ഒരു ഏറനാടൻ സോക്കർ

എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മൽസരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു, കേരളം. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

രു ജനതയുടെ ഫുട്‌ബോൾ ഭ്രാന്തിന് അവരുടെ രാഷ്ട്രീയവിധിയെ എത്രകണ്ട് സ്വാധീനിക്കാൻ കഴിയും എന്നതിന്റെ തെരഞ്ഞെടുപ്പിനാണ് ഇത്തവണ ഏറനാട് സാക്ഷിയാകുക. മണ്ഡലത്തിലെ പഞ്ചായത്തുകളെല്ലാം സോക്കർ വിളയുന്ന മണ്ണാണ്. ദേശീയ, സംസ്ഥാന ഫുട്‌ബോൾ താരങ്ങളെ സമ്മാനിച്ച, ഫുട്‌ബോളിനെ ഹൃദയത്തിലേറ്റിയ നാട്. അവിടെ, ഒരു ഫുട്‌ബോൾ താരത്തെയല്ലാതെ മറ്റാരെ പരീക്ഷിക്കാനാണ് എന്ന ചിന്തയാണ്, മുൻ ഇന്ത്യൻ താരം യു. ഷറഫലിയെ സ്ഥാനാർഥിയാക്കാൻ എൽ.ഡി.എഫിനെ പ്രേരിപ്പിക്കുന്നത്.

പി.കെ. ബഷീർ / വര: ദേവപ്രകാശ്

പാർട്ടി സ്ഥാനാർഥികളെ നിർത്താതെ, പാർട്ടി ചിഹ്‌നത്തിൽ മൽസരിക്കാതെ, "പൊതുസമ്മത' പരീക്ഷണം സി.പി.എം ഭംഗിയായി നടത്തുന്ന ഇടം കൂടിയാണ് ഏറനാട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ സൂത്രം വോട്ട് നേടുകയും ചെയ്തു. എം.എൽ.എയുടെ നാടായ എടവണ്ണ പഞ്ചായത്തിൽ രണ്ടു പതിറ്റാണ്ടിനുശേഷം എൽ.ഡി.എഫ് ഭരണം പിടിച്ചു. സ്വതന്ത്രരെ മുന്നിൽനിർത്തിയായിരുന്നു യുദ്ധം. ലീഗിലെ ആഭ്യന്തരത്തർക്കങ്ങളും കാലുവാരലും തുണയാകുകയും ചെയ്തു. ലീഗ് കോട്ടയായ അരീക്കോട് പഞ്ചായത്തിലും എൽ.ഡി.എഫിന് ഏഴ് സീറ്റിൽ ജയിക്കാൻ കഴിഞ്ഞു. ഒരു ഇടത് സ്വതന്ത്രയും. ചാലിയാറിലും എൽ.ഡി.എഫിന് അഞ്ചു സീറ്റുണ്ട്. ഈ വോട്ട് കൊയ്യൽ തന്ത്രം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുകൂടി വ്യാപിപ്പിക്കുകയാണെന്നുമാത്രം.

ഷറഫലിയുടെ കാര്യത്തിൽ ഈ ‘പൊതു'ഘടകം കുറെക്കൂടി വിപുലമാണെന്നും സി.പി.എമ്മിനറിയാം; കോൺഗ്രസ് അനുഭാവമുള്ള കുടുംബം, പിതാവ് ലീഗുകാരൻ, ഷറഫലിയാകട്ടെ മുൻ കെ.എസ്.യുക്കാരനും. കേരള പൊലീസിൽ 36 വർഷത്തെ സേവനം പൂർത്തിയാക്കിയ ഷറഫലി മലപ്പുറം കോട്ടക്കൽ റാപ്പിഡ് റസ്‌പൊണ്ട് ആൻറ്​ റെസ്‌ക്യൂ ഫോഴ്സിന്റെ കമാന്റൻഡ് ആയാണ് വിരമിച്ചത്. സ്ഥാനാർഥിത്വം സംബന്ധിച്ച് അനൗദ്യോഗിക ധാരണയായിക്കഴിഞ്ഞെന്നും ഊർങ്ങാട്ടിരിയിൽ ജനിച്ചുവളർന്ന, അവിടെ പന്തുകളിച്ചുവളർന്ന ആളെന്ന നിലയ്ക്ക് നാട്ടുകാർ പരിഗണന തരും എന്നും കളി ജയിക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്നും ഷറഫലി പറയുന്നു.

മലപ്പുറം ജില്ലയിൽ ഇപ്പോഴുള്ള നാല് സിറ്റിങ് സീറ്റുകൾ കൂടാതെ, കുറഞ്ഞത് മൂന്നിടത്തുകൂടി ജയിക്കാനുള്ള പ്ലാനും ഇത്തവണ സി.പി.എം തയാറാക്കിയിട്ടുണ്ട്. ഈ മൂന്നിലൊരു മണ്ഡലം കൂടിയാണ് ഏറനാട്.

എന്നാൽ, ഒരു ഫുട്‌ബോൾ താരത്തെക്കണ്ടൊലൊന്നും കുലുങ്ങുന്നയാളല്ല മുസ്‌ലിം ലീഗിലെ പി.കെ. ബഷീർ. ‘ആര് എതിർസ്ഥാനാർഥിയായാലും വിജയം ഉറപ്പാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരെ ജനം തിരിച്ചറിയും' എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. 2011 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബഷീറിന് ന്യായമായും ഇങ്ങനെയൊരു വിശ്വാസം വച്ചുപുലർത്താം. 2016ൽ ബഷീർ 12,893 വോട്ടിനാണ് സി.പി.ഐ സ്വതന്ത്രൻ കെ.ടി. അബ്ദുറഹ്‌മാനെ തോൽപ്പിച്ചത്. ഇടതുപക്ഷത്തിന് ഏറനാട്ടിൽ പാർട്ടി സ്ഥാനാർഥിയെ നിർത്താൻ ധൈര്യമില്ലാത്തതുകൊണ്ടാണ് പൊതുസ്വതന്ത്രന്മാരെ തേടുന്നതെന്നും അദ്ദേഹം പറയും.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

എന്നാൽ, ഇത്തവണ ബഷീറിനെ ‘വച്ചുമാറ്റി'ക്കൊണ്ടുള്ള ഒരു പരീക്ഷണത്തിനാണ് ലീഗ് ഒരുങ്ങുന്നത് എന്നാണ് സൂചന. രാജ്യസഭാ എം.പിയായി ഏപ്രിലിൽ കാലാവധി തികയ്ക്കുന്ന പി.വി. അബ്ദുൽ വഹാബിനെ ഏറനാട്ടിൽ മൽസരിപ്പിക്കാനാണ് ആലോചന. പകരം ബഷീറിന് ലീഗിന്റെ ഉറച്ച സീറ്റായ മഞ്ചേരി നൽകും. എവിടെനിന്നാണെങ്കിലും ബഷീർ അടുത്ത നിയമസഭയിലുമുണ്ടാകും എന്നാണ് പാർട്ടിയുടെ ഉറപ്പ്. കാരണം, അണികൾക്ക് പ്രിയങ്കരനാണ് ബഷീർ, പി. സീതി ഹാജിയുടെ മകനെന്ന നിലക്ക് നേതൃത്വത്തിനും അഭിമതൻ. അതുകൊണ്ടാണ്, മുമ്പ് നിരവധി തവണ വാക്കും നാക്കും പിഴച്ച് പാർട്ടിയെ വിഷമവൃത്തത്തിലും കേസിലും കൂട്ടത്തിലുമൊക്കെ പെടുത്തിയപ്പോഴും ബഷീറിനുചുറ്റും പാർട്ടി പരിചയായി നിന്നത്. ബഷീറിനും ഇഷ്ടം ഏറനാട്ടിലെ അങ്കമാണ്.

2008ലെ പുനർനിർണയത്തോടെ നിലവിൽ വന്ന ഈ മണ്ഡലം 2011ൽ സംസ്ഥാനം ശ്രദ്ധിച്ച കൗതുകകരമായ ഒരു മൽസരത്തിനുകൂടി വേദിയായിട്ടുണ്ട്. മലപ്പുറം ജില്ലയിൽ ഒരു ഇടതുപക്ഷ സ്ഥാനാർഥി ബി.ജെ.പിക്ക് പിന്നിലെത്തിയ ആദ്യ നിയമസഭാതെരഞ്ഞെടുപ്പകൂടിയായിരുന്നു 2011ലേത്. എൽ.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി സി.പി.ഐയിലെ അഷ്‌റഫ് കാളിയത്ത് ആയിരുന്നു. പി.വി. അൻവറിനെ സ്ഥാനാർഥിയാക്കണമെന്ന സി.പി.എം ആവശ്യം സി.പി.ഐ ജില്ല, സംസ്ഥാന നേതൃത്വങ്ങൾ തള്ളിയതോടെ സ്വതന്ത്രവേഷത്തിൽ സി.പി.എം അൻവറിനെ രംഗത്തിറക്കി. ഫലം; എൽ.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശുപോയി, 2700 വോട്ടുമായി നാലാം സ്ഥാനത്ത്. 47,452 വോട്ടുമായി പി.വി. അൻവറിന് രണ്ടാം സ്ഥാനം.

ചാലിയാർ, അരീക്കോട്, എടവണ്ണ, കാവനൂർ, കീഴുപറമ്പ്, ഊർങ്ങാട്ടിരി, കുഴിമണ്ണ എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ആറ് പഞ്ചായത്തുകളെയും സ്പർശിച്ച് ചാലിയാർ ഒഴുകുന്നു. ആദിവാസി വിഭാഗങ്ങളുള്ള മേഖല. കുഴിമണ്ണ, അരീക്കോട്, കാവനൂർ പ്രദേശങ്ങളിൽ പ്രവാസികളും എടവണ്ണ, ഊർങ്ങാട്ടിരി പഞ്ചായത്തുകളിൽ ക്രിസ്ത്യൻ കുടിയേറ്റക്കാരുമാണ് സ്വാധീനശക്തികൾ.


Comments