ആ 'ഊതലിനെ' കുറിച്ചുള്ള
'ഉപദേശത്തിന്റെ' നിജസ്ഥിതി ഇതാണ്
ആ 'ഊതലിനെ' കുറിച്ചുള്ള 'ഉപദേശത്തിന്റെ' നിജസ്ഥിതി ഇതാണ്
ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള മുസ്‌ലിം നാമധാരിയായ ഷാറൂഖ് ഖാനെ മുതല്‍ ദൈനംദിനം ജീവിതത്തില്‍ നിങ്ങള്‍ ഇടപഴകുന്ന ദിവസവേതനക്കാരായ മുസ്‌ലിമിനെ വരെ നികൃഷ്ടരായി ചിത്രീകരിച്ച് അന്യവത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ തുടര്‍ച്ചയാണ് ഉള്ളാള്‍ ദര്‍ഗയുമായി ബന്ധപ്പെട്ട വിവാദം. നേര്‍ച്ചയോടനുബന്ധിച്ച് നടന്ന മന്ത്രിച്ചൂതലല്ല യഥാര്‍ഥത്തില്‍ സംഘപരിവാറിന്റെ പ്രശ്നം. അതിലെ മുസ്‌ലിം സ്വത്വമാണ്. ക്രിക്കറ്റില്‍ തോറ്റാല്‍ ടീമിലെ മുസ്‌ലിമാണ് പ്രതി എന്ന് സമര്‍ഥിക്കുന്നിടത്തേക്ക് കാര്യങ്ങളെത്തുന്നതും ഇതിന്റെ ഭാഗമാണ്.
10 Nov 2021, 03:00 PM
""താലിബാന്‍ കേവലം തോക്കുമായി മാത്രമല്ല നമ്മെ കീഴ്‌പെടുത്തുന്നതെന്ന് ഇനിയും തിരിച്ചറിയാന്‍ കേരളത്തിനു കഴിയുന്നില്ലെങ്കില്‍ മതേതരകേരളം സിറിയയിലേക്കു നടന്നടുക്കാന്‍ ഒരുപാടുകാതം താണ്ടേണ്ടിവരില്ല...''
മതപരമായ ചടങ്ങിനിടെ ഭക്ഷണത്തില്‍ മന്ത്രിച്ചൂതുന്ന മുസ്‌ലിം പുരോഹിതന്റെ വീഡിയോ പങ്കുവെച്ച് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ നല്‍കിയ മുന്നറിയിപ്പാണിത്. പുരോഹിതന്‍ ചോറിലേക്ക് തുപ്പുകയാണെന്നും, പരിഷ്‌കൃത സമൂഹത്തിലെ "നികൃഷ്ടമായ' അനാചാരമാണിതെന്നുമാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
കണ്ണൂർ എട്ടിക്കുളത്തെ താജുല്‍ ഉലമാ ദര്‍ഗയില്‍ നവംബര്‍ 6 മുതല്‍ 8 വരെ നടന്ന ഉറൂസിനിടെ (ആണ്ടുനേര്‍ച്ച) ചിത്രീകരിച്ച ദൃശ്യമാണ് ബി.ജെ.പി. നേതൃത്വം മുസ്‌ലിം അപരത്വം സൃഷ്ടിക്കാനായി ഉപയോഗിക്കുന്നത്. എ.പി. വിഭാഗം സമസ്തയുടെ പ്രസിഡന്റും, സുന്നി പണ്ഡിതനുമായ അബ്ദുള്‍ റഹ്‌മാന്‍ അല്‍-ബുഖാരിയുടെ (താജുല്‍ ഉലമ) ഏഴാമത് ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഉറൂസിനിടെയായിരുന്നു പ്രസ്തുത സംഭവം. താജുല്‍ ഉലമയുടെ മകനും ഉള്ളാല്‍ ഖാസിയുമായ ഫസല്‍ കോയമ്മ തങ്ങള്‍ ഭക്ഷണത്തിലേക്ക് മന്ത്രിച്ച് ഊതുകയായിരുന്നെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ശിഷ്യന്‍ ഹാജി ഹനീഫ് ഉള്ളാളയും ഇത് ശരിവെക്കുന്നതായി ഫാക്ട് ചെക്കിങ്ങ് വെബ്‌സൈറ്റ് ആള്‍ട് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ബി.ജെ.പി നേതാവ് പ്രിതി ഗാന്ധി, ബി.ജെ.പി വക്താക്കളായ ഗൗരവ് ഗോയല്‍, നവീന്‍ കുമാര്‍, എന്നിവരും വിദ്വേഷപ്രചരണത്തിന്റെ ഭാഗമായി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മുസ്‌ലിം മതാചാരങ്ങളുമായി ബന്ധപ്പെട്ടതെല്ലാം "നികൃഷ്ടമാണെന്ന്' വരുത്തിത്തീര്‍ത്ത് പൊതുമണ്ഡലങ്ങളില്‍ നിന്നകറ്റാനുള്ള സംഘപരിവാറിന്റെ ബൃഹദ് പദ്ധതിയുടെ ഭാഗമാണിത്.
ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള മുസ്‌ലിം നാമധാരിയായ ഷാറൂഖ് ഖാനെ മുതല്‍ ദൈനംദിനം ജീവിതത്തില്‍ നിങ്ങള്‍ ഇടപഴകുന്ന ദിവസവേതനക്കാരായ മുസ്‌ലിമിനെ വരെ നികൃഷ്ടരായി ചിത്രീകരിച്ച് അന്യവത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ തുടര്‍ച്ചയാണ് ഉള്ളാള്‍ ദര്‍ഗയുമായി ബന്ധപ്പെട്ട വിവാദം.
2014-ലെ തെരഞ്ഞെടുപ്പ് ജയം മുതല്‍ രാജ്യത്തിന്റെ ഭരണപരമായ കാര്യങ്ങളെ പാടെ അവഗണിച്ച ബി.ജെ.പി, ഭൂരിപക്ഷ വർഗീയവാദവും, മാധ്യമങ്ങള്‍ക്കു മേലുള്ള ഭയാനകമായ നിയന്ത്രണവും, ചങ്ങാത്ത മുതലാളിത്തവും കൂട്ടുപിടിച്ച് രാജ്യത്തിന്റെ പൊതുബോധത്തെ മതാടിസ്ഥാനത്തില്‍ റീ എഞ്ചിനിയറിങ്ങ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ തൊട്ട് ബി.ജെ.പി.യുടെ ദേശീയ നേതാക്കള്‍ വരെ ഒരേ സമയം കേരളത്തിലെ മുസ്‌ലിംകളുടെ മതപരമായ ചടങ്ങില്‍ നടന്ന പ്രവര്‍ത്തിയെ നികൃഷ്ടമാക്കി ചിത്രീകരിക്കുന്നതില്‍ മേല്‍ പറഞ്ഞ റീ എഞ്ചിനിയറിങ്ങിന്റെ എല്ലാ ഘടകങ്ങളുമുണ്ട്.
കേരളത്തിലെ മുസ്‌ലിംകളെ പരാമര്‍ശിച്ചു കൊണ്ടുള്ള ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനകളിലൊക്കെ തന്നെ സ്വാഭാവികമെന്നോണമാണ് "താലിബാന്‍' പ്രയോഗം കടന്നു വരുന്നത്. 2016 മുതലുള്ള സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ മുസ്‌ലിംകളെ അപകടകാരികളാക്കി ചിത്രീകരിക്കാനായി "താലിബാന്‍', "ജിഹാദി'പോലുള്ള സംജ്ഞകള്‍ നിരന്തരം പ്രയോഗിക്കുന്നതായി കാണാം.
2018-ലെ ഫേസ്ബുക്ക് പോസ്റ്റില്‍ കേരളത്തിലെ സി.പി.എമ്മിനെ സുരേന്ദ്രന്‍ അക്രമിക്കുന്നത് കേരളത്തിലെ സി.പി.എം. പൂര്‍ണ്ണമായും താലിബാന്‍ വല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ് എന്ന പ്രയോഗത്തിലൂടെയാണ്.

താലിബാനെതിരെയുള്ള ജനാധിപത്യ പ്രതിഷേധത്തെ മുസ്‌ലിം വിദ്വേഷമാക്കി രൂപാന്തരപ്പെടുത്താനാണ് ബോധപൂര്‍വമുള്ള ഇത്തരം പ്രയോഗങ്ങളിലൂടെ സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് ഇടതു ചിന്തകൻ കെ.ഇ.എന്‍. പറയുന്നു.
പുതിയ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്‌ലിംകളെ താലിബാനുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങള്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ""1921-ലെ സമരത്തിന്റെ 100-ാം വാര്‍ഷികവേളയില്‍ അതിനെ താലിബാനികള്‍ നടത്തിയ ഹിന്ദു വംശഹത്യയായിട്ടാണ് സംഘപരിവാര്‍ നേതാക്കളും അതിന്റെ പ്രസിദ്ധീകരണങ്ങളും അവതരിപ്പിക്കുന്നത്. സാങ്കേതികമായി പോലും മലബാര്‍ കലാപകാലത്ത് നിലവില്‍ വന്നിട്ടില്ലാത്ത താലിബാന്‍ എന്ന സംഘടനയുമായി അതിനെ ബന്ധിപ്പിക്കുന്നത് താലിബാനെതിരെ നിലനില്‍ക്കുന്ന വെറുപ്പിനെ കേരളത്തിലെ മുസ്‌ലിംകളിലേക്ക് പകർത്താനാണ്. സംഘപരിവാറിന്റെ പ്രചാരണ യുദ്ധത്തിന്റെ ഭാഗമാണിത്.'' കെ.ഇ.എൻ. പറയുന്നു.
മലബാര്‍ കലാപകാരികള്‍ സ്വാന്തന്ത്ര്യസമര സേനാനികളാണെന്ന് പറഞ്ഞ സ്പീക്കര്‍ എം.ബി. രാജേഷിനോട്, ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്റെ പ്രതികരണം "താലിബാന്റെ സ്പീക്കര്‍ അല്ല കേരളത്തിന്റെ സ്പീക്കറാണ്, എന്ന് അദ്ദേഹത്തിന് (എം.ബി. രാജേഷ്) ഓര്‍മ്മ വേണം എന്നായിരുന്നു.'
മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എന്തിനേയും പ്രശ്‌നവത്കരിക്കാനും തെറ്റിദ്ധരിപ്പിക്കാനും സംഘപരിവാര്‍ നേതൃത്വം മുന്‍കൈയെടുത്ത് നടത്തുന്ന പ്രചാരണത്തിന്റെ തുടര്‍ച്ചയാണിതെന്ന് എസ്.എസ്.എഫ്. (സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ സി.എന്‍. തിങ്കിനോട് പ്രതികരിച്ചു.
""ഇത്തരം പ്രചാരണങ്ങള്‍ കേവലം വൈകാരികമോ, സൈബര്‍ പോരാളികള്‍ നടത്തുന്ന തെറിവിളികളോ ആയി കാണാന്‍ കഴിയില്ല. ഇപ്പോള്‍ നേര്‍ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദമായാലും, ക്രിക്കറ്റ് ജിഹാദ് ഉള്‍പ്പെടെയുള്ള ചര്‍ച്ചകളായാലും ഉന്നയിക്കുന്നത് ഉത്തരവാദപ്പെട്ടവര്‍ തന്നെയാണ്. അതായത് ഇതൊരു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അജണ്ടയാണ്. അപരവത്കരിച്ച് മാറ്റി നിര്‍ത്തിയാല്‍ ഇല്ലാതാക്കാന്‍ എളുപ്പമാണ്. അപരനെ നിശ്ചയിച്ച് കഴിഞ്ഞാല്‍ അടുത്ത പടി അവരെ മോശക്കാരാക്കി ചിത്രീകരിക്കുക എന്നതാണ്. അത് വഴി ഉന്‍മൂലനം എളുപ്പമാണ്. ജൂതര്‍ക്കെതിരെ ഹിറ്റ്‌ലര്‍ സ്വീകരിച്ചതും ഇതേ തന്ത്രമായിരുന്നു. അപകടകാരിയാണ്, അപരിഷ്‌കൃതരാണ്, രാജ്യദ്രോഹികളാണ് തുടങ്ങിയ ചാപ്പയടികള്‍ പൂര്‍ത്തിയായാല്‍ ബാക്കി പണികള്‍ എളുപ്പമാണെന്ന് സംഘപരിവാറിന് നന്നായറിയാം.'' ജാഫര്‍ പറയുന്നു.
മതാധിപത്യം സ്ഥാപിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണിതെന്നും, മതങ്ങളിലെ അനാചാരങ്ങളെ വിമര്‍ശിക്കാനെന്ന വ്യാജേന മുസ്‌ലിം സ്വത്വത്തെ പൊതുമണ്ഡലത്തില്‍ നിന്നും പാടെ തുടച്ചു നീക്കാനാണ് ബി.ജെ.പി ഉള്‍പ്പടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
""തിരഞ്ഞെടുപ്പുകളില്‍ മേല്‍ക്കൈ എന്നതിനപ്പുറം ആശയപരമായി ഒരു സമൂഹത്തില്‍ വേരുറപ്പിക്കുന്നതിനുള്ള ശ്രമം കൂടി ഇതിന് പിന്നിലുണ്ട്. മതപരമായി നിര്‍വഹിക്കപ്പെടുന്ന പല കാര്യങ്ങളും പ്രത്യക്ഷ യുക്തിക്ക് ഉള്‍ക്കൊള്ളാനാകാത്തതുണ്ടാകാം. അവയെ ആ തലത്തില്‍ നിന്ന് സഹിഷ്ണുതയോടെ നോക്കി കാണാനും സംവാദാത്മകമായി സമീപിക്കാനും ജനാധിപത്യ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. അതിന് പകരം കാരണങ്ങള്‍ വ്യാജമായി പടച്ചുണ്ടാക്കി ഒരു സമൂഹത്തെ അപരവത്കരിച്ച് മാറ്റി നിര്‍ത്താനും അക്രമിക്കാനുമുള്ള ശ്രമമാണ് ഇവിടെ തുടരുന്നത്. നേര്‍ച്ചയോടനുബന്ധിച്ച് നടന്ന മന്ത്രിച്ചൂതലല്ല യഥാര്‍ഥത്തില്‍ സംഘപരിവാറിന്റെ പ്രശ്നം. അതിലെ മുസ്‌ലിം സ്വത്വമാണ്. ക്രിക്കറ്റില്‍ തോറ്റാല്‍ ടീമിലെ മുസ്‌ലിമാണ് പ്രതി എന്ന് സമര്‍ഥിക്കുന്നിടത്തേക്ക് കാര്യങ്ങളെത്തുന്നതും ഇതിന്റെ ഭാഗമാണ്.
ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും സമാനമാണ്. നോണ്‍ ഹലാല്‍ ഭക്ഷണം വിറ്റതിന്റെ പേരില്‍ അക്രമം നടത്തി എന്ന നുണ പ്രചാരണം എത്ര വേഗമാണ് സ്വീകരിക്കപ്പെട്ടത്. എന്തിനേയും താലിബാന്‍, ജിഹാദ് തുടങ്ങിയ പദങ്ങള്‍ ചേര്‍ത്ത് ശത്രുതയുണ്ടാക്കാനുള്ള മനസ്സോടെ പ്രചാരം നല്‍കി വെറുപ്പും സംശയവും സൃഷ്ടിച്ച് പരസ്പരം അകറ്റിയാല്‍ സാമൂഹിക പ്രത്യാഘാതം ഭീകരമായിരിക്കും.''
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയെ തന്നെ ബാധിച്ചേക്കാവുന്ന ഇത്തരം സംഘടിത പ്രചാരണ യുദ്ധങ്ങള്‍ കേവലം മുസ്‌ലിം പ്രശ്‌നമായി മാത്രം ചുരുങ്ങേണ്ടതല്ലെന്നും ജാഫർ പറയുന്നു. ""സമൂഹമൊന്നാകെ സംബോധന ചെയ്യേണ്ട വിഷയമാണ്. കാരണം അതിന്റെ ദുരിതം അനുഭവിക്കേണ്ടിവരിക എല്ലാവരുമാണ്. അതില്ലാതാക്കാനുള്ള ഉത്തരവാദിത്വം എല്ലാ വിഭാഗം ജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്.''
എന്നാല്‍ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം മുസ്‌ലിം ജനവിഭാഗവുമായി അകലം പാലിച്ചു നില്‍ക്കേണ്ടി വരുന്ന രാഷ്ട്രീയാന്തരീക്ഷം ദേശീയ രാഷ്ട്രീയത്തിലെങ്കിലും ബി.ജെ.പി സൃഷ്ടിച്ചെടുത്തിട്ടുണ്ട്.
ജിഗ്നേഷ് മേവാനിയുടേയും, കനയ്യകുമാറിന്റെയും പാര്‍ട്ടി പ്രവേശത്തിന് നല്‍കിയ പ്രാധാന്യവും, പഞ്ചാബില്‍ ദളിത് വിഭാഗത്തിലെ ആദ്യ മുഖ്യന്ത്രിയായി ചരണ്‍ജിത്ത് സിങ്ങ് ചാന്നിയെ അവരോധിച്ചതും പ്രതീക്ഷാര്‍ഹമായി നിലനില്‍ക്കെ, മുസ്‌ലിം വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ കോണ്‍ഗ്രസ് പൊതുവെ അവഗണിക്കുകയാണെന്ന് കാണാം. കശ്മീര്‍ മുസ്‌ലിംങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ആശങ്കകള്‍ സജീവമാക്കി നിലനിര്‍ത്താനോ, സി.എ.എ. സമരത്തിലുള്‍പ്പടെയുള്ള ജനകീയ പ്രക്ഷോഭത്തില്‍ ബി.ജെ.പി ടാര്‍ഗെറ്റിങ്ങിന് വിധേയരായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള മുസ്‌ലിംകളുടെ കാര്യത്തിലോ കോണ്‍ഗ്രസ് താല്‍പര്യം പ്രകടിപ്പിച്ചു കാണുന്നില്ല.
സമാജ്‌വാദി പാര്‍ട്ടിയും തങ്ങളുടെ "മുസ്‌ലിം പാർട്ടി' ഇമേജ് ഉപേക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് സ്‌ക്രോളില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അരുണഭ് സൈകിയ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ പ്രചാരണങ്ങളെ ചെറുക്കാനാണിത്. ഇത്തരത്തില്‍ നേരിട്ടും അല്ലാതെയും മുസ്‌ലിംകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തലാണ് സംഘപരിവാര്‍ പദ്ധതി.
കേരളത്തില്‍ അപരമത വിദ്വേഷത്തിലൂന്നിയുള്ള പ്രചാരണങ്ങള്‍ ബി.ജെ.പി.യെ തെരഞ്ഞെടുപ്പ് ജയത്തിന് സഹായിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമീപഭാവിയിലെ തെരഞ്ഞെടുപ്പ് ജയത്തെക്കാള്‍ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളിലൂടെ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത് കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ അസ്ഥിരപ്പെടുത്താനാണ്.
സംഘപരിവാര്‍ മുന്നോട്ടു വെക്കുന്ന ഈ രാഷ്ട്രീയത്തിനെതിരെ ദേശീയ പാര്‍ട്ടികളുടെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ പ്രതികരണം പ്രതിലോമകരമാണെന്ന് കെ.ഇ.എന്‍. സ്ഥാപിക്കുന്നത് ഇങ്ങനെയാണ്, ""മൃദുഹിന്ദുത്വ പദ്ധതിയിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ബി.ജെ.പിയുടെ ഹിന്ദുത്വ ബ്രാന്റിന് ബദല്‍ കൊണ്ടുവന്ന് അതില്‍ ആകൃഷ്ടരായവരെ തൃപ്തിപ്പെടുത്താനാണ്. ഫാസിസത്തെ ഒരിക്കലും തൃപ്തിപ്പെടുത്താന്‍ കഴിയില്ല, അതിനെ പരാജയപ്പെടുത്താനല്ലാതെ.''
കോണ്‍ഗ്രസിന് കപട മതേതര പാര്‍ട്ടിയെന്ന ലേബല്‍ പതിച്ചു നല്‍കാന്‍ ബി.ജെ.പി പ്രധാനമായും ഉപയോഗിച്ചത് മുസ്‌ലിംകളെയായിരുന്നു. മുസ്‌ലിം ജനവിഭാഗത്തിന് കോണ്‍ഗ്രസ് ഭരണകാലത്ത് പൊതുമണ്ഡലങ്ങളില്‍ ഉണ്ടായിരുന്ന സ്വാഭാവിക സ്വീകാര്യതയെ മുസ്‌ലിം പ്രീണനമായാണ് ബി.ജെ.പി. ചിത്രീകരിച്ചത്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ മുസ്‌ലിം വിഭാഗവുമായി അകലം പാലിക്കാന്‍ കോണ്‍ഗ്രസിനെയും നിര്‍ബന്ധിതരാക്കിയതായി അനുമാനിക്കാം.
ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റര്‍.
Truecopy Webzine
Apr 29, 2022
2 Minutes Read
Delhi Lens
Apr 21, 2022
4 minutes read
ജോണ്‍ ബ്രിട്ടാസ്, എം.പി.
Apr 11, 2022
8 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Apr 09, 2022
3.5 Minutes Read
ഖദീജ മുംതാസ്
Mar 15, 2022
15 minutes read
ഷുക്കൂർ ഉഗ്രപുരം
11 Nov 2021, 07:11 AM
ഏറെക്കുറേ വസ്തുനിഷ്ടമായിത്തന്നെ കാര്യങ്ങൾ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പരിസരം പറയുമ്പോഴും ഇന്ത്യൻ ഫാഷിസത്തെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്ന് മാത്രം പറഞ്ഞു നിർത്തുന്നത് പൂർണ്ണമായും ശരിയല്ല ! ഇവിടെ ഒരു ഇടതുപക്ഷഗവൺമെന്റ് തീവ്ര വലതുപക്ഷമായി മാറി തരം താവുന്നതിനെതിരെ മൗനം പാലിക്കുന്നത് രാഷ്ട്രീയ കാപട്യമാണ്.