ദേശീയ വിദ്യാഭ്യാസ നയം വിപ്ലവകരമായ ഉണർവിലേക്കുള്ള ഒരു വ്യാമോഹരഥം

വിശ്വാസങ്ങളിൽ അധിഷ്ഠിതമായ പുരാതകാലത്തെ 'ശാസ്ത്രം' മുൻനിറുത്തിയാണ് പല ആലോചനകൾക്കും പുതിയ വിദ്യാഭ്യാസ നയത്തിൽ അടിസ്ഥാനം ഒരുക്കുന്നത്. പുരാണമായിത്തീർന്നതോ കാലഹരണപ്പെട്ടതോ ആയ ദർശനവിധികളേയോ ചിന്താപദ്ധതികളേയോ സംസ്ഥാപനം ചെയ്ത് ആധാരശില ഉറപ്പിയ്ക്കാൻ ഒരുമ്പെടുന്നു എന്നത് പുരോഗമന ആശയങ്ങളുമായി വിഘടിച്ചു നിൽക്കയാണ്. വിദ്യാഭ്യാസം എന്നതിനെ ചില അജണ്ടകളിൽ ഒതുക്കാനുള്ള വെമ്പലാണിതെന്ന് വ്യക്തമാണ്. അധ്യാപക പരിശീലനം, ശാസ്ത്ര വിദ്യാഭ്യാസം, ഗവേഷണം എന്നിവയെ അടിസ്ഥാനമാക്കി ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശകാത്മകമായി വിലയിരുത്തുകയാണ് ശാസ്ത്രജ്ഞനും വിദ്യാഭ്യാസ ചിന്തകനുമായ ലേഖകൻ

ലോക വിദ്യഭ്യാസരീതിയോട് അടുത്തുനിൽക്കുന്ന തരം ആധുനികത വിഭാവനം ചെയ്തുകൊണ്ടാണ് പുതിയ വിദ്യഭ്യാസനയത്തിന്റെ തുടക്കം. വിപ്ലവാത്മക മുന്നേറ്റം പ്രതീക്ഷിച്ച് വൻ പദ്ധതികൾ ആവിഷ്‌ക്കരിക്കാനുള്ള ഉദ്ബോധനവുമുണ്ട്. ഇരുപതോ മുപ്പതോ വർഷം കൊണ്ട് സാധിച്ചെടുക്കാനുള്ളതാണിത് എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടിട്ടുണ്ട്, അതിൽ ന്യായമുണ്ടുതാനും. പുതിയ പദ്ധതി ഗംഭീര നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു മിനിസ്​ട്രി (മിനിസ്ട്രി ഓഫ് എജുക്കേഷൻ) തന്നെ തുടങ്ങേണ്ടത് ആവശ്യമാണെന്ന് കൃത്യമായി നിർദ്ദേശിക്കുകയാണ്. അതുപോലെ, ഗവേഷണ സഹായത്തിന് നാഷണൽ റിസേർച് ഫൗണ്ടേഷൻ എന്ന ഏജൻസി തുടങ്ങണമെന്നും. മറ്റ് രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികൾക്ക് ഇടം കൊടുക്കാൻ ശുപാർശയുണ്ട്, ഇത് പ്രായോഗികമാക്കപ്പെടുകയാണെങ്കിൽ വിപ്ലവാത്മകമായ ഉണർവായിരിക്കും അറിവിന്റെയും അദ്ധ്യാപനത്തിന്റെയും കാര്യത്തിൽ സംഭവിക്കുന്നത്. വിശാലവും ബ്രഹത്തും ആയ പദ്ധതിയാണ് ആവിഷ്‌ക്കരിക്കപ്പെടുന്നത് എങ്കിലും വേണ്ടത്ര അടിത്തറയുള്ള സാമൂഹ്യപരിസരത്തിന്റെ ആവശ്യം കണക്കിലെടുക്കുകയോ പര്യാലേചനകൾ പ്രാവർത്തികമാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് മനസ്സിലാക്കുകയോ ചെയ്തിട്ടില്ല എന്നതും സത്യമാണ്. ഒരേസമയം പുരോഗമനപരവും പിന്തിരിപ്പനുമായ ആശയങ്ങൾ കൂട്ടിക്കെട്ടിയിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.

ബാണഭട്ടന്റെ കാദംബരി പരാമർശിച്ച് ഉദ്ബോധനം

വിദ്യാഭ്യാസം ആധുനികമായതും ശാസ്ത്രത്തിനും ഗവേഷണത്തിനും പ്രാമുഖ്യം നൽകുന്നതും പാശ്ചാത്യരാജ്യ സമ്പ്രദായങ്ങൾക്കൊപ്പം കിടപിടിക്കുന്നതുമായിരിക്കണം എന്നത് പ്രത്യാശയല്ല, നിർദ്ദേശമായിട്ടു തന്നെയാണ് പദ്ധതിയിൽ തെളിഞ്ഞുവിളങ്ങുന്നത്. പക്ഷേ, വിശ്വാസങ്ങളിൽ അധിഷ്ഠിതമായ പുരാതകാലത്തെ ‘ശാസ്ത്രം' മുൻനിറുത്തിയാണ് പല ആലോചനകൾക്കും അടിസ്ഥാനം ഒരുക്കുന്നത്. പുരാണമായിത്തീർന്നതോ കാലഹരണപ്പെട്ടതോ ആയ ദർശനവിധികളേയോ ചിന്താപദ്ധതികളേയോ സംസ്ഥാപനം ചെയ്ത് ആധാരശില ഉറപ്പിയ്ക്കാൻ ഒരുമ്പെടുന്നു എന്നത് പുരോഗമന ആശയങ്ങളുമായി വിഘടിച്ചു നിൽക്കയാണ്. വിദ്യാഭ്യാസം എന്നതിനെ ചില അജണ്ടകളിൽ ഒതുക്കാനുള്ള വെമ്പലാണിതെന്ന് വ്യക്തമാണ്. സംസ്‌കൃതത്തെ പ്രഘോഷിക്കുന്ന പ്രസ്താവനകൾ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നത്ത ശാസ്ത്രം യൂറോപ്പിൽ വളർന്നുവികസിച്ചത് പഴമയെ പൂർണമായും നിരാകരിച്ചതുകൊണ്ടാണ്. ഗണിതശാസ്ത്രവും ജ്യോതി- വാനശാസ്ത്രവും ഉൽക്കടമായി പഠിക്കപ്പെട്ട ഒരു ചരിത്രസംസ്‌കൃതി നമുക്കുണ്ടെങ്കിലും അതിനെ ആധാരമാക്കി ശാസ്ത്രചിന്ത കെട്ടിപ്പടുക്കുന്നത് മൗഢ്യവുമാണ്. വിദ്യാഭ്യാസ പരിഷ്‌ക്കാരചർച്ചക്കിടക്ക് ബാണഭട്ടന്റെ കാദംബരി പരാമർശിച്ച് ഉദ്ബോധനം നിർവഹിക്കാമെന്ന് ചിന്തിച്ചെടുത്ത പോളിസി നിർമാതാക്കൾ സഹതാപം അർഹിക്കുന്ന വിധത്തിൽ നിപതിക്കുകയാണ്.

ഭാരതം ഒട്ടാകെ ഒരു പ്രായോഗിക നടത്തിപ്പിനുകീഴിലാക്കുക എന്നത് ദുഷ്‌ക്കരമാണെങ്കിലും അത്യാവശ്യവും പണ്ടേ നടക്കേണ്ടിയിരുന്നതുമായ ഒരു പദ്ധതി ആയിരുന്നു. വിദ്യാർത്ഥികൾക്കും അദ്ധ്യപകർക്കും വലിയ സ്വാതന്ത്ര്യം ലഭിയ്ക്കുകയാണ് ഇതോടെ.
1976 ൽ വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെടുത്തിയെങ്കിലും ഒരു രാജ്യത്തിന് ഒരു പദ്ധതി എന്നത് പ്രാവർത്തികമാക്കിയിരുന്നില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇന്ത്യ ഒട്ടാകെ ലഭിക്കുക എന്നത് സമൂഹത്തിന്റെ ഉൽക്കർഷക്ക് തെല്ലല്ല ശക്തി പകരാൻ പോവുന്നത്. ഒരു സംസ്ഥാനം വിട്ട് മറ്റൊരു സംസ്ഥാനത്ത് ജോലിസംബന്ധമായ കാരണങ്ങളാലോ മറ്റോ താമസമുറപ്പിക്കുമ്പോൾ സുഗമമായി കുട്ടികൾക്ക് നേരത്തെയുള്ള രീതി പിന്തുടരാം എന്നത് അനുഗ്രഹം തന്നെ. ക്രെഡിറ്റ് സിസ്റ്റം ഇന്ത്യ മുഴുവനും വിദ്യാർത്ഥികൾക്ക് സ്വീകാര്യത മാത്രമല്ല നേടിക്കൊടുക്കുന്നത്, ഉൽക്കർഷ സുഗമമാക്കുകയുമാണ്. അദ്ധ്യാപനത്തിൽ പ്രാവീണ്യം നേടിയവർക്ക് ഏതു സംസ്ഥാനത്തും എളുപ്പം ജോലി ചെയ്യാനുള്ള വഴിയൊരുക്കവുമാണിത്. സംസ്ഥാനങ്ങൾ തമ്മിൽ വൻബന്ധമാണ് ഇതോടെ ഉളവാകുന്നത്. പരീക്ഷകളുടെ ഏകീകകരണവും കരിക്കുലം, പുസ്തകങ്ങൾ എന്നിവയുടെ സാജാത്യങ്ങളും പുതിയ പോളിസിയുടെ ഘടനക്ക് ശക്തിയും പുരോഗമനപരതക്ക് ആക്കവും പ്രദാനം ചെയ്യുമെന്നതിൽ സംശയമില്ല. പക്ഷേ കേന്ദ്രീകരിച്ച പദ്ധതികൾക്കെല്ലാം ഒരു പൊതുദോഷമുണ്ട്: അധീശത്വത്തിന്റെ അധികാരപ്രയോഗങ്ങൾക്ക് വശംവദമാകാനുള്ള സാദ്ധ്യതകൾ പ്രയോഗത്തിലാകുന്നത് എപ്പോഴെന്ന് പ്രവചിക്കാനാവില്ല.

അദ്ധ്യാപകപരിശീലനം- തുന്നിക്കെട്ടഴിയുന്ന പുസ്തകം

അധ്യാപകരെ നവീകരിച്ചും കൂടുതൽ പൊതുവിവരവും കൃത്യമായ പരിശീലനവും സിദ്ധിച്ചവരെ നിർമിച്ചും വിദ്യാദാനം ബലവത്താക്കാനുള്ള നിർദ്ദേശം സ്വാഗതാർഹം തന്നെ. നാലുകൊല്ലം നീളുന്ന പ്രത്യേക കോഴ്സാണ് അദ്ധ്യാപനത്തിന് മിനിമം യോഗ്യത. പ്രാഥമിക ഡിഗ്രി ആയി ഇത് തെരഞ്ഞെടുക്കുകയാണ് പോംവഴി. ഏതെങ്കിലും വിഷയം -ശാസ്ത്രമോ മാനവിക വിഷയമോ- പ്രത്യേകമായി എടുത്തിരിക്കണം, ആ വിഷയം പിന്നീട് പഠിപ്പിക്കാൻ പ്രാപ്തരാകുകയാണ് ഇവർ. മറ്റ് വിഷയങ്ങളിൽ ഡിഗ്രി എടുത്തവർ രണ്ട് കൊല്ലത്തെ കോഴ്സ്, ബിരുദാനന്തരബിരുദം ഉള്ളവർ ഒരു കൊല്ലത്തെ കോഴ്സ് എന്നിങ്ങനെ ചുരുക്കിയിട്ടുണ്ട് അദ്ധ്യാപന കോഴ്സ്. നാലുകൊല്ലത്തെ തീവ്രതരമായ കോഴ്സ് കൊണ്ട് അദ്ധ്യാപനത്തിന്റെ എല്ലാ വശങ്ങളും സ്വായത്തമായവരെ സൃഷ്ടിക്കുമെന്നാണ് പദ്ധതി തയാറാക്കിയവരുടെ ഉദ്ദേശ്യവും നിർദേശവും. എന്നാൽ മറ്റ് ഡിഗ്രി എടുത്തവർക്ക് ഇത് രണ്ടുകൊല്ലം കൊണ്ട് തീർക്കാമെന്നുള്ള പോംവഴി നിലവിലുള്ള ബി.എഡ് കോഴ്സിനു സമാനം ആകുകയാണ്. ഇതേ കോഴ്സ് ഒരു കൊല്ലം കൊണ്ട് ബിരുദാനനന്തര ബിരുദക്കാർക്ക് സ്വന്തമാവുക എന്നത് നീതിയല്ല എന്ന് പറയേണ്ടിയിരിക്കുന്നു. സ്വാഭാവികമായും വിദ്യാർത്ഥികൾ നേരേ മറ്റ് വിഷയങ്ങളൂടെ ഡിഗ്രി ക്ലാസിനോ ബിരുദാനന്തര ബിരുദത്തിനോ പോയിക്കഴിഞ്ഞ്​ അധ്യാപകജോലി വേണമെങ്കിൽ രണ്ടു കൊല്ലം കൊണ്ടോ ഒരു കൊല്ലം കൊണ്ടോ പാസാകുന്ന കോഴ്സ് എടുക്കാനാണ് സാദ്ധ്യത. നാലുകൊല്ലത്തെ കോഴ്സ് എടുത്തവർക്ക് മറ്റ് ജോലിക്ക്​ സാധ്യത ഇല്ലാതാകുന്നതിനാൽ അത് തെരഞ്ഞെടുന്നവർ വിരളമായേക്കാം. അദ്ധ്യാപനത്തിനുവേണ്ടി മാത്രം തയ്യാറാക്കുന്ന നാലുവർഷ കോഴ്സ് പാസ്സായി ഇറങ്ങുന്നവർക്കെല്ലാം ജോലി സാദ്ധ്യതയുളവാകാൻ മാത്രം അധ്യാപകരുടെ എണ്ണം കൂടുമോ എന്ന ചോദ്യം ബാക്കിയാണ്. വിദ്യാർത്ഥികളുടെ എണ്ണം കൂട്ടണമെന്ന് നിർദ്ദേശമുണ്ട്, പക്ഷേ അതിനുള്ള അനുപാതത്തിനു യോജിച്ചതാണോ ഈ കോഴ്സ്​ എന്നും ആലോചിക്കേണ്ടതു തന്നെ.

ഗവേഷണപദ്ധതിയിലെ പ്രായോഗികത

ഗവേഷണത്തിന് പ്രാധാന്യം കൊടുക്കുന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നതായി വിസ്തരിച്ച് പ്രതിപാദിച്ചിട്ടുണ്ട്. 2030 ഓടെ വിവിധ വിജ്ഞാനശാഖകളുള്ള ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങൾ ജില്ലയിലോ അതിനടുത്തോ കാണണമെന്നാണ് വിഭാവനം. വിദ്യാർത്ഥി അംഗത്വം ഇപ്പോഴത്തെ 26.8% ൽ നിന്ന് 50% ആക്കി ഉയർത്തുകയും ലക്ഷ്യങ്ങളിലൊന്നാണ്. ഇവിടെയൊക്കെ അധ്യാപനത്തിന് ഗവേഷണപരിചയമുള്ളവർ ആവശ്യമാണുതാനും. അപ്പോൾ ഗവേഷണപദ്ധതിയോടുള്ള താൽപര്യം ഈ നയം തയറാക്കിയവർക്ക് സ്വാഭാവികമായും കാണും. ഇതിലെ പ്രായോഗികത പരിശോധിക്കപ്പെടേണ്ടതാണ്. ഗവേഷണം എന്നത് ഇന്നും സമൂഹത്തിന്റെ ആദരവോ അംഗീകാരമോ നേടിയെടുക്കാത്ത പദ്ധതിയായി നിലകൊള്ളുന്നു എന്നത് സത്യമാണ്.

ശാസ്ത്രവിഷയങ്ങളിൽ യൂറോപ്പിലേയോ അമേരിക്കയിലേയോ ഒരു യൂണിവേഴ്സിറ്റിയുമായും കിടപിടിക്കാൻ പറ്റിയ ഒരു സ്ഥാപനവും നമുക്കില്ല. മുപ്പതു കൊല്ലങ്ങൾക്കുമുമ്പ് വരെ തീരെ പുരോഗതിയില്ലാതെ നിലകൊണ്ടിരുന്ന ദക്ഷിണ കൊറിയ പോലും ഇന്ന് ഗവേഷണസ്ഥാപനങ്ങളിൽ മുൻപന്തിയിലാണ്. ലോകത്തെ 100 സ്ഥാപനങ്ങളിൽ, ഏറ്റവും കൂടുതൽ സമ്മതി നേടിയ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവയുടെ ലിസ്റ്റിൽ ഒരു ഇന്ത്യൻ സ്ഥാപനം പോലും ഇല്ല. ചില മരുന്നുകമ്പനികളൊഴിച്ച് ഗവേഷണത്തിൽ വ്യാപൃതരാവുന്ന സ്വകാര്യ സ്ഥാപങ്ങളും ഇന്ത്യയിൽ വിരളമാണ്. ജനിതക വിശ്ലേഷണങ്ങൾക്കായുള്ള ആധുനിക സൗകര്യങ്ങളുള്ള ചില ലാബുകൾ രാജ്യത്ത് കണ്ടുതുടങ്ങിയിട്ടുണ്ട്, പക്ഷേ ഗവേഷണ കുതുകികളെ അവ സ്വാഗതം ചെയ്യുന്നില്ല. ഡോക്ടറേറ്റ് എടുത്താൽ തുടർഗവേഷണത്തിനോ ജോലിക്കോ സാദ്ധ്യതയില്ലാത്തതിനാൽ മിടുക്കരായ വിദ്യാർത്ഥികളെ ആകർഷിക്കത്തക്കതായി ഒന്നുമില്ല എന്നതാണ് സത്യം.

മെഡിക്കൽ ഗവേഷണം എന്നത് അപൂർവവും ഒരു ഡോക്ടർക്കും വേണ്ടാത്തതുമാണ്. ധനലാഭം മാത്രം ഉദ്ദേശിച്ച് മെഡിക്കൽ കോളേജിൽ ചേരാനാണ് സമൂഹം വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നതും അവരെ വഴക്കിയെടുക്കുന്നതും. പാശ്ചാത്യരാജ്യങ്ങളിൽ മെഡിക്കൽ ഡിഗ്രിയോടൊപ്പം പിഎഛ്.ഡിയും ചെയ്യുന്ന രീതി ഇവിടെ സ്വപ്നത്തിൽ പോലും വിദ്യാഭ്യാസ വിചക്ഷണർ ചിന്തിച്ചിട്ടില്ല. യൂണിവേഴ്സിറ്റികളോടനുബന്ധിച്ച് മെഡിക്കൽ കോളേജുകൾ തുടങ്ങുകയോ നിലവിലുള്ള മെഡിക്കൽ കോളേജുകൾ യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെടുത്തുകയോ ചെയ്യേണ്ടതാണ്. തുലോം പൂജ്യമായ മെഡിക്കൽ ഗവേഷണം അത്യാവശ്യമായി ഇന്ത്യയിൽ തുടങ്ങേണ്ടതാണ്. പോളിസിയിൽ ഇങ്ങനെയൊന്ന് പരാമർശിക്കപ്പെട്ടിട്ടുപോലുമില്ല. പലതരം ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയോ രോഗങ്ങളെപ്പറ്റിയോ ഗവേഷണം ആവശ്യമാണെന്ന് ഒഴുക്കൻ മട്ടിൽ ഒരു വാചകം മാത്രമുണ്ട്.

ഗവേഷണം എന്നത് ഇന്ത്യയിൽ ഇന്നും തൊഴിൽ സാദ്ധ്യത അധികം ഇല്ലാത്ത മേഖലയാണ്. സ്വതന്ത്രമായ ഗവേഷണശാലകൾ യൂണിവേഴ്സിറ്റികളിൽ വിരളമാണ്. അദ്ധ്യാപനത്തിന് വഴിതേടാനുള്ള ഉപാധി എന്ന ചുരുങ്ങിയ ആവശ്യം നിറവേറ്റപ്പെടുക എന്നതിനു മാത്രമായാണ് ഇത് പോതുബോധത്തിൽ നിലകൊള്ളുന്നത്. ആത്മവീര്യം നൽകുന്നതും ഉത്തേജകവും പ്രതിഭാവിലാസപുഷ്‌ക്കരവുമാണ് ഗവേഷണം എന്നത് സമൂഹം മനസ്സിലാക്കാതെ പോകുന്നത് അങ്ങനെയൊരു വാതാവരണം ഇന്ത്യയിൽ നിലനിൽക്കുന്നില്ല എന്നതുകൊണ്ടാണ്. ഗവേഷണത്തിൽ താൽപര്യം ജനിക്കുന്ന വിദ്യാർത്ഥികൾക്ക് അത് പിന്തുടരാനുള്ള പ്രോൽസാഹനം സമൂഹം പ്രദാനം ചെയ്യുന്നില്ല എന്നതിനാൽ അച്ഛനമ്മമാർ മക്കളെ പ്രോൽസാഹിപ്പിക്കാത്തതിൽ അൽഭുതമില്ല. ഗവേഷണസ്ഥാപനങ്ങളിൽ - പൊതുവോ സ്വകാര്യമോ ആയിക്കൊള്ളട്ടെ- ചെറിയ പ്രൊജക്റ്റുകളിൽ കയറിപ്പറ്റിയ മിടുക്കർ പോലും തൊഴിൽ സാദ്ധ്യതകളുടെ അഭാവം മൂലം അധ്യാപനത്തിലേക്ക് തിരിയുന്നത് സാധാരണമാണ്. ഗവേഷണം എന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് സമൂഹത്തിന് വ്യക്തമായ അറിവ് കിട്ടാതെ ഗവേഷണത്തിനുവേണ്ടി പദ്ധതി തയാറാക്കിയാൽ അത് വിലപ്പോവില്ല. ലോക നിലവാരമുള്ള ഗവേഷണസ്ഥാപനങ്ങൾ സ്ഥാപിച്ച് സർവപിന്തുണയും കൊടുത്ത്, മെഡിക്കൽ/എൻജിനീറിങ് അല്ലാതെ മറ്റ് മേഖലകൾ ഉണ്ടെന്ന് സമൂഹത്തെ പഠിപ്പിച്ചെടുക്കാതെ ഇത് നടപ്പാകുകയില്ല എന്ന് പറയേണ്ടിയിരിക്കുന്നു.

പക്ഷേ, ഇത് എളുപ്പം സാധിച്ചെടുക്കാവുന്നതല്ല. സ്‌കോളർഷിപ്പ്​ എന്ന ആകർഷണത്താൽ വിദ്യാർത്ഥികൾ വന്നണഞ്ഞേക്കാം. പക്ഷെ അവർക്ക് ഉചിതമായ പ്രൊജക്റ്റുകൾ ആവിഷ്‌ക്കരിക്കാനും മാർഗദർശി (ഗൈഡ്) ആവാനും പരിഷ്‌കൃതമായ ലാബുകൾ സ്വന്തവുമായുള്ള പ്രൊഫസർമാർ എവിടെ എന്ന ചോദ്യം ആദ്യം ചോദിക്കേണ്ടിയിരിക്കുന്നു. ഇവരെ ആദ്യം സൃഷ്ടിച്ചെടുക്കേണ്ടിയിരിക്കുന്നു. അത് എങ്ങനെ സാധ്യമാകും എന്നത് കോഴിയോ മുട്ടയോ ആദ്യം എന്ന പോലത്തെ ചോദ്യത്തിൽ എത്തിനിൽക്കും. ലോകത്തെമ്പാടുമുള്ള ഭാരതീയ ശാസ്ത്രജ്ഞരെ തിരിച്ചുവിളിച്ചു വരുത്തുക എന്ന എളുപ്പ പോംവഴിയുണ്ട് തീർച്ചയായും. അത് ഫലവത്താകാനുള്ള സാദ്ധ്യത തീരെ കുറവാണുതാനും. ഇതിനൊക്കെ ഏത് നിർവ്വാഹകസംഘം പ്രവർത്തിക്കും എന്നതിനും വ്യക്തതയുമില്ല. IISER ഏകദേശം ഇതേ ഉദ്ദേശ്യത്തിൽ ആവിഷ്‌ക്കരിച്ചതാണ്. പക്ഷേ പലേ ഐസെറുകളും ഇൻഡ്യൻ സർക്കാർ ഓഫീസുകളെപ്പോലെ ഉദാസീനത പടർന്നു പിടിച്ച സ്ഥാപനങ്ങളാണ്.

ഗവേഷകരെ അധ്യാപകരാക്കാനാണ് ഈ നയനിർമാതാൾക്ക് താൽപര്യം. അത് ഗവേഷണത്തിന്റെ ഉദ്ദേശ്യശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. അധ്യാപനത്തിനുള്ള വഴിതിരിക്കലോ പരിശീലനമോ തയാറെടുക്കലോ ആണ് ഗവേഷണം എന്നത് ഗവേഷണത്തെ വെറും ഒരു ഉപാധി മാത്രം ആക്കുകയാണ്. യു. ജി.സി ആണ് ഇത് തുടങ്ങിവെച്ചത്. അധ്യാപകരെല്ലാം പിഎഛ്.ഡി എടുത്തിരിക്കണമെന്ന് നിയമം കൊണ്ടുവന്നത്. അതോടെ പിഎഛ്.ഡി എന്നത് കളിയാക്കപ്പെടുന്ന വാക്കായി മാറിയത് സുവിദിതമാണ്. ഈ പോളിസിക്കാർ അതിന് കൂടുതൽ കൃത്യത വരുത്തിയിരിക്കുന്നു. ‘All fresh Ph. D. entrants, irrespective of discipline, will be required to take credit-based courses in teaching /education/pedagogy/writing related to their chosen Ph. D. subject during their doctoral training period.' എന്നാണ് അനുശാസനം. പിഎഛ്.ഡി ഗവേഷണം കഴിഞ്ഞ് യൂണിവേഴ്സിറ്റികളിൽ ഫാക്കൽറ്റിയായി കയറുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും ഇതിനോട് ചേർത്തിട്ടുണ്ട്. തീവ്രവും ഗാഢവുമായ ഗവേഷണസംഘം കെട്ടിപ്പടുക്കുകയും മറ്റ് വിദ്യാർത്ഥികളെ ഗവേഷണത്തിലേക്ക് ആകർഷിക്കുയും ചെയ്യുകയാണ് ഇവരുടെ പ്രധാന കർമം എന്ന് പോളിസി നിർമ്മാതാക്കൾ അറിഞ്ഞ മട്ടില്ല. സെക്ഷൻ 17 ൽ ഗവേഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും ഊന്നിപ്പറയുന്നുണ്ടെങ്കിലും അത് എങ്ങനെ സാധിച്ചെടുക്കും എന്ന് വ്യക്തതയില്ല. നല്ല അധ്യാപകരെ സൃഷ്ടിക്കാൻ ഒരു വിഷയത്തിൽ ഗവേഷണം ചെയ്യേണ്ടതില്ല എന്നത് വെറും പ്രാഥമിക അറിവ് മാത്രമാണ്.

പക്ഷേ, ഉത്ക്കർഷതയിയന്ന ഗവേഷണത്തിനുവേണ്ടി മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ടിവരുന്ന ഇന്നത്തെ അവസ്ഥ എങ്ങനെ മാറ്റിയെടുക്കും എന്നതിന് ചില ആലോചനകളുണ്ടെന്നത് മറക്കുന്നില്ല. National Research Foundation (NRF) തുടങ്ങാനും peer reviewed ഗവേഷണപദ്ധതികൾക്ക് പോഷണവും പ്രോൽസാഹനവും നൽകാനും തീരുമാനങ്ങളുണ്ടെന്ന് 17.9 ഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഗവേഷണരംഗത്തെ സംബന്ധിച്ച് ഇത് നൂതനമാണ്. ഗവേഷണത്തിനുള്ള സാമ്പത്തികവിഭവം സമാഹരിക്കാൻ ഗ്രാന്റ് പരിഗണനാഭ്യർത്ഥന (grant proposal) ആവിഷ്‌ക്കരിച്ചെടുക്കാൻ കഴിവുള്ളവരെ സൃഷ്ടിച്ചെടുക്കേണ്ടിയിരിക്കുന്നു. വിദേശങ്ങളിൽ ഇത് പരിചയമുള്ളവരുടെ സഹായം ഇതിന് വേണ്ടിവന്നേക്കും. ഒരു മൂലഭൂത വ്യവസ്ഥ (infrastructure) ഇപ്പോൾത്തന്നെ നിർമിച്ചെടുക്കേണ്ടത് ആവശ്യമായി വരികയാണിവിടെ. അത് എങ്ങനെ സാധിക്കും എന്നതിന് സൂചനകളില്ല. പ്രായോഗികത എന്നതിനെക്കുറിച്ച് അധികം ആലോചിച്ചിട്ടില്ല നയം നിർമിച്ചെടുത്തവർ എന്ന് കരുതേണ്ടിയിരിക്കുന്നു, ഉദ്ദേശ്യശുദ്ധി പ്രകടമാകുന്നുണ്ട് എങ്കിലും. Contingency Professional Development എന്നൊരു പ്രസ്ഥാനത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്, പക്ഷേ അതിന്റെ ഘടന എന്താണെന്നും പങ്കുചേരുന്ന പ്രഗൽഭരെ എവിടെ നിന്ന് കണ്ടെത്തും എന്നൊന്നും വ്യക്തമാക്കിയിട്ടില്ല.

കോച്ചിങ് വേണ്ടാത്ത മൽസരപ്പരീക്ഷകൾ ആവിഷ്‌ക്കരിക്കുമെന്ന് അവകാശപ്പെടുന്നുണ്ട് നയം. അറിവ് പരീക്ഷിക്കപ്പെടുക എന്നത് പാശ്ചാത്യരാജ്യങ്ങളിൽ പണ്ടേ നടപ്പായിട്ടുള്ളത് ഈ രീതി അവലംബിച്ചാണ്. സ്വാഗതാർഹമാണിത്. പക്ഷേ മൽസരബുദ്ധിയിൽ അധിഷ്ഠിതമായ രീതികളിൽ അടിയുറച്ച വിദ്യാഭ്യാസസംസ്‌ക്കാരത്തിൽ ഒരു വൻമാറ്റം സാദ്ധ്യമാകണമെങ്കിൽ സമൂഹത്തിന്റെ മാനസികാവസ്ഥ (mindset) മൊത്തം മാറ്റിയെടുക്കണം, അത് അത്ര പെട്ടെന്ന് നേടിയെടുക്കാവുന്നതല്ല. അദ്ധ്യാപകർക്ക് വലിയ മുന്നൊരുക്കം ആവശ്യമായി വരികയാണിവിടെ. പുതിയ രീതിയിലുള്ള പരീക്ഷകൾക്കുവേണ്ടി സ്‌കൂളുകളും കോളേജുകളും കോച്ചിങ് തുടങ്ങും എന്നത് തീർച്ചയായും വന്നുഭവിക്കാനാണു സാദ്ധ്യത.

അധികാരം, രാഷ്ട്രീയം, ഭരണകൂടം

അധ്യാപകർക്ക്, പ്രത്യേകിച്ചും കോളേജിലെ, ചില സ്വാതന്ത്ര്യങ്ങളുണ്ടെന്ന് 13.4 ൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ പുസ്തകങ്ങൾ NCERT തയാറാക്കുന്നതാണെന്ന് നേരത്തെ പ്രസ്താവനയുണ്ട്. കേന്ദ്രീകൃത പദ്ധതികൾക്ക് ഇന്ത്യയിൽ പ്രത്യേക സ്വഭാവങ്ങളാണുള്ളത്. അമിത രാഷ്ട്രീയവൽക്കരണം എല്ലാ പുരോഗമന ആശയങ്ങളേയും വിഴുങ്ങാറുണ്ട്, സ്വാധീനമനുസരിച്ച് മാറ്റിമറിക്കപ്പെടാറുണ്ട്. ഭരണകൂട അജണ്ട അനുസരിച്ച് വ്യതിചലിക്കുന്നവയാണിവ. ചരിത്രപുസ്തകങ്ങൾ ഈ അജണ്ടയിലൊതുങ്ങാത്ത വസ്തുതകൾ പേറുന്നുണ്ടെങ്കിൽ അവ ത്യജിക്കപ്പെടാവുന്നതാണെന്ന് സമകാലീന ചരിത്രം നമുക്ക് വെളിവാക്കിത്തന്നിട്ടുണ്ട്. പരിണാമസിദ്ധാന്തങ്ങളെ പുച്ഛിച്ച കേന്ദ്രമന്ത്രിമാർ നമുക്കുണ്ട്. ഇന്നത്തെ ശാസ്ത്രപദ്ധതികൾ പലതും രാമായണത്തിലും മഹാഭാരതത്തിലും കാണാമെന്നും അവയിൽ നിന്നുളവായവയാണ് ആധുനിക ശാസ്ത്രമെന്നും ഒരു യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ തന്നെ- അതും ഇന്ത്യയുടെ പരമോന്നത ശാസ്ത്രവേദിയായ സയൻസ് കോൺഗ്രസ്​ ഉദ്ഘാടനവേളയിൽ- പ്രഖ്യാപിച്ചത് ഭരണകൂട ചായ് വുകൾ ശാസ്​ത്രത്തെ ദുഷിപ്പിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. വിദ്യാഭ്യാസം കേന്ദ്രീകൃതമാകുമ്പോൾ പേടിക്കേണ്ടത് ഇത്തരം പ്രവണതകളെയാണ്. ഗോമൂത്രത്തേയും ചാണകത്തേയും പറ്റി ഗവേഷണം ചെയ്യാൻ Department of Science and Technology തന്നെ ഗ്രാന്റ് പ്രൊപ്പോസൽ ക്ഷണിച്ചത് ഗവേഷണരംഗത്തെ ധനസഹായാടിസ്ഥാനങ്ങൾ ഭരണകൂടത്തിന്റെ ചായ്​വുകൾക്ക്​​ അടിമപ്പെട്ടതിന്റെ നാണപ്പെട്ട വെളിപാടാണ്.

ദക്ഷിണ കൊറിയയിലേയും ജപ്പാനിലേയും വിദ്യാഭ്യാസപദ്ധതി ശാസ്ത്രാനുസാരിയായി വളർത്തിയെടുത്തതിനെപ്പറ്റി പരാമർശമുണ്ട് ഈ പോളിസിയിൽ, അത് അനുകരിക്കത്തക്കതാണെന്നും. ഈ രണ്ടു രാജ്യങ്ങളിലേയും ഭരണകൂടത്തിന്റെ ഉറപ്പും നിശ്ചയദാർഢ്യവും ശാസ്ത്രത്തിലുള്ള അപ്രമേയവിശ്വാസവുമാണ് ഇതിനുപിന്നിൽ എന്നത് ഇന്ത്യയിലെ വിദ്യാഭ്യാസ പദ്ധതി മെനയുന്നവർ കൃത്യമായും ഓർത്തിരിക്കേണ്ടതാണ്. ഭരണകൂടം മാറിയാലും പൊതുവായിട്ടുള്ള സമീപനം സ്ഥിരപ്പെടുത്താൻ സമൂഹത്തിന്റെ അവബോധം മാറേണ്ടതുണ്ട്, മാറ്റിയെടുക്കേണ്ടതുണ്ട്. അത് ഭരണത്തിലെത്തുന്നവരെ തെരഞ്ഞെടുക്കുന്നവരിൽ പ്രതിഫലിക്കുകയും വേണം.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments