രഹ്ന ഫാത്തിമ,
കിസ് ഓഫ് ലവ്...
എന്താണ് പുരോഗമന രാഷ്ട്രീയം?
രഹ്‌ന ഫാത്തിമ, കിസ് ഓഫ് ലവ്... എന്താണ് പുരോഗമന രാഷ്ട്രീയം?
സ്വന്തം ജീവിതത്തെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെയും പറ്റി സംസാരിക്കുന്ന രണ്ട് വീഡിയോകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രഹ്ന ഫാത്തിമ അവരുടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ടിരുന്നു. അവയില്‍ അവര്‍ സംസാരിക്കുന്ന കാര്യങ്ങളെ മുന്‍നിര്‍ത്തി, 'എന്താണ് പുരോഗമന രാഷ്ട്രീയം' എന്നതിനെപ്പറ്റി അര്‍ഥവത്തായ ഒരു പുനര്‍വിചിന്തനം സാധ്യമാണ് എന്ന് ഈ ലേഖനം വാദിക്കുന്നു. കൂടാതെ, രഹ്നയോടൊപ്പം നിന്നുകൊണ്ട് ചുംബനസമരത്തെയും അതിനെപ്പറ്റിയുണ്ടായ അക്കാദമിക വ്യവഹാരത്തെയും കുറിച്ച് മറ്റൊരു ചിന്തയും മുന്നോട്ടുവെക്കുന്നു
15 Nov 2020, 10:27 AM
വ്യവസ്ഥാപിത രീതികളോട് മല്ലടിച്ച് സ്വന്തം ഇഷ്ടങ്ങള്‍ക്ക് മാത്രം വഴങ്ങി ജീവിതം നയിക്കുന്ന ഒരാളായാവും രഹ്ന ഫാത്തിമ എന്ന യുവതിയെപ്പറ്റി പലരും ആലോചിക്കുക. അങ്ങനെ ഒരാളായി രഹ്നയെ കരുതുന്നത് ശരിയല്ല എന്ന് സ്ഥാപിക്കാനല്ല ഇവിടെ ശ്രമിക്കുന്നത് എന്ന് ആദ്യമേ പറയട്ടെ. മറിച്ച്, വ്യവസ്ഥിതിക്കെതിരെ പൊരുതി, പുത്തന്‍ ആവശ്യങ്ങള്‍ ഉന്നയിച്ച്, പുതിയതരം ജീവിതം വിഭാവനം ചെയ്യുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവള്‍ എന്ന രീതിയില്‍ രഹ്നയെയും അവരുടെ ഇടപെടലുകളെയും കാണാനുള്ള നമ്മുടെ - പ്രത്യേകിച്ച് പുരോഗമന ചിന്താഗതിക്കാരുടെ - പ്രവണത, ‘എന്താണ് പുരോഗമന രാഷ്ട്രീയം' എന്നതിനെപ്പറ്റി ഇന്ന് പരക്കെ അംഗീകാരം നേടിയിട്ടുള്ള ചില കാതലായ ആശയങ്ങളെ വെളിപ്പെടുത്തുന്നുണ്ട് എന്ന് പറയാനാണ് ഈ ലേഖനത്തിലെ ആദ്യത്തെ ശ്രമം.
പുതിയ ഒരു ജീവിതം, പുത്തന്‍ കര്‍തൃത്വങ്ങള്‍, പുതിയ ലോകങ്ങള്‍, പുതിയ ഇടങ്ങള്‍, കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ എന്നിവ വിഭാവനം ചെയ്യുന്നതും അവക്കുവേണ്ടി പൊരുതുന്നതുമാവണം പുരോഗമന രാഷ്ട്രീയം എന്ന പ്രബലമായ ഒരാശയം ഇന്ന് പുരോഗമന ചിന്താഗതിയെ പിടികൂടിയിരിക്കുന്നു എന്നും ആ ചിന്താഗതിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഈ ലേഖനം വാദിക്കുന്നു. കൂടാതെ, ‘പുതിയ ഇടങ്ങള്‍', ‘കൂടുതല്‍ സ്വാതന്ത്രം', ‘പുതു കര്‍തൃത്വങ്ങള്‍' എന്നിവയുടെ ഭാഷയിലും രൂപത്തിലുമല്ലാതെ രഹ്നയുടേതുള്‍പ്പടെ പുതുതലമുറയുടെ രാഷ്ട്രീയ ഇടപെടലുകളെ മനസിലാക്കാന്‍ സാധിക്കും എന്നും, അങ്ങനെ ചിന്തിക്കുന്നതിലൂടെ വ്യവസ്ഥിതിയെയും പുരോഗമന രാഷ്ട്രീയത്തെയും പറ്റി ഒരു വീണ്ടുവിചാരം സാധ്യമാകുമെന്നും ഈ ലേഖനം വാദിക്കുന്നു. പുരോഗമന രാഷ്ട്രീയത്തിന് വ്യവസ്ഥിതി എന്ന ആശയത്തോട് എന്ത് സമീപനമാവണം ഉണ്ടാകേണ്ടത് എന്നതിനെപ്പറ്റി ഒരു പുനര്‍വിചിന്തനം ഇന്നത്തെ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.
സ്വന്തം ജീവിതത്തെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെയും പറ്റി സംസാരിക്കുന്ന രണ്ട് വിഡിയോകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രഹ്നാ ഫാത്തിമ അവരുടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ടതാണ് ഈ ലേഖനത്തിന് ഇപ്പോഴുണ്ടായ പ്രചോദനം. ഇവയില്‍ രഹ്ന പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കേണ്ടവയാണ്.
ചെറുപ്പം മുതല്‍ കുടുംബം, മതം, ഗോത്രം, ആണ്‍കോയ്മ, സ്ത്രീവിരുദ്ധമായ പൊതുമണ്ഡലം, ജോലിസ്ഥാപനം, യൂട്യൂബ്, ഫേസ്ബുക്, ഇങ്ങനെ വ്യവസ്ഥാപിത സമൂഹത്തിന്റെ പ്രതീകങ്ങളായ എല്ലാ പ്രസ്ഥാനങ്ങളുടെയും സാധ്യതകളും പരിമിതികളും ഉപയോഗിക്കാനും അവയുമായി പൊരുത്തപ്പെട്ടും അനുനയനത്തിലും ജീവിക്കാനുമാണ് രഹ്നയുടെ എപ്പോഴത്തെയും ശ്രമം. അല്ലാതെ, ‘നിലവിലുള്ള വ്യവസ്ഥിതി തച്ചുടച്ച് എന്റേതായ ഒരിടം നിര്‍മിച്ചാലാണ് എനിക്ക് സ്വതന്ത്രമായി ജീവിക്കാനാവുക' എന്ന റിബല്‍ മനോഭാവമല്ല രഹ്നക്കുള്ളത് എന്ന് വളരെ വ്യക്തമായി കാണാന്‍ കഴിയും.
അതിനര്‍ഥം അവര്‍ക്ക് സമൂഹവും വ്യവസ്ഥിതിയുമായി യാതൊരു കലഹങ്ങളും ഇല്ല എന്നല്ല; തീര്‍ച്ചയായും അല്ല - അങ്ങനെയായിരുന്നെങ്കില്‍ അവരെപ്പറ്റി നമ്മള്‍ ചര്‍ച്ച ചെയ്യില്ലായിരുന്നു; അവരുടെ ചെയ്തികള്‍ ഇടപെടലുകള്‍ ആവില്ലായിരുന്നു. പക്ഷേ, കൃത്യമായി എന്താണ് രഹ്നയുടെ കലഹങ്ങളുടെ കാതല്‍ എന്നതിനെപ്പറ്റി ഒരു തെറ്റിദ്ധാരണയാണ് പൊതുവെ ഉള്ളത്. ഈ തെറ്റിദ്ധാരണ എന്താണെന്ന് താഴെ പറയാം. അതിനു മുന്‍പ്, രഹ്ന അവരുടെ ജീവിതത്തെപ്പറ്റിയ പറയുന്ന കാര്യങ്ങളെ ആസ്പദമാക്കി അവരെ ഒന്ന് മനസിലാക്കാന്‍ ശ്രമിക്കാം.
ഒന്നാമതായി, നിലവിലുള്ള നമ്മുടെ വ്യവസ്ഥിതി നമുക്ക് പണ്ടേ വാഗ്ദാനം ചെയ്തിട്ടുള്ള സ്വാതന്ത്ര്യങ്ങള്‍ നമുക്ക് അനുഭവിക്കാന്‍ തന്നെയുള്ളതാണെന്നും അവ അനുഭവിക്കുന്നത് വഴിയാണ് വ്യവസ്ഥിതിയും അത് ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യങ്ങളും അര്‍ഥവത്താകുന്നതെന്നും രഹ്ന തിരിച്ചറിയുന്നു. പൂര്‍ണസ്വതന്ത്രയായി കുശാലായി ജീവിക്കാന്‍ നമ്മുടെ വ്യവസ്ഥിതി നമുക്ക് പണ്ടേ ഉറപ്പ് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ തന്നെ ധാരാളം മതിയെന്നും, അല്ലാതെ പുതിയ സ്വാതന്ത്രങ്ങള്‍ നേടിയെടുക്കുകയോ പുതിയ ഇടങ്ങള്‍ നിര്‍മിക്കുകയോ ചെയ്യേണ്ടതില്ലെന്നും രഹ്ന മനസ്സിലാക്കുന്നുണ്ട്.
അതേസമയം, ആധുനിക വ്യവസ്ഥിതി നമുക്ക് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ മുഖവിലക്കെടുത്ത് അനുഭവിക്കുക എന്നത് ഭൂരിപക്ഷവും തെരഞ്ഞെടുക്കാത്ത ഒരു പാതയാണ് എന്നും അതിനാല്‍തന്നെ ഏറെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തും ആവശ്യപ്പെടുന്ന ഒരു കാര്യമാണെന്നും, അതുകൊണ്ട് എതിര്‍പ്പും ഏകാന്തതയും അന്യവല്‍ക്കരണവും ഈ ജീവിതത്തില്‍ കാത്തിരിക്കുന്നുണ്ടെന്നും രഹ്നക്ക് നന്നായി അറിയാം.
എങ്കിലും നിലവിലുള്ള വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന സ്വതന്ത്ര ജീവിതത്തോടുള്ള കഠിനമായ ആസക്തിക്ക് മുന്നില്‍, മറ്റൊരു പരിഗണനകള്‍ക്കും പ്രസക്തിയില്ലാതാകുന്നു രെഹ്നയെ സംബന്ധിച്ചിടത്തോളം. ഇങ്ങനെ നോക്കിയാല്‍ വ്യവസ്ഥിതിയെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന ഒരാളായല്ല, മറിച്ച് വ്യവസ്ഥിതിയെയും അത് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യത്തെയും അര്‍ത്ഥവത്താക്കുന്ന രീതിയില്‍, അവയെ മുഖവിലക്കെടുത്ത് യാഥാര്‍ഥ്യമാക്കിക്കൊണ്ട് ജീവിക്കുന്ന ഒരാള്‍ എന്ന നിലയിലാണ് രഹ്നയെ നമുക്ക് കാണാനാവുക.
നമുക്ക് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നില്ലെങ്കില്‍ നമ്മളെ ആധുനിക സമൂഹമായി ബന്ധിപ്പിച്ചിരിക്കുന്ന വ്യവസ്ഥിതി വെറും അര്‍ഥശൂന്യമായ പാഴ് വാഗ്ദാനങ്ങള്‍ മാത്രമാകുമെന്ന് രഹ്ന മനസിലാക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും നമ്മള്‍ അനുഭവിക്കാന്‍ വിസമ്മതിക്കുന്ന നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ പലതും നമുക്ക് വേണ്ടി അനുഭവിച്ച്, ആധുനിക വ്യവസ്ഥിതിയുടെ അഭിസംബോധനക്ക് ഒരു മേല്‍വിലാസക്കാരിയായി രെഹ്ന നിലനില്‍ക്കുന്നു, അതിലൂടെ, ആധുനിക വ്യവസ്ഥിതി ഉപരിപ്ലവമായ ഒരു ഘടനയായി ചുരുങ്ങാതെ നിലനില്‍ക്കുന്നു.
ഈ വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍ രഹ്ന നടത്തുന്ന കലാപങ്ങളെ എങ്ങനെയാണ് മനസിലാക്കേണ്ടത്? നല്‍കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യങ്ങള്‍ മുഖവിലക്കെടുക്കാമോ ഇല്ലയോ എന്ന ചോദ്യവുമായി ബന്ധപ്പെട്ടവയാണ് പൊതുമണ്ഡലത്തില്‍ രഹ്ന നടത്തിയിട്ടുള്ള വിവാദമായ എല്ലാ ഇടപെടലുകളും; അല്ലാതെ, പുതിയ സ്വാതന്ത്ര്യങ്ങളുംഅവകാശങ്ങളും ഇടങ്ങളും ആവശ്യപ്പെടുന്നതിന്റെ ഭാഷ അവയ്ക്കില്ല; അങ്ങനെ ഒരു പുതിയ മുദ്രാവാക്യവും രഹ്ന മുന്നോട്ട് വെച്ചിട്ടില്ല.
ഉറപ്പുനല്‍കപ്പെട്ടിരുക്കുന്ന സ്വാതന്ത്ര്യങ്ങള്‍ ഭൂരിപക്ഷവും അനുഭവിക്കാന്‍ ശ്രമിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് രഹ്നയുടെ സ്വാഭാവികമായ പല പെരുമാറ്റങ്ങളും ഇടപാടുകളും ഇടപെടലുകളായി തന്നെ മാറുന്നത്. ഉദാഹരണങ്ങള്‍ നോക്കിയാല്‍, രഹ്ന ശബരിമലക്ക് പോയത് സ്ത്രീകള്‍ക്കും അഹിന്ദുക്കള്‍ക്കും പ്രവേശിക്കുന്നതില്‍ നിയമപരമായി യാതൊരു തടസവുമില്ലാത്ത സാഹചര്യങ്ങളിലാണ്; വിവാഹം കഴിക്കാതെ സ്വന്തം ഇഷ്ടപ്രകാരം അന്യമതസ്ഥനൊപ്പം ജീവിക്കുന്നത് അതിനുള്ള എല്ലാ പൗരസ്വാതന്ത്ര്യങ്ങളും പണ്ടേ ഉള്ള ദേശത്താണ്; ‘നിങ്ങളുടെ മനസ്സില്‍ ഉള്ളത് എന്തായാലും പറയൂ' എന്ന ഫേസ്ബുക്കിന്റെ ആഹ്വാനത്തില്‍ അടങ്ങിയിരിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വാഗ്ദാനം മുഖവിലക്കെടുത്താണ് രഹ്ന അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ചെയ്യുന്നതെല്ലാം... ഈ അവകാശങ്ങളൊന്നും രഹ്ന ചോദിച്ച് വാങ്ങിയവയല്ല; പക്ഷേ, നല്‍കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യങ്ങള്‍ക്ക് അനുഭവിക്കാന്‍ ആളുണ്ട് - അതൊരു ചെറിയ ന്യൂനപക്ഷം ആണെങ്കില്‍ പോലും - എന്ന നിലപാടാണ് അവരുടേത്. അതുതന്നെയാണ് അവരുടെ ജീവിതത്തെ വ്യത്യസ്തമാക്കുന്നത്.
എന്നിട്ടും, വ്യവസ്ഥിതിയോട് പോരാടുന്ന ഒരാളായി നമ്മുടെ നോട്ടത്തില്‍ രഹ്നക്ക് രൂപമാറ്റം സംഭവിക്കുന്നു. അതിനുള്ള ഒരു കാരണം ഊഹിക്കാവുന്നതാണ്. നമുക്കെല്ലാം ഉണ്ടെന്ന് കണ്ണുമടച്ച് കരുതേണ്ട സ്വാതന്ത്ര്യങ്ങള്‍ ഒന്നും അനുഭവിക്കാന്‍ വ്യവസ്ഥിതിയുടെ ഇന്നത്തെ വക്താക്കള്‍ അനുവദിക്കില്ല എന്നാവുമ്പോള്‍ രഹ്ന ഫാത്തിമക്ക് അവരുടെ പൗരാവകാശങ്ങള്‍ക്കായി പരസ്യമായി പോരാടേണ്ടിവരുന്നു എന്നതാണ് അവര്‍ക്ക് ഒരു റിബല്‍ പരിവേഷം കിട്ടുന്നത് എന്ന് പറയാം.

എന്നാല്‍ ഇത് മാത്രമല്ല നമ്മുടെ മനസ്സില്‍ രഹ്നയുടെ ഈ രൂപമാറ്റത്തിന് കാരണം എന്ന് പറയേണ്ടി വരും. ‘പുരോഗമന രാഷ്ട്രീയം എന്നാല്‍ എന്ത്' എന്നതിനെപ്പറ്റി ഇന്ന് പരക്കെ സ്വീകാര്യത ലഭിച്ചിരിക്കുന്ന ചില ആശയങ്ങളുമായി അതിന് ബന്ധമുണ്ട്. അതെന്താണെന്ന് പറയാം. നിലവില്‍ നാം വിഭാവനം ചെയ്തിട്ടുള്ള വ്യവസ്ഥിതിയുടെ പരിമിതികള്‍ തിരിച്ചറിയുന്നതില്‍ നിന്ന് തുടങ്ങി ആ വ്യവസ്ഥിതിയ്ക്കെതിരെ നിന്നുകൊണ്ട് പുതിയ അവകാശങ്ങളും പുതിയ ഇടങ്ങളും പുതിയ ജീവിതങ്ങളും പുത്തന്‍ കര്‍തൃത്വങ്ങളും വിഭാവനം ചെയ്യലാണ് പുരോഗമന രാഷ്ട്രീയം, അല്ലെങ്കില്‍ ‘യഥാര്‍ഥ രാഷ്ട്രീയ ജീവിതം', എന്ന ഒരു പ്രബലമായ ആശയം ഇന്ന് പുരോഗമന ചിന്താഗതിയെ പിടികൂടിയിട്ടുണ്ട്.
ഇക്കാരണത്താല്‍, സ്വതന്ത്ര ജീവിതത്തിനു വേണ്ടി നിലകൊള്ളുന്ന, പോരാടുന്ന, ഏതൊരുവളെയും വ്യവസ്ഥിതിക്കെതിരായി നിലകൊള്ളുന്നവരായും പുതിയ എന്തിനൊക്കെയോ വേണ്ടി വാദിക്കുന്നവരും ആയി കാണാനുള്ള ഒരു പ്രവണത ശക്തമാണ്. പുരോഗമന രാഷ്ട്രീയത്തെപ്പറ്റി ഇത്തരം ആശയങ്ങള്‍ക്ക് വ്യാപകമായ സ്വീകാര്യത ഉണ്ടാക്കുന്നതില്‍ അക്കാദമിക് പഠനങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്നതാണ് രസകരവും സങ്കടകരവുമായ വസ്തുത. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും രഹ്ന ഫാത്തിമയെപ്പോലുള്ള പുതുതലമുറ നടത്തുന്ന ഇടപെടലുകളെപ്പറ്റി നടക്കുന്ന സാമൂഹ്യശാസ്ത്രപഠനങ്ങളില്‍ ഇത് കൃത്യമായി കാണാന്‍ സാധിക്കും.
ചുംബനസമരത്തെപ്പറ്റി അടുത്തിടെ അച്ചടിച്ച് വന്ന ഗവേഷണലേഖനങ്ങള്‍ ഇതിന് ഉത്തമോദാഹരങ്ങളാണ്. അവയില്‍ ചിലത് പരിശോധിച്ച് നോക്കുന്നത് അര്‍ഥവത്തായിരിക്കും. രെഹ്ന ഫാത്തിമ ഉള്‍പ്പടെയുള്ള ഏതാനും ചെറുപ്പക്കാര്‍ കേരളത്തില്‍ ഈ സമരത്തിന്റെ തിരിച്ചറിയപ്പെടുന്ന മുഖങ്ങളായിരുന്നല്ലോ.
കേരളത്തില്‍ താരപരിവേഷമുള്ള രണ്ട് അക്കാദമിക്കുകള്‍ ചുംബനസമരത്തെപ്പറ്റി ദേശീയ-അന്തര്‍ദേശീയ ജേര്‍ണലുകളില്‍ എഴുതിയ ലേഖനങ്ങളുടെ വിശകലനത്തിലൂടെ, പുരോഗമന രാഷ്ട്രീയത്തെപ്പറ്റി ഇന്ന് നിലനില്‍ക്കുന്ന നേരത്തെ സൂചിപ്പിച്ച പ്രശ്‌നം പിടിച്ച ചില ആശയങ്ങള്‍ അക്കാദമിക വ്യവഹാരത്തിലൂടെ സ്വീകാര്യത നേടുന്നു എന്ന് നോക്കാം. മീന ടി. പിള്ള 2014-ല്‍ ഈ.പി.ഡബ്‌ള്യുവില്‍ എഴുതിയ Disciplining the Intimate: The Kerala Model എന്ന പഠനവും, ടി.ടി. ശ്രീകുമാര്‍ ഈ വര്‍ഷം ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍കള്‍ച്ചറല്‍ കമ്മ്യൂണിക്കേഷന്‍ ജേര്‍ണലില്‍ പ്രസിധീകരിച്ച Urban upheavals as practices of new sexual ethics: Kiss of Love Movement In India എന്ന പഠനവുമാണ് വളരെ ചുരുക്കത്തില്‍ ഇവിടെ പരിശോധനക്ക് എടുക്കുന്നത്.

ആദ്യമേ തന്നെ പറയട്ടെ, ചുംബനസമരത്തോട് രാഷ്ട്രീയ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഴുതിയിട്ടുള്ളവയാണ് ഈ രണ്ടു ലേഖനങ്ങളും. അതുകൊണ്ടുതന്നെ സമരത്തെ എതിര്‍ക്കുന്ന സമീപനം സ്വീകരിച്ചു എന്നോ മോശമായി ചിത്രീകരിച്ചെന്നോ അല്ല ഈ പഠനങ്ങളുടെ പ്രശ്‌നമായി ഇവിടെ ചൂണ്ടിക്കാണിക്കാന്‍ ഉദ്ദേശിക്കുന്നത്. മറിച്ച്, ‘പുതുതായി ഒരു ആവശ്യവും ഞങ്ങള്‍ക്ക് മുന്നോട്ട് വെക്കാനില്ല' എന്ന രാഷ്ട്രീയവികാരത്തിന്റെ പ്രകടനമായിരുന്ന കിസ്സ് ഓഫ് ലവ് സമരത്തെ പുതിയ സ്വാതന്ത്ര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാടി, പുതിയ ഇടങ്ങള്‍ വിഭാവനം ചെയ്യാന്‍ ശ്രമിച്ച ഒരു സമരമായി ഈ പഠനങ്ങള്‍ വ്യാഖ്യാനിക്കുന്നു എന്നതാണ് ഇവിടെ പ്രശ്‌നമായി ഉന്നയിക്കുന്നത്.
ഇത്തരം വ്യാഖ്യാനത്തിന്റെ പ്രശ്‌നമെന്താണെന്ന് വഴിയേ പറയാം. അതിന് മുന്‍പ്, പുതുതായി ഒന്നും ആവശ്യപ്പെടാത്ത സമരം എന്ന രീതിയില്‍ ചുംബനസമരത്തെ എങ്ങനെ, എന്തിന് കാണണം എന്ന് പറയാം. അതിനായി, 2014-ല്‍ നടന്ന സമരത്തെപ്പറ്റിയും അതിലേക്ക് നയിച്ച് സാഹചര്യങ്ങളെപ്പറ്റിയും ഒന്നുകൂടി ഓര്‍ത്തെടുക്കേണ്ടതുണ്ട്.
കോഴിക്കോട് നഗരത്തില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ ആരംഭിച്ച ഒരു റസ്റ്റോറന്റിന്റെ പരിസരങ്ങളില്‍ അനാശാസ്യപ്രവര്‍ത്തനം നടക്കുന്നു എന്ന കുപ്രചാരണം നടത്തുന്നതിനായി രണ്ട് ചെറുപ്പക്കാര്‍ അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഒരു ടി.വി. ചാനല്‍ പ്രക്ഷേപണം ചെയ്യുന്നു; അതിന് പിന്നാലെ ഒരുകൂട്ടം സദാചാര ഗുണ്ടകള്‍ റസ്റ്റോറന്റ് ആക്രമിക്കുന്നു; ഈ സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ പൊതുസ്ഥലങ്ങളില്‍ ചുംബിച്ചുകൊണ്ട് പ്രതീകാത്മകമായി സമരം നടത്താമെന്ന ആഹ്വാനമുണ്ടാവുകയും സോഷ്യല്‍ മീഡിയ വഴി സമരം സംഘടിപ്പിക്കുകയും, പല ഭാഗത്തുനിന്നുമുള്ള എതിര്‍പ്പുകള്‍ക്കിടയിലും കേരളത്തില്‍ അങ്ങോളമിങ്ങോളം സമരം അരങ്ങേറുകയും ചെയ്യുന്നു... ഇതായിരുന്നല്ലോ നടന്ന സംഭവങ്ങളുടെ ചുരുക്കം.
ചുംബനസമരത്തിന്റെ പ്രതീകാത്മകത എന്തായിരുന്നു എന്ന് ലോജിക്കലായി ആലോചിച്ചാല്‍ പെട്ടന്ന് കൃത്യമായി മനസ്സിലാക്കാവുന്നതേയുള്ളൂ. പൊതുസ്ഥലങ്ങള്‍ എന്ന് എല്ലാവരും തിരിച്ചറിയുന്ന ഇടങ്ങളിലെത്തി പരസ്പരം ഇഷ്ടപ്പെടുന്നവര്‍ ചുംബിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് ചെയ്യാനുള്ള അവകാശം പണ്ടേ നമുക്കുള്ളതാണെന്നതില്‍ രണ്ടഭിപ്രായത്തിന് യാതൊരു സാധുതയുമില്ല എന്നതാണല്ലോ പറഞ്ഞുവെക്കുന്നത്.
ചിന്തിക്കാന്‍ കഴിവുള്ള ഏവനും രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാതെ അംഗീകരിക്കാന്‍ കഴിയുന്ന ഒരു ആശയമായതുകൊണ്ടാണല്ലോ ഈ സമരത്തിലേക്കുള്ള ആഹ്വാനം പെട്ടന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ പരന്നത് - ചില വിഡിയോകളും പാട്ടുകളും ഒക്കെ വൈറല്‍ ആകുന്നതുപോലെ. സമരത്തിന്റെ ഈ തലങ്ങള്‍ മനസിലാക്കാന്‍ അധികം ചിന്തിക്കേണ്ട കാര്യമേയില്ല, നേരെ ചിന്തിച്ചാല്‍ മാത്രം മതി.
ചുരുക്കത്തില്‍, ഭരണകൂടത്തില്‍ ഉറപ്പ് ചെയ്തിരിക്കുന്ന പൗരാവകാശമല്ലാതെ മറ്റൊരു ആവശ്യവും ആഗ്രഹവും സമരം മുന്നോട്ടു വെക്കുന്നില്ല. ക്ലാസിക്കല്‍ ആധുനിക വ്യവസ്ഥിതി വാഗ്ദാനം ചെയ്യാത്ത ഒരു സ്വാതന്ത്ര്യവും ഒരു പുതിയ ഇടവും ഒരു പുതിയ അവകാശവും അത് ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇത് ചുംബനസമരമായത് (ചുംബിക്കലും ആവശ്യങ്ങളുന്നയിച്ച് മുദ്രാവാക്യം വിളിയും ഒരുമിച്ച് നടക്കില്ലല്ലോ). ഇക്കാരണങ്ങളാലാണ്, ആവശ്യങ്ങളൊന്നും ഇല്ലാതിരുന്ന സമരമായി കിസ്സ് ഓഫ് ലവ്-നെ കാണാന്‍ പറ്റേണ്ടത് - We Have No Demands എന്ന് പറഞ്ഞ് അമേരിക്കയില്‍ Occupy Wall Street സമരം നടന്നത് പോലെ തന്നെ. (ഈ അവസരത്തില്‍ ഓര്‍ക്കേണ്ട മറ്റൊന്ന്, Kiss of Love എന്നതിനെ മലയാളത്തിലേക്ക് തര്‍ജമ ചെയ്യുമ്പോഴാണ് ‘സമരം' അതില്‍ കയറിക്കൂടുന്നത് എന്നതാണ്; ചുംബനസമരത്തെ തിരിച്ച് ഇംഗ്ലീഷിലാക്കിയാല്‍ Kissing Protest എന്നോ, Protest By Kissing മറ്റോ ആവും).
ഇനി ഈ സമരം അക്കാദമിക്കുകള്‍ നോക്കിക്കാണുമ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് മുകളില്‍ പറഞ്ഞ രണ്ട് പഠനങ്ങള്‍ ആധാരമാക്കി പരിശോധിക്കാം. ഒന്നാമതായി, എന്തൊക്കെയോ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുകയും പുതിയ ഇടങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന സമരമായാണ് ഈ രണ്ട് പഠനങ്ങളും കിസ്സ് ഓഫ് ലവിനെ സമീപിക്കുന്നതും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും.
ഉദാഹരണത്തിന്, ലൈംഗികത, ഇന്ദ്രിയോദ്ദീപകമായ കാര്യങ്ങള്‍, ‘അശ്ലീലത' എന്നിവയെ പൊതുമണ്ഡലത്തില്‍ നിന്ന് തുടച്ചുനീക്കി ശുദ്ധീകരിക്കുന്നതിനെതിരെ ഉള്ള പ്രക്ഷോഭമായാണ് മീന ടി. പിള്ളയുടെ പഠനം ചുംബനസമരത്തെ നോക്കിക്കാണുന്നതും അതിനോട് ഐക്യദാര്‍ഢ്യപ്പെടുന്നതും. അങ്ങനെ, കേരളത്തിന്റെ ‘മതേതര, ലിബറല്‍ പൊതുമണ്ഡലത്തെ അസ്ഥിരപ്പെടുത്തുന്ന' ഒന്നാണ് പിള്ളയെ സംബന്ധിച്ചിടത്തോളം ചുംബന സമരം (പുറം 11).
ചുംബനസമരത്തെ തെറ്റായി വ്യാഖ്യാനിച്ചാല്‍ മാത്രമേ ഈ രണ്ടു വാദങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കൂ എന്നതാണ് വാസ്തവം. ഉദാഹരണത്തിന്, പിള്ളയുടെ ആദ്യത്തെ വാദമെടുക്കാം. സത്യത്തില്‍ ചുംബനസമരത്തിന് എന്തെങ്കിലും ഒരു ആവശ്യം ഉന്നയിക്കാനുണ്ടെങ്കില്‍ അത് പിള്ള പറയുന്ന വാദത്തിന് നേരെ വിപരീതമായ ഒന്നാണ്. പൊതുസ്ഥലത്ത് രണ്ടുപേര്‍ പരസ്പര സമ്മതത്തോടെ, മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറാതെ, ചുംബിക്കുമ്പോള്‍ മറ്റുള്ളവരുടെ ലൈംഗികതക്കും ഇന്ദ്രിയങ്ങള്‍ക്കും അവിടെ ഒരു പ്രസക്തിയുമില്ല എന്ന് തന്നെയായിരുന്നു ചുംബനസമരത്തിന്റെ ഊന്നല്‍. ഇവിടെ അശ്ലീലത എന്ന പരിഗണനക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണല്ലോ സമരത്തിന്റെ പ്രഖ്യാപനം.
പിള്ള പറയുന്ന രീതിയില്‍ ആയിരുന്നു ചുംബന സമരം വിഭാവനം ചെയ്തിരുന്നതെങ്കില്‍ ‘പൊതുസ്ഥലത്ത് ചുംബിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്; ചുംബനം ലൈംഗികമാണ്; അതുകൊണ്ട് പൊതുസ്ഥലങ്ങള്‍ ലൈംഗികവല്‍ക്കരിച്ചുകൊണ്ട് കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണം' എന്നോ മറ്റോ ആകണമായിരുന്നു അതിന്റെ മുദ്രാവാക്യം. അങ്ങനെയല്ല എന്ന് മാത്രമല്ല, ലൈംഗികത പൂര്‍ണമായും സ്വകാര്യമായ ഒന്നായി കരുതണം എന്നതാണ് ചുംബന സമരത്തിന്റെ പ്രധാന ഉള്ളടക്കം തന്നെ - അങ്ങനെ പറയുന്നതും, സ്വകാര്യ സ്ഥലത്തേ ചുംബിക്കാവൂ എന്ന് പറയുന്നതും തികച്ചും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ് എന്ന് എല്ലാവര്‍ക്കും പറയാതെതന്നെ അറിയാമല്ലോ എന്ന നിലപാടില്‍ നിന്നാണല്ലോ ചുംബനസമരം ഉണ്ടാകുന്നത് തന്നെ.
‘കൂടുതല്‍ ജനാധിപത്യവല്‍ക്കരണം' ചുംബനസമരം ആവശ്യപ്പെട്ടിട്ടേ ഇല്ല, മറിച്ച് ലഭ്യമായ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ - അത് മറ്റാര്‍ക്കും വേണ്ട എന്നാണെങ്കിലും -- സംരക്ഷിച്ചാല്‍ തന്നെ ധാരാളമായി എന്നതായിരുന്നു അതിന്റെ നിലപാട്. പൗരസ്വാതന്ത്രങ്ങള്‍ പലതും വേണ്ട എന്ന് പലകാരണങ്ങളാല്‍ തീരുമാനിച്ചിരിക്കുന്ന ഭൂരിപക്ഷത്തിന്റെ പേരില്‍ അവയെ അനാവശ്യ സ്വാതന്ത്രങ്ങളായി കണക്കാക്കി റദ്ദു ചെയ്യാന്‍ സമ്മതിക്കില്ല എന്നതായിരുന്നു സമരത്തില്‍ പങ്കെടുത്തവരുടെ നിലപാട്.
ചുരുക്കിപ്പറഞ്ഞാല്‍, പൊതുമണ്ഡലത്തില്‍ മാന്യതക്ക് നിരക്കുന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് ഒരു ഉപദ്രവവുമില്ലാതെ സ്വ-കാര്യമായി രണ്ടുപേര്‍ ചെയ്യുന്ന കാര്യങ്ങളിലേക്ക് മറ്റുള്ളവര്‍ക്ക് ലൈംഗികത ആരോപിക്കാന്‍ യാതൊരു അവകാശവുമില്ല എന്ന് പറഞ്ഞ്, രണ്ടുപേര്‍ പൊതുസ്ഥലത്ത് ചുംബിക്കുന്നതിനെ ഇന്ദ്രിയചോദനകള്‍ അടക്കിപ്പിടിച്ച് മറ്റുള്ളവരെ കാണാന്‍ പരിശീലിപ്പിക്കുന്ന ഒരു സമരത്തെയാണ്, പൊതുസ്ഥലത്തെ ലൈംഗികവല്‍ക്കരിക്കാന്‍ വിപ്ലവകരമായി ശ്രമിച്ച സമരം എന്ന രീതിയില്‍ പിള്ള വ്യാഖാനിച്ചെടുക്കുന്നതും അതിന്റെ പേരില്‍ രാഷ്ട്രീയ ആവേശം കൊള്ളുന്നതും.
ചുംബനസമരത്തില്‍ അരങ്ങേറിയ ചുംബനങ്ങള്‍ സ്വയം അഭിസംബോധനയുടെ രൂപത്തിലുള്ളതായിരുന്നു; രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ മൂന്നാമതൊരാളെ അത് അഭിസംബോധന ചെയ്യുന്നില്ല എന്നും അതുകൊണ്ട് ചുംബിക്കുന്നവരെ അവരുടെ സ്വകാര്യതയിലേക്ക് വിടുന്നതിലൂടെയാണ് പൊതുമണ്ഡലം അല്ലെങ്കില്‍ പൊതു ഇടങ്ങള്‍ ഉണ്ടാകുന്നത് എന്നുമാണ് സമരം പറയാന്‍ ശ്രമിച്ചത്.

ഇക്കാര്യങ്ങള്‍ അവഗണിക്കുന്നതിന്റെ പ്രശ്‌നമാണ് പിള്ളയുടെ ലേഖനത്തില്‍ പ്രധാനമായും ഉള്ളത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പൗരസ്വാതന്ത്രങ്ങള്‍ ഉറപ്പു നല്‍കിയിരിക്കുന്ന വ്യവസ്ഥയുടെ അഭിസംബോധന തിരിച്ചറിഞ്ഞുകൊണ്ട് ‘ഞങ്ങള്‍ ഇവിടെയുണ്ട്' എന്ന് അടിവരയിട്ടുറപ്പിക്കുന്ന, അതുവഴി വ്യവസ്ഥയിലെ ഉടമ്പടികള്‍ക്ക് അര്‍ഥമുണ്ടാക്കുന്ന, ചെയ്തിയായിരുന്നു ചുംബിച്ചുകൊണ്ടുള്ള സമരം. ലൈംഗിക, ഇന്ദ്രിയ സ്വാതന്ത്ര്യങ്ങള്‍ പുതുതായോ പ്രത്യേകമായോ ആവശ്യപ്പെടുന്ന ഒന്നും തന്നെ ആ സമരത്തിലുണ്ടായിരുന്നില്ല.
പിള്ളയുടെ രണ്ടാമത്തെ വാദവും ടി.ടി. ശ്രീകുമാറിന്റെ പഠനത്തില്‍ കിസ്സ് ഓഫ് ലവിനെപ്പറ്റി ഉയര്‍ത്തുന്ന പ്രധാന വാദവും തമ്മില്‍ ബന്ധമുള്ളതിനാല്‍ അവയെ ഒരുമിച്ച് പരിഗണിക്കാം. മിഷേല്‍ ഫൂക്കോയുടെ heterotopia എന്ന ആശയം ഉപയോഗിച്ച്, പൂര്‍ണമായും പൊതുവും പൂര്‍ണമായും സ്വകാര്യവും അല്ലാത്ത, ഇഹലോകത്തിനും യുട്ടോപ്യക്കും ഇടയിലുള്ള ഒരു ഇടം - ഒരു heterotopia - ചുംബനസമരം വിഭാവനം ചെയ്യുന്നു എന്നാണ് ശ്രീകുമാറിന്റെ വാദം.
നമുക്ക് ചിരപരിചിതമായ ഇടങ്ങള്‍ക്കു പുറത്തു നില്‍ക്കുന്ന ചില ഇടങ്ങള്‍ ഉണ്ടെന്നും അവയെ heterotopia എന്ന് വിളിക്കാമെന്നും പരിചിതഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില പരിഗണനകളും ബന്ധങ്ങളും ആണ് അത്തരം ഇടങ്ങളെ നിര്‍ണയിക്കുന്നത് എന്നുമാണ് ഫൂക്കോയുടെ ആശയം. കപ്പല്‍, ശ്മശാനം, ചുവന്ന തെരുവുകള്‍, ജയിലുകള്‍ എന്നിങ്ങനെ പല ഉദാഹരണങ്ങളും ഫൂക്കോ നല്‍കുന്നു. പക്ഷേ, എന്തിനാണ് ഫൂക്കോയുടെ ഈ ആശയം ചുംബനസമരത്തെ മനസിലാക്കുന്നതിന് ശ്രീകുമാര്‍ കടമെടുക്കുന്നത് എന്നതിന് ഉത്തരമേയില്ല.
കാരണം, നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്യാത്ത ഒരു ഇടവും വേണമെന്ന് ചുംബനസമരം ആവശ്യപ്പെടുന്നില്ല; ഒരു പുതിയ ഇടവും വിഭാവനം ചെയ്യാനോ നിര്‍മിക്കാനോ അത് ശ്രമിച്ചിട്ടില്ല - മാത്രമല്ല, പൊതു ഇടവും അവിടെ നമുക്കുള്ള സ്വാതന്ത്ര്യങ്ങളും മുഖവിലക്കെടുക്കാവുന്നതാണെന്നും അവ നിഷേധിക്കുന്നവരുടെ ചിന്താഗതിയാണ് യുക്തിബോധത്തിനുള്ളില്‍ നിന്ന് കൊണ്ട് മനസിലാക്കാന്‍ പറ്റാത്തത് എന്നും ആളുകള്‍ പെട്ടന്ന് മനസിലാക്കിയതിന്റെ ഫലമായിരുന്നു സമരം സാധ്യമാക്കിയത് തന്നെ.
അതുകൊണ്ട്, പിള്ള പറയുന്നത് പോലെ കേരളത്തിന്റെ മതേതര, ലിബറല്‍ പൊതുമണ്ഡലത്തെ അസ്ഥിരപ്പെടുത്താന്‍ നോക്കുന്ന ഒന്നായിരുന്നില്ല ചുംബന സമരം; മറിച്ച് പൊതുമണ്ഡലവും പൊതു ഇടവും അവയുടെ പൂര്‍ണസ്വാതന്ത്ര്യങ്ങളോടെ നമുക്ക് പണ്ടേ നല്കപ്പെട്ടിട്ടുള്ളതാണെന്നും, ആര്‍ക്കൊക്കെ വേണ്ടെന്ന് പറഞ്ഞാലും മുഖവിലക്കെടുക്കാവുന്ന പോലെ ആ ഇടവും സ്വാതന്ത്ര്യങ്ങളും അവിടെത്തന്നെയുണ്ടാവണമെന്നും ഊന്നിപ്പറയുന്ന ഒരു സമരമായി അതിനെ കാണുന്നതാണ് ഉചിതവും സത്യത്തിന് നിരക്കുന്നതും.
അതുപോലെ, പരമ്പരാഗതമായ പൊതു ഇടത്തിന് പകരമായി ഒരു പുതിയ ‘ടോപിയ'യും അത് വിഭാവനം ചെയ്യുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ക്ലാസിക്കല്‍ പൊതുമണ്ഡലത്തിനുള്ള പരിമിതികളായിരുന്നില്ല ചുംബനസമരത്തിന്റെ പ്രശ്‌നം; മറിച്ച്, അത് പണ്ടേ വാഗ്ദാനം ചെയ്തിട്ടുള്ള സ്വാതന്ത്ര്യങ്ങള്‍ നാട്ടിലെ ഭൂരിപക്ഷത്തിനും വേണ്ട എന്ന പേരില്‍ അതിന്റെ ഉടമ്പടികള്‍ റദ്ദ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരായിരുന്നു സമരം.
ചുരുക്കത്തില്‍, പഠിക്കുന്ന പ്രതിഭാസങ്ങളോട് സത്യസന്ധതയും കൃത്യതയും പുലര്‍ത്തി നടത്തേണ്ട അക്കാദമിക പഠനങ്ങള്‍ രാഷ്ട്രീയ ഐക്യദാര്‍ഢ്യത്തിന്റെ പേരില്‍ അവയെ തെറ്റായി പ്രതിനിധീകരിക്കുകയും, പുരോഗമന രാഷ്ട്രീയത്തെപ്പറ്റി ഇന്ന് പരക്കെ സ്വീകാര്യത നേടിയിട്ടുള്ള ചില ആശയങ്ങള്‍ മറ്റുള്ളവരിലേക്കും സമൂഹത്തില്‍ നടക്കുന്ന പ്രതിഭാസങ്ങളിലേക്കും ആരോപിക്കുകയും ചെയ്യുന്നതാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.
പുതിയ ആവശ്യങ്ങള്‍/അവകാശങ്ങള്‍, കൂടുതല്‍ ജനാധിപത്യം, പുതിയ ഇടങ്ങളുടെ നിര്‍മാണം/വിഭാവനം, പുതിയ സ്വാതന്ത്ര്യങ്ങള്‍, എന്നീ ആശയങ്ങളിലൂന്നി പുരോഗമന രാഷ്ട്രീയം വിഭാവനം ചെയ്യുന്നതിന്റെയും നിലവിലുള്ള വ്യവസ്ഥയെ അവലോകനം ചെയ്യുന്നതിന്റെയും പ്രശ്‌നങ്ങള്‍ എന്താണ് സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം.
മേല്പറഞ്ഞ ആശയങ്ങള്‍ തന്നെയാണ് വലതുപക്ഷ രാഷ്ട്രീയവും ഇന്ന് ലോകമെമ്പാടും അവരുടെ മുദ്രാവാക്യങ്ങള്‍ ആക്കിയിരിക്കുന്നത്. ഇന്ന് പൗരാവകാശങ്ങള്‍ വേണ്ടെന്നു വെക്കുന്നതും പൗരകടമകള്‍ ചെയ്യില്ലെന്ന് തീരുമാനിക്കുന്നതും, എന്തിന്, മറ്റുള്ളവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിധിക്കുന്നതു പോലും, കൂടുതല്‍ അവകാശങ്ങളുടെയും പുതിയ സ്വാതന്ത്ര്യത്തിന്റെയും ഭാഷയിലും രൂപത്തിലുമാണ്.
(രസകരമായ ചില ഉദാഹരണങ്ങള്‍: കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കണമെന്നുള്ള വിദഗ്ധരുടെ നിര്‍ദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ അനുഭാവിയായ ഒരു വെള്ളക്കാരി പറഞ്ഞത് ഇതായിരുന്നു: ‘ഞാന്‍ അടിവസ്ത്രം പോലും ധരിക്കാറില്ല; എന്റെ ശരീരഭാഗങ്ങള്‍ക്ക് സ്വതന്ത്രമായി ഒന്ന് ശ്വാസം വിടണം'! വേറൊരുദാഹരണം: ആഗോളതാപനം ഒരു കെട്ടുകഥയാണെന്ന് വാദിച്ചുകൊണ്ട് ഒരു അമേരിക്കന്‍ രാഷ്ട്രീയക്കാരന്‍ ചാനല്‍ ചര്‍ച്ചയില്‍ ശാസ്ത്രത്തിന്റെ വക്താക്കളോട് ചോദിച്ചത് ഇതാണ്: ‘കാര്‍ബണ്‍ ഡയോക്സൈഡിനോട് നിങ്ങള്‍ക്കെന്താണ് ഇത്ര വിരോധം? വംശീയ ഉന്മൂലനം നേരിട്ടേണ്ടി വന്ന ജൂതന്മാരെപ്പോലെയാണ് ഇന്ന് കാര്‍ബണ്‍. കാര്‍ബണ്‍ ഡയോക്സൈഡിന് നിലനില്‍ക്കാന്‍ അവകാശമില്ലേ?')
വലതുപക്ഷം ചോദിക്കുന്ന പുതിയ സ്വാതന്ത്ര്യങ്ങളും ആവശ്യപ്പെടുന്ന പുതിയ ഇടങ്ങളും വേറേ, നമ്മള്‍ പുരോഗമന ചിന്താഗതിക്കാരുടെ ആവശ്യങ്ങളും വേറേ, അവ തമ്മില്‍ വ്യത്യാസങ്ങളുണ്ട് എന്നൊക്കെ വേണമെങ്കില്‍ വാദിക്കാം. പക്ഷേ, ആത്യന്തികമായി ഈ രണ്ട് രാഷ്ട്രീയത്തിന്റെയും ഭാഷ ഒന്നാണ് എന്ന് മനസിലാക്കുമ്പോഴാണ്, ഇന്ന് പുരോഗമന രാഷ്ട്രീയത്തിന്റെ 'ആവശ്യങ്ങള്‍' എന്താവണമെന്നത് പുനരാലോചിക്കേണ്ടി വരുന്നത്. We Have No Demands എന്ന Occupy Wall Street സമരകാലത്തെ ‘മുദ്രാവാക്യം' നമ്മള്‍ ആഘോഷിച്ചിട്ടുള്ളതാണ്, പക്ഷേ അതിന്റെ യഥാര്‍ഥ ഉള്ളടക്കം എന്താണെന്ന് കൃത്യമായി മനസിലാക്കേണ്ടതുണ്ട്.
പുതിയ ആവശ്യങ്ങളും പുത്തന്‍ ഇടങ്ങളും പുതിയ കര്‍തൃത്വങ്ങളും ആവശ്യപ്പെടുന്നത് ആഗോള മുതലാളിത്തത്തിനും ഉപഭോഗസംസ്‌കാരത്തിനും വളമാവുകയേ ഉള്ളൂ എന്നും, നല്‍കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യങ്ങളെ യാഥാര്‍ഥ്യമാക്കിയാല്‍ മാത്രം മതി, കൂടുതല്‍ ഒന്നും വേണ്ട, എന്നുമുള്ള തിരിച്ചറിവാണ് We Have No Demands എന്ന് പറയുന്നതിന്റെ ഒരു സുപ്രധാനമായ അര്‍ഥം.
പുതിയ സ്വാതന്ത്ര്യങ്ങള്‍ ആവശ്യപ്പെടാതിരിക്കുക എന്നതായിരിക്കാം ഇന്നത്തെ കാലത്തിന് യോജിച്ച അര്‍ഥവത്തായ ഒരേയൊരു രാഷ്ട്രീയം എന്നുള്ള തിരിച്ചറിവില്‍ നിന്നാണ് ഈ ‘മുദ്രാവാക്യം' ഉണ്ടായി വരുന്നത്. ഈ അര്‍ഥം ഉള്‍ക്കൊണ്ടാല്‍ മാത്രമേ രെഹ്ന ഫാത്തിമയുടേത് ഉള്‍പ്പടെയുള്ള പുതു തലമുറയുടെ പല രാഷ്ട്രീയ ഇടപെടലുകളെയും, ചുംബനസമരത്തെയും, ‘ആവശ്യങ്ങള്‍ ഒന്നുമില്ലാത്ത', അതുകൊണ്ടുതന്നെ വളരെ ആശാസ്യവും കാലോചിതവുമായ, രാഷ്ട്രീയമായി മനസിലാക്കാന്‍ സാധിക്കൂ.
ഇന്ന് ജനകീയമായ ട്രോളുകളുടെ ഭാഷയില്‍ പറഞ്ഞാല്‍, ആധുനിക ക്ലാസിക്കല്‍ വ്യവസ്ഥിതി നമ്മളോട് ഇപ്പൊള്‍ ചോദിക്കുന്ന ചോദ്യം ഇതാണ്: ‘ഞാന്‍ നിക്കണോ അതോ പോണോ?' ഇതിനോട് നമ്മള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഭാവിയെ നിര്‍ണയിക്കും. ഈ തിരിച്ചറിവില്‍ നിന്ന് വേണം ഇന്ന് പുരോഗമന രാഷ്ട്രീയം തുടങ്ങാന്‍. ഒരു വിശദീകരണം കൂടി നല്‍കിക്കൊണ്ട് നിര്‍ത്താം.
‘ഈ വ്യവസ്ഥിതി മാറണം' എന്ന് പൊതുവെ സമരമുഖങ്ങളില്‍ പറയാറുണ്ട്, പണ്ടും ഇപ്പോഴും. അവിടെ ഉദ്ദേശിക്കുന്നത് വ്യവസ്ഥയില്ലായ്മയില്‍ നിന്ന് ഒരു വ്യവസ്ഥ ഉണ്ടാകണം എന്നത് തന്നെയാണ്. അതുകൊണ്ടു തന്നെ, അത്തരം മുദ്രാവാക്യങ്ങള്‍ ഒന്നും പാടില്ല എന്നോ, വ്യവസ്ഥയ്‌ക്കെതിരെ ഒന്നും പറയരുതെന്നോ അല്ല ഇവിടെ പറയാന്‍ ശ്രമിച്ചത്.
ഭരണഘടനയും ആധുനികതയും വാഗ്ദാനം ചെയ്യുന്ന വ്യവസ്ഥയും നമ്മുടെ ഭരണകൂടം നടപ്പിലാക്കുന്ന വ്യവസ്ഥിതിയും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ നിര്‍ണായകം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതോന്ന്, അതിനെ സമൂഹത്തിലെ പരമ്പരാഗത മാമൂലുകള്‍ റദ്ദാക്കുമ്പോള്‍ നിലവില്‍ വരുന്ന വ്യവസ്ഥ, അല്ലെങ്കില്‍ വ്യവസ്ഥയില്ലായ്മ, വേറൊന്ന് - ഇവയില്‍ രണ്ടാമത്തേതിനെതിരെ രാഷ്ട്രീയ ആവേശത്തില്‍ എടുക്കുന്ന നിലപാടുകളെ അല്ല ഇവിടെ വിമര്‍ശിക്കാന്‍ ശ്രമിച്ചത്.
മറിച്ച്, ഈ രാഷ്ട്രീയ വികാരത്തെ തെറ്റായി വ്യാഖ്യാനിച്ച് അതില്‍ നിന്ന്, ‘പുതിയ ലോകനിര്‍മാണം', ‘പുതിയ ഇടങ്ങളുടെ വിഭാവനം', ‘പുത്തന്‍ സ്വാതന്ത്ര്യങ്ങള്‍ ആവശ്യപ്പെടല്‍', ‘പുതിയ കര്‍തൃത്വങ്ങളെ നിര്‍മിക്കല്‍', തുടങ്ങിയവയുടെ ഭാഷയില്‍ വികലമായ തത്വചിന്തകള്‍ വികസിപ്പിച്ചെടുക്കുന്ന അക്കാദമിക വ്യവഹാരത്തെയാണ് ഈ വിമര്‍ശനം ലക്ഷ്യമിട്ടത്. ഇത്തരം പുതിയലോക തത്വചിന്ത പുരോഗമന ചിന്താഗതിയെ പൊതുവെ സ്വാധീനിക്കാന്‍ ശക്തിയുള്ളതാണ് - പ്രത്യേകിച്ച് സര്‍വകലാശാലകളില്‍ നിന്ന് ശാസ്ത്രീയതയുടെ മേനിയുമായി വരുന്ന വ്യവഹാരങ്ങള്‍ എന്ന നിലയില്‍.
അതുകൊണ്ട് പുരോഗമന ചിന്താഗതിയെ പൊതുവെ പരാമര്‍ശിച്ചു എന്ന് മാത്രം. അല്പം വിമര്‍ശനവും ആത്മപരിശോധനയും പുരോഗമന ചിന്താഗതിയെ ആത്യന്തികമായി മെച്ചപ്പെടാനല്ലേ സഹായിക്കൂ.
ഷീജ kp
15 Nov 2020, 08:54 PM
വളരെ ന്യായം. രഹ്‌ന ഫാത്തിമയും ബിന്ദു അമ്മിണിയും കയറാൻ ചെന്നില്ലെങ്കിൽ ശബരിമല ഒരു പുരോഗമനകോമഡി ആയിപ്പോയേനെ. ഇട്ടതുപുരോഗമനത്തെ ഉയർത്തി പിടി ച്ച അവരെ പക്ഷെ ഇടതുപക്ഷ പുരോഗമന ഗണത്തിനു ഉൾക്കൊള്ളാൻ കഴിഞ്ഞില്ല
ജെ. ദേവിക
Feb 22, 2021
39 Minutes Listening
കെ.ആര്‍ മീര
Feb 15, 2021
50 Minutes Listening
Truecopy Webzine
Jan 25, 2021
4 Minutes Read
രാധിക പദ്മാവതി
Jan 22, 2021
5 minute read
കല്‍പന കരുണാകരന്‍
Jan 09, 2021
5 Minutes Read
ആര്‍. രാജശ്രീ
Dec 12, 2020
5 Minutes Read
അഖില പി.
Dec 08, 2020
7 Minutes Read
neritam.com
19 Nov 2020, 01:51 PM
യാഥാസ്ഥിക വലതുപക്ഷവും കമ്പോളസ്വാതന്ത്ര്യവാദി വലതുപക്ഷവും തമ്മിലുള്ള തര്‍ക്കമാണ് ചുംബന സമരം. ഒരു പുരോഗമനവും അതില്‍ ഇല്ല. 1.ചുംബന സമരത്തിന്റെ രാഷ്ട്രീയം https://neritam.com/2014/12/16/kiss-protest-is-political/ 2.ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ? https://neritam.com/2014/12/31/kiss-public-or-private/ 3.പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ? https://neritam.com/2015/12/09/pseudo-progressives/