truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 04 July 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 04 July 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
endosulfan

Endosulfan Tragedy

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം
പുതിയൊരു ഘട്ടത്തിലേക്ക്

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം പുതിയൊരു ഘട്ടത്തിലേക്ക്

എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്കൊപ്പം കേരളത്തിലെ പൊതുസമൂഹവും ചേര്‍ന്നു നിൽക്കുന്നതോടെ, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്

21 Oct 2021, 12:44 PM

ഇ. ഉണ്ണികൃഷ്ണന്‍

ഇരുപതിലേറെ വര്‍ഷം പിന്നിട്ട കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ നിരോധനമാവശ്യപ്പെട്ടായിരുന്നു പരിസ്ഥിതി- സാമൂഹ്യ പ്രസ്ഥാനങ്ങളുടെ മുന്‍കയ്യില്‍ ഒരു പതിറ്റാണ്ടു നീണ്ടുനിന്ന ആദ്യഘട്ട സമരമെങ്കില്‍ മറ്റൊരു പതിറ്റാണ്ട് പുനരധിവാസത്തിനും ചികിത്സാസഹായത്തിനും സാമൂഹ്യനീതിക്കും വേണ്ടി വിഷപീഡിതജനതയുടെ അവകാശസമരമായിരുന്നു കാസര്‍കോട് നടന്നത്. ദുരന്തമുണ്ടാക്കിയ ഭരണകൂടം തന്നെ സഹായങ്ങളോരോന്നായി പിന്‍വലിച്ച്​തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ഉദ്യോഗസ്ഥ -കീടനാശിനി ലോബികളുടെ അവിശുദ്ധബന്ധങ്ങള്‍ കൂടുതല്‍ സ്വയംപ്രത്യക്ഷങ്ങളായി കാഴ്ചപ്പെടുകയും ചെയ്തു തുടങ്ങിയ മറ്റൊരു കാലസന്ധിയിലാണ് എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്കൊപ്പം കേരളത്തിലെ പൊതുസമൂഹവും ചേര്‍ന്ന് നിന്ന് കൂടുതല്‍ കരുതല്‍വേണ്ട ഒരു കാലത്തിനായി തെരുവിലിറങ്ങുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 6ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കേരളമെമ്പാടും നൂറുകണക്കിന് പ്രകടനങ്ങള്‍ നടന്നതും സ്റ്റേറ്റിന് ഉത്തരവാദിത്വമൊഴിയാന്‍ നിര്‍വാഹമില്ലാത്ത ഒരു പ്രശ്‌നമായി അന്നുതന്നെ നിയമസഭയില്‍ പ്രതിപക്ഷനേതാവ് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ അവതരിപ്പിച്ച് സംസാരിച്ചതുമെല്ലാം കേരളീയ സമൂഹം കാസര്‍കോടിനെയും അവിടത്തെ പീഡിതജനതയെയും ഇപ്പോഴും ചേര്‍ത്തുനിര്‍ത്തുന്നുവെന്നതിന് തെളിവാണ്.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

ജനജീവിതത്തെ ദുരിതപൂര്‍ണമാക്കുന്ന ഭരണകൂട നയങ്ങള്‍ക്കെതിരെയുള്ള തുളുനാടിന്റെ ചെറുത്തുനില്പുകള്‍ക്ക് സ്വാതന്ത്ര്യപൂര്‍വകാലത്തോളം പഴക്കമുണ്ട്. ദേശീയ പ്രസ്ഥാനങ്ങളുടെ സ്വാധീനമേഖലകളില്‍ ബ്രിട്ടീഷ് കരിനിയമങ്ങള്‍ക്കെതിരെ നിയമലംഘനപ്രസ്ഥാനം ശക്തമായിക്കൊണ്ടിരുന്ന കാലത്താണ് ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ വനദേശസാത്കരണത്തിനെതിരെ ഇന്ത്യയില്‍ പലയിടത്തും കാട്ടുമരങ്ങള്‍ മുറിച്ചു കൊണ്ടുള്ള സമരമുറകള്‍ അരങ്ങേറിയത്. കേരളത്തില്‍ പഴയ സൗത്ത് കാനറ ജില്ലയിലെ, ഇന്നത്തെ കാസര്‍കോട്ടെ കാടകമെന്ന ഗ്രാമമാണ് ഈ സമരത്തിന്റെ കേന്ദ്രമായിരുന്നത്. അന്നേ വരെ പൊതുവിടമായിരുന്ന കാടുകള്‍ പ്രാദേശിക ജനതയ്ക്ക് അന്യമായപ്പോഴാണ് കാടകം വനസത്യാഗ്രഹവും ചീമേനിയിലെ തോലും വിറകുസമരവും ഒക്കെ ഉണ്ടായത്. സൗത്ത് കാനറജില്ലയുടെ ഭാഗമായ കാസര്‍കോട്ടെ വനമേഖലയില്‍ ഭൂപ്രഭുക്കന്മാരുടെ കൈവശമുണ്ടായിരുന്ന ഭൂമിയില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ത്തന്നെ വന്‍തോതില്‍ ഇരുമ്പകത്തോട്ടങ്ങള്‍ വെച്ചു പിടിപ്പിച്ചിരുന്നു. കൃഷിയിടങ്ങള്‍ക്കാവശ്യമായ പച്ചിലവളത്തിനായി വിശാലമായ കൊത്തുകാടുകള്‍ ഇന്നാട്ടില്‍ പൊതുവിടമായി സംരക്ഷിക്കുകയും ചെയ്തു വന്നിരുന്നു. മനുഷ്യന്റെ ഇടപെടലുകള്‍ ക്ഷയിപ്പിച്ച ഇവിടത്തെ കാടുകളിലാണ് മരങ്ങള്‍ പറ്റേ വെട്ടിനീക്കി സ്വാതന്ത്ര്യാനന്തര കാലത്ത് കേരളത്തിലെ വനംവകുപ്പ് മഹാഗണിയുടെയും തേക്കിന്റെയും വനത്തോട്ടങ്ങള്‍ വെച്ചുപിടിപ്പിച്ചത്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നിലവില്‍ വന്നപ്പോള്‍ അഞ്ചായിരം ഹെക്ടര്‍ പ്രദേശങ്ങള്‍ കശുമാവിന്‍ തോട്ടമുണ്ടാക്കാനായി വിട്ടു നല്കി. പ്ലാച്ചിക്കര, രാജപുരം ഭാഗത്ത് വനം വകുപ്പിന്റെയും പെരിയ, കാറഡുക്ക, എന്‍മകജെ പ്രദേശത്ത് റവന്യൂ വകുപ്പിന്റെയും ഭൂമിയാണ് തോട്ടത്തിനായി നീക്കിവെച്ചത്. പ്ലാച്ചിക്കരയിലെ വനഭൂമി പ്ലാന്റേഷനായി വെട്ടിനീക്കുന്നതറിഞ്ഞ അവിടെ നടന്ന ഒരു പ്രകൃതി പഠന സഹവാസക്യാമ്പിലെ കുട്ടികള്‍ പ്രൊഫ. എം.കെ. പ്രസാദിന്റെയും ജോണ്‍സി ജേക്കബിന്റെയും പ്രൊഫ. എം. ജയരാജന്റെയും മാര്‍ഗനിര്‍ദേശത്തില്‍ പ്രശ്‌നം പഠിക്കുകയും പ്ലാച്ചിക്കരയിലെ വെട്ടാനായി നമ്പറിട്ട വൃക്ഷസമ്പത്തിന്റെ സസ്യശാസ്ത്ര മൂല്യം രേഖപ്പെടുത്തുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് ഇതു വെച്ച് കുട്ടികള്‍ കത്ത് എഴുതി. എം.കെ.പ്രസാദും എ.കെ. ആന്റണിയും തമ്മില്‍ മഹാരാജാസ് കോളേജില്‍ ഗുരു ശിഷ്യബന്ധമുണ്ടായതിനാല്‍ ഈ കത്ത് അനുഭാവപൂര്‍വം പരിഗണിക്കപ്പെട്ടു. പ്ലാച്ചിക്കര വനം കശുമാവ്‌ തോട്ടം നിര്‍മാണത്തിനുള്ള ക്ലിയര്‍ ഫെല്ലിംഗില്‍ നിന്ന്​രക്ഷപ്പെട്ടു. പരിസ്ഥിതി പ്രാധാന്യമുള്ള ഒരു സ്ഥലരാശിയെ കുട്ടികള്‍ ഇടപെട്ട് രക്ഷിച്ചെടുത്ത കേരളത്തിലെ ആദ്യ സംഭവം ഇതായിരിക്കണം. പക്ഷെ പ്ലാച്ചിക്കരയില്‍ നിന്ന്​ കുട്ടികള്‍ ഒഴിപ്പിച്ചു കളഞ്ഞ ആ "പാരിസ്ഥിതിക ദുര്‍വിധി' വനം വെട്ടലിന്റേതു മാത്രമായി ഒതുങ്ങിയില്ല. എന്‍മകജെയെയും രാജപുരത്തെയും ചീമേനിയെയും മുളിയാറിനെയും കാടകത്തെയും ഒക്കെ പില്‍ക്കാലത്ത് വിഷമഴയില്‍ കുളിപ്പിച്ച "എന്‍ഡോസള്‍ഫാന്‍' എന്ന കീടനാശിനിയുടെ വിഷവൃത്തം കൂടിയായിരുന്നു അത്.പ്ലാച്ചിക്കര വനം രക്ഷപ്പെട്ട കഥ

വിഷ​​പ്രയോഗം പൊതുശ്രദ്ധയിലേക്ക്​

ചീമേനിയിലെ കാട്ടുപ്രദേശം താഴക്കാട്ടുമനക്കാരില്‍ നിന്ന്​ കൊട്ടുകാപ്പള്ളി കുടുംബക്കാര്‍ വില കൊടുത്തു വാങ്ങി കൊട്ടിയടച്ച് കശുമാവിന്‍ തോട്ടമാക്കി മാറ്റിയപ്പോഴാണ് അവിടെ പൊതുവിടം തിരിച്ചുപിടിക്കാനുള്ള  "തോലും വിറകും സമരം' നടന്നത്. കൊട്ടുകാപ്പള്ളി സ്വന്തമാക്കിയ ഈ സ്വകാര്യ ഭൂമിയാണ് കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തത്. ജന്മിയില്‍ നിന്ന്​ സ്വകാര്യ മുതലാളിയും സ്വകാര്യമുതലാളിയില്‍ നിന്ന്​ ദേശീയ മുതലാളിയും ഏറ്റെടുത്തതാണ് ചീമേനിയിലെ തോട്ടഭൂമി. ലാഭത്തെ മാത്രം കരുതി തെറ്റായ കാര്‍ഷികോപദേശത്താല്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തുടര്‍ച്ചയായ 30 വര്‍ഷങ്ങള്‍ ചീമേനിയിലെയും എന്‍മകജെയിലെയും ഒക്കെ കശുമാവിന്‍ തോപ്പില്‍ ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം തളിച്ചതിന്റെ ദുരന്തഫലം അനുഭവിക്കുകയാണ് നാലു പതിറ്റാണ്ടായി കാസര്‍കോട്ടെ സാധുമനുഷ്യര്‍. എന്‍ഡോസള്‍ഫാന്റെ മുന്‍ഗാമിയായി എന്‍ഡ്രിന്‍ 1978 മുതലേ ഉപയോഗിച്ചുവന്നിരുന്നുവെങ്കിലും 1999 മുതലാണ് വിഷബാധയുടെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ ജനതയുടെ തിരിച്ചറിവുകള്‍ പതുക്കെയെങ്കിലും പ്രതിരോധമായി മാറിത്തുടങ്ങിയത്. വൈ. എസ്. മോഹന്‍കുമാര്‍ എന്ന ഡോക്ടര്‍ സ്വര്‍ഗയിലെയും വാണിനഗറിലെയും തന്റെ ചികിത്സാലയത്തിലെത്തുന്ന രോഗികളുടെ അനിതരസാധാരണമായ പ്രത്യേകതകള്‍ ശ്രദ്ധിക്കുകയും അതിന്റെ കാരണം എന്‍ഡോസള്‍ഫാനെന്ന വിഷമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തതും തന്റെ സഹോദരന്റെ മരണത്തിന് കാരണമായത് എന്‍ഡോസള്‍ഫാന്‍ വിഷപ്രയോഗമാണെന്ന് തിരിച്ചറിഞ്ഞ കൃഷി വകുപ്പുദ്യോഗസ്ഥ കൂടിയായിരുന്ന ലീലാകുമാരിയമ്മ പി.സി.കെയ്ക്ക് എതിരെ ഫയല്‍ ചെയ്ത കേസും പത്രപ്രവര്‍ത്തകനായ ശ്രീപദ്രെ എഴുതിയ ലേഖനങ്ങളും മുളിയാറിലെ പുഞ്ചിരി ക്ലബിന്റെ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധങ്ങളും വേണു കള്ളാർ 2001 ജനുവരിയില്‍ മാധ്യമം പത്രത്തിലെഴുതിയ പെരിയയിലെ വിഷമഴയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജ് എടുത്ത ചിത്രങ്ങള്‍ സഹിതം 2001 മാര്‍ച്ചില്‍ വേണുകുമാര്‍ പത്രത്തിലെഴുതിയ ഫീച്ചറും രണ്ടു പതിറ്റാണ്ടുകള്‍ വായുവിലും മണ്ണിലും മറഞ്ഞ് നിന്ന നിശബ്ദ ഭീകരനെ പതുക്കെ വെളിച്ചത്ത് കൊണ്ടുവന്നു. 1998 മുതല്‍ തന്നെ പയ്യന്നൂരിലെ സീക്കിന്റെയും തിരുവനന്തപുരം തണലിന്റെയും കാസര്‍കോട് ജില്ലാ പരിസ്ഥിതി സമിതിയുടെയും ഇടപെടലുകള്‍ കീടനാശിനിയുടെ അപകടത്തെക്കുറിച്ചുള്ള ശാസ്ത്രീയകാര്യങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയും കോടതി വ്യവഹാരത്തിലേര്‍പ്പെട്ടിരുന്ന ലീലാകുമാരിയമ്മയ്ക്ക് ധാര്‍മികപിന്തുണ നല്കുകയും ചെയ്തിരുന്നു. 1999 ല്‍ തന്നെ പെരിയയില്‍ ഒരു കീടനാശിനി വിരുദ്ധസമരസമിതി രൂപീകരിക്കപ്പെട്ടിരുന്നു. ശ്രീ പെദ്രെ യുടെ നേതൃത്വത്തില്‍ രണ്ടായിരാമാണ്ടില്‍ എന്‍മകജെയില്‍ രൂപംകൊണ്ട എസ്പാക് (എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ പ്രൊട്ടസ്റ്റ് ആക്ഷന്‍ കമ്മറ്റി ) ആണ് പ്രാദേശികമായി രൂപപ്പെട്ട മറ്റൊരു ആദ്യകാല എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മ.

vs
എൻഡോസൾഫാന്‍ സമരവേദിയില്‍ സംസാരിക്കുന്ന വി.എസ്.അച്ചുതാനന്ദൻ

1979 സെപ്തംബര്‍ 19 ന് കന്നട പത്രമായ സുധയില്‍ ശ്രീപെദ്രെ എഴുതിയ ലേഖനമാണ് ഈ ദുരന്തത്തെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ ലിഖിത രേഖ.സീക്കിന്റെ സഹായത്തോടെ മധുരാജ് തയ്യാറാക്കിയ 30 ഫോട്ടോ പാനലുകളുടെയും ഭാഗ്യനാഥിന്റെ ചിത്രങ്ങളുടെയും പ്രദര്‍ശനം 2001 മുതല്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്. 2004ല്‍ പൂര്‍ത്തിയാക്കിയ എം.എ. റഹ്‌മാന്റെ "അരജീവിതങ്ങള്‍ക്കൊരു സ്വര്‍ഗം' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും എന്‍ഡോസള്‍ഫാന്‍ ഭീകരതയെക്കുറിച്ച് പുറം ലോകത്തെ ആദ്യകാലത്ത് അറിയിക്കാനുതകി. വിവിധ പത്രമാസികകളില്‍ കാസര്‍കോടിന്റെ ദുരന്തത്തെക്കുറിച്ച് നിരവധി ഫീച്ചറുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കാസര്‍കോട്ടുകാര്‍ കൂടിയായ എഴുത്തുകാര്‍ അംബികാസുതന്‍ മാങ്ങാടും എം.എ. റഹ്‌മാനും എന്‍ഡോസള്‍ഫാന്‍ പ്രക്ഷോഭത്തിന്റെ സംഘാടകരായിരിക്കുകയും നിരവധി ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. അംബികാസുതന്റെ എന്‍മകജെ എന്ന നോവല്‍ മലയാളി സഹൃദയത്വത്തെ സമരത്തോട് ഐക്യപ്പെടുത്തി. 1976 ല്‍ പെഡ്രെ വില്ലേജിലെ കശുമാവിന്‍ തോട്ടത്തിലാണ് എന്‍ഡോസള്‍ഫാന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള തളിക്കല്‍ തുടങ്ങിയത്. സ്ഥലത്തെ കന്നുകാലികളില്‍ ഈ "മരുന്ന് ' തളി വരുത്തിവെച്ച വൈകല്യങ്ങളെക്കുറിച്ച്

എന്‍ഡോസള്‍ഫാന്‍ പ്രയോഗം നിരോധിക്കുന്നു; പക്ഷേ...

ലീലാകുമാരി അമ്മ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ കൊടുത്ത കേസില്‍ പെരിയയിലെ ഏരിയല്‍ സ്‌പ്രേ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഉണ്ടായി. പി. സി.കെ. ഇതിന് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയെങ്കിലും 2001 ല്‍ പുറപ്പെടുവിച്ച കോടതി ഉത്തരവിലൂടെ കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം പൂര്‍ണമായും നിരോധിക്കപ്പെട്ടു. ലീലാകുമാരിയമ്മയുടെ ഒറ്റയാള്‍ പോരാട്ടം ചരിത്രത്തിന്റെ ഭാഗമായതങ്ങനെയാണ്. 2001 ല്‍ ഡല്‍ഹി കേന്ദ്രമായ Centre for Science and Environment (CSE ) കാസര്‍ഗോഡ് നടത്തിയ പഠനത്തില്‍ മണ്ണിലും വെള്ളത്തിലും മനുഷ്യ രക്തത്തിലും മുലപ്പാലിലും ഉയര്‍ന്ന അളവില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിദ്ധ്യം കണ്ടെത്തുകയും അവരുടെ "ഡൗണ്‍ ടു എര്‍ത്ത്' മാസികയില്‍ പ്രസിദ്ധീകരിച്ച കാസര്‍കോടന്‍ ഗ്രാമങ്ങളിലെ രോഗാവസ്ഥയെക്കുറിച്ചുള്ള ലേഖനം ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു. കാസര്‍കോട് ജില്ലാപരിസ്ഥിതി സമിതി മുന്‍കയ്യെടുത്ത് കാഞ്ഞങ്ങാട് വെച്ചു നടത്തിയ എം.ടി.വാസുദേവന്‍ നായരും സുകുമാര്‍ അഴീക്കോടുമൊക്കെ പങ്കെടുത്ത ജനകീയ കണ്‍വെന്‍ഷനോടെയാണ് കേരളം മുഴുവന്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും സംസ്ഥാനത്തെ പല പ്രദേശങ്ങളിലെയും സമാനഹൃദയര്‍ പ്രശ്‌നത്തോട് ഐക്യപ്പെട്ട്​ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തത്. തുടര്‍ന്ന് പത്ത് വര്‍ഷത്തോളം കീടനാശിനി വിരുദ്ധ പോരാട്ടങ്ങളെ ഏകോപിപ്പിച്ചത് കാസര്‍കോട് ടൗണ്‍ യു.പി. സ്‌കൂളില്‍ വെച്ച് രൂപീകരിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയാണ്.

ALSO READ

'മുല' എന്നു കേട്ടപ്പോള്‍ കുട്ടി ചിരിച്ച വഷളന്‍ ചിരിയുടെ ഉത്തരവാദി നമ്മളാണ്, പ്രത്യേകിച്ച് അധ്യാപകര്‍

2004 ആഗസ്ത് 7 ന്  "എന്‍ഡോസള്‍ഫാന്‍ ക്വിറ്റ് ഇന്ത്യ ' മുദ്രാവാക്യമുയര്‍ത്തി ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത ജനകീയ മാര്‍ച്ച് നടന്നു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്ചുതാനന്ദനായിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. "മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല. 2005 ല്‍ കേന്ദ്ര കൃഷിമന്ത്രാലയം കേരളത്തില്‍ മാത്രം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. പിന്നീട് വി.എസിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. അധികാരത്തിലെത്തിയപ്പോഴും എന്‍ഡോസള്‍ഫാന്‍ രോഗപീഡിതരോട് അനുഭാവപൂര്‍ണമായ മനോഭാവമുണ്ടായി എന്നു പറയാനാവില്ല. എന്‍ഡോസള്‍ഫാന്‍ മൂലം ആരും കാസര്‍കോട് മരിച്ചിട്ടില്ല എന്നാണ് അന്നത്തെ കൃഷി മന്ത്രി ഒരു നിയമസഭാ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്.

2002 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് ICMR ന്റെ നേതൃത്വത്തില്‍ കേന്ദ്ര ഗവര്‍മെന്റിനു കീഴിലുള്ള NIOH (National Institute of Occupational Health) നടത്തിയ പഠനത്തില്‍ മണ്ണിലും ജലത്തിലും മനുഷ്യരിലും അനുവദനീയമായ അളവിനേക്കാള്‍ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം കണ്ടെത്തി. 2002 ല്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ വില്‍പ്പനയും ഉപയോഗവും കേരള ഹൈക്കോടതി നിരോധിച്ചു. 2004ല്‍ കേരള പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് സംസ്ഥാനതലത്തില്‍ ഈ വിഷത്തിന് നിരോധനം ഏര്‍പ്പെടുത്തി. 2005 ല്‍ കേന്ദ്രകൃഷി മന്ത്രാലയം എന്‍ഡോസള്‍ഫാന്റെ ഉപയോഗം വിലക്കികൊണ്ട് ഗസറ്റ് നോട്ടിഫിക്കേഷന്‍ ഇറക്കിയിരുന്നു. ഇത്തരത്തില്‍ എന്‍ഡോസള്‍ഫാനെതിരെ പ്രതീക്ഷാപൂര്‍വമായ ചില നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടായി. 2006 ല്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിന്റെതാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും മരിച്ച 135 പേരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപാ വീതം നല്‍കി നഷ്ടപരിഹാരം നല്‍കുന്നതിന് തുടക്കം കുറിക്കുകയും ചെയ്തു.

വി.എസ് സര്‍ക്കാര്‍ അവസാനത്തെ രണ്ടു വര്‍ഷങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചിരുന്നു. രോഗപീഡയനുഭവിക്കുന്നവരുടെ വൈദ്യ പരിശോധന നടത്തി പട്ടികയുണ്ടാക്കുകയും അവര്‍ക്ക് പെന്‍ഷനും ധനസഹായവും നല്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു. ജനീവയില്‍ അന്താരാഷ്ട്ര ഉച്ചകോടി നടന്നപ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവശ്യപ്പെട്ട് 2011 ഏപ്രിലിൽ സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന ഉപവാസത്തില്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. പങ്കെടുകയും ചെയ്തു.2007-ല്‍ എന്‍ഡോ സള്‍ഫാന്‍ വിക്ടിംസ് റിലീഫ് ആന്റ് റെമറഡിയേഷന്‍ സെല്‍ ആരംഭിച്ചു. നഷ്ടപരിഹാരം നല്കാനും പരാതികള്‍ പരിഹരിക്കാനും ഒരു ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും ആ ദിശയിലുള്ള തീരുമാനങ്ങളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഒരു ആഗോള പരിസ്ഥിതി പ്രശ്‌നത്തിന്റെ മാനം കൈവരിച്ചതില്‍ പത്ര- ദൃശ്യമാധ്യമങ്ങള്‍ തനതായ പങ്കുവഹിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ്  "ജീവനാശിനി ' എന്ന പേരില്‍ മധുരാജിന്റെ ചിത്രങ്ങളും എഴുത്തുമായി പ്രത്യേക പതിപ്പ്​ പ്രസിദ്ധീകരിച്ചിരുന്നു. 2010 ഒക്ടോബറില്‍ സ്റ്റോക്‌ഹോമില്‍ നടന്ന ആഗോള കോണ്‍ഫറന്‍സില്‍ എന്‍ഡോസള്‍ഫാനെ രാസവിഷപ്പട്ടികയിലെ എ വിഭാഗത്തില്‍ പെടുത്താന്‍ ആവശ്യമുയര്‍ന്നു. അതില്‍ എതിര്‍ത്തു വോട്ടു ചെയ്ത ഒരേ ഒരു രാജ്യം ഇന്ത്യയായിരുന്നു. ഇതേ സമയത്ത് എന്‍വിസാജ് എന്ന സംഘടന കാസര്‍കോഡ് പുതിയ ബസ് സ്റ്റാൻറ്​ പരിസരത്തെ ഒരു ശരക്കൊന്നമരത്തെ "ഒപ്പുമരമാക്കി ' എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവശ്യപ്പെടുന്നവരുടെ ഒപ്പുശേഖരിച്ച് ശ്രദ്ധേയമായ ഒരു കാമ്പയിന്‍ നടത്തിയിരുന്നു. അമ്മമാരുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ നടന്ന ധര്‍ണയ്ക്കു മുന്നിലൂടെ ഒന്നു തിരിഞ്ഞു പോലും നോക്കാതെ പോയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മധുരാജ് പകര്‍ത്തിയ ചിത്രം സമരത്തോട് ഭരണകൂടത്തിനുള്ള സമീപനത്തിന്റെ ചില്ലിട്ടു വെക്കാവുന്ന ചിത്രമായി മാറി. 

തട്ടിക്കൂട്ടിയ പഠനങ്ങൾ

കാസര്‍കോട്ടെ ആരോഗ്യ പ്രശ്‌നങ്ങളുടെ കാരണം എന്‍ഡോസള്‍ഫാനാണെന്ന് സമര്‍ത്ഥിച്ചത് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷനല്‍ ഹെല്‍ത്ത് 2002 ല്‍ നടത്തിയ എപിഡെമിയോളജി സര്‍വേയാണ്. 
ഇതുപോലെ നിരവധി പഠനങ്ങള്‍ ഔദ്യോഗികമായും അനൗദ്യോഗികമായും ഇക്കാലത്ത് നടന്നിരുന്നു. ഇവയില്‍ പലതും പ്ലാന്റേഷന്‍ കോര്‍പറേഷനെയും കീടനാശിനി നിര്‍മാതാക്കളെയും കൃഷിവകുപ്പിനെയും ന്യായീകരിക്കാന്‍  തട്ടിക്കൂട്ടിയതുമായിരുന്നു. 2010-ല്‍ കേന്ദ്ര കൃഷി സഹമന്ത്രി കെ.വി.തോമസ് കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ച വേളയില്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ രോഗകാരിയല്ല എന്ന പ്രസ്താവന ശക്തമായ പ്രതിഷേധത്തിനും പ്രത്യക്ഷ സമരപരിപാടികള്‍ക്കും കാരണമായി.
2011 എപ്രിലിൽ സ്റ്റോക്ക് ഹോമില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ആഗോളതലത്തില്‍ കീടനാശിനികളുടെ നിരോധനം സംബന്ധിച്ച ആലോചനയില്‍ കാസര്‍കോട്ടെ ദുരന്തത്തിന്റെ വെളിച്ചത്തില്‍ 31 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി വോട്ട് ചെയ്തപ്പോള്‍ ഇന്ത്യ മൗനം പാലിച്ച് വിഷത്തിന് അനുകൂലമായ നിലപാടെടുത്തു. 2011 ഏപ്രില്‍ 30ന് ജനീവയിലെ അന്താരാഷ്ട്ര പെര്‍സിസ്റ്റൻറ്​ ഓര്‍ഗാനിക് പെസ്റ്റിസൈഡ് കമ്മറ്റി എന്‍ഡോസള്‍ഫാന് ആഗോള നിരോധനം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ സമ്പൂര്‍ണ നിരോധനത്തിന് 11 വര്‍ഷത്തെ സമയം കൂടി ലഭ്യമാകുന്ന വിധത്തിലായിരുന്നു ഈ തീരുമാനം. ഇതു കൊണ്ട് എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം നിരോധിക്കാനുള്ള ലോകം ശ്രദ്ധിച്ച മുറവിളിയുടെ മറുവിളിയാകില്ല എന്ന നിരാശ നിറഞ്ഞ തിരിച്ചറിവ് കൂടിയാണ് ജനീവ സമ്മേളന ശേഷമുള്ള ദിവസങ്ങളില്‍ ജീവനെ സ്‌നേഹിക്കുന്നവരിലുണ്ടായത്. ഡി.വൈ.എഫ്.ഐ. കൊടുത്ത കേസിനു മേല്‍ 2011 സെപ്തംബര്‍ 30 ന് എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിരോധിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. എന്‍ഡോസള്‍ഫാന്‍ നിരോധനത്തോടെ സമരത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചു.

ALSO READ

എൻഡോസൽഫാൻ: ഞങ്ങൾ എന്തിന്​ ഇപ്പോഴും സമരം ചെയ്യുന്നു? ദുരിതബാധിതർ പറയുന്നു

എന്‍ഡോസള്‍ഫാന്‍ ദുരന്തം ഇത്രയും വ്യാപകവും ഭീകരവുമാക്കിയതില്‍ ഹെലികോപ്ടര്‍ വഴിയുള്ള മരുന്നടിക്കല്‍ കാരണമായിട്ടുണ്ട്. "തേക്കിന്റെ ഇല തിന്നുന്ന ഹിബ്ലിയ പ്യൂറ എന്ന നിശാശലഭലാര്‍വയ്‌ക്കെതിരെ 1965 മെയ് 5 ന് കോന്നി ഫോറസ്റ്റ് ഡിവിഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആകാശമാര്‍ഗം നടത്തിയ മരുന്നടിയാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏരിയല്‍ സ്‌പ്രേയിങ്. കാറ്റല്‍പ എന്ന ഛായാവൃക്ഷത്തിന്റെ ഇലച്ചാര്‍ത്തുകളെ രക്ഷിക്കാന്‍ ലെഡ് ആര്‍സനേറ്റ് എന്ന മാരക വിഷം തളിച്ചു കൊണ്ട് ക്രോപ് ഡസ്റ്റിങ്ങ് എന്നറിയപ്പെടുന്ന ഇത്തരം വ്യോമവിഷ വര്‍ഷത്തിന് 1921ല്‍ അമേരിക്കയില്‍ ആണ് തുടക്കം കുറിച്ചത്. വിയറ്റ്‌നാമിലെ ഒളിപ്പോരാളികള്‍ക്കും അവരൊളിച്ചിരുന്ന മരത്തലപ്പുകള്‍ക്കും മീതെ 1961-71 കാലഘട്ടത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഏജൻറ്​ ഓറഞ്ച് വിതറിക്കൊണ്ട് രാസായുധ പ്രയോഗത്തിന്റെ സാധ്യതകള്‍ പരീക്ഷിച്ചു. ഏതാണ്ട് ഇതേ കാലത്തു തന്നെയാണ് കോന്നിയിലെ രാസപരീക്ഷണം നടക്കുന്നത്. അമേരിക്കന്‍ കുത്തകകളായ മോണ്‍സാന്റോയും ഡോവും നിര്‍മിച്ച എന്‍ഡ്രിന്‍ എന്ന കീടനാശിനിയാണ് കോന്നിയില്‍ തെളിച്ചത്. കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ ആരംഭത്തില്‍ തെളിച്ചിരുന്നതും ഇതേ വിഷം തന്നെ. വിയറ്റ്‌നാമി ലുപയോഗിച്ച രാസായുധമായ ഏജന്റ് ഓറഞ്ചിന്റെ ആറ്റോമിക രൂപഘടനയില്‍ ചെറിയ മാറ്റം മാത്രമാണ് എന്‍ഡ്രിനുണ്ടായിരുന്നത്. ഇതേ എന്‍ഡ്രിനാണ് എഴുപതുകളുടെ അവസാനം നിരോധിക്കപ്പെട്ടതോടെ എന്‍ഡോസള്‍ഫാനായി രൂപം മാറി എത്തിയത്. ഹെക്‌സാക്ലോറോ സൈക്‌ളോ പെന്റഡയിനിന്റെ രണ്ടു വകഭേദങ്ങള്‍.

രേഖകളിലില്ലാത്ത മരണങ്ങൾ

ഹരിതവിപ്ലവത്തിന്റെ ഉപോല്പന്നമാണ് ജീവനാശിനികളായ രാസകീടനാശിനികളും കളനാശിനികളും. ആദ്യകാലത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് വന്ന് കീടനാശിനി തളിച്ചിരുന്നിടത്ത് സ്വകാര്യ ഏജന്‍സികള്‍ വിഷക്കച്ചവടത്തിന്റെ കുത്തക ഏറ്റെടുത്തു. അത്യുല്പാദനശേഷിയുള്ള വിത്തുകള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കീടവും രോഗവും കൂടി . കീടനാശിനി സുലഭമാക്കാന്‍ വേണ്ടിയാണ് സ്വകാര്യ ഡീലര്‍ഷിപ്പനുവദിച്ചത്. കര്‍ഷകരുപയോഗിക്കുന്ന കീടനാശിനിക്കു മേലെ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലാതെയായി.1958ല്‍ കേരളത്തില്‍ ഉണ്ടായ ഫോളിഡോള്‍ അപകടം മുതല്‍ എന്‍ഡോസള്‍ഫാന്‍ വരെ നിരവധി കീടനാശിനി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വയനാട്ടിലെ കോട്ടത്തറയിലെ ഒരു വാഴത്തോപ്പില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ ഫോറേറ്റ് മണത്തില്‍ സമീപത്തെ സ്‌കൂളിലെ അമ്പതോളം കുട്ടികള്‍ തല കറങ്ങി വീണ മറ്റൊരു സംഭവവുമുണ്ടായി. ഒറ്റപ്പെട്ട ഒരുപാട് മരണങ്ങളും കീടനാശിനി മൂലമുള്ള കാന്‍സര്‍, നാഡീരോഗങ്ങള്‍ തുടങ്ങിയവയും ഇവ കൈകാര്യം ചെയ്യുന്ന കര്‍ഷകരില്‍ ഉണ്ടാകുന്നുണ്ട്. വിഷം കലര്‍ന്ന ഭക്ഷണം കഴിക്കുന്നതിലൂടെ അനുദിനം രോഗികളായി തീരുന്ന ആയിരക്കണക്കിനു മനുഷ്യരുടെ വിവരങ്ങള്‍ എവിടെയും രേഖപ്പെടുത്താതെ പോകുകയും അവരുടെ അകാലമരണങ്ങള്‍ സാധാരണ മരണങ്ങളായി പ്രാദേശിക പേജിലെ ചരമക്കോളങ്ങളില്‍ ഒതുങ്ങുകയും ചെയ്യുന്നു.

തുടരുന്ന സമരങ്ങൾ

എന്‍ഡോസള്‍ഫാന്‍ യഥാര്‍ത്ഥത്തില്‍ ഒരു സംജ്ഞാനാമമല്ല. സാമാന്യ നാമമാണ്. ജീവനാശിനിയായ എല്ലാ കീടനാശിനികള്‍ക്കും എതിരായ ഒരു മനോഭാവം ഉണ്ടാകുകയും ഭരണകൂടനയങ്ങളില്‍ അത് പ്രതിഫലിക്കുകയും ചെയ്യുക എന്നതാണ് ആത്യന്തികമായി ഈ സമരത്തിനുണ്ടാകേണ്ട ഫലശ്രുതി. അത്തരമൊരു തിരിച്ചറിവിലേക്ക് കേരളത്തെ പ്രത്യേകിച്ച് കാസര്‍കോടിനെ കൊണ്ടുചെന്നെത്തിക്കാന്‍ രണ്ടു ദശകത്തിലേറെയായി നടന്നു വന്ന ഈ സമരത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് പൂര്‍ണമായും പറയാനാവില്ല. എന്നാല്‍ കാസര്‍കോഡ് ജില്ലയെ സമ്പൂര്‍ണ ജൈവജില്ലയായി പ്രഖ്യാപിക്കാനും തീരെ പ്രാവര്‍ത്തികമാക്കിയില്ലെങ്കിലും കേരളത്തിന് ഒരു ജൈവകാര്‍ഷിക നയം ഉണ്ടാക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിക്കാനും ഈ സമരം കാരണമായിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ നിരോധനത്തോളമെത്തിച്ച കാസര്‍കോട്ടെ സമരത്തില്‍ ഒരു പാട് വ്യക്തികളും പ്രസ്ഥാനങ്ങളും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ കീടനാശിനി നിരോധനത്താല്‍ മാത്രം പരിഹരിക്കപ്പെടാത്ത എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. പാര്‍പ്പിടം, ചികിത്സ, എന്നിവയില്‍ ജീവകാരുണ്യമുള്ളവരുടെ സഹായം ചിലര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായുള്ള മേല്‍പ്പറഞ്ഞ സമരമുഖത്തൊന്നും രോഗപീഡിതര്‍ മുന്‍നിരയില്‍ വരുന്നില്ല. അവര്‍ക്കായി പൊതു സമൂഹം നടത്തിയ സമരമാണിത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെട്ടിട്ടും പരിഹരിക്കാതെ കിടക്കുന്ന നിരവധി ആവശ്യങ്ങളുണ്ട്. ഭരണകൂടത്തിന് മാത്രം പരിഹരിക്കാനാകുന്ന അവയൊക്കെ എന്‍ഡോസള്‍ഫാന്‍ രോഗപീഡയിലേക്ക് തള്ളിയിട്ടവരുടെ അവകാശമാണ്, ഔദാര്യമല്ല . ഈ കര്‍ത്തവ്യങ്ങളില്‍ നിന്നും ഭരണകൂടം ഒഴിഞ്ഞു മാറുമ്പോള്‍ അവര്‍ക്ക് സമരമല്ലാതെ മറ്റൊരു മാര്‍ഗമില്ല .

എന്‍ഡോസള്‍ഫാന്‍ നിരോധനാനന്തര കാലത്ത്, കഴിഞ്ഞ ഒരു ദശകങ്ങളായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ രോഗപീഡിതരുടെ അമ്മമാര്‍ കാസര്‍കോട് കലക്ടറേറ്റിനു മുമ്പിലും തിരുവനന്തപുരം സെക്രട്ടറിയേറ്റിനുമുന്നിലും നടത്തിയ, ഇപ്പോഴും തുടരുന്ന വിവിധ സമരങ്ങള്‍ കൂടി ചേരുമ്പോഴെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര ചരിത്രം പൂര്‍ണമാവൂ. ഒന്നരപ്പതിറ്റാണ്ടായി തുടര്‍ന്നു വന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം 2012 മുതല്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയായവരുടെ ജീവിക്കാനുള്ള അവകാശത്തിനായുള്ള സമരമായി മാറുകയായിരുന്നു. മതിയായ ചികിത്സാ സൗകര്യത്തിനും ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാനും ട്രൈബ്യൂണല്‍ രൂപീകരിക്കാനും മനുഷ്യാവകാശ കമീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നാവശ്യപ്പെട്ടും കാസര്‍കോടിന്റെ ജൈവ പുനഃസ്ഥാപനത്തിനും വേണ്ടി അമ്മമാര്‍ നടത്തിയ നാലു മാസത്തോളം നീണ്ട സമരം (2012 ഏപ്രില്‍ 20 മുതല്‍ ആഗസ്ത് 25 വരെ) അധികാരികളുടെ ഉറപ്പിന്മേല്‍ പിന്‍വലിക്കപ്പെട്ടു. എന്നാല്‍ അവയൊക്കെ പാഴ്വാക്കുകളാണെന്ന് വെളിപ്പെട്ടു. അഞ്ചു വര്‍ഷം കൊണ്ട് എല്ലാ സാമ്പത്തിക സഹായങ്ങളും പിന്‍വലിക്കാനുള്ള നീക്കം നടക്കുകയാണെന്നു 12.1.2012 ലെ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിന്നും വ്യക്തമായതോടെയാണ് 2013 ഫെബ്രുവരി 18 മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന് എന്‍ഡോ സള്‍ഫാന്‍പീഡിത ജനകീയ മുന്നണി തയ്യാറായത്. മനുഷ്യാവകാശ കമീഷന്‍ നഷ്ടപരിഹാരത്തുക disabled ആയവര്‍ക്ക് മാത്രം നല്കാന്‍ ശുപാര്‍ശ ചെയ്തതിലെ സാങ്കേതികതയില്‍ തൂങ്ങി രോഗബാധിതരില്‍ 40% ത്തോളം വരുന്ന "ഡിസീസ്ഡ്' ആയ അര്‍ബുദ ബാധിതരെയും അന്തഃസ്രാവീ പ്രശ്‌നങ്ങള്‍ ഉള്ളവരെയും ഒഴിവാക്കാനുള്ള നീക്കം നടന്നു. വിദഗ്ധ വൈദ്യ പരിശോധനയ്ക്കു ശേഷം സാമ്പത്തിക സഹായയോഗ്യതയ്ക്കായി പട്ടികപ്പെടുത്തിയ 5297 പേരില്‍ 1613 പേര്‍ക്ക് മാത്രമാണ് ആ സമയം വരെ സഹായം നല്കപ്പെട്ടത്.

എന്‍ഡോസള്‍ഫാന്‍ സമര ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഒരധ്യായമായിരുന്നു ഫിബ്രുവരി 18 ന് ബി.ആര്‍.പി. ഭാസ്‌ക്കര്‍ ഉദ്ഘാടനം ചെയ്ത നിരാഹാര സത്യഗ്രഹം 28 ദിവസത്തെ തുടര്‍ച്ചയായ നിരാഹാരത്താല്‍ അവശനായ എ. മോഹന്‍കുമാറിനെ നിര്‍ബന്ധിതമായി ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് അവസാനിപ്പിച്ചുവെങ്കിലും അമ്മമാരുടെ നേതൃത്വത്തില്‍ അവകാശ നിഷേധക്കള്‍ക്കെതിരെ നിരന്തരം സമരം തുടര്‍ന്നുകൊണ്ടേയിരുന്നു. "എനിക്കു ശേഷം ഇവള്‍ക്കാരാണ്' എന്ന് കിടക്കവിട്ടെണീക്കാനാവാത്ത മകളെ ചൂണ്ടി നെടുവീര്‍പ്പിടുന്ന ശീലാബതിയുടെ അമ്മയും ശീലാബതിയും ഇന്നില്ല. മധുരാജിന്റെ ക്യാമറ പകര്‍ത്തിയ നിഷ്‌കളങ്ക പുഷ്പങ്ങള്‍ മിക്കവരും കൊഴിഞ്ഞു പോയി. അന്യോന്യം താങ്ങാകാന്‍ അമ്മമാരുടെ നേതൃത്വത്തില്‍ നടത്തുന്ന സ്‌നേഹ വീടിന്റെ അമരക്കാരിയും 2012 മുതല്‍ സമരത്തിന്റെ മുന്നണിപ്പോരാളിയുമായ മുനീസയെപ്പോലെ ഒരു പാട് സ്ത്രീകള്‍ "അവസാനത്തെ കുഞ്ഞും മരിച്ചു തീരാന്‍ കാത്തു നില്ക്കുന്നവരോട്' പൊരുതി നില്ക്കുന്നുണ്ട്. രണ്ട് ദശാബ്ദമായി മുഴുവന്‍ സമയവും സമരത്തിന് മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന അമ്പലത്തറ കുഞ്ഞിക്കൃഷ്ണനെപ്പോലെയും അവശതകള്‍ മറന്ന് സ്‌നേഹ വീട്ടിലും സമരഭൂമിയിലും ഓടിയെത്തുന്ന ദയാബായിയെയും പോലുള്ള ഒട്ടേറെ മനുഷ്യാവകാശ -പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിക്കൊപ്പം നിന്ന് തോറ്റു കൂടാത്ത ഈ യുദ്ധത്തില്‍ പോരാളികളാവുന്നു. ഭരണകൂടമുണ്ടാക്കിയ ദുരന്തത്തിന്റെ ഇരകള്‍ക്കൊപ്പം ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് അവരുടെ അവകാശങ്ങള്‍ക്കായുള്ള പൊതു സമൂഹത്തിന്റെ പോരാട്ടം എന്‍ഡോസള്‍ഫാന്‍ നിരോധനത്തോടെ അവസാനിച്ചതല്ലെന്നും ഇപ്പോഴും തുടരേണ്ടതുണ്ടെന്നും ഓര്‍മപ്പെടുത്തുന്നു ഒക്ടോബര്‍ 6ന് തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കേരളമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയോട് ചേര്‍ന്ന് നടത്തിയ കുത്തിയിരിപ്പു സമരം.

muneesa
എൻഡോസൾഫാൻ ദുരിതബാധിതരുടെ രാപകൽ പട്ടിണി സമരത്തിനിടെ മുനീസ അമ്പലത്തറ (ഇടത്തു നിന്ന് ഒന്നാമത്)

കോവിഡ് കാലത്ത് പെന്‍ഷന്‍ മുടങ്ങിയതിനെതിരെ കഴിഞ്ഞ ചിങ്ങം ഒന്നിന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തിയ അവകാശ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് 2021 ഒക്ടോബര്‍ 6-ന് സെക്രട്ടറിയേറ്റ് പടിക്കല്‍ അവകാശങ്ങള്‍ക്കു വേണ്ടിയും അവഗണനകള്‍ക്കെതിരായും കേരളത്തിലെ പരിസ്ഥിതിസാമൂഹിക പ്രവര്‍ത്തകരുള്‍പ്പെടുന്ന ഐക്യദാര്‍ഢ്യ സമിതിയുടെ സംഘാടനത്തില്‍ നടത്തിയ കുത്തിയിരിപ്പ് സമരം. ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും ഇടപെട്ട് പുറപ്പെടുവിച്ച ഉത്തരവുകള്‍ പോലും പൂര്‍ണമായും നടപ്പിലാക്കപ്പെടാതിരിക്കുന്ന സന്ദര്‍ഭത്തില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ പോലും അനാവശ്യമാണെന്ന തരത്തില്‍ കാസര്‍ഗോഡ് കലക്ടറായിരുന്ന ഡോ. സജിത് ബാബു ശുപാര്‍ശ നല്കിയതോടെയാണ് കുത്തിയിരിപ്പ് സമരം പോലുള്ള പ്രത്യക്ഷ സമരത്തിലേക്ക് വീണ്ടും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ എടുത്തെറിയപ്പെട്ടത്.
ഡോ. സജിത് ബാബു 24.7.2020 ന് സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്നും അതുകൊണ്ട് പട്ടികയില്‍ ഉള്‍പ്പെട്ട 6727 പേരെയും പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പുനഃപരിശോധിക്കണമെന്നും പറയുന്നു. കീടനാശിനി ലോബിക്ക് വിടുപണി ചെയ്യുന്ന കാര്‍ഷിക ശാസ്ത്രജ്ഞന്‍മാരുടെയും ശാസ്ത്ര സാങ്കേതികത്വം കൊണ്ട് മാനവ പ്രശ്‌നങ്ങളെയെല്ലാം നിര്‍ധാരണം ചെയ്യാനാവുമെന്നു കരുതുന്നവരുടെയും നേതൃത്വത്തില്‍ യുക്തിവാദ- ശാസ്ത്ര നവനാസികള്‍ ക്ലബ് ഹൗസുകളില്‍ മാസവാടകയ്ക്ക് മുറിയെടുത്ത് ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ചെകുത്താന്റെ വക്കീലായി എന്‍ഡോസള്‍ഫാനെ വെള്ളപൂശുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നും അത് ആരോഗ്യത്തിന് ഹാനികരമാണെന്ന ഒരു പഠനവും പീര്‍ റിവ്യൂഡ് മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ജീവനീതിയ്ക്ക് തരിമ്പും വില കല്പ്പിക്കാത്ത ഇവര്‍ അന്യോന്യം വിശ്വസിപ്പിക്കുന്നു. 2010 മുതല്‍ 2017 വരെ നടന്ന വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയത് മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരാണ്. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ അംഗീകരിച്ച ലിസ്റ്റ് തള്ളിക്കളയണം എന്ന കളക്ടറുടെ ആവശ്യത്തിലെ വൈരുധ്യവും മനുഷ്യ വിരുദ്ധതയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഒക്ടോബര്‍ 6ന് നിയമസഭയില്‍ ഉന്നയിക്കുകയുണ്ടായി. അനര്‍ഹരുണ്ടെന്ന് പറഞ്ഞ് പട്ടിക വെട്ടിനിരത്തി എന്‍ഡോസള്‍ഫാന്‍ ദുരന്തമേ നടന്നിട്ടില്ലായെന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സജിത്ത് ബാബുവിന്റെ ഇടപെടലെന്ന് സമര പ്രവര്‍ത്തകര്‍ പറയുന്നു. കാസര്‍കോട്ടെ പ്രശ്‌നങ്ങള്‍ കീടനാശിനി കൊണ്ടേ അല്ലെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ആവര്‍ത്തിച്ചുറപ്പിച്ച കളവുകള്‍ക്ക് പൊതു സ്വീകാര്യത നിര്‍മിക്കാന്‍ ചില കേന്ദ്രങ്ങള്‍ ദുരൂഹമായി പ്രവര്‍ത്തിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്. ചില "അനര്‍ഹരെ' കലക്ടറുടെ റിപ്പോര്‍ട്ട് പേരെടുത്ത് പറയുന്നുണ്ട്. സജിത്ത് ബാബുവിന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള അദ്യത്തെ അനര്‍ഹന്‍ മുപ്പത്തേഴു വയസ്സുള്ള എന്നാല്‍ അഞ്ച് വയസ്സിന്റെ പോലും മാനസിക വളര്‍ച്ചയെത്താത്ത പെരിയ അമ്പലത്തറയിലെ സതീശനാണ്. 2010 ല്‍ നടന്ന പരിശോധനാ ക്യാംപില്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സതീശനെ പങ്കെടുപ്പിച്ചിരുന്നു. ഈ ക്യാമ്പിലെ പരിശോധനാ ഫലം അറിയാത്തത് കൊണ്ട് 2011 ല്‍ നടന്ന ക്യാംപിലും അധികൃത നിര്‍ദ്ദേശത്താല്‍ സതീഷിനെ പങ്കെടുപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി രണ്ടു ലിസ്റ്റിലും ഉള്‍പ്പെട്ട സതീശന് ആദ്യ മാസം 2500 രൂപ രണ്ടു തവണ ലഭിച്ചു. അപ്പോള്‍ തന്നെ അവന്റെ സഹോദരന്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. പിന്നീട് ഇത്തരത്തില്‍ ഇരട്ടിപ്പ് സംഭവിച്ചില്ലെന്ന് സതീശന്റെ വീട്ടുകാര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ നോട്ടപ്പിശക് മൂലം വന്നു പെട്ട ഈ ഇരട്ടിപ്പിന്റെ പേരില്‍ സ്വന്തബോധമില്ലാത്ത ഈ യുവാവിനെ തേടി വിജിലന്‍സുകാരെത്തി. ഈ സതീശന്റെ പേരാണ് മനുഷ്യാവകാശവും സ്വകാര്യതയും കണക്കിലെടുക്കാതെ ഡോ. ശ്രീകുമാറിനെപ്പോലുള്ളവര്‍ ക്ലബ് ഹൗസുകളില്‍ പരസ്യപ്പെടുത്തി നിര്‍വൃതി നേടിയത്. രോഗികളെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കിയ സജിത് ബാബുവിന്റെ റിപ്പോര്‍ട്ടിനെപ്പറ്റി അവകാശ സമരത്തിന്റെ മുന്നണിപ്പോരാളിയായ മുനീസ അമ്പലത്തറ പറയുന്നു: ""വിദഗ്ധ ഡോക്ടര്‍മാരാണ് പരിശോധന നടത്തിയത്. ലിസ്റ്റ് തയ്യാറാക്കിയത് ഉദ്യോഗസ്ഥന്മാരാണ്. ആരെയെങ്കിലും പ്രത്യേകം ഉള്‍പ്പെടുത്തണമെന്ന് ഞങ്ങളാരും ആവശ്യപ്പെട്ടിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നു കൂടിയെന്നു പറയുന്ന കളക്ടര്‍ അങ്ങനെയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി എടുക്കേണ്ടത്. അല്ലാതെ മുഴുവന്‍ ദുരിതബാധിതരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അവകാശ നിഷേധം നടത്തുകയല്ല ചെയ്യേണ്ടത്.''

ന്യൂറോളജിസ്​റ്റില്ലാത്ത ജില്ല

കാസര്‍ഗോഡ് ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്തതിന്റെ ദുരിതം ചെറുതൊന്നുമല്ല. എപിലെപ്‌സി പോലുള്ള നാഡീ സംബന്ധ രോഗമുള്ളവരാണ് ഒട്ടേറെപ്പേര്‍. ഇടക്കിടെയുള്ള വൈദ്യ പരിശോധനയിലൂടെ മരുന്നും മരുന്നളവും മാറ്റം വരുത്തുക അപസ്മാരം പോലുള്ള രോഗാവസ്ഥയില്‍ അത്യാവശ്യമാണ്. പത്ത് പതിനഞ്ച് കൊല്ലം മുമ്പെ പരിശോധനാ ക്യാമ്പുകളില്‍ കുറിച്ചു കൊടുത്ത അതേ ഔഷധങ്ങള്‍ അതേ അളവില്‍ കഴിക്കാന്‍ വിധിക്കപ്പെട്ടവരാണ് മിക്കവരും. വിദൂര പ്രദേശങ്ങളിലെ ആശുപത്രിയില്‍ പോയി വിദഗ്ധ ചികിത്സ തേടുന്നതിനുള്ള സാമ്പത്തികശേഷിയോ ലോക പരിചയമോ ഇല്ലാത്തവരാണ് ഇത്തരം രോഗികളും അവരുടെ കുടുംബവും. അതുകൊണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ യാന്ത്രികമായി നല്കുന്ന മരുന്നുകള്‍ തിന്നുക മാത്രമാണ് ഇവര്‍ക്ക് മുമ്പിലുള്ള ഒരേയൊരു വഴി. ആദ്യകാല വൈദ്യ പരിശോധനാ സംഘത്തില്‍ അംഗമായിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു റിട്ടയേര്‍ഡ് പ്രൊഫസര്‍ ഒരു ക്ലബ് ഹൗസ് ചര്‍ച്ചയില്‍ കാസര്‍കോട്ടെ രോഗാതുരതയ്ക്ക് കാരണം പോഷകാഹാരക്കുറവാണെന്നും രോഗ പരിശോധനയ്ക്ക് വന്നവരുടെ മുഖത്ത് തെളിഞ്ഞു കണ്ട ദാരിദ്ര്യം മൂലം പലരെയും അനുഭാവപൂര്‍വം ലിസ്റ്റിലുള്‍പ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നതു കേട്ടു. സ്വന്തമായി മണ്ണില്‍ അധ്വാനിച്ച് ഭക്ഷണമുത്പാദിപ്പിച്ചിരുന്ന ഇവരെ പട്ടിണിക്കാരാക്കിയത് രോഗ ദുരിതമാണെന്ന അറിവ് ഈ വിദഗ്ധനില്ലാതെ പോയി. കിടക്കപ്പായ വിട്ടെണീക്കാന്‍ പറ്റാത്ത കുഞ്ഞുങ്ങള്‍ക്ക് പത്ത് പതിനഞ്ച് കൊല്ലക്കാലം കണ്ണുചിമ്മാതെ കാവല്‍ നിന്നവരുടെ, വേലയും കൂലിയും നഷ്ടപ്പെട്ടവരുടെ കണ്ണില്‍ മങ്ങിപ്പഴകിയ ദൈന്യത കൂടുകൂട്ടുമെന്നറിയാത്ത ചികിത്സകന്റ ലോകവീക്ഷണത്തിന് കാര്യമായ തകരാറുണ്ട്.

പരിയാരം മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റ് ഉണ്ടെന്നറിഞ്ഞ അഖില വല്ലാതെ വയലന്റാവുന്ന അവസ്ഥയിലായ മകളെയും കൂട്ടി ഓട്ടോ പിടിച്ച് രണ്ട് മണിക്കൂറോളം യാത്ര ചെയ്ത് മെഡിക്കല്‍ കോളേജിലെത്തുന്നു. ദുരിതബാധിതരുടെ പട്ടികയിലുള്ളവര്‍ കാഞ്ഞങ്ങാട് ഉള്ള ഡി.പി.എം. ഓഫീസില്‍ നിന്ന്​കത്തുമായിട്ടാണ് പോകേണ്ടത്. താമസസ്ഥലമായ ചെറുവത്തൂരില്‍ നിന്ന്​എതിര്‍ദിശയില്‍ മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്താലെ ആ സര്‍ട്ടിഫിക്കറ്റ് വാങ്ങാനാവൂ. അതിനാല്‍ ഡി.പി.എം. ഓഫീസില്‍ നിന്ന്​ മെഡിക്കല്‍ കോളേജിലേക്ക് ഫോണ്‍ വിളിപ്പിച്ചു. പക്ഷേ കത്ത് ഇല്ലാത്തതുകൊണ്ട് ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കുറയുന്ന അവസ്ഥയുള്ള, കാൻസര്‍ രോഗി കൂടിയായ, ആ അമ്മ പതിനഞ്ച് പ്രാവശ്യം മുകളിലേക്കും താഴേക്കും കയറിയിറങ്ങി യാചിച്ചിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ലത്രേ. ഒടുവില്‍ ഒ.പി. ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ട് ഒരാഴ്ചക്ക് 2000 രൂപയുടെ മരുന്നും വാങ്ങി തിരിച്ചുവന്നു. ഇങ്ങനെയുള്ള പല സാങ്കേതികതകളില്‍ രോഗികള്‍ വല്ലാതെ വലയുന്നുണ്ട്. എന്‍മകജെയിലുള്ള ഒരു രോഗി മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് പോകണമെങ്കിലും രണ്ടരമണിക്കൂര്‍ തെക്കോട്ട് യാത്രചെയ്ത് കാഞ്ഞങ്ങാട് എത്തണം കത്ത് കിട്ടാന്‍! ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമായ ജില്ലയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി എയിംസ് പോലുള്ള ഒരു ചികിത്സാ കേന്ദ്രം കൊണ്ടുവരണമെന്ന് കാസര്‍കോഡ് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതിന് കാരണമിതുതന്നെ. ജില്ലയില്‍ ദുരിത ബാധിതര്‍ക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രിയുടെ സേവനം ഉറപ്പു വരുത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് അതൊരു മുന്‍ഗണന നല്‍കേണ്ട വിഷയമായി തോന്നിയിട്ടില്ല. 2016 ഓടെ 300 കിടക്കകളുള്ള ആശുപത്രിയുയരുമെന്ന അവകാശവാദത്തോടെ 2012 ല്‍ തറക്കല്ലിട്ട കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനോട് അധികൃതര്‍ കാട്ടിയ അവഗണനയുടെ ദശവത്സരമേ ഇനി ആഘോഷിക്കാന്‍ സാഹചര്യമുള്ളൂ. കെട്ടിടം പണി ഇപ്പോഴും ഒച്ചു പോലെ ഇഴയുകയാണ്. മെഡിക്കല്‍ കോളേജ് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രയില്‍ ഒരു നാഡീ ചികിത്സാ വിദഗ്ധനെയെങ്കിലും നിയമിക്കണമെന്നും ഉള്ള സമരാവശ്യം അത്യാവശ്യമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളാണ് ഈ രോഗാതുര കാലത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.എന്‍ഡോസള്‍ഫാന്‍ പ്രശ്‌ന പരിഹാര സെല്ല് സജീവമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ പട്ടികയിലുള്ളവര്‍ക്ക് കേരളത്തിലെയും മംഗലാപുരത്തെയും ചില മെഡിക്കല്‍ കോളേജുകളില്‍ ചികിത്സാ സൗജന്യമുണ്ടായിരുന്നു. കോവിഡ് മൂലം സംസ്ഥാനാന്തര യാത്രകള്‍ അസാധ്യമാകയാലും സൗജന്യം നല്കിയ വകയിലെ ചെലവ് കേരള സര്‍ക്കാരില്‍ നിന്നും ആശുപത്രികള്‍ക്ക് യഥാകാലം തിരിച്ചുകിട്ടായ്കയാലും കര്‍ണാടകം ഈ സേവനം നിര്‍ത്തിയിരിക്കുകയാണ്. കേരളത്തിലെ തൊട്ടടുത്ത മെഡിക്കല്‍ കോളേജ് പരിയാരമാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പോയവരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ സാധിക്കുകയില്ലെന്ന് പറഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതരും മടക്കി അയക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രോഗികള്‍ക്ക് തുണയാകേണ്ട കലക്ടര്‍ അടക്കുള്ള ഉദ്യോഗസ്ഥര്‍ തന്നെ രോഗികളെ തള്ളിപ്പറയുന്നത് ഈ മനുഷ്യത്വമില്ലായ്മയ്ക്ക് വളമായി മാറുന്നു. അമൃത എന്ന ഇരുപത്തഞ്ചുകാരിയുടെ അമ്മയായ അഖില ഒക്ടോബര്‍ ആദ്യം അനുഭവിച്ച ധര്‍മ്മസങ്കടം കേള്‍ക്കുക.

വാങ്ങിക്കൂട്ടിയ വിഷം എന്തുചെയ്യും?

എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെട്ടതോടെ വാങ്ങി സൂക്ഷിച്ച വിഷം എന്തു ചെയ്യണമെന്നത് സര്‍ക്കാരിനും പി.സി.സി.എല്ലിനും മുമ്പില്‍ ഒരു കീറാമുട്ടിയായി.  നിരോധനം വരുമ്പോള്‍ പെരിയ, രാജപുരം, ചീമേനി ഗോഡൗണുകളില്‍  മുന്‍കൂട്ടി വാങ്ങി സ്റ്റോക്ക് ചെയ്ത അനേക ലിറ്റര്‍  എന്‍ഡോസള്‍ഫാനുണ്ടായിരുന്നു.
2012 ല്‍ ചീമേനിയിലെ ബാരലില്‍ നിന്നും വിഷം പൊട്ടിയൊലിച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ പി.സി.കെ ആഫീസിലേക്ക് മാര്‍ച്ച് നടത്തി.
പരിഹാരം കാണാതെ വന്നപ്പോള്‍ ജില്ലാ കൃഷി ആഫീസര്‍ക്ക് നൂറോളം പേര്‍ ചേര്‍ന്ന് നിവേദനം നല്‍കി. ഫലത്തില്‍ ഘരാവോ സമരമായി അത് മാറി.
ജനവികാരം തിരിച്ചറിഞ്ഞ അന്നത്തെ കലക്ടര്‍  വി.ജിതേന്ദ്രന്‍ ഇടപെട്ട് വേഗം പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കി. അദ്ദേഹത്തിന് ആ സമയത്ത് പറ്റാവുന്ന ക്രമീകരണം നടത്തി.  ഡോ. അഷീലും സി. ജയകുമാറും നേതൃത്വം നല്കിയ "ഓപറേഷന്‍ ബ്ലോസ'മിനായി  അഞ്ചുലക്ഷം രൂപയാണ് അന്ന്  ചെലവാക്കിയത്. മാധ്യമങ്ങളടക്കം എല്ലാവരും അറിയുന്ന തരത്തില്‍ സുതാര്യമായാണ് അന്നത് ചെയ്തത്. അഞ്ച് വര്‍ഷത്തെ സുരക്ഷിത കാലമായിരുന്നു അന്നതിനു നല്‍കിയത്.
2014 ജനുവരി 26 ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ നടത്തിയ കഞ്ഞിവെപ്പ് സമരത്തിലെ ഒത്തുതീര്‍പ്പു വ്യവസ്ഥയനുസരിച്ച് ഇത് 3 മാസം കൊണ്ട് നിര്‍വ്വീര്യമാക്കാനായിരുന്നു ധാരണ.

endosalfan
എന്‍ഡോസള്‍ഫാന്‍ ബാരല്‍ കുഴിച്ചു മൂടിയ നെഞ്ചന്‍പറമ്പിലെ കിണറില്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കരിങ്കൊടി നാട്ടുന്നു

ഉല്പാദിപ്പിച്ച കമ്പനിയില്‍ കൊണ്ടുപോയി നിര്‍വ്വീര്യമാക്കാനാണ് ആവശ്യപ്പെട്ടത്. ജില്ലയില്‍ അതിനനുവദിക്കില്ലെന്ന് അസന്ദിഗ്ധമായി അന്നേ പറഞ്ഞതായിരുന്നു. ഈ വിഷം ഏറണാകുളത്ത് ഹിന്ദുസ്ഥാന്‍ പെസ്റ്റിസൈഡ് ആൻറ്​ കെമിക്കലിലേക്ക് അയച്ച് നിര്‍വീര്യമാക്കാനുള്ള പരിപാടി എറണാകുളം കലക്ടറുടെ എതിര്‍പ്പുമൂലം നടന്നില്ല.  കാര്‍ഷിക വിദഗ്ധന്‍ കൂടിയായ
ഡോ. സജിത് ബാബു കലക്ടറായി വന്നപ്പോള്‍ പടന്നക്കാട് കാര്‍ഷിക കോളേജില്‍ വെച്ച് വിഷം നിര്‍വ്വീര്യമാക്കാന്‍  ഒരു  ശ്രമം നടന്നു. പ്രാദേശിക സി.പി.എം നേതാക്കളടക്കം പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ശ്രമം ഉപേക്ഷിച്ചു. ഇപ്പോള്‍ കാര്‍ഷിക യൂനിവേഴ്‌സിറ്റിക്ക് അരക്കോടി രൂപയോളം  ഇതിനായി അനുവദിക്കപ്പെട്ടിട്ടുണ്ടത്രേ. പെരിയയിലും രാജപുരത്തും ഈ ആവശ്യത്തിനായി  കുഴിയെടുത്ത് കോണ്‍ക്രീറ്റ് പാകുന്ന പണി നടക്കുകയാണ്. ഏത് ശാസ്ത്രീയമാര്‍ഗത്തിലൂടെ ആരുടെ മേല്‍നോട്ടത്തിലാണ് ഈ നിര്‍വീരീകരണം  നടക്കുകയെന്ന കാര്യം അറിയില്ല. കാറഡുക്കയ്ക്കടുത്ത് നെഞ്ചന്‍ പറമ്പില്‍ പ്ലാസ്റ്റിക് പാത്രത്തോടെ കുഴിച്ചിട്ട എന്‍ഡോസള്‍ഫാന്‍  കാളിന്ദിയായി പടര്‍ന്നതിന്റെ അനുഭവമുണ്ട് കാസര്‍ഗോഡിന്. എന്‍ഡോസള്‍ഫാനെ മരുന്നായി കാണുന്ന, പത്തു ദിവസം കൊണ്ട് വിഷം പച്ച വെള്ളമാകുമെന്നു കരുതുന്ന ശ്രീകുമാരന്മാര്‍ നേതൃത്വം നല്കുന്ന കാര്‍ഷിക സര്‍വകലാശാല എത്ര മാത്രം ലാഘവബുദ്ധിയോടെയാകും വിഷം കൈകാര്യം ചെയ്യുകയെന്ന് ആലോചിച്ചു ഭയമാകുന്നു. നഞ്ചന്‍ പറമ്പ് ആവര്‍ത്തിക്കാതെ നോക്കുകയെന്നതു കുടി ഈ സന്ദര്‍ഭത്തത്തില്‍ പൊതു സമൂഹത്തിന്റെ കടമയാണ്. ഏത് പ്രോസസിലൂടെ കടത്തിവിട്ടാണ് വിഷത്തെ നിര്‍വീര്യമാക്കുക എന്ന് വ്യക്തമാക്കാതെ ദുരൂഹവും രഹസ്യവുമായ ആഭിചാര ക്രിയകളിലൂടെ നിര്‍വീര്യമായി എന്ന് വിശ്വസിപ്പിക്കാനാണ് ഭാവമെങ്കില്‍, ഭാവി തലമുറയാല്‍ അനിവാര്യമായും വിചാരണ ചെയ്യപ്പെടുമെന്നുറപ്പുള്ള  ഈ കാസര്‍കോടന്‍ ഹോളോകാസ്റ്റിലെ കൂട്ടുപ്രതികളായ കൃഷി വകുപ്പും പ്ലാന്റേഷന്‍ കോര്‍പറേഷനും തങ്ങള്‍ക്കെതിരെയുള്ള തെളിവുകളെ കത്തിച്ചൊഴിവാക്കാനാണ് പുറപ്പെടുന്നതെങ്കില്‍ ആ നിശബ്ദനായ കൊലയാളിയുടെ സംരക്ഷകര്‍ക്കുനേരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കേണ്ടി വരും. 

ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 46 ല്‍ പ്രസിദ്ധീകരിച്ച ലേഖനം

ഇ. ഉണ്ണികൃഷ്ണന്‍  

എഴുത്തുകാരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍.
 

  • Tags
  • #Endosulfan Tragedy
  • #E. Unnikrishnan
  • #Kasaragod
  • #LDF
  • #UDF
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Loka Kerala Sabha

Diaspora

അലി ഹൈദര്‍

പ്രവാസികളുടെ എണ്ണം പോലും കൈവശമില്ലാത്ത സർക്കാറും ലോക കേരള സഭയെക്കുറിച്ചുള്ള സംശയങ്ങളും

Jun 22, 2022

6 Minutes Read

jo joseph

Kerala Politics

പ്രമോദ് പുഴങ്കര

ഇടതുപക്ഷ മാനേജർമാർ കെട്ടിവച്ച രക്ഷകരെ തള്ളിക്കളയുകയാണ്​ തൃക്കാക്കര ചെയ്​തത്​

Jun 03, 2022

4 Minutes Read

Jo Joseph Uma thomas

Kerala Politics

ടി.എം. ഹര്‍ഷന്‍

തൃക്കാക്കരയിലെ LDF ന്റെ  തോൽവി എന്തുകൊണ്ട് ഇത്ര കടുത്തതായി ? ടി.എം. ഹര്‍ഷന്‍ എഴുതുന്നു

Jun 03, 2022

5 Minutes Read

 1x1_16.jpg

Environment

അലി ഹൈദര്‍

എന്‍ഡോസള്‍ഫാന്‍: നിയമം കൊണ്ടൊരു പോരാട്ടം, വിജയം

May 31, 2022

20 Minutes Read

ADHAR

Data Privacy

കെ.വി. ദിവ്യശ്രീ

നമ്മുടെ ഡാറ്റയും ഇ ഗവേണന്‍സ് ഫൗണ്ടേഷന് യു.പി.എ. - എന്‍.ഡി.എ വഴിയില്‍ ഇടതുപക്ഷ കേരളവും

May 29, 2022

6 Minutes Read

cover

Society

ഇ. ഉണ്ണികൃഷ്ണന്‍

വിഷുവിളക്കും മാപ്പിളവിലക്കും

Apr 16, 2022

7.9 minutes Read

Elamaram Kareem

Interview

ടി.എം. ഹര്‍ഷന്‍

ഹിന്ദുത്വയുടെ പാദ സേവകരായ മാധ്യമങ്ങളേക്കുറിച്ച്, പൊളിറ്റിക്കൽ ഇസ്ലാമിനേക്കുറിച്ചും

Apr 07, 2022

44 Minutes Watch

MV Govindan Master

Short Read

അരുണ്‍ ടി. വിജയന്‍

മദ്യനയം: തീരുമാനങ്ങൾ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുമായി ചർച്ച ചെയ്​ത​ശേഷം എടുത്തത്​- മന്ത്രി എം.വി. ഗോവിന്ദൻ

Apr 01, 2022

2 Minutes Read

Next Article

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' കണ്ട രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster