ഇന്ദിരയുടെ അടിയന്തരാവസ്ഥയും സഞ്ജയ് ഗാന്ധിയുടെ ഗുണ്ടാസംഘവും

അടിയന്തരാവസ്ഥയുടെ തടവുമുറികളിൽ നിന്ന് പുറത്തുവന്ന ഇന്ത്യക്ക് പിന്നൊരിക്കലും ജനാധിപത്യ ആരോഗ്യത്തിലേക്ക് നടക്കാനായില്ല. അതിന്റെ അലസ പാതകളിലൂടെയാണ് ഹിന്ദുത്വ രാഷ്ട്രീയം അധികാരത്തിലെത്തിയത്. ഒരു ജനത എന്ന നിലയിൽ ഇന്ത്യക്കാർ ജനാധിപത്യത്തെ യാത്രയയക്കാനാണോ തീരുമാനിക്കുന്നത് എന്നതൊരു ചരിത്രപ്രധാനമായ ചോദ്യമാണ്.

‘പ്രസിഡണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. പരിഭ്രമിക്കേണ്ട ഒരു സംഗതിയല്ല ഇത്'; പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 ജൂൺ 26ന് ആകാശവാണിയിലൂടെ രാജ്യത്തോട് പറഞ്ഞു.
എന്നാൽ വല്ലാതെ പരിഭ്രമിക്കാനുള്ള വലിയ സംഗതിയാണതെന്ന് ഇന്ത്യൻ ജനതക്ക് വളരെ വേഗം പിടികിട്ടി. പ്രതിപക്ഷ നേതാക്കളെല്ലാം തടവിലാക്കപ്പെട്ടു. എതിർപ്പിന്റെ എല്ലാ സാധ്യതകളേയും അടിച്ചമർത്താൻ പൊലീസ് സംവിധാനം രാജ്യത്തെങ്ങും ചെന്നായക്കൂട്ടം പോലെ വേട്ടയാടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലെ പല അംഗങ്ങളും അറിഞ്ഞതുതന്നെ പ്രധാനമന്ത്രി ആകാശവാണിയിലേക്ക് പോയതിനുശേഷമായിരുന്നു. കടുത്ത സെൻസർഷിപ്പിൽ മാധ്യമസ്വാതന്ത്ര്യം ഇല്ലാതായി.

സുപ്രീംകോടതി ഇന്ദിരാഗാന്ധിയുടെ സ്വേച്ഛധിപത്യത്തിന് ശിങ്കിടി പാടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ ഭരണഘടനാ പൗരന് നൽകുന്ന മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യവും റദ്ദാക്കപ്പെടുമെന്ന നാണം കേട്ട വിധിയുമായി കോടതി മുട്ടിലിഴഞ്ഞു. ഹേബിയസ് കോർപസ് കേസ് എന്നറിയപ്പെടുന്ന ആ കേസിൽ ചീഫ് ജസ്റ്റിസ് എ. എൻ. റെയ്, ജസ്റ്റിസുമാരായ എം.എച്ച്. ബേഗ്, എച്ച്. ആർ. ഖന്ന, വൈ. വി. ചന്ദ്രചൂഡ്, പി. എൻ. ഭഗവതി എന്നിവരാണ് വാദം കേട്ടത്. ജസ്റ്റിസ് ഖന്നയുടെ വിയോജന വിധിയോടെ 4:1 എന്ന ഭൂരിപക്ഷവിധിയോടെ അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങൾക്കുള്ള ഭരണഘടനാപരമായ മൗലികാവകാശം നിലനിൽക്കുന്നില്ല എന്ന് സുപ്രീം കോടതി വിധിച്ചു. ഹേബിയസ് കോർപസ് ഹർജിക്കുള്ള അവകാശവും അടിയന്തരാവസ്ഥയിൽ നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു.

ജനാധിപത്യത്തിലും നിയമവാഴ്ചയിലും പൗരന്റെ മൗലികാവകാശങ്ങൾ ഒരിക്കലും റദ്ദാക്കാനാകില്ല എന്ന ജസ്റ്റിസ് ഖന്നയുടെ ഉറച്ച നീതിബോധം ഇന്ത്യയുടെ ‘ലേഡി മുസോളിനി'ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. തനിക്കു മുന്നിൽ മുട്ടിലിഴയാൻ സകലരും വരിനിൽക്കുമ്പോൾ വരിതെറ്റിക്കുന്നവരോട് അവർ പൊറുത്തില്ല. 1977 ജനുവരിയിൽ പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിൽ ഏറ്റവും മുതിർന്ന ജഡ്ജിയായ ഖന്നയെ മറികടന്ന്, തനിക്കുവേണ്ട വിധിയെഴുതിത്തന്ന കൂട്ടത്തിലെ എം.എച്ച്. ബേഗിനെ ചീഫ് ജസ്റ്റിസാക്കി നിയമിച്ചു ഇന്ദിരാഗാന്ധി. ജനാധിപത്യ നീതിബോധത്തിന്റെ ഏറ്റവും വലിയ പ്രഖ്യാപനം പോലെ തൊട്ടുപിറ്റേന്ന് ജസ്റ്റിസ് ഖന്ന സുപ്രീം കോടതി ന്യായാധിപ പദവിയിൽനിന്ന് രാജിവെച്ചു പുറത്തിറങ്ങി. 2017 ൽ കെ.എസ്. പുട്ടസ്വാമി കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് ADM Jabalpur കേസിലെ വിധി റദ്ദാക്കുന്നതുവരെ 40 വർഷം ഇന്ത്യൻ നീതിന്യായ സംവിധാനം ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ പ്രതിധ്വനി മാത്രമായി മാറിയ കാലത്തെ ഓർമിപ്പിച്ചുകൊണ്ട് ആ വിധി നിലനിന്നു.

ഇന്ദിരാഗാന്ധി / Phone: Wikimedia Commons

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരാഗാന്ധിക്ക് നിരവധി കാരണങ്ങളുണ്ടായിരുന്നു. ഗുജറാത്തിലും പിന്നീട് ബിഹാറിലും ആളിപ്പടരുന്ന വിദ്യാർത്ഥി സമരം, അതിലേക്ക് അണിചേർന്ന ജനകീയ പ്രക്ഷോഭം, തന്റെ രാഷ്ട്രീയ വനവാസത്തിനുള്ളിൽ നിന്ന് പുറത്തുവന്ന് സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ ജയപ്രകാശ് നാരായണൻ ഏറ്റെടുത്ത സമര നേതൃത്വം, രാജ്യത്തെങ്ങും തൊഴിലില്ലായ്മക്കും പട്ടിണിക്കുമെതിരെ വിവിധ രൂപത്തിൽ ഉയർന്ന സമരങ്ങളും കലാപങ്ങളും, റായ്ബറേലിയിൽ നിന്നുള്ള ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ 1975 ജൂൺ 12-ലെ അലഹാബാദ് ഹൈക്കോടതി വിധി, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിൽ സമരങ്ങളിലൊന്നായ റെയിൽവേ തൊഴിലാളികളുടെ പടുകൂറ്റൻ പണിമുടക്ക് എന്നിങ്ങനെ തന്റെ അധികാരക്കുത്തകയെ തകർക്കാൻ പാകമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടു എന്ന് ഇന്ദിരാഗാന്ധിക്ക് ബോധ്യമായി. എല്ലാവിധ മർദ്ദന സംവിധാനങ്ങളും ഉപയോഗിച്ച് ജനാധിപത്യത്തെ റദ്ദാക്കി രാജ്യാധികാരം പിടിച്ചെടുത്ത ഇന്ദിരാഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും ചേർന്ന് നടത്തിയ അടിയന്തരാവസ്ഥാഭരണം ഇന്ത്യയുടെ ജനാധിപത്യ വളർച്ചയെ ഏറ്റവും അപകടകരമായി ദുർബലമാക്കിയ രാഷ്ട്രീയ സംഭവമായി കണക്കാക്കാം.

നിയമവാഴ്ച എന്നൊന്ന് കേവലം എഴുതിവെച്ച പുസ്തകങ്ങൾ മാത്രമാണെന്നും ജനാധിപത്യവും പൗരാവകാശവും അതിലെ ചത്തുമലച്ച വാക്കുകളാണെന്നും ഉദ്യോഗസ്ഥ വൃന്ദത്തിനും ഇന്ത്യയിലെ ഭരണവർഗത്തിനും ജനത്തിനേ ബോധ്യപ്പെടുത്താൻ കിട്ടിയ അവസരമായിരുന്നു അടിയന്തരാവസ്ഥ. രാജ്യത്തെങ്ങും നിരവധി പേർ തടവറകളിലും പൊലീസ് ഒരുക്കിയ പീഡനമുറികളിലുമായി കൊല്ലപ്പെട്ടു. റെഡ്ഡിയും രാജനുമടക്കം നിരവധി പേരറിയുന്നവരും അറിയാത്തതുമായ മനുഷ്യർ. ‘ഇന്ദിരായണിന്ത്യ, ഇന്ത്യയാണ് ഇന്ദിര' എന്ന അശ്‌ളീല മുദ്രാവാക്യം കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ബറുവ മാത്രമല്ല സകല കോൺഗ്രസുകാരും മുഴക്കി. രാഷ്ട്രീയ എതിരാളികളെ പൊലീസിന്റെ ഇടിമുറികളിൽ എത്തിക്കാൻ സർക്കാരിന്റെ അപ്രഖ്യാപിത ചാരന്മാരും ഗുണ്ടകളുമായി കോൺഗ്രസുകാർ. പ്രതിരോധ മന്ത്രിയായിരുന്ന ബെൻസിലാൽ ഇന്ദിരാഗാന്ധിയെ രാജ്യത്തിന്റെ ആജീവനാന്ത പ്രസിഡണ്ടായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. സ്തുതിപാഠകർ ഒരു സർറിയലിസ്റ്റ് ചിത്രം പോലെ ഒഴുകിപ്പരന്നു.

ജയപ്രകാശ് നാരായണൻ

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ഹീനമായ ചരിത്രമെഴുതിക്കൊണ്ട് സി.പി.ഐ അടിയന്തരാവസ്ഥാകാലത്തും കോൺഗ്രസിന്റെ ആശ്രിതന്മാരായി ഭരണത്തിൽ തുടർന്നു. സോവിയറ്റ് പാർട്ടിയുടെ ആഗോള വിലയിരുത്തലുകളിലെ അവസരവാദപരമായ നയത്തിന്റെ ചുവടുപിടിച്ചുകൊണ്ട് സി. പി.ഐ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ജനാധിപത്യ ധ്വംസനത്തിനൊപ്പം ആർപ്പുവിളിച്ചു. ജനാധിപത്യവാദികളായ ആയിരക്കണക്കിന് മനുഷ്യർ തടവറകളിൽ പീഡിപ്പിക്കപ്പെട്ടപ്പോൾ സി.പി.ഐ നേതൃത്വം ഇന്ദിരാദാസന്മാരായി. ആ തെറ്റ് അവർ അടിയന്തരാവസ്ഥ കഴിഞ്ഞാണ് തിരുത്തിയത്.

കേരളത്തിൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നെങ്കിലും അടിയന്തരാവസ്ഥ കാലത്ത് ആഭ്യന്തര മന്ത്രി കെ. കരുണാകരനായിരുന്നു ഭരണം നിയന്ത്രിച്ചത്. കരുണാകരന്റെ നിഴലിൽ കേരളത്തിന്റെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അതികായനായിരുന്ന ഒരു നേതാവിന് ചുരുണ്ടുകൂടേണ്ടിവന്നു. രാഷ്ട്രീയപ്പിഴവുകളുടെ ദുരന്തമായിരുന്നു അത്. കേരളം കണ്ട ദുരധികാരപ്രഭുക്കളിൽ അഗ്രഗാമിയായ കരുണാകരൻ എന്ന ആഭ്യന്തര മന്ത്രിയുടെ വേട്ടനായ്ക്കളായി പൊലീസുകാർ നാടുനീളെ പീഡന മുറികൾ തുറന്നപ്പോൾ ആ മന്ത്രിസഭയെ നയിച്ച സി.പി.ഐ, ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് പിഴവുപറ്റിയാൽ അതെത്ര വേണമെങ്കിലും അധഃപതിക്കാം എന്നതിന്റെ ഇന്ത്യൻ നേർസാക്ഷ്യമായി.

സി. അച്യുതമേനോൻ

പത്രങ്ങൾ ഇന്ദിരാഗാന്ധിയുടെയും അവരുടെ മകൻ സഞ്ജയ് ഗാന്ധിയുടേയും മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. മലയാള മനോരമ വെട്ടുക്കിളി ശല്യത്തെക്കുറിച്ച് മുഖപ്രസംഗമെഴുതി. ഗോയങ്കയുടെ ഇന്ത്യൻ എക്‌സ്​പ്രസും സി.പി.എമ്മിന്റെ ദേശാഭിമാനിയും പോലുള്ള അപൂർവം പത്രങ്ങൾ മാത്രമാണ് തുറന്ന എതിർപ്പുയർത്തിയത്. കുനിഞ്ഞുനിൽക്കാൻ പറഞ്ഞപ്പോൾ അവർ മുട്ടിലിഴഞ്ഞു എന്ന് എൽ. കെ. അദ്വാനി ഇന്ത്യൻ പത്രങ്ങളെക്കുറിച്ച് പറഞ്ഞത് ഇക്കാലത്തെക്കുറിച്ചാണ്. വാർത്താ വിതരണ വകുപ്പ് മന്ത്രി വി.സി.ശുക്ലയുടെ നേതൃത്വത്തിൽ പത്രങ്ങളുടെയും സിനിമകളുടെയുമെല്ലാം സെൻസറിംഗിന് കർക്കശമായ ഭക്തവിലാസം പൊലീസ് ഉണ്ടായി. ശുക്ലയ്ക്ക് സെൻസർ ചെയ്യാൻ ഒന്നുമില്ലാത്തവണ്ണം പത്രങ്ങൾ സ്വയം സെൻസർ ചെയ്തുകൊണ്ടിരുന്നു.

സഞ്ജയ് ഗാന്ധിയുടെ ഗുണ്ടാസംഘം യൂത്ത് കോൺഗ്രസ് എന്ന പേരിൽ തേർവാഴ്ച നടത്തി. സഞ്ജയ് ഗാന്ധിയറിയാതെ ഒരു കാര്യവും നടക്കില്ല എന്നുവന്നു. പ്രധാനമന്ത്രിയുടെ കാര്യാലയം സഞ്ജയ് ഗാന്ധിയായി മാറി. അമ്മ ഇരുപതിന പരിഷ്‌കരണ നടപടികൾ പ്രഖ്യാപിച്ചപ്പോൾ മകൻ അഞ്ചിന പരിഷ്‌കാരം പ്രഖ്യാപിച്ചു. സഞ്ജയ് ഗാന്ധിക്ക് ഇഷ്ടമില്ലാത്ത പക്ഷികൾ വേറെ രാജ്യങ്ങളിലേക്ക് പറക്കണം എന്ന അവസ്ഥയായി. ഹിന്ദി ചലച്ചിത്ര പിന്നണി ഗായകൻ കിഷോർ കുമാറുമായി സഞ്ജയ് ഗാന്ധി ഇഷ്ടത്തിലല്ലായിരുന്നു. കിഷോർ കുമാറിന്റെ പാട്ടുകൾ ആകാശവാണിയിൽ നിന്ന് അപ്രത്യക്ഷമായി.

Maintenance of Internal Security Act (MISA) ഭേദഗതി ചെയ്തു. രാഷ്ട്രീയ പ്രതിഷേധ ഉയർത്തുന്നു എന്ന് സംശയമുള്ള ആരെയും തടവിലാക്കാനുള്ള നിയമമായി. ആയിരക്കണക്കിനാളുകൾ മിസ നിയമപ്രകാരം തടവിലായി. ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ രാജ്യമെങ്ങും നിരവധിയാളുകൾ പൊലീസ് പിടിയിലായി.ഹേബിയസ് കോർപസ് ഹർജി നൽകാനുള്ള അവകാശം നിഷേധിക്കപ്പെട്ട പൗരന്മാർ പ്രത്യക്ഷരാകുന്നത് നിത്യസംഭവമായി.

യാതൊരു ഭരണഘടനാ പിൻബലവുമില്ലാതെ ലോക്​സഭയുടെ കാലാവധി രണ്ടു തവണ നീട്ടി ഇന്ദിരാഗാന്ധിയും കോൺഗ്രസും. ഭരണഘടന പുതുക്കിപ്പണിത് പ്രസിഡൻറ്​ സമ്പ്രദായത്തിലേക്ക് മാറാൻ ഡി.കെ.ബറുവ, രജനി പട്ടേൽ, എസ്.എസ്. റെയ്, എ.ആർ. ആന്തുലെ എന്നിവരുടെ സംഘം ശുപാർശ നൽകി. അതിനായി ഭരണഘടനാ അസംബ്ലി ഉണ്ടാക്കണമെന്ന് സ്തുതിപാഠകർ കാഹളമുയർത്തി. ഉത്തർ പ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭകൾ പുതിയ ഭരണഘടനാ അസംബ്ലി ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അംഗീകരിച്ചു. ഭരണഘടനയെ തകർക്കാനും ഇന്ത്യ എന്ന ആശയത്തെയും ജനാധിപത്യ റിപ്പബ്ലിക്കിനെയും ഏകാധിപത്യ വാഴ്ചയിലേക്ക് കൊണ്ടുപോകാനും കോൺഗ്രസ് സന്നാഹങ്ങളൊരുക്കി.

ഇത്രയൊക്കെയായിട്ടും എങ്ങനെയാണ് മുന്നോട്ടു പോകേണ്ടത് എന്ന കാര്യത്തിൽ ഇന്ദിരക്കും കോൺഗ്രസിനും സംശയമുണ്ടായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെല്ലാം തടവിൽ, രാജ്യമെന്നാൽ ഇന്ദിരയാണ് എന്ന് സർക്കാർ മാധ്യമങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ആഭ്യന്തര ശത്രുക്കൾ, ആഗോള ഗൂഢാലോചന, അട്ടിമറി അങ്ങനെയങ്ങനെ നിരവധി ഭീതികൾ നിരന്തരമായി പ്രക്ഷേപണം ചെയ്തു. നിശബ്ദമായ ഇന്ത്യൻ ഗ്രാമങ്ങൾ തന്നെ അധിദേവതയായി അംഗീകരിച്ചു കഴിഞ്ഞെന്നു ഇന്ദിരാഗാന്ധി കരുതി. എതിരാളികളെ ഇല്ലാതാക്കാൻ കഴുമരങ്ങളും തടവറകളും പണിയാൻ സഞ്ജയ് ഗാന്ധിയും അയാളുടെ സംഘവും ഒരുങ്ങിത്തുടങ്ങി.

ഇന്ദിരാഗാന്ധിയോടൊപ്പം സഞ്ജയ് ഗാന്ധി

പുതിയ തെരഞ്ഞെടുപ്പ് വിജയത്തോടെ ഇന്ത്യൻ ജനാധിപത്യത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ജനസമ്മതിയായി വ്യാഖ്യാനിക്കാമെന്ന് ഇന്ദിരയും സംഘവും കണക്കുകൂട്ടുകയും ചെയ്തു. 1977 ജനുവരി 18-ന് ഇന്ദിരാഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയുടെ ഭരണകൂട ഭീകരതയ്‌ക്കെതിരെ നിരക്ഷരരും ലോകം കാണാത്തവരുമെന്ന് ആക്ഷേപിക്കപ്പെട്ട വടക്കേ ഇന്ത്യയിലെ ഗ്രാമീണർ കൂട്ടത്തോടെ വോട്ടു ചെയ്തു. ഇന്ദിരാഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജനതാപാർട്ടിയും മറ്റു പ്രതിപക്ഷവും വൻ വിജയം നേടി. 1977 മാർച്ച് 21-ന് അടിയന്തരാവസ്ഥാ ഔദ്യോഗികമായി പിൻവലിക്കപ്പെട്ടു. മൊറാർജി ദേശായി പ്രധാനമന്ത്രിയായി. എങ്കിലും ഇന്ത്യൻ ജനാധിപത്യം തകർന്ന ഘടികാരം പോലെ ചിതറിക്കിടന്നു.

നാല് പതിറ്റാണ്ടു തികയും മുമ്പ് ഇന്ത്യ നൂതനമായ മറ്റൊരു സമഗ്രാധിപത്യ രാഷ്ട്രീയ ഭീഷണി നേരിടാൻ തുടങ്ങി. ഇത്തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഭരണഘടനയെ ഉള്ളിൽ നിന്ന് തകർക്കുകയാണ്. രാജ്യദ്രോഹവും യു.എ.പി.എയും രാഷ്ട്രീയ പ്രതിഷേധത്തിനൊപ്പം സൗജന്യമായി ലഭിക്കുന്നു. പ്രധാനമന്ത്രി രാമക്ഷേത്ര പൂജ നടത്തുന്നു. നൂറുകണക്കിനാളുകൾ മഹാമാരിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുമ്പോൾ പ്രധാനമന്ത്രി സ്വന്തം ചിത്രം വെച്ച രോഗശാന്തി സാക്ഷ്യപത്രങ്ങൾ നൽകുന്നു. സർവ്വകലാശാലകൾ, കോടതികൾ, സൈന്യം, സുരക്ഷാ ഏജൻസികൾ, മറ്റ് ഭരണഘടനാ സ്ഥാപങ്ങൾ എന്നിവയെല്ലാം സംഘപരിവാറിന്റെ ആജ്ഞാനുവർത്തികളായി മാറുന്നു. പ്രതിപക്ഷം ഒരു നിഴൽപോലെ ദുർബലമായിരിക്കുന്നു.

എങ്കിലും കർഷക പ്രക്ഷോഭത്തിന്റെയും പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെയുമൊക്കെ രൂപത്തിൽ ജനങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുകയാണ്. എന്നാൽ ഇത്തവണ സമരം കൂടുതൽ ദുഷ്‌ക്കരവും സങ്കീർണവുമാണ്. ഒരു വ്യക്തിയുടെ സമഗ്രാധിപത്യ രൂപത്തിന് ചുറ്റുമല്ല, മതബദ്ധമായ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും അതിദേശീയതയുടെയും ജനപിന്തുണകൂടി ആർജ്ജിച്ചാണ്
സംഘപരിവാർ ഫാസിസ്റ്റ് ഭരണക്രമത്തിലേക്ക് നീങ്ങുന്നത്. ആ ജനപിന്തുണയിലാണ് കർഷകപ്രക്ഷോഭമടക്കമുള്ള സമരങ്ങളിലൂടെ വിള്ളൽ വീണു തുടങ്ങിയിരിക്കുന്നത്.

അടിയന്തരാവസ്ഥയുടെ തടവുമുറികളിൽ നിന്നും പുറത്തുവന്ന ഇന്ത്യക്ക് പിന്നൊരിക്കലും ജനാധിപത്യ ആരോഗ്യത്തിലേക്ക് നടക്കാനായില്ല. ഉറപ്പുള്ള ഒരു ജനാധിപത്യ രാഷ്ട്രീയവും സമൂഹവുമുണ്ടാക്കാൻ ഒരു ജനത എന്ന നിലയിൽ നമുക്കായില്ല. അതിന്റെ അലസ പാതകളിലൂടെയാണ് ഹിന്ദുത്വ രാഷ്ട്രീയം അധികാരത്തിലെത്തിയത്. ഒരു ജനത എന്ന നിലയിൽ ഇന്ത്യക്കാർ ജനാധിപത്യത്തെ യാത്രയയക്കാനാണോ തീരുമാനിക്കുന്നത് എന്നതൊരു ചരിത്രപ്രധാനമായ ചോദ്യമാണ്. ഹിന്ദുത്വ വാദികളുടെയും കോർപ്പറേറ്റ് കൊള്ളക്കാരുടെയുമാണ് ഇനി ഇന്ത്യയെങ്കിൽ കേരളമടക്കമുള്ള ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധ രാഷ്ട്രീയ നേതൃത്വമുള്ള സംസ്ഥാനങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് പുനരാലോചിക്കേണ്ടിവരും. കാലം ലളിതമായ സമസ്യകളുടെ സായാഹ്നവിനോദമല്ല. അത് പിളർന്നുപോയ ഭൂഖണ്ഡങ്ങളുടെ കൂടി കഥയാണ്.

Comments