ജാതിയുടെ വേരുകൾ തേടിയ അംബേദ്ക്കർ

എല്ലാം രാഷ്ട്രീയ വിപ്ലവവും സാമൂഹികവും മതപരവുമായ വിപ്ലവത്തിൽ നിന്നാണ് തുടങ്ങുന്നത് എന്ന അംബേദ്ക്കർ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ഇത്തരം പരികൽപ്പനകളെ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഏത് രാഷ്ട്രീയ പ്രസ്ഥാനമാണ് ഏറ്റെടുക്കുക ?

റ്റൊരു അംബേദ്ക്കർ ജയന്തി കൂടി കടന്നു വരുന്നത് നവ സമൂഹികാവസ്ഥയിൽ ജാതീയത ശക്തി പ്രാപിക്കുമ്പോഴാണ്. 2014 നു ശേഷം ഇന്ത്യ എന്ന ദേശ രാഷ്ട്ര സങ്കല്പത്തിൽ ഭരണകൂട അധികാരത്തിന്റെ മാതൃക പാടെ മാറിക്കഴിഞ്ഞു. ജനാധിപത്യത്തിന്റെ വിശാല സാധ്യതയിൽ മതത്തെ കേന്ദ്രസ്ഥാനത്ത് നിർത്തിയാണ് മോദി ഭരണകൂടം ജാതിയെ മുൻനിർത്തി സാമുദായിക വിഭജനത്തെ ശക്തിപ്പെടുത്തുന്നത്. അങ്ങനെ ജാതീയതയെ ഉള്ളിൽ കൊണ്ടു നടക്കുമ്പോഴും അത് പുറത്ത് പ്രകടിപ്പിക്കുന്നതിൽ അമാന്തം കാണിച്ചവർ ഇപ്പോൾ ജാതിയെ യഥേഷ്ടം പൊതുജീവിതത്തിൽ പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത്തരമൊരു പൊതുബോധത്തെ രൂപപ്പെടുത്തുന്നതിൽ നിലവിലെ ഹിന്ദുത്വ ഭരണകൂടം നൽകിയ പ്രയോഗിക പിന്തുണ ചെറുതല്ല. ആരാധനയുടെ പേരിൽ മനുഷ്യരെക്കാൾ പ്രാധാന്യം മൃഗത്തിന് നൽകി അത്തരമൊരു പൊതു സ്വത്വത്തെ ഉണ്ടാക്കിയെടുക്കാൻ ഭരണകൂടത്തിന് എളുപ്പത്തിൽ കഴിഞ്ഞു. ഇതൊരു പകർച്ചവ്യാധിയെ പോലെ ഉത്തരേന്ത്യൻ ദേശങ്ങളിൽ നിന്നും രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന കാഴ്ചക്കാണ് പുതിയ കാലം സാക്ഷ്യം വഹിക്കുന്നത്.

രാഷ്ടീയ പ്രബുദ്ധതയും സാക്ഷരതയും മനുഷ്യരിലെ ജാതിപരമായ ചിന്തയെ മാറ്റിത്തീർക്കും എന്നാണ് നാം ധരിച്ചത്. എന്നാൽ പല ജനാധിപത്യ അവകാശങ്ങളെ നിഷേധിച്ചും, ബഹുസ്വര ഇടപെടലുകളെ അടിമുടി ഹിന്ദുത്വവൽക്കരിച്ചും മോദി ഭരണകൂടം രാഷ്ട്രീയ അധികാരം കൊണ്ട് ജാതിയെ മനുഷ്യത്വ വിരുദ്ധതയുടെ അടയാളമായി പ്രതിഷ്ഠിച്ചു കഴിഞ്ഞു. കേരളത്തിൽ പോലും സംഘ പരിവാർ ശക്തികൾ ജാതിയെയും മതത്തെയും വെറുപ്പിന്റെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചു കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ മുമ്പിലുള്ളതാണ് അംബേദ്ക്കർ ചിന്തകൾ. അതു കൊണ്ടാണ് അംബേദ്ക്കറെ നിരന്തരം വായിക്കേണ്ടതും ചർച്ച ചെയ്യേണ്ടതും സമകാല ഇന്ത്യയുടെ ആവശ്യമായി വിലയിരുത്തപ്പെടുന്നത്. ജാതിയെ സാമൂഹ്യ വ്യവഹാരങ്ങളിൽ സ്വതന്ത്ര്യമായി ഉപയോഗിക്കാൻ പറ്റുന്ന രാഷ്ട്രീയ ടൂൾ ആയി പ്രയോഗിക്കുമ്പോൾ അത് ജാതി ജീവിതങ്ങളെ മാത്രം ബാധിക്കുന്നതായിട്ടാണ് മതേതര വിശ്വാസികൾ പോലും കാണുന്നത്. എന്നാൽ ബ്രഹ്മണിക്കൽ അധികാരമേൽക്കോയ്മയിൽ പുനഃസ്ഥാപിക്കപ്പെടുന്ന ജാതി ഘടന ജനാധിപത്യ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റും എന്നതിനെ ചെറുതായി കാണാൻ കഴിയില്ല. അപ്പോൾ ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ പുതുക്കിപ്പണിയലിന് അംബേദ്ക്കർ ചിന്തകളെ ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ കരുത്തോടെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. കോൺഗ്രസ്സിന്റെ രാഷ്ട്രീയ ഭാവിയിൽ ഹിന്ദുത്വ ശക്തികൾ പിടി മുറുക്കുമ്പോൾ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ അംബേദ്ക്കർ മുന്നോട്ടുവെച്ച അടിസ്ഥാന വർഗ്ഗരാഷ്ടീയത്തെ കൂടുതൽ സമഗ്രമായി സംവാദ മണ്ഡലത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. കാരണം, ഇടതുപക്ഷത്തിന്റെ സാമ്പത്തിക സംവരണത്തോടുള്ള സമീപനം മോദിയുടെ ഫാസിസ്റ്റ് നിലപാടിനൊപ്പമാകാൻ പാടില്ലായിരുന്നു. സംവരണം ദാരിദ്ര നിർമ്മാർജ്ജന പദ്ധതിയല്ല എന്ന തിരിച്ചറിവ് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇനിയെങ്കിലും ഉണ്ടാവണം. ഇപ്പോഴും പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യർ സാമൂഹിക വികാസ കാലത്തും സ്തംഭിച്ചു നിൽക്കാൻ കാരണം ജാതിയാണ് എന്നതാണ് സത്യം.

ഡോ. ബി.ആർ. അംബേദ്കർ

45 - ശതമാനത്തിൽ കൂടുതൽ വരുന്ന മത ന്യൂനപക്ഷങ്ങൾ, പട്ടികജാതി, വർഗങ്ങൾ, പിന്നോക്ക വിഭാഗങ്ങൾ എന്നിവരെ മുഖ്യധാര ജീവിത പക്ഷത്ത് കൊണ്ടുവരാൻ ഇന്നു വരെ അധികാര വർഗ്ഗങ്ങൾക്ക് കഴിഞ്ഞിട്ടില്ല. സാമ്പത്തികമായ പിന്നോക്കാവസ്ഥ കൊണ്ട് നിരന്തരം പാർശ്വവൽക്കരിക്കപ്പെട്ടതിന്റെ രാഷ്ട്രീയ കാരണങ്ങളെ പഠിക്കാൻ ഡോ: ലോഹ്യയെ മാറ്റി നിർത്തിയാൽ മറ്റൊരു നേതാവിനെയും ഇന്ത്യൻ രാഷ്ട്രീയത്തിൽ കണ്ടില്ല. അതിന്റെ അനന്തരഫലമാണ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയം നേരിടുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധി. ഹിന്ദുത്വ ഫാസിസത്തിനെതിരെ എന്ത് രാഷ്ട്രീയത്തെ മുൻനിർത്തി പോരാടും എന്ന ചോദ്യം പ്രസക്തമാകുന്നത് അതുകൊണ്ടാണ്. ജാതിയുടെ രാഷ്ട്രീയത്തെ ജനാധിപത്യത്തിലുടെ പ്രതിരോധിക്കുമ്പോൾ പൊതുമണ്ഡലത്തിലെ സർണ്ണ അധികാരഘടനയെ നല്ല രീതിയിൽ തകർക്കേണ്ടതുണ്ട്. അതിന് ആര് നേതൃത്വം നൽകും.?

ആധുനീക ജാതി അധികാരത്തെ ദലിതു പിന്നോക്ക വിഭാഗങ്ങൾക്ക് മാത്രം പരാജയപ്പെടുത്താൻ കഴിയില്ല. കാരണം, അംബേദ്ക്കർ പറഞ്ഞതുപോലെ കടുത്ത മതവിശ്വാസികൾ ആയതു കൊണ്ടു കൂടിയാണ് പിന്നോക്ക സമൂഹത്തെ ജാതി പിൻതുടരാൻ പ്രേരിപ്പിക്കുന്നത്. അതിനെ മാറ്റിയെടുക്കാൻ ഹിന്ദുത്വത്തിന്റെ അധികാര മേൽക്കോയ്മയെ തകർക്കാൻ നവസാമൂഹിക പ്രസ്ഥാനങ്ങൾക്ക് കഴിയണം. അത്തരത്തിലുള്ള നീക്കങ്ങളെ ഉപരിതല പ്രച്ഛനതയിലൂടെ നേരിടുന്നതിന് പകരം ആഴത്തിലുള്ള അംബേദ്ക്കർ പഠനങ്ങളിലൂടെ സാധ്യമാകേണ്ടതുണ്ട്. എല്ലാം രാഷ്ട്രീയ വിപ്ലവവും സാമൂഹികവും മതപരവുമായ വിപ്ലവത്തിൽ നിന്നാണ് തുടങ്ങുന്നത് എന്ന അംബേദ്ക്കർ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ഇത്തരം പരികൽപ്പനകളെ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഏത് രാഷ്ട്രീയ പ്രസ്ഥാനമാണ് ഏറ്റെടുക്കുക ?

സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ വർഗ്ഗരാഷ്ട്രീയത്തിന് പുറത്താണ് എന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിലയിരുത്തൽ ദളിത് രാഷ്ട്രീയത്തിന്റെ വേരുകളെ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് സംഭവിക്കുന്നതാണ്. ഭൂമിക്ക് മേലുള്ള അധികാരം ദലിതു പിന്നോക്ക വിഭാഗങ്ങൾക്ക് നഷ്ടമാകാൻ കാരണം, അവരെ വരിഞ്ഞുമുറുക്കിയ ജാതിയാണ്. ഹിന്ദു മതത്തിലെ ജാതി ശ്രേണി ബന്ധിതമായി തുടരേണ്ടത് സവർണ്ണ അധികാരത്തിന്റെ താത്പര്യമായി മാറുന്നത് അതുകൊണ്ടാണ്. ഇതിനെ ചോദ്യം ചെയ്ത് പരാജയപ്പെടുത്താൻ ഇന്നുവരെ ജനാധിപത്യ രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞില്ല. എന്നു മാത്രമല്ല 2014-നു ശേഷം ജാതിയെ ഫ്യൂഡൽ രിതിയിൽ ആധുനീക സമുഹത്തിൽ അവതരിപ്പിക്കാനും തുടങ്ങി. പഴയ കാലത്തെ ജാതി കേന്ദ്രീകൃത ഭിന്നസ്വത്വങ്ങളെ പുതിയ കാലത്ത് മോദി ഭരണകൂടം തന്റെ അധികാരത്തിന് വേണ്ടി വിജയിപ്പിച്ചെടുക്കുന്നതാണ് 21-ാം നൂറ്റാണ്ടിലെ ഇന്ത്യ കണ്ടത്. അതിന് ഉപയോഗിച്ചതാകട്ടെ തീവ്ര ദേശീയതയും. അത്തരം ദേശീയതയുടെ ഭാഗമാകുന്ന പിന്നോക്ക വിഭാഗങ്ങളെ ഇന്ത്യയിൽ കാണാൻ കഴിഞ്ഞു എന്നത് മോദി ഭരണത്തിന്റെ നേട്ടമായി അവർ കാണുന്നു.

പൊതുയോഗത്തിൽ സംസാരിക്കുന്ന അംബേദ്ക്കർ

ഇത്തരം സാഹചര്യത്തിലാണ് ജാതിരഹിത സമുഹത്തെക്കുറിച്ചുള്ള ചിന്തകൾ ചർച്ച ചെയ്യപ്പെടുന്നത്. അത്തരം ചർച്ചകളിൽ, സംവാദങ്ങളിൽ അംബേദ്ക്കർ തന്നെയാണ് എക്കാലത്തെയും ശക്തി. അംബേദ്ക്കറെ സംബന്ധിച്ച് ജാതിക്ക് എതിരെയുള്ള പ്രവർത്തനം ഇന്ത്യയിലെ മുഴുവൻ ജാതി ബന്ധിതമായ സാമൂഹിക തിന്മക്കെതിരെയുള്ള സമരം കൂടിയാണ്. 1916 - ൽ തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ കൊളംബിയ സർവ്വകലാശാലയിലെ നരവംശശാസ്ത്ര സെമിനാറിൽ അവതരിപ്പിച്ച " ജാതികൾ ഇന്ത്യയിൽ' എന്ന പ്രബന്ധത്തിൽ ജാതിയുടെ ഉൽഭവത്തെക്കുറിച്ചുള്ള നിരീക്ഷണം എക്കാലത്തും പ്രസക്തമാണ്. ജനനത്തിന് അപ്പുറം മരണത്തിൽ ജാതിയുടെ കരുത്തുറ്റ അടയാളങ്ങളെ നിരീക്ഷിച്ച അംബേദ്ക്കർ ഹിന്ദുമതത്തിലെ സതി, ശൈശവ വിവാഹം, വൈധ്യവ്യം തുടങ്ങിയവയിൽ ജാതി പ്രവർത്തിക്കുന്നത് കൃത്യമായി പറഞ്ഞു തരുന്നുണ്ട്. അതൊക്കെ ചെറിയ അളവിൽ മാറിയിട്ടും കേരളം പോലുള്ള സംസ്ഥാനത്ത് വിവാഹകാര്യത്തിൽ ജാതി കൃത്യമായി ഇടപെടുന്നതാണ് നാം കാണുന്നത്.

ഇത്തരം അവസ്ഥകളെ മറികടന്ന് ആധുനീക സമൂഹത്തിൽ നിന്ന് ജാതിയെ ഉൻമൂലനം ചെയ്യാൻ കൃത്യമായ രാഷ്ട്രീയ ഇടപെടൽ ആവശ്യമാണ്. അതിനാകട്ടെ അംബേദ്ക്കർ ചിന്തകൾ നല്ല രീതിയിൽ ചർച്ച ചെയ്യേണ്ടതുണ്ട്. 1891 ഏപ്രിൽ 14 ന് മഹാരാഷ്ട്രയിലെ സെന്റർ പ്രൊവിൻസിലെ മൗവ് എന്ന സ്ഥലത്ത് ജനിച്ച അംബേദ്കർ മരണം വരെ പോരാടിയത് ജാതിക്ക് എതിരെയാണ്. അതിന്റെ തുടർച്ച കൊണ്ടു മാത്രമേ ഇന്ത്യയിലെ ജാതിയുടെ ഇരകളെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയൂ. അതാണ് ഇന്ത്യയിലെ യഥാർഥ രാഷ്ട്രീയ പ്രവർത്തനം.


Comments