കൊറോണ വാക്സിൻ :
ശുഭവാർത്തകളാണ്
ശാസ്ത്രലോകത്തു നിന്നുള്ളത്
കൊറോണ വാക്സിൻ : ശുഭവാർത്തകളാണ് ശാസ്ത്രലോകത്തു നിന്നുള്ളത്
കൊറോണ വൈറസിന്റെ വാക്സിൻ ഗവേഷണ പ്രവർത്തനങ്ങൾ ഏതു ഘട്ടത്തിലാണ് എത്തി നിൽക്കുന്നത്? വൈറസിനു സംഭവിച്ചുകൊണ്ടിരിക്കുന്ന മ്യൂട്ടേഷൻ ഗവേഷണങ്ങളിൽ എങ്ങനെയാണ് പ്രതിഫലിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുകയാണ് ശാസ്ത്രലേഖികയായ ഡോ. അനുപമ.
21 May 2020, 03:30 PM
അതിവേഗത്തില്‍ പരിണമിയ്ക്കുന്ന സവിശേഷ സ്വഭാവം ഉള്ളവയാണ് വൈറസുകള്‍. അസ്ഥിരമായ പ്രകൃതി സാഹചര്യങ്ങളെ അതിജീവിയ്ക്കാന്‍ ഈയൊരു സവിശേഷത അവയെ പ്രാപ്തരാക്കുന്നു. ജൈവശരീരത്തിനു പുറത്ത് സ്വതന്ത്രമായ നിലനില്പില്ലാത്ത ഇവ ആതിഥേയകോശങ്ങളില്‍ പ്രവേശിച്ചു അവയുടെ പ്രവര്‍ത്തനസംവിധാനങ്ങള്‍ ( cellular machinery ) വിനിയോഗിച്ചാണ് ആവര്‍ത്തനം (replication ) നടത്തുന്നത് . വൈറസുകളുടെ സ്വാഭാവികമായ എറര്‍ പ്രോണ്‍ ആവര്‍ത്തനം (error prone replication ) കാരണം ജനിതകപരമായി അതിവൈജാത്യമുള്ള (heterogeneous) തലമുറകള്‍ നിറഞ്ഞ സമൂഹമായിരിക്കും അവയുടേത്. അതുകൊണ്ടു തന്നെ ഈ അതിവൈജാത്യത്തെയും (heterogeneity) ചികിത്സാ രീതികളെ പ്രതിരോധിക്കാനുള്ള ഇവയുടെ സാധ്യതകളെയും കണക്കിലെടുത്തുകൊണ്ട് മാത്രമേ വൈറസുകളുടെ ആവര്‍ത്തനത്തെ തടയുവാനും ആതിഥേയ ശരീരത്തിലുള്ള വ്യാപനത്തെ (spread) നിയന്ത്രിക്കുവാനും കഴിയൂ. തീരെ ചെറിയ കാലയളവില്‍ അനേകം തലമുറകളെ ഉത്പാദിപ്പിക്കുവാനുള്ള കഴിവ് വൈറസുകള്‍ക്ക്, പ്രത്യേകിച്ച് ആര്‍.എന്‍.എ വൈറസ്സുകള്‍ക്ക്, ഉണ്ട്. ഈയൊരു സവിശേഷത കൊണ്ട് അവയുടെ പരിണാമ പ്രതിഭാസത്തെ തീരെ ചെറിയ ഇടവേളകളുടെ, കേവലം ഒരു ആഴ്ചയുടെയോ ഒരുമാസത്തിന്റെയോ, സമയ ദൈര്‍ഘ്യത്തില്‍, നിരീക്ഷിക്കുവാന്‍ സാധിക്കും. വൈറസുകളുടെ പരിണാമത്തിന്റെ ഈ തീവ്ര ചലനാത്മകത രോഗനിര്‍മാര്‍ജ്ജനത്തിലും അവയുടെ നിയന്ത്രണത്തിലും അതീവ പ്രാധാന്യമര്‍ഹിക്കുന്നു. ഉദാഹരണമായി ഇന്‍ഫ്ലുവെന്‍സ വാക്‌സിന്‍ എടുക്കാം. വര്‍ഷങ്ങള്‍ തോറും ഇന്‍ഫ്ലുവെന്‍സ വാക്‌സിന്‍ നവീകരിക്കേണ്ടിയിരിക്കുന്നതിന്റെ കാരണം ആ വൈറസിന്റെ രൂപാന്തരങ്ങള്‍ ഓരോ തവണയും ആന്റിവൈറല്‍ ഡ്രഗ്ഗുകളെ പ്രതിരോധിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും മിതമായ രോഗവ്യാപനശേഷിയുള്ള സ്‌ട്രെയിനുകള്‍ (strains) അതിരോഗകാരകശേഷിയുള്ള സ്‌ട്രെയിനുകളായി നൈസര്‍ഗ്ഗികമായി പരിണമിക്കുകയും ചെയ്യുന്നുവെന്നതാണ്. മനുഷ്യന്‍ വൈറസിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളിലാണ്. വൈറസാവട്ടെ, അതിന്റെ നിലനില്‍പ്പ് മെച്ചപ്പെടുത്താനുള്ള പ്രയത്നങ്ങളിലും. അതിജീവനമാണ് എല്ലാ ജൈവാവസ്ഥകളുടേയും മുഖ്യലക്ഷ്യമെന്നതിനാല്‍ മൊത്തമായുള്ള വിനാശം വൈറസുകളുടെ മാര്‍ഗ്ഗമല്ല! രണ്ട് തരം നിലനില്‍പ്പുകളുടെ സംഘര്‍ഷമാണ് ഇതെന്ന് പറയാം. സംഘര്‍ഷങ്ങളിലൂടെ പുതിയൊരു ജൈവികക്രമം രൂപപ്പെട്ടേക്കാം.
വൈറസുകളുടെ ജനിതക ഘടനയില്‍ ഇണക്കിച്ചേര്‍ക്കപ്പെടുന്ന പിഴവുകള്‍
ജനിതക തെരഞ്ഞെടുപ്പുകളുടെ (genetic selection ) ഫലമായി വൈറസുകള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു . ഇത്തരം മാറ്റങ്ങളില്‍ മ്യൂട്ടേഷന്‍ (mutation) സൂക്ഷ്മമായ ജനിതകമാറ്റങ്ങള്‍ക്കും റീകോമ്പിനേഷന്‍ (recombination) മുഖ്യമായ ജനിതകമാറ്റങ്ങള്‍ക്കും കാരണമാകുന്നു. പരസ്പര ബന്ധമുള്ള പല വൈറസുകളുടെ ഒരുമിച്ചുള്ള ഇന്‍ഫെക്ഷന്‍ (രോഗസംക്രമം ) അഥവാ കോ-ഇന്‍ഫെക്ഷന്‍ സമയത്തു സംഭവിക്കാവുന്ന ജനിതക വസ്തുക്കളുടെ (genetic material) പരസ്പര കൈമാറ്റം കാരണം റീകോമ്പിനേഷന്‍ (recombination ) നടക്കുകയും നൂതനവൈറസുകള്‍ (novel viruses ) രൂപപ്പെടുകയും ചെയ്യും. ഈ വൈറസ്സുകള്‍ക്ക് പുതിയ ആന്റിജനിക് നിര്‍ണായക ഘടകങ്ങള്‍ അഥവാ ആതിഥേയ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ (immune system ) തിരിച്ചറിയുന്ന ആന്റിജെനിലെ പ്രത്യേക ഇടങ്ങള്‍ (antigenic determinants ) ഉണ്ടായിരിക്കും.

വൈറസുകളുടെ ജനിതക ഘടനയില്‍ ഇണക്കിച്ചേര്‍ക്കപ്പെടുന്ന പിഴവുകളാണ് (errors) മ്യൂട്ടേഷന് കാരണമാകുക. മ്യൂട്ടേഷന്റെ പരിണിത ഫലം ആപല്‍ക്കരമോ (deleterious) ഉദാസീനമോ (neutral) ചിലപ്പോള്‍ ഉപകാരപ്രദമോ (beneficial ) ആയേക്കാം. എങ്കിലും വൈറസിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്കു വിഘാതം സൃഷ്ടിക്കാത്ത മ്യൂട്ടേഷനുകള്‍ക്ക് മാത്രമേ ഒരു വൈറല്‍ സമൂഹത്തില്‍ നില നില്‍പ്പുള്ളൂ. മ്യൂട്ടേഷനുകള്‍ വൈറസില്‍ പുതിയ ആന്റിജനിക് ഡിറ്റര്‍മിനന്റുകള്‍ സൃഷ്ടിക്കുന്നു. ഈ പ്രതിഭാസം ആന്റിജനിക് ഡ്രിഫ്ട് (antigenic drift) എന്നറിയപ്പെടുന്നു. ഇത്തരം നൂതന വൈറസുകള്‍ക്ക് ഇതിനകം രോഗ പ്രതിരോധശേഷി നേടിയ ആതിഥേയ ശരീരങ്ങളിലും രോഗം പകര്‍ത്താനുള്ള ശേഷിയുണ്ട് . അതേസമയം രോഗോല്‍പാദനശേഷി കുറഞ്ഞതോ, മാറിയ ലക്ഷ്യകോശങ്ങള്‍ (target cells) ഉള്ളതോ ആയ, പക്ഷെ, സമഗ്രമായ ആന്റിജനിസിറ്റി (antigenicity ) നിലനിറുത്തുന്ന വൈറസ് സ്ട്രെയിനുകളും മ്യുട്ടേഷന്റെ പരിണിത ഫലമായി ഉണ്ടാകാം. ഇത്തരം വൈറല്‍ സ്‌ട്രെയിനുകളെ ചിലപ്പോള്‍ വാക്‌സിന്‍ ആയി ഉപയോഗിക്കാറുണ്ട്.
മ്യുട്ടേഷന്‍ റേറ്റ് അഥവാ എത്രത്തോളം പുതിയ കോമ്പിനേഷനുകള്‍ വൈറസ് പരീക്ഷിക്കുന്നുണ്ട് എന്നത് എത്രത്തോളം വിജയകരമായി അത് ആതിഥേയ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ ആക്രമിക്കുന്നു എന്നതിനെ നിര്‍ണയിക്കുന്നു. 2015 ല്‍ സ്‌പെയിനില്‍ നടന്ന പഠനം എയ്ഡ്‌സിന് കാരണമായ ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് അഥവാ എച്ച് ഐ വി (HIV ) ഏറ്റവും കൂടുതല്‍ വേഗതയിലും ആവൃത്തിയിലും മ്യൂട്ടേറ്റ് ചെയ്യുന്നതായി കണ്ടെത്തി. എച്ച് ഐ വി അത്യധികം വേഗതയില്‍ എറര്‍ പ്രോണ്‍ (error prone replication) രീതിയില്‍ സ്വയം പകര്‍ത്തുന്നതാണ് ഇതിനൊരു കാരണമായി പറയുന്നത്. കൂടാതെ ഈ വൈറസ് തന്റെ തന്നെ പല പതിപ്പുകളെ കൂട്ടിയോജിപ്പിച്ച് പുതിയ ജനിതക ഘടനകള്‍ അതിവേഗം സൃഷ്ടിക്കുന്നതായും ഈ ഗവേഷണത്തില്‍ കണ്ടെത്തി. മുന്‍പുള്ള രോഗാനുഭവത്തെ (previous exposure and memory) ഓര്‍ത്തെടുക്കുവാന്‍ നമ്മുടെ രോഗപ്രതിരോധവ്യവസ്ഥ എത്രത്തോളം പരിശീലിക്കപ്പെട്ടിരിക്കുന്നു എന്നതില്‍ അധിഷ്ഠിതമാണ് ഒരു വാക്‌സിനേഷന്റെ വിജയം.

ഇത്രയധികം വേഗതയില്‍ സ്വയം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന എച്ച് ഐ വി പോലൊരു വൈറസിനെതിരെ വിജയകരമായി വാക്‌സിന്‍ രൂപപ്പെടുത്തുക എന്നത് അത്രയും ശ്രമകരമായ ഒരു ഉദ്യമമാണ്. നോവല്‍ കൊറോണ SARS-CoV-2 വൈറസിന്റെ പ്രാഥമിക സീക്വെന്‍സിങ് ഡാറ്റ പ്രകാരം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത് അതിന്റെ ജീനോമിക് മ്യൂട്ടേഷന്‍ റേറ്റ് ഫ്ലു വൈറസിന്റെ തിനേക്കാള്‍ കുറവാണെന്നതാണ്. നോവല്‍ കൊറോണവൈറസ് കുറഞ്ഞ വേഗത്തില്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ കൊണ്ട് മ്യൂട്ടേറ്റ് ചെയ്യുന്നുവെങ്കിലും അതിന്റെ പുതിയ പതിപ്പുകള്‍ പഴയവയില്‍നിന്നും ഏറെ വിഭിന്നമല്ല എന്നത് വാക്‌സിന്‍ നിര്‍മാണത്തിലേക്കുള്ള ഈ യാത്രയില്‍ വെളിച്ചം വിതറുന്ന ഒരു അറിവാണ്. ചൈനയിലെ വുഹാനില്‍ നിന്നും സീക്വെന്‍സ് ചെയ്തെടുത്ത പ്രഥമ സ്‌ട്രെയിനിനോട് ജനിതകപരമായി വളരെയടുത്ത സ്‌ട്രെയിനുകളാണ് മറ്റു ലോകരാജ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത നോവല്‍ കൊറോണ SARS-CoV- സ്ട്രെയിനുകള്‍. അതിവേഗ മ്യൂട്ടേഷന്‍ റേറ്റ് ഉള്ള വൈറസിനെതിരെ വര്‍ഷങ്ങളോളം ഫലം തരുന്ന ഒരു വാക്‌സിന്‍ നിര്‍മിക്കാനുള്ള പരിശ്രമം എത്രത്തോളം കഠിനമാണോ അത്രത്തോളം വിജയകരമായ ഫലമായിരിക്കും മ്യുട്ടേഷന്‍ റേറ്റ് കുറഞ്ഞ ഒരു വൈറസിനെതിരെയുള്ള വാക്‌സിന്‍ പ്രദാനം ചെയ്യുക.
"ഒരു മഹാമാരിയുടെ പ്രാരംഭഘട്ടങ്ങളില്‍ തന്നെ ഇത്രയും സീക്വെന്‍സുകള്‍ പഠിക്കാനായി എന്നത് മരുന്നുകള്‍ വികസിപ്പിച്ചെടുക്കാന്‍ സഹായകരമാകും. ലോകമെമ്പാടും ഉള്ള ഗവേഷകര്‍ ഒരേസമയം വൈറസ് ജീനോമുകള്‍ സീക്വെന്‍സ് ചെയ്ത് യഥാസമയം അവയെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നു എന്നത് ഏറെ ആശാവഹമാണ്''.
ചൈനയിലെ വുഹാന്‍ നഗരത്തില്‍ 2019, ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 രോഗകാരിയായ SARS-CoV-2 ഒറ്റ ഇഴയുള്ള (single stranded) ആര്‍ എന്‍ എ വൈറസ്സാണ്. അതുകൊണ്ടു തന്നെ നിരന്തരമായുള്ള മ്യൂട്ടേഷന്‍ സ്വാഭാവികവുമാണ്. മനുഷ്യശരീരത്തിലേക്കുള്ള നോവല്‍ കൊറോണ വൈറസിന്റെ പ്രവേശം റിസെപ്റ്റര്‍ ACE2 ബൈന്‍ഡിങ് വഴിയാണ്. വൈറസുകളുടെ പുറം ആവരണത്തില്‍ കാണപ്പെടുന്ന സ്‌പൈക് പ്രോട്ടീന്‍ (spike protein ) ആണ് അവയെ ആതിഥേയ കോശത്തിലേക്കു പ്രവേശിക്കാന്‍ സഹായിക്കുന്നത്. ഈ സ്പൈക് പ്രോട്ടീന് എസ് 1 , എസ് 2 (S 1 ,S 2 ) എന്നിങ്ങനെ രണ്ടു ഘടകങ്ങള്‍ ഉണ്ട് , അതില്‍ എസ് 1 എന്ന റിസപ്റ്റര്‍ ബൈന്‍ഡിങ് ഡൊമൈന്‍ വൈറസിനെ ലക്ഷ്യകോശവുമായി (human cell ) ബന്ധിപ്പിക്കുന്നു. എസ് 2 വൈറസിന്റെ ആവരണത്തെ മനുഷ്യകോശവുമായി സംയോജിപ്പിച്ച് വൈറല്‍ ആര്‍ എന്‍ എ യെ കോശത്തിനുള്ളിലേക്ക് തുറന്നു വിട്ട് മനുഷ്യകോശത്തിലെ പ്രവര്‍ത്തനസംവിധാനങ്ങള്‍ ഉപയോഗിച്ച് വൈറസിന്റെ അനേകം കോപ്പികള്‍ ഉണ്ടാക്കുന്നു. SARS-CoV-2 യുടെ നിരന്തരമായ മ്യുട്ടേഷനുകള്‍ നിമിത്തം സ്പൈക്ക് പ്രോട്ടീന്റെ എസ് 1 , എസ് 2 ഭാഗങ്ങള്‍ക്കിടയില്‍ വ്യക്തമായ പിളര്‍പ്പ് (cleavage ) രൂപപ്പെട്ടതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് മനുഷ്യ ശരീരത്തിലെ എന്‍സൈമുകളായ ഫ്യൂറിന്‍ (Furin) , TMPRSS2 എന്നിവയെ സ്വാധീനിക്കുകയും അവയെക്കൊണ്ട് ഈ പിളര്‍പ്പിനെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി കൂടുതല്‍ വേഗതയില്‍ വൈറസിന്റെ ആവര്‍ത്തനവും ശ്വാസകോശങ്ങള്‍ ഉള്‍പ്പെടെ വിവിധ അവയവങ്ങളിലേക്കുള്ള അവയുടെ വ്യാപനവും നടത്തുന്നു. SARS-CoV-2 എന്ന മഹാമാരിയെ നിര്‍വചിയ്ക്കുന്ന അസാധാരണമായ ന്യൂമോണിയയുടെ ഉത്ഭവം ഇങ്ങനെയാണ്. മ്യൂട്ടേഷന്റെയും നാച്ചുറല്‍ സെലക്ഷന്റെയും പരിണിതഫലമായ, അതേ വംശാവലിയിലുള്ള SARS-CoV-1 ഉള്‍പ്പെടെയുള്ള മറ്റൊരു ബീറ്റാകൊറോണ വൈറസിലും കാണാത്ത, ഈ എസ്1, എസ് 2 പിളര്‍പ്പിനെ SARS-CoV-2 ന്റെ അസാധാരണമായ വ്യാപനത്തിനും സംക്രമണത്തിനും ഹേതുവായി ശാസ്ത്രലോകം കാണുന്നു.
ജനുവരി 5, 2020 നാണ് ലോകത്താദ്യമായി നോവല്‍ കോറോണ വൈറസ്സിന്റെ പൂര്‍ണ ജീനോം സീക്വെന്‍സിങ് പ്രസിദ്ധീകരിച്ചത് . അതിനു ശേഷം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ശേഖരിച്ച അനേകം സാമ്പിളുകളില്‍ നിന്നും ആയിരക്കണക്കിന് ജീനോമുകള്‍ സീക്വെന്‍സിങ് ചെയ്യപ്പെട്ടു.

ഇത്രയും സീക്വെന്‍സുകളുടെ അതുല്യശേഖരമാണ് ലോകത്തു മുന്‍പും സംഭവിച്ച പല മഹാമാരികളുടെ സാഹചര്യങ്ങളില്‍ നിന്നും ഇന്നത്തെ സാഹചര്യത്തെ വ്യത്യസ്തമാക്കുന്നത്. ഗതകാല ചരിത്രത്തിലേയ്ക്കുള്ള ഉള്‍ക്കാഴ്ച തരുന്നതിനോടൊപ്പം തന്നെ മനുഷ്യന്‍ എന്ന ആതിഥേയ ശരീരത്തില്‍ SARS-CoV-2 അഡാപ്റ്റഡ് ആകുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാനും ആ അറിവുകള്‍ ഉപയോഗിച്ച് അനുയോജ്യമായ വാക്‌സിന്‍ രൂപപ്പെടുത്താനും ഈ സീക്വെന്‍സ് ഡാറ്റ സഹായിക്കും.
നേച്ചര്‍ മെഡിസിന്‍ ജേര്‍ണല്‍ മാര്‍ച്ചുമാസത്തില്‍ പ്രസിദ്ധീകരിച്ച സ്‌ക്രിപ്‌സ് റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ അമേരിക്ക, യുനൈറ്റഡ് കിങ്ഡം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ SARS-CoV-2 തികച്ചും സ്വാഭാവികപരിണാമത്തിന്റെ (natural evolution ) ഉല്‍പ്പന്നം ആണെന്നും മനുഷ്യനിര്‍മിതമായ ഒരു വൈറസ് അല്ലെന്നും തെളിയിക്കുന്നു. ഇതിനുള്ള തെളിവ് SARS-CoV-2 ന്റെ പൂര്‍ണ മോളിക്യൂലര്‍ ഘടന വിശകലനം ചെയ്തപ്പോള്‍ ലഭിച്ചതായി ഈ പഠനം വെളിപ്പെടുത്തുന്നു. ഇതിന്റെ മോളിക്യൂലര്‍ ഘടന, ഇതിനകം പഠന വിധേയമായ മറ്റു കൊറോണ വൈറസ്സുകളില്‍ നിന്നും ഏറെ വിഭിന്നവും വവ്വാലുകള്‍ (bats), പാംഗോളിനുകള്‍ (pangolins) എന്നീ ജന്തുക്കളില്‍നിന്നും വേര്‍തിരിച്ചെടുത്ത വൈറസുകളുടെ ഘടനയുമായി സാമ്യം പുലര്‍ത്തുന്നതുമാണ്. SARS-CoV-2 ന്റെ സ്വാഭാവിക പരിണാമത്തിന് മറ്റൊരു തെളിവാണ് സ്പൈക്ക് പ്രോട്ടീനിന്റെ റിസപ്റ്റര്‍ ബൈന്‍ഡിങ് ഭാഗത്തുണ്ടായ മ്യുട്ടേഷന്‍. രോഗകാരികളല്ലാത്ത ഒരു സ്‌ട്രെയിന്‍ മറ്റേതോ ജീവിയുടെ ശരീരത്തില്‍ നിന്നും മനുഷ്യശരീരത്തിലേയ്ക്ക് പ്രവേശിക്കുകയും അനന്തരം മ്യുട്ടേഷന്‍ സംഭവിച്ചു രോഗകാരികളായി മാറുകയും ചെയ്തിരിക്കാം. വവ്വാലുകളില്‍ നിന്നും നേരിട്ട് മനുഷ്യനിലേക്ക് പകര്‍ന്നതായി തെളിവുകള്‍ ഇല്ല, എങ്കിലും ഇവയ്ക്കും മനുഷ്യനും ഇടയില്‍ വര്‍ത്തിച്ചേക്കാവുന്ന ഒരു ഇടനില ആതിഥേയ ജീവിയായി പാംഗോളിന്റെ സാന്നിധ്യം മറ്റു പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജനുവരി 5, 2020 നാണ് ലോകത്താദ്യമായി നോവല്‍ കോറോണ വൈറസ്സിന്റെ പൂര്‍ണ ജീനോം സീക്വെന്‍സിങ് പ്രസിദ്ധീകരിച്ചത് . അതിനു ശേഷം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ശേഖരിച്ച അനേകം സാമ്പിളുകളില്‍ നിന്നും ആയിരക്കണക്കിന് ജീനോമുകള്‍ സീക്വെന്‍സിങ് ചെയ്യപ്പെട്ടു.
വെസ്റ്റ് ബംഗാളിലെ കല്യാണിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജീനോമിക്‌സിലെ (NIBG) ശാസ്ത്രജ്ഞരായ നിധാന്‍ ബിശ്വാസ്, പാര്‍ത്ഥ മജൂംദാര്‍ എന്നിവര്‍ ഗ്ലോബല്‍ ഇനിഷ്യേറ്റിവ് ഓണ്‍ ഷെയറിങ് ആള്‍ ഇന്‍ഫ്ലുവെന്‍സ ഡാറ്റ ( Global Initiative on Sharing All Influenza Data) എന്ന പബ്ലിക് ഡാറ്റാബേസില്‍ നിന്നും ലഭ്യമായ, അന്‍പത്തിയഞ്ചോളം രാജ്യങ്ങളില്‍നിന്നുമുള്ള, 3600 ഓളം സീക്വെന്‍സുകളില്‍ സമഗ്രവും വ്യവസ്ഥാധിഷ്ഠിതവുമായ ഒരു വിശകലനം നടത്തി. ഈ പഠനത്തില്‍ വുഹാനിലെ ആദ്യ SARS-CoV-2 വൈറസ് അഥവാ ടൈപ്പ് ഒ (type O - ancestral type) യില്‍ നിന്നും പത്തു വ്യത്യസ്ത വൈറസ് സ്ട്രെയിനുകള്‍ രൂപപ്പെട്ടതായും അതില്‍ തന്നെ A2a എന്ന സ്‌ട്രെയിന്‍ മറ്റു സ്ട്രെയിനുകളെയെല്ലാം അതിവേഗം മറികടന്ന് ഇന്ത്യയിലുള്‍പ്പെടെ ലോകമെങ്ങും വ്യാപിച്ചതായും പ്രതിപാദിക്കുന്നു.

അതില്‍ത്തന്നെ O, B, B1, A1a and A2a എന്നീ അഞ്ചു ടൈപ്പുകള്‍ക്കു മാത്രമേ ഈ ജീനോമുകളില്‍ കൂടുതല്‍ ആവൃത്തിയുള്ളതായി കണ്ടുള്ളൂ. അതില്‍ മൊത്തം ജീനോമിന്റെ 51 ശതമാനത്തോളം ആവൃത്തി A2a യ്ക്കാണ്. A2a മറ്റു സ്‌ട്രെയിനുകളെക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി ശ്വാസകോശങ്ങളിലെ ACE-2 റിസപ്റ്ററുകളുമായി സംയോജിക്കുന്നുണ്ട് . ഇതിനു കാരണം വൈറസിന്റെ സ്പൈക് പ്രോട്ടീനിലെ ഒരു അമിനോആസിഡില്‍ വന്ന മാറ്റമാണ്, അതായത്, അസ്പാര്‍ട്ടിക് ആസിഡ് എന്ന അമിനോ ആസിഡ് മാറി പകരം ഗ്ലൈസിന്‍ വന്നിരിക്കുന്നു. A2a സ്ട്രെയിനിനെ ലക്ഷ്യമാക്കി ഒരു വാക്‌സിന്‍ നിര്‍മിച്ചാല്‍ അത് മറ്റുള്ള സ്ട്രെയിനുകള്‍ക്കെതിരെയും തീര്‍ച്ചയായും ഫലപ്രദമാകും എന്ന് ഈ പഠനം അവകാശപ്പെടുന്നു .
മാര്‍ച്ച് പകുതിയോടെ തായ്‌വാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഗവേഷകര്‍ യു എസ് നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫോര്‍മേഷന്‍ (NCBI ) -ല്‍ നിന്നും ലഭ്യമായ, ചൈന, ഇന്ത്യ, അമേരിക്ക , നേപ്പാള്‍ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളിലെ 106 ജീനോമിക് സീക്വെന്‍സുകളില്‍ ഒരു ഫൈലോജെനിക് വിശകലനം നടത്തുകയുണ്ടായി. SARS-CoV-1 നേക്കാളും കുറഞ്ഞ മ്യൂട്ടേഷന്‍ നിരക്കാണ് SARS-CoV-2 യ്ക്കുള്ളത് എന്ന് ആ വിശകലനത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. കൂടാതെ ഈ മ്യൂട്ടേഷന്‍ SARS-CoV-2 ലെ റിസെപ്റ്റര്‍ ബൈന്‍ഡിങ് സൈറ്റിന്റേയും മനുഷ്യകോശത്തിലെ ACE 2 റിസെപ്റ്ററിന്റെയും ഇടയിലുള്ള ഹൈഡ്രജന്‍ ബോണ്ട് ഇന്റര്‍ഫേസിനെ ഭേദിക്കുന്നതായും കണ്ടു. വൈറസും ആതിഥേയകോശവും തമ്മിലുള്ള ശക്തമായ സംയോജനത്തില്‍ ഈ ഹൈഡ്രജന്‍ ബോണ്ടിന് സുപ്രധാന പങ്കുള്ളതിനാല്‍ ഈ മ്യൂട്ടേഷന്‍ വൈറസിനെ ദുര്‍ബലപ്പെടുത്തുമെന്നും പഠനം അവകാശപ്പെട്ടു. പിന്നീട് കേരളത്തില്‍ നിന്നുള്ള വുഹാനുമായി ബന്ധമുള്ള ഒരു ജീനോം ഐസൊലേറ്റില്‍ ഇത്തരം മ്യുട്ടേഷന്‍ കണ്ടെത്തുകയുണ്ടായി .
വാക്‌സിന്‍ : ശുഭസൂചകമായ വാര്‍ത്തകള്‍
മാര്‍ച്ച് അവസാനത്തോടെ അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വ കലാശാലയിലെ മോളിക്യൂലര്‍ ജനിറ്റിസിസ്റ്റ് പീറ്റര്‍ തിലെന്‍ (Peter Thielen) പ്രസ്താവിച്ചു ""അമേരിക്കയിലും വുഹാനിലും രോഗം പകര്‍ത്തിയ SARS-CoV-2 വൈറസ് സ്‌ട്രെയിനുകള്‍ തമ്മില്‍, ഇത്രയും ജനങ്ങളിലൂടെ കടന്നു പോയിട്ടും, പത്തോളം ജനിതകവ്യത്യാസങ്ങള്‍ മാത്രമേയുള്ളൂ എന്നത് ശ്രദ്ധേയമാണ്. കുറഞ്ഞ ഈ മ്യൂട്ടേഷന്‍ നിരക്കില്‍ തുടര്‍ന്നു പോവുകയാണെങ്കില്‍, ഫ്‌ളൂ വാക്‌സിന്‍ പോലെ വര്‍ഷങ്ങള്‍ തോറും അപ്‌ഡേഷന്‍ ആവശ്യം വരാത്ത, ഒരു സിംഗിള്‍ വാക്‌സിന്‍ ആയിരിക്കാം കോവിഡ് 19 നു വേണ്ടി നിര്‍മ്മിക്കുവാന്‍ സാധ്യത''. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടന്‍ ജനറ്റിക് ഇന്‍സ്റ്റിട്യൂട്ട്, യൂണിവേഴ്സിറ്റി ഓഫ് റീയൂണിയന്‍ ഫ്രാന്‍സ്, യൂണിവേഴ്സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്, ഈംപീരിയല്‍ കോളേജ് ഓഫ് ലണ്ടന്‍, എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് 7666 ജീനോം സീക്വെന്‍സുകള്‍ വിശകലനം ചെയ്തു. കോവിഡ് 19 സംഹാരതാണ്ഡവമാടിയ രാജ്യങ്ങളില്‍ നിന്നുമുള്ള സാമ്പിളുകളിലാണ് വലിയൊരു ശതമാനം ജനിതക വൈവിധ്യം കാണപ്പെട്ടതെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. ഇന്‍ഫെക്ഷന്‍, ജനറ്റിക്സ് ആന്‍ഡ് ഇവൊല്യൂഷന്‍ എന്ന ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍, 2019 അവസാനത്തോട് കൂടെയാണ് SARS-CoV-2 ആവിര്‍ഭവിച്ചതെന്ന് സ്ഥാപിക്കുന്നു. ഒപ്പം സ്വതന്ത്രവും സ്വാഭാവികവുമായി സംഭവിച്ച 198 മ്യൂട്ടേഷനുകള്‍ കണ്ടെത്തിയതും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ 198 ഇടങ്ങള്‍ മൊത്തം 7666 ജീനോമുകളിലെ 290 അമിനോ ആസിഡ് മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു . ഈ അമിനോ ആസിഡ് മാറ്റങ്ങളില്‍ 232 എണ്ണം സമാനമല്ലാത്ത മ്യുട്ടേഷനുകളും 58 എണ്ണം സമാന മ്യുട്ടേഷനുകളുമാണ്. ഈ ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവ് പ്രൊഫ: ഫ്രാന്‍സുവാ ബല്ലോ (Professor Francois Balloux) ഇങ്ങനെ പറയുന്നു, ""എല്ലാ വൈറസുകളും സ്വാഭാവികമായി മ്യുട്ടേറ്റ് ചെയ്യും, SARS-CoV-2 പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തിലാണോ അതോ കുറഞ്ഞ വേഗത്തിലാണോ മ്യൂട്ടേറ്റ് ചെയ്യുന്നത് എന്നോ അവ കൂടുതല്‍ മാരകമോ സാംക്രമികമോ ആവുകയാണോ ചെയ്യുന്നത് എന്നോ ഈ സാഹചര്യത്തില്‍ പ്രസ്താവിക്കുവാന്‍ സാധിക്കില്ല, ഈ വൈറസിന് എളുപ്പത്തില്‍ മറികടക്കാന്‍ പറ്റാത്ത തരം വാക്‌സിനും മരുന്നുകളും നിര്‍മിക്കുക എന്നതാണ് പ്രധാനം''. മറ്റൊരു മുഖ്യ രചയിതാവായ ഡോ : ലൂസി വാന്‍ ഡോര്‍പ്പ് (Dr. Lucy van Dorp) പറയുന്നു, ""ഒരു മഹാമാരിയുടെ പ്രാരംഭഘട്ടങ്ങളില്‍ തന്നെ ഇത്രയും സീക്വെന്‍സുകള്‍ പഠിക്കാനായി എന്നത് രോഗനിവാരണത്തിനുള്ള മരുന്നുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഏറെ സഹായകരമാകും. ലോകമെമ്പാടും ഉള്ള നൂറുകണക്കിന് ഗവേഷകര്‍ ഒരേസമയം വൈറസ് ജീനോമുകള്‍ സീക്വെന്‍സ് ചെയ്ത് യഥാസമയം അവയെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നു എന്നത് ഏറെ ആശാവഹമാണ്''. തന്മൂലം വാക്‌സിനുകളുടെയും മരുന്നുകളുടെയും അതിവേഗനിര്‍മാണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
"കുറഞ്ഞ ഈ മ്യൂട്ടേഷന്‍ നിരക്കില്‍ തുടര്‍ന്നു പോവുകയാണെങ്കില്‍, ഫ്‌ളൂ വാക്‌സിന്‍ പോലെ വര്‍ഷങ്ങള്‍ തോറും അപ്‌ഡേഷന്‍ ആവശ്യം വരാത്ത, ഒരു സിംഗിള്‍ വാക്‌സിന്‍ ആയിരിക്കാം കോവിഡ് 19 നു വേണ്ടി നിര്‍മ്മിക്കുവാന്‍ സാധ്യത'' മോളിക്യൂലര്‍ ജനിറ്റിസിസ്റ്റ് ,പീറ്റര്‍ തിലെന്‍
ആധുനിക വാക്‌സിന്‍ ഗവേഷണരംഗം ജനിതക എന്‍ജിനീയറിങ്ങിലും ആതിഥേയ ശരീരവും രോഗാണുവും തമ്മിലുള്ള തന്മാത്രാ തലത്തിലുള്ള പരസ്പര ഇടപെടലുകളിലും അധിഷ്ഠിതമാണ്. ഇത്തരം അറിവുകളുടെയും വിവരങ്ങളുടെയും സമാഹരണത്തിലും അവയുടെ ഓപ്പണ്‍ ആക്സസ് പ്രസിദ്ധീകരണത്തിലും (open access ) ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ നിസ്വാര്‍ത്ഥവും കാര്യക്ഷമവുമായ പങ്ക് ഏറെ സ്തുത്യര്‍ഹമാണ്. ലോകശാസ്ത്രരംഗം ഇതിനകം നിര്‍മ്മിക്കുകയും പൊതുലഭ്യതയ്ക്കു വേണ്ടി തുറന്നു വെക്കുകയും ചെയ്ത പൂര്‍ണ SARS-CoV-2 ജീനോമുകള്‍, GISAID മായി കൂടിച്ചേര്‍ന്ന, പതിനായിരത്തോളം ജീനോമുകള്‍ ഉള്ള യുണൈറ്റഡ് കിങ്ഡമിന്റെ COG-UK ഇനിഷ്യേറ്റീവ് തുടങ്ങിയവ ഈ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു . ഇത്തരം ശാസ്ത്ര നേട്ടങ്ങളും സേവനങ്ങളും മനുഷ്യരാശി ഒന്നൊഴിയാതെ നേരിടുന്ന കോവിഡ്-19 എന്ന കഠിനവിപത്തിനെ തുരത്തുവാന്‍ പ്രയോജനപ്രദമാകുമെന്നതിനു സംശയമില്ല.
വാക്‌സിന്‍ രംഗത്ത് നിന്നുള്ള ശുഭസൂചകങ്ങളായ വാര്‍ത്തകള്‍ ഈ സാഹചര്യത്തില്‍ വെളിച്ചം വിതറുന്നു. അമേരിക്കയുടെ മോഡര്‍ന ഇന്‍കോര്‍പറേഷന്‍ (Moderna Inc ) m RNA ടെക്‌നോളജി ഉപയോഗിച്ച് മനുഷ്യശരീരത്തില്‍ കോവിഡ് 19 ന് എതിരായുള്ള പ്രതിരോധ പ്രതികരണങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിന്റെ പ്രാരംഭ വിജയഘട്ടത്തിലേക്കു പ്രവേശിക്കുന്നു. നിര്‍വീര്യമാക്കപ്പെട്ട വൈറസുകളോ ജനറ്റിക് എന്‍ജിനീയറിങ് വഴി തയ്യാറാക്കപ്പെട്ട വൈറല്‍ പ്രോട്ടീനോ ഉപയോഗിച്ചാണ് മിക്ക വാക്‌സിനുകളും നിര്‍മിക്കുന്നത്. പക്ഷെ mRNA ടെക്‌നോളജി ആധാരമായുള്ള മോഡര്‍നയുടെ കോവിഡ് വാക്‌സിന്‍ വൈറല്‍ പ്രോട്ടീന്‍ ഉണ്ടാക്കാന്‍ മനുഷ്യകോശങ്ങളെ പ്രേരിപ്പിക്കുകയാണ് ചെയ്യുക. കൊറോണവൈറസിന്റെ പ്രതലത്തിലെ സ്പൈക്ക് പ്രോട്ടീന്‍ ഉത്പാദിപ്പിക്കുവാനാണ് RNA മനുഷ്യകോശങ്ങളോട് ആവശ്യപ്പെടുക. ഈ വാക്‌സിന്‍ ഒരു തവണ വിജയകരമായി പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ ഇതിനകം നിര്‍മിക്കപ്പെട്ട പ്രോട്ടീനുകള്‍ സംരക്ഷണ ആന്റിബോഡികളെ ഉത്പാദിപ്പിച്ചു തുടങ്ങുമെന്ന് മോഡര്‍ന അവകാശപ്പെടുന്നു.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നിര്‍മിച്ച, ഉന്നതശ്രേണിയിലുള്ള വാക്സിന്‍ ChAdOx1 nCoV-19, അനിമല്‍ ട്രയല്‍ ഘട്ടത്തില്‍ ന്യുമോണിയ തടയുന്നതില്‍ വിജയിച്ചിരുന്നു എങ്കിലും നോവല്‍ കൊറോണ വ്യാപനത്തെ (spread) തടയുന്നതില്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടു. ശാസ്ത്രസമൂഹത്തിന്റെ അശ്രാന്ത പരിശ്രമത്തിനും മാനവരാശിയുടെ പ്രതീക്ഷകള്‍ക്കുമേറ്റ നിര്‍ഭാഗ്യകരമായ തിരിച്ചടിയായി ഇത്. പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (serum institute of India), ഓക്സ്ഫോര്‍ഡ് സര്‍വകലാശാലായുമായി ചേര്‍ന്ന് 2020 മെയ് മാസം അവസാനത്തോടെ ഈ വാക്സിന്റെ 4 -5 മില്യണ്‍ ഡോസുകള്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഒടുവിലായി അമേരിക്കയിലെ കോഡാജെനിക്‌സ് (Codagenix) എന്ന ബയോടെക്നോളജി കമ്പനി രൂപകല്‍പന ചെയ്ത വാക്സിന്‍ പ്രിക്ലിനിക്കല്‍ ടെസ്റ്റ് ഫേസിലേക്ക് (animal trial phase ) പ്രവേശിച്ചിരിക്കയാണ്. 2022 ന്റെ ആരംഭത്തില്‍ തന്നെ കോഡാജെനിക്സുമായി ചേര്‍ന്ന് ഈ വാക്സിനുകള്‍ തയാറാക്കുമെന്നും ലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ അതു മൂലം കഴിയുമെന്നും സെറം ഇന്ത്യ പ്രതീക്ഷിക്കുന്നു. NBC റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബഹുരാഷ്ട്ര ടെസ്റ്റിംഗ് കമ്പനിയായ SGS ഉം ലണ്ടന്‍ ആസ്ഥാനമായുള്ള hVIVO യും ചേര്‍ന്ന് ഹ്യൂമന്‍ചാലഞ്ചിങ് (human challenging) പഠനങ്ങള്‍ നടത്തുകയാണ്. 102 രാജ്യങ്ങളില്‍നിന്നും 20500ത്തോളം ആളുകള്‍ ഇതിലേക്ക് സഹകരിക്കുവാന്‍ ഇതിനകം സന്നദ്ധരുമായിരിക്കുകയാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ ട്രയല്‍ മേധാവി പ്രൊഫ. ആന്‍ഡ്രൂ പൊള്ളാര്‍ഡ് (Prof. Andrew Pollard) ന്റെ വാക്കുകളില്‍ ""ഈ ഘട്ടത്തില്‍ ഹ്യൂമന്‍ചാലഞ്ചിങ് പഠനങ്ങള്‍ക്ക് വന്‍ സാധ്യതകള്‍ ഉണ്ട്. ഒരു ജീവന്‍രക്ഷാ ചികിത്സാ മാര്‍ഗം ഈ നിമിഷം നമ്മുടെ കയ്യില്‍ ഇല്ലായെങ്കില്‍ പോലും ഹ്യൂമന്‍ചാലഞ്ചിങ് പരിശ്രമങ്ങളെ അതീവ ശ്രദ്ധയോടെ മാത്രം സമീപിക്കേണ്ടിയിരിക്കുന്നു''.
masthafa
22 May 2020, 04:25 AM
നന്നായി എഴുതി. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും സഹോ
Sulaikha
21 May 2020, 10:32 PM
വളരെ വിജ്ഞാന പ്രദം
Sulaikha
21 May 2020, 10:32 PM
വളരെ വിജ്ഞാന പ്രദം
Thamban Meloth
21 May 2020, 09:15 PM
Well written and well researched.
Radhakrishnan PM
21 May 2020, 03:28 PM
Very well explained dear, am proud of you that we were classmates. Congratulations & all the best.
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
Gokul V B
29 May 2020, 02:08 PM
കോവിഡ് 19 നെ പൂർണ്ണമായും ഇല്ലായ്മ ചെയ്യണമെങ്കിൽ ഇതിനെതിരായുള്ള വാക്സിൻ നിലവിൽ വന്നാലെ കഴിയൂ എന്ന് പലരും അഭിപ്രായപ്പെട്ട് പോരുന്നുണ്ട്. ഡോക്ടർ സമൂഹത്തൊടൊപ്പം സാധാരണക്കാർ വരെ ഇക്കാര്യം വിശ്വസിച്ചു പോരുകയും ,അതൊരു ആവശ്യമായി ഉന്നയിയ്ക്കുകയും ചെയ്തു വരുന്നുണ്ട്. പൊതുസമൂഹത്തിൽ നിന്നും ഈ ആവശ്യം സ്വാഭാവികമായി ഉയർത്തിക്കൊണ്ടുവരാൻ മുതലാളിത്ത ഉത്പാദനവ്യവസ്ഥയുടെ പരിപൂർണ്ണമായ നിയന്ത്രണത്തിൽ നില്ക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടർമാരും മറ്റു ശാസ്ത്രമാത്രവാദികളും വർഷങ്ങളായി പരിശ്രമിച്ചു വരുന്നതിന് ഇപ്പോൾ ഫലം കണ്ടുതുടങ്ങി എന്നു വേണം കരുതാൻ. ഏതെങ്കിലുമൊരു രോഗത്തെ ഇല്ലാതെയാക്കാനോ നിയന്ത്രിച്ചു നിർത്താനോ കഴിഞ്ഞത് ആ രോഗത്തിനെതിരായ വാക്സിനേഷൻ കൊണ്ട് മാത്രമായിരുന്നു എന്ന് നാളിതു വരെ ഒരു രോഗത്തിന്റെ കാര്യത്തിലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ഓർക്കണം. അങ്ങനെ തെളിയിയ്ക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. മറ്റൊരു കാര്യമെന്ന് പറയുന്നത് , ഓരോ സ്പീഷീസിലെ ഓരോ ജീവിയും വ്യത്യസ്തമാണ് അഥവാ unique ആണ് എന്നുള്ളതാണ് . ഒരു സ്ട്രയിനിലുള്ളത് എന്ന് പറയുന്ന കൊറോണ വൈറസ്കൂട്ടത്തിലെ എല്ലാ ജീവിയും ഒരു പോലെയാണ് എന്ന് ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാൽ പോലും ഈ ജീവികൾ എല്ലാം തന്നെ വളരെ ചെറിയ കാലയളവ് കൊണ്ടു പല വിധ മാറ്റങ്ങളിലൂടെ കടന്നുപോകുന്നുണ്ട് എന്ന യാഥാർത്ഥ്യം എങ്ങനെയാണ് കാണാതെ പോകാൻ കഴിയുക!! വാക്സിൻ കണ്ടുപിടിയ്ക്കുന്ന സമയത്ത് കാണുന്ന വൈറസും അത് പ്രയോഗിയ്ക്കുന്ന സമയത്ത് കാണുന്ന വൈറസും തമ്മിൽ യാതൊരു ബന്ധവും ഉണ്ടാകുന്നില്ല. അങ്ങനെ വരുമ്പോൾ വാക്സിനേഷൻ എങ്ങനെയാണ് ശരിയാകുന്നത് !! അതായത് , ജീവിയുടെ മാറ്റത്തെ address ചെയ്യാത്ത ഒരു സങ്കൽപ്പനമാണ് വാക്സിനേഷൻ. അതു കൊണ്ട് തന്നെയാണ് അത് അശാസ്ത്രീയവുമാകുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് രോഗങ്ങൾ, മഹാമാരികൾ തന്നെ നിരന്തരം വന്നു കൊണ്ടിരിക്കുന്നത്. കൂടാതെ ഏതൊരു രോഗത്തെയും സമൂഹം അതിജീവിച്ചതിന് ശേഷമാണ് അതിനെതിരായ വാക്സിനുകൾ രംഗപ്രവേശം ചെയ്തിട്ടുള്ളത് എന്ന കാര്യവും ഇതോടെപ്പം ചേർത്ത് കാണേണ്ടതുണ്ട്. ഈ പരിപാടിയെയാണ് ശാസ്ത്രീയമായ സമീപനമെന്നോ ശാസ്ത്രമെന്നോ പറഞ്ഞ് മുതലാളിത്തശാസ്ത്രം സാധാരണക്കാരുടെ ഇടയിൽ പോലും തെറ്റിദ്ധാരണ ഉണ്ടാക്കിപ്പോരുന്നത്. ആത്യന്തികമായ പരിഹാരം എന്നൊക്കെ പറഞ്ഞു കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവരുന്ന വാക്സിനേഷൻ ചില കച്ചവടക്കാർക്ക് പണമുണ്ടാക്കാനുള്ള ഒരേർപ്പാടല്ലാതെ മറ്റൊന്നുമാകുന്നില്ല.