ആധാർ പോലെ
ജനിതക വിവരങ്ങളടങ്ങിയ
ഡി.എൻ.എ ക്യു ആർ കോഡ് വരുമോ?
ആധാർ പോലെ ജനിതക വിവരങ്ങളടങ്ങിയ ഡി.എൻ.എ ക്യു ആർ കോഡ് വരുമോ?
ലോകം മുഴുവന്‍ ഒരേ തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍, നിങ്ങളുടെ മുഴുവന്‍ ജനിതകവും അടങ്ങിയ മൈക്രോ ചിപ് ഘടിപ്പിച്ചത്, ഒരു സത്യമായി മാറാന്‍ അധികം താമസമില്ല.
29 Oct 2022, 12:16 PM
ജന്തുക്കളുടെ അനാറ്റമിയിലെ സാദൃശ്യങ്ങള്‍, ആഹാരക്രമവും വൈവിദ്ധ്യവും അനുസരിച്ച് പക്ഷികളുടെ കൊക്ക് രൂപപ്പെട്ട് വന്നത്, ഫോസില്‍ വിവരങ്ങള്‍ ഇവയൊക്കെ ആധാരപ്പെടുത്തിയാണ് ഡാര്‍വിന്‍ പരിണാമസിദ്ധാന്തം തെളിയിച്ചെടുത്തത്. ഡി.എന്‍.എ എന്നൊരു വസ്തുവിനെക്കുറിച്ച് യാതൊരറിവും ഇല്ലാതിരുന്ന കാലം. ജനിതകം (Genetics) എന്നൊരു ശാസ്ത്രശാഖ ഇല്ല എന്നുമാത്രമല്ല, അങ്ങനെ ഒരു വാക്കുപോലും വ്യവഹാരത്തിലില്ലാതിരുന്ന കാലം. ഗ്രെഗര്‍ മെന്‍ഡെല്‍ എന്ന പാതിരി ഓസ്ട്രിയയില്‍ തന്റെ പരീക്ഷണങ്ങള്‍ വഴി ജനിതകവിന്യാസങ്ങള്‍ ലളിതമായ രീതിയില്‍ സാവധാനം അറിയിച്ചുകൊണ്ടിരുന്ന കാലം. ഈ അടുത്ത കാലത്താണ് ഡി.എന്‍.എ ചൊല്ലിത്തരുന്ന വ്യാഖ്യാനങ്ങള്‍ പരിണാമത്തിന്റെ പ്രബല തെളിവുകളായി മാറിയത്. വൈറസും ബാക്റ്റീരിയയും മുതല്‍ മനുഷ്യന്‍ വരെയുള്ള എല്ലാ ജന്തു/സസ്യജാലങ്ങളുടേയും പരിണാമ രഹസ്യങ്ങള്‍ ഡി.എന്‍.എ വലക്കണ്ണികള്‍ എളുപ്പം വലിച്ചുപുറത്തിട്ടു. ഡി.എന്‍.എ കോഡുകള്‍ ആധാരമാക്കി പ്രോട്ടീന്‍ നിര്‍മിച്ചെടുക്കുന്നത് ബാക്റ്റീരിയയിലും മനുഷ്യരിലും ഒരുപോലെയാണെന്നും ബില്ല്യണ്‍ വര്‍ഷങ്ങളോളം ഈ ആധാരതന്ത്രം നിലനില്‍ക്കുന്നു എന്നും ജീവന്‍ തുടിയ്ക്കുന്ന എല്ലാറ്റിലും ഒരേ ഡി.എന്‍.എ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നു എന്നുമുള്ള അറിവ് പരിണാമത്തിന്റെ നീണ്ട വഴികളിലെ പ്രത്യേക ഇടങ്ങളില്‍ ജീവജാലങ്ങളെ പ്രതിഷ്ഠിക്കുന്നു.
ചില എല്ലിന്‍തുണ്ടുകള്‍, പല്ലുകള്‍, കല്ലുകള്‍ കൊണ്ടുള്ള ചെറിയ പണിയായുധങ്ങള്‍, കൂടെക്കിട്ടിയ മൃഗങ്ങളുടെ എല്ലുകള്‍, ഭാഷാപരമായ സാജാത്യ- വൈജാത്യങ്ങള്‍ ഇവയൊക്കെ ആധാരമാക്കിയായിരുന്നു മനുഷ്യപരിണാമത്തിന്റെ രൂപരേഖകള്‍ വരഞ്ഞെടുത്തിരുന്നത്. ഫോസിലുകളിലെ ഡി.എന്‍.എ പരിശോധനകളും വിശദമായ അറിവുകളും മനുഷ്യചരിത്ര നിര്‍മിതിയെ അപ്പാടെ മാറ്റിമറിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ മനുഷ്യന്‍ പരിണമിച്ചുവന്നതും യൂറോപ്പിലെത്തിയതും അവിടെ നിയാന്‍ഡെര്‍താല്‍ എന്ന മറ്റൊരു സ്പീഷീസുമായി വേഴ്ചയിലേര്‍പ്പെട്ടതും ഒക്കെ സുവിദിതമാക്കി കാലഗണന തീര്‍പ്പാക്കിയത് ഡി.എന്‍.എ പഠനങ്ങളാണ്. ഇന്ത്യയിലേക്ക് ആര്യന്‍ അധിനിവേശത്തിന്റെ കാര്യത്തിലുണ്ടായിരുന്ന വാഗ്വാദത്തിനറുതി വന്നതും ഡി.എന്‍.എ തെളിച്ചു കൊണ്ടുവന്ന അറിവുകളാലാണ്. ഡെനിസോവന്‍ എന്നൊരു പുതിയ ഹോമിനിന്‍ വകഭേദത്തെ കണ്ടു പിടിച്ചതും ഈ ഡി.എന്‍.എ തന്ത്രങ്ങളാലാണ്.
ആന്ത്രോപോളജി എന്ന മേഖല മോളിക്യുലാര്‍ ബയോളജിസ്റ്റുകള്‍ പെട്ടെന്നാണ് വന്ന് കയ്യേറിയത്. നിരീക്ഷകരുടെ ലോകം പരീക്ഷകരുടെ ലോകത്തിനു വഴിമാറിയ ചരിത്രസന്ധി. തുലോം തുച്ഛമായ മൈക്രോ അളവില്‍ ലഭിയ്ക്കുന്ന ഡി.എന്‍.എ ശുദ്ധീകരിച്ചെടുക്കുന്നതില്‍ നിപുണനായ സ്വാന്റെ പാബോയ്ക്കാണ് ഈ വര്‍ഷത്തെ നോബെല്‍ സമ്മാനം കിട്ടിയത്. സൈബീരിയയില്‍ ഒരു ഗുഹയില്‍ നിന്ന് കിട്ടിയ നിയാന്‍ഡെര്‍താല്‍ ഫോസില്‍ എല്ലുകള്‍, അച്ഛനും അമ്മയും കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിന്റേതാണെന്ന് പെട്ടെന്ന് സ്ഥിരീകരിച്ചതും ഡി.എന്‍.എ അപഗ്രഥനത്താലാണ്. ഒരേ സ്ത്രീയുടെ പല മക്കള്‍ പല ഇടങ്ങളില്‍ കണ്ടതിനാല്‍ സ്ത്രീകള്‍ കുടുംബങ്ങളില്‍ വന്നും പോയിയുമിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടത് പൂര്‍വമനുഷ്യരുടെ സമൂഹചര്യകളിലേക്ക് വെളിച്ചം വീശുന്നു.
പരിണാമചരിത്രത്തോടൊപ്പം സാമൂഹ്യചരിത്രവും ഡി.എന്‍.എ വിശകലനങ്ങളുടെ പുസ്തകത്താളുകളില്‍ വിദിതമാകുന്നു. മനുഷ്യന്‍ പശുവിന്‍പാല്‍ കുടിച്ചുതുടങ്ങിയതിന്റേയും പാല്‍ ദഹിക്കാനുള്ള ജീന്‍, പരിണാമം തെരഞ്ഞെടുത്തതിന്റേയും കാരണങ്ങള്‍ ഇന്ന് ഡി.എന്‍.എ പഠനങ്ങള്‍ വിശദമാക്കുന്നുണ്ട്. ബംഗ്ലാദേശിലുള്ളവര്‍ക്ക് കോവിഡ് ബാധ തീവ്രതരമാകുന്നതിന്റെ കാരണം അവരിലുള്ള ചില നിയാന്‍ഡെര്‍താല്‍ ജീനുകള്‍ കാരണമാണെന്ന് തെളിയിക്കാനൊക്കെ ഡി.എന്‍.എ വിശകലനങ്ങള്‍ക്ക് സാധിയ്ക്കുന്നുണ്ട്.
പ്രോട്ടീന്‍ നിര്‍മിച്ചെടുക്കാന്‍ വേണ്ടിയുള്ള വിവരവും ഗ്രന്ഥക്കെട്ടും സമാഹരിച്ചിരിയ്ക്കുന്ന ഒരു വല്യമ്മാവന്‍ മാത്രമാണ് ഈ നീണ്ട വലക്കണ്ണികള്‍ എന്നു കരുതിയാല്‍ തെറ്റി. ഒരു കോശം എന്തൊക്കെ പ്രോട്ടീനുകള്‍ എപ്പോഴൊക്കെ, എത്രയൊക്കെ നിര്‍മിച്ചെടുക്കണം എന്നത് വലിയ തീരുമാനമാണ്. എപ്പോള്‍ വിഭജിക്കണം എന്നതും മറ്റൊരു പ്രധാന തീരുമാനം. പല പ്രോട്ടീനുകളും ഡി.എന്‍.എക്ക് അറിവുകള്‍ കൊടുക്കുന്നുമുണ്ട് ഇക്കാര്യത്തില്‍. ഡി.എന്‍.എയുടെ ഈ തീരുമാനങ്ങളാണ് നിങ്ങളുടെ സ്വരൂപത്തിന്റെ ആധാരം, പെരുമാറ്റത്തിന്റേയും ഫിസിയോളജിയുടെയും. അതുകൊണ്ട് ഡി.എന്‍.എയുടെ സീക്വെന്‍സ് വിശദവിവരങ്ങള്‍ നിങ്ങളുടെ സ്വത്വത്തിന്റെ ആധാരം തന്നെ. 23 and Me എന്നൊരു കമ്പനിയ്ക്ക് സാമ്പിളയച്ചാല്‍ അവര്‍ നിങ്ങളുടെ പ്രപിതാമഹന്മാരുടെ ചരിത്രവും ഏതൊക്കെ അസുഖങ്ങള്‍ വരാനുള്ള സാധ്യതകളുണ്ട് എന്നതൊക്കെ വിശദമായി പറഞ്ഞുതരും. ഇന്ത്യയിലും ഇപ്പോള്‍ ഇത്തരം ജനറ്റിക് ടെസ്റ്റിംഗ് ലാബുകള്‍ പ്രവര്‍ത്തനനിരതമായിട്ടുണ്ട്. നിങ്ങളില്‍ എത്രശതമാനം വടക്കെ ഇന്ത്യയില്‍ കൂടുതല്‍ കാണപ്പെടുന്ന ജീനുകളുമായി സാമ്യമുണ്ടെന്നൊക്കെ പ്രഖ്യാപിക്കുന്നുണ്ട് ചില ടെസ്റ്റുകള്‍. നമ്മളിലെ നിയാന്‍ഡെര്‍താല്‍, ഡെനിസോവന്‍സ് (മറ്റ് ഹോമൊനിന്‍ സ്പീഷീസുകള്‍) ഡി.എന്‍.എയുടെ ശതമാനവും ഈ ടെസ്റ്റുകള്‍ പറഞ്ഞുതരും.
ഇപ്പോള്‍ തന്നെ പലരാജ്യങ്ങളിലും വിസ്തൃതമായ ഡി.എൻ.എ വിവരങ്ങള്‍ പല മനുഷ്യരുടേതായിട്ട് സംഭരിക്കപ്പെട്ടിട്ടുണ്ട്. കൂടുതലും കുറ്റവാളികളുടേതാണെന്നേയുള്ളൂ. പല ലാബുകളും ആശുപത്രികളും രോഗികളുടെ ഡി.എൻ.എ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 23 and Me പോലെത്ത , ഡി.എൻ.എ വിവരങ്ങള്‍ ശേഖരിച്ച്, നമുക്ക് വിവരിച്ചു തരുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ ധാരാളം. നമ്മുടെ ഡി.എൻ.എ വിശദാംശങ്ങള്‍ പലയിടത്തും എത്തിക്കഴിഞ്ഞു. നമ്മുടെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ മറ്റുള്ളവരുടെ പക്കല്‍ ആയിക്കഴിഞ്ഞിരിക്കുന്നു. രഹസ്യമിനിയൊന്നുമില്ല എന്നുസാരം. അങ്ങനെയെങ്കില്‍ ഡി.എൻ.എ ബാര്‍കോഡ് വഴി തിരിച്ചറിയല്‍ നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ തീരുമാനിക്കാന്‍ സാധ്യതയില്ലേ? അല്ലെങ്കില്‍ ഡി.എൻ.എ വിവരങ്ങളടങ്ങിയ ക്യു.ആർ. കോഡുകള്‍ നിങ്ങളുടെ ഐ.ഡി കാര്‍ഡുകളില്‍ പതിപ്പിച്ചു കാണാന്‍ സാധ്യതയില്ലേ? തീര്‍ച്ചയായും ഉണ്ട്. ഒരു ആധാര്‍ കാര്‍ഡിലോ ഡ്രൈവേഴ്‌സ് ലൈസന്‍സിലോ ഉള്ളതില്‍ കൂടുതല്‍ എത്രയോ വിവരങ്ങള്‍ അതില്‍ അടങ്ങിയിരിക്കണം! അച്ഛന്‍ /അമ്മ വിവരങ്ങളോ മതമോ ജാതിയോ ജനിച്ച ഇടമോ സംബന്ധിച്ച വിവരങ്ങളോ അപ്രസക്തമാക്കിക്കൊണ്ട് നിങ്ങളുടെ- നിങ്ങളുടെ മാത്രം എസ്.ടി.ആർ വിവരങ്ങളും ജീനോം വ്യത്യസ്തതകളും നിങ്ങളുടെ ആകൃതി/പ്രകൃതികളും എല്ലാം അടങ്ങിയ ഒരു ബാര്‍കോഡ് നിങ്ങള്‍ക്ക് ഒരു പ്രത്യേക ഇടം സമ്പാദിച്ച് സ്ഥിരപ്പെടുത്തുകയാണ്. വ്യക്തിത്വത്തിന്റെ എല്ലാ തനിമയും അത് വിളിച്ചോതുന്നുണ്ടാവണം, സാര്‍വ്വലൗകിക ലോകത്തിലെ ഒരു ഇടമായിരിക്കും അത്. മറ്റു വ്യവസ്ഥകളോ വ്യത്യാസങ്ങളോ തരംതിരിക്കാത്ത, മനുഷ്യന്‍ എന്ന സ്പീഷീസിലെ ഒരു പ്രത്യേക അംഗം എന്ന ഒരിടം. ലോകം മുഴുവന്‍ ഒരേ തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍, നിങ്ങളുടെ മുഴുവന്‍ ജനിതകവും അടങ്ങിയ മൈക്രോ ചിപ് ഘടിപ്പിച്ചത്, ഒരു സത്യമായി മാറാന്‍ അധികം താമസമില്ല.
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 100 ല്‍
എതിരൻ കതിരവൻ എഴുതിയ ലേഖനം
പൂർണമായും വായിക്കാം, കേൾക്കാം.
ഇതാ, ഡി.എൻ.എ ഡാറ്റാബേസ് മനുഷ്യൻ ഇനി രഹസ്യമല്ല | എതിരൻ കതിരവൻ
സയിന്റിസ്റ്റ്, എഴുത്തുകാരന്‍
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch