കോവിഡാനന്തരം പിടിവിടുന്ന മനസ്സ്:
നമ്മുടെ കുട്ടികളിൽ
നിരന്തര ശ്രദ്ധ വേണം
കോവിഡാനന്തരം പിടിവിടുന്ന മനസ്സ്: നമ്മുടെ കുട്ടികളിൽ നിരന്തര ശ്രദ്ധ വേണം
കോവിഡ് ലോകത്തെല്ലായിടത്തും മാനസികരോഗങ്ങളുടെ തോത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കോവിഡിന്റെ ആദ്യവര്‍ഷത്തില്‍ കേരളത്തില്‍ ആത്മഹത്യ വര്‍ദ്ധിച്ചതായി കണ്ടില്ലെങ്കിലും രണ്ടാമത്തെ വര്‍ഷം ഇത് വര്‍ദ്ധിച്ചതായി കണ്ടു. വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയില്‍ ഉത്കണ്ഠപ്പെട്ട് സുഹൃത്തുക്കളായ അദ്ധ്യാപികമാര്‍ പലരും വിളിച്ചിരുന്നു. മക്കള്‍ ഫോണില്‍ ആസക്തരായി വഴിതെറ്റി പോകുന്നതായി അമ്മമാര്‍ കോവിഡിനുമുന്‍പും ശേഷം കൂടുതലായും പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു. ട്രൂ കോപ്പി വെബ്സീനിൽ ഡോ. എ.കെ. ജയശ്രീ എഴുതുന്നു.
1 Aug 2022, 01:39 PM
ഇപ്പോള്‍ നമ്മുടെ കുട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡാനന്തര മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ. എ.കെ. ജയശ്രീ. കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ കൂടുതല്‍ കരുതലെടുക്കണം. രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എന്നിവര്‍ക്കൊക്കെ ഇത് ചെയ്യാന്‍ സാധിക്കും. വ്യക്തിപരമായ തലത്തിലും സാമൂഹ്യതലത്തിലും കരുതല്‍ ആവശ്യമാണ്. ഇതിനുള്ള കാരണങ്ങളും, കോവിഡ് വൈറസ് പോലെ ശരീരബദ്ധമായതോ പ്രതിരോധത്തിനായി നടത്തിയ സാമൂഹ്യഅകലം പോലെ ശരീരബാഹ്യമോ ആയിരിക്കാം. രണ്ടായാലും ലക്ഷണങ്ങള്‍ ഒരുപോലെ ആയിരിക്കും- ട്രൂ കോപ്പി വെബ്സീനിൽ അവർ എഴുതുന്നു.
‘‘വ്യക്തിപരമായ തലത്തില്‍ കുട്ടികളിലുണ്ടാവുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കാം. എപ്പോഴും അവരുടെ പിറകെ നടക്കുന്നത് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കും. എന്നാല്‍, അവരറിയാതെ തന്നെ അവരുടെ മേല്‍ നിരന്തരമായ ശ്രദ്ധ ഉണ്ടാവണം. ഉദാഹരണത്തിന്, സ്മാര്‍ട്ട് ഫോണുകള്‍ അവര്‍ എന്തിനൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാം. അവരോടൊപ്പം ചേര്‍ന്ന് കുറച്ചുസമയം അതുപയോഗിക്കാം. അവിടെയും അഭിപ്രായങ്ങളൊക്കെ പങ്കുവെക്കാനുള്ള അവസരം ഉണ്ടാക്കാവുന്നതാണ്. സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ അറിയാന്‍ കഴിയണം. ഭക്ഷണത്തില്‍ വൈമുഖ്യം, ഉറക്കക്കുറവ്, അശ്രദ്ധമായ വസ്ത്രധാരണം, വിഷാദഭാവം, സുഹൃത്തുക്കളില്‍ നിന്നും കൂട്ടായ്മകളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നതെല്ലാം കടുത്ത വിഷാദത്തിന്റെ സൂചനകളാണ്. പഠിത്തത്തില്‍ പിന്നോട്ടാവുകയും ഒന്നിലും ഉത്സാഹമില്ലാതിരിക്കുകയും ആവാം. ചിലര്‍ വയറു വേദന, തല വേദന, ക്ഷീണം തുടങ്ങി ശാരീരിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കും.’’
ആത്മഹത്യക്ക് ഉപകരിച്ചേക്കാവുന്ന വസ്തുക്കള്‍, ഗുളികകള്‍, വിഷവസ്തുക്കള്‍ തുടങ്ങിയവ കരുതിവക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്.
‘എന്നെ ആരും സ്‌നേഹിക്കാനില്ല', ‘ഞാനിനി നിങ്ങള്‍ക്കൊരു ഭാരമാവില്ല,' തുടങ്ങിയ വാക്കുകള്‍ കൊണ്ട് ചിലപ്പോള്‍ കുട്ടികള്‍ അവരുടെ അവസ്ഥയുടെ സൂചനകള്‍ നല്‍കിയേക്കും. മരണത്തെ കുറിച്ച് ഇടക്കിടെ സംസാരിക്കുന്നുണ്ടാവും. ഏറെ ഇഷ്ടപ്പെടുന്ന വസ്തുക്കള്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കിയേക്കും.
സംശയമുണ്ടെങ്കില്‍ ആത്മഹത്യയെ കുറിച്ച് മിണ്ടാതിരിക്കുന്നതിനേക്കാള്‍ തുറന്ന് ചോദിക്കുന്നതായിരിക്കും നല്ലത്. നിനക്ക് മനസ്സിന് വല്ലാത്ത വിഷമം ഉണ്ടോയെന്നും മരിക്കാന്‍ തോന്നുന്നോ എന്നും ചോദിക്കുന്നതില്‍ തെറ്റില്ല. ആരെങ്കിലും കരുതലിനുണ്ടെന്ന വിചാരമാണ് അവര്‍ക്ക് അപ്പോഴുണ്ടാവുക. അത് വഴി അവര്‍ക്ക് മനസ്സ് തുറക്കാന്‍ അവസരം കിട്ടുകയും ചെയ്യും. ഇത് പോലെയുള്ള അവസ്ഥകള്‍ ശ്രദ്ധയോടെ തിരിച്ചറിയുകയും, തിരിച്ചറിഞ്ഞാലുടന്‍ തന്നെ അവരെ വിദഗ്ധരുടെ അടുത്ത് എത്തിക്കുകയും വേണം.
പൊതുവെ, മരുന്ന് കഴിക്കുന്നത്, പ്രത്യേകിച്ച് മോഡേണ്‍ മെഡിസിന്‍ മരുന്ന് കഴിക്കുന്നത് അപകടമാണെന്ന ഒരു ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. വേണ്ട സമയത്ത് ചികിത്സ തേടാതിരിക്കുന്നതിന് ഇതൊരു പ്രധാന കാരണമാണ്. പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്ന പലരും അന്വേഷിക്കുന്നത് മരുന്ന് നല്‍കാത്ത സൈക്കോളജിസ്റ്റിനെയാണ്. സൈക്കോ തെറാപ്പി ഉപകാരപ്രദമാണ്. എന്നാല്‍, മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ (dopamine) സിറോട്ടോണിന്‍ (serotonin) തുടങ്ങിയ രാസവസ്തുക്കളിലും ന്യൂറോണുകളുടെ പ്രവര്‍ത്തനമാതൃകകളിലും വരുന്ന മാറ്റങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്ന, പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. മസ്തിഷ്‌കത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്നത് ദോഷകരമായതുകൊണ്ട് അവ മരുന്നുകളുപയോഗിച്ച് പെട്ടെന്നു തന്നെ പൂര്‍വ്വസ്ഥിതിയിലെത്തിക്കുന്നത് നന്നായിരിക്കും. എല്ലാവര്‍ക്കും ഇത് ഉടന്‍ ആവശ്യമുണ്ടാകണമെന്നില്ല. രോഗാവസ്ഥയുടെ കാഠിന്യമനുസരിച്ചാവണം ചികിത്സ നിര്‍ണ്ണയിക്കേണ്ടത്. അതിന് കൃത്യമായ രോഗനിര്‍ണ്ണയം ആവശ്യമാണ്. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ സയന്റിസ്റ്റ് എന്നിവരടങ്ങുന്ന ഒരു ടീം ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. എല്ലാവരും ഒരേ ആശയങ്ങള്‍ പങ്ക് വയ്ക്കുന്ന പരിശീലനത്തിലൂടെ കടന്നുപോവുകയും വേണം. ടീമംഗങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് ഓരോരുത്തരുടെ കാര്യത്തിലും രോഗനിര്‍ണ്ണയത്തിലും ചികിത്സരീതിയിലും എത്തുകയാണെങ്കില്‍, ആദ്യം ആര് കണ്ടാലും കുഴപ്പമില്ല. ചികിത്സകര്‍ പരസ്പര ധാരണയില്‍ എത്തണമെന്നേയുള്ളൂ.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദീര്‍ഘകാലം അടച്ചിട്ടത് വിദ്യാര്‍ത്ഥികളുടെ സാമൂഹ്യവല്‍ക്കരണം അസാധ്യമാക്കി. ഈ സാമൂഹ്യവല്‍ക്കരണ പ്രക്രിയ ബോധപൂര്‍വ്വമായല്ലെങ്കിലും വിദ്യാഭ്യാസത്തിന്റെ ഒരു ഉദ്ദേശിക്കാത്ത ഫലം (unintended consequence) പോലെ ഏറെക്കുറെ നടന്നു വന്നിരുന്നു. പഠിക്കാനും പരീക്ഷ എഴുതാനും മാത്രമല്ല സ്‌കൂളുകളും കോളേജുകളും ഉപകരിച്ചിരുന്നത്. ചെറുപ്പക്കാര്‍ക്ക് ഒരുമിച്ച് ചേരാനും അണിഞ്ഞൊരുങ്ങാനും ആഘോഷിക്കാനും മറ്റുള്ളവരുടെ അംഗീകാരം നേടിയെടുക്കാനുമൊക്കെയുള്ള ഇടങ്ങളായിരുന്നു അവ. ഇതൊക്കെ കൂടുതല്‍ പേര്‍ക്കും ഉന്മേഷവും ഉത്സാഹവും നല്‍കി, അവരുടെ വളര്‍ച്ചക്ക് സഹായകമായി. എന്നാല്‍, പല കാരണങ്ങളാല്‍ ഈ കൂട്ടത്തില്‍ പിന്തള്ളപ്പെട്ടു പോകുന്നവരും ഉണ്ടായിരിക്കും. അവര്‍ക്ക് നിരാശയും വിഷാദവും ഉണ്ടാകാം. കോവിഡ് മൂലമുണ്ടായ അടച്ചിടലും ഒറ്റപ്പെടലും കൂടുതല്‍ പേരെ ഈ വിഭാഗത്തിലേക്ക് തള്ളിയിട്ടു.
ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, പലര്‍ക്കും അത് പിന്തുടരാന്‍ കഴിഞ്ഞില്ല. സാങ്കേതികതയുടെ ലഭ്യതക്കുറവോ താല്പര്യമില്ലായ്മയോ ഒക്കെ പലരേയും ബാധിച്ചു. വിദ്യാഭ്യാസം വിജ്ഞാനത്തിന്റെ ശേഖരണം മാത്രമല്ല എന്നത് ഈ അവസ്ഥ കാണിച്ചു തരുന്നുണ്ട്. ചിലര്‍ പരീക്ഷകളില്‍ വിജയിച്ചു എങ്കിലും വിഷാദത്തിലേക്ക് വഴുതി വീണു. മത്സര പരീക്ഷകളില്‍ വിജയിക്കുമോ എന്ന ഭീതി കൊണ്ടും ചിലര്‍ക്ക് സമ്മര്‍ദ്ദമുണ്ടായി. മത്സരത്തിലേക്കുമാത്രം വിദ്യാഭ്യാസത്തെ ചുരുക്കാനാവില്ല. സ്‌കൂളിലും കോളേജിലും പോകുമ്പോള്‍ ബോണസായി ലഭിച്ചിരുന്ന കൂട്ടുചേരലിന്റെ ഊഷ്മളത നഷ്ടപ്പെട്ടത് പ്രശ്‌നമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്പര്‍ശവും ചിരിയും കളിയും കൂട്ടുജീവിതവും നഷ്ടപ്പെട്ടു. ഇവയൊന്നും നമ്മള്‍ വിലമതിച്ചിരുന്നില്ല എങ്കിലും, നഷ്ടപ്പെട്ടപ്പോള്‍ അവയുടെ ആവശ്യകത കൂടുതല്‍ വ്യക്തമാവുകയാണ്. യുവാക്കള്‍, ഓരോരുത്തര്‍ക്കും വളരാന്‍ ഊര്‍ജ്ജം പകരുന്ന സൗഹൃദങ്ങളുടെ ഇടം കണ്ടെത്തുന്നതും കലാശാലകളിലാണ്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുവേണ്ടി എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കാന്‍ രക്ഷിതാക്കള്‍ നിര്‍ബ്ബന്ധിതരായി. നേരത്തേ അതിനെതിരായിരുന്നവര്‍ക്ക് പോലും, പഠനത്തിനായി അത് ചെയ്യേണ്ടി വന്നു. ചിലര്‍ക്ക് ഗെയിമുകളും സിനിമകളും പോണ്‍ ചിത്രങ്ങളും കാണുന്നത് നിര്‍ത്താനാവാതെ വന്നു. നേരിട്ടുള്ള ബന്ധങ്ങളേക്കാള്‍ താല്‍പ്പര്യം പ്രതീതി ലോകത്തിലായി. കുറച്ചു പേര്‍ക്കെങ്കിലും ഇത് ‘ഒബ്‌സെഷ’നായി (പിന്മാറാന്‍ പറ്റാതെ എപ്പോഴും അതില്‍ തുടരുന്ന അവസ്ഥ) മാറുകയും അവര്‍ക്ക് മറ്റു താല്‍പ്പര്യങ്ങളും അതോടെ സാമൂഹ്യജീവിതവും നഷ്ടമാവുകയും ചെയ്തു. കോവിഡാനന്തര കാലത്ത് നമ്മുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് ഡോ. എ.കെ. ജയശ്രീ എഴുതുന്നു.
Think
Mar 22, 2023
4 Minutes Read
ഡോ: എ.കെ.ജയശ്രീ
Mar 18, 2023
25 Minutes Listening
Truecopy Webzine
Mar 13, 2023
2 minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
Truecopy Webzine
Mar 08, 2023
3 Minutes Read