ഏറ്റുമാനൂർ: ‘ഉപാധിയിൽ ഇളവുണ്ടായിരിക്കുന്നതാണ്'

Election Desk

കേരള കോൺഗ്രസി (എം) ന്റെ എൽ.ഡി.എഫ് പ്രവേശനത്തോടെ, കോട്ടയം ജില്ലയിൽ നിർണായക പോരാട്ടം നടക്കാൻ സാധ്യതയുള്ള മണ്ഡലം. കോട്ടയം ജില്ലയിൽ സി.പി.എമ്മിന്റെ ഏക സിറ്റിംഗ് സീറ്റാണിത്. 1991 മുതൽ 2006 വരെ തുടർച്ചയായി നാലുതവണ വിജയിച്ച കേരള കോൺഗ്രസിലെ തോമസ് ചാഴിക്കാടനെ 2011ൽ സുരേഷ് കുറുപ്പ് അട്ടിമറിക്കുകയായിരുന്നു, നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും. 2016ൽ അദ്ദേഹം 8179 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിച്ചതോടെ ഏറ്റുമാനൂർ ഇടതുമണ്ഡലമായി മാറി. കഴിഞ്ഞ രണ്ടുതവണയും സുരേഷ് കുറുപ്പിനോട് മൽസരിച്ച് തോറ്റ തോമസ് ചാഴിക്കാടൻ ഇപ്പോൾ എൽ.ഡി.എഫിനൊപ്പമാണ്.

സുരേഷ് കുറുപ്പ് / വര: ദേവപ്രകാശ്

ഉറച്ച മണ്ഡലമായി സി.പി.എം കരുതുന്ന ഇവിടെ പക്ഷെ, സ്ഥാനാർഥിയുടെ കാര്യത്തിൽ അത്ര ഉറപ്പായിട്ടില്ല. സുരേഷ് കുറുപ്പിന്റെയും സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെയും പേരുകളാണ് സി.പി.എമ്മിന്റെ സാധ്യതാ പട്ടികയിലുള്ളത്.

എന്തിനാണ് സുരേഷ് കുറുപ്പിനെ മാറ്റുന്നത്? തുടർച്ചയായി രണ്ടുവട്ടം മൽസരിച്ചവർ മാറിനിൽക്കണമെന്ന് പാർട്ടി നിർദേശമുണ്ട്. മാത്രമല്ല, അഞ്ചുതവണ പാർലമെന്റിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മൽസരിച്ച ആൾ കൂടിയാണ് അദ്ദേഹം. ഈ പാശ്ചാത്തലത്തിലാണ് വി.എൻ. വാസവന്റെ പേര് ഉയർന്നുവരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൽസരിച്ചവരെ ഒഴിവാക്കണമെന്ന നിർദേശം, വാസവനും വിനയാണ്. എന്നാൽ, ‘വിജയസാധ്യതയുള്ളവർക്ക് ഉപാധിയിൽ ഇളവ് നൽകണം' എന്ന ധാരണ നടപ്പിലായാൽ അത് സുരേഷ് കുറുപ്പിന് ഗുണകരമാകും. ഇനി, തിരുവഞ്ചൂർ രാധാകൃഷ്ണനെ നേരിടാൻ സി.പി.എം സുരേഷ് കുറുപ്പിനെ കോട്ടയത്തേക്ക് നിയോഗിക്കുകയാണെങ്കിൽ വാസവന് ഏറ്റുമാനൂരിൽ മത്സരിക്കാം.

എന്നാൽ, ഏറ്റുമാനൂർ വിട്ട് എങ്ങോട്ടുമില്ലെന്ന നിലപാടിലാണ് സുരേഷ് കുറുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേട്ടമുണ്ടാക്കിയ നേതൃത്വം വാസവന്റേതായിരുന്നു. അതാണ് വാസവന് ഇവിടെ അനുകൂലമായ ഘടകം.
ജോസ് കെ. മാണി സി.പി.എമ്മിന് വിട്ടുകൊടുക്കാൻ
‘തത്വ'ത്തിൽ സമ്മതിച്ച മണ്ഡലം കൂടിയാണ് ഏറ്റുമാനൂർ.

യു.ഡി.എഫിലെ കാര്യങ്ങൾ അതിലേറെ കൗതുകകരമാണ്. ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിലേക്കുപോയതോടെ, ശരിക്കും ഒന്ന് ശ്വാസം വിടാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ, മാണി ഗ്രൂപ്പ് ഒഴിഞ്ഞുപോയ മണ്ഡലങ്ങളിലേക്ക് കോൺഗ്രസ് നേതാക്കളുടെ ഇടിയാണ്, ഏറ്റുമാനൂരിനുവേണ്ടിയാണ് കടുത്ത മത്സരം. ഇതുവരെയുള്ള ഓട്ടത്തിൽ മുന്നിലുള്ളത് മഹിള കോൺഗ്രസ് പട്ടികയിൽ പേരു കൂടിയുള്ള ലതിക സുഭാഷ്. മണ്ഡലത്തിൽ താമസക്കാരിയായ അവർ ഇപ്പോഴേ സജീവമായിക്കഴിഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് എന്നീ കോൺഗ്രസ് നേതാക്കളും മണ്ഡലത്തിൽ സജീവമാണ്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

1957 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫാണ് കൂടുതൽ തവണയും ജയിച്ചത്, രണ്ടുതവണ കോൺഗ്രസ് മത്സരിച്ചപ്പോൾ വൻ ഭൂരിപക്ഷവും നേടാനായി. ഇത് ചൂണ്ടിക്കാട്ടി, മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്നത് പാർട്ടിക്കാരുടെ പൊതുവികാരമാണ്. ഐ ഗ്രൂപ്പാണ് കൂടുതൽ സമ്മർദം ചെലുത്തുന്നത്, ജോസഫ് വാഴക്കൻ, ഫിലിപ്പ് ജോസഫ് എന്നിവരുടെ പട്ടികയുമായി നിൽക്കുകയാണവർ.

എന്നാൽ, ജോസഫ് ഗ്രൂപ്പാകട്ടെ, മണ്ഡലം കോൺഗ്രസിന് വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലുമാണ്. ജോസഫ് ഗ്രൂപ്പിലെ യുവനേതാക്കളായ അഡ്വ. മൈക്കിൾ ജയിംസ്, പ്രിൻസ് ലൂക്കോസ് എന്നിവരാണ് ഓടിനടക്കുന്നത്.

2016ൽ ബി.ഡി.ജെ.എസിന്റെ എ.ജി. തങ്കപ്പൻ 27,540 വോട്ട് നേടിയെന്നതും നിർണായകമാണ്. ബി.ഡി.ജെ.എസ് തന്നെയാകും ഇത്തവണയും മൽസരിക്കുക.

ഏറ്റുമാനൂർ നഗരസഭയും കുമരകം, തിരുവാർപ്പ്, അയ്മനം, അതിരമ്പുഴ, നീണ്ടൂർ, ആറുമാനൂർ പഞ്ചായത്തുകളും അടങ്ങിയതാണ് ഏറ്റുമാനൂർ മണ്ഡലം. എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളായ കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ കൂടി മണ്ഡലത്തിന്റെ ഭാഗമായതോടെയാണ് എൽ.ഡി.എഫിന് കരുത്തേറിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിൽ എൽ.ഡി.എഫാണ് ജയിച്ചത്.


Comments