അമ്മ റോസ്​ലിനെതിരെ ആക്രോശിക്കുന്നവർ സ്ത്രീകളുടെ സമരചരിത്രം മറക്കരുത്

ങ്ങനാശ്ശേരി മാടപ്പള്ളിൽ കെ റയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത അമ്മ റോസ്​ലിന്​ (ജിജി ഫിലിപ്പ്) എതിരെ കുഞ്ഞിനെ സമരരംഗത്ത് കൊണ്ടുവന്നുവെന്ന പേരിൽ കേസെടുത്തിരിക്കുകയാണ്​. സ്വന്തം ഭൂമിയുടെ കയ്യാലയിൽ നിന്നാണ് റോസ്​ലിനെയും മകൾ സോമിയയെയും പുരുഷപോലീസുകാർ ഉൾപ്പടെയുള്ളവർ ചേർന്ന് വലിച്ചിഴക്കുന്നത്. വലിച്ചിഴച്ചവരിൽ പലർക്കും നെയിംപ്ലേറ്റുണ്ടായിരുന്നില്ല. സാധാരണ പോലീസ് ഉപയോഗിക്കുന്ന ഹെൽമറ്റല്ല, ടൂവീലർ ഹെൽമറ്റാണ് അവർ ഉപയോഗിച്ചിരുന്നത്. അതായത് യഥാർത്ഥ പോലീസ് തന്നെയാണോ ഈ ആക്ഷനിൽ പങ്കെടുത്തവർ എന്നുറപ്പാക്കുവാനാകാത്ത അവസ്ഥ.

കുഞ്ഞിന്റെ മുന്നിൽ പോലും പോലീസ് ഉദ്യോഗസ്ഥൻ ആക്രോശിക്കുന്നതും കുഞ്ഞിനെ രക്ഷിക്കുന്നത് നാട്ടുകാരാണെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഈ അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കോ ഇത്തരമൊരു ആക്രമണത്തിന് ഉത്തരവിട്ടവർക്കോ എതിരെ ഇതുവരെ എന്തെങ്കിലും നടപടിയുണ്ടായോ എന്ന് വ്യക്തമല്ല. അതായത് വാദിയെ പ്രതിയാക്കുകയാണുണ്ടായത്. പൊലീസിന്റെ നിഷ്ഠൂരതയെ മറച്ചുപിടിക്കാൻ റോസ്​ലിന്റെ കുട്ടിയെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴുളള കേസ്.

മാടപ്പള്ളിയിൽ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ കെ റെയിൽ വിരുദ്ധ പ്രതിഷേധക്കാരായ 150 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കല്ലിടാനെത്തിയ ഉദ്യോഗസ്​ഥസംഘം തിരിച്ചുപോയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാണ് ഒരു കൂട്ടം സ്ത്രീകൾ മണ്ണെണ്ണ കുപ്പികൾ ഉയർത്തി ഭീഷണി മുഴക്കിയത്. ഇതോടെ, സ്ഥലത്ത് സ്ഥിതി സങ്കീർണമായി. തുടർന്ന് മുൻനിരയിൽ ഉണ്ടായിരുന്ന നാല് സ്ത്രീകളടക്കം 23 പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കൊപ്പം കുട്ടികളുമുണ്ടായിരുന്നു. മാതാപിതാക്കളെ കൈയ്യേറ്റം ചെയ്യുന്നത് കണ്ട കുട്ടികൾ പൊട്ടിക്കരഞ്ഞു. മണ്ണെണ്ണ കുപ്പികൾ ഉയർത്തി സ്ത്രീകൾ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ പോലീസ് ഇവരെ ബലംപ്രയോഗിച്ച് നീക്കി.

മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കുന്നതിനിടെ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയുടെ കണ്ണിൽ മണ്ണെണ്ണ വീണതായും കാഴ്ചയ്ക്ക് തകറാറ് പറ്റിയതായും പൊലീസ് പറയുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണിലാണ് മണ്ണെണ്ണ വീണത്. ജിജി ഫിലിപ്പ് അടക്കം കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ് കേസ്. കല്ലുകൾ പിഴുതെറിയുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. കല്ല് പിഴുതെറിയുന്നവർക്കെതിരെ പൊലീസ് കേസ് എടുക്കും, പിഴയും ഈടാക്കും.

അമ്മ റോസ്​ലിനെതിരായ ആരോപണങ്ങൾ സംഭവദിവസം വൈകുന്നേരം മുതൽ സമരവിരുദ്ധ കേന്ദ്രങ്ങളിൽ നിന്നും പ്രചരിച്ചു തുടങ്ങിയിരുന്നു. കുഞ്ഞുമായി സമരത്തിന് വന്നുവെന്നും കുഞ്ഞുങ്ങളെ പരിചയാക്കി എന്നുമുളളതായിരുന്നു അത്.

തങ്ങളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ജിജി ഫിലിപ്പ് വൻ പ്രതിഷേവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ആദ്യമേ ഭീഷണി മുഴക്കിയിരുന്നതായി അവർ പറഞ്ഞു. പുരുഷ പൊലീസിന്റെ നിർദ്ദേശമനുസരിച്ച് കാലിലും കയ്യിലും തൂക്കി വലിച്ചിഴച്ചുവെന്ന് ജിജി പറഞ്ഞു. സ്ത്രീയെന്ന പരിഗണന പോലും പൊലീസിന്റെ ഭാഗത്ത് നിന്നും തനിക്ക് ലഭിച്ചില്ല. താനുൾപ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസുകാർ ക്രൂരമായാണ് ആക്രമിച്ചത്. കുഞ്ഞുങ്ങളെ സമരത്തിന് വേണ്ടി കവചങ്ങളാക്കിയിട്ടില്ല. അത്തരം ആരോപണങ്ങൾ തെറ്റാണ്. കുഞ്ഞിനെ മനപ്പൂർവ്വം സമരരംഗത്തേക്ക് എത്തിച്ചതല്ല. വീട്ടിന് മുന്നിൽ കല്ലിടാൻ വന്നാൽ അത് പറിച്ചെറിയുമെന്നും സ്ത്രീകൾ ഉൾപ്പടെയുള്ള സമരക്കാരെ പൊലീസ് അതിക്രൂരമായാണ് റോഡിലൂടെ വലിച്ചിഴച്ചതെന്നും ജിജി പറയുന്നു.

തന്നെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ എട്ടുവയസ്സുകാരി സോമിയ അവിടേക്ക് ഓടിയെത്തുകയായിരുന്നു. അന്നത്തെ സംഭവത്തിന് പിന്നാലെ രാത്രികളിൽ കുഞ്ഞ് അമ്മയെവിടെയെന്ന് ചോദിച്ച് കരയുകയാണ്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കുന്ന ട്രോമ വളരെ വലുതാണെന്നും ജിജി ഫിലിപ്പ് പറഞ്ഞു. കുട്ടി തന്നെ കാണാതെ അന്വേഷിച്ച് വന്നതായിരിക്കാം. പെൺകുഞ്ഞ് അമ്മയുടെ കൂടെയല്ലാതെ പൊലീസുകാർക്കൊപ്പമാണോ നിൽക്കേണ്ടത്. അതിന്റെ പേരിൽ പൊലീസ് കേസെടുക്കുകയാണെങ്കിൽ സമൂഹത്തിലെ മാതാപിതാക്കളെ സമൂലം ഉന്മൂലനം ചെയ്യണം. അമ്മയില്ലാതെ കുഞ്ഞിനെ മറ്റൊരാളുടെ കൂടെ പാർപ്പിക്കാനുള്ള സാഹചര്യമാണോ കേരളത്തിലേതെന്നും ജിജി ചോദിച്ചു. കെ റെയിൽ സർവ്വേ കല്ല് സ്ഥാപിക്കാൻ പൊലീസെത്തിയ സമയത്ത് വീടിന്റെ ഗേറ്റ് അടച്ച് പുറത്തേക്ക് നിന്നു. ഈ സമയത്ത് പുരുഷ പൊലീസെത്തി തോളിൽ കയ്യിട്ട് വലിച്ച് സ്ത്രീ പൊലീസുകാർക്കിടയിലേക്കിട്ടുകൊടുക്കുകയായിരുന്നു. കുട്ടി എപ്പോഴാണ് ഇതിനിടയിലേക്ക് വന്നതെന്നെനിക്കറിയില്ലെന്നും ജിജി പറഞ്ഞു.

മാത്രമല്ല, ജിജി സമരരംഗത്ത് എത്തിയതിനുപിന്നിൽ നിരവധി കടുത്ത യാഥാർഥ്യങ്ങളുണ്ട്. വിദേശത്തുപോയി ചോര നീരാക്കി നിർമ്മിച്ച വീടാണ് അവരുടേത്. കെ റെയിൽ വന്നാൽ പദ്ധതി യാഥാർത്ഥ്യമായാൽ പുരയിടവും നഷ്ടമാവും. ലോണെടുത്ത് നിർമ്മിച്ച കട കൊണ്ടാണ് താൻ ജീവിക്കുന്നത്. അത് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നാണ് അവരുടെ പക്ഷം. നഷ്ടപരിഹാരത്തുകയായി എത്ര കോടി തന്നാലും സ്വീകരിക്കില്ലെന്നും അവർ ഉറപ്പിച്ചു പറയുന്നു.

സമരചരിത്രങ്ങളിലെ സ്​ത്രീകൾ

കുഞ്ഞുമായി സമരത്തിന് വന്നുവെന്ന ആരോപണം ഉന്നയിക്കുകയും കേസെടുക്കുകയും ചെയ്യുന്നവർ നിരാകരിക്കുന്നത് ഇന്ത്യൻ സ്ത്രീത്വത്തിന്റെ തന്നെ അഭിമാനകരമായ ചില ചരിത്രവ്യക്തിത്വങ്ങളെയാണ്.

ഒന്നാമത്തേത് ത്സാൻസി റാണിയാണ്. കുഞ്ഞിനെ ശരീരത്തോട് ചേർത്തു കെട്ടി ഉടവാളുമായി ബ്രിട്ടീഷ്‌കാർക്കെതിരെ പോരാടിനിറങ്ങിയ റാണി ലക്ഷ്മിഭായിയുടെ ചിത്രം മറന്നുപോകുവാൻ പാടില്ലാത്തതാണ്.

സാൻഡേഴ്‌സൺ വധത്തിന് ശേഷം ഭഗത്‌സിംഗും സഖാക്കളും വേഷപ്രച്ഛന്നരായി നടത്തിയ യാത്രയിൽ നിർണായകമായ സംഭാവന ചെയ്തത് മകനുമായി അവരോടൊപ്പം ചേർന്ന ദുർഗ്ഗാഭാബിയാണ്. അത്യന്തം സാഹസികമായ ആ യാത്രയിൽ നാടൻ സായിപ്പായി വേഷം മാറിയ ഭഗത്‌സിംഗിന്റെ ഭാര്യയായി അഭിനയിക്കുവാൻ തീരുമാനിച്ച ആ ധീരവനിതയുടെ കൈയിൽ അവരുടെ കുഞ്ഞുമുണ്ടായിരുന്നു. ആ യാത്രയിൽ പിടിക്കപ്പെട്ടാൽ ഗുരുതരമായ ഭവിഷത്തുകൾ ഉറപ്പായിരുന്നു. പക്ഷേ, സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ട് അവരേറ്റെടുത്ത ഉത്തരവാദിത്വം അഭിമാനത്തോടെയാണ് ഇന്ത്യൻ ചരിത്രം രേഖപ്പെടുത്തുന്നത്.

എ.വി.കുട്ടിമാളുവമ്മ. നിസ്സഹരണ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ പേരിൽ രണ്ട് മാസമുളള കുഞ്ഞുമായി ജയിൽവാസമനുഭവിച്ച സ്വതന്ത്ര്യസമരസേനാനി. ഇത്തരത്തിൽ എത്രയെത്ര അമ്മമാരുടെ ധീരോജ്ജ്വലമായ സംഭാവനകളാൽ സമ്പന്നമാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം.

വിളപ്പിൽ ശാലയിലെ ബുർഹാൻ

വിളപ്പിൽശാലയിലെ മാലിന്യ നിക്ഷേപത്തിനെതിരായ സമരത്തിന്റെ നിർണ്ണായക ദിനങ്ങളിൽ സമരനേതാവ് ബുർഹാനും അദ്ദേഹത്തിന്റെ ഭാര്യ ആമിനയും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുമായി മുൻനിരയിൽ നിലയുറപ്പിച്ചിരുന്നു. വിളപ്പിൽശാലയിലെ സമരത്തെ പൊതുശ്രദ്ധയിൽ കൊണ്ടുവന്നത് ബുർഹാനും കുടുംബവുമാണ്. പൂന്തോട്ടം നിർമിക്കാനായാണ് സ്ഥലമെടുക്കുന്നതെന്ന് പ്രദേശ വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് നഗരസഭ വിളപ്പിൽ ശാലയിലെ താഴ്വര ഏറ്റെടുത്തത്. പിന്നീട് ഇവിടേക്ക് രാത്രി കാലങ്ങളിൽ നഗരത്തിലെ മാലിന്യവുമായി ചവർ ലോറികൾ വരാൻ തുടങ്ങി. പിന്നീട് രോഗങ്ങളാൽ പ്രദേശ വാസികൾ ബുദ്ധിമുട്ടാൻ തുടങ്ങിയതോടെയാണ് ചവർ ഫാക്ടറിയുടെ അപകടം ഇവർ മനസ്സിലാക്കിത്തുടങ്ങിയത്. ഇതോടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ സമരരംഗത്തേക്കുവന്നത്.

ഷഹീൻബാഗ് സമരത്തിന്റെ അവസരത്തിൽ പനി ബാധിച്ച് മരണമടഞ്ഞ മുഹമ്മദ് ജഹാന്റെ ഉമ്മ നസിയയ്‌ക്കെതിരായ അധിക്ഷേപത്തെ കേരളത്തിന്റെ ഇടതുമനസ്സാക്ഷി ഒന്നിച്ചു പ്രതിരോധിച്ചിരുന്നു.

ഇതെല്ലാം മറന്നു കൊണ്ട് റോസ്ലിനെ മഹാപരാധിയായി ചിത്രീകരിക്കുവാനുളള ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്. റോസ്ലിൻ കുഞ്ഞിനെ മുൻനിശ്ചയപ്രകാരം പോലീസ് ആക്ഷനിലേക്ക് കൊണ്ടുവന്നതല്ല. സ്വന്തം കുഞ്ഞിനൊപ്പം സ്വന്തം ഭൂമിയിൽ നിന്ന അമ്മയെ പോലീസ് അങ്ങോട്ട് ചെന്ന് ആക്രമിച്ചതാണ്.

മറ്റൊന്ന്, കുഞ്ഞുണ്ടെങ്കിൽ സമരം ചെയ്യുന്നത് കുറ്റകരമാണെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കൾ പ്രചരിപ്പിക്കുന്നത് ഹീനമായ നടപടിയാണ്. സമരത്തിൽ സ്ത്രീകളെയടക്കം അറസ്റ്റ് ചെയുന്നത് ആദ്യ സംഭവമല്ലെന്നും പൊലീസിനെ ആക്രമിച്ചാൽ ഇടപെടലുണ്ടാകുമെന്നുമാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ക്രമസമാധാന പ്രശ്‌നമുണ്ടാകാതെ നോക്കേണ്ടത് പൊലീസിന്റെ ജോലിയാണ്. പദ്ധതി പ്രദേശത്തെ ജനങ്ങൾ സമരം ചെയ്താൽ അത് മനസ്സിലാകും. ജനങ്ങളുമായി സർക്കാർ യുദ്ധത്തിനില്ല. കുഞ്ഞുങ്ങളെ ബോധപൂർവം സമര രംഗത്ത് കൊണ്ടുപോകുന്നത് കാഴ്ചകൾ സൃഷ്ടിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

ഏതൊരു അമ്മയും കുഞ്ഞിന്റെ ക്ഷേമവും സൗഖ്യവുമാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ശരീരത്തിന്റെ ഒരു ഭാഗം പോലെ എല്ലായ്‌പ്പോഴും എവിടെയും കുഞ്ഞിനെ കൊണ്ടുപോകുവാൻ സ്ത്രീകൾ നിർബന്ധിതരാകുന്നത് ജീവിതസാഹചര്യങ്ങൾ മൂലമാണ്. കുഞ്ഞിനെയും നോക്കി വീട്ടിലിരുന്നോണമെന്നും കുഞ്ഞുമായി സമരത്തിന് വരുന്നത് പാതകമാണെന്നും സ്ത്രീകളോട് ആജ്ഞാപിക്കുന്നവർ ഇനിയും ഫ്യൂഡൽ മനോഭാവത്തിൽ നിന്നും പുറത്തുവന്നിട്ടില്ലായെന്നതാണ് വാസ്തവം. കൈയും വീശി സമരത്തിന് വരാനുള്ള പ്രിവിലേജ് ഇന്നാട്ടിൽ ചുരുക്കം സ്ത്രീകൾക്കേയുണ്ടാകുകയുളളൂ. അങ്ങനെയല്ലാത്ത സ്ത്രീകൾ സാമൂഹ്യവും രാഷ്ട്രീയവുമായ ഇടപെടലുകളിൽ നിന്നും മാറി നിൽക്കണം എന്ന് ആജ്ഞാപിക്കുവാൻ ആർക്കും അധികാരമില്ല.

ജീവിതത്തിലെ നിർണ്ണായകമായ ഘട്ടങ്ങളിൽ കുഞ്ഞു കൂടെയുണ്ടെന്നത് ഒരു പരിമിതിയായി കാണാതെ, സാമൂഹികമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തവരാണ് ത്സാൻസിറാണിയും ദുർഗ്ഗാഭാബിയും കുട്ടിമാളുവമ്മയും ഷഹീൻബാഗിലെ നസിയയും വിളപ്പിൽശാലയിലെയിലെ ആമിനയുമെല്ലാം. റോസ്ലിനെതിരെ ആക്രോശിക്കുന്നവർ തമസ്‌കരിക്കുന്ന ഈ ചരിത്രം ആത്മാഭിമാനമുളള സ്ത്രീത്വം ഏറ്റെടുക്കും.

Comments