ഇപ്പോൾ കേരളത്തിൽ
എന്തുകൊണ്ട് കോവിഡ്
രോഗികളുടെ എണ്ണം കൂടുന്നു, എന്തുചെയ്യണം?
ഇപ്പോൾ കേരളത്തിൽ എന്തുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, എന്തുചെയ്യണം?
2020 ഡിസംബറിലെ ഐ.സി.എം.ആര്‍ സീറോ സര്‍വേ അനുസരിച്ച് കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചത് പത്തില്‍ ഒരാള്‍ക്കാണ്. ദേശീയതലത്തില്‍ ഇത് നാലില്‍ ഒന്നാണ്. എന്നാല്‍, രോഗം പിടിപെടാന്‍ സാധ്യതയുള്ളവരുടെ എണ്ണം കേരളത്തില്‍ കൂടുതലായതുകൊണ്ട് ജാഗ്രത തുടരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടം മുതല്‍ കോവിഡ് നിയന്ത്രിക്കുന്നതില്‍ വിജയിച്ച് സാര്‍വദേശീയ ഖ്യാതി സമ്പാദിച്ച കേരളത്തില്‍ ഇപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം വിശകലനം ചെയ്യുകയാണ് ഡോ. ബി. ഇക്ബാല്‍
27 Jan 2021, 12:20 PM
കേരളത്തില്‍ ഏതാനും ദിവസങ്ങളിലായി കോവിഡ് രോഗികളിലുണ്ടായ വര്‍ധന വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ പൊതുവില്‍ കോവിഡ് നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് കാണാന്‍ കഴിയുന്നത്. ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആദ്യഘട്ടത്തില്‍ രോഗ വര്‍ധനയും മരണനിരക്കും വളരെ കൂടുതലായിരുന്നു. എന്നാല്‍ പിന്നീട് രോഗികളുടെയും മരണമടയുന്നവരുടെയും എണ്ണവും കുറഞ്ഞെങ്കിലും വീണ്ടും രണ്ടാമതൊരു വര്‍ധന (Second Peak) ഉണ്ടായി. ഇപ്പോള്‍ പൊതുവില്‍ മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെയും മരണമടയുന്നവരുടെയും എണ്ണത്തില്‍ കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ആദ്യഘട്ടം മൂതല്‍ കോവിഡ് നിയന്ത്രിക്കുന്നതില്‍ വിജയിച്ച് സാര്‍വദേശീയ ഖ്യാതി സമ്പാദിച്ച കേരളത്തിലാണ് ഇപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിക്കൊണ്ടിരിക്കുന്നത്.
മരണം ഏറ്റവും കുറവ് കേരളത്തില്‍
രാജ്യത്തെ മൊത്തം പ്രതിദിന രോഗികളില്‍ ഏതാണ്ട് പകുതിക്കടുത്ത് കേരളത്തിലാണ്. എന്നാല്‍, ഇപ്പോഴും കേരളത്തിലാണ് കോവിഡ് മൂലമുള്ള മരണനിരക്ക് ഏറ്റവും കുറവ്- 0.42 ശതമാനം മാത്രം; രാജ്യത്ത് മൊത്തം ശരാശരി 2.1 ശതമാനമാണ്. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയും (20,10,948) കര്‍ണാടകയും (9,36,955) കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് കേരളം (8,94,000). എന്നാല്‍ മരിച്ചവരുടെ എണ്ണമെടുത്താല്‍ വളരെ കുറവും (മഹാരാഷ്ട്ര 50, 815), കര്‍ണാടക 12,200, കേരളം 3624). അതുപോലെ ചികിത്സയും പരിചരണവും ആവശ്യമുള്ളവര്‍ക്ക് മുഴുവന്‍ സൗജന്യമായി ലഭ്യമാക്കാനും കേരളത്തിന് കഴിയുന്നുണ്ട്. അതിതീവ്ര പരിചരണത്തിനും (കോവിഡ് ആശുപത്രികള്‍) അത്ര ഗുരുതരമല്ലാത്തവരെ പരിചരിക്കുന്നതിനുമുള്ള (കോവിഡ് ഫസ്റ്റ്, സെക്കന്റ് ലൈന്‍ ട്രീന്‍മന്റ് സെന്ററുകള്‍) ചികിത്സാ സംവിധാനങ്ങളിലെ കിടക്കകളുടെ അറുപത് ശതമാനത്തിന് താഴെ മാത്രമാണ് ഇതുവരെ ഉപയോഗിക്കേണ്ടിവന്നിട്ടുള്ളത്.

മറ്റ് പല സംസ്ഥാനങ്ങളിലും ചികിത്സാസൗകര്യങ്ങളുടെ അഭാവം മൂലം ജനം ഏറെ കഷ്ടപ്പെടേണ്ടിവന്നിട്ടുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ മേഖലയില്‍ ആവശ്യാനുസരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യമേഖലയിലെ അതിഭീമമായ ചെലവ് വഹിക്കാന്‍ കഴിയുന്ന സാമ്പത്തിക ശേഷിയുള്ളവര്‍ക്കുമാത്രമാണ് ചികിത്സ ലഭിച്ചിട്ടുള്ളത്.
വ്യാപനം തടഞ്ഞത് ഇങ്ങനെ...
ഏറെ വ്യാപന സാധ്യതയുള്ള രോഗമാണ് കോവിഡ്. ഒരാളില്‍ നിന്ന് 3- 4 പേരിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലും ഗ്രാമ- നഗര തുടര്‍ച്ചയുള്ളതുമായ ഒരു സംസ്ഥാനത്ത് രോഗവ്യാപന സാധ്യത വളരെ കൂടുതലാണ്, എന്നാല്‍ അങ്ങനെ സംഭവിക്കാതെ രോഗവ്യാപനം തടയാന്‍ കഴിഞ്ഞത് ബ്രേക്ക് ദി ചെയിന്‍ പെരുമാറ്റചട്ടങ്ങള്‍ (മാസ്‌ക് ധാരണം, ശരീര ദൂരം പാലിക്കല്‍, ആവര്‍ത്തിച്ച് കൈകഴുകല്‍) കാലേക്കൂട്ടി 2020 മാര്‍ച്ചില്‍ തന്നെ ആരംഭിച്ച് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞതുമൂലമാണ്. അതുപോലെ, മരണസാധ്യതയേറെയുള്ള പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ശ്വാസകോശ രോഗം തുടങ്ങിയ രോഗാതുരത കൂടുതലായുള്ളവരും പ്രായാധിക്യമുള്ളവരും കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ കൂടുതലായിട്ടും മരണനിരക്ക് കുറക്കുന്നതില്‍ കേരളം വിജയിച്ചു.
അതിനു കാരണം, അപകട സാധ്യതയുള്ളവരെ സംരക്ഷണ സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി (റിവേഴ്‌സ് ക്വാറന്റയിന്‍) സുരക്ഷിതമായി വീടുകളില്‍ കഴിയാന്‍ സംവിധാനം ഏര്‍പ്പെടുത്തി രോഗബാധയില്‍ നിന്ന് രക്ഷിച്ച് നിര്‍ത്തിയതുമൂലമാണ്. അതുപോലെ, അപകടസാധ്യതയുള്ളവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ കഴിഞ്ഞത് മരണനിരക്ക് കുറയുന്നതിന് കാരണമായി.
രോഗവ്യാപനം കൂടിയതിന്റെ കാരണം
ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണമനുസരിച്ച് കോവിഡിന് വ്യാപന സാധ്യത കൂടുതലായതിനാല്‍ ഏതെങ്കിലും ജനവിഭാഗങ്ങളെയോ പ്രദേശത്തെയോ കേന്ദ്രീകരിച്ച ക്ലസ്റ്ററിംഗ്, കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് പടരുന്ന സാമൂഹ്യ വ്യാപനം എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോവാന്‍ സാധ്യതയുണ്ട്. കേരളത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു, അവിടങ്ങളില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തി നിയന്ത്രിക്കാന്‍ കഴിഞ്ഞു. ചില ജില്ലകളിലെങ്കിലും സാമൂഹ്യ വ്യാപന പ്രവണതയും കണ്ട് തുടങ്ങിയിരുന്നു.

ഇതിനിടെ, വിവിധ മേഖലകളിൽ ലോക്ക്ഡൗണ്‍ ലഘൂകരിക്കാനുള്ള നടപടികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം വീണ്ടും നിയന്ത്രിതമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സാമ്പത്തിക- സാമൂഹ്യ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ മേഖലകള്‍ പ്രവര്‍ത്തന ക്ഷമമാക്കേണ്ടതുണ്ട്. അതോടൊപ്പം, വിവിധ മതസ്ഥരുടെ ഉത്സവങ്ങള്‍, ചടങ്ങുകള്‍, സാംസ്‌കാരിക രാഷ്ടീയ സംഘടനകളുടെ യോഗങ്ങള്‍, സമീപകാലത്ത് നടന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി നിരവധി സംഭവങ്ങള്‍ കേരളത്തില്‍ നടക്കുകയുണ്ടായി. പലതും നടന്നുവരികയുമാണ്.
ഈ ഘട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക എന്നതാണ്. ആള്‍ക്കൂട്ടത്തിലാണ് അതിവ്യാപന (Super Spread) സാധ്യതയുള്ളത്. എന്നാല്‍ കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ അതിവ്യാപനം തീര്‍ച്ചയായും ഒഴിവാക്കാം. ആള്‍ക്കൂട്ട സാധ്യതയുള്ള സംഘചേരലില്‍ കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വേണ്ടത്ര പാലിക്കപ്പെടാതെ പോവുന്നതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ രോഗവ്യാപനം ശക്തിപ്പെട്ടിട്ടുള്ളത്. യോഗസ്ഥലത്തും മറ്റും ശരീരദൂരം പാലിക്കാന്‍ മിക്കവരും ശ്രദ്ധിക്കുന്നുണ്ട് എന്നാല്‍ യോഗസ്ഥലത്തേക്ക് വരുമ്പോഴും പോവുമ്പോഴും ആഹാരപാനിയങ്ങള്‍ കഴിക്കുമ്പോഴും കോവിഡ് മാനദണ്ഡങ്ങള്‍ പലരും പാലിക്കുന്നില്ല.
ഉദാസീനതയും ആലസ്യവും
മരണനിരക്ക് കുറഞ്ഞിരിക്കുന്നതും വാക്‌സിന്‍ വിതരണം ആരംഭിച്ചതും രോഗബാധിതരില്‍ വലിയൊരു വിഭാഗം രോഗലക്ഷണം പ്രകടിപ്പിക്കാത്തതും ദീര്‍ഘകാലമായുള്ള കോവിഡ് ജീവിതരീതികളുമെല്ലാം ചേര്‍ന്ന് ജനങ്ങളില്‍ വലിയൊരു വിഭാഗത്തിലുണ്ടാക്കിയിട്ടുള്ള ഉദാസീനതയും ആലസ്യവും തളര്‍ച്ചയുമെല്ലാമാണ് കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാതിരിക്കുന്ന സ്ഥിതി വിശേഷത്തിലെത്തിച്ചിരിക്കുന്നത്.

ഈ പ്രവണത തുടര്‍ന്നാല്‍ രോഗവ്യാപനം കൂടുതല്‍ വര്‍ധിക്കുമെന്ന് മാത്രമല്ല മരണനിരക്ക് വര്‍ധിക്കാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ മുന്‍ഗണനാക്രമമനുസരിച്ചുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തന്നെ ഏതാനും മാസങ്ങളും വേണ്ടിവരും.
ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
സര്‍ക്കാര്‍:
- ആള്‍ക്കൂട്ട സാധ്യതയുള്ള സംഘംചേരലിന് മുന്‍കൂര്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതിവേണമെന്ന് നിര്‍ദ്ദേശിക്കുക.
- ചെറുതും വലുതുമായ ആള്‍ക്കൂട്ട സംഘചേരലില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ജനമൈത്രി പൊലീസിനെ വിനിയോഗിക്കുക.
- ‘കില' തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികല്‍ക്ക് കോവിഡ് നിയന്ത്രണ പരിശീലനം നല്‍കുക. വാര്‍ഡ് തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം പുതിയ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുക.
- തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പനുഭവങ്ങള്‍ കൃത്യമായി വിലയിരുത്തി അസംബ്ലി തെരഞ്ഞെടുപ്പില്‍ ഉചിതമായ പെരുമാറ്റ ചട്ടങ്ങള്‍ ആവിഷ്‌കരിക്കുക.
പൊതുസമൂഹം:
- വാക്‌സിന്‍ പൊതുസമൂഹത്തിലുള്ളവര്‍ക്ക് മുഴുവന്‍ എത്തിക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരും എന്നറിഞ്ഞിരിക്കുക.
- കോവിഡ് വിമുക്തര്‍ക്കും പിന്നീട് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം രോഗാതുരത ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. രോഗം വന്ന് ഭേദമാവുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല എന്നറിയുക.
- സംഘം ചേരലുകള്‍ അനിവാര്യമായ സാഹചര്യങ്ങളിലൊഴികെയുള്ളവ ഒഴിവാക്കുക.
- കോവിഡ് പെരുമാറ്റചട്ടങ്ങള്‍ എല്ലാ സാഹചര്യങ്ങളിലും കര്‍ശനമായി പാലിക്കുക.
സദാനന്ദൻ. കെ. എം.
28 Jan 2021, 10:56 PM
Valuble content. Thank യു sir .
ഡോ. മനോജ് വെള്ളനാട്
Mar 03, 2021
5 Minutes Read
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Poleson
30 Jan 2021, 08:10 AM
good report