ഈ തിരിച്ചടിയെ ലോക വ്യാപകമായ പ്രതിഭാസം എന്ന് മുദ്ര കുത്തിയാല്‍ തന്നെ അത്ര ലളിതമാണോ കാര്യങ്ങള്‍? എന്താണ് ഈ രണ്ടാം വ്യാപനത്തിന്റെ കാരണങ്ങള്‍? എന്തൊക്കെയാണ് ഈ രാവണന്‍ കോട്ടയില്‍ നിന്ന് കുതറിച്ചാടാന്‍ നമുക്ക് മുന്നോട്ടു വെക്കാവുന്ന കാഴ്ചപ്പാടുകള്‍?
14 Apr 2021, 10:30 AM
ലോക സാഹിത്യത്തിലെ മികച്ച അലിഗറികളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്ലേഗിന്റെ (Plague) അവസാന ഭാഗത്ത് കമ്യു ശ്രദ്ധാപൂര്‍വം ഉള്‍ച്ചേര്‍ക്കുന്ന ഒരു വാചകം ദശകങ്ങളായി ലോകമെമ്പാടുമുള്ള സാഹിത്യ നിരൂപകരുടെ ഗാഢമായ പരിഗണന നേടിയെടുത്തിട്ടുണ്ട്. Plague bacillus never dies or disappears for good... യേഴ്‌സിനിയ പെസ്റ്റിസ് എന്ന ബാക്റ്റീറിയക്കപ്പുറം മനുഷ്യ കുലത്തെ കാലാതീതമായി വേട്ടയാടുന്ന ഋണാത്മക മൂല്യങ്ങള്‍ക്കെല്ലാം ആമുഖമാവുന്ന അത്ഭുതം ആ കൊച്ചു വാചകം കാഴ്ചവെക്കുന്നുണ്ട്. കോവിഡ്- 19 നെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്റെ ആദ്യ പ്രതികരണം ആ വാചകമാവുന്നതില്‍ ഒട്ടും അത്ഭുതമില്ല താനും.
കഴിഞ്ഞ ഒക്ടോബര്‍ മധ്യത്തിനു ശേഷം കൃത്യമായി കുറഞ്ഞു വന്ന രോഗവ്യാപനം കോവിഡ് അപ്രത്യക്ഷമാവുകയാണെന്ന വ്യാമോഹം ജനങ്ങളില്‍ വ്യാപകമാക്കി. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതുപോലെ പാതിയോളം ജനങ്ങള്‍ മാസ്‌ക് ഉപയോഗിക്കാതാവുകയും പാതിപ്പേര്‍ അതിന്റെ തെറ്റായ ഉപയോഗം നയമാക്കുകയും ചെയ്തു. നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകള്‍ മാവോയുടെ വിപ്ലവത്തിനു തിരുത്തു നല്‍കി ജനങ്ങള്‍ ആഘോഷമാക്കി. സാനിറ്റെെസറുകളും കൈ കഴുകല്‍ സംവിധാനങ്ങളും പൊതുസ്ഥലങ്ങളില്‍ നിന്ന് തിരസ്‌കരണിയിലെന്നപോലെ അപ്രത്യക്ഷമായി. covid appropriate behaviour എന്ന് മെഡിക്കല്‍ ലിറ്ററേച്ചറുകള്‍ വിശേഷിപ്പിക്കുന്ന പെരുമാറ്റച്ചട്ടങ്ങള്‍ വിസ്മൃതിയിലാണ്ടു. ഇതാ കോവിഡ് പടികടന്നു എന്ന വിശ്വാസം സമൂഹത്തില്‍ പ്രബലമായി.
ആ തെറ്റായ വായനക്ക് വലിയ വില കൊടുക്കേണ്ടി വരുന്ന, ഒട്ടും അഭികാമ്യമല്ലാത്ത അവസ്ഥയെ നാം ഇന്ന് ആത്മവിശ്വാസമില്ലാതെ അഭിമുഖീകരിക്കുകയാണ്. 2020 ഒക്ടോബര്‍ 16 ന് ഒന്നര ലക്ഷം പേര്‍ കോവിഡ് ബാധിതരായതിനു ശേഷം ക്രമാനുഗതമായി കുറഞ്ഞു വന്ന രോഗവ്യാപനം ഇക്കഴിഞ്ഞ 2021 ഏപ്രില്‍ 9 നും 10 നും വീണ്ടും ഇന്ത്യയെ ഒട്ടാകെ ആശങ്കയിലാഴ്ത്തി ഒന്നരലക്ഷം കടന്നിരിക്കുന്നു. മൊത്തം രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യ 2021 ഏപ്രില്‍ 3-നു ശേഷം ലോകത്തുള്ള ഓരോ ഏഴു രോഗികളിലും ഒരു ഇന്ത്യക്കാരനെയെങ്കിലും പ്രതിഷ്ഠിച്ച് ശരാശരിക്കണക്കില്‍ ഒന്നാം സ്ഥാനവും നേടിയെടുത്തിരിക്കയാണ്. രോഗികളുടെ എണ്ണം ഒരു കോടി മുപ്പത്തിമൂന്നു ലക്ഷത്തോടടുക്കുകയും മരണ സംഖ്യ ഒരുലക്ഷത്തി എഴുപതിനായിരമാവുകയും ചെയ്തു കഴിഞ്ഞു.

2021 മാര്‍ച്ച് ഒന്നാം തിയതി 12,200 മാത്രമായിരുന്ന ദിനംപ്രതി കേസുകളുടെ എണ്ണം ഭയാനകമായി വര്‍ധിച്ച്, കഷ്ടിച്ച് ഒരു മാസത്തിനുള്ളില്‍, ഏപ്രില്‍ ഏഴ് ലോകാരോഗ്യ ദിനത്തില്‍, ഒരു ലക്ഷത്തി ഇരുപത്തി ആറായിരമായി ഉയര്‍ന്നു. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ആവട്ടെ രണ്ടു ശതമാനത്തിന്റെ പരിസരത്തു നിന്ന് രണ്ടാഴ്ച കൊണ്ട് 12.5% ശതമാനമായിട്ടാണ് കുത്തനെ ഉയര്‍ന്നത്. അടുത്ത രണ്ടാഴ്ച കൊണ്ട്, മെയ് ഒന്നിന്, ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഒരു കോടി എഴുപതു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നു.
ഈ തിരിച്ചടിയെ ലോക വ്യാപകമായ പ്രതിഭാസം എന്ന് മുദ്ര കുത്തിയാല്‍ തന്നെ അത്ര ലളിതമാണോ കാര്യങ്ങള്‍? എന്താണ് ഈ രണ്ടാം വ്യാപനത്തിന്റെ കാരണങ്ങള്‍? എന്തൊക്കെയാണ് ഈ രാവണന്‍ കോട്ടയില്‍ നിന്ന് കുതറിച്ചാടാന്‍ നമുക്ക് മുന്നോട്ടു വെക്കാവുന്ന കാഴ്ചപ്പാടുകള്‍?
കോവിഡിന്റെ രണ്ടാം വരവ് ഒട്ടും ലളിതമല്ലതന്നെ. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തോളം മഹാമാരിയുടെ അസാധാരണമായ പീഡനങ്ങളിലൂടെ കടന്നുപോയ മനുഷ്യകുലം ഒട്ടൊന്ന് ആശ്വസിക്കാന്‍ തുടങ്ങിയത് 2020 ഒക്ടോബറിനു ശേഷമായിരുന്നു. പക്ഷേ കൃത്യം 5 മാസങ്ങള്‍ക്കു ശേഷം കോവിഡ് ശക്തമായി മടങ്ങിവന്നിരിക്കുന്നു. അടിസ്ഥാനപരമായി മനുഷ്യന്‍ നിയന്ത്രണങ്ങളേയും റെജിമെന്റേഷനുകളേയും നിഷേധിക്കുന്ന ബയോകെമിസ്ട്രി പങ്കിടുന്ന ജീവിയാണ്. നിരന്തരവും കര്‍ശനവുമായ നിയന്ത്രണങ്ങള്‍ കുറഞ്ഞ കാലം കൊണ്ടു തന്നെ അവന്‍ ആദ്യം മനസ്സുകൊണ്ടും പിന്നീട് പ്രവര്‍ത്തി കൊണ്ടും മറികടക്കാന്‍ ശ്രമിക്കും. അത്തരം കുതറിച്ചാടലുകള്‍ സഹ്യന്റെ മകന്റെ ചിന്നംവിളി പോലെ മനുഷ്യരുടെ ആദിമ സ്വാതന്ത്ര്യ സ്വപ്നങ്ങളുടെ പങ്കു വെക്കല്‍ കൂടിയാണ്.
ജീവന്‍ പകരം വെച്ചിട്ടു പോലും ആ സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ അവന്‍ ഉന്മുഖനാവാറുണ്ടെന്നത് മനോവിശ്ലേഷകരെ ഒട്ടും അത്ഭുതപ്പെടുത്തുന്ന വസ്തുതയുമല്ല. അതോടൊപ്പം, നീണ്ടു നില്‍ക്കുന്ന നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്ന restriction fatigue, മടുപ്പ്, എന്നിവ പതുക്കെ പതുക്കെ മനുഷ്യരില്‍ ആലസ്യവും നിറയ്ക്കുന്നുണ്ട്. ഈ രണ്ടു ഘടകങ്ങളും കോവിഡിന്റെ തിരിച്ചു വരവില്‍ കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട് എന്നതില്‍ സംശയമൊന്നുമില്ല. മുഖാവരണകളുടെ ശാസ്ത്രീയ ഉപയോഗത്തില്‍ നാം കാണിക്കുന്ന അലംഭാവം തികച്ചും അതിശയിപ്പിക്കുന്നതാണ്. താടിയില്‍ മാസ്‌ക് ധരിക്കുന്ന പരിഹാസ്യമായ വൈചിത്ര്യം എത്രത്തോളം അപകടകരമാണെന്ന് നിരന്തരമായ ബോധവല്‍ക്കരണത്തിനിടയിലും നാം ബോധപൂര്‍വം മറക്കുന്നു. കേരളത്തില്‍ മാസ്‌ക് ധരിക്കാത്തവരെ കാണുന്നത് താരതമ്യേന അപൂര്‍വമാണെങ്കിലും സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താത്തവരും അത്രത്തോളം തന്നെ അപൂര്‍വമാണ്. സാമൂഹിക-ശാസ്ത്ര ബോധത്തില്‍ മുന്നിട്ടു നില്‍ക്കുന്ന മലയാളിക്ക് മാസ്‌കിന്റെ ഉപയോഗം 98%-ത്തിലേറെ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു എന്നറിയാഞ്ഞിട്ടല്ല എന്നതാണ് ദുഃഖകരവും ലജ്ജാകരവുമായ വശം.
തെരഞ്ഞെടുപ്പുകളും ഉത്സവങ്ങളും കോവിഡ് വ്യാപനത്തില്‍ വഹിക്കുന്ന പങ്ക് ചര്‍ച്ച ചെയ്യാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും നേതൃത്വങ്ങള്‍ ഇഷ്ടപ്പെടാറില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകള്‍ മലയാളിയുടെ പ്രായോഗിക സാമൂഹിക-ശാസ്ത്രീയ ബോധത്തെക്കുറിച്ച് ഗാഢമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന - ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍, സാമൂഹിക അകലം എന്ന ശാസ്ത്രീയവും നിയമപരവുമായ പരികല്പനയെക്കുറിച്ച് തികച്ചും നിഷേധാത്മകമായ മനോഭാവം പുലര്‍ത്തുന്നത് നിരന്തരം ചാനലുകള്‍ കാണുന്ന സാധാരണക്കാരെ അങ്ങേയറ്റം തെറ്റായ സന്ദേശങ്ങള്‍ എങ്ങിനെ സ്വാധീനിക്കുമെന്ന് ഓര്‍ത്തതു പോലുമില്ല. റാലികളിലും സമ്മേളനങ്ങളിലും മാസ്‌കും, സാമൂഹിക അകലവും ലജ്ജാ ശൂന്യമായി അവഗണിക്കപ്പെട്ടു. സ്ഥനാര്‍ത്ഥികളാവട്ടെ കൈ കൊടുക്കലും മുത്തം വെക്കലും ആലിംഗനവും ദിനചര്യയാക്കി. സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ അവയൊന്നും കണ്ടില്ലെന്നു നടിച്ചു. കോവിഡ് വ്യാപനം ഓരോ സ്പര്‍ശത്തിലും കൂട്ടായ്മകളിലും തിടം വെച്ചു...

പൊതുവിടങ്ങളില്‍ നിന്ന് സാനിറ്റെെസറുകളും സോപ്പും കൈകഴുകല്‍ സംവിധാനങ്ങളും പതുക്കെ പതുക്കെ വിടവാങ്ങി. സിനിമാ തിയറ്ററുകളില്‍, പൊതുഗതാഗത സംവിധാനങ്ങളില്‍, കടകളില്‍, റസ്റ്റോറണ്ടുകളില്‍, ബീച്ചില്‍ പാര്‍ക്കില്‍ എല്ലായിടത്തും മലയാളി കോവിഡ് ഭീഷണി മറന്നു...
പള്ളികളിലേയും അമ്പലങ്ങളിലേയും തിരക്ക് ശക്തമായി തിരിച്ചെത്തി. ഉത്സവങ്ങളിലും നേര്‍ച്ചകളിലും മതപരമായ ആഘോഷങ്ങളിലും ജനങ്ങള്‍ ആര്‍ത്തലച്ചു. കോവിഡ് നിശ്ശബ്ദമായി പിടി മുറുക്കുകയായിരുന്നു...
ഹേര്‍ഡ് ഇമ്മ്യൂണിറ്റി ത്രെഷ്‌ഹോള്‍ഡ് എന്ന് വ്യവഹരിക്കപ്പെടുന്ന സാമൂഹിക രോഗപ്രതിരോധ ശേഷിയാണ് പരിഗണിക്കപ്പെടേണ്ട മറ്റൊരു ഘടകം. ഇന്ത്യയില്‍ ഒന്നാം തരംഗത്തില്‍ തന്നെ ഭൂരിപക്ഷം ആളുകള്‍ക്ക് രോഗം വരികയും സീറോ പ്രിവലന്‍സ്- sero prevalence, (ശരീരത്തിലെ ആന്റിബോഡികളുടെ സാന്നിധ്യം) അന്‍പതു ശതമാനത്തിലേറെ ഉയരുകയും ചെയ്ത സ്ഥലങ്ങളില്‍ നിന്ന് തികച്ചും വത്യസ്തമായി കേരളത്തിലെ സീറോ പ്രിവലന്‍സ് പതിനൊന്നു ശതമാനമായിരുന്നു. ആദ്യ തരംഗം വിട്ടുവീഴ്ചയില്ലാതെ നേരിട്ടതിന്റെ അഭികാമ്യമല്ലാത്ത വശമായിരുന്നു അത്. അതുകൊണ്ടു തന്നെ 89% -ത്തിലേറെപ്പേര്‍ ഏതു സമയത്തും രോഗാതുരരാവാം എന്ന സാധ്യത ഭീഷണമായി നിലനിന്നു. കന്യാ സ്ഥലികളിലേക്ക് കോവിഡിന്റെ നീരാളിക്കൈകള്‍ നീണ്ടു...
ഒരു പ്രാവശ്യം കോവിഡ് പിടിപെട്ടാല്‍, വസൂരിയിലും ചിക്കന്‍ പോക്സിലുമെന്ന പോലെ ആജീവാനാന്തം പ്രതിരോധ ശേഷി കൈവരും എന്ന് തുടക്കത്തില്‍ ശാസ്ത്രജ്ഞര്‍ കരുതിയിരുന്നു. Cell mediated immunity എന്ന് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന അത്തരം പ്രതിരോധ ശേഷി കോവിഡ് പ്രദാനം ചെയ്യുന്നില്ലെന്ന് പിന്നീട് കണ്ടെത്തി. ആന്റിബോഡികള്‍ സൃഷ്ടിക്കുന്ന ഹ്യൂമറല്‍ ഇമ്മ്യൂണിറ്റിയാവട്ടെ മൂന്നു മാസത്തില്‍ കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നുമില്ല. ജലദോഷമുണ്ടാക്കുന്ന സാധാരണ കൊറോണ വൈറസുകളുടെ സ്വഭാവം തന്നെയാണ് ഇക്കാര്യത്തില്‍ കോവിഡ്- 19നും പ്രദര്‍ശിക്കുന്നത്.
ഏറ്റവും കൂടുതല്‍ അതിജീവന ശേഷി പ്രകടിപ്പിക്കുന്ന ഒന്നാണ് കോവിഡ് വൈറസ്. മറ്റു കൊറോണ വൈറസുകളെ പോലെ ഇടക്കിടെ ജനപഥങ്ങളില്‍ വന്നെത്തി നോക്കുവാനും 3, 4 മാസം ഏറ്റക്കുറച്ചിലുകളോടെ രോഗവ്യാപനത്തിന് ശ്രമിക്കുവാനും കൊറോണ വൈറസുകള്‍ എക്കാലത്തും ഉത്സുകരായിരുന്നു. അത്തരം വ്യാപനശേഷി നിലനിറുത്തുന്നതിനോടൊപ്പം കോവിഡ് - 19 മികച്ച മറെറാരു മോഡസ് ഓപ്പറാന്റി കൂടി അവതരിപ്പിക്കുകയുണ്ടായി: ഏതു ദുഷ്‌കരമായ പരിതസ്ഥിതിയിലും സ്വന്തം അതിജീവനം സാര്‍ത്ഥകമാക്കുന്നതിന് അവയെ പ്രാപ്തമാക്കുന്ന ജനിതക മാറ്റം. ബ്രിട്ടനിലും, സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും അരങ്ങേറിയ ഈ കൂടു വിട്ടു കൂടുമാറലുകള്‍ ഇന്ത്യന്‍ മണ്ണില്‍ ഇരട്ട മ്യൂട്ടേഷനായി അവതരിച്ചു.
ബ്രിട്ടനില്‍ B.1.1.7 ആയും തെക്കേ ആഫ്രിക്കയില്‍ B. 1.351 ആയുമൊക്കെ ക്ലേ കാമലിനെ തോല്‍പിക്കുമാറ് രൂപാന്തരം കൊണ്ട ഈ വൈറസ് E484Q, L425R എന്നീ ഇരട്ട ജനിതക മാറ്റം വഴി ഇന്ത്യന്‍ മണ്ണില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു. VOC (variants of coronavirus) യിലെ ഏറ്റവും അത്ഭുതകരമായ രൂപാന്തരമായി കണക്കാക്കപ്പെടുന്ന ഇരട്ട ജനിതക മാറ്റം വന്ന ഈ വൈറസ്
B.1.617 എന്നാണ് ശാസ്ത്രവൃത്തങ്ങളില്‍ വ്യവഹരിക്കപ്പെടുന്നത്.
വളരെ പെട്ടെന്ന് പകരുവാനുള്ള ശേഷി ആര്‍ജ്ജിക്കുവാനാണ് ഈ മ്യൂട്ടേഷനുകള്‍ ലക്ഷ്യമിടുന്നത്. ഇരയുടെ മരണസംഖ്യ കൂടിയാല്‍ സ്വന്തം കുലവും താമസിയാതെ കുറ്റിയറ്റു പോകും എന്ന വിജ്ഞാനം പേറുന്ന വൈറസിന്റെ ജനിതക ബുദ്ധി രോഗവ്യാപനം വളരെ വേഗവും കണിശവുമാക്കുവാനാണ് ശ്രമിക്കുക. നിപ്പപോലുള്ള മരണസംഖ്യ എത്രയും പെട്ടെന്ന് വര്‍ധിപ്പിക്കുവാന്‍ ശ്രമിക്കുന്ന വൈറസുകള്‍ "ബുദ്ധിശൂന്യരാ'ണെന്ന് പറയാം. പതിഞ്ഞ താളത്തില്‍ പതുക്കെ കൊട്ടിക്കയറുമ്പോഴാണ് ഇരകളുടെ/ ആസ്വാദകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാവുകയെന്നത് ഏതു പഞ്ചവാദ്യ വിദഗ്ധന്റെയും പ്രാഥമിക പാഠമാണ്.
ജനിതക മാറ്റം വന്ന വൈറസുകള്‍ അതിജീവനത്തിലുപരി ഇരയുടെ അന്ത്യം ഒരു പരിധിക്കപ്പുറം ലക്ഷ്യമിടുന്നില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങളും സര്‍വ്വേകളും സൂചിപ്പിക്കുന്നത്. രോഗം തീക്കാറ്റു പോലെ പടരുന്ന മഹാരാഷ്ട്രയില്‍ 20% കേസുകളും ഈ ഡബിള്‍ മ്യൂട്ടന്റ് വൈറസിന്റെ സൃഷ്ടിയാണ്. 2020 ഡിസംബര്‍ ഏഴാം തിയ്യതി മാത്രം തിരിച്ചറിഞ്ഞ ഈ വൈറസ് ഇതിനകം തന്നെ എട്ടു രാജ്യങ്ങളിലും ഇന്ത്യയിലെ പതിനെട്ടു സംസ്ഥാനങ്ങളിലും പടര്‍ന്നു കഴിഞ്ഞു.
രോഗ പ്രതിരോധത്തിന്റെ കാര്യത്തില്‍ ഈ കാലഘട്ടത്തിലെ മനുഷ്യര്‍ എത്രയോ ഭാഗ്യവാന്മാരാണെന്നതില്‍ സംശയമില്ല. ഒരു നൂറ്റാണ്ടു മുമ്പ്, സ്പാനിഷ് ഫ്‌ളൂ കാലത്ത് ആ രോഗം എന്താണെന്നോ എങ്ങനെ ചെറുക്കണമെന്നോ അറിയാതെ 50 കോടിയിലേറെ ജനങ്ങള്‍ രോഗബാധിതരാവുകയും ഏറ്റവും കുറഞ്ഞത് 5 കോടി മനുഷ്യര്‍ മരണമടയുകയും ചെയ്തു. 2005-ല്‍ മാത്രമാണ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീകരമായ മഹാമാരികളിലൊന്നായ സ്പാനിഷ് ഫ്‌ളൂ H1 N1 ആണെന്ന് ലോകം തിരിച്ചറിയുന്നത്. കോവിഡ് - 19 വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത് ഒരാഴ്ചക്കകം വൈറസിന്റെ Genetic make up മുഴുവനായും നിര്‍ദ്ധാരണം ചെയ്യപ്പെടുകയും വാക്‌സിന്‍ സാധ്യതകള്‍ മനുഷ്യരാശിയുടെ മുന്നില്‍ ആത്മവിശ്വാസത്തോടെ ശാസ്ത്രം ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. അങ്ങിനെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പത്തോളം വാക്‌സിനുകള്‍ വ്യാപകമായി ഉപയോഗിക്കാനായി തയാറാക്കുവാന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞത്.

ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോഗത്തിലുള്ള കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ 70-80% ഫലപ്രാപ്തിയാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് നൂറു പേര്‍ കൃത്യമായി വാക്‌സിന്‍ സ്വീകരിച്ചാല്‍ തന്നെ 20 മുതല്‍ 30 പേര്‍ക്കു ആവശ്യമായ പ്രതിരോധ ശേഷി കൈവരിക്കാനായെന്നു വരില്ല. കൃത്യമായി രണ്ടു ഡോസുകള്‍ സ്വീകരിച്ചാല്‍ തന്നെ ആറു മാസത്തിലേറെ സാധാരണ ഗതിയില്‍ പ്രതിരോധം നീണ്ടു നില്‍ക്കുകയുമില്ല. ഫൈസര്‍ വാക്‌സിനാണ് ഫലപ്രാപ്തിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. 92% - ത്തോളമാണ് അതിന്റെ Efficacy. കോവിഷീല്‍ഡ് ഒരു വെക്ടര്‍ വാക്‌സിനാണ്. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ അഡിനോ വൈറസില്‍ ഉള്‍ച്ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് കോവിഷീല്‍ഡ്.
കോവാക്‌സിന്‍, Injectable inactivated polio vaccine പോലെ ഒരു മൃത വൈറസ് വാക്‌സിനാണ് (killed vaccine). 2021 ജനുവരി 16 ന് ഇന്ത്യയില്‍ തുടങ്ങിയ കോ വിഡ് വാക്‌സിനേഷന്‍ ഇതുവരെ പതിമൂന്നു കോടിയിലധികം പേര്‍ സ്വീകരിച്ചു കഴിഞ്ഞു. 6.75 കോടി വാക്‌സിന്‍ ഡോസുകള്‍ വിദേശ രാജ്യ കളിലേക്ക് ഇതുവരെ ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്. പ്രതിദിനം 30 - 40 ലക്ഷം ഡോസുകളാണ് ഇന്ത്യയില്‍ നല്‍കിക്കാണ്ടിരിക്കുന്നത് .
ഈ വേഗതയില്‍ വാക്‌സിന്‍ നല്‍കിയാല്‍ 135 കോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനസംഖ്യയില്‍ 18 വയസ്സിനു മുകളില്‍ വരുന്ന നൂറു കോടിയിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കണമെങ്കില്‍ രണ്ടു വര്‍ഷമെങ്കിലും വേണ്ടി വന്നേക്കും എന്ന ശക്തമായ വിമര്‍ശനം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വാക്‌സിന്റെ സാംഗത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലതാമസം മറികടക്കാന്‍ ഇന്ത്യന്‍ ആരോഗ്യ വകുപ്പിന് കഴിയുമോ എന്ന വലിയ ചോദ്യത്തിന് ഭരണാധികാരികള്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിനിടയിലാണ് വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. 4 കോടിയോളം വാക്‌സിന്‍ ഡോസുകള്‍ മാത്രമേ സ്റ്റോക്ക് ഉള്ളൂ എന്ന് കേന്ദ്ര -ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ കഷ്ടിച്ച് രണ്ടാഴ്ചത്തേക്കുള്ള വാക്‌സിന്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്ന് അനുമാനിക്കേണ്ടിവരും. പ്രതിമാസം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന ആറു കോടി കോവിഷീല്‍ഡ് വാക്സിനും ഭാരത് ബയോ ടെക് നിര്‍മ്മിക്കുന്ന ഒരു കോടി കോവാക്‌സിനും 21-25 ദിവസങ്ങള്‍ക്കു മാത്രമേ തികയുകയുള്ളൂ. ഇവിടെയാണ് റെഡ്ഡീസ് ലാബ് നിര്‍മ്മിക്കുന്ന റഷ്യന്‍ വാക്‌സിന്റെ പ്രസക്തി. ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്പന ചെയ്ത സ്പുട്നിക്- V വാക്സിന്‍ പ്രതിമാസം 10 കോടിയിലേറെ ഡോസ് നിര്‍മ്മിക്കാനാവും. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളെല്ലാം ഇന്ത്യയിലും നല്‍കാം എന്ന നിലപാടെടുത്തു കൊണ്ട് എങ്ങനെയങ്കിലും വാക്‌സിന്‍ ക്ഷാമം മറികടക്കാനുള്ള അവസാന ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
വാക്സിന്‍ വിരുദ്ധരുടെ സ്വരം പ്രതീക്ഷിച്ചതു പോലെ ഉയര്‍ന്നുവന്നില്ല എന്നത് ശുഭോദര്‍ക്കമായ വസ്തുതയാണ്. ഒളിഞ്ഞും സ്വല്പം തെളിഞ്ഞുമൊക്കെയുള്ള ആക്രമണങ്ങളും, Hate speech-കളും സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങി. ലോകം മുഴുവന്‍ അംഗീകരിക്കുന്ന ശാസ്ത്രത്തിന്റെ നേട്ടങ്ങളെ മറച്ചുപിടിക്കാനാവില്ല എന്നു അവര്‍ മനസ്സിലാക്കിയത് ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി വാക്‌സിനു വേണ്ടി ക്യൂ നില്‍ക്കാന്‍ തുടങ്ങിയപ്പോഴാണ്. ഇതിനിടയില്‍ വാക്‌സിനു ശേഷമുള്ള അഭികാമ്യമല്ലാത്ത പ്രതിപ്രവര്‍ത്തനങ്ങളെ (AEFI), കുറിച്ചുള്ള ഗവേഷണങ്ങളും സംവാദങ്ങളും ശാസ്ത്രജ്ഞര്‍ കൃത്യമായി മുന്നോട്ടു നയിക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തനങള്‍ കൂടുതല്‍ മികച്ച വാക്‌സിനുകളിലേക്ക് എത്തിപ്പെടാന്‍ നമ്മെ സഹായിക്കും.
ആദ്യത്തെ ഡോസ് വാക്‌സിനു ശേഷം നമ്മുടെ ശരീരത്തില്‍ ആന്റിബോഡി സൃഷ്ടി ആരംഭിക്കുമെങ്കിലും രോഗപ്രതിരോധത്തിന് അത് മതിയാവില്ല. രണ്ടാമത്തെ ഡോസ് കഴിഞ്ഞാലും 14 ദിവസത്തിനു ശേഷം മാത്രമേ ശരീരം പ്രതിരോധ പ്രവര്‍ത്തനത്തിന് കൃത്യമായ രീതിയില്‍ സജ്ജമാവുകയുള്ളൂ. അതുകൊണ്ടു തന്നെ വാക്‌സിനോടൊപ്പം സോഷ്യല്‍ വാക്‌സിന്റെ (Soap / Sanitiser - Mask - Social distacing) ശാസ്ത്രീയമായ അവലംബവും ഒഴിവാക്കാനാവില്ല. Covid appropriate behaviour- ഉം vaccine- ഉം കൂടി ചേരുമ്പോള്‍ മാത്രമാണ് സാമൂഹിക സുരക്ഷ വാഗ്ദാനം ചെയ്യാനാവുന്നത്.. ആരോഗ്യ വിദഗ്ധര്‍ Avoidance of 3 C യെക്കുറിച്ചും പറയുന്നുണ്ട് : Avoid crowd, Avoid close contact, Avoid closed space.
ഗ്രെറ്റാ തുന്‍ബെര്‍ഗിനേയും ഫ്രാന്‍സിസ് മാര്‍പാപ്പയേയും ഓര്‍ക്കാതിരിക്കാനാവില്ല. ദരിദ്ര രാഷ്ട്രങ്ങളിലെ പാവപ്പെട്ട ജനതയെ വേപഥുവോടെ അവരോര്‍ക്കുന്നു. ലോകത്തെമ്പാടുമായി നല്‍കിയ വാക്‌സിന്‍ ഡോസുകളില്‍ 0.1% മാത്രമാണ് ദരിദ്ര രാഷ്ട്ര ങ്ങളിലെ ജനതക്ക് ഇതുവരെ ലഭ്യമായിട്ടുള്ളൂ എന്ന് ഗ്രെറ്റ പറയുന്നത്, പാവപ്പെട്ട രാജ്യങ്ങളിലെ ജനതയെ പരിഗണിക്കാതിരിക്കുന്നത് വലിയ തെറ്റാണ് എന്ന് മാര്‍പാപ്പ പ്രസ്താവിക്കുന്നതിനോട് ചേര്‍ത്തു വായിക്കപ്പെടണം.
ലോകം ഇങ്ങനെയൊക്കെയാണ് ജീവിതവ്യമാവുന്നത്.

സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍, ഐ.എം.എ
Dr G Sudarsanan
15 Apr 2021, 12:59 PM
The second wave is also rampant in states where no election is conducted .It is only an added factor.
Siby Mathew Kailath
15 Apr 2021, 10:29 AM
Well explained. This explanation is more than enough for a lay man to understand the situation and the importance of social vaccine and avoidance of 3C + vaccination. Thanks and regards
Adv Mohanan
14 Apr 2021, 11:10 PM
Very informative article.
Think
Mar 22, 2023
4 Minutes Read
ഡോ. പി. എം. മധു
Feb 25, 2023
9 Minutes Read
ലീനാ തോമസ് കാപ്പന്‍
Feb 16, 2023
8 minutes read
ഡോ. ജയകൃഷ്ണന്‍ ടി.
Feb 05, 2023
8 minutes read
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
joyal jolly
16 Apr 2021, 12:58 PM
go corona