ഒഴിവുവന്നത് 2463 സീറ്റ്; വിദ്യാർഥികൾക്ക് എം.ബി.ബി.എസ് വേണ്ടാതായോ?

എം.ബി.ബി.എസ് പ്രവേശനത്തിനുള്ള ഓൺലൈൻ കൗൺസിലിങ്ങിന്റെ അവസാന റൗണ്ട് 2020 ഡിസംബർ 29 ന് പൂർത്തിയായപ്പോൾ 2463 ഓളം സീറ്റുകൾ വിദ്യാർത്ഥികൾ പ്രവേശനം തേടാതെ ഒഴിവുവന്ന വാർത്ത ഒരു ചർച്ചയും ഉണ്ടാക്കിയില്ല. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിൽ മെഡിക്കൽ വിദ്യാഭ്യാസ- ചികിത്സ രംഗത്തുണ്ടായ മാറ്റങ്ങൾ ഒരു പരിധിവരെ വിദ്യാർത്ഥി സമൂഹത്തിനും, പൊതുസമൂഹത്തിനും മെഡിക്കൽ വിദ്യാഭ്യാസത്തോടുള്ള പ്രതിപത്തി കുറക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ലേഖകൻ

വർഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള ഓൺലൈൻ കൗൺസിലിങ്ങിന്റെ അവസാന റൗണ്ട് 2020 ഡിസംബർ 29 ന് പൂർത്തിയായപ്പോൾ 2463 ഓളം സീറ്റുകൾ വിദ്യാർത്ഥികൾ പ്രവേശനം തേടാതെ ഒഴിവുവന്ന വാർത്ത ഒരു ചർച്ചയും പൊതുസമൂഹത്തിൽ ഉണ്ടാക്കിയില്ലയെന്നത് അത്ഭുതമാണ്.

കഴിഞ്ഞ വർഷങ്ങളിൽവരെ വളരെയധികം ആവശ്യക്കാരുണ്ടായിരുന്ന പ്രൊഫഷണൽ കോഴ്സായിരുന്നു എം.ബി.ബി.എസ്. പഠന സിലബസിന്റെതായാലും, പ്രായോഗിക പരിശീലനത്തിന്റെതായാലും കാര്യത്തിൽ മറ്റേതു കോഴ്സുകളെക്കാളും കഠിനമായ സിലബസ് തന്നെയാണ് എം.ബി.ബി.എസിന്റേത്. ഇന്ത്യയിൽ 542 മെഡിക്കൽ കോളേജുകളും 64 മെഡിക്കൽ പി.ജി. ഇൻസ്റ്റിറ്റ്യൂട്ടുകളുമാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്തുള്ളത്. ഇതിൽ 280 എണ്ണം സർക്കാർ മേഖലയിലും (42,565 സീറ്റ്), ബാക്കി സ്വകാര്യ മേഖലയിലുമാണ്. ആകെ മെഡിക്കൽ സീറ്റുകളുടെ എണ്ണം 84,312.

ആസാമിലെ കാര്യമെടുക്കാം. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളുടെ രണ്ടാം റൗണ്ട് അഖിലേന്ത്യ കൗൺസലിങ്ങും സ്‌റ്റേറ്റ് കൗൺസലിങ്ങിന്റെ ആദ്യ റൗണ്ടും പൂർത്തിയായപ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ പത്തുശതമാനത്തിലേറെ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആസാമിലെ ഏഴ് മെഡിക്കൽ കോളേജുകളിലുള്ള 15 ശതമാനം അഖിലേന്ത്യ ക്വാട്ടയിലേക്ക് പ്രവേശനത്തിന് സംസ്ഥാനത്തിനുപുറത്തുനിന്നുള്ളവർ താൽപര്യം കാണിക്കുന്നില്ല. സംസ്ഥാന ക്വാട്ടയിൽ തന്നെ 33 എം.ബി.ബി.എസ് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിക്കുന്നു. ഗുവാഹതി മെഡിക്കൽ കോളേജിൽ ഭൂരിപക്ഷം എം.ബി.ബി.എസ് സീറ്റും (28) ഒഴിഞ്ഞുകിടക്കുകയാണ്. ദിഫു മെഡിക്കൽ കോളേജ്- 17, ആസാം മെഡിക്കൽ കോളേജ്- 12, സിൽചാർ മെഡിക്കൽ കോളേജ്- 10 വീതം എം.ബി.ബി.എസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

ഡൽഹിയിൽ വിവിധ കാറ്റഗറികളിൽ അഞ്ച് എം.ബി.ബി.എസ് സീറ്റാണ് ഒഴിവുള്ളത്.

തമിഴ്‌നാട്ടിൽ 235 എം.ബി.ബി.എസ് സീറ്റാണ് ഒഴിവുള്ളത്- 146 എണ്ണം എൻ.ആർ.ഐ ക്വാട്ടയിലും 89 എണ്ണം മാനേജുമെന്റ്/പെയ്ഡ് ക്വാട്ടയിലും.

കർണാടകയിൽ 244 എം.ബി.ബി.എസ് സീറ്റ് ഒഴിവുണ്ട്- 75 എണ്ണം മാനേജുമെന്റ്/പെയ്ഡ് ക്വാട്ടയിലും 169 എണ്ണം എൻ.ആർ.ഐ ക്വാട്ടയിലും. സംസ്ഥാനത്ത് 7500 എം.ബി.ബി.എസ് സീറ്റാണുള്ളത്. ഈ വർഷം ദേവനഹള്ളി കോളേജിൽ 30, അനേകാൽ കോളേജിൽ 22, ബിദ്ദറഹള്ളി കോളേജിൽ 14 എം.ബി.ബി.എസ് സീറ്റുവീതമാണ് ഒഴിഞ്ഞുകിടക്കുന്നത്.

യു.പിയിൽ 62 എം.ബി.ബി.എസ് സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ രണ്ടെണ്ണം ഓപൺ ക്വാട്ടയിലാണ്.

ഗുവാഹതി മെഡിക്കൽ കോളേജിൽ ഭൂരിപക്ഷം എം.ബി.ബി.എസ് സീറ്റും (28) ഒഴിഞ്ഞുകിടക്കുകയാണ്. ദിഫു മെഡിക്കൽ കോളേജ്- 17, ആസാം മെഡിക്കൽ കോളേജ്- 12, സിൽചാർ മെഡിക്കൽ കോളേജ്- 10 വീതം എം.ബി.ബി.എസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിൽ മെഡിക്കൽ വിദ്യാഭ്യാസ- ചികിത്സ രംഗത്തുണ്ടായ മാറ്റങ്ങൾ ഒരു പരിധിവരെ വിദ്യാർത്ഥി സമൂഹത്തിനും, പൊതുസമൂഹത്തിനും മെഡിക്കൽ വിദ്യാഭ്യാസത്തോടുള്ള പ്രതിപത്തി കുറക്കുന്നതിന് കാരണമായിട്ടുണ്ട്.

എന്താണ് ആ മാറ്റങ്ങൾ?

1970- 2000 കാലഘട്ടത്തിൽ പൊതുമേഖലയിലായിരുന്നു ഭൂരിഭാഗം മെഡിക്കൽ സീറ്റം. വളരെ കുറഞ്ഞ സംസ്ഥാനങ്ങളിൽ, ഭൂരിഭാഗവും ദക്ഷിണേന്ത്യയിൽ, മാത്രമായിരുന്നു സ്വകാര്യ മേഖലയിൽ മെഡിക്കൽ കോളേജുകൾ ഉണ്ടായിരുന്നത്. അവ തന്നെയാകട്ടെ പഠന-ഗവേഷണ-ചികിത്സാരംഗങ്ങളിൽ തികച്ചും ഗണനീയമായ സ്ഥാനം അലങ്കരിക്കുന്നവയും ആയിരുന്നു. എന്നാൽ 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ (2000 നുശേഷം) മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സ്വകാര്യമേഖലയിൽ വളരെയധികം മെഡിക്കൽ കോളജുകൾക്ക് അനുമതി നൽകി. ഇവയാകട്ടെ ചുരുങ്ങിയ സംസ്ഥാനങ്ങളിൽ (കേരളം, കർണാടക, ആന്ധ്ര പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്) എന്നിവിടങ്ങളിൽ അസന്തുലിതമായി വിന്യസിക്കപ്പെടുകയും ചെയ്തു. മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളോ അദ്ധ്യാപകരുടെ എണ്ണമോ, പരിചയമോ എല്ലാം അപ്രസക്തമായി. ജനസംഖ്യാനുപാതമായി ഡോക്ടർമാരുടെ എണ്ണം കുറവാണെന്നത് (1:1000- ലോകാരോഗ്യ സംഘടനയുടെ ശുപാർശ) രാജ്യ- സംസ്ഥാന സർക്കാരുകളുടെ മുന്നിൽ കൂടുതൽ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകുന്നതിന് പ്രേരിപ്പിച്ചു.

മെഡിക്കൽകോളേജുകൾ ആരംഭിക്കുന്നതിന് മറ്റു പ്രൊഫഷണൽ കോളേജുകളെ അപേക്ഷിച്ച് കൂടുതൽ തുക മുതൽമുടക്കേണ്ടതും, അവിടെ നടക്കുന്ന അദ്ധ്യാപനത്തോടൊപ്പമുള്ള രോഗീചികിത്സയെ സ്ഥാപനത്തിനുവേണ്ടി ചെലവഴിച്ച തുകയിൽ നിന്ന് കുറച്ചു കാണാതെയുമുള്ള കണക്കുകൂട്ടലുകളും, ഇത്തരം സംരംഭങ്ങളെ അധികചെലവുള്ള കാര്യങ്ങളാക്കി കരുതാൻ സർക്കാരുകളെ പ്രേരിപ്പിച്ചു.

ജൂനിയർ ഡോക്ടർമാർക്ക് കുറഞ്ഞ ശമ്പളം

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ആദ്യമായി ഇന്ത്യയിൽ മോഡേൺ മെഡിസിൻ കൊണ്ടുവന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൂടെ പാശ്ചാത്യ ഡോക്ടർമാരും ഇന്ത്യയിലെത്തി. ആദ്യ മെഡിക്കൽ കോളേജ് ഇന്ത്യയിൽ നിലവിൽ വന്നത് 1835 ൽ അന്നത്തെ മദ്രാസിലാണ്. 1970 ൽ നിലവിൽ വന്ന ശ്രീവാസ്തവ കമ്മിറ്റിയും 1986 ലെ ബജാജ് കമ്മിറ്റിയും മെഡിക്കൽ വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിന് കാതലായ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചെങ്കിലും പലതും നടപ്പിലായില്ല. രാജ്യത്തെ ചികിത്സാ ആവശ്യത്തിനനുസരിച്ചുള്ള മെഡിക്കൽ വിദ്യാഭ്യാസമല്ല നിലവിലുള്ളത് എന്ന പ്രസ്തുത സമിതികളുടെ വിമർശനം പക്ഷെ ചെവിക്കൊള്ളാനാരുമുണ്ടായില്ല. കഴിഞ്ഞ ദശാബ്ദത്തിൽ ആരോഗ്യ- ചികിത്സ മേഖലയിൽ വന്ന മാറ്റങ്ങളും ഡോക്ടർ എന്ന പ്രൊഫഷനെ, ഡോക്ടർ എന്ന തൊഴിലിലേക്ക് മാറ്റുന്ന കാഴ്ചയാണ് നാം കണ്ടത്. വാർഷിക ബഡ്ജറ്റുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആരോഗ്യരംഗത്തിനു നീക്കിവെയ്ക്കുന്ന തുക തുച്ഛമായത് ഈ രംഗത്തെ പൊതുമേഖലയുടെ കാര്യക്ഷമത കുറയ്ക്കുകയും ജനങ്ങളുടെ ചികിത്സാചെലവ് കുറയ്ക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. പൊതുമേഖലാ ആരോഗ്യ സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള കുതിപ്പ് സാധ്യമാക്കാത്ത അവസ്ഥ സ്വകാര്യ-കോർപ്പറേറ്റ് മേഖലയുടെ തഴച്ചുവളരലിന് കാരണമായി. ഇന്ത്യയിൽ നഗര കേന്ദ്രീകൃത കോർപ്പറേറ്റ് ആശുപത്രി ശൃംഖലകളിൽ ജൂനിയർ ഡോക്ടർമാരുടെ ശമ്പളം തദ്ദേശീയമായ സർക്കാർ ആശുപത്രികളിലേതിനേക്കാൾ കുറവാണെന്നുകാണാം. ജോലിസമയം, മറ്റു സേവന- വേതന വ്യവസ്ഥകൾ എന്നിവ ഇവർക്ക് പലപ്പോഴും ബാധകമാകുന്നുമില്ല. അതുകൊണ്ടുതന്നെ ആശുപത്രിയിലെ മെഡിക്കൽ ഇതര വിഭാഗങ്ങളിലുള്ള ഓഫീസർമാരെക്കാളും കുറഞ്ഞ ശമ്പള വ്യവസ്ഥയാണ് ജൂനിയർ ഡോക്ടർമാർക്ക് ലഭ്യമാകുന്നത്. ഗ്രാമീണ മേഖലയിലാകട്ടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങി പ്രാക്ടീസ് ചെയ്യുന്നതിനുള്ള ആത്മവിശ്വാസം പുത്തൻ നിയമങ്ങൾ മൂലമുണ്ടായിട്ടുള്ള പ്രതിബന്ധങ്ങൾ മൂലം ഇല്ലാതാകുന്ന സാഹചര്യവുമുണ്ട്.

Photo: Unsplash

ഒരു ചെറിയ സ്വകാര്യ ക്ലിനിക്ക് പ്രവർത്തിക്കുന്നതിന് വിവിധ ലൈസൻസുകൾക്കുപുറമെ അഞ്ച് ജീവനക്കാർ ഉൾപ്പെടെയുള്ളവർ വേണമെന്ന് പുതുതായി നിലവിൽ വന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നിഷ്‌കർഷിക്കുന്നു. രോഗചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരെയുമുള്ള ആക്രമണങ്ങൾ ഒരളവുവരെ സ്വന്തവും സ്വതന്ത്രവുമായ പ്രൊഫഷണൽ പ്രാക്ടീസ് ചെയ്യുവാൻ കഴിയാത്ത ഒരവസ്ഥ സംജാതമാക്കുന്നുണ്ട്. കുടുംബ ഡോക്ടർ സങ്കൽപം യാഥാർത്ഥ്യമാകാതെ പോകുവാൻ ഇതു കാരണമാകും.

ആവശ്യകതയും, മത്സരവും കുറയുന്നു

ആശുപത്രി കേന്ദ്രീകൃത ചികിത്സയാണ് സുരക്ഷിതമെന്ന തോന്നൽ മെഡിക്കൽ സമൂഹത്തിൽ രൂഢമൂലമായിട്ടുണ്ട്. ബിരുദാനന്തര ബിരുദം നേടി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരായാലേ ഭാവിയിൽ ഗുണകരമാകൂ എന്ന വിശ്വാസം എം.ബി.ബി.എസ് ബിരുദം പൂർണമല്ല എന്ന തോന്നൽ യുവഡോക്ടർമാരിൽ സൃഷ്ടിക്കുന്നുണ്ട്. എം.ബി.ബി.എസിനുശേഷം മെഡിക്കൽ ഇതര ഡിഗ്രികൾ (MBA, IAS ) എന്നിവയെടുത്ത് ഡോക്ടർമാർ മറ്റുപല ഭരണതല എക്സിക്യൂട്ടീവ് ജോലികളിലേക്ക് ചേക്കേറുന്നതും ഇന്ന് പതിവായി കാണാം. കുറച്ചു വർഷങ്ങളായി പെൺകുട്ടികളാണ് ആൺകുട്ടികളെക്കാൾ കൂടുതൽ മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിനെത്തുന്നത്. (അനുപാതം 3:2) . മെഡിക്കൽ പി.ജി. വിദ്യാഭ്യാസരംഗത്ത് ഇത് 3:1 എന്ന അനുപാതത്തിലാണ്. ചുരുക്കത്തിൽ പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് മെഡിക്കൽ വിദ്യാഭ്യാസത്തിനുണ്ടായിരുന്ന ആവശ്യകതയും, മത്സരവും കുറയുന്ന കാഴ്ചയാണ് ഈയടുത്ത കാലത്തായി കാണുന്നത്. സർക്കാർ മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസനം, പഠന-ഗവേഷണ അന്തരീക്ഷത്തിലെ ഉടച്ചുവാർക്കൽ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് ഏകീകരിച്ച് മെറിറ്റിലുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പുവരുത്തുന്ന നിയമ നിർമാണങ്ങൾ, സ്വകാര്യ കോളേജുകളിലെ മെറിറ്റ് സീറ്റിലെ വിദ്യാർത്ഥികൾക്ക് പഠന സ്‌കോളർഷിപ്പ്, പലിശ രഹിത വായപകൾ എന്നിവ അടിയന്തിരമായി നടപ്പിലാക്കേണ്ടവയാണ്.

എം.ബി.ബി.എസ് പഠനത്തിനുശേഷം നടപ്പിൽ വരുത്തിയിട്ടുള്ള നിർബന്ധിത സേവനം ഭാവിയിൽ സർക്കാർ സർവീസിൽ പ്രവേശിക്കുമ്പോൾ അതിനോടു ചേർക്കുന്ന സമീപനവും ഉണ്ടാവേണ്ടതാണ്. ഇന്ത്യയിലെല്ലാ സംസ്ഥാനങ്ങളിലും ഒരേ സേവന-വേതന വ്യവസ്ഥയിൽ ഡോക്ടർമാരെ നിയമിക്കുന്നതിനുവേണ്ട ഇന്ത്യൻ മെഡിക്കൽ സർവീസ് (IMS) നടപ്പാക്കണമെന്ന് ഐ.എം.എ തുടങ്ങിയ പ്രൊഫഷണൽ സംഘടനകൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വർഷവും യു.പി.എസ്.സി. വഴി ഇത്തരത്തിൽ അഖിലേന്ത്യാതലത്തിൽ നിയമനങ്ങൾ ഉറപ്പുവരുത്തുകയും തദ്വാര ഇന്ത്യയിലെല്ലായിടത്തും ഡോക്ടർമാരുടെ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യാം.

ദേശീയ കർമപദ്ധതി വേണം

ലോകത്തെ മിക്ക വികസിത-വികസ്വര രാജ്യങ്ങളും മെഡിക്കൽ വിദ്യാഭ്യാസരംഗത്തിനു നൽകുന്ന പരിഗണനയും പ്രാമുഖ്യവും ഇന്ത്യയിൽ നൽകിക്കാണുന്നില്ല എന്നത് ചിന്തനീയമാണ്. രാജ്യത്തെ ഐ.ഐ.ടി., ഐ.ഐ.എം എന്നിവ്ക്ക് സാമ്പത്തിക- ഭരണരംഗത്ത് നൽകുന്ന സമാനമായ പരിഗണന മെഡിക്കൽ കോളേജുകൾക്ക് നൽകുന്നുണ്ടോയെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. മെഡിക്കൽ വിദ്യാഭ്യാസരംഗത്തേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും സേവനതൽപരരായ ഡോക്ടർമാരും, ഗവേഷകരുമാക്കി അവരെ മാറ്റിയെടുക്കുന്നതിനും വേണ്ട കർമപദ്ധതികൾ രൂപം നൽകുന്നതിന് ദേശീയതലത്തിൽ അടിയന്തരമായി ടാക്സ്ഫോഴ്സ് രൂപീകരിക്കുവാൻ സർക്കാർ തയ്യാറാവണം. അതോടൊപ്പം, ഡോക്ടർ- ജനസംഖ്യ അനുപാതം ദേശീയതലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഏകീകൃതമാക്കുന്നതിന് പ്രായോഗിക പരിപാടി മുന്നോട്ടുവെയ്ക്കുകയും, അവ പ്രൊഫഷണൽ സംഘടനകളുമായും മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുമായും ചർച്ച ചെയ്തു നടപ്പിലാക്കുന്നതിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ (National Medical Commission) മുന്നിട്ടിറങ്ങുകയും വേണം. അല്ലാത്തപക്ഷം ഒരു കാലത്ത് അന്താരാഷ്ട്രതലത്തിൽത്തന്നെ ഔന്നത്യത്തിൽ നിന്ന നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസരംഗം ഗുണപരമല്ലാത്ത ശോഷണത്തിനു വിധേയമാകും എന്നതിൽ സംശയമില്ല.


Comments