നമ്മള്‍ കാണാതെ പോയ
ബാസ്‌ക്കര്‍വില്‍സിലെ
സുകുമാരക്കുറുപ്പ്
നമ്മള്‍ കാണാതെ പോയ ബാസ്‌ക്കര്‍വില്‍സിലെ സുകുമാരക്കുറുപ്പ്
"ഓരോ പുസ്തകവും തുറക്കുന്നത് ഒരു മൂന്നാമിടത്തിലേക്കാണ്. ഒരു ലോകസഞ്ചാരിയുടെയും വടക്കുനോക്കിയന്ത്രത്തിനും കണ്ടെത്താന്‍ പറ്റാത്ത ഭാവനയുടെയും ചിന്തകളുടെയും അദൃശ്യ കോര്‍ഡിനേറ്റുകള്‍ സന്ധിക്കുന്ന ആ മാനത്തില്‍ അക്ഷരങ്ങള്‍ ഉള്ളിടത്തോളം കാലം ഒരു വായനക്കാരന്‍ കഥാപാത്രങ്ങളുമായി, തന്റെ സാഹിത്യകാരനുമായി കലഹിച്ചുകൊണ്ടിരിക്കും, എഴുതപ്പെട്ട വരികളെ, ഓരോ വാക്കെടുത്ത് പലയാര്‍ത്ഥത്തില്‍ വായിക്കും, പാരഗ്രാഫുകളുടെ ക്രമം മാറ്റും, കഥ തന്നെ കീഴ്മേല്‍ മറിക്കും. അത്തരം സര്‍ഗാത്മക സാഹസങ്ങളിലൂടെ മാത്രമേ വായന ഒരു ജനാധിപത്യ കലയായും സാഹിത്യം സ്വാതന്ത്ര്യ സമരമായും പുരോഗമിക്കൂ"- കോനന്‍ ഡോയലിന്റെ 'ദി ഹൗണ്ട് ഓഫ് ബാസ്‌കര്‍വില്‍സ്' എന്ന നോവലിന് വ്യത്യസ്തമായൊരു വായനാതലം കണ്ടെത്തുകയാണ് ലേഖകന്‍.
17 Jun 2020, 07:19 PM
"Books are not made to be believed but to be subjected to inquiry'
- Umberto Eco
ഹോംസില്‍ നിന്നും കോനന്‍ ഡോയല്‍ ഒളിപ്പിച്ചത്
ആദ്യ വായന എന്നായിരുന്നു. പ്രായം ഓര്‍മ്മയില്ല. പക്ഷെ തീര്‍ച്ചയായും എന്റെ പുസ്തകാന്വേഷണങ്ങളുടെ തുടക്ക കാലത്തായിരുന്നു. ബാലഭൂമിയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന നാളുകള്‍. വിവര്‍ത്തനം സംക്ഷിപ്ത രൂപത്തിലായിരുന്നോ എന്നൊന്നും അറിയില്ല. ആയിരുന്നിരിക്കാം പക്ഷെ വെട്ടിയൊതുക്കലുകള്‍ക്ക് വഴങ്ങാത്ത അപൂര്‍വം ചില കൃതികളില്‍ ഒന്നാണല്ലോ. ആഴ്ചയൊന്നു കൂടുമ്പോള്‍ കൈയില്‍ എത്തുന്ന ലക്കം തുറക്കുന്ന അന്നത്തെ ഏതൊരു വായനക്കാരനും (കുട്ടികള്‍ എന്ന പ്രയോഗം ഉറപ്പായും തെറ്റായിരിക്കും) ആവേശത്തോടെ പേജുകള്‍ മറിച്ചത് "ബാസ്‌ക്കര്‍വില്‍സിലെ വേട്ടനായ' എന്ന തലക്കെട്ടിലേക്കായിരുന്നിരിക്കണം.

ഓരോ അദ്ധ്യായങ്ങളിലും ലളിതമായ അക്ഷരങ്ങള്‍ ത്രില്ലര്‍ വേഗത്തില്‍ പേജുകള്‍ നിറഞ്ഞതിനിടയില്‍ പേരറിയാത്ത ഏതോ ആര്‍ട്ടിസ്റ്റ് മനോഹരമായി വരച്ചു ചേര്‍ത്തിരുന്ന ഇല്ലസ്‌ട്രേഷനുകളിലാണ് ഞാന്‍ ആദ്യമായി ഷെര്‍ലക്ക് ഹോംസിനെ കണ്ടുമുട്ടിയത് - മിക്കവാറും ഒറ്റനിറത്തില്‍ നേരിയ ചെക്കുകള്‍ നിറഞ്ഞ നീളന്‍ കോട്ട്, അതിന്റെ ഷെയ്ഡ്‌നോടിണങ്ങുന്ന ചിലപ്പോള്‍ അതെ ഡിസൈന്‍ തന്നെയുള്ള ഡീര്‍സ്റ്റോക്കര്‍ തൊപ്പി, കടും ബ്രൗണ്‍ നിറമുള്ള നീളന്‍ പൈപ്പിന്റെ ഒറ്റക്കണ്ണില്‍ എപ്പോഴും പുകയില എരിഞ്ഞു നിന്നു, മെലിഞ്ഞ ശരീരം, നീളന്‍ മുഖം. പുകമറ തിങ്ങുന്ന ഭൂതകാലത്തിന്റെ കോണുകളില്‍ നിന്നും തപ്പിയെടുക്കുന്ന ഓര്‍മ്മകളാണ് ഇത്.
തറവാട്ടിലെ പഴയ ചാത്തനേറിന്റെ രാത്രികളും, നാലാളു പിടിച്ചാല്‍ പൊങ്ങുന്ന വാര്‍പ്പും ചെമ്പും പൂട്ട് പൊളിക്കാതെ വെളുപ്പിന് വെള്ളം നിറഞ്ഞ കണ്ടത്തില്‍ താഴാതെ ഒഴുകി നടന്നതും, പഴയ ഏതോ പിശാച് പിടുത്തക്കാരന്‍ അച്ചന്‍ വക മണിച്ചിത്രത്താഴ് സ്‌റ്റൈല്‍ എക്‌സോര്‍സിസം എപ്പിസോഡിനൊടുവില്‍ വേലക്കാരികളില്‍ ഒരുവള്‍ കള്‍പ്രിറ്റ് ആയതും, തൊട്ടയല്പക്കത്തെ "ആളു വാഴാത്ത' വീടിനെ ചുറ്റിപറ്റി ജീവിച്ചു പോവുന്ന ആരുടെയൊക്കെയോ പരേതാത്മാക്കളും അവരുടെ വയറ്റിപ്പിഴപ്പായ ശാപങ്ങളും ഉച്ചയുറക്കത്തില്‍ ചുമ്മാ തമാശയ്ക്ക് പോലും ശല്യം ചെയ്യാതെ ഞങ്ങളുടെ പുരയിടത്തെ കാത്ത് പിടിക്കുന്ന അതിരുകളില്‍ മണ്ണിന്റെ ആഴത്തില്‍ ഇന്നും കാവല്‍ നില്‍ക്കുന്ന വെഞ്ചരിച്ച ആര്‍ട്ടെഫാക്ടുകളും നിറഞ്ഞ കഥകള്‍ ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരുന്ന എന്റെ ബാല്യത്തിലേക്കാണ് ശാപഗ്രസ്തമായ ബാസ്‌ക്കര്‍വില്ലയും ചുറ്റുമുള്ള തരിശ് നിലങ്ങളില്‍ തലമുറകളായി വാഴുന്ന വേട്ടനായയുമായി ആര്‍തര്‍ കോനന്‍ ഡോയല്‍ ചുവടുവയ്ക്കുന്നത്. ഉദ്വേഗജനകമായ വായനയില്‍ ഉടനീളം ഭയം എനിക്ക് ചുറ്റും നിറഞ്ഞു നിന്നിരുന്നു. പക്ഷെ ഒടുവില്‍ അവശേഷിച്ചത് എന്റെ മനസ്സിന്റെ അബോധതലങ്ങളിലെ അറിവിന്റെ കുറിപ്പുകളില്‍ ഏതാനും വെട്ടിത്തിരിത്തലുകള്‍ ആയിരുന്നു എന്ന് പിന്നീടെപ്പൊഴോ തിരിച്ചറിഞ്ഞു. "കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല' എന്ന ആ പാഠം ഒരു പരിധിവരെ എന്റെ ഉള്ളിലെ ഭയങ്ങളെ മെരുക്കി.

കച്ചിപ്പൊടിയുടേതിനൊപ്പം കൊയ്ത്ത് കഴിഞ്ഞ പാടങ്ങള്‍ വേനല്‍ മഴകൊണ്ട് ചേറു വിയര്‍ത്തത്തിന്റെയും ഗന്ധങ്ങള്‍ ഇടകലര്‍ന്ന, ടാറിട്ട റോഡുകളിലൂടെ കൊയ്ത്ത് യന്ത്രങ്ങള്‍ വരുന്നതിനും മുമ്പ്, തോടുകള്‍ ഇടതടവില്ലാതെ ഒഴുകിയിരുന്നതുമായ നാളുകളിലെ, പഴയൊരു ഏപ്രില്‍ മാസത്തില്‍ പള്ളിപ്പെരുന്നാളിന്റെ നൊവേന വൈകുന്നേരങ്ങളില്‍ ഒന്നില്‍ അന്തിവെട്ടത്തില്‍ ഒരു പ്രേതം (തുണി ഇല്ലാത്ത പ്രേതമായിരുന്നു കേട്ടോ) ഏതോ ചേട്ടത്തിയ്ക്ക് പ്രത്യക്ഷപ്പെട്ടത്തില്‍ പരിഭവിച്ച് പുള്ളിക്കാരി ബോധം കേട്ട് വീണു ആകെ ബഹളമായി, ഭീതിയുടെ നിഴല്‍ വീണ് രാത്രികള്‍ക്ക് കറുപ്പ് കൂടി, പഴയതും പുതിയതുമായ ഹൊറര്‍ കഥകള്‍ ഗ്രാമത്തിന്റെ ഇടവഴികളിലും ചായക്കടകളിലും കൊടുമ്പിരി കൊണ്ട് നിന്നിരുന്ന ഒരു അവധിക്കാലത്ത്, അയല്പക്കത്ത് അന്ന് താമസിച്ചിരുന്ന കസിന്‍സ് പിള്ളേരുമായി, ഉടലെല്ലാം പൊളിഞ്ഞു വീഴാറായി നിന്ന തെങ്ങുന്തടി പാലം വഴി അപ്പുറത്തെ "വിലക്കപ്പെട്ട പറമ്പില്‍' ഒളിച്ചു കടന്നതും "ആളു വാഴാത്ത വീട്ടില്‍' കയറിയതും, "അവിടെ പ്രേതവുമില്ല ഒരു കോപ്പുമില്ല' എന്ന തീസിസ് ഞങ്ങള്‍ സ്വകാര്യമായി പാസ്സാക്കിയതുമെല്ലാം ശേഷം നടന്ന ചെറിയ കലാപരിപാടികളാണ് (വര്‍ഷങ്ങള്‍ക്ക് ശേഷം മീശയൊക്കെ കട്ടിയ്ക്ക് മുളയ്ച്ചതിനു ശേഷമാണ് ഞങ്ങള്‍ ഈ കഥകള്‍ അടങ്ങുന്ന ക്ലാസ്സിഫൈഡ് ഫയലുകള്‍ നല്ല ഫലിതം തുളുമ്പിയ സദസ്സില്‍ വീട്ടുകാരുടെ മുന്നില്‍ തുറക്കുന്നത്. ചിരികള്‍ക്കിടയിലും, അതന്നറിഞ്ഞിരുന്നെങ്കില്‍ ഉള്ള പുകിലിന്റെ സങ്കല്‍പ്പ തിരക്കഥ അപ്പോള്‍ എന്റെ ഉള്ളില്‍ നല്ല കൊഡാക്ക് വിഷന്‍ ത്രീ ഫ്രേമുകളില്‍ ഫുള്‍ കളറില്‍ ഓടുന്നുണ്ടായിരുന്നു).
പല ആവര്‍ത്തി ഷെര്‍ലക്ക് ഹോംസ് കഥകള്‍ വായിക്കുന്നതിന് ഒരു കാരണമുണ്ട്. എത്ര വായിച്ചാലും ശ്രദ്ധയില്‍പ്പെടാതെ ചിലത് ഓരോ കഥയിലും ഉണ്ടാവും. കഥയിലെ പലതും ഓരോ വായനയ്ക്ക് ശേഷവും മറക്കും; ചിലപ്പോള്‍ പ്ലോട്ടും, മുഴുവന്‍ കഥയും തന്നെ മറക്കും.
ഞാനും ഹോംസും അത്തരമൊരു ഖണ്ഡശ്ശക്കാലത്ത് കൈകൊടുത്തതാണ്. ആവറേജിനും താഴെ ഒരു വര വരച്ചിട്ട് നീ ഇവിടെ നില്‍ എന്ന് മാര്‍ക്ക് ഷീറ്റുകള്‍ പറഞ്ഞതിനാല്‍ ആരും "ഡോക്ടറോ എഞ്ചിനിയറോ' എന്ന പതിവ് ചോദ്യം അന്ന് ചോദിച്ചിരുന്നില്ല. പക്ഷെ ഓരോ ഡിക്റ്ററ്റീവ് കഥകളും ഷെര്‍ലക്ക് ഹോംസ് പരിഭാഷകളും ഏത് പുസ്തക മേളകളില്‍ കണ്ടാലും അപ്പന്‍ വാങ്ങിച്ചു തന്നിരുന്നത് കൊണ്ട്, വലുതാകുമ്പോള്‍ ഹോംസാവണം എന്ന് തന്നെയായിരുന്നു പലരെയും പോലെ തന്നെ എന്റെയും സ്വകാര്യ ലക്ഷ്യം. പക്ഷെ ബാഡ് ലക്ക്! ഒന്നും സംഭവിച്ചില്ല. ഒരു കള്ളം ആയിരമാവര്‍ത്തിച്ചാല്‍ സത്യമായി മാറുമായിരിക്കാം, പക്ഷെ ചില സ്വപ്നങ്ങള്‍ എത്ര ആവര്‍ത്തിച്ചാലും യാഥാര്‍ഥ്യമാവില്ല.
സമ്പൂര്‍ണ്ണ കൃതിയായി ഒറിജിനല്‍ ടെക്സ്റ്റില്‍ വെട്ടും തിരുത്തുമില്ലാതെ ഹോംസ് കൈയില്‍ വരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് (Bantam Classics, 2003 Edition).
പല ആവര്‍ത്തി ഷെര്‍ലക്ക് ഹോംസ് കഥകള്‍ വായിക്കുന്നതിന് ഒരു കാരണമുണ്ട്. എത്ര വായിച്ചാലും ശ്രദ്ധയില്‍പ്പെടാതെ ചിലത് ഓരോ കഥയിലും ഉണ്ടാവും. കഥയിലെ പലതും ഓരോ വായനയ്ക്ക് ശേഷവും മറക്കും; ചിലപ്പോള്‍ പ്ലോട്ടും, മുഴുവന്‍ കഥയും തന്നെ മറക്കും. മുഷിഞ്ഞു മഞ്ഞച്ചു തുടങ്ങിയ താളുകളില്‍ ഏറ്റവും അധികമാവര്‍ത്തി ഞാന്‍ തിരികെ ചെല്ലാറുള്ളതും ബാസ്‌ക്കര്‍വില്‍സിലേയ്ക്കാണ്. വാങ്ങിക്കൂട്ടിയ പുസ്തകങ്ങളുടെ ഹിമാലയന്‍ കണക്കുകള്‍ ചിലപ്പോഴൊക്കെ ചങ്കിടിപ്പിക്കുമെങ്കിലും ഓരോ പുസ്തക പ്രേമിയ്ക്കും കാണും, ഇടവിടാതെ പലയാവര്‍ത്തി തിരികെ വരുന്ന ചില പുസ്തകങ്ങള്‍. സങ്കടം വരുമ്പോള്‍, സന്തോഷം നിറയുമ്പോള്‍, സ്വപ്നങ്ങള്‍ അത്യാവശ്യമാവുമ്പോള്‍, ചില യാത്രകളെ മുഖങ്ങളെ ഓര്‍ക്കുവാന്‍, മഴ പെയ്യുന്ന രാത്രികള്‍ക്ക് വേണ്ടി എന്നിങ്ങനെയൊക്കെ പേരിട്ട് ഇനങ്ങളായി നമ്മള്‍ മാറ്റി വയ്ക്കുന്ന ചിലത്. "വര്‍ഷത്തില്‍ ഒരു തവണയെങ്കിലും വായിക്കുന്നവ' എന്ന എന്റെ സ്വകാര്യ ലിസ്റ്റില്‍ ഒന്നാമത്തേതാണ് ബാസ്‌ക്കര്‍വില്‍സ്. എത്ര വായിച്ചാലും ബാസ്‌ക്കര്‍വില്‍സ് പൂര്‍ണ്ണമായും ഓര്‍മ്മയില്‍ തങ്ങിയിരുന്നില്ല. ഓരോ തവണയും ലോര്‍ഡ് ഹെന്റിയ്ക്കും വാട്‌സണും ഒപ്പം ആകാംക്ഷയോടെ ഡാര്‍ഡ്മൂറിലേയ്ക്ക് തീവണ്ടി കയറിയപ്പോഴും അതാദ്യത്തെ തവണയായി തോന്നിച്ചു. എത്രയോ വട്ടം ഡോക്ടര്‍ മോര്‍റ്റ്മറേയും ബാരിമൂര്‍ എന്ന ബട്‌ലറെയും സംശയിച്ചു. വില്ലനായ സ്റ്റേപ്പിള്‍ട്ടന്‍ എന്ന ഹ്യുഗോ ബാസ്‌ക്കര്‍വില്‍ അവര്‍ത്തനത്തിന്റെ ഓരോ ഊഴത്തിലും രംഗപ്രേവേശനം ചെയ്തപ്പോഴും ആദ്യമായി വായിക്കുന്നവനെ പോലെ ഞാന്‍ സംശയത്തിന്റെ നോട്ടം മറ്റ് കഥാപാത്രങ്ങളിലേയ്ക്കും നീട്ടിക്കൊണ്ടിരുന്നു.

എണ്ണമറ്റ പുനര്‍വായനകള്‍ കഴിഞ്ഞിട്ടും ഏതാനം ചിലതൊഴിച്ചു മറ്റെല്ലാ കഥാപരിസരങ്ങളും, സംഭാഷണങ്ങളും മറന്നുകൊണ്ടേയിരുന്നു. പതിവുകള്‍ എല്ലാം തെറ്റിച്ച ലോക്ഡൗണ്‍ കാലത്ത് പതിവുപോലെ ഒരിടവേളയ്ക്ക് ശേഷം ഞാന്‍ ബാസ്‌ക്കര്‍വില്‍സ് പുന:സന്ദര്‍ശിച്ചു. വായനയുടെ പകുതി പിന്നിട്ടപ്പോള്‍ വെറുതെ ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടു. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വന്ന ഒരു രാത്രിയില്‍ എടുത്ത ഒരു ഫോട്ടോയും ഒപ്പമിട്ടു. അപൂര്‍വ വലിപ്പം പൂണ്ട ചന്ദ്രബിംബത്തിന് ചുറ്റും അങ്ങിങ്ങായി മൂടല്‍ മഞ്ഞിന്റെ തൂവലുകള്‍ പോലെ നരച്ച മേഘത്തുണ്ടുകള്‍. പകലിന്റെ ബാക്കി പോലെ നേരിയ നീലയുടെ തിളക്കം പടര്‍ന്ന ആകാശത്തിന്റെ ക്യാന്‍വാസില്‍, കണ്ണില്‍ കുത്തുന്ന നിലാവിന്റെ പിന്‍വെളിച്ചത്തില്‍ കവുങ്ങുകളും തെങ്ങിന്‍ത്തലപ്പുകളും മറ്റനേകം ശിഖരങ്ങളും ഇടചേര്‍ന്നു തീര്‍ത്ത നിഴല്‍ ചിത്രങ്ങള്‍. താഴെ ഭൂമിയില്‍ പടര്‍ന്ന കനത്ത ഇരുട്ടിന്റെ മറനീക്കി, വീടിനു മുന്‍പിലെ പാലത്തിനപ്പുറത്തെ ഇലക്ട്രിക്ക് പോസ്റ്റിലെ ബള്‍ബ്; അതന്റെ ഫ്‌ലൂറസെന്റ് മൂര്‍ച്ചയില്‍ വഴിവക്കിലെ ചെടികളില്‍ നിന്നും താലപ്പൊക്കം വളര്‍ന്ന കനമില്ലാത്ത ചില്ലകളിലെ പച്ചപ്പ് അല്‍പ്പം മിന്നിയതിടയിലും ഒരു കണ്ണിനും വിട്ടു കൊടുക്കാതെ "ആളു വാഴാത്ത വീട്' എന്ന ഗ്രാമത്തിലെ മിത്തിനെ ആ രാത്രി മറയ്ച്ചു പിടിച്ചിരുന്നു. ചിത്രത്തിന് ഇങ്ങനെ ഒരു അടിക്കുറിപ്പ് നല്‍കി; "Last night, I was revisiting Baskervilles; and the sepia tinted papers reeked of certain sentiments ousted by reality, like dead oak leaves in one dampened autumn night'. ഇന്നലെ രാത്രിയില്‍ ഞാന്‍ ബാസ്‌ക്കര്‍വില്‍സിലേയ്ക്ക് ഒരിക്കല്‍ക്കൂടി മടങ്ങി; തവിട്ടു നിറം പേറിയ കനം കുറഞ്ഞു തുടങ്ങിയ താളുകള്‍, യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്‍പില്‍ വഴി മാറിയ ചില പ്രാചീന വികാരങ്ങളുടെ ഗന്ധമുതിര്‍ത്തിരുന്നു; നനഞ്ഞ ശരത്കാല രാത്രികളില്‍ മണ്ണിന്റെ മാറില്‍ നിന്നുമുതിരുന്ന കൊഴിഞ്ഞ ഓക്ക് ഇലകളുടെ നിശ്വാസങ്ങള്‍ പോലെ.
സംഭവബഹുലമായ പതിനാലാം അധ്യായത്തിന്റെ അവസാനം ഒരു വെളിപാട് പോലെ ചിലത് വരികള്‍ക്കിടയില്‍ നിന്നും എന്റെ ബോധത്തിലേയ്ക്ക് തെളിഞ്ഞു. മുമ്പൊരു തവണ പോലും വായനയില്‍ തെളിയാതെ പോയ ഒരു സാധാരണ വരിയില്‍ കോനന്‍ ഡോയല്‍ ഒരു വലിയ വഴിത്തിരിവ് ഒളിപ്പിച്ചിരിക്കുന്നതായി തോന്നി. സ്ട്രാന്‍ഡ് മാഗസിനില്‍ ആദ്യമായി അച്ചടിച്ച നാള്‍ മുതല്‍, കഴിഞ്ഞ 120 വര്‍ഷങ്ങളോളമായി മിക്ക വായനക്കാരുടെയും കണ്ണില്‍ പെടാതെ പുതഞ്ഞു കിടന്ന രഹസ്യ കോഡ് പോലൊരു വരി.
പ്രിയപ്പെട്ട ഹോംസ് ഒരു പക്ഷെ നിങ്ങള്‍ക്ക് തെറ്റുപറ്റിയ ഒരു കേസ് ആയിരിക്കാം ദി ഹൗണ്ട് ഓഫ് ബാസ്‌ക്കര്‍വില്‍സ്. ഓര്‍മ്മയില്ലേ നിങ്ങള്‍ പറഞ്ഞത് - "ഞാന്‍ നാലു തവണ തോറ്റിട്ടുണ്ട് - മൂന്ന് വട്ടം ആണുങ്ങളാല്‍, ഒരു തവണ അവള്‍.' നിങ്ങള്‍ പോലും അറിയാതെ അഞ്ചാമതൊരു വട്ടം കൂടി നിങ്ങള്‍ തോറ്റു എന്നാണ് എനിക്ക് തോന്നുന്നത്. ഷെര്‍ലക്ക് ഹോംസിനെക്കാള്‍ കൂടുതല്‍ ആര്‍തര്‍ കോനന്‍ ഡോയലിനറിയാം എന്ന് പറയുന്നത് എത്ര സത്യമാണ്. മൂന്ന് തവണ ആണുങ്ങളാലും ഒരിക്കല്‍ ഐറിനാലും തോല്‍പ്പിക്കപ്പെട്ട നിങ്ങള്‍ അഞ്ചാമത് തോറ്റത് സമര്‍ത്ഥനായ ഒരു കുറ്റവാളിയോടാണ്. "I've been checkmated in London' എന്ന് നിങ്ങളെക്കൊണ്ട് പറയിച്ച അതെ കൂര്‍മ്മബുദ്ധിയുടെ ഉടമയാല്‍ തന്നെ.
പ്രിയപ്പെട്ട ഹോംസ് ഒരു പക്ഷെ നിങ്ങള്‍ക്ക് തെറ്റുപറ്റിയ ഒരു കേസ് ആയിരിക്കാം ദി ഹൗണ്ട് ഓഫ് ബാസ്‌ക്കര്‍വില്‍സ്. ഓര്‍മ്മയില്ലേ നിങ്ങള്‍ പറഞ്ഞത് - "ഞാന്‍ നാലു തവണ തോറ്റിട്ടുണ്ട് - മൂന്ന് വട്ടം ആണുങ്ങളാല്‍, ഒരു തവണ അവള്‍.' നിങ്ങള്‍ പോലും അറിയാതെ അഞ്ചാമതൊരു വട്ടം കൂടി നിങ്ങള്‍ തോറ്റു എന്നാണ് എനിക്ക് തോന്നുന്നത്.
തന്റെ കുടിലബുദ്ധിയുടെ സൃഷ്ടിയായ വേട്ടനായ വെടിയേറ്റു വീണത് കണ്ട് പരിഭ്രാന്തനായി രക്ഷപ്പെട്ടോടവേ ഗ്രിംപെന്‍ ചതുപ്പിലെ ആഴങ്ങളില്‍ ഒതുങ്ങി എന്ന് ഹോംസ്, നിങ്ങള്‍ കരുതിയ സ്റ്റേപ്പിള്‍ട്ടണ്‍, സമര്‍ത്ഥമായി ആ ക്രൈം സീനില്‍ നിന്നും രക്ഷപ്പെടുകയാണ് ചെയ്തത്. ഒരു കാല്‍പ്പാടിന്റെ തരി തെളിവ് പോലും അവശേഷിപ്പിക്കാതെ രക്ഷപ്പെട്ട ക്രിമിനല്‍ മാസ്റ്റര്‍ മൈന്‍ഡ്; ഞങ്ങള്‍ മലയാളികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു സുകുമാരക്കുറുപ്പേട്ടന്‍.
വായനക്കാരന്റെ അകക്കണ്ണിലെ തീയേറ്റര്‍ സ്‌ക്രീനില്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുടെ കൊടുങ്കാറ്റഴിച്ചു വിട്ട പതിനാലാം അധ്യായത്തിലെ ക്ലൈമാക്‌സ് രാവില്‍ വേട്ടനായ വെടിയേറ്റ് വീഴുന്നു. സ്റ്റേപ്പിള്‍ട്ടണ്‍ അപ്രത്യക്ഷനാവുന്നു. പിറ്റേന്ന് പ്രഭാതത്തില്‍ ഹോംസും സംഘവും ഗ്രിംപെന്‍ ചതുപ്പ് സന്ദര്‍ശിക്കുന്നതാണ് രംഗം; But more than that we were never destined to know, though there was much which we might surmise. There was no chance of finding footsteps in the mire, for the rising mud oozed swiftly in upon them, but as we at last reached firmer ground beyond the morass we all looked eagerly for them. But no slightest sign of them ever met our eyes. If the earth told a true story, then Stapleton never reached that island of refuge towards which he struggled through the fog upon that last night. Somewhere in the heart of the great Grimpen Mire, down in the foul slime of the huge morass which had sucked him in, this cold and cruel-hearted man is forever buried.
വാട്‌സണോ അതോ കോനന്‍ ഡോയലോ - ഒന്നുറപ്പാണ് രണ്ടില്‍ ഒരാള്‍ ഒരു തിരിമറി നടത്തിയിരിക്കുന്നു; വായനക്കാര്‍ക്ക് മാത്രം വഴി അറിയാവുന്ന വാക്കുകളുടെ മൂന്നാം ലോകത്തിലെ ഏറ്റവും വലിയൊരു തിരിമറി. അപസര്‍പ്പക സാഹിത്യത്തിലെ ഒരു ബ്രഹ്മാണ്ഡ കവര്‍ അപ്പ് (cover-up).

വിശദാംശങ്ങള്‍ ഇല്ലാതെ സിദ്ധാന്തവല്‍ക്കരണത്തിനു മുതിരുന്നത് അപകടകരമായ ഒരു തെറ്റാണ്. കണ്ടെത്തലുകള്‍ക്ക് ഇണങ്ങും വിധം വസ്തുതകളെ ചേര്‍ത്തു വയ്ക്കുന്നതിന് പകരം അത് സത്യങ്ങളെ വളച്ചൊടിച്ചു വസ്തുതാവിരുദ്ധമായൊരു സിദ്ധാന്തം സൃഷ്ടിച്ചെടുക്കുക എന്ന വിഡ്ഢിത്തത്തിലേക്ക് മാത്രമേ നയിക്കൂ എന്ന് ഹോംസ് തന്നെയാണ് പറഞ്ഞിരിക്കുന്നത് ("It is a capital mistake to theorize before one has data. Insensibly one begins to twist facts to suit theories, instead of theories to suit facts.' - A Scandal in Bohemia). അതിനാല്‍ നമുക്ക് വസ്തുതകളിലേയ്ക്ക് പോവാം. വായനക്കാരുടെ കോടതി മുറി തുറക്കട്ടെ.
സ്റ്റേപ്പിള്‍ട്ടണ്‍ എന്ന ചതുരംഗക്കളിക്കാരന്‍
ഈ അടുത്തിടയ്ക്ക് ഒരു ട്രോള്‍ കണ്ടു. വിഷയം, മോറിയര്‍ട്ടി എന്ന് കേള്‍ക്കുമ്പോള്‍ മാത്രം ഹോംസിന് മുട്ടിടിക്കും എന്ന പരിഹാസം. ടെലിവിഷന്‍ സീരീസുകളിലും സിനിമകളിലും മാത്രം ഹോംസിനെ കണ്ടു ശീലിച്ച ആരോ കാട്ടിയ ഒരു തമാശ. മുഖ്യധാരാ ചരിത്രകാരന്മാര്‍ മൈന്‍ഡ് ചെയ്യാത്ത, ന്യൂ ജനറേഷന്‍ ബ്ലോഗര്‍മാരും വ്‌ളോഗര്‍മാരും വയറ്റിപ്പിഴപ്പിനു വേണ്ടി അമ്മാനമാടുന്നതിനിടയില്‍ സോഷ്യല്‍ മീഡിയ ത്രില്ലര്‍ സാഹിത്യത്തിന്റെ ആഴമില്ലാത്ത ആവര്‍ത്തനങ്ങളില്‍ കുരുങ്ങി അന്തവും കുന്തവുമില്ലാത്ത നാടകമായി ഒതുക്കപ്പെടുന്ന, പല പടിഞ്ഞാറന്‍ സര്‍ക്കാരുകളും ഇന്നും പരസ്യമായി സാന്നിധ്യം അംഗീകരിക്കാന്‍ മടിക്കുന്ന ലോകം മുഴുവന്‍ വലകള്‍ തീര്‍ത്ത ഉപജാപങ്ങളുടെ ഭൂഗര്‍ഭവ്യൂഹത്തിലേയ്ക്ക് ഫിക്ഷന്റെ തട്ടില്‍ ആദ്യമായി കാലെടുത്ത് വയ്ച്ച, സംഘടിത ക്രൈം സിണ്ടിക്കേറ്റിന്റെ തിരുനെറ്റിയ്ക്കടിച്ച ഷെര്‍ലക്ക് ഹോംസിനെ അറിയാത്ത ആരോ. എന്നാല്‍ ഹോംസ്, എന്റെ കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍, കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തിലേറെയായി മോറിയര്‍ട്ടിയെക്കാള്‍ മിടുക്കനായ ഒരു കുറ്റവാളി സമര്‍ത്ഥമായി നിങ്ങളെ കബളിപ്പിച്ചു കറങ്ങി നടക്കുകയാണ് - റോജര്‍ ബാസ്‌ക്കര്‍വില്‍ അഥവാ സ്റ്റേപ്പിള്‍ട്ടണ്‍ എന്ന ഒരു സുകുമാര കുറുപ്പ്. ബാസ്‌ക്കര്‍വില്‍സിലെ സംഭവങ്ങളെ അപഗ്രന്ഥിച്ചു തയ്യാറാക്കിയ ഈ അനുമാന സിദ്ധാന്തത്തെ വേണമെകില്‍ സ്റ്റേപ്പിള്‍ട്ടണ്‍ തിയറി എന്ന് വിളിക്കാം.
ഏതൊരു കുറ്റാനേഷ്വണ കൃതിയിലെയും പോലെ തന്നെ വില്ലനായ സ്റ്റേപ്പിള്‍ട്ടണ്‍ന്റെ പദ്ധതികള്‍ നോവലിന്റെ ആഖ്യാനവഴിയിലെ അവസാനത്തെ തിരിവിനോടടുക്കുമ്പോഴാണ് ചുരുള്‍ നിവരുന്നത്. ഹോംസിന്റെയും മില്യണ്‍ വായനക്കാരുടെയും കണ്ണില്‍ പെടാതെ കോനന്‍ ഡോയല്‍ വരികള്‍ക്കുള്ളില്‍ ഒളിപ്പിച്ച കഥ അറിയണമെങ്കില്‍ കൃതി ഏതാണ്ട് മുഴുവനായി തന്നെ അപനിര്‍മ്മിച്ച് (Deconstruct) പുതിയൊരു ആഖ്യാനം നിര്‍മ്മിച്ചെടുക്കേണ്ടിയിരിക്കുന്നു, (Reconstruct) ഒരു വാക്ക് പോലും മാറ്റാതെ, ഒരു വരിയെ പോലും അലോരസപ്പെടുത്താതെ.
ഹോംസിന്റെയും മില്യണ്‍ വായനക്കാരുടെയും കണ്ണില്‍ പെടാതെ കോനന്‍ ഡോയല്‍ വരികള്‍ക്കുള്ളില്‍ ഒളിപ്പിച്ച കഥ അറിയണമെങ്കില്‍ കൃതി ഏതാണ്ട് മുഴുവനായി തന്നെ അപനിര്‍മ്മിച്ച് പുതിയൊരു ആഖ്യാനം നിര്‍മ്മിച്ചെടുക്കേണ്ടിയിരിക്കുന്നു, ഒരു വാക്ക് പോലും മാറ്റാതെ, ഒരു വരിയെ പോലും അലോരസപ്പെടുത്താതെ.
സൗത്ത് അമേരിക്കയിലേയ്ക്ക് ഒളിച്ചോടിയ സര്‍ ചാള്‍സ് ബാസ്‌ക്കര്‍വില്ലിന്റെ സഹോദരന്‍ റോജറിന്റത് അത്ര വെടിപ്പുള്ള ഭൂതകാലം അല്ലായിരുന്നു എന്ന് ഡോയല്‍ പറയുമ്പോള്‍, ഹ്യുഗോ എന്ന കാരണവരുടെ കാലം മുതല്‍ ബാസ്‌ക്കര്‍വില്‍സ് കുടുംബ ചരിത്രത്തിനൊപ്പം കൂടിയായത് "രക്തദാഹിയായ ഒരു വേട്ടനായ' എന്ന ഭയത്തിന്റെ മിത്തിക്കല്‍ ചിഹ്നം മാത്രമായിരുന്നില്ല എന്ന് തന്നെ വേണം അനുമാനിക്കാന്‍. രക്തത്തില്‍ അലിഞ്ഞ ആ ഇരുണ്ട ജനിതക ഗുണത്തിന്റെ ഏറ്റവും ഉദാത്തമായ പകര്‍ന്നാട്ടമായിരുന്നു റോജര്‍ ബാസ്‌ക്കര്‍വില്‍ രണ്ടാമന്‍ എന്ന സ്റ്റേപ്പിള്‍ട്ടണ്‍ മെറിപ്പിറ്റ്. ബെറില്‍ ഗാര്‍സ്യ എന്ന കോസ്റ്ററിക്കന്‍ സുന്ദരിയെ വിവാഹം ചെയ്യുന്നത് മുതലുള്ള ഹ്യുഗോയുടെ സാഹസങ്ങളെ കോനന്‍ ഡോയല്‍ നമുക്ക് മുന്നില്‍ തുറക്കുന്നുള്ളു. പക്ഷെ, റോജറിലെ ക്രിമിനല്‍ ജീനിയസ്സിന്റെ വേരുകള്‍ക്ക് അതിലും എത്രയോ അധികം കാലപ്പഴക്കം ഉണ്ടാവാം എന്ന് തെളിയിക്കുന്നു പില്‍ക്കാലത്തെ അയാളുടെ സാഹസങ്ങള്‍. നമ്മള്‍ വെറുതെ വായിച്ചു പോയ ആ നറേറ്റീവിലേയ്ക്ക് ഇത്തിരിക്കൂടി തുറന്ന ഷെര്‍ലോക്കിയന്‍ കണ്ണുകളോടെ ഒരിക്കല്‍ക്കൂടി സഞ്ചരിക്കാം.
വിവാഹ ശേഷം റോജര്‍ തന്റെ സ്വതസിദ്ധമായ ചെപ്പടിവിദ്യകള്‍കൊണ്ട് വലിയൊരു കൊള്ള നടപ്പാക്കുന്നു... ഒരു ഹെയ്‌സ്റ്റ് (heist). കോനന്‍ ഡോയല്‍ അതിനെ വിവരിക്കുന്നത് "having purloined a considerable sum of public money' എന്നാണ്. കാലം ഏകദേശം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി; ജിയോഗ്രഫി സൗത്ത് അമേരിക്ക, ബെറില്‍ ഗാര്‍ഷ്യ എപ്പിസോഡിനോട് ചേര്‍ത്തു വായിച്ചാല്‍ ചിലപ്പോള്‍ കോസ്റ്റാറിക്ക തന്നെ. സകല പാപ പുണ്യങ്ങളുടെയും മാമ്മോദീസ തൊട്ടിയായ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ഒത്ത നടുവില്‍, ഇന്ന് നമ്മള്‍ നെറ്റ്ഫ്‌ലിക്‌സിലും ഗതകാല ഗ്യാങ്സ്റ്റര്‍ സിനിമകളിലും കണ്ടു കുളിരണിയുന്ന ഒന്നാംതരം കന്നംതിരുവുകളുടെ ഭൂപടത്തിലെ വടക്കും തെക്കും കൂട്ടിമുട്ടിയ തലതെറിച്ച ആ നൂറ്റാണ്ടില്‍, യാങ്കികളെ (Yankees) നൈസ് ആയി പറ്റിച്ച റോജറിന്റെ ആസൂത്രണ പാടവം ഒന്ന് മനസ്സില്‍ കുറിച്ചിടുക.
നാട്ടുകാരെ പറ്റിച്ചടിച്ച ഭീമമായ തുകയും കൊണ്ട് റോജര്‍ ബാസ്‌ക്കര്‍വില്‍ രണ്ടാമന്‍ ഇംഗ്ലണ്ടിലേക്ക് കടക്കുന്നു. യോര്‍ക്ഷയറില്‍ ഒരു സ്‌കൂള്‍ സ്ഥാപിച്ചുകൊണ്ട് അയാള്‍ അവതരിച്ചത് വാണ്ഡലിയര്‍ എന്ന സ്‌കൂള്‍ മാസ്റ്ററായിട്ടാണ്. യോര്‍ക്ഷയര്‍ കാലത്തെപ്പറ്റി വാട്‌സണോട് സ്റ്റേപ്പിള്‍ട്ടണ്‍ പറയുന്നത് ശ്രദ്ധിക്കുക;
(Exhibit.No.1) "I had a school,' said Stapleton. 'It was in the north country. The work to a man of my temperament was mechanical and uninteresting, but the privilege of living with youth, of helping to mould those young minds, and of impressing them with one's own character and ideals was very dear to me. However, the fates were against us. A serious epidemic broke out in the school and three of the boys died. It never recovered from the blow, and much of my capital was irretrievably swallowed up.'
ഒറ്റ നോട്ടത്തില്‍ - യുവമനസുകളെ സ്‌നേഹിച്ച, അവരോടൊപ്പം ആയിരിക്കാന്‍ ഇഷ്ടപ്പെട്ട സ്‌കൂള്‍മാസ്റ്റര്‍; എന്തോ ഭയങ്കരമായ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നു; മൂന്നു കുട്ടികള്‍ മരിക്കുന്നു (ഒരിക്കല്‍ കൂടി വേണമെങ്കില്‍ ഈ വരി വായിച്ചു നോക്കാം). ഇനി സ്‌കൂള്‍ എപ്പിസോഡിനെപ്പറ്റി ഹോംസ് കണ്ടെത്തിയത് നോക്കുക;
(Exhibit.No.2) "His reason for attempting this special line of business was that he had struck up an acquaintance with a consumptive tutor upon the voyage home, and that he had used this man's ability to make the undertaking a success. Fraser, the tutor, died however, and the school which had begun well sank from disrepute into infamy.'
എന്തായിരിക്കാം ഫ്രേസര്‍ എന്ന അധ്യാപകനെ റോജര്‍ എന്ന കുറ്റവാളിയോട് അടുപ്പിച്ചത്? നമ്മുടെ നയാകന്റെ പേര് "നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍' എന്നല്ലാത്തതിനാല്‍ തീര്‍ച്ചയായും, വിദ്യ പകര്‍ന്നു കൊടുക്കാനുള്ള ത്വര, അതിലൂടെ ഉന്നംവയ്ക്കുന്ന സാമൂഹ്യ സേവനം മുതലായ സ്ഥിരം ക്ലീഷേ സെന്റിമെന്‍സ് ആവാന്‍ ഒരു സാധ്യതയുമില്ല.
"മരണാസന്നനായിരുന്ന ഫ്രേസര്‍ എന്ന അധ്യാപകന്‍' എന്ന കോനന്‍ ഡോയല്‍ സൂചനയില്‍ നിന്നും ഞാന്‍ വായിച്ചെടുക്കുന്നത്, ഏതോ വിഷയത്തിലുള്ള ഫ്രേസറിന്റെ പാണ്ഡിത്യമാണ്. ആ അറിവില്‍ റോജര്‍ തന്റെ പുതിയ എന്തോ പദ്ധതിയുടെ ബ്ലൂപ്രിന്റ് കണ്ടിരിക്കാം. പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിയും, കുട്ടികളുടെ മരണവും ഇതിനോട് ചേര്‍ത്ത് വായിച്ചാല്‍ അതിസങ്കീര്‍ണ്ണമായ എന്തോ പരീക്ഷണങ്ങള്‍ യോര്‍ക്ഷയറില്‍ ആ സ്‌കൂളിന്റെ മറവില്‍ റോജര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് തന്നെ അനുമാനിക്കാം. അത് പാളി പോയിട്ടുണ്ടാവാം; ഉറപ്പില്ല കാരണം റോജറിനെ സംബന്ധിച്ച് എല്ലാം പ്ലാനുകള്‍ മാത്രമാണ്.
ആശാന്‍ പറഞ്ഞ ദുരന്ത കഥ നുണയാണ് എന്നതിന് തെളിവാണ്, ബാസ്‌ക്കര്‍വില്‍സ് സംഭവങ്ങള്‍ക്ക് മുന്‍പുമുള്ള മൂന്നു വര്‍ഷങ്ങളില്‍ പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ റോജര്‍ നടത്തിയ നാല് വമ്പന്‍ കൊള്ളകള്‍.
ഡെവണ്‍ഷൈറിയില്‍ എത്തിയ വാട്‌സണെ ആദ്യ കൂടിക്കാഴ്ച മുതല്‍ സ്റ്റേപ്പിള്‍ട്ടണ്‍ അമ്പരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട് - പരിചയപ്പെടുന്നതിനു മുമ്പ് തന്നെ വാട്‌സണെ പേരെടുത്ത വിളിക്കുന്ന സ്റ്റേപ്പിള്‍ട്ടണ്‍, "ഹോംസ് എത്തിയില്ലേ' അല്ലെങ്കില്‍ "എന്ന് എത്തും' എന്ന് പല അവസരങ്ങളില്‍ ചോദിക്കുന്നുണ്ട്. തന്റെ ഗതകാലത്തെ കുറിച്ച് തുറന്നു പറയുന്ന സ്റ്റേപ്പിള്‍ട്ടണ്‍ (ഏതാനം നിമിഷങ്ങളുടെ മാത്രം പരിചയമുള്ള ഒരാളോടാണ് ഈ വാചാലത എന്നത് പ്രത്യേകം ശ്രദ്ധിക്കുക) സ്‌കൂളിന്റെ തകര്‍ച്ചയെക്കുറിച്ചു പറഞ്ഞവസാനിപ്പിക്കുന്നത് "It never recovered from the blow, and much of my capital was irretrievably swallowed up' എന്നാണ്. പെട്ടെന്ന് വിഷാദമൂകനായ സ്റ്റേപ്പിള്‍ട്ടനെ അല്ല മറിച്ചു റോജര്‍ എന്ന ചെസ്സുകളിക്കാരന്റെ മനസ്സുള്ള കുറ്റവാളിയെയാണ് ഇവിടെ വായിക്കേണ്ടത്.
ആശാന്‍ പറഞ്ഞ ദുരന്ത കഥ നുണയാണ് എന്നതിന് തെളിവാണ്, ബാസ്‌ക്കര്‍വില്‍സ് സംഭവങ്ങള്‍ക്ക് മുന്‍പുമുള്ള മൂന്നു വര്‍ഷങ്ങളില്‍ പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ റോജര്‍ നടത്തിയ നാല് വമ്പന്‍ കൊള്ളകള്‍. സ്‌കോട്‌ലന്‍ഡ് യാര്‍ഡിനെ കുഴപ്പിച്ച ഫോക്ഷൈറിലെ കൊള്ളയ്ക്കിടയില്‍ നടന്ന അരുംകൊല ഉള്‍പ്പെടെയുള്ള ഈ മോഷണ പരമ്പരയുടെ പിന്നിലെ കുറ്റവാളി സ്റ്റേപ്പിള്‍ട്ടണ്‍ ആണെന്ന് കണ്ടുപിടിക്കുന്നതും ഹോംസ് തന്നെയാണ്, ബാസ്‌ക്കര്‍വില്‍സ് നാടകത്തിനൊടുവില്‍. വണ്ഡേലിയറില്‍ നിന്നും സ്റ്റേപ്പിള്‍ട്ടണിലേക്കുള്ള അവതാര പരിണാമത്തിനിടയില്‍ ആശാന്‍ അത്ര ദരിദ്രനൊന്നും ആയിരുന്നില്ല; ഒപ്പം റോജറിന്റെ നേതൃത്വത്തില്‍ ഒരു ക്രൈം സിന്‍ഡിക്കറ്റ് തന്നെ രൂപംകൊണ്ടിരിന്നു എന്ന് തന്നെ ഈ മോഷണങ്ങളില്‍ നിന്നും വ്യക്തമാണ്. (ഹോംസിന്റെ വാക്കുകള്‍; [Exhibit.No.3] I am inclined to think that Stapleton's career of crime has been by no means limited to this single Baskerville affair. It is suggestive that during the last three years there have been four considerable burglaries in the west country, for none of which was any criminal ever arrested. The last of these, at Folkestone Court, in May, was remarkable for the cold-blooded pistolling of the page, who surprised the masked and solitary burglar. I cannot doubt that Stapleton recruited his waning resources in this fashion, and that for years he has been a desperate and dangerous man.)
ഡോക്ടര്‍ മോര്‍ട്ടിമറും ഹെന്‍റിയും ചാള്‍സ് ബാസ്‌ക്കര്‍വില്ലിന്റെ മരണത്തിലെ ദുരൂഹതയ്ക്ക് അറുതി വരുത്താന്‍ ഹോംസിനെ കാണാന്‍ ബേക്കര്‍ സ്ട്രീറ്റില്‍ ചെല്ലുന്ന നിമിഷം മുതല്‍ ഷെര്‍ലക്കിന്റെ പിന്നാലെ കൂടിയ, ഷെര്‍ലക്ക് ഹോംസ് ആരാണെന്നു വ്യക്തമായി അറിയാവുന്ന, ഹോംസിന്റെ മൂക്കിന്തുമ്പത്ത് നിന്നും ലണ്ടനില്‍ എത്തിയ ഹെന്‍റിയുടെ ബൂട്ടുകളില്‍ ഒന്ന് തട്ടിയെടുത്ത, തെരുവുകളില്‍ ഷെര്‍ലക്കിന്റെ വേഗതയെ തോല്‍പ്പിച്ചുകൊണ്ട് കുതിരവണ്ടിയില്‍ പാഞ്ഞു മറഞ്ഞ, "ലണ്ടനില്‍ ഞാന്‍ തോല്‍പ്പിക്കപ്പെട്ടിരിക്കുന്നു' എന്ന് സാക്ഷാല്‍ ഷെര്‍ലക്ക് ഹോംസിനെക്കൊണ്ട് അഞ്ചാം അധ്യായത്തിന്റെ അവസാനം പറയിച്ച ചതുരംഗക്കളിക്കാരന്റെ മാനസിക വ്യാപാരങ്ങളോടെ തന്റെ ക്രിമിനല്‍ ലക്ഷ്യങ്ങളെ സമീപിക്കുന്ന റോജര്‍ ബാസ്‌ക്കര്‍വില്‍ ഓരോ വാക്കും നിഗൂഢമായ അര്‍ഥങ്ങള്‍ ഒളിപ്പിച്ച കവിതയിലെ വരികള്‍ പോലെ മുന്‍കൂട്ടി തന്നെയാവണം ഉച്ചരിച്ചിട്ടുണ്ടാവുക. താഴെ ചേര്‍ത്തിയിരിക്കുന്ന ഭാഗങ്ങള്‍ തെളിവുകളായി വായനക്കാരുടെ കോടതി മുന്‍പാകെ സമര്‍പ്പിക്കുന്നു;
Exhibit.No.4:
ചാള്‍സിന്റെ മരണകാരണത്തെ കുറിച്ച് തന്റെ നിഗമനങ്ങള്‍ പറയുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഹോംസിനെപ്പറ്റി സ്റ്റേപ്പിള്‍ട്ടണ്‍ വാട്‌സണോട് ചോദിക്കുന്നതും, തുടര്‍ന്ന് ഹോംസ് എന്ന് ബാസ്‌ക്കര്‍വില്‍സിലേയ്ക്ക് എത്തും എന്നും തിരക്കുന്ന ഭാഗം ;
""You think, then, that some dog pursued Sir Charles, and that he died of fright in consequence?'
"Have you any better explanation?'
"I have not come to any conclusion.'
"Has Mr. Sherlock Holmes?'
The words took away my breath for an instant but a glance at the placid face and steadfast eyes of my companion showed that no surprise was intended.
"It is useless for us to pretend that we do not know you, Dr. Watosn,' said he. "The records of your detective have reached us here, and you could not celebrate him without being known yourself. When Mortimer told me your name he could not deny your identity. If you are here, then it follows that Mr. Sherlock Holmes is interesting himself in the matter, and I am naturally curious to know what view he may take.'
"I am afraid that I cannot answer that question.'
"May I ask if he is going to honour us with a visit himself?'
"He cannot leave town at present. He has other cases which engage his attention.'
"What a pity! He might throw some light on that which is so dark to us. But as to your own researches, if there is any possible way in which I can be of service to you I trust that you will command me. If I had any indication of the nature of your suspicions or how you propose to investigate the case, I might perhaps even now give you some aid or advice.'
തന്റെ നിഗമനങ്ങളില്‍ യുക്തിനിറയ്ച്ചുകൊണ്ട് സമര്‍ത്ഥമായി സ്റ്റേപ്പിള്‍ട്ടണ്‍ സംസാരം തിരിക്കുന്നത് ഹോംസ് ""എന്ത് ചിന്തിക്കുന്നു?'' എന്ന ചോദ്യത്തിലേക്കാണ് - പരിഹാസം കലര്‍ന്ന ചോദ്യം. ഹോംസ് എന്ന് വരും എന്ന അടുത്ത ചോദ്യത്തിന്റെ മറുവശത്ത്, ഷെര്‍ലക്കിയന്‍ രീതികളെക്കുറിച്ച് ഹോംവര്‍ക്ക് (തീര്‍ച്ചയായും) ചെയ്തിട്ടുണ്ടായിരിക്കാവുന്ന സ്റ്റേപ്പിള്‍ട്ടണ്‍, ന്റെ വില പിടിച്ച കരുവായ വാട്‌സണേ മുന്നില്‍ ഇറക്കിയ ഹോംസ്, ഒളിവില്‍ ഡെവണ്‍ഷൈറില്‍ എത്തിയിട്ടുണ്ടാകാം എന്ന തന്റെ സംശയം നിറയ്ക്കുന്നു.
Exhibit.No.5:
ബാസ്‌ക്കര്‍വില്‍സ് പരിസരങ്ങളെ പരിചയപ്പെടുത്തുന്നതിനിടയില്‍, തരിശുനിലങ്ങളുടെ വിരിപ്പില്‍ അകലെ പുരാതന മനുഷ്യര്‍ വസിച്ചിരുന്ന കുന്നിന്‍ ചെരിവുകളിലെ കല്‍ക്കുടിലുകള്‍ ചൂണ്ടികാണിച്ചുകൊണ്ട് സ്റ്റേപ്പിള്‍ട്ടണ്‍ പറയുന്നത് ശ്രദ്ധിച്ചു വായിക്കുക;
"Look at the hillside yonder. What do you make of those?'
The whole steep slope was covered with grey circular rings of stone, a score of them at least.
"What are they? Sheep-pens?'
"No, they are the homes of our worthy ancestors. Prehistoric man lived thickly on the moor, and as no one in particular has lived there since, we find all his little arrangements exactly as he left them. These are his wigwams with the roofs off. You can even see his hearth and his couch if you have the curiosity to go inside.
"But it is quite a town. When was it inhabited?'
"Neolithic man-no date.'
"What did he do?'
"He grazed his cattle on these slopes, and he learned to dig for tin when the bronze sword began to supersede the stone axe. Look at the great trench in the opposite hill. That is his mark. Yes, you will find some very singular points about the moor, Dr. Watson. Oh, excuse me an instant! It is surely Cyclopides.'
സ്റ്റേപ്പിള്‍ട്ടണ്‍ എന്ന പ്രകൃതിശാസ്ത്രപണ്ഡിതന്റെ വേഷം ധരിച്ച റോജറിന് ബാസ്‌ക്കര്‍വില്‍സ് പരിസരങ്ങള്‍ മനഃപാഠമായിരുന്നു എന്നത് മേല്‍ പ്രതിപാദിച്ചിരിക്കുന്ന ഭാഗത്തില്‍ നിന്നും ഗ്രിംപെന്‍ ചതുപ്പ് നിലങ്ങളെക്കുറിച്ചുള്ള പരിചയപ്പെടുത്തലുകളില്‍ നിന്നും വ്യക്തമാണ്. ഇതേ കല്‍ക്കുടിലുകളിലാണ് ഹോംസ് വാട്‌സണ്‍ പോലും അറിയാതെ ഒളിച്ചു താമസിക്കുന്നത്. സ്റ്റേപ്പിള്‍ട്ടണ്‍-വാട്‌സണ്‍ കൂടിക്കാഴ്ച നടക്കുന്ന നേരത്തും ഹോംസ് അവിടെ താമസിക്കുന്നു എന്നത് ശ്രദ്ധിക്കുക. സാധാരണ ഗതിയില്‍ ഒരു തരത്തിലും പ്രസക്തിയില്ലാത്ത ഭൂപ്രകൃതി വിവരണങ്ങളാണ് സ്റ്റേപ്പിള്‍ട്ടണ്‍ നടത്തുന്നത്. ആദ്യമായി സന്ദര്‍ശനം നടത്തുന്ന ഒരാളോട് ഒരു പരിസരവാസി നടത്തുന്ന വിവരണങ്ങള്‍ എന്ന ന്യായവാദം ഉന്നയിച്ചാലും സ്റ്റേപ്പിള്‍ട്ടണ്‍ന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് തന്റെ ശ്രദ്ധയില്‍ ആ കല്‍ക്കുടിലുകള്‍ ഉണ്ട് എന്നു തന്നെയാണ്; അതായത് "പ്രിയപ്പെട്ട വാട്‌സണ്‍, ഷെര്‍ലക്ക് അവിടെ ഉണ്ട് എന്ന് ഞാന്‍ മനസിലാക്കിയിരിക്കുന്നു' എന്ന്, അഥവാ എതിരാളിയുടെ മറ്റൊരു നീക്കം കൂടി അറിഞ്ഞാണ് താന്‍ കളിക്കുന്നത് എന്ന് സാരം. ഇനി നമുക്ക് സ്റ്റേപ്പിള്‍ട്ടണ്‍ ഗ്രിംപെന്‍ ചതുപ്പിനെക്കുറിച്ചു പറയുന്നത് പറയുന്നത് വായിക്കാം ;
Exhibit.No.6:
Stapleton laughed. "That is the great Grimpen Mire,' said he. "A false step yonder means death to man or beast. Only yesterday I saw one of the moor ponies wander into it. He never came out. I saw his head for quite a long time craning out of the bog-hole, but it sucked him down at last. Even in dry seasons it is a danger to cross it, but after these autumn rains it is an awful place. And yet I can find my way to the very heart of it and return alive. By George, there is another of those miserable ponies!'
Something brown was rolling and tossing among the green sedges. Then a long, agonized, writhing neck shot upward and a dreadful cry echoed over the moor. It turned me cold with horror, but my companion's nerves seemed to be stronger than mine.
"It's gone!' said he. "The mire has him. Two in two days, and many more, perhaps, for they get in the way of going there in the dry weather and never know the difference until the mire has them in its clutches. It's a bad place, the great Grimpen Mire.'
"And you say you can penetrate it?'
"Yes, there are one or two paths which a very active man can take. I have found them out.'
"But why should you wish to go into so horrible a place?'
"Well, you see the hills beyond? They are really islands cut off on all sides by the impassable mire, which has crawled round them in the course of years. That is where the rare plants and the butterflies are, if you have the wit to reach them.'
"I shall try my luck some day.'
He looked at me with a surprised face. "For God's sake put such an idea out of your mind,' said he. "Your blood would be upon my head. I assure you that there would not be the least chance of your coming back alive. It is only by remembering certain complex landmarks that I am able to do it.'
എത്ര നിസ്സാരമായാണ് സ്റ്റേപ്പിള്‍ട്ടണ്‍ പറഞ്ഞു വയ്ക്കുന്നത്, ആഴമുള്ള എണ്ണമറ്റ ചുഴികള്‍ നിറഞ്ഞ ആ ചതുപ്പ് പ്രദേശം തനിക്ക് വെറും കുട്ടിക്കളി മാത്രമാണ്. "And yet I can find my way to the very heart of it and return alive' - കോനന്‍ ഡോയല്‍ മരണ മാസ്സ് ആണെന്ന് പറയാതെ വയ്യ അല്ലേ!? ചുമ്മാ ഒരു വരിയില്‍ ഒളിപ്പിച്ചു വച്ചത് നോക്ക്.

തന്നിലേയ്ക്കുള്ള എല്ലാ വാതിലുകളും തുറന്നിട്ടുകൊണ്ട്, തന്റെ വിലപിടിച്ച കരുക്കളെ ഹോംസിന്റെ തുറുപ്പ് ചീട്ടിന് മുമ്പില്‍ ബലികൊടുത്തുകൊണ്ട് അതിമനോഹരമായൊരു ഗാമ്പിറ്റ് (Gambit) പയറ്റുന്ന സ്റ്റേപ്പിള്‍ട്ടണ്‍ എന്ന സൈക്കോപ്പാത്ത് (psychopath). കളിയുടെ ക്ഷേത്രഗണിതമറിഞ്ഞു കളിച്ച ആ ക്രിമിനല്‍ ജീനിയസ് നിസ്സാരമായി നമ്മളെ വിശ്വസിപ്പിച്ചു, വേട്ടനായയുടെ മരണത്തില്‍ പരിഭ്രാന്തനായി രക്ഷപ്പെടുന്നതിനിടയില്‍ ഗ്രിംപെന്‍ ചതുപ്പിന്റെ ആഴങ്ങളില്‍ താന്‍ ഒടുങ്ങി എന്ന്. എന്നെ അത്ഭുതപ്പെടുത്തുന്നത് അങ്ങനെ ഒരു നിഗമനത്തിലേയ്ക്ക് ഷെര്‍ലക്ക് എത്തിച്ചേര്‍ന്നുവെന്ന് വാട്‌സണ്‍ തന്റെ കുറിപ്പുകളില്‍ വിവരിച്ച ഭാഗത്തിന്റെ യുക്തി ഭദ്രതയാണ്.
സ്റ്റേപ്പിള്‍ട്ടണിനായി വല വിരിച്ച ശേഷം ഹോംസും വാട്‌സണും "ഡെവണ്‍ഷൈര്‍ വിടുന്നു' എന്നൊരു നറേറ്റീവ് ഉണ്ടാക്കി ബാസ്‌ക്കര്‍വില്‍സിന്റെ പരിസരങ്ങളില്‍ തന്നെ ഒളിച്ചിരിക്കുന്നു. ഇന്‍സ്‌പെക്ടര്‍ ലെസ്ട്രാഡ് ലണ്ടനില്‍ നിന്നുമെത്തി അവര്‍ക്കൊപ്പം ചേരുന്നു. ഇതൊന്നും അറിയാതെ ഹെന്‍റി, മെറിപ്പീറ്റ് ഭവനത്തിലേക്ക് സ്റ്റേപ്പിള്‍ട്ടണ്‍ന്റെ ക്ഷണം സ്വീകരിച്ചു അത്താഴവിരുന്നിനു പോവുന്നു. വിരുന്നിനു ശേഷം മടങ്ങുന്ന വഴി ഗ്രിംപെന്‍ ചതുപ്പില്‍ നിന്നും സ്റ്റേപ്പിള്‍ട്ടണ്‍ തുറന്നു വിട്ട വേട്ടനായ, ലണ്ടനില്‍ മോഷ്ടിക്കപ്പെട്ട ബൂട്ട്‌സിലെ ഉടമസ്ഥന്റെ ഗന്ധത്തിലേക്കുള്ള വഴി തേടി ഹെന്‍റിയ്ക്ക് നേരെ പാഞ്ഞടുക്കുന്ന ഹോംസിന്റെ വെടിയേറ്റ് ഫോസ്ഫറസിന്റെ രാസരഹസ്യങ്ങളില്‍ തിളങ്ങി തീ തുപ്പി സര്‍ ചാള്‍സിന്റെ നാഡി ഞരമ്പുകളെ മരണത്തിലേയ്ക്ക് തള്ളിയ ബാസ്‌ക്കര്‍വില്‍സിലെ വേട്ടനായ എന്ന മിത്തിക്കല്‍ ജീവി മഞ്ഞിന്റെ നനവുള്ള തരിശ് മണ്ണില്‍ ചത്ത് വീഴുന്നു.
പദ്ധതി പാളിയത് അറിഞ്ഞ സ്റ്റേപ്പിള്‍ട്ടണ്‍ തന്റെ ഭാര്യയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഗ്രിംപെന്‍ ചതുപ്പിലേയ്ക് ഓടി മറയുന്നു. പിറ്റേന്ന് കാലത്ത് സ്റ്റേപ്പിള്‍ട്ടണ്‍ന്റെ ഭാര്യയോടൊപ്പം ചതുപ്പ് സന്ദര്‍ശിക്കുന്ന ഹോംസിനും കൂട്ടര്‍ക്കും ചെളിയില്‍ പുതഞ്ഞു കിടന്നിരുന്ന ഹെന്‍റിയുടെ മോഷ്ടിക്കപ്പെട്ട ബൂട്ട് കിട്ടുന്നു. ഓടി രക്ഷപ്പെടുന്നതിനിടയില്‍ സ്റ്റേപ്പിള്‍ട്ടണ്‍ വലിച്ചെറിഞ്ഞതാവാം എന്ന് നിഗമനത്തില്‍ ഒരു കാല്‍പ്പാടിന്റെ പോലും പിന്‍ബലം ഇല്ലാതെ സ്റ്റേപ്പിള്‍ട്ടണ്‍ ആ ചതുപ്പില്‍ മുങ്ങി താണിട്ടുണ്ടാവാം എന്ന് ഹോംസ് വിധിയെഴുതിയതായി വാട്‌സണ്‍ നമ്മളോട് പറയുന്നു.
എന്റെ നിഗമനങ്ങളില്‍, ഗ്രിംപെന്‍ ചതുപ്പില്‍ ആന്തണി ഉണ്ടായിരുന്നു. അത്താഴ വിരുന്നിനു ശേഷം മടങ്ങിയ ഹെന്റിയുടെ നേര്‍ക്ക് വേട്ടനായയെ തുറന്നു വിടാന്‍ ഇരുട്ടിന്റെ മറവില്‍ ഒരു സഹായിയുടെ സാന്നിധ്യം ഇല്ലാതെ സാധിക്കില്ല.
ഇതിനെല്ലാമിടയില്‍ നമ്മള്‍ വിട്ടുപോവുന്ന ഒരാളുടെ സാന്നിധ്യമുണ്ട് - ആന്തണി. റോജറിന്റെ പാര്‍ട്ണര്‍ ഇന്‍ ക്രൈം. അഥവാ, ഈ കളിയില്‍ ഹോംസ് വാട്‌സണ്‍ എന്ന തന്റെ ബിഷപ്പിനെ (Bishop) മുന്നിലിറക്കി കളിച്ചപ്പോള്‍ ആരുമറിയാതെ സ്റ്റേപ്പിള്‍ട്ടണ്‍, ബാസ്‌ക്കര്‍വില്‍സ് തരിശുനിലങ്ങളില്‍ ഇടതിങ്ങിയ പച്ചപ്പിലും ഗ്രിംപെന്‍ ചതുപ്പിലെ ഇരുട്ടിന്റെയും മറവില്‍ നീക്കിയ തന്റെ കരു - ശത്രുവിന്റെ കരുക്കളുടെ കാഴ്ചവട്ടത്തില്‍ നേരിട്ട് പ്രത്യക്ഷപ്പെടാതെ ഒരേ സമയം എട്ടു ദിക്കുകളില്‍ എട്ടു കളങ്ങളില്‍ അക്രമം അഴിച്ചുവിടാനും അതേപോലെ പ്രതിരോധിക്കാനും കഴിവുള്ള ചതുരംഗത്തിലെ ഏറ്റവും അപകടകാരിയായ കരു, നൈറ്റ് (Knight). ആന്തണിയെക്കുറിച്ചു ഹോംസ് കണ്ടെത്തുന്നത് ഇതിനെല്ലാം ശേഷമാണ് എന്നത് പ്രസക്തമാണ്. എന്റെ നിഗമനങ്ങളില്‍, ഗ്രിംപെന്‍ ചതുപ്പില്‍ ആന്തണി ഉണ്ടായിരുന്നു. അത്താഴ വിരുന്നിനു ശേഷം മടങ്ങിയ ഹെന്റിയുടെ നേര്‍ക്ക് വേട്ടനായയെ തുറന്നു വിടാന്‍ ഇരുട്ടിന്റെ മറവില്‍ ഒരു സഹായിയുടെ സാന്നിധ്യം ഇല്ലാതെ സാധിക്കില്ല. ഫിസിക്‌സ് ഭാഷയില്‍ പറഞ്ഞാല്‍, ഹെന്‍റിയെ യാത്രയയച്ച്, നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഗ്രിംപെന്‍ ചതുപ്പില്‍ എത്തി, വേട്ടനായയെ തുറന്നു വിടുക എന്ന മള്‍ട്ടി ടാസ്‌ക്കിങ് (multi-tasking) ന്യൂട്ടണ്‍ന്റെ ടൈം - സ്‌പേസ് സിദ്ധാന്തത്തിനു വിരുദ്ധം. അല്ലാത്ത പക്ഷം സ്റ്റേപ്പിള്‍ട്ടണ്‍ ഒരു ഭാരതീയ ആള്‍ദൈവം ആയിരിന്നിരിക്കണം.
ഹോംസിന്റെ ഇടപെടല്‍ അറിഞ്ഞ, കന്നന്തിരുവുകളില്‍ പി.എച്ച്.ഡി എടുത്ത സ്റ്റേപ്പിള്‍ട്ടണ്‍ തീര്‍ച്ചയായും ക്ലൈമാക്‌സില്‍ ഒരു എമെര്‍ജെന്‍സി എക്‌സിറ്റ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടാവണം. ലണ്ടനിലെ റോസ് ആന്‍ഡ് മാങ്ല്‍സില്‍ (Ross and Mangles) നിന്നും തന്റെ പദ്ധതിയ്ക്ക് ഇണങ്ങിയ ഭീമന്‍ നായയെ വാങ്ങി, ഡെവണ്‍ഷൈറിയില്‍ എത്തിച്ച്, ഡെവണ്‍ഷൈര്‍ വാസികള്‍ക്ക് പോലും അധികം അറിയാത്ത പിന്‍വഴിയിലൂടെ മൈലുകള്‍ താണ്ടി ചതുപ്പിനുള്ളില്‍ പ്രവേശിച്ച് പഴയ ടിന്‍ ഖനിയിലെ ഉപേക്ഷിക്കപ്പെട്ട ഷെഡ്ഡുകളില്‍ കൂടൊരുക്കി, നായയെ മെരുക്കി, മാസങ്ങള്‍ കാത്തിരുന്ന്, ചാള്‍സുമായി സൗഹൃദം ഉണ്ടാക്കി, അയാളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വിശ്വസ്തന്റെ പട്ടം തട്ടിയെടുത്ത് ("I knew already that Sir Charles Baskerville had made Stapleton his almoner upon several occasions, so the lady's statement bore the impress of truth upon it.' [Chapter 11: The Man on the Tor]. സുകുമാര്‍ അഴീക്കോട് അവതാരിക എഴുതിയ ഷെര്‍ലക്ക് ഹോംസ്: സമ്പൂര്‍ണ്ണ കൃതികള്‍ എന്ന സമാഹാരത്തില്‍ ഈ വരി പരിഭാഷ ചെയ്യപ്പെടാതെ വിട്ടു കളഞ്ഞിരിക്കുന്നു. കാരണം അജ്ഞാതം, പ്രത്യാഘാതം ഗുരുതരം! വായനക്കാരുടെ കോടതി സ്വമേധയാല്‍ കേസെടുക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു), മിസിസ്സ് ലിയോണ്‍സിനെ ചൂണ്ടക്കൊളുത്താക്കി ചാള്‍സിന്റെ ജീവനെടുത്ത പദ്ധതിയുടെ സങ്കീര്‍ണ്ണതയും അതിലടങ്ങിയ ക്ഷമയും തയ്യാറെടുപ്പും സുക്ഷ്മമായ വായനയില്‍ നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നത് ഹോംസ് വിരിച്ച വലയിലേക്ക് നിസ്സാരമായി നടന്നടുത്ത ഒരു സാധാരണ പോക്കറ്റടിക്കാരനല്ല റോജര്‍ ബാസ്‌ക്കര്‍വില്‍സ് എന്ന് തന്നെയാണ്. ഇതിലെല്ലാം ആന്തണി എന്ന വിശ്വസ്തന്റെ നിഴല്‍ സാന്നിധ്യം പ്രകൃതി നിശ്ചലമായ മധ്യവേനല്‍ പാതിരാവില്‍ ഒരു പനിനീര്‍ പൂവിന്റെ ഗന്ധം പോലെ വ്യക്തം.

ഞാന്‍ പറഞ്ഞത് തെറ്റാണ് എന്ന് ഇനിയും ഏതെങ്കിലും വായനക്കാരന് തോന്നുന്നുവെങ്കില്‍, വരികളിലെ ഏതെങ്കിലും വഴിത്തിരിവുകള്‍ വായിച്ച്, ഗ്രിംപെന്‍ ചതുപ്പില്‍ ആരോ മുങ്ങി താണിരുന്നതായി വാട്‌സണ്‍ന്റെ കുറിപ്പിലെ സൂചനകള്‍ നല്‍കുന്നു എന്ന് വാദിച്ചാല്‍, ഒരു ചെറിയ തിരുത്തല്‍ കൂടി. അങ്ങനെ ഒരു മരണത്തിന്റെ ചുഴിപ്പാടുകള്‍ ഉണ്ടെങ്കില്‍, തീര്‍ച്ചയായും ഒരാള്‍ മരിച്ചിട്ടുണ്ടാവാം. പക്ഷെ, അത് ആന്തണി ആവാം. ചതുരംഗ ഭാഷയില്‍ പറഞ്ഞാല്‍ 'ഫിഷിങ് പോള്‍ ട്രാപ്പ്' - രാജാവിനെ ക്യാസല്‍ ചെയ്ത് സുരക്ഷിതമാക്കി, ബോര്‍ഡിന്റെ നടുക്കളം അധീനതയിലാക്കി കറുപ്പ് കരുക്കളുടെ മേല്‍ ആക്രമണം അഴിച്ചു വിടാന്‍ തയ്യാറെടുക്കുന്ന, ആത്മവിശ്വാസം നിറഞ്ഞ വെള്ളക്കരുക്കളുടെ മേല്‍ കിംഗ് സൈഡിലെ തന്റെ കറുത്ത കുതിരയെ (Knight) ബലികൊടുത്തുകൊണ്ട് എതിരാളിയുടെ സുരക്ഷിതത്വ ബോധത്തെ സ്വയം കുഴിച്ച കുഴിയാക്കി മാറ്റി കളിയുടെ ഗതി കൈപ്പിടിയിലാക്കുന്ന ബെര്‍ലിന്‍ ഡിഫെന്‍സിലെ (Berlin Defense) മാരകമായ ഒരു വകഭേദം.
മഞ്ഞുമൂടിയ ആ രാത്രിയുടെ മറവില്‍ ബാസ്‌ക്കറിവില്‍സ് പരിസരത്ത് പറഞ്ഞുറപ്പിച്ചതിന്‍ പ്രകാരം ഒരു കുതിരവണ്ടി കാത്ത് നിന്നിട്ടുണ്ടാവാം. ആരും കാണാതെ, ഒട്ടും ധൃതി കാട്ടാതെ അതിന്റെ ചക്രങ്ങള്‍ ഹ്യുഗോയെയും കൊണ്ട് ആ പാതിരാവിന്റെ ഇരുട്ടില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടാവാം.
സംഭവബഹുലമായ ആ ക്ലൈമാക്‌സ് രാത്രിയില്‍ 'അപ്രതീക്ഷിതമായി' ഗ്രിംപെന്‍ ചതുപ്പില്‍ നിന്നും ഊര്‍ന്നിറങ്ങിയ പുകമഞ്ഞിന്റെ (ഹോംസിന്റെ കാഴ്ചയെ മറയ്ച്ച പുകമഞ്ഞിന്റെ പെട്ടെന്നുള്ള രംഗ പ്രവേശനത്തിന് പിന്നിലും എന്തെങ്കിലും ഫിസിക്‌സ് / കെമിസ്ട്രി തന്ത്രങ്ങള്‍ ഉണ്ടാവുമോ?!) മറവില്‍ സ്റ്റേപ്പിള്‍ട്ടണ്‍ ഒരു വിഡ്ഢിയെപ്പോലെ വിറളിപിടിച്ചു ചതുപ്പിലേക്കല്ല ഓടിയത്. വേട്ടനായ എന്ന പ്രധാന കരുവിനെ വെട്ടിയെടുത്തപ്പോള്‍ ഉണ്ടായ ജയത്തിന്റെ നേരിയ ആശ്വാസ നിമിഷങ്ങളില്‍ മയങ്ങി നിന്ന ഷെര്‍ലക്കിനെയും വാട്‌സണേയും ലെസ്‌ട്രേഡിനെയും കബളിപ്പിച്ചുകൊണ്ട് സ്റ്റേപ്പിള്‍ട്ടണ്‍ രക്ഷപ്പെട്ടു. ഒറ്റ വരിയില്‍ പറഞ്ഞാല്‍, ബാസ്‌ക്കര്‍വില്‍സില്‍ ഷെര്‍ലക്കിയന്‍ തിയറി തോറ്റു, സ്റ്റേപ്പിള്‍ട്ടണ്‍ തിയറി ജയിച്ചു.
മഞ്ഞുമൂടിയ ആ രാത്രിയുടെ മറവില്‍ ബാസ്‌ക്കറിവില്‍സ് പരിസരത്ത് പറഞ്ഞുറപ്പിച്ചതിന്‍ പ്രകാരം ഒരു കുതിരവണ്ടി കാത്ത് നിന്നിട്ടുണ്ടാവാം. ആരും കാണാതെ, ഒട്ടും ധൃതി കാട്ടാതെ അതിന്റെ ചക്രങ്ങള്‍ ഹ്യുഗോയെയും കൊണ്ട് ആ പാതിരാവിന്റെ ഇരുട്ടില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടാവാം. അപ്പോഴും താന്‍ ബാക്കി നിര്‍ത്തിയ ചിലതിനെ ഓര്‍ത്തുകൊണ്ട് ഹ്യുഗോ ഉള്ളില്‍ ചിരിച്ചു കാണും.
3. ബാസ്‌ക്കര്‍വില്‍സിലെ പെണ്‍കുട്ടിയും പാലേരി മാണിക്യവും
കഥ തിരുത്താനല്ല, മറിച്ചു വായനയുടെ വ്യത്യസ്തമായ തലം കണ്ടെത്തുക, അവതരിപ്പിക്കുക എന്നത് മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. വെറുതെ വായിച്ചു മടക്കിവയ്ക്കുന്ന പുസ്തകങ്ങളില്‍ ഇങ്ങനെ എത്രയോ വഴിത്തിരിവുകള്‍ ഉണ്ടാവാം എന്നൊരു ചിന്ത. പ്രത്യേകിച്ചും "ദി ഹൗണ്ട് ഓഫ് ബാസ്‌ക്കര്‍വില്‍സ്' പോലുള്ള കൃതികള്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ഉള്‍പ്പെടെയുള്ള അക്കാദമിക്ക് ഇടങ്ങളില്‍ പാഠ പുസ്തകമായി ഇന്നും ഉപയോഗിക്കപ്പെടുന്നു എന്ന അറിവ് ഇത്തരം വായനകളെ, ആള്‍ട്ടര്‍നേറ്റ് എന്‍ഡിങ് സിദ്ധാന്തങ്ങളെ പ്രസക്തമാക്കുന്നില്ലേ എന്ന ചോദ്യമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്. നമ്മുടെ സ്‌കൂള്‍-കോളേജ് കരിക്കുലത്തില്‍ പോലും ബാസ്‌ക്കര്‍വില്‍സ് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നുണ്ടോ എന്നറിയില്ല. കഥയുടെ അവസാനത്തെക്കുറിച്ചും നിഗമനങ്ങളെക്കുറിച്ചും നാല് പുറത്തില്‍ കവിയാത്ത എഴുതുക എന്ന ഒരു പരീക്ഷ ചോദ്യത്തിന് ക്ലാസ്സ് മുറിയിലെ നോട്ടുകളില്‍മുമ്പ് പറഞ്ഞുറപ്പിച്ചതല്ലാതെ "ഹ്യുഗോ രക്ഷപെട്ടു, ഹോംസിന് തെറ്റി' എന്ന് സമര്‍ത്ഥിച്ചുകൊണ്ട് ഉത്തരമെഴുതുന്ന ഒരു വിദ്യാര്‍ത്ഥിയെ ഇതെഴുതിയ ശേഷം വെറുതെ സങ്കല്‍പ്പിച്ചു നോക്കി. അവന്റെ അദ്ധ്യാപകന്‍ ആ ഉത്തരത്തിന് എത്ര മാര്‍ക്ക് നല്‍കിയിരിക്കാം? വലിയ ചോദ്യമാണിത്.
കഥയും കഥാപാത്രങ്ങളും ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. പക്ഷെ അത്തരം ചോദ്യങ്ങള്‍ ചെന്നവസാനിക്കുന്നത് ഗ്രന്ഥാലയങ്ങള്‍ക്ക് തീ കൊളുത്തപ്പെടുന്നതിലും, പുസ്തകങ്ങള്‍ വിലക്കപ്പെടുന്നതിലും എഴുത്തുകാരന്റെ മീശ മുറിക്കാനും ഒഴിഞ്ഞ താളുകളില്‍ അവന്റെ തൂലിക ഇഴയുമ്പോള്‍ പിറക്കുന്ന സ്വതന്ത്ര ഭൂപ്രദേശങ്ങളില്‍ നിന്നും അവനെ പുറത്താക്കാനുള്ള ഫത്വ പ്രഖ്യാപനങ്ങളിലും ആവരുത്.
കഥയില്‍ ചോദ്യമില്ല എന്നൊരു എളുപ്പ പ്രയോഗമുണ്ട്. കഥയില്‍ ചോദ്യമുണ്ടാവണം, കഥയും കഥാപാത്രങ്ങളും ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. പക്ഷെ അത്തരം ചോദ്യങ്ങള്‍ ചെന്നവസാനിക്കുന്നത് ഗ്രന്ഥാലയങ്ങള്‍ക്ക് തീ കൊളുത്തപ്പെടുന്നതിലും, പുസ്തകങ്ങള്‍ വിലക്കപ്പെടുന്നതിലും എഴുത്തുകാരന്റെ മീശ മുറിക്കാനും ഒഴിഞ്ഞ താളുകളില്‍ അവന്റെ തൂലിക ഇഴയുമ്പോള്‍ പിറക്കുന്ന സ്വതന്ത്ര ഭൂപ്രദേശങ്ങളില്‍ നിന്നും അവനെ പുറത്താക്കാനുള്ള ഫത്വ പ്രഖ്യാപനങ്ങളിലും ആവരുത്. അത്തരം ഫാസിസ്റ്റു ആഭാസങ്ങളില്‍ കുരുങ്ങുമ്പോഴാണ് 'കഥയില്‍ ചോദ്യമില്ല' എന്ന പ്രയോഗത്തിന് ഒരു അരാഷ്ട്രീയ മുദ്രാവാക്യത്തിന്റെ കാപട്യവും അജ്ഞതയുടെ വൈകൃത ഭാവവും കൈവരുന്നത്.
ഓരോ പുസ്തകവും തുറക്കുന്നത് ഒരു മൂന്നാമിടത്തിലേക്കാണ്. ഒരു ലോകസഞ്ചാരിയുടെയും വടക്കുനോക്കിയന്ത്രത്തിനും കണ്ടെത്താന്‍ പറ്റാത്ത ഭാവനയുടെയും ചിന്തകളുടെയും അദൃശ്യ കോര്‍ഡിനേറ്റുകള്‍ സന്ധിക്കുന്ന ആ മാനത്തില്‍ അക്ഷരങ്ങള്‍ ഉള്ളിടത്തോളം കാലം ഒരു വായനക്കാരന്‍ കഥാപാത്രങ്ങളുമായി, തന്റെ സാഹിത്യകാരനുമായി കലഹിച്ചുകൊണ്ടിരിക്കും, എഴുതപ്പെട്ട വരികളെ, ഓരോ വാക്കെടുത്ത് പലയാര്‍ത്ഥത്തില്‍ വായിക്കും, പാരഗ്രാഫുകളുടെ ക്രമം മാറ്റും, കഥ തന്നെ കീഴ്മേല്‍ മറിക്കും. അത്തരം സര്‍ഗാത്മക സാഹസങ്ങളിലൂടെ മാത്രമേ വായന ഒരു ജനാധിപത്യ കലയായും സാഹിത്യം സ്വാതന്ത്ര്യ സമരമായും പുരോഗമിക്കൂ.
ബാസ്‌ക്കര്‍വില്‍സ് പോലുള്ള കൃതി എത്രയോവട്ടം പുനര്‍ജനിച്ചിരിക്കുന്നു. നൂറോ അതിലധികമോ തവണ വിവിധ ഭാഷകളില്‍ സിനിമാ രൂപം ഉണ്ടായിരിക്കുന്നു. നാടക അരങ്ങുകളില്‍, ടെലിഫിലുമുകളില്‍ തുടങ്ങി ഇപ്പോള്‍ ഓ.ടി.ടി പ്ലാറ്റ്‌ഫോമില്‍ വെബ് സീരിസ് രൂപത്തില്‍ പുതിയ കഥയുമായി പുനര്‍ജനിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്നു. ഒന്നാലോചിച്ചാല്‍ നമ്മുടെ മണിച്ചിത്രത്താഴ് പോലും വേട്ടനായയുടെ കഥയുടെ മറ്റൊരു ഭാവമാണ്. അന്ധവിശ്വാസങ്ങളുടെ സാര്‍വ്വലൗകികമായ വിപണിയുള്ളിടത്തോളം, "ആളുവാഴാത്ത വീടുകള്‍' നാട്ടിന്‍പുറങ്ങളിലും നഗരവാരിധികളിലെ നടുച്ചുഴികളിലും പോലും ഭീതിയുടെ നിഴല്‍ഛായ ചിത്രങ്ങളായി കാലവും കോലവും മാറിയ ഡിജിറ്റലൈസ്ഡ് മനുഷ്യ മനസിടങ്ങളില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും എഴുന്ന് നില്‍ക്കുന്നിടത്തോളം കാലം ബാസ്‌ക്കര്‍വില്‍സിന്റെ പുനര്‍വായനകള്‍, പഠനങ്ങള്‍ പ്രസക്തമാണ്.
ലേഖനത്തിന്റെ തുടക്കത്തില്‍ എന്റെ ബാല്യകാല ബാസ്‌ക്കര്‍വില്‍സ് വായനയെപ്പറ്റി പറഞ്ഞല്ലോ. ശേഷം പല പുനര്‍വായനകളിലും കഥയും കഥാപാത്രങ്ങളും മറന്നു പോവുന്ന അപൂര്‍വതയും. പക്ഷെ, ഇന്നും ഓര്‍മ്മയുള്ള ഒരു കാര്യമുണ്ട്. The Light upon the Moor എന്ന അദ്ധ്യായത്തില്‍ ബാരിമൂറിന്റെ ഭാര്യാസഹോദരനായ തടവുചാടിയ സെല്‍ഡണ്‍ന്റെ പിന്നാലെ വാട്‌സണും ഹെന്‍റിയും പോവുന്ന ഒരു ഭാഗമുണ്ട്. എന്നാല്‍ സെല്‍ഡണ്‍ രക്ഷപ്പെടുന്നു. നിരാശരായി തിരികെ നടക്കുന്നതിനിടയില്‍ ദൂരെ ഗ്രാനൈറ്റ് പാറകളുടെ മുകളില്‍ വാട്‌സണ്‍ ഒരാളെ കാണുന്നുണ്ട്. ചാന്ദ്ര മുഖത്തിന്റെ വലിയ വൃത്തത്തില്‍, മലമുകളില്‍ മെലിഞ്ഞ നീളം കൂടിയ ഒരു മനുഷ്യന്റെ നിഴല്‍രൂപം. എന്റെ ഓര്‍മ്മയില്‍ ആ രംഗം - അതായത് ഞെട്ടി നില്‍ക്കുന്ന വാട്‌സണും ഹെന്‍റിയും, ദൂരെ കുന്നിന്റെ മുകളില്‍ അവ്യക്തമായ ഒരു നിഴല്‍ രൂപവും - ബാലഭൂമിയുടെ താളില്‍ ഇല്ലസ്‌ട്രേറ്റഡ് ചെയ്യപ്പെട്ടിരുന്നു (ഇതുപോലെ ഒരു രംഗം കല്യാണസൗഗന്ധികം എന്ന വിനയന്‍ സിനിമയില്‍ ഉണ്ട്. വീടിന്റെ മതിലില്‍ കയറി നില്‍ക്കുന്ന ഒരു നിഴല്‍ രൂപം. ഞാന്‍ എന്ന കൊച്ചു ചെറുക്കന്റെ രാത്രികളെ ആ ഫ്രയിം ചില്ലറയല്ല അലട്ടിയിരിക്കുന്നത്. രാത്രിയില്‍ പുറത്തിറങ്ങിയാല്‍ ജനലില്‍ക്കൂടി നോക്കിയാല്‍ എവിടെയോ എളിക്ക് കൈകൊടുത്ത് ശക്തിമാന്‍ നില്‍ക്കുന്നത് പോലെ ഒരു രൂപം എന്നെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു). ഏകദേശം ആ ഭാഗത്തോടെ ആ ലക്കം അവസാനിച്ചു. പക്ഷെ, തെളിച്ചമുള്ള എന്റെ ഓര്‍മ്മയില്‍ ഇന്നും തങ്ങി നില്‍ക്കുന്നത്, അതെ ഭാഗം വല്യമ്മച്ചിയും വായിച്ചതിനു ശേഷം ഞാന്‍ ചോദിച്ച ഒരു ചോദ്യമാണ് "അതാരാരിക്കും അമ്മച്ചി?' വീല്‍ചെയറില്‍ ഇരുന്ന്, വലിയ സോഡാക്കുപ്പി കണ്ണടയ്ക്കുളില്‍ നിന്നും എന്റെ "ഒരിടത്തൊരിടത്തൊരിടത്തെ' കഥക്കൂട്ടുകാരിയുടെ വെള്ളെഴുത്ത് പാടമൂടിയ കണ്ണുകള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു "ആ? കള്ളനാരിക്കും'. അകാരണമായ എന്തോ പ്രേരണയാല്‍ ഞാന്‍ പറഞ്ഞു "അല്ല. അത് ഹോംസാണ്. അമ്മച്ചി കണ്ടോ!' മുന്‍പൊരിക്കലും വായിക്കാത്ത നോവലിലെ ആ രഹസ്യം ഏതാനും ഇല്ലുസ്‌ട്രേഷനുകളിലൂടെ മാത്രം ഹോംസിനെ പരിചയം ഉണ്ടായിരുന്ന ആ നാലാംക്ലാസുകാരന്‍ എങ്ങനെ പറഞ്ഞു? അറിയില്ല. പ്രായത്തിനും ബുദ്ധി ശക്തിയ്ക്കും ഭാഷ പാടവത്തിനും അപ്പുറം എന്തോ ഒന്ന് വായന എന്ന പ്രോസസ്സില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നതിന്റെ സൂചനയായി ഇന്ന് ഞാന്‍ അത് തിരിച്ചറിയുന്നു. ഒരു പുസ്തകം വായിക്കുമ്പോള്‍ നമ്മളറിയാതെ നമ്മളില്‍ എന്തെല്ലാമോ സംഭവിക്കുന്നു.
മേല്‍പ്പറഞ്ഞ വസ്തുത ഈ അടുത്ത കാലത്ത് ഒരു ടി.വി പരിപാടിയില്‍ തന്റെ ആത്മഭാഷണത്തിനിടയില്‍ പങ്കുവെച്ച കുറുപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജോര്‍ജ് ജോസഫ് (റിട്ട.എസ്.പി )പറയുന്ന ഒരു കാര്യമുണ്ട് - "മലയാളി ഉള്ളിടത്തോളം സുകുമാര കുറുപ്പും ഉണ്ടാവും'.
സ്റ്റേപ്പിള്‍ട്ടണ്‍ - സുകുമാര കുറുപ്പ് താരതമ്യവും ഒരു കൗതുകത്തോടെ ചെയ്തതാണ്. കുറുപ്പ് ഒരു സ്റ്റേപ്പിള്‍ട്ടണ്‍ ആയിരുന്നു. സമര്‍ത്ഥമായ ഒരു പദ്ധതിയിട്ട്, ഒരു കുറ്റം നടത്തി കേരള പൊലീസിനെ വെട്ടിച്ചു വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ കറങ്ങി നടന്ന്, ഒടുവില്‍ ആരോഗ്യം ക്ഷയിച്ചു റെയില്‍വേ സ്റ്റേഷനുകള്‍ അടുത്തുള്ള ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേയ്ക്ക് തന്റെ ചികിത്സാ രേഖകളും മോഷ്ടിച്ചുകൊണ്ടു പലായനം ചെയ്ത് എവിടെയോ വീണ് ഒരനാഥ ശവമായി ഒടുങ്ങിയ കുറുപ്പ് ഇന്നും മലയാളികളുടെ ഉള്ളില്‍ ഒരു മോണ്‍സ്റ്റര്‍ ഗാംഗ്സ്റ്റര്‍ ആയി ജീവിക്കുന്നു. മേല്‍പ്പറഞ്ഞ വസ്തുത ഈ അടുത്ത കാലത്ത് ഒരു ടി.വി പരിപാടിയില്‍ തന്റെ ആത്മഭാഷണത്തിനിടയില്‍ പങ്കുവെച്ച കുറുപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജോര്‍ജ് ജോസഫ് (റിട്ട.എസ്.പി )പറയുന്ന ഒരു കാര്യമുണ്ട് - "മലയാളി ഉള്ളിടത്തോളം സുകുമാര കുറുപ്പും ഉണ്ടാവും'.

സ്റ്റേപ്പിള്‍ട്ടണ്‍ എങ്ങോട്ടായിരിക്കാം രക്ഷപ്പെട്ടത്? അയാള്‍ മറ്റെന്തൊക്കെ ചെയ്തു കാണും? ഏതൊക്കെ പേരുകളില്‍ അയാള്‍ ആരെയൊക്കെ പറ്റിച്ചിട്ടുണ്ടാവാം?
എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കൃതിയാണ് ടി.പി രാജീവന്റെ "പാലേരി മാണിക്യം : ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ'. ചടുലമായി ചുരുള്‍ നിവര്‍ന്ന ആഖ്യാനം വല്ലാതെ ഞെട്ടിച്ച ഒരു വായനാനുഭവ ഓര്‍മ്മയായ പാലേരിമാണിക്യവും ബാസ്‌ക്കര്‍വില്‍സും തമ്മിലും ഒരു ബന്ധമുണ്ട്.
വെള്ളിത്തിരയിലേക്ക് ആ കഥ പകര്‍ത്തിയപ്പോള്‍ രഞ്ജിത്ത് എന്ന സംവിധായകന്‍ അതിലേറെ ഞെട്ടിച്ചു. ആ ക്ലൈമാക്‌സ്. ഹരിദാസ് അഹമ്മദ് - ഖാലിദ് അഹമ്മദ് കൂടിക്കാഴ്ച. നോവലില്‍ അങ്ങനെ ഒരു ഭാഗമേ ഇല്ല. നോവലില്‍ ആ കുറ്റാന്വേഷകന്‍ അഹമ്മദ് ഹാജിയുടെ മകനുമല്ല. മറിച്ചു അയാള്‍ മാണിക്യത്തിന്റെ കാമുകനായിരുന്ന കുഞ്ഞാര്‍ നായരുടെ മകനാണ്. അവസാന വരിയില്‍ അത് പറയുമ്പോള്‍ വായനക്കാരന്റെ മനസ്സില്‍ വലിയൊരു ശൂന്യത നിറയുന്നു. പക്ഷെ സിനിമയില്‍ ഹരിദാസ് അന്വേഷിച്ചിറങ്ങി ചെല്ലുന്നത് തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന, തന്നെ എന്നും അലട്ടുന്ന ചിലതിന്റെയൊക്കെ ആഴങ്ങളിലേക്കാണ്. യഥാര്‍ത്ഥ കുറ്റവാളി തന്റെ അര്‍ദ്ധ സഹോദരനായ ഖാലിദ് ആണെന്ന് തിരിച്ചറിയുന്ന ആ ഭാഗം മനോഹരമായി സംവിധായകനിലെ വായനക്കാരന്‍ തിരക്കഥയില്‍ പൊളിച്ചെഴുതിയിരിക്കുന്നു. അവസാന രംഗത്തിലെ ഗസലിന്റെ വരികളില്‍ പോലും നിറഞ്ഞു നില്‍ക്കുന്നത് പിടിക്കപ്പെടാതെ മറഞ്ഞു നില്‍ക്കുന്ന കുറ്റവാളിയുടെ നിലവിളികളാണ്. ആത്മസാഗരത്തില്‍ ഉപ്പ് പോല്‍ ഉള്‍ച്ചേര്‍ന്നത് ആരാണ്; തനിക്ക് പകരം കുറ്റം തലയിലെടുത്ത പിതാവായ ഹാജിയോ, അതോ ആത്മസാഗരത്തിന്റെ അന്ധമായ ആഴങ്ങളില്‍ ഒളിക്കാന്‍ വിഫലമായി ശ്രമിക്കുന്ന അയാളിലെ കുറ്റവാളിയോ? പാപബോധത്തിന്റെ അധമവികാരങ്ങളുടെ ഉമിത്തീയില്‍ വെന്തു നീറുന്ന മറ്റൊരു റാസ്‌കോള്‍നിക്കോവ്. അയാള്‍ കാത്തിരിക്കുകയായിരുന്നു ഒരു ഹരിദാസിനായി.

നിങ്ങളാണ് കുറ്റവാളി എന്ന് തിരിച്ചറിയാന്‍ വെറും നാടന്‍ നായയുടെ ഘ്രാണശേഷി മാത്രമേ തനിക്ക് ആവശ്യമുള്ളൂവെന്ന് ഹരിദാസ് പറയുന്നിടത്താണ് അഹമ്മദ് ഹാജിയില്‍ തുടങ്ങി (ചിലപ്പോള്‍ അയാള്‍ക്ക് മുന്‍പേ തന്നെ) ഖാലിദിലും ഹരിദാസിലും (ഹരിദാസ് തന്റെ ഭാര്യയായ വനജയോട് കള്ളങ്ങള്‍ പറഞ്ഞാണ് സരയുവിനൊപ്പം യാത്ര തുടങ്ങിയത്) തുടരുന്ന മൃഗീയതയുടെയും അവരുടെ ഉപബോധത്തില്‍ ഉള്‍ച്ചേര്‍ന്ന പശ്ചാത്താപത്തിന്റെയും കലര്‍പ്പ് കലങ്ങിത്തെളിയുന്നത്. ഹരിദാസ് സത്യത്തിന്റെ വെളിച്ചം ഖാലിദിന്റെ മുഖത്തേയ്ക്ക് തുറന്നു വിടുകയാണ്.
ഹരിദാസിന്റെ കണ്ടെത്തലുകളില്‍ ആദ്യമല്‍പ്പം പകയ്ച്ചുവെങ്കിലും, ഖാലിദ് വലിയ ആശ്വാസത്തോടെയാണ് തന്റെ റിവോള്‍വറിലെ ഒരു തിരയാല്‍ സ്വയം ഹനിക്കുന്നത്. വിഭവ സമൃദ്ധമായ ഊണ് മുറിയില്‍ നിറഞ്ഞു മുഴങ്ങുന്ന വെടിശബ്ദം. അതിഥികളെല്ലാം ആ ശബ്ദത്തെ പിന്തുടര്‍ന്ന് മുകളിലേയ്ക്കു പാഞ്ഞപ്പോള്‍ ആളൊഴിഞ്ഞ വിരുന്ന് മുറിയില്‍ നിന്നും ഹരിദാസ് മെല്ലെ ഇറങ്ങുന്നു. കഥയില്‍ നിന്നും പിന്‍വാങ്ങി, മരങ്ങള്‍ തിങ്ങിയത്തിന്റെ നിഴല്‍പ്പാടുകള്‍ വീണ റോഡിലേയ്ക്ക് ഓടിമറയുന്ന ഹരിദാസിന്റെ കാര്‍. അവസാന ഫ്രേമുകളില്‍ ഹരിദാസിന്റെ ശബ്ദം ഇങ്ങനെ പൂരിപ്പിക്കുന്നു 'ഖാലിദ് അഹമ്മദ്, ആരെയും ശിക്ഷിക്കാനായിരുന്നില്ല ഈ അന്വേഷണം.

അന്‍പത്തിരണ്ടുവര്‍ഷമായി ഇരുട്ടില്‍ കഴിയുന്ന നിങ്ങളുടെ മുഖത്തേയ്ക്ക് ഞാന്‍ വെളിച്ചം തുറന്നുവിട്ടു. അത്രയേ ഞാന്‍ കരുതിയിരുന്നുള്ളൂ. എനിക്കെല്ലാം അറിയാമെന്നു നിങ്ങളോട് പറയുക; അത്രമാത്രം. പക്ഷെ നിങ്ങള്‍ സ്വയം ശിക്ഷ വിധിച്ചു നടപ്പാക്കിക്കഴിഞ്ഞു. അനിവാര്യമായ വിധിയിലേക്ക്, കാലമെത്ര കഴിഞ്ഞാലും നടന്നുപോവുക തന്നെ വേണം ഏത് കുറ്റവാളിയുമെന്നത് നിയതിയുടെ നിശ്ചയമാണ്. അറിയില്ല. മഹാ മൗനത്തിന്റെ ശൂന്യതയില്‍ തനിച്ചായിരിക്കുന്നു ഞാന്‍, എനിക്ക് നാഴികകള്‍ പോവാനുണ്ട്, പക്ഷെ ഉറക്കമെന്റെ കണ്ണുകളുടെ തിരശീല താഴ്ത്തുന്നു. I have miles to go ahead, but sleep is slipping down the curtains on my eyes'
ഒരു പക്ഷെ റോജര്‍ ബാസ്‌ക്കര്‍വില്‍സ് എന്ന സ്റ്റേപ്പിള്‍ട്ടണും കഥകള്‍ക്കും യഥാര്‍ത്ഥ ലോകത്തിനും ഇടയിലെ മൂന്നാമിടത്തിലെ ഏതെങ്കിലും കോണില്‍ ഇത്രയും നാള്‍ ഖാലിദിനെപ്പോലെ അലയുകയായിരുന്നിരിക്കാം. ഹാജിയ്ക്ക് മാണിക്യത്തിനോട് തോന്നിയത് പോലെ ഹ്യൂഗോ ബാസ്‌ക്കര്‍വില്ലിനും തോന്നി തന്റെ കുടിയാന്റെ മകളോട് മോഹം. തന്റെ തൃഷ്ണയ്ക്ക് വഴങ്ങാതെ കുതറിയ ആ നിസ്സഹായയായ പെണ്‍കുട്ടിയും വേട്ടയാടപ്പെട്ടു, മാണിക്യത്തെപോലെ തന്നെ. എന്നാല്‍ പാവം മാണിക്യത്തെ ഖാലിദില്‍ നിന്നും രക്ഷിക്കാന്‍ ഒരു വേട്ടനായയും പാലേരിയില്‍ അവതരിച്ചില്ല. ബാസ്‌ക്കര്‍വില്‍സിലെ അധികമാരും ശ്രദ്ധിക്കാതെ പോയ (അധികാരമാരും എന്നല്ല, നമ്മള്‍ എല്ലാവരും തന്നെ ഗൗനിക്കാതെ പോയ ഒരു കീഴാള വേട്ടയുടെ ഫ്രോയിഡിയന്‍ മനഃശാസ്ത്ര - രാഷ്ട്രീയ വശം ബാസ്‌ക്കര്‍വില്‍സില്‍ ഉണ്ട്) കഥാപാത്രമായ പെണ്‍കുട്ടി ഒരു കഥയും, തിരഞ്ഞു ചെല്ലാന്‍ ഒരു രേഖപോലും അവശേഷിപ്പിക്കാതെ ഗൂഗിളില്‍ നിന്നു പോലും മറഞ്ഞിരിക്കുന്ന മാണിക്യം ഒരു സത്യവുമാണ്; നിദ്രയുടെ താഴ്‌വരയിലെ ഏതോ കോണില്‍ നിന്നും, ഇടയ്ക്കിടെ പൊന്തി വരാറുള്ള ഞെരിഞ്ഞു പൊട്ടുന്ന കരിവളകളുടെ ഭയപ്പെടുത്തുന്ന ശബ്ദം. ഉടലായി മാത്രം ഒടുങ്ങിയ നമുക്കാര്‍ക്കും ആരുമല്ലത്ത കഥാശിലയായി മറവിക്ക് പിന്നിലേയ്ക്ക് മാഞ്ഞ മാണിക്യം. എന്നാല്‍ അക്ഷരങ്ങളില്‍ അവര്‍ ഓരോ വായനക്കാരനും രണ്ടു മുഖങ്ങളുള്ള ഒരേ സത്യത്തിന്റെ ഇരട്ടപ്രതിബിംബങ്ങളാണ്.
ഹരിദാസ് ഒടുവില്‍ പറഞ്ഞത് മാത്രമേ പ്രിയപ്പെട്ട ഹ്യുഗോ എന്ന സ്റ്റേപ്പിള്‍ട്ടണ്‍ എനിക്കും പറയാനുള്ളൂ. എത്ര ഒളിച്ചാലും ഒരു വായനക്കാരാനെങ്കിലും നിങ്ങളെ തിരഞ്ഞു പിടിക്കും. ഷെര്‍ലക്കിനെക്കുറിച്ചു അറിയാവുന്ന താങ്കള്‍, അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേട്ടിരിക്കുമല്ലോ "You know my methods, Watson'. അത് ഞങ്ങളോടും കൂടിയാണ് ഷെര്‍ലക്ക് ഹോംസ് പറഞ്ഞത് - ദശലക്ഷക്കണക്കിന് വരുന്ന ഷെര്‍ലക്ക് ഹോംസ് ആരാധകരോട്.
കോനന്‍ ഡോയല്‍ നല്‍കിയ സൂചനകളെ തിരിച്ചറിയാന്‍, അസ്വാഭാവികതകള്‍ ഏറെ നിറഞ്ഞ ഒരു കേസിന്റെ ചുറ്റുവഴികളില്‍ പെട്ടുഴറിയ ഹോംസിന് സാധിച്ചില്ല. ഒരു പക്ഷെ അങ്ങനെ ആയിരുന്നില്ല എന്നുമാകാം. കാരണം അവസാന അധ്യായത്തില്‍ ഹോംസിന്റെ സംസാരത്തില്‍ ഒരു പാളിച്ച മണക്കുന്നുണ്ട്. വാട്‌സണ്‍ന്റെ ചൂഴ്ന്നുള്ള ചോദ്യങ്ങളില്‍ നിന്നും ക്ഷീണിത മുഖത്തോട് ഹോംസ് ഒഴിഞ്ഞു മാറുന്നുമുണ്ട്. അങ്ങനെയെങ്കില്‍ തെറ്റിയത് വാട്‌സണാവാം. (പ്രിയപ്പെട്ട ഹോംസ് നിങ്ങള്‍ തോറ്റു എന്ന പറയാന്‍ എനിക്കെന്തോ പറ്റുന്നില്ല എന്നതാണ് വാസ്തവം). വാട്‌സണില്‍ നിന്ന് കോനന്‍ ഡോയല്‍ ഒരു കുസൃതിയോടെ ഇതൊക്കെ ഒളിപ്പിച്ചതുമാകാം എന്നതാണ് മറ്റൊരു മനോഹരമായ സാധ്യത.
നടന്നിരിക്കാന്‍ സാധ്യതയുള്ള ഒരു വഴിത്തിരിവുകൂടിയുണ്ട്. അത് ഞാന്‍ ഈ കുറിപ്പ് വായിക്കുന്ന നിങ്ങള്‍ക്ക് കണ്ടെത്താന്‍ ബാക്കി വയ്ക്കുന്നു. ഒന്ന് രണ്ട് സൂചനകള്‍ തരാം.
Clue.1: ബാസ്‌ക്കര്‍വില്‍സ് ബംഗ്ലാവിന്റെ ചുവരില്‍ സ്റ്റേപ്പിള്‍ട്ടണ്‍ന്റെ മുഖഛായ ഉള്ള ഒരു കാരണവരുടെ ഛായാചിത്രം ഉണ്ടായിരുന്നു. അതൊരു വ്യാജ ഛായാചിത്രം ആയിരുന്നെങ്കിലോ? ഹോംസിന്റെ കണ്ണുകളെ അറിയാവുന്ന ഒരാള്‍ മനപ്പൂര്‍വം തൂക്കിയ ഒന്ന്? ചുമ്മാ ചൂഴ്ന്ന് നോക്ക്! കഥയേ മാറിയില്ലേ? ഇപ്പോള്‍ ഞാന്‍ പറഞ്ഞതിലും വലിയൊരു പ്ലാനും പുതിയൊരു വില്ലനും (ചിലപ്പോള്‍ വില്ലന്മാര്‍ തന്നെ ) തെളിഞ്ഞില്ലേ?
സ്റ്റേപ്പിള്‍ട്ടണ്‍ന്റെ വിജയം പൂര്‍ത്തിയാവുന്നത്, കളി കഴിഞ്ഞ ബാസ്‌ക്കര്‍വില്‍സിലെ അറുപത്തിനാലു കളങ്ങളില്‍ ഒന്നില്‍ താന്‍ ബാക്കി നിര്‍ത്തിയ ഒരു കരുവില്‍ കൂടി ആവാം - മിസ്സ് സ്റ്റേപ്പിള്‍ട്ടണ്‍. അതെ, അവര്‍ ബാക്കിയാണ്.
Clue.2: കുറ്റവാളി ഹ്യുഗോയുടെ പിന്മുറക്കാരാന്‍ തന്നെ (അതില്‍ മാറ്റമില്ല).
അവസാനിപ്പിക്കും മുമ്പ്, ചതുരംഗ സിദ്ധാന്തത്തിലേയ്ക്ക് ഒരിക്കല്‍ കൂടി പോവാം. ചെസ്സ് കളികള്‍ തീരുന്നത് ഒരു ചെക്ക് മേയ്റ്റിലാണ്. രാജാവിന്റെ തലയെടുക്കുന്ന സമ്പ്രദായം ക്ഷേത്രഗണിതത്തിന്റെയും കണക്കിന്റെയും ആ യുദ്ധവേദിയില്‍ ഇല്ല. ഫിഷിങ് പോള്‍ ട്രാപ് പ്രയോഗിക്കുന്നത് പൊതുവെ വെള്ളക്കരുക്കള്‍ക്ക് എതിരെയാണ്. ഇവിടെ വെള്ളക്കരുക്കളുടെ രാജാവ് ഹെന്‍റിയാണ്. ഹെന്‍റിയെ സ്റ്റേപ്പിള്‍ട്ടണ്‍ന്റെ കറുത്ത പടയാളികളില്‍ നിന്നും സംരക്ഷിക്കാനാണ് ഹോംസും വാട്‌സണും ലെസ്‌ട്രേഡും ഉള്‍പ്പെടുന്ന കരുക്കള്‍ പരിശ്രമിക്കുന്നത്. പക്ഷെ, സ്റ്റേപ്പിള്‍ട്ടണ്‍ വെളുത്ത റാണിയും, ബിഷപ്പും, റൂക്കുമൊക്കെ നോക്കി നില്‍ക്കെ (ഫിഷിങ് പോള്‍ ട്രാപ് എന്ന തന്ത്രത്തിന്റെ പ്രത്യേകതയും ഈ നിസ്സഹായത സൃഷ്ട്ടിക്കലാണ്) ബോര്‍ഡിന്റെ ഒരു മൂലയില്‍ ഒതുക്കി ചെക്ക് മേയ്റ്റില്‍ കളിയവസാനിപ്പിക്കുന്നു. പക്ഷെ ഹെന്‍റി എന്ന കിംഗ് പീസ് മരിക്കുന്നില്ല. സ്റ്റേപ്പിള്‍ട്ടണ്‍ന്റെ വിജയം പൂര്‍ത്തിയാവുന്നത്, കളി കഴിഞ്ഞ ബാസ്‌ക്കര്‍വില്‍സിലെ അറുപത്തിനാലു കളങ്ങളില്‍ ഒന്നില്‍ താന്‍ ബാക്കി നിര്‍ത്തിയ ഒരു കരുവില്‍ കൂടി ആവാം - മിസ്സ് സ്റ്റേപ്പിള്‍ട്ടണ്‍. അതെ, അവര്‍ ബാക്കിയാണ്. തന്റെ സഹോദരി എന്ന് സ്റ്റേപ്പിള്‍ട്ടണ്‍ ലോകരെ തെറ്റിദ്ധരിപ്പിച്ച, ഹെന്‍റിയുടെ പ്രണയഭാജനമായി തീര്‍ന്ന മിസ്സ് സ്റ്റേപ്പിള്‍ട്ടണ്‍. കഥയില്‍ ഉടനീളം അവര്‍ക്ക് സ്റ്റേപ്പിള്‍ട്ടണ്‍ന്റെ ഗൂഢ പദ്ധതികള്‍ക്ക് ഇഷ്ടമില്ലാതിരിന്നിട്ടും കൂട്ട് നില്‍ക്കേണ്ടി വരുന്ന നിസ്സഹായയായ ഒരു അടിമയുടെ മുഖമാണ്. കലങ്ങിയ കണ്ണുകള്‍, സത്യം വിളിച്ചു പറയാന്‍ വെമ്പുന്ന ചുണ്ടുകള്‍. അല്‍പ്പം ഭരത മുനി ടച്ച് നല്‍കി ഒരു മാര്‍ട്ടിന്‍ സ്‌കോര്‍സസി ഫ്രേമിലൂടെ നോക്കിയാല്‍ നല്ല ലക്ഷണമൊത്ത ഒരു നാട്യക്കാരിയെ കാണാന്‍ സാധിക്കുന്നുണ്ടോ? കഥയില്‍ എപ്പോഴും ഒരു അവസാന നിമിഷ ട്വിസ്റ്റ് വേണമല്ലോ! കഥയില്‍ ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. ബാക്കി നില്‍ക്കുന്ന ചോദ്യങ്ങളിലൂടെയാണ് ഓരോ അപസര്‍പ്പക കഥയും മനോഹരമാകുന്നത്.
അടിയാളനെ ഉടല്‍ മാത്രമായി കാണുന്ന ദുഷ്പ്രഭുക്കന്മാര്‍ ഇന്നും വേട്ടതുടരുന്നു. പുതിയ കാലത്തിലെ തരിശു നിലങ്ങളില്‍, ഇരുളില്‍ പുകമഞ്ഞു കലരുന്ന ചില രാത്രികളില്‍, കാണാമറയത്ത് നിന്നും, കാലമെത്ര കഴിഞ്ഞിട്ടും ആ അധമബോധത്തിന്റെ രാക്ഷസരൂപങ്ങള്‍ക്ക് മേല്‍ ഒരു വേട്ടനായയുടെ ഭീതി കലര്‍ന്ന നിഴല്‍ വീഴാറുണ്ട്. ജ്വലിക്കുന്ന കണ്ണുകളില്‍ പക പേറുന്ന ഒരഗ്‌നി മൃഗം. അതിന്റെ ഓരിയിടല്‍ ശബ്ദങ്ങളിലെ ഭയം വിറ്റ് ചിലര്‍ ജീവിക്കുന്നു. അപ്പോഴും ചില മരണങ്ങളില്‍ മനുഷ്യചരിത്രത്തോളം പഴക്കമുള്ള കായേന്റെ കൈപ്പത്തി പതിഞ്ഞു നില്‍ക്കുന്നു, വിരലടയാളങ്ങള്‍ പലതെന്ന് മാത്രം.
കോനന്‍ ഡോയലിനും, ഷെര്‍ലക്ക് ഹോംസിനും ഒരു ഫാന്‍ഫിക്ക് സല്യൂട്ട്
നോവല്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്;
""It is a formidable difficulty, and I fear that you ask too much when you expect me to solve it. The past and the present are within the field of my inquiry, but what a man may do in the future is a hard question to answer. Mrs. Stapleton has heard her husband discuss the problem on several occasions. There were three possible courses. He might claim the property from South America, establish his identity before the British authorities there and so obtain the fortune without ever coming to England at all, or he might adopt an elaborate disguise during the short time that he need be in London; or, again, he might furnish an accomplice with the proofs and papers, putting him in as heir, and retaining a claim upon some proportion of his income. We cannot doubt from what we know of him that he would have found some way out of the difficulty. And now, my dear Watson, we have had some weeks of severe work, and for one evening, I think, we may turn our thoughts into more pleasant channels. I have a box for *Les Huguenots. Have you heard the De Reszkes? Might I trouble you then to be ready in half an hour, and we can stop at Marcini's for a little dinner on the way?''
*Les Huguenots - അരങ്ങുകളില്‍ നിന്നും അപ്രത്യക്ഷമായ, ജാകോമോ മയബിയര്‍ രൂപം കൊടുത്ത, ഫ്രഞ്ച് മത സംഘര്‍ഷങ്ങള്‍ക്കിടയില്‍ 1572 ലെ വിശുദ്ധ ബര്‍ത്തലോമ്യോ ദിനത്തില്‍ അരങ്ങേറിയ ഫ്രഞ്ച് കാല്‍വനിസ്റ്റ് പ്രൊട്ടസ്റ്റന്റുകളുടെ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ ഒരു പ്രണയ കഥ പറഞ്ഞ, പ്രസിദ്ധമായ ഒപ്പേറ.
ഹോംസ് അസ്വസ്ഥനാണ്.
P.S.. കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല.
റാഷിദ്. എം ചിറ്റാരിപ്പറമ്പ്
17 Jul 2020, 05:58 PM
പൊളിച്ചു മാഷേ. വ്യത്യസ്തമായ വീക്ഷണം അഭിനന്ദിക്കപ്പെടേണ്ടതാണ്. ആഴത്തിലുള്ള നിരീക്ഷണ പാടവം താങ്കളെ അടയാളപ്പെടുത്തുന്നു. ഇത്തരം മൂല്യവത്തായ എഴുത്തിന് ആശംസകൾ. ഒരു ഫിക്ഷൻ എഴുത്തിനായി കാത്തിരിക്കുന്നു. സ്നേഹം സ്നേഹം സ്നേഹം.
Meena T Pillai
24 Jun 2020, 02:34 AM
Brilliant reading! Hats off to you for crafting with elan a relatively new genre of writing in Malayalam!
ലാവണ്യ പുരുഷോത്തമൻ ( ചിതൽ)
21 Jun 2020, 07:11 PM
പ്രിയ സക്കരിയാസ്, താങ്കൾ എനിക്ക് തികച്ചും അപരിചിതനായ വ്യക്തിയാണ്. വളരെ സരളാത്മകവും ചിന്തനീയവുമായ ഒരു വായനാനുഭവം സമ്മാനിച്ചതിന് തുടക്കത്തിൽ തന്നെ നന്ദി പറയട്ടെ ... വളരെ കൗതുകം നിറഞ്ഞ എഴുത്ത്. വായന എന്ന മൂന്നക്ഷരത്തിൽ വലിയ ഒരു ലോകം ഉണ്ടെന്ന സത്യം വീണ്ടും തെളിയിച്ചു തന്നതിനു നന്ദി. വ്യക്തിപരമായ പരാമർഷങ്ങൾ തികച്ചും നൈമിഷികം തന്നെ. എന്നിരുന്നാൽ കൂടിയും ഭരണഘടനാ സിദ്ധാന്തങ്ങളെ അന്വർത്ഥമാക്കുന്ന അല്ലെങ്കിൽ തൃണവൽക്കരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിൽ ചിന്താ ശേഷിയും അനന്തമായ ക്ഷണിക ബോധവുമുള്ള ഒരു തലമുറക്കാരുടെ പ്രതിനിധി എന്ന നിലയിൽ താങ്കളെ കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നു. കേവലം ഹേംസ് എന്ന കഥാപാത്രത്തെ ശക്തവും ത്യാഗോജ്വലമായും തൂലികയിൽ അടർത്തി വെക്കാൻ ഉള്ള നിങ്ങളുടെ നേതൃപാഠവം അങ്ങേയറ്റം അഭിനന്ദന പ്രവാഹം അർഹിക്കുന്നത് തന്നെ. മങ്ങിപ്പോയ കാലാന്തരത്തിന്റെ പഴയ ആ ആൾക്കൂട്ടവും , ഹോംസ് (ഞാനും ഒരു ഹോംസ് ആരാധകനാണേ) എന്ന കഥാപാത്രത്തിന്റെ അന്തസത്ത ഒട്ടും ചോർന്ന് പോകാതെയുള്ള ആ കവി ഭാവനയുടെ വേലിച്ചരടുകൾ മുറുകെ പിടിച്ച് കൊണ്ട് പോകുന്ന ഈ എഴുത്തിന് ഒരു വായനക്കാരിൽ ഉളവാക്കുന്ന ശാരിരിക മാനസികവുമായ സങ്കോചവികാസങ്ങൾ ചെറുതൊന്നുമല്ല. താങ്കളുടെ തൂലികയുടെ ശക്തി വായനക്കാരിൽ ഭ്രമിപ്പിക്കുന്ന അന്തർലീനമായ അനുഭവം അങ്ങേയറ്റം ആസ്വാദ്യകരവും പ്രചോദനാത്മകവും തന്നെയെന്ന് പറയാതെ വയ്യ. അതിന്റെ അഴവും പരപ്പും കേവലം ഒരു വായനയിലൂടെ മനസ്സിലേക്കിറങ്ങുന്നതല്ല. മറിച്ച് വായനയുടെ മറ്റൊരു ലോകത്തേക്കിറങ്ങി ചെന്ന് ഹൃദ്യസ്ഥമാക്കാനും പ്രാവർത്തികമാക്കാനുമുള്ളതാണ്. തൂലികയുടെ ഹൃദ്യമായ നിരീക്ഷണ ബോധവും കർമ്മനിരതമായ നർമ്മങ്ങളും സമുഹത്തിന്റെ വഴിത്താരകളിൽ ഒറ്റപ്പെട്ടു പോയ ഒരു പാട് ജീവിതങ്ങളുടെ നേർക്കാഴ്ചയെ ഒപ്പിയെടുക്കുന്നു. ഏതൊരു ജീവിത സാഹചര്യവും സധൈര്യം മുന്നേറുന്ന ഒരു വ്യക്തിക്ക് മാത്രമേ ഇത്തരത്തിൽ തൂലിക ചലിപ്പിക്കാനാകു. നിങ്ങളുടെ ഓരോ വാക്യങ്ങളിലും ജീവിതത്തിന്റെ കയ്പ്പുനീരിന്റെ രുചിയറിഞ്ഞ ഒരു പരിജ്ഞാനിയുടെ സുതാര്യമായ മനസ്സ് പ്രത്യക്ഷമായി പ്രതിഫലിക്കുന്നു. എഴുതുക..... സക്കറിയാസ് ഇനിയുമിനിയും എഴുതുക. കാലാന്തരത്തിന്റെ അത്മാവ് കാത്തുവച്ചിരിക്കുന്നത് ചിലപ്പോൾ മറ്റൊരു സിപ്പിയേയോ, വിജയനേയോ, മാഷിനേയോ ആയിരിക്കാം .... ചരിത്രത്തിന്റെ താളുകളിൽ താങ്കളുടെ സൃഷ്ടിയും ഒരു നാൾ ഇടം പിടിക്കുക തന്നെ ചെയ്യും. : ഉറപ്പ്.... ഒരു ക്ഷണപ്രഭാചഞ്ചലമായ് ...... അഭിനന്ദനങ്ങൾ.... ആശംസകൾ... എഴുത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
Jomon K
20 Jun 2020, 10:15 PM
ചെസ്സ് കണക്ഷൻ അടിപൊളി. ലാലേട്ടന് വേണ്ടി മറ്റൊരു ഗ്രാൻഡ്മാസ്റ്റർ എഴുതിക്കൂടെ സക്കറിയാസ്? കിടിലൻ ത്രില്ലർ എഴുത്ത്.
സജിനി പ്രസാദ്
20 Jun 2020, 08:13 PM
സുസ്മേഷ് ചന്ദ്രോത്ത് അന്ന് നടത്തിയ പരിചയപ്പെടുത്തൽ വെറുതെയായിരുന്നില്ല. രണ്ടു ലേഖനങ്ങളും വായിച്ചു. മനോഹരമായി തുടരുക. നന്മകൾ ഉണ്ടാവട്ടെ, നല്ലെഴുത്തുകൾ തുടരട്ടെ. അലങ്കരത്തിനും അപ്പുറം ഗംഭീരം എന്ന വിശേഷണം യോജിക്കുന്നു.
Joel Philip
20 Jun 2020, 11:35 AM
Good work my friend. Happily recollecting our good old days when we smuggled enid blyton books in our bags and exchanged during class time, your cartoon adventure series, christmas break phone calls to discuss about how the story ends n all. Good to see that you've made a great progress since then. I showed this to appa. We are all waiting for your first book with the name EJ.
Sivadasan
19 Jun 2020, 11:00 PM
ഞങ്ങൾ പൊലീസുകാരെ വെല്ലുന്ന അന്വേഷണമണല്ലോ സുഹൃത്തേ. ഫേസ്ബുക്കിൽ കണ്ടു വന്നതാണ്. അഭിനന്ദനങ്ങൾ. നല്ല രസമായി കോർത്തിണക്കിയിരിക്കുന്ന. ഞാനും ഹോംസ് ആരാധകനാണ്. ചെസ്സ് കളി നന്നായിട്ടുണ്ട്.
PJJ Antony
19 Jun 2020, 09:39 PM
വായന ഒരു സ്വാതന്ത്രവ്യവഹാരമാകുന്നത്, അതിലൂടെ എഴുത്തിനെ സത്യമായും തൊടുന്നത് ഈ വിധമുള്ള വായനയിലൂടെയാണ്. എഴുത്തിനെ അത് പുതുക്കുന്നു. പാഠങ്ങളുടെ സമൃദ്ധിയിൽ കൃതി പൂത്തുലയുന്നു. ഈ ജെ സഖറിയാസ് ഇനിയും വായിക്കട്ടെ. അഭിനന്ദനങ്ങൾ
Nitheesh
19 Jun 2020, 04:51 PM
Fantastic. As thrilling as a Holmes story. Time to reread conan doyle. Thanks ejz for yet another inspiring write up. My son is a fan of holmes so will be yours
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
Kusumam
30 Aug 2020, 12:14 PM
Excellent