രക്തമിഠായി പോലെ വയറ്റിൽനിന്ന് അലിഞ്ഞലിഞ്ഞുപോകുകയായിരുന്നു എന്റെ ചോരക്കുഞ്ഞ്...

Truecopy Webzine

‘‘മരിച്ചു പോയ ഒരു കുഞ്ഞിനെ ഉദരത്തിൽ വെച്ച് ഉറങ്ങിനോക്കിയിട്ടുണ്ടോ? അഴുകിത്തുടങ്ങിയ ഭ്രൂണത്തെ ഉള്ളിലേറ്റി ഉറങ്ങിനോക്കിയിട്ടുണ്ടോ? ആ സമയങ്ങളിലൊക്കെ നമ്മൾ സ്വയം ശവപ്പെട്ടിയായതു പോലെ തോന്നും. വയറകം കല്ലിച്ച പോലെ. മനസ്സിനേക്കാളും ആത്മാവിനേക്കാളും മുറിപ്പെട്ട ഹൃദയത്തേക്കാളും കല്ലിച്ച പോലെ. മരച്ചു മരവിച്ച പോലെ.''- ആദ്യ ഗർഭത്തിലെ കുഞ്ഞ്, രക്തമിഠായി അലിയുന്ന ലാഘവത്തോടെ രക്തമായി അലിഞ്ഞലിഞ്ഞുപോയ വേദനയെക്കുറിച്ച് ഇന്ദുമേനോൻ, ട്രൂ കോപ്പി വെബ്‌സീനിൽ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിൽ എഴുതുന്നു.

‘‘എന്റെയവസ്ഥ ശരിക്കും ദയനീയമായിരുന്നു. ശരീരമപ്പടി കനച്ചു തളർന്നു. അസാധാരണമായ ഒരു ഭാരം എന്റെയുടലിനുണ്ടായി. നല്ല ഉയരത്തിലെത്തിയതു കൊണ്ടോ മറ്റോ മൂക്കിൽ നിന്ന് ചോര കിനിഞ്ഞു. കിടക്കാനല്ലാതെ എനിക്കൊന്നും കഴിയുമായിരുന്നില്ല. വാടിയ ഒരു മനുഷ്യജീവിയായി ഞാനമ്പേ മാറി.
ഇംഗ്ലീഷ് പള്ളിയുടെ സമീപത്തുള്ള റോഡ് ഞാൻ സ്വപ്നം കണ്ടു. ഇളം നീല നിറമുള്ള രാത്രി. കരിങ്കണ്ണാടി പോലെ തിളങ്ങി കിടക്കുന്ന റോഡ്. കോഴിക്കോട്ടേക്ക് നിശാവസ്ത്രത്തിൽ നടന്നുപോകുന്ന ഞാൻ. ഞാൻ പക്ഷേ ഗർഭിണി ആയിരുന്നില്ല.
ഇല്ല; എനിക്ക് വയറും ഉണ്ടായിരുന്നില്ല...
ഞാനൊരു മരണഘോഷയാത്രയെ നിലവിളിച്ചുകൊണ്ട് അനുഗമിക്കുകയായിരുന്നു. മനോഹരമായ സമ്മാനപ്പെട്ടി പോലെ ആ കുഞ്ഞു ശവപ്പെട്ടി തിളങ്ങി.

നേരം പരപരാ വെളുത്തിരുന്നു. ഓർമ ഊറിയൂറി വന്നു. ഞാൻ ഗർഭിണിയാണെന്ന് ഓർമ വന്നു. എനിക്കു വയ്യാതായിരുന്നല്ലോയെന്നുമോർമ വന്നു. ഞാൻ വയറിൽ സ്പർശിച്ചുകൊണ്ടേയിരുന്നു.
‘‘അയ്യോ ഇതെന്തുപറ്റി? നിനക്ക് ഒട്ടും വയ്യേ? വേഗം റെഡി ആയിക്കോ, നമുക്ക് ഡോക്ടറുടെ അടുത്തു പോകാം''; അമ്മ ആകുലപ്പെട്ടു.
ഞാൻ നോക്കി.
കിടക്കയിൽ ചോരയുടെ ഭൂപടം.

ചെറു ചെറു രക്തദ്വീപുകൾ, ഞാൻ കിടന്നിടത്ത് ആസ്ത്രേലിയയുടെ വ്യതിരിക്ത ഭൂഖണ്ഡം. പാന്റീസിൽ ചോരയുടെ പുതിയ മണിച്ചെമ്പരത്തിപ്പൂക്കൾ മൊട്ടിട്ടുകയും വിടരുകയും ചെയ്തുകൊണ്ടിരുന്നു.
അമ്മ ഓടിവന്ന് ടോയ്ലെറ്റ് വാതിൽ തട്ടി.
‘കുട്ടി ചവിട്ടുന്നില്ല അല്ലേ? ഇളക്കം തോന്നുന്നില്ലേ?', അമ്മ വല്ലാതെ പരിഭ്രമിച്ചു.
ഞാനോർത്തു നോക്കി. ഇന്നലെ അങ്ങോട്ടുള്ള യാത്രയിലാണ് കുഞ്ഞ് അവസാനമായി ഇളകിയത്. പിന്നെയൊരു ഇളക്കവുമുണ്ടായില്ല.

‘അറിയില്ല അമ്മേ. എനിക്കൊന്നുമോർമില്ല. അല്ല, ഇന്നലെ ഒരു മണി മുതൽ 6 മണി വരെ ഞാൻ ഒറങ്ങേരുന്നു. ഇന്നലെ രാത്രീലുമതെ. ഇവിടെ വന്നു കേറിയ ശേഷം മുഴോനും ഒറങ്ങായിരുന്നു. പിന്നെ രാവിലെ ആറുമണിക്കാണ് എണീക്കണത്. ഇനിക്കൊന്നും ഓർമീല്ല.'
ഞാൻ നിസ്സഹായതയോടെ പറഞ്ഞു. അമ്മ പെട്ടെന്നു തന്നെ ഡോക്ടറെ വിളിച്ചു.
അജിത ഡോക്ടറുടെ മുന്നിലിരിക്കുമ്പോൾ സങ്കടത്താൽ, വേദനയാൽ എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. എന്റെ തൊണ്ട കനത്തുവന്നു, നീറിക്കൊണ്ടിരുന്നു. അവർ സ്‌കാനിങ്ങ് റിപ്പോർട്ട് വായിച്ചു നോക്കി.
‘മോളേ, നമുക്ക് ഇത് വേണ്ട. കുട്ടിക്ക് ഹാർട്ട് ബീറ്റ് ഇല്ല. പൊക്കിൾക്കൊടിയിലേക്കുള്ള രക്തഓട്ടവും ഇല്ല.'
എന്റെ കണ്ണുകൾ നിറഞ്ഞൊഴിഞ്ഞുകൊണ്ടേയിരുന്നു.
എന്റെ ഉള്ളിലുള്ള കുട്ടി മരിച്ചുപോയിരുന്നു, ഇന്നലെ തന്നെ മരിച്ചുപോയിരുന്നു.
എന്റെ ഭർത്താവ് ഒരു ചെറിയ കുട്ടിയെ പോലെ വാവിട്ടുകരഞ്ഞു അയാൾക്ക് സങ്കടം നിയന്ത്രിക്കാൻ പറ്റുന്നില്ലായിരുന്നു. എന്റെ അമ്മ 'സാരമില്ല സാരമില്ല' എന്നുപറഞ്ഞു കൊണ്ടേയിരുന്നു.
‘എന്തായിരിക്കും ഇങ്ങനെ സംഭവിക്കാൻ കാരണം?', അവർ ഡോക്ടേറോട് ചോദിച്ചു.
‘എന്തുമാകാം. ജനിതകമാകാം. ഭ്രൂണത്തിന്റെ തകരാറാവാം. പെട്ടെന്നുണ്ടായ ഷോക്കാകാം. ശാരീരികമായ ആയാസമാകാം. എന്തുമാകാം.'
ഞാൻ ഓർമിച്ചു നോക്കി. എന്റെ മേലധികാരിയുടേ മുഖം. അവരുടെ ക്രൂരവും നിർമമവുമാർന്ന മുഖം.

ടൂർ പോകുന്നതിന് തലേദിവസം ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഉറങ്ങാൻ കിടന്ന ശേഷം ഞാൻ രണ്ടു മൂന്നു തവണ കോണിയിറങ്ങി അടുക്കളയിൽ പോയി ആപ്പിളും പേരയ്ക്കയുമൊക്കെ തിന്നു. ഒരുസമയം മുകളിലേക്ക് കയറിപ്പോകുമ്പോൾ ടി.വിയിൽ ഒരു പ്രേതസിനിമ കളിക്കുന്നുണ്ടായിരുന്നു. ഞാനതിലേയ്ക്ക് ഒറ്റത്തവണ നോക്കിപ്പോയി. ഒറ്റനോട്ടത്തിൽ തന്നെ ഒന്നു കിടുങ്ങി.
‘അയ്യോ, പോയേ ഗർഭിണികളിതൊന്നും കാണാമ്പാടില്ല'; അമ്മ എന്നെ പറഞ്ഞുവിടാൻ നോക്കി.
‘അയ്യോ, എനിക്കിതൊന്നും കാണണ്ടേ. വന്നപ്പോ ഒന്നു നോക്കിപ്പോയി, അത്രയേ ഉള്ളു.'' ഞാൻ മുകളിലേക്കു പോയി. അതായിരിക്കുമോ?
എനിക്കുൾക്കിടിലമുണ്ടായതിനാലാകുമോ?
അന്നു രാത്രി ഒന്നു കരയാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. ഒരു തുള്ളി പോലും കണ്ണീർ തുളിച്ച് വന്നില്ല. മുറിവിനകം പഴുത്ത് ചലവും പഴുപ്പും പോകാതെ വേദനിയ്ക്കുന്ന വ്രണം പോലെ, ദിവസങ്ങളോളം പാല് കെട്ടിപ്പഴുത്ത മുലകളെ പോലെ നെഞ്ചിന്റെ ഉള്ളിലപ്പാടെ നീറ്റമാർന്ന ഒരു വിങ്ങൽ മാത്രം അനുഭവപ്പെട്ടു.

ശിശുക്കൾ താമരപ്പൂക്കൾ. ഈ ചോരക്കുളം നിറയെ പൊക്കിൾക്കൊടിവള്ളികൾ
രാവിലെ എന്നെത്തെയും പോലെ ശാന്തമായുണർന്നു. പെട്ടെന്നാണ് ഓർമ വന്നത്. ഇന്ന് ഉള്ളിലെ ഭ്രൂണത്തെ ചുരണ്ടിയെടുക്കുന്ന ദിവസമാണ്. മരുന്നുകൾ ഉപയോഗിക്കണം. ഡോക്ടർ പറഞ്ഞ സമയത്തുതന്നെ ഞാൻ മരുന്നുപയോഗിച്ചു.
വല്ലാത്ത അനുഭവമാണത്. മെഡിക്കലി ടെർമിനേറ്റഡ് പ്രെഗ്നൻസി.

ആർത്തവമൊക്കെ എന്ത്? ഇത് നമ്മൾ സ്വയം പുഴയായ് ഒഴുകിപോകും പോലെയാണ്. ഉടലൊഴുക്കം. സാവകാശം തുള്ളിതുള്ളിയായി, പിന്നെ ചാലിട്ട് ഒഴുക്കായി ഒഴുക്കായി അലിഞ്ഞു പോകും. അതുവരെ എനിക്കുണ്ടായിരുന്ന കല്ലിപ്പും മരവിപ്പും എല്ലാം അവസാനിച്ചു. ഞാൻ രക്തക്കണ്ണീരായി ഉരുകി... ഞാൻ രക്തക്കണ്ണീരായി തുളുമ്പിയൊഴുകി.

എന്റെ കുഞ്ഞാണ് രക്തമിഠായി അലിയുന്ന ലാഘവത്തോടെ അലിഞ്ഞ് ജീപ്പിലിറ്റുന്നത്. ഊതനിറം കാച്ചിയ ചോന്ന രക്തം. എന്നെ ദുരിതത്തിലേക്ക് പറഞ്ഞുവിട്ട ഓഫീസറെ ദേഷ്യത്തോടെ, കടുത്ത പകയോടെ ഞാനോർത്തു. എന്റെയുള്ളിൽ അതിവന്യമായൊരു ശാപം ഉരുൾപൊട്ടി. ദേഷ്യം, പക, കഠിനമായ മനോവേദന, അസഹനീയമായ ശരീര വേദന. ഞാൻ തലകുമ്പിട്ട് ഉടൽ വളച്ച് കൂനിക്കൂടി അട്ടചുരുളും പോലെ വയറമർത്തിയിരുന്നു.
ഇന്നും ആ ജീപ്പിന്റെ മുഴക്കം എന്റെ മനസ്സിലുണ്ട്.

ഭൂവസ്ത്രം വിരിച്ച ബൈപ്പാസിന്റെ വിശാല ടാർ റോഡിലൂടെയുള്ള സുഖകരമായ യാത്രയിൽ, ഉടുപ്പുകൾ മുഴുവൻ ചോര കുടിച്ച്, കാൽത്തണ്ടകളിലൂടെ, വിരലുകളിലൂടെ ചെരിപ്പിലൂടെ ചോര ഒഴുകി ജീപ്പിന്റെ തറയിൽ പരന്നു തളം കെട്ടിയത്. ചുരിദാറിന്റെ ടോപ്പിൻ തുമ്പിലൂടെ നിലത്തേക്ക് രക്തം തുള്ളിതുള്ളിയായി ഉറുന്നുറ്റിയത്. കുളിച്ചതിനു ശേഷം തുവർത്താതെ വന്നു നിന്ന ഒരാളെപ്പോലെ എന്റെ കാൽത്തടത്തിനു ചുറ്റും രക്തസമുദ്രം ഉണ്ടായിവന്നത്.

എന്റെ നനഞ്ഞു നിസ്സഹായമായ മുഖം അതിൽ പ്രതിബിംബിച്ചു.
പക്ഷെ, ഇന്നുഞാൻ സാധാരണമായിരിക്കുന്നതിനും കാരണമുണ്ട്. ഈ ഫീറ്റൽ ഡെത്തിനുശേഷം ഞാൻ രണ്ടു തവണ ഗർഭം ധരിച്ചു. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമുണ്ടായി. ഞാൻ നിർമമയായി. പക്ഷെ, തൊലിപ്പുറത്തു മാത്രം. എഴുത്തിൽ മാത്രം. എന്നാൽ എഴുത്തിലെ ആ നിർമമത പക്ഷെ ആ ഓർമകൾക്കില്ല. അതെന്നെ സദാ അസ്വാസ്ഥ്യപ്പെടുത്തുന്നു. അന്നു ഞാൻ ഹൃദയം തകർന്നു നിന്നതു പോലെ ഓരോ വരിയിലും ഉഴർന്നുപോകുന്നു. ഓരോ അക്ഷരത്തിലും ചോര കലർന്ന കണ്ണുനീർ ഉറവു പൊട്ടുന്നു. കുഞ്ഞു മരിച്ച അമ്മയാവുക എളുപ്പമല്ല.

പിന്നീട് വർഷങ്ങൾക്കുശേഷം ഞാനാ മേലധികാരിയെക്കണ്ടു. എഴുപതുകളുടെ വാർധക്യത്തിൽ നരച്ച വസ്ത്രങ്ങളണിഞ്ഞ്, മുഖത്ത് നിർവികാരത നിറച്ച്, നരച്ച മുടി, വെള്ളിത്തരം കള്ളം പോലെ പ്രദർശിപ്പിച്ച്, വിറയ്ക്കുന്ന കൈകൾ കൊണ്ട് മുഖം പൊത്തി, എന്നെക്കണ്ടമാത്രയിൽ അവർ കരഞ്ഞു.
കുറ്റബോധമാണോ?

അൽഷിമേഴ്സിന്റെ രോഗകാഠിന്യമാണോ? അവർ നിലവിളിച്ചു കൊണ്ടേയിരുന്നു. അവരുടെ കൈകളുടെ പരുപരുപ്പിൽ എന്റെ കൈകൾ ഞെരുങ്ങി. ഞാനവരോട് എന്നേ പൊറുത്തു കഴിഞ്ഞതാണ്. എന്നേ പൊരുത്തപ്പെട്ടതാണ്. എന്നേ ക്ഷമിച്ചതാണ്. എന്റെ മനസ്സിൽ പകയുടെ ഒരു തരി ഉണ്ടെങ്കിൽ ഞാനവരെ കാണുമായിരുന്നില്ലല്ലൊ.
‘പോട്ടെ, പോട്ടെ, കരയണ്ട.'
ഞാനവരുടെ ചുമരിൽ അനുതാപത്തോടെ തഴുകി.
‘ഓർമയില്ല ഒട്ടും. പിച്ചും പേയ്യും പറഞ്ഞ് കരയലാണ് പ്രധാനപണി', മകൾ പറഞ്ഞു.
‘അന്നെനിയ്ക്ക് ആ റോഡ് ഒലിച്ചു പോയ വിവരം അറിയുമായിരുന്നില്ല. ഞാനും കൂടി വന്നില്ലേ? അങ്ങനാച്ച ഞാൻ വരുവോ? എനിക്ക് കുട്ടിയെ ഉപദ്രവിക്കണമെന്ന് ഇല്ലായിരുന്നു. സത്യമായും അറിയില്ലായിരുന്നു. പറ്റിപ്പോയില്ലേ, ക്ഷമിക്കണേ', അവരെന്റെ തോളിലേക്കു ചാഞ്ഞു. അവരുടെ കണ്ണീർവീണ് എന്റെ പുറകുഭാഗം നനഞ്ഞു.
താമരക്കുളത്തിലൊഴുകിയ ചുരുണ്ട ഭ്രൂണക്കുഞ്ഞിനെപ്പോലെ അവരെന്നെ അള്ളിപ്പിടിച്ചു.

ശവപ്പെട്ടിയമ്മ; കരുവറയും ഞാനേ മകളെ, നിന്റെ കല്ലറയും ഞാനേ
ഇന്ദുമേനോന്റെ ആത്മകഥ- എന്റെ കഥ-
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 44ൽ
സൗജന്യമായി വായിക്കാം, കേൾക്കാം

Comments