വൻ ഭൂരിപക്ഷത്തിന് കോവിഡ് ജയിച്ചുകഴിഞ്ഞു; ഇനി ആഹ്ളാദ പ്രകടനങ്ങൾ വേണ്ടേ വേണ്ട

ലക്ഷക്കണക്കിന് ആളുകൾ മാസ്‌കുപേക്ഷിച്ച് ആവേശത്തോടെ നടത്തിയ ഓരോ തെരഞ്ഞെടുപ്പുറാലിയും കൊറോണ വൈറസുകളുടെ ജയം മുൻകൂട്ടി ഉറപ്പിച്ചു. വോട്ടെണ്ണിത്തുടങ്ങുന്നതിനുമുമ്പേ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവനുകളോരോന്നും വൈറസ് ജയത്തിന്റെ മൃഗീയഭൂരിപക്ഷം നരകവേഗത്തിൽ കൂട്ടിക്കൊണ്ടിരിക്കയാണ്. വോട്ടെണ്ണൽ ദിവസം ആഹ്ളാദ പ്രകടനങ്ങൾക്ക് തെരഞ്ഞെടുപ്പു കമീഷൻ ഏർപ്പെടുത്തിയ നിരോധന ഉത്തരവ് അണികൾ പാലിക്കണമെങ്കിൽ രാഷ്ട്രീയ നേതൃത്വം ജാഗ്രത പാലിക്കണം- എപ്പിഡെമിയോളജി വിദഗ്ധനും കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറുമായ ലേഖകൻ എഴുതുന്നു

Were you on another planet when political rallies being held?

‘‘തെരഞ്ഞെടുപ്പ് റാലികൾ നടത്തുമ്പോൾ നിങ്ങൾ ഈ ഗോളത്തിൽ തന്നെ ആയിരുന്നില്ലേ''? ഏപ്രിൽ 26ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ചിത് ബാനർജി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചതാണ്​. ഈ ദിവസം ഇന്ത്യയിൽ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിയുകയും മരണം മൂവായിരത്തിനടുത്ത് എത്തുകയും ചെയ്തിരുന്നു. തെരുവിൽ ആയിരങ്ങളെ നിരത്തി രാഷ്ട്രീയ കക്ഷികളെ റാലികൾ നടത്താൻ അനുവദിച്ച തെരഞ്ഞെടുപ്പ് കമീഷനാണ് ഇവിടെ കോവിഡിന്റെ രണ്ടാം വരവിനുള്ള ഏക ഉത്തരവാദി എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അമിത ആത്​മവിശ്വാസം വിനയായി

ജനാധിപത്യത്തിന്റെ ഉത്സവങ്ങളാണ് തെരഞ്ഞെടുപ്പുകൾ എന്ന്​ പറയാറുണ്ട് . എന്നാൽ പൗരന്മാർ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ മാത്രമേ അവർക്ക് ജനാധിപത്യത്തിന്റെ അവകാശങ്ങൾ അനുഭവിക്കാനാകൂ.
ഭരണത്തലപ്പത്തുള്ള അധികാരികളിൽ നിന്നും ഉന്നത സ്ഥാപനങ്ങളിലെ ശാസ്ത്രജന്മാരിൽ നിന്നും പുറത്തുവന്ന വിവരങ്ങളുടെ അടിസ്​ഥാനത്തിൽ, ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ ‘പീക്ക്’ സപ്തംബർ - ഒക്ടോബർ മാസങ്ങളിൽ കയറി ഇറങ്ങിക്കഴിഞ്ഞുവെന്നും ഇനിയൊരിക്കലും അത്ര വലിയ വ്യാപനം ഉണ്ടാകില്ലെന്നുമായിരുന്നു നിഗമനം. അതിനാൽ ജനങ്ങളിലേറെയും ഭരണകുടം നൽകിയ ശുഭാപ്തി വിശ്വാസത്തിന്റെ പുറത്ത് കോവിഡ് പ്രതിരോധത്തിൽ അയവുവരുത്തി റിലാക്‌സ് ചെയ്യുകയായിരുന്നു. പലയിടങ്ങളിലും ജനം മാസ്‌ക്കുപേക്ഷിച്ച് പൊതുഇടങ്ങളിൽ സഞ്ചരിച്ചു. ജനുവരിയിൽ വാക്‌സിൻ എത്തിയപ്പോൾ ഈ വിശ്വാസം കൂടുതലാകുകയും ഇനി വാക്‌സിൻ പോലും ആവശ്യമില്ലെന്ന നിർഭയ ധാരണയിൽ സൗജന്യമായി ലഭ്യമായ വാക്‌സിനുകൾ പോലും വേണ്ടെന്നുവെച്ച് ‘കൈവീശി നടക്കുകയും' ചെയ്തു.

ഈ ശുഭാപ്തി വിശ്വാസത്തിന്റെ തോടുപൊട്ടിച്ചാണ് ‘പണ്ടോരയുടെ പെട്ടി'യിൽ നിന്നെന്നപോലെ മാർച്ചോടെ ഇന്ത്യയിൽ കോവിഡ് പൂർവാധികം ശക്തി പ്രാപിച്ചത്. മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഭിന്നമായി ഇന്ത്യയിലെ വ്യാപനം ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ മുഴുവൻ ശാസ്ത്രജ്ഞരെയും അത്ഭുതപ്പെടുത്തുന്നതായി നേച്ചർ സയൻസ് മാഗസിൻ അഭിപ്രായപ്പെടുന്നു. (നേച്ചർ ഏപ്രിൽ 21 ).

ശാസ്​ത്രജ്ഞരെ അമ്പരപ്പിക്കുന്ന രണ്ടാം തരംഗം

ഇപ്പോൾ ഇന്ത്യയിലെ പ്രതിദിന വ്യാപന നിരക്ക് ലോകത്തിലെ തന്നെ ഇതുവരെയുണ്ടായിട്ടുള്ളതിലും ഏറ്റവും കൂടുതലാണ്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെക്കുറിച്ചും ജനങ്ങളിലെ പ്രതിരോധത്തെക്കുറിച്ചും അറിയാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമ- നഗരങ്ങളിൽ ജനങ്ങളുടെ രക്തസാമ്പിളുകൾ (ആൻറിബോഡി) പരിശോധിച്ചപ്പോൾ അവരിൽ അഞ്ചിലെന്നുപേർക്കും കോവിഡ് അണുബാധ അവർ അറിഞ്ഞോ അറിയാതെയാ വന്ന് പോയതായി കണ്ടു, ഇതിന് തെളിവായി ആൻറിബോഡികളുടെ സാന്നിധ്യവും കണ്ടെത്തി.

ഡൽഹിയിലെ ആർ.എം.എൽ. ഹോസ്പിറ്റലിനു മുന്നിലിരുന്ന് കരയുന്ന കോവിഡ് രോഗികളുടെ ബന്ധുക്കൾ / Photo : Hemant Rajaura. twitte

ഇതുപ്രകാരം ഇന്ത്യയിലെ 140 കോടി ജനങ്ങളിൽ 27 കോടിയിലേറെ പേർക്ക് കോവിഡിനെതിരെ പ്രതിരോധം ലഭിച്ചിട്ടുണ്ടാകണമെന്നാണ് നിഗമനം. ഡൽഹി, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ 50% ത്തോളം പേർക്ക് ഇങ്ങനെ പ്രതിരോധം കണ്ടിരുന്നു. ‘ഹേർഡ് ഇമ്യൂണിറ്റി' സിദ്ധാന്തപ്രകാരം ഇതർത്ഥമാക്കുന്നത് ഇനി ഈ രോഗാണുവിന് ഈ ആളുകളിൽ വലിയ വ്യാപനം ഉണ്ടാക്കാനാവില്ല എന്നാണ്. ഈ നിഗമനങ്ങൾ തെറ്റിച്ച് രണ്ടാം തരംഗം വന്നതാണ് ശാസ്ത്രജ്ഞരെ അതിശയിപ്പിക്കുന്നത്.

അപകടകരം, ഈ ജനിതക വ്യതിയാനം

കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഒന്നാം തരംഗം കേന്ദ്രീകരിച്ചത് വലിയ നഗരങ്ങളെയായിരുന്നുവെങ്കിൽ രണ്ടാം തരംഗത്തിൽ വിദൂര ഗ്രാമങ്ങളെയും ബാധിക്കുന്നുണ്ട്. മുമ്പ് ബാധിച്ച നഗരങ്ങളിൽ ഇതുവരെ രോഗ പ്രതിരോധം ലഭിക്കാത്തവരെയും മുൻ വ്യാപന കാലത്ത് സ്വയം വിട്ടുനിന്നവരേയും - ഐസോലേറ്റ് ചെയ്യപ്പെട്ടവരെയും - ആയിരിക്കാം ഇപ്പോൾ വൈറസ് ബാധിക്കുന്നത് എന്നും നേച്ചർ പ്രസിദ്ധീകരിച്ച ലേഖനം സംശയിക്കുന്നു. കഴിഞ്ഞവർഷം ബ്രസീൽ തലസ്ഥാനമായ മനാസ് നഗരത്തിലുണ്ടായ വൻ വ്യാപനം പോലെ ഇന്ത്യയിലും ആളുകൾ വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ധാരാളം എത്തുന്ന വൻനഗരങ്ങളിൽ നിന്നാണ് പുതിയ ‘എപി' സെന്ററുകൾ ഉണ്ടായി രോഗം സൂപ്പർ സ്‌പ്രൈഡർമാർ വഴി ഇവിടെയും പരക്കുന്നത്.

നേച്ചർ ലേഖനത്തിൽ ഇന്ത്യയിലെ രണ്ടാം തിരമാലയുടെ പ്രധാന കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. വൈറസുകളിലുണ്ടായ ആശങ്കപ്പെടേണ്ട ചില ജനിതക വ്യതിയാനങ്ങളുടെ ഇന്ത്യയിലെ വ്യാപനമാണ് ഇതിൽ പ്രധാനം. ഇവയിൽ തന്നെ യു.കെ വേരിയൻറ്​ ബി. 1.1.7 ദൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും 50% ത്തോളമോ അധികമോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാപനശേഷി കൂടിയ ഈ വൈറസ് വീട്ടിൽ ഒരാളെ ബാധിച്ചാൽ മുഴുവൻ പേരേയും ബാധിക്കുന്നതായും കണ്ടിട്ടുണ്ട്. ഇതിനോടൊപ്പം ആഫ്രിക്കൻ വേരിയന്റും ബ്രസീൽ വേരിയന്റും ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ പടരുകയാണ്. കൂടാതെ, ഇന്ത്യയിൽ തന്നെ ബി. 1.617 എന്ന ഡബിൾ മ്യൂട്ടേഷൻ സംഭവിച്ച വൈറസ് ഇവിടെ നിന്ന് ഇരുപതിലധികം രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞു. എളുപ്പം വ്യാപകമായി പകരാനുള്ള കഴിവിനുപുറമേ ശരീര പ്രതിരോധത്തിൽ നിന്ന് രക്ഷപ്പെടാനും ഈ വൈറസുകൾക്കാവും. കേരളത്തിൽ പോലും ഇവയുടെ വ്യാപനം (7% ) എത്തിയതായി ഏപ്രിൽ 26ന് റിപ്പാർട്ടുണ്ട്. ശരീരത്തിലെ പ്രതിരോധത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കഴിവുള്ളതിനാൽ ഒരിക്കൽ രോഗം വന്നവരെ വീണ്ടും ബാധിക്കാനും സാധ്യതയുണ്ട്.

വൈറസ്​ വ്യാപനത്തിന്റെ രണ്ടാമത്തെ കാരണം, ജനങ്ങൾ തമ്മിലുള്ള ഇടപഴകൽ, ആഘോഷങ്ങൾ, യാത്രകൾ എന്നിവ യാതൊരു മുൻ കരുതലുമില്ലാതെ കഴിഞ്ഞ മാസങ്ങളിൽ കൂടിയിരുന്നു എന്നതാണ്. അധികാരികളുടെ അയഞ്ഞ സമീപനത്തെ തുടർന്ന് നിയന്ത്രണം ഒഴിവാക്കിയതും, ജനങ്ങൾ അവയൊക്കെ അവഗണിച്ചതും വേരിയൻറ്​ വൈറസുകൾക്ക് കടന്നുവരാൻ വാതിൽ മലർക്കെ തുറന്നിട്ടു.

വാക്​സിൻ വിതരണത്തിലെ പോരായ്​മ

രോഗം തീവ്രമാകാനുള്ള മൂന്നാമത്തെ കാരണം; വാക്‌സിനുകളിൽ രണ്ടെണ്ണത്തിന്റെ ഉൽപാദകരായിട്ടും ഉത്പാദനം കൂട്ടി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടത്ര ശ്രമമുണ്ടായില്ല എന്നതാണ്​. ജനവരി 16 തൊട്ട് ആരോഗ്യ പ്രവർത്തകർ, മുൻനിര ജോലിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് സർക്കാർ സൗജന്യമായി നൽകുന്ന വാക്‌സിൻ വിതരണം വിശ്വാസക്കുറവുമൂലമോ, ആവശ്യമില്ലെന്ന ധാരണ മൂലമോ വലിയ ‘അപ് ടെയ്ക്ക് ഉണ്ടാക്കിയില്ല. (ഇപ്പോൾ രണ്ടാം തരംഗത്തിൽ ക്ഷാമമുണ്ടായപ്പോൾ വാക്‌സിൻ കേന്ദ്രങ്ങളിൽ ആളുകൾ ഇരച്ചുകയറുകയാണ്).

ആളുകളുടെ / ആൾക്കൂട്ടങ്ങളുടെ യാത്രകളും ഇടകലരുകളും വൈറസുകളുടെ ജനിതക സീക്വൻസ് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് നിയന്ത്രണം എടുക്കുന്നതിൽ കാണിച്ച വൈമുഖ്യവും ഇന്ത്യയിൽ രണ്ടാം തരംഗത്തിന്റെ ശക്തിയും വേഗതയും കൂട്ടിയതായാണ് നേച്ചറിലെ ലേഖനം ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെ രണ്ടാം വ്യാപനം നിയന്ത്രിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ രൂപികരിച്ച ‘ലാൻസറ്റ് കമീഷൻ' ഇന്ത്യയിലുണ്ടാക്കുന്ന കേസുകളുടെ മിനിമം 5% മെങ്കിലും തുടർച്ചയായി ജനിതക സീക്വൻസ് നടത്തി വൈറസിന്റെ സ്‌ട്രെയിനുകളെ കണ്ടെത്തി വിശകലനം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുത്തിയ വിന

ഇനി മുതൽ ജനിതക വ്യതിയാനമുള്ള വൈറസുകൾ കടന്നുവരുന്നത് തടയാൻ അന്തർ സംസ്ഥാന യാത്രകൾക്കുള്ള നിയന്ത്രണങ്ങൾക്കുപകരം അന്താരാഷ്ട്ര യാത്രകളാണ് വേണ്ടതെന്നും അവർ ശുപാർശ ചെയ്തിരുന്നു.
ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗാർഡിയൻ മാഗസിന്റെ ഏപ്രിൽ 23 ലക്കത്തിന്റെ എഡിറ്റോറിയൽ തലക്കെട്ട് ‘ഇന്ത്യയിലെ നിയന്ത്രണം വിട്ട പാൻഡമിക് ' എന്നാണ്. മാർച്ചിൽ ഇന്ത്യൻ പ്രധാനമന്ത്രി ‘രാജ്യം കോവിഡ് പാൻഡമിക്കിന്റെ അവസാന ഗെയിം പൂർത്തിയാക്കി ലോകത്തിന് മാതൃകയായി' എന്ന് അമിത ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച് അടുത്ത മാസമായപ്പോൾ നരകാവസ്ഥയിൽ ആളുകൾ മരിച്ചുതുടങ്ങുന്നതിനെപ്പറ്റിയാണ് എഡിറ്റോറിയൽ. മാർച്ചിൽ, വെറും ആറ് ആഴ്ചകൾക്കുമുമ്പ് ജനങ്ങളിലെ ഒരു ശതമാനത്തിനുപോലും വാക്‌സിൻ നൽകുന്നതിനുമുമ്പേ ‘രാജ്യം പ്രീ- പാൻഡമിക്ക് അവസ്ഥ ( കോവിഡിന് മുമ്പുള്ള സാധാരണ നില) യിലേക്ക് പോകുകയാണെന്നും പ്രധാനമന്ത്രി ആവേശപൂർവം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്താകെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞിരിക്കുന്നു, കിടക്കാൻ ഇടമില്ലാതായിരിക്കുന്നു. ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിക്കുന്നു. മോർച്ചറികൾ അഴുകി മണക്കുന്നു. രണ്ടാം തരംഗത്തിന് കാരണം ഇന്ത്യയിൽ തന്നെ രൂപം കൊണ്ട ശരീരപ്രതിരോധത്തെ മറികടക്കുന്ന വൈറസിന്റെ ‘ഡബിൾ മ്യൂട്ടേഷൻ' ആണന്ന് തിരിച്ചറിഞ്ഞതോടെ പല ലോകരാജ്യങ്ങളും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്കും യാത്രകൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

രാജ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും കുംഭമേളകളിലും തിങ്ങിക്കൂടിയ ആയിരങ്ങൾ വഴിയായിരിക്കണം കോവിഡ് പടർന്നത് എന്നും ഗാർഡിയൻ ചൂണ്ടിക്കാട്ടുന്നു. പോരാതെ, അഞ്ച് സംസ്ഥാനങ്ങളിൽ ഒരു നിയന്ത്രണവുമില്ലാതെ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും കോവിഡ് വ്യാപനത്തിന് തീ കൊളുത്തി. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ആയിരക്കണക്കിന് തെരഞ്ഞെടുപ്പ് റാലികളെ മാസ്‌ക് പോലുമിടാതെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയടക്കമുള്ള ദേശീയ രാഷ്ട്രീയനേതാക്കൾക്ക് ‘അമിത ആത്മവിശ്വാസത്തി'ന്റെ രോഗമായിരുന്നുവെന്നാണ് ഗാർഡിയൻ ആരോപിക്കുന്നത്. വിദഗ്ധരുടെ ഉപദേശങ്ങൾ തള്ളിക്കളഞ്ഞും കേന്ദ്രനേതൃത്വം സംസ്ഥാനങ്ങളെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നതും ഇതിൽ ചൂണ്ടിക്കാട്ടുന്നു. മരണങ്ങൾ, അടുത്ത ബന്ധുക്കളെ മാത്രമല്ല സർക്കാരുകളേയും പിടിച്ചുകുലുക്കുന്നതായും ഇന്ത്യയിലാകെ വൈറസും പരിഭ്രാന്തിയും കൈകോർത്ത് പരക്കുകയാണെന്നും എഡിറ്റോറിയൽ അഭിപ്രായപ്പെടുന്നു.

വാക്​സിൻ വില മറ്റൊരു പ്രതിസന്ധി

ഇതിനിടെ, രാജ്യത്താകെ വാക്‌സിനുകളുടെ ആവശ്യത്തിനനുസരിച്ച് ലഭ്യമാക്കാനാകാത്ത പ്രതിസന്ധിയുമുണ്ട്. ഈ വർഷം കേന്ദ്ര ബഡ്ജറ്റിൽ മുൻഗണനാ ഗ്രൂപ്പിലെ 30 കോടി ആളുകൾക്ക് വാക്‌സിൻ നൽകാൻ 35,000 കോടി രൂപ മാറ്റിവെച്ചിട്ടും ഇതുവരെ രണ്ട് ശതമാനം പേർക്ക് മാത്രമേ പൂർണമായും വാക്‌സിൻ ലഭിച്ചിട്ടുള്ളു. ഈ അവസരത്തിലാണ് വാക്‌സിനുകളുടെ വില നിശ്ചയിക്കാനുള്ള അധികാരം സർക്കാർ, കമ്പനികൾക്ക് നൽകുന്നത്. വാക്‌സിൻ കമ്പനികൾ വിലവർദ്ധിപ്പിച്ചതും സാധാരണക്കാർക്ക് വാക്‌സിൻ ലഭ്യമാകുന്നതിന് തടസ്സമായിരിക്കയാണ്.

കോവിഡ് 19 വാക്സിൻ സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡ് സാഹചര്യത്തിൽ, ഓക്‌സിജന്റെ ആവശ്യം നാലിരട്ടി വേണ്ടിവരുമെന്നുകണ്ട് കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ഓക്‌സിജൻ പ്ലാന്റുകളുടെ എണ്ണവും ഉത്പാദനശേഷിയും കൂട്ടാൻ 200 കോടിയിലധികം രൂപ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടും, ആ നിർദ്ദേശങ്ങൾ നടപ്പിലായില്ലെന്ന് ഇപ്പോൾ പ്രാണവായുവിന് മനുഷ്യർ പായുമ്പോഴാണ് തിരിച്ചറിയുന്നത്. ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങളും പലയിടത്തും പാലിക്കപ്പെട്ടിട്ടില്ല. പല സംസ്ഥനങ്ങളിലും രോഗികൾക്ക് കിടക്ക പോലും ലഭ്യമല്ല.

മെയ്​ രണ്ടിന്​ അതീവ ജാഗ്രത വേണം

ഇനി എന്തൊക്കെ കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്? ടെസ്റ്റിംഗ് സെന്ററുകളും വാക്‌സിൻ സെന്ററുകളും കൂടുതൽ വേണം. ആളുകൾ തിങ്ങിക്കൂടി രോഗം വ്യാപിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമുള്ള രോഗികളെ മാത്രമേ ആശുപത്രികളിൽ പ്രവേശിപ്പിക്കാവൂ. ചെറിയ രോഗലക്ഷണമുള്ളവർ വീട്ടിൽ തന്നെ കഴിയണം.

ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്റെ വാക്കുകൾ കടമെടുത്താൽ; ‘തയ്യാറെടുപ്പിൽ പരാജയപ്പെടുക എന്നാൽ പരാജയത്തിന് തയ്യാറെടുക്കുക’ എന്നാണർഥം. അതു സംഭവിച്ചുകഴിഞ്ഞു. മഹാമാരിയുടെ ഈ തെരഞ്ഞെടുപ്പിൽ നമ്മൾ പരാജയത്തിന് തയ്യാറെടുക്കുകയായിരുന്നു. മറന്നുപോയതോ അഴിച്ചുവിട്ടതോ ആയ കോവിഡ് മുൻകരുതലുകൾക്കും വഴിവിട്ട ആൾക്കൂട്ട തെരഞ്ഞെടുപ്പു പ്രചാരണ കോലാഹലങ്ങൾക്കും നമ്മൾ ജീവന്റെ വിലയാണ്​ നൽകുന്നതെന്ന് ഓർമ വേണം. None of us is safe untill every one is safe. അതിനാൽ പരസ്പരം പഴിചാരലുകൾക്ക് അവധി നൽകി അന്യോന്യം സഹകരിച്ചുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. കോവിഡിന്റെ വ്യാപന സ്വഭാവമറിഞ്ഞ് എല്ലാ സംസ്ഥാനങ്ങളും ചേർന്നുള്ള നിയന്ത്രണങ്ങളാണ് ഇന്ത്യക്കുവേണ്ടത്.

ലക്ഷക്കണക്കിന് ആളുകൾ മാസ്‌കുപേക്ഷിച്ച് ആവേശത്തോടെ നടത്തിയ ഓരോ തെരഞ്ഞെടുപ്പുറാലിയും കൊറോണ വൈറസുകളുടെ ജയം മുൻകൂട്ടി ഉറപ്പിച്ചു. വോട്ടെണ്ണിത്തുടങ്ങുന്നതിനുമുമ്പേ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവനുകളോരോന്നും വൈറസ് ജയത്തിന്റെ മൃഗീയഭൂരിപക്ഷം നരകവേഗത്തിൽ കൂട്ടിക്കൊണ്ടിരിക്കയാണ്. അതിനാൽ വോട്ടെണ്ണൽ ദിവസം ആളുകൾ കൂടുന്ന ആഹ്‌ളാദ പ്രകടനങ്ങൾ തീർത്തും ഉണ്ടാകില്ലെന്ന് ഇന്നുതന്നെ രാഷ്ട്രീയ കക്ഷികൾ തീരുമാനിക്കണം.
വോട്ടെണ്ണുന്ന മെയ് രണ്ടിന് ആഹ്ലാദ പ്രകടനങ്ങൾക്ക് തെരഞ്ഞെടുപ്പു കമീഷൻ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവുകൾക്കപ്പുറം അണികൾ ഇത് പാലിക്കണമെങ്കിൽ രാഷ്ട്രീയ നേതൃത്വവും ജാഗ്രത പാലിക്കണം.


Comments