അയാൾ സാക്ഷ്യം വഹിക്കേണ്ടിവരുന്ന ചില രംഗങ്ങളുടെ വൈകാരികാന്തരീക്ഷങ്ങളും, അയാളുടെ മാനസികാവസ്ഥയും തമ്മിലുള്ള സാമ്യതകളും വൈരുദ്ധ്യങ്ങളും ചേർത്തുവച്ചാണ് (juxtapose) സിനിമ അത് സാധ്യമാക്കുന്നത്).

സ്വരുക്കൂട്ടിവച്ച സമ്പാദ്യമെല്ലാം ചെലവഴിച്ചിട്ടും ആ യന്ത്രത്തെ വീണ്ടെടുക്കാൻ സാധ്യമല്ലെന്നുള്ള വസ്തുത അയാളെ തളർത്തുന്നു. ഒടുവിൽ അതിനെ പൊളിച്ചുവിൽക്കുന്നതിനും അയാൾ നിർബന്ധിതനാകുന്നു. സെമിത്തേരിയിലെ കല്ലറകളുടെ പശ്ചാത്തലത്തിൽ, കഷ്ണങ്ങളായി പൊളിച്ചുമാറ്റിയ അതിന്റെ ഭാഗങ്ങൾ അന്ത്യയാത്രയിലെന്നപോലെ അകന്നു നീങ്ങുന്ന കാഴ്ച അയാളുടെ ഹൃദയത്തെ തകർത്ത് കളയുന്നു. എന്നാൽ, മൃതിയടഞ്ഞ തന്റെ വാഹനത്തിന്റെ ഹോൺ (Horn) ശബ്ദം കേട്ട് അവിശ്വസനീയതയോടെ അതിന്റെ ഉറവിടം അന്വേഷിക്കുന്ന ബിമൽ കാണുന്നത് വഴിയരികിൽ ഒരു കൊച്ചു കുഞ്ഞ് കളഞ്ഞുകിട്ടിയ ആ ഹോൺ ആനന്ദപൂർവ്വം ശബ്ദിപ്പിക്കുന്നതാണ്. ആ കാഴ്ച അയാളിൽ എന്തെന്നില്ലാത്ത സന്തോഷം ഉണർത്തുന്നു.

സക്കറിയയുടെ കഥാപാത്രം

ഏകാന്തനും ഹൃദയാലുവുമായ ഈ മനുഷ്യന്റെ വിഷമാവസ്ഥയിൽ നിന്ന് ഏറെയൊന്നും വിഭിന്നമല്ല കഥാകൃത്തായ സക്കറിയയുടെ അശ്വാരൂഢനായ വരന്റെ വരവും പോക്കും എന്ന കഥയിലെ കഥാപാത്രത്തിന്റെ സ്ഥിതിയും. അലക്ഷ്യഗമനത്തിനിടയിൽ, ഏകാകിയായ കഥാപാത്രത്തിന് വരനെ ആനയിക്കാനായി കല്യാണപ്പന്തലിലെത്തിച്ചേരേണ്ട ഒരു കുതിരക്കാരന്റെയും അയാളുടെ കുതിരയുടെയും കൂട്ടു കിട്ടുന്നു. കല്യാണവീട്ടിലേക്കുള്ള വഴി അറിയാവുന്ന ആളെന്ന നിലയ്ക്ക്, അയാളെയും കുതിരപ്പറത്തേറ്റി അവർ സംഗമസ്ഥാനത്തേക്ക് കുതിക്കുന്നു. മാസ്മരികവും അപൂർവ്വവുമായ ആ യാത്രയുടെ അനുഭൂതി നുകരവേ ആ മൃഗവുമായി അയാൾക്ക് അപൂർവ്വലോലമായ (subtle) ഒരടുപ്പം അനുഭവപ്പെടുന്നു. ലക്ഷ്യസ്ഥാനത്തെത്തി പിരിയാൻ നേരത്ത് അതിന്റെ വാൽ തന്റെ മേൽ പതിയുമ്പോൾ, ആ മൃഗം മനഃപൂർവം തന്നെ തഴുകിയതുതന്നെയാകാം എന്നയാൾ കരുതുന്നു. ഏറെ നേരം അതിന്റെ സാമീപ്യത്തിലായിത്തന്നെ കല്യാണ ഘോഷങ്ങളിൽ പങ്കുചേർന്ന് അയാൾ അവിടെ തന്നെ തുടരുന്നു.

മനസ്സില്ലാമനസ്സോടെ അവിടെ നിന്ന് പിൻവാങ്ങുന്ന അയാൾ ഒരു ഇലഞ്ഞിമരത്തിന്റെ അടുത്തായി, താൻ എന്നും ഇരിക്കാറുള്ള ബെഞ്ചിൽ ചെന്നിരുന്നു മയങ്ങുമ്പോഴാണ് ഒരു കൊടുങ്കാറ്റുപോലെ ആ കുതിര വരനെയും പുറത്തേറ്റി മറ്റെങ്ങോട്ടോ ഓടി മറയുന്നത് നടുക്കത്തോടെ ഉറക്കമുണർന്ന് അയാൾ കാണുന്നത്. താൻ ഉറങ്ങാതെ അവിടെ നിൽക്കുകയായിരുന്നെങ്കിൽ തീർച്ചയായും ആ കുതിര തന്നെ തിരിച്ചറിഞ്ഞു കൂടെ കൊണ്ടുപോകുമായിരുന്നല്ലോ എന്ന നഷ്ടബോധത്താൽ കനപ്പെട്ട ഹൃദയുമായി ആ ഇലഞ്ഞി മരത്തിനരികിലേക്ക് നിൽക്കവേ, പൂക്കളില്ലെന്ന് തോന്നിച്ചിരുന്ന ആ മരത്തിൽ നിന്ന് ഒരു പൂവ് അടർന്ന് അയാൾക്കുമേൽ വീഴുന്നു. അമൂല്യമായ ആ സമ്മാനം തനിക്കായി ആ മരം കാത്തുസൂക്ഷിച്ചതാണെന്ന സങ്കൽപം അയാളുടെ ഹൃദയത്തെ ആർദ്രമാക്കുന്നു. അതിന്റെ സുഗന്ധത്തിൽ ലയിച്ചുനിൽക്കുമ്പോഴാണ് പരിഭ്രാന്തനായ കുതിരക്കാരൻ ഓടിപ്പോയ തന്റെ കുതിരയെ അന്വേഷിച്ച് അതുവഴി ഓടുമ്പോൾ അയാളെ കാണുന്നതും അതിനെപ്പറ്റി തിരക്കുന്നതും. അയാൾ അനുകമ്പാപൂർവ്വം ആ പൂ കുതിരക്കാരന് നൽകി, വരൻ നഷ്ടമായ കല്ല്യാണവീട്ടിലെ വധുവിനെയും വീട്ടുകരെയും ആശ്വസിപ്പിക്കാൻ ചെല്ലാൻ അയാളെയും കൂടെകൂട്ടുന്നു.

വിദൂരത്തിലരങ്ങേറുന്ന പരിണയത്തിന്റെ പശ്ചാത്തലം

ഏകാകിത്വത്തിന്റെ ( loneliness/ solitude) നിശ്ശബ്ദവ്യഥകൾ അലട്ടുന്ന കഥാപാത്രങ്ങളുടെ തികച്ചും മൗലികവും ഭാവനാപൂർണ്ണവുമായ രണ്ട് വ്യത്യസ്ത ആഖ്യാനങ്ങളാണ് മേൽസൂചിപ്പിച്ച രണ്ട് സൃഷ്ടികളും. സംസർഗ്ഗവും സമ്പർക്കവും സംയോഗവും കേവലം വൈകാരികമായ (ഭൗതികമോ വസ്തുനിഷ്ഠമോ അല്ലാത്ത) മാനസികാവശ്യങ്ങൾ മാത്രമല്ലെന്നും ശരീരശാസ്ത്രസംബന്ധിയായ രസതന്ത്രത്തിന്റെ സ്വാഭാവികവമായ പ്രതികരണങ്ങളാണെന്നും ആധുനിക വൈദ്യശാസ്ത്രം വാദിക്കുന്നു. മാനസികവും ശാരീരികവുമായ സാമീപ്യവും, സ്പർശനവും, ലാളനയും വളരെ നിയതമായ ചില ഹോർമോണുകളുടെ (Happiness Hormones) സാന്നിധ്യത്തെയും (അസാന്നിധ്യത്തെയും) എങ്ങനെ സ്വാധീനിക്കുന്നുവെന്നും, അവ ആരോഗ്യത്തെയും സന്തുലിതാവസ്ഥയെയും എങ്ങനെ നിർണ്ണയിക്കുന്നുവെന്നും വൈദ്യശാസ്ത്ര ലേഖനങ്ങൾ വിശദീകരിക്കുന്നു. (1).

സമാഗമത്തിന്റെ നിമിഷങ്ങൾ, നിഷ്‌കപടമായ മനസ്സുകളിൽ വിരിയിക്കുന്ന ആകാശമത്താപ്പുകളും മേളങ്ങളും എത്രമാത്രം വർണ്ണച്ചമയങ്ങൾ നിറഞ്ഞ ഉൽസവാഘോഷങ്ങൾക്ക് തുല്യമാണെന്ന് കൊടിയേറ്റം എന്ന മഹത്തായ സിനിമയുടെ സമാപ്തി നമ്മെ ഓർമ്മിപ്പിക്കുന്നു. ആ യാഥാർത്ഥ്യത്തെ സാക്ഷാത്കരിക്കുന്നതിൽ മനുഷ്യാവസ്ഥ നേരിടുന്ന സങ്കീർണതകളെസംബന്ധിച്ചുള്ള രണ്ടു കലാകാരന്മാരുടെ ഭാവനാത്മകമായ പ്രസ്താവങ്ങൾ അജാന്ത്രിക്ക് എന്ന സിനിമയിലും അശ്വാരൂഢനായ വരന്റെ വരവും പോക്കും എന്ന ചെറുകഥയിലും അന്തർലീനമാണ്.

ബിമലിന്റെ കാർ ഒരു പ്രതീകമാണ്; അയാളുടെ ജീവിതത്തിലെ പ്രകടമായ ഒരു അസാന്നിധ്യത്തിന്റെ നിരന്തരമായ ഓർമ്മപ്പെടുത്തലാണ് ആ വസ്തുവിന്റെ സാന്നിധ്യം. അശ്വാരൂഢനായ വരന്റെ വരവും പോക്കും എന്ന സക്കറിയയുടെ ചെറുകഥയിൽ, കല്ല്യാണവീട്ടിൽ അയാൾ ചെലവിടുന്ന നിമിഷങ്ങളിൽ, അപ്രാപ്യമായ അകലത്തിൽ സ്ത്രീകളുടെ സാന്നിധ്യം കഥാപാത്രം അറിയുന്നുണ്ട്. കുതിരപ്പുറത്തേറിയുള്ള രോമാഞ്ചകരമായ യാത്രയിലൂടെയും അതിന്റെ വാൽ തന്നെ തഴുകുന്നതിലൂടെയും ചെറുകഥയിലെ കഥാപാത്രം ആ നിശ്ശബ്ദകാമനയെ നിഗൂഢമായി പരിലാളിക്കുന്നു. വിഷാദച്ഛവി കലർന്ന ആ കഥയുടെ അവസാന ഭാഗത്ത്, അജാന്ത്രിക്കിലെ ബിമലിനെപ്പോലെതന്നെ, ചെറുകഥയിലെ കഥാപാത്രവും പ്രത്യാശാപൂർവ്വം ജീവിതത്തെ മുന്നോട്ട് നോക്കിക്കാണുന്നുണ്ട്. നശിപ്പിച്ച് അപ്രതക്ഷ്യമാക്കിക്കഴിഞ്ഞിട്ടും, യദൃശ്ചയാൽ ബാക്കിയായ തന്റെ കാറിന്റെ ഹോണിന്റെ കാഴ്ചയും, ആ അവശിഷ്ടം ഉണർത്തുന്ന ശബ്ദം നിലനിർത്തുന്ന സ്മരണയും അജാന്ത്രിക്കിലെ നായകനെ ആശ്വാസപ്പെടുത്തുമ്പോൾ, അശ്വാരൂഢനായ കഥയിലെ കഥാപാത്രം, ആ ഇലഞ്ഞിപ്പൂവിന്റെ സൗരഭ്യത്തിൽ മുഴുകി, നിസ്സാരമെങ്കിലും അപൂർവ്വമായ സൗഭാഗ്യലബ്ധിയിൽ ആശ്വസിക്കാൻ ശ്രമിക്കുന്നു. വിദൂരത്തിലരങ്ങേറുന്ന പരിണയത്തിന്റെ പശ്ചാത്തലം അശ്വാരൂഢന്റെ കഥയിലെ ഏകാന്ത കഥാപാത്രത്തിന്റെ ശോകത്തിന് സാന്ദ്രതയേകുമ്പോൾ, സിനിമയിൽ, യുവതിയുടെ തിരോധാനത്തിനുശേഷം ബിമൽ കടന്നുപോകുന്ന വഴികളിലും സമാനമായ (അനുരാഗം/പരിഭവം/സല്ലാപം/വിരഹം) അനുഭവങ്ങൾ അയാളെ കാത്തുനിൽക്കുന്നു.

"അന്നമ്മ ടീച്ചർ ഓരോർമ്മക്കുറിപ്പ്'

ഏകാന്തനായ മനുഷ്യന്റെയും അയാളുടെ കൂട്ടാളിയായ കാറിന്റെയും കഥ പറയുന്ന അജാന്ത്രിക്ക് എന്ന സിനിമയെ സാങ്കേതികവിപ്ലവത്തിന് ശേഷമുള്ള കാലഘട്ടത്തിലെ മാനസിക ഘടനയിൽ രൂപം പൂണ്ട, മനുഷ്യനും യന്ത്രവും തമ്മിലുള്ള അസാധാരണമായ ചങ്ങാത്തത്തിന്റെ ആഖ്യാനമായി (2,3) കാണാൻ കഴിയുമോ? അതുകൊണ്ടായിരിക്കുമോ അയാൾ അചേതനമായ ആ വസ്തുവിനെ ഉപേക്ഷിക്കാൻ തയ്യാറാകാത്തത്? അതുകൊണ്ടുതന്നെയാവണമെന്നില്ല. സാധാരണമല്ലെങ്കിലും ചില പ്രത്യേക വസ്തുക്കളോടും, കെട്ടിടങ്ങളോടും, ഭൂവിഭാഗങ്ങളോടും, ആശയങ്ങളോടും വേർപിരിയാനാഗ്രഹമില്ലാത്ത മാനസികാവസ്ഥയിൽ മനുഷ്യർ എത്തിപ്പെടാറുണ്ട്. അസ്വാഭാവികമെന്നോ "സാമാന്യയുക്തിക്ക്' നിരക്കാത്തതെന്നോ പറയാവുന്ന അത്ഭുതകരമായ ഒരു വിനിമയം അവർക്കിടയിൽ നിലനിൽക്കുന്നതായി തോന്നും.

അചേതനമായ വസ്തുക്കളിൽ മാനുഷികമായ അംശങ്ങൾ സങ്കൽപ്പിച്ചവതരിപ്പിക്കുന്ന ആഖ്യാനരീതി (anthropomorphism) ഫലപ്രദമായി പ്രയോഗപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾക്ക് മറ്റുദാഹരണങ്ങളുമുണ്ട് (4). അയഥാർത്ഥം എന്ന് വിശേഷിപ്പിക്കാവുന്ന അത്തരം സങ്കൽപ്പങ്ങൾ ചില സന്ദർഭങ്ങളിൽ സാമൂഹികമായ അന്യവത്കരണവുമായി എങ്ങനെ ബന്ധപ്പെട്ടു കിടുക്കുന്നു എന്നും സ്ഥാപിക്കപ്പെട്ടിട്ടുണ്ട് (5,6). ആ മാനസികാവസ്ഥയാണ് ചില ഏകാന്തരെ വളർത്തു മൃഗങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്; അപൂർവ്വമായ ചില സ്വപ്നാടനങ്ങളിലേക്ക് അവരെ തള്ളിവിടുന്നതും.

അസാധാരണമായ അത്തരമൊരു ഭാവനാലോകത്തിൽ അകപ്പെടുന്ന ഏകാകിയായ ഒരവിവാഹിതയുടെ മൂകമായ ദുഃഖമാണ് അന്നമ്മ ടീച്ചർ ഓരോർമ്മക്കുറിപ്പ് എന്ന മറ്റൊരു സക്കറിയൻ കഥ. ലാവണ്യവതിയായിരുന്നിട്ടും, കുടുംബ സാഹചര്യങ്ങൾ മൂലം അവിവാഹിതയായി തുടരുന്ന നിരാലംബമായ ജീവിതത്തിൽ, അന്നമ്മടീച്ചർ എന്ന കഥാപാത്രം നിരന്തരം വിനിമയം നടത്തുന്നത് അവരുടെ ഈശോയോടാണ്. ഈശോ, ടീച്ചർക്ക് സഖാവും സഹോദരനുമാണ്. ഭാവനാ ലോകത്തെ ആ കൂട്ടാളിയുമായാണ് കന്യകയായ അന്നമ്മടീച്ചർ, മുപ്പത്തിയൊമ്പതാം വയസ്സിലെ അകാലമൃത്യു വരെ തന്റെ ദു:ഖങ്ങൾ പങ്കുവക്കുന്നതും പരിഭവിക്കുന്നതും.

അയഥാർതഥമെന്നോ ഭ്രമാത്മകമെന്നോ വിശേഷിപ്പിക്കാവുന്ന ഈ ബന്ധങ്ങളെല്ലാം കലാഖ്യാനങ്ങളുടെ സ്വാഭാവിക രീതികളുടെ ഭാഗമാണ്. വസ്തുക്കൾ അവയുടെ സാമാന്യമായ (സാമൂഹികാംഗീകാരമുള്ള) നിയതാർത്ഥങ്ങളിൽ നിന്നും, കാര്യകാരണ ബന്ധങ്ങളിൽ നിന്നും പരിപൂർണ്ണമായും വിച്ഛേദിക്കപ്പെട്ട നിലയിൽ നടത്തുന്ന സ്വതന്ത്രവിഹാരത്തെയാണ് സ്വപ്നസദൃശമായ ഭാവന എന്നുള്ളതുകൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ, കലയിൽ ഈ പറയുന്ന എല്ലാ ആഖ്യാനങ്ങൾക്കും സ്വഭാവികമായി സാധുത കൈവരുന്നു. ബിമലും, അയാളോട് പ്രതികരിക്കുന്നു എന്നു പറയുന്ന ആ യന്ത്രവും ഭാവാനാഖ്യാനങ്ങളാണ്; അയാളുടെ ജീവിതാവസ്ഥയെ സംബന്ധിച്ച് അതിന്റെ ആഖ്യാതാവ് (സംവിധായകൻ) നടത്തുന്ന ഭാവനാത്മകമായ പ്രസ്താവനയുടെ (statement) തുടർച്ചയാണ് അവയെന്ന് മാത്രം.

"ലാസ്റ്റ് ഷോ'

അജാന്ത്രിക്കിലെ ഭാവനാലോകത്തിന്റെ മറ്റൊരാംശത്തെ, ഫലിതോക്തി നിറഞ്ഞ ലാസ്റ്റ് ഷോ എന്ന മറ്റൊരു സക്കറിയൻ കഥയുമായി ചേർത്തു വായിക്കുന്നത് ഉചിതമായിരിക്കും. നൊടിയിടയിൽ അരങ്ങേറുന്ന ചില സംഭവ ഗതികളുടെ ഫലമായി, തന്നെ വിട്ടകന്നു പോകുന്ന യുവതിയുടെ കാഴ്ച നിസ്സഹായനായി അംഗീകരിക്കാനേ അജാന്ത്രിക്കിലെ ബിമലിന് കഴിയുന്നുള്ളൂ; തിരുത്തലുകൾക്ക് ഇനി യാതൊരു സാധ്യതയുമില്ല എന്ന അനിഷേധ്യമായ യാഥാർത്ഥ്യം അയാൾ തിരിച്ചറിയുന്നു. മടങ്ങിച്ചെന്ന് പരിഹരിക്കാനോ, പ്രതിവിധി കാണുവാനോ യാതൊരു സാധ്യതയും അവശേഷിപ്പിക്കാത്ത ജീവിതത്തിന്റെ അലംഘനീയമായ കാഠിന്യം (Irreversibility) അജാന്ത്രിക്കിലെ നായകനെപ്പോലെത്തന്നെ സക്കറിയയുടെ ലാസ്റ്റ് ഷോ എന്ന കഥയിലെ കഥാപാത്രവും ഉൾക്കൊള്ളുന്നുണ്ട്.

സക്കറിയ

സിനിമ തിയേറ്ററിൽ ലയിച്ചിരുന്ന് സിനിമ കണ്ടു തീരുമ്പോൾ, ലാസ്റ്റ് ഷോ എന്ന കഥയിലെ കഥാപാത്രം, ദുരന്തപര്യവസാനിയായ (hopelessly- tragic) ആ സിനിമയുടെ അത്യന്തം നാടകീയമായ അന്ത്യരംഗളുടെ വൈകാരികാനുഭവത്തിൽ നിന്നു മുക്തനാകൻ കഴിയാതെ, ഭാരമേറിയ ഹൃദയവുമായി സിനിമാതിയേറ്ററിലെ പ്രൊജക്ടർ റൂമിൽ ചെന്ന്, ആ സിനിമയുടെ ക്ലൈമാക്‌സിൽ (climax), ഫിലിം കട്ട് (cut) ചെയ്ത് വരുത്താവുന്ന ചില മാറ്റങ്ങളെക്കുറിച്ച് നിഷ്‌കളങ്കമായ ചില സാധ്യതകൾ പ്രൊജക്ടർ ഓപ്പറേറ്ററുമായി പങ്കുവയ്ക്കുന്നു. തികഞ്ഞ സഹാനുഭൂതിയോടെ അദ്ദേഹത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്ന ഓപ്പറേറ്റർ, അയാളുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി അംഗീകരിക്കുമ്പോൾത്തന്നെ തന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കുന്നു.

ആ മാറ്റങ്ങൾ നിശ്ചയമായും സിനിമയുടെ കഥയെ ദുരന്തപൂർണ്ണമായ അതിന്റെ അന്ത്യരംഗങ്ങളിൽ നിന്നു രക്ഷിച്ച് നിർത്തുമായിരുന്നു; പക്ഷേ, നിർഭാഗ്യവശാൽ ആ നഗരത്തിലെ അവസാന ഷോ ആയിരുന്നു അത്. അതിന്റെ നഷ്ട്ടബോധത്തിലാണ്ട് അവരിരുവരും (അശ്വാരൂഢനായ വരന്റെ വരവും പോക്കും എന്ന കഥയിലെ കഥാപാത്രത്തെയും കുതിരക്കാരനെയും പോലെത്തന്നെ) ആ ദുഖം പരസ്പരം പങ്കുവയ്ക്കുമ്പോൾ ഇംഗിതങ്ങൾക്കനുസൃതമായാണ് ജീവിതം ഉരുത്തിരിയുന്നതെങ്കിൽ എത്ര സുന്ദരമായേനേ യാഥാർത്ഥ്യം എന്ന് വിഷാദത്തോടെ ഉൾക്കൊള്ളുന്നു. തിരിച്ചുപോക്കിനുള്ള എല്ലാ സാധ്യതകളേയും അസാധുവാക്കിക്കളയുന്ന, ചേതനവും അചേതനവുമായ സമസ്ത വസ്തുക്കൾക്കും ബാധകമായ അതേ നിർദ്ദയത്വം (Irreversibility), തന്റെ പ്രിയപ്പെട്ട വാഹനം പൊളിച്ചുമാറ്റുന്നതിന് സാക്ഷിയാകേണ്ടിവരുമ്പോളും ബിമൽ തിരിച്ചറിയുന്നു.

ഭാവനയുടെയും ധിഷണയുടെയും ഉൽപതിഷ്ണുത്വം

മനുഷ്യജീവിതത്തിന്റെ സവിശേഷമായ ചില സങ്കീർണതകളെ സഹജാവബോധത്തോടെ ഉൾക്കൊള്ളുകയും പകർത്തുകയും വഴി ഈ കലാസൃഷ്ടികളെല്ലാം കാലാതിവർത്തിയായി, സചേതനമായിത്തന്നെ നിലനിൽക്കുന്നു. നിങ്ങളുടെ ഏറ്റവും ആന്തരികമായ ഭാവങ്ങൾക്കും, അവ്യക്തമായ വികാരവിചാരങ്ങൾക്കും - ഇതാ അവയ്‌ക്കൊരു ശബ്ദം ലഭിച്ചിരിക്കുന്നു എന്ന് അനുനിമിഷം, നടുക്കുന്ന വിസ്മയത്തോടെ നിങ്ങളെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് കല എന്ന് ഘട്ടക് (7). അജാന്ത്രിക്ക് എന്ന സിനിമ നിർമിക്കപ്പെട്ടിട്ട് അറുപതാണ്ടുകളിലേറെയായിരിക്കുന്നു. ആധുനികത എന്ന സങ്കല്പം നാം ഇന്ന് വിവക്ഷിക്കുന്ന അർത്ഥതലങ്ങളോടെ അന്നത്തെ ഇന്ത്യൻ സമൂഹത്തിൽ നിലനിന്നിരുന്നുവോ എന്ന് സംശയമാണ്.

കാലത്തിനും വളരെ (ദശാബ്ദങ്ങളോളം) മുമ്പെയും, ഉയരത്തിലും പറന്ന ആ കലാസൃഷ്ടി, സർഗ്ഗാത്മകമായ അന്നത്തെ ബംഗാളി സാംസ്‌കാരിക ലോകത്തിന്റെ ഭാവനയുടെയും ധിഷണയുടെയും ഉൽപതിഷ്ണുത്വത്തെ വിളിച്ചോതുന്നു. ആ പുരോഗാമിത്വമാണ് ഇന്നും ആ സിനിമ വീണ്ടും കാണാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതും, സരളസുന്ദരമായ അതിന്റെ രചന, ഇവിടെ സൂചിപ്പിച്ച ആധുനികവും ഗംഭീരവുമായ ചില ഇതര സൃഷ്​ടികളിലേക്കും പരികല്പനകളിലേക്കും ആകാശയാത്രകൾ നടത്താൻ മനുഷ്യരെ പ്രേരിപ്പിക്കുന്നതും.

സൂചനകൾ
1. Dilruba Hasin, Zahoor A. Pampori, Ovais Aarif, K H Bulbul, Aasif A Sheikh, Irfan Ahmad Bhat, Happy hormones and their significance in animals and man, International Journal of Veterinary Sciences and Animal Husbandry 2018; 3(5): 100-103.

Raju Roychowdhury, Man and the Machine - On Ritwik Ghatak's Ajantrik, KINOSCOPE, Aug.24, 2017.

Sinha Suvadip, Magical Modernity: The Fallacy of Affect in Ritwik Ghatak's Ajantrik, Cultural Critique, Vol. 95, 2017, p.101-130.

https://en.wikipedia.org/wiki/Anthropomorphism

Waytz, Adam (2013).Social Connection and Seeing Human - Oxford Hand books.The Oxford Handbook of Social Exclusion.doi:10.1093/oxford hb/9780195398700.013.0023.

Psychology of Loneliness and Perceiving Life in Inanimate Objects, Social Psych Online, Nov.1, 2016.

Ritwik Ghatak, Cinema and I, Rupa & Co., Calcutta, 1987, page-14.


Comments