കോവിഡ്; വന്നതും വ്യാപിച്ചതും വരാനിരിക്കുന്നതും
കോവിഡ്; വന്നതും വ്യാപിച്ചതും വരാനിരിക്കുന്നതും
വറുതിയുടെയും പകര്‍ച്ചവ്യാധികളുടെയും കാലം കഴിഞ്ഞുപോയിരിക്കുന്നു എന്ന് മനുഷ്യന് ഊറ്റം കൊള്ളുന്ന നൂറ്റാണ്ടില്‍ വീണ്ടുമൊരു ആദിമഭീതി വേട്ടയാടുകയാണ്. വികസിതരാജ്യങ്ങള്‍ പോലും, കോവിഡ്- 19 എന്ന പകര്‍ച്ചവ്യാധിയെ നേരിടാന്‍, ആവനാഴിയില്‍ ആയുധങ്ങളില്ലാതെ പകച്ചുനില്‍ക്കുകയാണ്. ലോകരാഷ്ട്രങ്ങളിലൊന്നുപോലും, ഇത്തരം ഒരു മഹാമാരിയെ നേരിടാന്‍ സജ്ജരായിരുന്നില്ല എന്നത് പകല്‍പോലെ വ്യക്തം.
8 Apr 2020, 12:20 AM
ലോകാരോഗ്യരംഗം നിരന്തരം നേരിടുന്ന ഭീഷണിയാണ്, വര്‍ഷാവര്‍ഷം പുതുതായി പ്രത്യക്ഷപ്പെടുന്ന പകര്‍ച്ചവ്യാധികള്‍. ഇവയില്‍ എഴുപത് ശതമാനത്തോളവും, ജന്തുജന്യരോഗങ്ങള്‍ (Zoonoses) ആണ്. വന്യതയില്‍ നമുക്കജ്ഞാതമായ അനേകം സൂക്ഷ്മാണുക്കളുണ്ട്. അവയുടെ നിലനില്‍പ്പിലോ, ജീവിതചക്രത്തിലോ മനുഷ്യന് ഒരു ഘടകമല്ല.
പക്ഷെ ഇടയ്ക്കിടെ, വന്യജീവികളില്‍നിന്ന്, മനുഷ്യരിലേക്ക് ആകസ്മികമായി ചില രോഗാണുക്കള്‍ എത്തിപ്പെടാറുണ്ട്, ഇതിനെയാണ് 'സ്പില്‍ ഓവര്‍' പ്രതിഭാസം എന്ന് വിളിക്കുന്നത്. മറ്റു പല വൈറസുകളെപ്പോലെ തന്നെ, ഈ രോഗമുണ്ടാക്കുന്ന വൈറസിന്റെയും പ്രഭവം വവ്വാലുകളില്‍ നിന്നുതന്നെയാണ്.
വന്യതയില്‍ നമുക്കജ്ഞാതമായ അനേകം സൂക്ഷ്മാണുക്കളുണ്ട്. അവയുടെ നിലനില്‍പ്പിലോ, ജീവിതചക്രത്തിലോ മനുഷ്യന് ഒരു ഘടകമല്ല.
ഇങ്ങനെ മനുഷ്യനില്‍ എത്തുന്ന രോഗാണുക്കള്‍, ആ വ്യക്തിയില്‍ മാത്രം അസുഖമുണ്ടാക്കിയോ, അല്ലെങ്കില്‍ രോഗം ഉണ്ടാക്കാന്‍ സാധിക്കാതെയോ ഒടുങ്ങുകയാണ് പതിവ്. എന്നാല്‍, അത്യപൂര്‍വമായി ചിലവ, മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് ഫലപ്രദമായി ചാടിക്കടക്കാനുതകുന്ന ജനിതകമാറ്റങ്ങള്‍ നേടിയവയായിരിക്കും.
അവ, ഈ ആധുനിക യുഗത്തിലും, മനുഷ്യന് സൃഷ്ടിച്ച അതിര്‍ത്തി ഭേദിച്ച് മുന്നേറാന്‍ കെല്പുള്ളവയായി മാറാം. വലിയ ഭൂപ്രദേശങ്ങള്‍ കൈയേറുന്ന ഇത്തരം പകര്‍ച്ചവ്യാധികളെ 'പാന്‍ഡമിക്' എന്നു വിളിക്കും. കോവിഡ്- 19 എന്ന കൊറോണ ഗ്രൂപ്പിലെ ഈ ജന്തുജന്യവൈറസ്, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍, ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ പാന്‍ഡമിക്ക് ആയി ഇതിനകം മാറിയിരിക്കുന്നു.
രോഗവ്യാപനത്തിന്റെ പാത

മുന്പ്രതിരോധശേഷിയില്ലാത്ത സമൂഹത്തില്‍ ഒരു പുതിയ രോഗാണു എത്തിപ്പെട്ടാല്‍, അത് എങ്ങനെ മുന്നോട്ടുപോവും എന്നതിന് കൃത്യമായ പാതയുണ്ട്. വ്യാപനനിരക്ക് (R0) ഒന്നില്‍ അധികമുള്ള സാംക്രമികരോഗങ്ങള്‍, പെട്ടെന്ന് പടരുകയും, നല്ലൊരു ശതമാനത്തോളം ജനസംഖ്യയെ ബാധിക്കുകയും ചെയ്യും.
വ്യാപനനിരക്ക് (R0) എന്നാല്‍, ഒരു രോഗിക്ക്, ചുറ്റിലുമുള്ള എത്രപേര്‍ക്ക് ഈ അസുഖം പടര്‍ത്താനുള്ള കഴിവുണ്ട് എന്നതിന്റെ തോതാണ്.
ആ സമൂഹത്തില്‍, എഴുപത് ശതമാനമാളുകള്ക്കെങ്കിലും, രോഗം വന്ന് മാറിപ്പോയാല്‍, അവരുടെ കൂട്ടായ ആര്‍ജ്ജിതപ്രതിരോധം (herd immunity), രോഗാണുവിന്റെ തുടര്‍ന്നുള്ള പകര്‍ച്ചയെ തടയും.
കോവിഡ്- 19 എന്ന നൂതന വൈറസ്, വിജയകമായി ഭൂഖണ്ഡങ്ങള്‍ തന്നെ താണ്ടുന്നത്, അതിന്റെ ഉയര്‍ന്ന വ്യാപനനിരക്കും (R0<3) , താരതമ്യേന കുറഞ്ഞ മരണനിരക്കും (2 - 3%) കൊണ്ടാണ്.
ഇതാണ് പകര്‍ച്ചവ്യാധികളില്‍ കാണുന്ന ആരോഹണാവരോഹണ മാതൃകയുടെ പിന്നിലെ ശാസ്ത്രം. വ്യാപനനിരക്കോളം പ്രധാനമാണ് മരണനിരക്കും.
90 ശതമാനത്തിലധികം മരണനിരക്കുള്ള ഒരു രോഗത്തിന്, അതുണ്ടാക്കുന്ന രോഗാണുവിനെ സംബന്ധിച്ച്, അതിന്റെ നിലനില്‍പ്പ് തന്നെ ബുദ്ധിമുട്ടാണ്. രോഗബാധിതരില്‍ ഭൂരിഭാഗവും പെട്ടെന്ന് മരിച്ചാല്‍, ആ രോഗാണുവും, അടുത്ത ഇരയിലേക്കെത്താനാവാതെ ഒടുങ്ങും.
ഉദാഹരണത്തിന്, നിപ പോലെ കുറഞ്ഞ വ്യാപനനിരക്കും (R0 <0.5), ഉയര്‍ന്ന മരണനിരക്കുമുള്ള (>95%) പകര്‍ച്ചവ്യാധികള്‍, ചെറിയ കാലയളവ് കൊണ്ട് സ്വയം കെട്ടടങ്ങും. എന്നാല്‍ കോവിഡ്- 19 എന്ന ഈ നൂതന വൈറസ്, വിജയകമായി ഭൂഖണ്ഡങ്ങള്‍ തന്നെ താണ്ടുന്നത്, അതിന്റെ ഉയര്‍ന്ന വ്യാപനനിരക്കും (R0<3) , താരതമ്യേന കുറഞ്ഞ മരണനിരക്കും (2 - 3%) കൊണ്ടുമാണ്.
ഇറ്റലി, സ്പെയിന്, അമേരിക്ക- ഒരു തിരിച്ചടിയുടെ കഥ

മുന്‍പ് ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ലാത്തതുകൊണ്ടുതന്നെ, ഓരോ രാജ്യവും ഓരോ രീതിയിലാണ് കൊറോണയ്ക്കെതിരെ, പ്രതിരോധതന്ത്രം സ്വീകരിച്ചിരിക്കുന്നത്. വര്‍ഷാവര്‍ഷം വരുന്ന 'ഫ്ളൂ' വൈറസ് പോലെ കോവിഡും, വന്നുപോകും എന്ന് പ്രതീക്ഷിച്ച്, തുടക്കത്തില്‍ ജാഗ്രത പാലിക്കാത്ത രാജ്യങ്ങളാണ് ഇറ്റലി, സ്പെയിന്, അമേരിക്ക എന്നിവ.
ഒരു പ്രതിരോധമാര്‍ഗവും സ്വീകരിക്കാതെ, പകര്‍ച്ചവ്യാധിയുടെ തരംഗം, തങ്ങളുടെ ജനതയിലൂടെ കടന്നുപോകാന്‍ അനുവദിച്ചാല്‍, നല്ലൊരു ശതമാനം ആളുകളും പ്രതിരോധം ആര്‍ജ്ജിക്കുമെന്നും, രോഗം ക്രമേണ പിന്‍വലിയുമെന്നുമുള്ള ആശയത്തിലാണ്, യു.കെ പോലുള്ള ചില രാജ്യങ്ങള്‍, ഇതിനെ നേരിടാന്‍ ആദ്യം തീരുമാനിച്ചത്.
ഇത് തത്വത്തില്‍ ശരിയായ സിദ്ധാന്തം ആണെങ്കിലും, ഇറ്റലിയില്‍ ഈ സമീപനത്തിന് ലഭിച്ചത്, കനത്ത തിരിച്ചടിയാണ്.
വര്‍ഷാവര്‍ഷം വരുന്ന 'ഫ്ളൂ' വൈറസ് പോലെ കോവിഡും, വന്നുപോകും എന്ന് പ്രതീക്ഷിച്ച്, തുടക്കത്തില്‍ ജാഗ്രത പാലിക്കാത്ത രാജ്യങ്ങളാണ് ഇറ്റലി, സ്പെയിന്, അമേരിക്ക എന്നിവ.
കോവിഡ് രോഗം ബാധിച്ചവരില്‍, ആകെ മരണനിരക്ക് രണ്ടു ശതമാനത്തില്‍ താഴെ ആണെന്ന നിരീക്ഷണം പൊതുവില്‍ അംഗീകരിക്കപ്പെട്ട സമയത്താണ്, ഇറ്റലിയില്‍ ഒരു രാജ്യത്തിന്റെ എല്ലാ ആരോഗ്യ സംവിധാനങ്ങളെയും തളര്‍ത്തുന്ന നിരക്കില്‍ രോഗം പടര്‍ന്നതും, രോഗബാധിതരായ വയോജനങ്ങള്‍, അത്യാസന്നനിലയില്‍ ആശുപത്രിയിലേക്ക് ഒഴുകിയതും.
ഒരു രാജ്യത്തിന്റെ പ്രായവിഭജനം, ഈ രോഗത്തിന്റെ ഗതിയില്‍, എത്ര നിര്‍ണായകമാണെന്നത് അപ്പോഴാണ് ലോകം തിരിച്ചറിഞ്ഞത്. 80 വയസ് കഴിഞ്ഞവരില്‍ പത്ത്- ഇരുപത് ശതമാനം വരെ മരണനിരക്ക് അവിടെ റിപ്പോര്‍ട്ട് ചെയ്തു.
ഇറ്റലിയുടെ ജനസംഖ്യയില്‍ 22 ശതമാനത്തോളവും പ്രായമേറിയവരാണ് എന്ന വസ്തുതയാണ് ഇവിടെ നിര്‍ണായകമായത്. ഇതുകണ്ട യു.കെ പോലുള്ള രാജ്യങ്ങള്‍, ഉടന്‍ പ്രതിരോധ തന്ത്രത്തില്‍ മാറ്റം വരുത്തി. അവര്‍ ജനസമ്പര്‍ക്കത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നു.
ദക്ഷിണ കൊറിയന്‍ അനുഭവം
ദക്ഷിണ കൊറിയയാണ് രോഗനിയന്ത്രണ തന്ത്രത്തില്‍ വിജയിച്ചു എന്ന് കണക്കാക്കാവുന്ന ഒരു രാജ്യം. രോഗബാധിതരുടെ ശരാശരി പ്രായം കൂടുതലുള്ള ഇറ്റലിയിലെ മരണനിരക്ക് കൂടുതലായിരുന്നുവെങ്കില്‍, രോഗം ബാധിച്ചവരുടെ ശരാശരി പ്രായം തീരെ കുറവായ ദക്ഷിണ കൊറിയയില്‍, മരണനിരക്കും തീരെ കുറവാണ്.
ദക്ഷിണ കൊറിയയാണ് രോഗനിയന്ത്രണ തന്ത്രത്തില്‍ വിജയിച്ചു എന്ന് കണക്കാക്കാവുന്ന ഒരു രാജ്യം. രോഗം ബാധിച്ചവരുടെ ശരാശരി പ്രായം തീരെ കുറവായ ദക്ഷിണ കൊറിയയില്‍, മരണനിരക്കും തീരെ കുറവാണ്.
വിപുലമായി രോഗപരിശോധന നടത്തുന്ന കൊറിയ, ചെറിയ ലക്ഷണങ്ങള്‍ തുടങ്ങിയാല്‍ തന്നെ, 'ഡ്രൈവ് ഇന്‍' ബൂത്തു പോലെയുള്ള പരിശോധനകേന്ദ്രങ്ങളില്‍ വരാനുള്ള സംവിധാനം ഒരുക്കി. ഇവിടെ ജനങ്ങള്‍ക്ക് സ്വയം കാറിലെത്തി, ലളിതമായ പരിശോധന നടത്തി തിരിച്ച് വീടുകളിലേക്ക് പോകാവുന്ന സംവിധാനം വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പിന്നീട്, ഫലം അവരെ അറിയിക്കുകയും, ആവശ്യമുണ്ടെങ്കില്‍, സ്വയം ഐസൊലേഷനിലേക്ക് പോവുകയും ചെയ്യുന്ന രീതിയാണിവിടെ. സാങ്കേതിക പരിജ്ഞാനവും, മികവും, ഫലപ്രദമായി രോഗനിയന്ത്രണത്തിന് ഉപയോഗിക്കുന്ന രാജ്യം കൂടിയാണ് ദക്ഷിണ കൊറിയ.
സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകാതെ, ജനങ്ങളുടെ പൗരബോധത്തില്‍ വിശ്വാസമര്‍പ്പിച്ചുള്ള, സുതാര്യ സംവിധാനമാണ് ഇവിടെ. 'എത്ര പേരെ പരിശോധിക്കാമോ, അത്രയും പേരെ പരിശോധിക്കുക' എന്നത് തന്നെയാണ് ലോകാരോഗ്യസംഘടനയും രോഗനിയന്ത്രണത്തിന് മുന്നോട്ടുവെയ്ക്കുന്ന ആശയം.
'റിവേഴ്സ് ക്വാറന്റയിന്‍'
സ്വീഡനും, ഐസ്ലാന്‍ഡും ഇനിയും സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകാത്ത രാജ്യങ്ങളാണ്. പ്രായമായവരെ വീടുകളിലോ, വൃദ്ധമന്ദിരങ്ങളിലോ തന്നെ കഴിയുവാന്‍ പ്രേരിപ്പിച്ച്, മറ്റ് പ്രായത്തിലുള്ളവരെ സമൂഹത്തില്‍ സാധാരണ പോലെ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ അനുവദിക്കുന്ന സംവിധാനമാണ് രണ്ടുരാജ്യങ്ങളും പിന്തുടരുന്നത്.
പൂര്‍ണമായ ലോക് ഡൗണിലൂടെ, രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ തകര്‍ക്കാതെ, എന്നാല്‍ വയോജനങ്ങളുടെ മരണനിരക്ക് ഉണ്ടാക്കുന്ന ആഘാതം ഒഴിവാക്കാനുള്ള 'റിവേഴ്സ് ക്വാറന്റയിന്‍' എന്ന ആശയമാണ് അവര്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്.
ജര്‍മനിയിലും മുതിര്‍ന്ന പൗരന്മാര് വീടുകളില്‍ തന്നെ കഴിഞ്ഞുകൂടുവാനും, ചെറുപ്പക്കാര്‍ ചെറിയ നിയന്ത്രണങ്ങളോടെ സാധാരണ ജോലിക്ക് പോകുവാനുമുള്ള നിര്‍ദേശമാണ് നല്‍കിയിരുന്നത്. മരണനിരക്ക് ഇതുവരെ, ഈ രാജ്യങ്ങളില്‍ നിയന്ത്രണവിധേയമാണ്.
ഇന്ത്യയും കേരളവും
ഇന്ത്യയിലെ തന്നെ, ആദ്യ കോവിഡ് കേസുകള്‍ എത്തിച്ചേര്‍ന്നത് കേരളത്തിലായിരുന്നു. ചൈനയില്‍ നിന്ന് വന്ന മൂന്ന് കേസുകള്‍, കൃത്യമായി നിയന്ത്രിക്കുവാന്‍ കേരളത്തിന് സാധിച്ചു. പിന്നീടുള്ള കാലയളവില്‍, ഇറ്റലി, സ്പെയിന്, യു.കെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലൊക്കെ രോഗം വീശിയടിക്കുന്നത് നിരീക്ഷിക്കുവാനും, അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുവാനും നമുക്ക് സമയം ലഭിച്ചു.
കണിശമായി നിയന്ത്രിച്ചില്ലെങ്കില്‍, ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യ പോലുള്ള രാജ്യത്ത്, അല്ലെങ്കില്‍ കേരളം പോലുള്ള സംസ്ഥാനത്ത്, ഉണ്ടാവാനിടയുള്ള പ്രത്യാഘാതം നമുക്ക് മുന്‍കൂട്ടി തിരിച്ചറിയാനായി.
രണ്ടാമത്, രോഗവിത്തുകള്‍ ഇവിടെയെത്തിയതിന്, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ, കേരളം പൂര്‍ണമായ ലോക്ഡൗണിലേക്ക് നീങ്ങി. മഹാരാഷ്ട്ര അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയും പൂര്‍ണമായ ലോക്ഡൗണിലായി.
ഈ രോഗത്തിന്, സമൂഹവ്യാപനം എന്നത് അനിവാര്യത തന്നെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ലോക്ഡൗണ്‍, സാമൂഹിക അകലം, കൈകളുടെ ശുചിത്വം, ചുമ മര്യാദ പാലിക്കുക എന്നിവയിലൂടെ വ്യാപനനിരക്ക് സാവകാശപ്പെടുത്താന് സാധിക്കും.
നമ്മുടെ ആരോഗ്യസംവിധാനത്തിന് താങ്ങാവുന്ന നിരക്കില്‍ മുന്നോട്ടു പോകാന്‍ സാധിക്കുക എന്നതാണ്, ഇതിനു പിന്നിലെ യുക്തി.
കേരളത്തില്‍ ക്വാറന്റയിന്‍ പാലിക്കാതെ, സമൂഹത്തില്‍ ഇടപഴകിയ കേസുകളില്‍ നിന്ന് ഭയപ്പെട്ടതുപോലുള്ള, സ്ഫോടനാത്മക പകര്‍ച്ചാനിരക്ക് ഇവിടെ ദൃശ്യമായില്ല. രോഗവ്യാപനത്തെ ബാധിക്കുന്ന, ഏതെങ്കിലും അജ്ഞാതഘടകങ്ങള്‍ ഇവിടെയുണ്ടോ എന്നത് കൂടുതല്‍ പഠിക്കേണ്ടതുണ്ട്.
എന്നാല്‍ വരും ആഴ്ചകള്‍, കേരളത്തെ സംബന്ധിച്ച് നിര്‍ണായകമാണ്.
ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് അനേകം പേര്, ലോക്ഡൗണിനുതൊട്ട് മുമ്പത്തെ ആഴ്ചകളില്‍ എത്തിയിട്ടുണ്ട്. ഈ സമയത്ത് പല രാജ്യങ്ങളിലും പരക്കെ, സമൂഹ വ്യാപനം ഉണ്ടായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും, മറ്റു രാജ്യങ്ങളില്‍ നിന്ന് വന്നവരാണ് (imported cases).
ഇവരുമായി അടുത്തസമ്പര്‍ക്കം പുലര്‍ത്തിയവരിലാണ് രോഗം പിന്നീട് കണ്ടെത്തിയത്. പരസ്പരം ബന്ധമില്ലാത്ത, വിദേശത്ത് നിന്നുവന്ന രോഗികളാണ് ഭൂരിഭാഗവും എന്നതുകൊണ്ടുതന്നെ, ദിനംപ്രതി കൂടുന്ന നിരക്കുകള്‍, രോഗം പെരുകുന്ന നിരക്കായി ഇപ്പോള്‍ കാണാനാവില്ല. എന്നാല്‍ ഇനി രോഗനിരക്ക് എങ്ങനെ മുന്നോട്ടു പോകുന്നു എന്നത് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്.
കൊറോണയും കടന്നുപോകും, ഭീതി കരിഞ്ഞുപോകും
ലോക്ഡൗണ്‍ കാലയളവ് കഴിയുന്നതിനുമുന്പ്, മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവരിലെ രോഗലക്ഷണം കണ്ടെത്തുവാനും, കൃത്യമായി ഐസൊലേറ്റ് ചെയ്യാനും സാധിച്ചാല്‍, സമൂഹ വ്യാപനം തത്വത്തില്‍ തടയാം. എന്നാല്‍, ലോക്ഡൗണ്‍ കഴിയുന്നതോടെ, ചെറിയ രീതിയിലെങ്കിലും രോഗപകര്‍ച്ചയുടെ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്.
ലോക്ഡൗണ്‍ കഴിയുന്നതോടെ, ചെറിയ രീതിയിലെങ്കിലും രോഗപകര്‍ച്ചയുടെ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. ലോക്ഡൗണ്‍ അനന്തമായി തുടരുന്നത്, ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാനാവുന്നതല്ല.
ലോക്ഡൗണ്‍ അനന്തമായി തുടരുന്നത്, അതും പ്രത്യേകിച്ച് ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാനാവുന്നതല്ല.
അന്നന്നുള്ള അന്നം നേടുന്ന ജനങ്ങളാണ് ഈ രാജ്യത്ത് ഭൂരിഭാഗവും. കൊറോണയേക്കാള്‍ പട്ടിണിമരണങ്ങളെ ഭയക്കേണ്ടുന്ന സാഹചര്യം സംജാതമായേക്കാം. അതിനാല്‍, ലോക്ഡൗണ്‍ നീക്കുമ്പോള്‍ സ്വീകരിക്കേണ്ട രോഗപ്രതിരോധ തന്ത്രങ്ങള്‍ കൃത്യമായി മുന്‍കൂട്ടി ആവിഷ്കരിച്ചിരിക്കണം.
'ഹൈ റിസ്ക്' വിഭാഗങ്ങളായ 60 വയസ്സില്‍ കൂടുതലുള്ളവരും, മറ്റു അനുബന്ധ രോഗങ്ങള്‍ ഉള്ളവരും, വീടുകളില്‍ കഴിഞ്ഞുകൂടാന്‍ ശ്രദ്ധിക്കണം. സമൂഹ വ്യാപനം ഉണ്ടാകുന്ന സാഹചര്യം വന്നാല്‍ പോലും, ഇങ്ങനെ ചെയ്യുന്ന 'റിവേഴ്സ് ക്വാറന്റയിന്‍' വഴി, ഗുരുതര രോഗാവസ്ഥയിലേക്ക് പോകുന്നവരുടെയും, രോഗത്തിന് അടിപ്പെടുന്നവരുടെയും എണ്ണം ഗണ്യമായി കുറക്കാനാകും.
15 ശതമാനമാണ്, ഇന്ത്യയില്‍ വയോജനങ്ങളുടെ ജനസംഖ്യ. കൂട്ടുകുടുംബങ്ങളും, മൂന്നു തലമുറകള്‍ ഒരു വീട്ടില്‍ തന്നെ കഴിയുകയും ചെയ്യുന്ന നമ്മുടെ സാമൂഹ്യസാഹചര്യങ്ങളില്‍, എത്ര കര്‍ശനമായി 'റിവേഴ്സ് ക്വാറന്റയിന്‍' നടപ്പാക്കാനാവും എന്നതും പ്രശ്നം തന്നെയാണ്.
ലോക്ഡൗണിനുശേഷമുള്ള കാലയളവ്, ഇന്ത്യക്കും കേരളത്തിനും ഒരുപോലെ നിര്‍ണായകമാണ്. ഈ സമയത്തെ ആസൂത്രണവും, രോഗപ്രതിരോധ തന്ത്രവും രാജ്യത്തിന്റെ ഗതി തന്നെ മാറ്റിയേക്കാം. കോളറ, പ്ളേഗ്, സ്പാനിഷ് ഫ്ളൂ എന്നിങ്ങനെ ലോകം മുഴുവന്‍ വീശിയടിച്ച് മരണം കൊയ്ത അനേകം പകര്‍ച്ചവ്യാധികള്‍ക്ക് മനുഷ്യരാശി സാക്ഷിയായിട്ടുണ്ട്. അവയില്‍ പലതും, ഇതിലും ഭീകരവും, മാരകശേഷിയുള്ളവയും ആയിരുന്നു. ഇതിനൊക്കെ ശേഷവും, ജനജീവിതം സാധാരണ പോലെയാവുകയും, ലോകം മുന്നോട്ടു പോവുകയും ചെയ്തിട്ടുണ്ട്. കോറോണയും, വൈകാതെ ചരിത്രത്തിലെ ഏതാനും ഏടുകള്‍ മാത്രമായി ചുരുങ്ങും, ഭീതിയുടെ ഈ കാലഘട്ടം വൈകാതെ കഴിഞ്ഞുപോവുക തന്നെ ചെയ്യും.
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന് എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന് കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
രാകേഷ് കെ.പി
Dec 16, 2020
10 Minutes Read
Deepak kumar
11 Apr 2020, 10:37 PM
👍