സമൂഹവ്യാപനം: അശാസ്​ത്രീയ ഭീതി എന്തിന്​?

സാമൂഹിക വ്യാപനം സംഭവിച്ചില്ലെങ്കിൽ വലിയ മികവാണെന്നും അത് ഉണ്ടെന്ന് പുറത്തറിഞ്ഞാൽ ഇതുവരെ നിരന്തരശ്രമം വഴി പടുത്തുയർത്തിയ നേട്ടങ്ങൾക്കൊക്കെ കരിനിഴലാവും എന്നുമൊക്കെയുള്ള മിഥ്യാബോധങ്ങൾ കുടഞ്ഞെറിയാൻ സമയം വളരെ വൈകി

തിരിച്ചറിവിന്റെ കണ്ണുതുറക്കാൻ മറക്കുന്ന മനുഷ്യരാശിക്ക് പ്രകൃതി ചെയ്യുന്ന വേദനാജനകമായ നേത്ര ശസ്ത്രക്രിയയാണ് കോവിഡ്*. പ്രപഞ്ചശക്തികൾ (ആത്മീയാർത്ഥത്തിലല്ല) എന്തൊക്കെയോ വലിയ പാഠങ്ങൾ പഠിപ്പിക്കുവാൻ തുനിയുകയാണ്. എല്ലാമറിയുന്നു എന്ന താൻപോരിമയുടെ കൊട്ടാരം വെറും മണൽക്കൊട്ടാരം പോലുമായിരുന്നില്ലെന്ന് പ്രകൃതി കടുംനിറങ്ങളിൽ തന്നെ നിർദ്ദാക്ഷിണ്യം എഴുതിവെച്ചു. തന്നോളം ആവില്ല മറ്റൊന്നും എന്ന ഗോലിയാത്തൻ അഹങ്കാരത്തിനുനേരെ ഒരു കുഞ്ഞൻ വൈറസ്, അതിലും ചെറിയ ജീവൻ പ്രപഞ്ചം സങ്കൽപ്പിക്കുന്നില്ല, ഒരു ദാവീദിയൻ മന്ദഹാസമേ ഉതിർത്തുള്ളൂ, കൊണ്ടാടപ്പെട്ട ലോകക്രമവും വമ്പൻ ആയുധശക്തികളും കീഴ്‌മേൽ മറിഞ്ഞുപോയി. തന്റെ ഐഡന്റിറ്റിയായ മുഖം പോലും മറച്ച്, ഭീതിയിൽ വിറച്ച്, കൂട്ടംതെറ്റി, ഓരോ അടിയിലും ഭയന്ന് അവൻ ജീവിക്കുന്ന പാതി ജീവിതം, ഒരു നൂറ്റാണ്ടിനിപ്പുറത്ത് മനുഷ്യൻ പരിഷ്‌കൃതനായതിനുശേഷം, ദുരന്തത്തിന്റെ പൂർണിമയായി.

മനോരോഗവും വരട്ടുചൊറിയും പോലും

വ്യത്യസ്തമായ മറ്റൊരു ഭാഷയാക്കി മാറ്റിയ ഒരു സൂഫി, വരാൻ പോവുന്ന ദുരന്തങ്ങളിൽ നിന്ന് എങ്ങിനെ സ്വയം ‘റഡീം’ ചെയ്യാമെന്ന് മലയാളിയെ ഓർമിപ്പിച്ചിരുന്നു. തലക്കെട്ടിൽ പോലും തെല്ലും അർത്ഥശങ്കയില്ലാതെ അദ്ദേഹം അതിന്റെ മാനിഫെസ്റ്റോ പോലും പ്രസിദ്ധീകരിച്ചു. ഒരു കുഞ്ഞുപുസ്തകം. "ഭൂമിയുടെ അവകാശികൾ' എന്നായിരുന്നു അതിന്റെ പേര്. സാധാരണ പോലെ മലയാളികൾ അത് വായിക്കുകയും സ്വാഭാവികമായ സിനിസിസത്തോടെ അതിന്റെ ഉൾക്കാമ്പിനെ അകറ്റി നിർത്തുകയും ചെയ്തു.

ലോകത്തെമ്പാടും മിക്കവാറും കമ്യൂണിറ്ററി സ്‌പ്രെഡ് സംഭവിച്ചിട്ടുള്ളത് നിശ്ശബ്ദ വ്യാപനം വഴിയാണ് എന്നതിനാൽ അങ്ങേയറ്റം ജാഗ്രത ആവശ്യപ്പെടുന്ന സവിശേഷ സന്ദർഭമാണിത്

പ്രവാചകന്മാരെ ഒരു ജനത എന്ന നിലയിൽ ഉൾക്കൊള്ളാൻ, തമിഴനാണ് മറ്റേ ധ്രുവത്തിൽ, മലയാളിക്ക് എന്നും സമയം ആവശ്യമായിരുന്നു. എല്ലാ ജീവജാലങ്ങൾക്കും ഈ പ്രപഞ്ചത്തിൽ അവകാശം തുല്യമാണെന്ന് മരുഭൂമിയിൽ നിന്നെന്ന പോലെ ഉയിർത്ത ആ ശബ്ദം നാം ചെവിക്കൊണ്ടില്ല. മൂലധന പ്രധാനവും ലാഭാധിഷ്ടിതവുമായ ഒരു അയഥാർത്ഥ മായക്കാഴ്ചയിൽ നമ്മുടെ ഉൾക്കണ്ണുകൾ മയങ്ങിക്കിടന്നു. ജന്തുജാലങ്ങളുടെ നൂറ്റാണ്ടുകളിലെ ആവാസ വ്യവസ്ഥകളിൽ കഥകളിലെ പ്രാചീന ദുഷ്ടാത്മാവുകളെ ബന്ധിച്ചുവെച്ച ചരടുകളിലെന്നപോലെ ഋണാത്മകമായി നാം സ്പർശിച്ചു. നിഷേധാത്മകമായ ആ വിഷസ്പർശം പ്രകൃതിയുടേയും ജീവകുലത്തിന്റേയും ഇതഃപര്യന്തമുള്ള സമതുലിതാവസ്ഥ എന്നേക്കുമായി തകർത്തുവോ എന്ന് റേച്ചൽ കാഴ്‌സണെ വായിച്ചവർ മാത്രമല്ല നാടൻ കൃഷിക്കാരും ആദിവാസികളും അവരുടെ ജന്മവാസനകളിൽ നിന്നറിഞ്ഞിരുന്നു. സത്യം, വലിയ തെറ്റുകൾക്ക് നാം വലിയ വില കൊടുത്തേ തീരൂ. കഴിഞ്ഞ അരനൂറ്റാണ്ടിനിടക്ക് മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും സംക്രമിക്കുന്ന ഇരുന്നൂറിലധികം പുതിയ രോഗങ്ങൾ മനഷ്യനെ വെല്ലുവിളിച്ചു. നിപ്പയേയും എബോളയേയും പോലെ പലപ്പോഴും അവ മനുഷ്യനെ തികച്ചും നിസ്സഹായനാക്കി. അവന്റെ അഹന്തയുടെ മസ്തകത്തിൽ ശാർദ്ദൂല നഖങ്ങൾ ആഴ്ത്തി. സ്പാനിഷ് ഫ്‌ളൂവിന്റെ മൂന്നു വർഷത്തെ എതിരില്ലാത്ത തേരോട്ടത്തിന്റെ പൊള്ളുന്ന പാഠങ്ങൾ പോലും മനുഷ്യകുലം ഓർത്തുവെച്ചില്ല. ചരിത്രത്തിൽ നിന്ന് പഠിക്കുന്നതിനെക്കുറിച്ച് പണ്ടൊരു സിനിസിസ്റ്റ് പറഞ്ഞത് എത്ര ശരി!

ഒടുവിൽ നാം ‘കമ്യൂണിറ്റി സ്‌പ്രെഡി'ന്റെ ചുറ്റുവട്ടത്ത്​

സമാനതകൾ ഏറെയില്ലാത്ത മറ്റൊരു മഹാമാരിയുടെ ഭീകരത തൊട്ടറിയുകയാണ് ഇപ്പോൾ. ആറു മാസത്തിനിടെ ഒന്നേകാൽ കോടിയിലേറെ പേരെ ബാധിക്കുകയും അഞ്ചേമുക്കാൽ ലക്ഷത്തോളം പേരെ കൊന്നൊടുക്കുകയും ചെയ്ത ഈ രോഗം വൈദ്യശാസ്ത്രത്തിനുനേരെ മാത്രമല്ല സാമൂഹികമായും രാഷ്ടീയമായും സാമ്പത്തികമായും ഒട്ടേറെ ചോദ്യങ്ങൾ ഉന്നയിച്ചു കഴിഞ്ഞു. ഉത്തരങ്ങൾ കണ്ടെത്തും തോറും പഞ്ചതന്ത്ര കഥകളിലെന്നപോലെ ചോദ്യങ്ങൾ പെരുകുന്ന പ്രതിഭാസം കോവിഡ് നമ്മെ പരിഹാസത്തോടെ പഠിപ്പിച്ചു. വൈറസിന്റെ ജീനോമിന്റെ പ്രത്യേകത മുതൽ അവ ഓരോ വസ്തുവിലും ജീവിച്ചിരിക്കുന്ന കാലയളവും, ഹേർഡ് ഇമ്മ്യൂണിറ്റിയും വാക്‌സിനും, സൈറ്റോകൈൻ സ്റ്റോമും (cytokine storm) കുട്ടികളിൽ കാണിക്കുന്ന മന്ദതയും ഒക്കെ നിരന്തരം ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്ക് നയിച്ചു. ഏറ്റവും ഒടുവിൽ നാം അങ്ങിനെ ‘കമ്യൂണിറ്റി സ്‌പ്രെഡി'ന്റെ ചുറ്റുവട്ടത്താണിപ്പോൾ.

പാൻഡെമിക്കിന്റെ സ്വാഭാവികമായ ഒരു ഘട്ടത്തെ തമസ്‌കരിക്കാനാവില്ലെന്ന അടിസ്ഥാന സാമാന്യ ബോധം കൈവിടാതിരിക്കാനുള്ള വിവേകമാണ് കോവിഡ് കാലം നമ്മോട് കൃത്യമായി ആവശ്യപ്പെടുന്നത്

അരവിന്ദ് കെജ്‌രിവാളാണ് ഇന്ത്യയിൽ ഏറ്റവും ശാസ്ത്രീയമായി സമൂഹ വ്യാപനത്തിന്റെ സമസ്യയോട് പ്രതികരിച്ചത്. മൂന്നു മാസങ്ങൾക്കു മുമ്പു തന്നെ ഡൽഹിയിൽ സമൂഹവ്യാപനം ആരംഭിച്ചു എന്നു പറയാനുള്ള ധൈര്യത്തിന് ഖരഖ്പൂർ ഐ.ഐ.ടിയിലെ പാഠ്യകാല ചങ്കൂറ്റം മാത്രം ഒട്ടും മതിയാവില്ല. കൃത്യമായ ശാസ്ത്രബോധവും ആഴമേറിയ രാഷ്ടീയ കാഴ്ചപ്പാടും സർവോപരി ജനങ്ങളോടുള്ള നിഷ്ഠയേറിയ പ്രതിബദ്ധതയുമുള്ള ഒരു നേതാവിന് മാത്രമേ പതർച്ചയില്ലാതെ അത്തരമൊരു നിലപാട് സ്വീകരിക്കാനാവൂ. അദ്ദേഹത്തിന് മാതൃകയായിട്ടുണ്ടാവുക ഒരുപക്ഷേ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ (CDC) യും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടേയും അസന്നിഗ്ദമായ നിലപാടുകളാകും. ഫെബ്രുവരി 26 ന്, അന്ന് വെറും അറുപതു കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരുന്നത്, കാലിഫോർണിയയിൽ ആദ്യത്തെ ഉറവിടമറിയാത്ത കേസ് കണ്ടെത്തിയ ഉടൻ ഡോ. ആന്റണി ഫൗസി അമേരിക്കയിൽ സമൂഹവ്യാപനം പ്രഖ്യാപിച്ചു. ആസ്‌ട്രേലിയയിലാവട്ടെ, ഒരു പടികൂടി കടന്ന് മാർച്ച് രണ്ടാം തിയതി 33 കേസ് മാത്രമുണ്ടായിരുന്ന സാമൂഹിക പരിതോവസ്ഥയിൽ ന്യൂ സൗത്ത് വെയിൽസിൽ 41കാരി ഉറവിടമറിയാതെ രോഗബാധിതയായപ്പോൾ അവർക്കൊരു ആശങ്കയുണ്ടായിരുന്നില്ല സമൂഹവ്യാപനം പ്രഖ്യാപിക്കാൻ. എപ്പിഡമിയോളജിയുടേയും രോഗാണുശാസ്ത്രത്തിന്റെയും ഉറപ്പുള്ള അടിത്തറയിലുള്ള വിശ്വാസവും സയന്റിഫിക് ടെംപർ(ഈ പദം ഭരണഘടനയിൽ മാപ്പുസാക്ഷിയായി നിൽപ്പുണ്ട, പണ്ഡിറ്റ് നെഹ്‌റുവിന് പ്രണാമം) ജീവശ്വാസമാക്കിയതിന്റെ ദാർഢ്യമേറിയ ആത്മവിശ്വാസവുമാണ് അവർക്കതിന് കരുത്ത് പകർന്നത്. കെജ്‌രിവാളിന് കേന്ദ്രം അനുമതി നൽകാത്തതിനാൽ ഡൽഹിയിൽ സമൂഹവ്യാപനം ഒരിക്കലും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാതെ പോയി.

കേരളത്തിലെ അശാസ്ത്രീയ ഭീതി
ദേശത്തെ രോഗബാധിതരുടെ എണ്ണം, പുറത്തുനിന്നു വരുന്നവരുടേതല്ല, ഒരാഴ്ച കൊണ്ട് ഇരട്ടിക്കുക/ മൊത്തം രോഗബാധിതരുടെ എണ്ണത്തിൽ മുപ്പതു ശതമാനത്തിലധികം കേസുകൾ സമ്പർക്കം മൂലമാവുക എന്നിവയൊക്കെയാണ് സമൂഹവ്യാപനത്തിന്റെ സൂചകങ്ങളായി പ്രായേണ സ്വീകരിച്ചുപോരുന്നത്. ഒറ്റപ്പെട്ട (sporadic) കേസുകളിൽനിന്ന് തദ്ദേശീയ വ്യാപനം (local spread) ഉണ്ടായി, ക്ലസ്റ്റററുകൾ (രോഗബാധിതരുടെ കൂട്ടം ) രൂപപ്പെട്ട്, അവ മൾട്ടിപ്പിൾ ക്ലസ്റ്ററുകൾ ആവുന്നതോടെയാണ് സമൂഹവ്യാപനം സംഭവിക്കുന്നത്. ലോകത്തെമ്പാടും മിക്കവാറും കമ്യൂണിറ്ററി സ്‌പ്രെഡ് സംഭവിച്ചിട്ടുള്ളത് നിശ്ശബ്ദ വ്യാപനം (Silent spread) വഴിയാണ് എന്നതിനാൽ അങ്ങേയറ്റം ജാഗ്രത ആവശ്യപ്പെടുന്ന സവിശേഷ സന്ദർഭമാണിത്. CDC യും ഹാർവാർഡ് യൂനിവേഴ്‌സിറ്റിയും ഉറവിടമറിയാത്ത കേസുകളാണ് സമൂഹവ്യാപനത്തിന്റെ പ്രാഥമിക സൂചനകളായി പരിഗണിക്കുന്നത്.

ഉറവിടമറിയാത്ത കേസുകൾ ഇരുന്നൂറോളമാവുന്നതും, ആരോഗ്യ പ്രവർത്തകരിൽ രോഗം പടരുന്നതും, സംസ്ഥാനത്തിനു പുറത്തു പോവുന്നവർ അവിടെ വെച്ച് പോസിററീവാവുന്നതും ചൂണ്ടിക്കാട്ടി സമൂഹവ്യാപനം ഇനി നിഷേധിക്കാനാവില്ലെന്ന് ഐ.എം.എ പറഞ്ഞത് വിദഗ്​ധർ പങ്കുവെക്കുന്നു

ലോകാരോഗ്യ സംഘടനയാവട്ടെ, കോവിഡിന്റെ തുടക്കം മുതൽ പ്രദർശിപ്പിക്കുന്ന ആംബിവാലൻസ്, ഇക്കാര്യത്തിലും കൈമോശം വരാതെ സൂക്ഷിച്ചു. ഒരു ശാസ്ത്രീയ നിർവചനത്തിന് (Scientific defenition) ഒട്ടും യോജിക്കാത്ത Large numbers, multiple clusters, Several areas തുടങ്ങി കൃത്യത (Precision) ഒട്ടുമില്ലാത്ത പദങ്ങൾ നിർവിശങ്കം ഉപയോഗിക്കാൻ അവർക്കൊരു മടിയുമുണ്ടായില്ല. ലോകാരോഗ്യ സംഘടനയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി അമേരിക്ക ചെയ്തത് അങ്ങേയറ്റം ഗർഹണീയമായ കൃത്യമാണെങ്കിലും ലോകാരോഗ്യ സംഘടനയുടെ വിശ്വാസ്യത കാതങ്ങളോളം പിന്നോട്ടടിച്ചത് കോവിഡ് പശ്ചാത്തലത്തിലായിരുന്നു എന്ന് കാണാതിരിക്കാൻ വയ്യ.
സാമൂഹിക വ്യാപനം ഏതൊരു പാൻഡെമിക്കിന്റേയും ഒരു ഘട്ടം (stage) മാത്രമാണെന്ന് നാം അസന്നിഗ്ദമായി തിരിച്ചറിയേണ്ടതുണ്ട്. അത് സംഭവിച്ചാൽ ഗുരുതര കൃത്യവിലോപവും സാമൂഹികാരോഗ്യരംഗത്തെ കടുത്ത വീഴ്ചയുമായും പരിഗണിക്കപ്പെട്ടേക്കാമെന്ന അശാസ്ത്രീയ ഭീതി നമ്മുടെ സംസ്ഥാന - കേന്ദ്ര സർക്കാരുടെ ചുമലിൽ റിപ്‌വാൻ വിങ്കിളിനെ പോലെ ഇരിപ്പുറപ്പിച്ചിട്ടുള്ളത് ഖേദകരമാണ്. സാമൂഹിക വ്യാപനം സംഭവിച്ചില്ലെങ്കിൽ വലിയ മികവാണെന്നും അത് ഉണ്ടെന്ന് പുറത്തറിഞ്ഞാൽ ഇതുവരെ നിരന്തരശ്രമം വഴി പടുത്തുയർത്തിയ നേട്ടങ്ങൾക്കൊക്കെ കരിനിഴലാവും എന്നുമൊക്കെയുള്ള മിഥ്യാബോധങ്ങൾ കുടഞ്ഞെറിയാൻ സമയം വളരെ വൈകി. കേരളം പോലെ ലോകം മുഴുവൻ കൊണ്ടാടിയ, വിജയകരമായ കോവിഡ് പ്രതിരോധ രീതികൾ കൊണ്ട് ലോകശ്രദ്ധയാകർഷിച്ച ഒരു പ്രദേശത്തിന് ഈ നിലപാട് കൂടുതൽ ആരാധകരെ സമ്മാനിച്ചേക്കില്ലെന്നു തോന്നുന്നു. ബ്യുബോണിക് പ്ലേഗുകളുടെ നീണ്ടകാല ചരിത്രവും സ്പാനിഷ് ഫ്‌ളൂവിന്റെ താരതമ്യേന സമീപകാല ചരിത്രവുമൊക്കെ കൃത്യമായി ഇത്തരമൊരു എപ്പിഡമിയോളജിക്കൽ പാറ്റേൺ പിൻപറ്റുന്നുണ്ടെന്നും ഓർമിക്കുക.
ശാസ്ത്രീയത മാത്രം മാനദണ്ഡമാക്കി രോഗവ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ ധീരമായി സാമൂഹിക വ്യാപനം പ്രഖ്യാപിച്ച ലോകത്തിലെ മുൻനിര രാഷ്ട്രങ്ങളായ ആസ്ട്രലിയയും അമേരിക്കയും ഈകാര്യത്തിലെങ്കിലും നമുക്ക് അനുകരണീയമായ മാതൃകയാണ്. നാലുഘട്ടങ്ങൾ കടന്ന് എൻഡെമിക് (സ്ഥായിയായ തദ്ദേശീയരോഗം. ഉദാ: ചിക്കുൻഗുനിയ, ഡെങ്കി ) ഘട്ടത്തിലെത്തിയാണ് സാധാരണ ഗതിയിൽ മഹാമാരികൾ ശമിക്കുക. 1918ലെ സ്പാനിഷ് ഫ്‌ളൂ, അത് എച്ച് വൺ എൻ വൺ (H1N1)
ആണെന്ന് തിരിച്ചറിഞ്ഞത് 2005ലാണ്, പാൻഡെമിക്കിന്റെ ഭീകര സ്വഭാവമാർജ്ജിച്ച് അതിവേഗം പടർന്ന്, പതുക്കെ ശമിച്ചടങ്ങി എൻഡെമിക്കായി രൂപാന്തരം കൊണ്ടത് 1921-ലാണ്. അത്തരമൊരു പരിണാമം തന്നെയാണ് കോവിഡിനും രോഗാണു ശാസ്തജ്ഞർ പ്രതീക്ഷിക്കുന്നത്. പാൻഡെമിക്കിന്റെ സ്വാഭാവികമായ ഒരു ഘട്ടത്തെ തമസ്‌കരിക്കാനാവില്ലെന്ന അടിസ്ഥാന സാമാന്യ ബോധം കൈവിടാതിരിക്കാനുള്ള വിവേകമാണ് കോവിഡ് കാലം നമ്മോട് കൃത്യമായി ആവശ്യപ്പെടുന്നത്.

ഭരണകൂടങ്ങളുടെ പൊതുസ്വഭാവത്തെ കുറിച്ച് ദാർശനികർ പറഞ്ഞത് നമുക്ക് ഓർക്കാതിരിക്കാം

വളരെ അത്യാവശ്യമായ മുൻകരുതലുകൾ സൂക്ഷ്മതയോടെ സ്വീകരിക്കുവാനും
ഉത്തര വാദിത്തത്തോടെ പെരുമാറാനും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാനും , പൗരബോധമാണിവിടെ നിർണ്ണായക ഘടകം, പൊതു സമൂഹത്തെ അത്തരമൊരു പ്രഖ്യാപനം നിർണായകമായി സ്വാധീനിച്ചേക്കും.

ധാരാവി എന്ന​ മാതൃക

ധാരാവിയാണ് സാമൂഹിക വ്യാപന പശ്ചാത്തലത്തിൽ നമ്മുടെ അരുന്ധതി നക്ഷത്രം. അഞ്ഞൂറ്റിമുപ്പതോളം ഏക്കറിൽ പരന്നുകിടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലുതും വൃത്തിഹീനവും ചേരികളിലൊന്നിലെ പത്തു ലക്ഷം താഴ്ന്ന വരുമാനക്കാരായ നിവാസികളെ കോവിഡിയൻ സമൂഹവ്യാപന ഭീകരതയിൽ നിന്ന് രക്ഷിച്ചെടുത്തത് അവിടത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുടക്കം മുതൽ അനൗദ്യോഗികമായി സ്വീകരിച്ച സമൂഹ വ്യാപന സാദ്ധ്യതയായിരുന്നു. വ്യാപകമായി ടെസ്റ്റുകൾ ചെയ്യുവാനും രോഗികളെ പ്രത്യേകം സംവിധാനം ചെയ്ത ആശുപത്രികളിലേക്ക് മാറ്റുവാനും, ആവശ്യമുള്ളവർക്കെല്ലാം സൗജ്യനമായി ഭക്ഷണം നൽകുവാനും, രോഗ ലക്ഷണങ്ങൾ ഉള്ളവരെ സ്‌കൂളുകൾ, കല്യാണ മണ്ഡപങ്ങൾ, ക്ലബ്ബുകൾ എന്നിവയിലേക്ക് മാറ്റിത്താമസിപ്പിക്കുവാനും മാസ്‌കും സോപ്പും ശാസ്ത്രീയമായി ഉപയോഗിക്കാൻ ചേരി നിവാസികളെ പഠിപ്പിക്കുവാനും അവർക്ക് കഴിഞ്ഞു. സാമൂഹിക സംഘടനകളും സന്നദ്ധ ഭടന്മാരും സിനിമാതാരങൾ അടക്കമുള്ള സെലിബ്രിറ്റികളും, ഭരണകൂടവും ഒറ്റക്കെട്ടായി നടത്തിയ വിജയകരമായ ആ പോരാട്ടം ലോകമെമ്പാടുനിന്നും അഭിനന്ദനങ്ങൾ നേടിയെടുത്തു. ഇത്തരമൊരു ബൃഹത്തായ സാമൂഹിക വിപ്ലവത്തിന് സ്വയം സജ്ജരാകുവാൻ താരതമ്യേന വിദ്യാഹീനരും ദരിദ്രരുമായ ആ ജനതക്ക് അത്ഭുതകരമായി പ്രേരണയായത്, സാമൂഹിക വ്യാപനം തൊട്ടടുത്തെത്തി എന്ന കൃത്യമായ ബോധമായിരുന്നു. ഒരു വലിയ വിപത്തിനെ സ്വന്തം നെഞ്ചു കൊണ്ട് തടുക്കുവാൻ തയാറായ ഒററ കെട്ടായ ഒരു ആൾക്കൂട്ടത്തെ സൃഷ്ടിക്കാൻ വഴിവെച്ചു , ആ ശാസ്ത്രീയമായ സാമൂഹിക വ്യാപന പ്രഖ്യാപനം .

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡിന്റെ തുടക്കം മുതൽ വളരെ സജീവവും ശാസ്ത്രീയവുമായ സമീപനമാണ് കൈക്കൊണ്ടുവന്നത്. ഒരു പൊതുജനാരോഗ്യ പ്രശ്‌നത്തിൽ സംഘടന ഇത്തരത്തിൽ നിരന്തരമായി സുഘടിതവും സാമൂഹികവുമായി പ്രവർത്തിക്കുന്നതും ഒരു പക്ഷേ ആദ്യമായിരിക്കും. മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ചായാലും ടെസ്‌ററുകളുടെ കാര്യത്തിലായാലും, ആരാധനാലയങ്ങൾ തുറക്കുന്ന കാര്യമായാലും, മാർക്കറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനെ കുറിച്ചായാലും, സ്‌കൂളുകൾ തുറക്കുന്നതിനെ കുറിച്ചായാലും, പോലീസുകാർക്കുള്ള പ്രത്യേക ആരോഗ്യ നിർദ്ദേശങ്ങളായാലും, സമൂഹ വ്യാപന കുറിച്ചായാലുമൊക്കെ കൃത്യമായ നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കാൻ ഐ.എം.എ യെ സഹായിച്ചത് ശാസ്ത്രബോധത്തിലൂന്നിയ സാമൂഹിക- ആരോഗ്യ കാഴ്ചപ്പാടായിരുന്നു. ചാനലുകളിലും പത്ര പംക്തികളിലും സാമൂഹിക മാദ്ധ്യ മങ്ങളിലും ഐ.എം.എ നേടിയെടുത്ത സ്‌പേസ് ആത്മാർത്ഥതയിലൂന്നിയ അത്തരമൊരു സമീപനത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. ആരാധനാലയങ്ങൾ തുറക്കാമെന്ന് ഭരണകൂടം പറഞ്ഞപ്പോൾ ജനങ്ങളും മതമേധാവികളും ഐ.എം.എ നിലപാടാണ് നിർവിശങ്കം കൈക്കൊണ്ടത്. രാഷ്ട്രീയവും ആരോഗ്യവും മുഖാമുഖം വന്നപ്പോഴൊക്കെ ആചാര്യൻ റുഡോൾഫ് വിർഷോയുടെ കാലാതീതമായ നിലപാട് , Politics is nothing but health written in large letters, ഐ.എം.എക്ക് മാർഗദീപമായി. ഉറവിടമറിയാത്ത കേസുകൾ ഇരുന്നൂറോളമാവുന്നതും, ആരോഗ്യ പ്രവർത്തകരിൽ രോഗം പടരുന്നതും, സംസ്ഥാനത്തിനു പുറത്തു പോവുന്നവർ അവിടെ വെച്ച് പോസിററീവാവുന്നതും ചൂണ്ടിക്കാട്ടി സമൂഹവ്യാപനം ഇനി നിഷേധിക്കാനാവില്ലെന്ന് ഐ.എം.എ പറഞ്ഞത്- ഇന്ത്യയിലെ പ്രമുഖ വൈറോളജിസ്റ്റ് ഡോ. ജേക്കബ്ബ് ജോണും, ലോക പ്രശസ്ത എപ്പിഡമിയോളജിസ്റ്റ് ഡോ ജയപ്രകാശ് മുളിയേലും പങ്കുവെക്കുന്നു- രോഗവ്യാപനത്തിന്റെ ശാസ്ത്രീയ വിശകലനം മാത്രമായിരുന്നു. പൊതുസമൂഹവും മാധ്യമങ്ങളും ഐ.എം.എ നിലപാടിനെ സ്വാഗതം ചെയ്തത് ആ നിലപാടിന്റെ സാമൂഹിക സാധൂകരണം കൂടിയായി.

ഭരണകൂടങ്ങളുടെ പൊതുസ്വഭാവത്തെ കുറിച്ച് ദാർശനികർ പറഞ്ഞത് നമുക്ക് ഓർക്കാതിരിക്കാം.

* ഈ ആശയത്തിന്​ എന്റെ സുഹൃത്ത്​, ഇൻഫെക്ഷ്യസ്​ ഡിസീസ്​ സ്​പെഷ്യലിസ്​റ്റ്​ ഡോ. ഷാരിക്കിനോട്​ കടപ്പാട്​

(​ഐ.എം.എയുടെ നിയുക്​ത സംസ്​ഥാന വൈസ്​ പ്രസിഡൻറാണ്​ ലേഖകൻ)

Comments