കൃഷിഭൂമിയില്‍ കമ്പനിരാജിന് പരവതാനി വിരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ക്കെതിരെ ഇന്ത്യന്‍ കര്‍ഷകര്‍ ഇന്ന് തെരുവിലാണ്. സര്‍ക്കാര്‍ നിയന്ത്രിത കര്‍ഷക കമ്പോളങ്ങളെ പൂര്‍ണ്ണമായും തകക്കുകയും കാര്‍ഷിക മേഖലയെ വന്‍കിട കോണ്‍ട്രാക്ട് ഫാമിംഗ് കമ്പനികളുടെ നിയന്ത്രണത്തലാക്കുകയും ചെയ്യുന്ന കാര്‍ഷിക നിയമഭേദഗതി, തൊഴില്‍, വിദ്യാഭ്യാസ മേഖലകളിലെ ജനവിരുദ്ധമായ പുതിയ നയ- നിയമ നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട ആസൂത്രിതനീക്കത്തിന്റെ അനുബന്ധമാണ്. കര്‍ഷക ജീവിതം നിലനില്‍പിന് പൊരുതുന്ന അവസ്ഥയില്‍, ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ സമകാലിക പ്രതിസന്ധികള്‍ ആഴത്തില്‍ വിലയിരുത്തപ്പെടുന്നു
25 Sep 2020, 11:38 AM
കേന്ദ്ര കൃഷി മന്ത്രി പുതുതായി അവതരിപ്പിച്ച കാർഷിക ഓര്‍ഡിനന്‍സുകള്‍ ഏതൊക്കെയാണ്?
മൂന്ന് ഓര്‍ഡിനന്‍സുകളാണ് പാർലമെൻറ് പാസാക്കിയത്:
1. ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്റ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്റ് ഫാം സര്‍വ്വീസ് ബില്‍- 2020
2. ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേര്‍സ് പ്രമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍ ബില്‍- 2020
3. എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ്) ആക്ട്- 2020.
പുതിയ നിയമ ഭേദഗതികളെ ചരിത്രപരമായ നീക്കം എന്ന് പ്രധാനമന്ത്രി തന്നെ വിശേഷിപ്പിച്ചിരിക്കുന്നുവല്ലോ? പിന്നെന്തിനാണ് തര്‍ക്കം?
ചരിത്രപരമായ നീക്കമാണെന്നതില്‍ തര്‍ക്കമില്ല. കാരണം, സംസ്ഥാന വിഷയമായ കൃഷി മേഖലയിലെ നിയമ നിര്‍മ്മാണത്തിനുമുമ്പ് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന കൂടാതെയുള്ള ഈ നിയമഭേദഗതി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന രീതിയിലുള്ള ചരിത്രത്തിലെ ഏറ്റവും ദുഷിച്ച നീക്കം തന്നെയാണ്.
രണ്ടാമത്, കര്‍ഷകര്‍ക്ക് ഏറെ നേട്ടമുണ്ടാക്കുമെന്ന് പറയപ്പെടുന്ന ഭേദഗതികളെ സംബന്ധിച്ച് പാര്‍ലമെന്റില്‍ വലിയ ചര്‍ച്ച കൂടാതെ, കര്‍ഷക സംഘടനകളുമായി കൂടിയാലോചിക്കാതെ, കോവിഡ് കാലത്ത്, നാല് ദിവസത്തിനുള്ളില്‍ പാസാക്കിയെടുക്കേണ്ട അവസ്ഥ എങ്ങനെ സംജാതമായി എന്നതിനെക്കുറിച്ച് ഭരണകര്‍ത്താക്കള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു?
മൂന്നാത്തെ കാര്യം, കേന്ദ്ര സര്‍ക്കാരില്‍ ഘടക കക്ഷികളായ ശിരോമണി അകാലി ദള്‍ എന്തുകൊണ്ടാണ് ഈ നിയമ ഭേദഗതികളെ എതിര്‍ക്കുന്നത്? എന്തുകൊണ്ടാണ് സംഘപരിവാറിന് കീഴിലെ കര്‍ഷക സംഘടനകള്‍ ബിൽ പാര്‍ലമെന്ററി സെലക്ട് കമ്മറ്റിയുടെ പരിശോധനക്ക് അയക്കണമെന്നാവശ്യപ്പെട്ടത്?
ഇവയൊക്കെ സൂചിപ്പിക്കുന്നത് ഈ ബിൽ തിരക്കുപിടിച്ച് പാസാക്കുന്നതിന് പിന്നില്‍ വ്യക്തമായ ചില ഉദ്ദേശ്യങ്ങള്‍ സര്‍ക്കാരിനുണ്ട് എന്നാണ്.
മിനിമം സഹായ വില (Minimum Support Price-MSP) അല്ലെങ്കില്‍ താങ്ങുവില സംബന്ധിച്ച് ചില തല്‍പര കക്ഷികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്താണ് വാസ്തവം?
രാജ്യത്തെവിടെയും സ്വകാര്യ വിപണിയിലായാലും സര്‍ക്കാര്‍ ചന്തകളിലായാലും മിനിമം സഹായ വില ലഭ്യമാകും വിധം നിയമപരമായ അവകാശം ഉറപ്പുവരുത്തുക എതാണ് കര്‍ഷകര്‍ക്ക് വേണ്ടി ചെയ്യേണ്ട കാര്യം. എന്നാല്‍ പുതിയ നിയമത്തില്‍ അത്തരത്തില്‍ ഒരു ഉറപ്പും നല്‍കുന്നില്ല. പുതിയ നിയമത്തില്‍, പ്രൈസ് അഷ്വറന്‍സ് എന്ന് വെറുതെ എഴുതിവെച്ചതല്ലാതെ ഇക്കാര്യത്തില്‍ ഒരു നിയമ പരിരക്ഷയും കര്‍ഷകര്‍ക്ക് ലഭ്യമാകുന്നില്ല.
കാര്‍ഷിക ഉൽപന്നങ്ങള്‍ക്ക് മിനിമം സഹായ വില ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. നിലവില്‍ 23ഓളം വിളകള്‍ക്ക് മാത്രമേ MSP പ്രഖ്യാപിച്ചിട്ടുള്ളൂ. ബാക്കി കാര്‍ഷിക വിളകള്‍ക്കുകൂടി അവ ലഭ്യമാക്കണം എന്ന കര്‍ഷകരുടെ ആവശ്യം ഗവണ്‍മെന്റ് പരിഗണിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ കാര്‍ഷികോല്‍പന്ന വിപണി കമ്മിറ്റികളെ (Agriculture ) അപ്രസക്തമാക്കുന്ന പുതിയ നിയമത്തിലൂടെ കര്‍ഷകരെ ചൂഷണത്തിന് എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്.
സര്‍ക്കാര്‍ മണ്ഡികളുടെ (ചന്തകളുടെ) കുത്തക തകര്‍ത്ത് കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ എവിടെയും വില്‍പന നടത്താവുന്ന രീതിയില്‍ വലിയ വിപ്ലവമാണ് ഈ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ നടത്തിയിരിക്കുതെന്ന് അവകാശപ്പെടുന്നുണ്ടല്ലോ?
സര്‍ക്കാര്‍ ചന്തകള്‍ അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റികള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ എന്താണ് സംഭവിക്കുതെന്ന് മനസ്സിലാക്കിയാല്‍ ഈ വാദം പൊള്ളയാണെന്ന് തിരിച്ചറിയും.

ബീഹാറിൽ എ.പി.എം.സികള്‍ പ്രവര്‍ത്തിക്കുന്നില്ല. അവിടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മിനിമം വിലയ്ക്കും വളരെ താഴെയാണ് കര്‍ഷകര്‍ക്ക് വില ലഭിക്കുന്നത്. 2017 മുതല്‍ 2019 വരെയുള്ള കണക്ക് മുകളിൽ കൊടുക്കുന്നു. 25- 50 ശതമാനം വരെ വിലക്കുറവാണ് സ്വകാര്യ വിപണിയില്‍ സര്‍ക്കാരിന് ലഭിക്കുന്നതെന്ന് കണക്ക് തെളിവു നല്‍കും. 2019ല്‍ നെല്ലിന് ക്വിന്റലിന് 1815 രൂപ മിനിമം സഹായ വില സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വകാര്യ വിപണിയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 1350 രൂപ മാത്രമായിരുന്നു. അതായത് 25% കുറവ്! 2018ല്‍ ചോളത്തിന് ക്വിന്റലിന് 1700 രൂപ എം.എസ്.പി ഉണ്ടായിരുന്നപ്പോള്‍ കര്‍ഷകര്‍ക്ക് സ്വകാര്യ വിപണിയില്‍ ലഭിച്ചത് 800- 1050 രൂപ വരെയാണ്; 40 - 50% വരെ കുറവ്! സര്‍ക്കാര്‍ ചന്തകളുടെ കുത്തക ഇല്ലാത്ത സ്ഥലങ്ങളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാം.
സര്‍ക്കാര്‍ മണ്ഡികള്‍ ഉണ്ടായിട്ടും കര്‍ഷകര്‍ക്ക് സഹായം ലഭിക്കാത്തതെന്തുകൊണ്ടാണ്?
സര്‍ക്കാര്‍ ചന്തകളും എ.പി.എം.സികളും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് സര്‍ക്കാരുകളുടെ പിടിപ്പുകേടുകൊണ്ടാണ്. ഇതിന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ കൂട്ടുത്തരവാദികളാണ്. നിലവില്‍ ആറ് ശതമാനം കര്‍ഷകര്‍ക്കേ മിനിമം സഹായ വിലയ്ക്ക് ഉല്‍പ്പന്നം വിറ്റഴിക്കാന്‍ സാധിക്കുന്നുള്ളൂ. ബാക്കി 94% കര്‍ഷകരും സ്വകാര്യ കച്ചവടക്കാരുടെ ചൂഷണത്തിന് വിധേയരാണ്. സര്‍ക്കാര്‍ വിപണന കേന്ദ്രങ്ങള്‍ ആവശ്യത്തിനില്ലാത്തതും, ഉള്ളവ തന്നെ ദൂരെ സ്ഥലങ്ങളിലായതിനാലും, സര്‍ക്കാര്‍ ചന്തകളില്‍ വിറ്റാല്‍ ഉടന്‍ പണം ലഭ്യമാകാത്ത അവസ്ഥയും ഒക്കെച്ചേര്‍ന്നാണ് കര്‍ഷകര്‍ക്ക് ഈ ഗതി. ഗവണ്‍മെന്റുകളുടെ തന്നെ പിടിപ്പുകേട് മറച്ചുവെച്ച് കാര്‍ഷിക മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പുതിയ നിയമ ഭേദഗതികൾക്ക് ഒരുതരത്തിലുള്ള മേന്മയും ഇല്ലേ?
പുതിയ നിയമ ഭേദഗതികളില്‍ സൂചിപ്പിച്ച മിക്കവാറും കാര്യങ്ങള്‍ കുറച്ചു കാലങ്ങളായി പലവിധ ഓര്‍ഡിനന്‍സുകളിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങളാണ്. അതായത്, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കുന്നതിനാവശ്യമായ പല ഭേദഗതികളും നടപ്പിലാക്കിക്കഴിഞ്ഞിരിക്കുന്നുവെന്ന് അര്‍ത്ഥം.

2019 ജൂലൈയില്‍ കേന്ദ്ര കൃഷി മന്ത്രാലയം അവതരിപ്പിച്ച പ്രസന്റേഷനാണ് മുകളിൽ. അതില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. വിപണി നിയന്ത്രണം ഒഴിവാക്കുന്നത് തൊട്ട് സ്വകാര്യ വിപണികള്‍ തയ്യാറാക്കുന്നതിനുള്ള എല്ലാ ഇടപാടുകളും നേരത്തെ ആസൂത്രണം ചെയ്തു കഴിഞ്ഞിരിക്കുന്നു എന്ന്ഇതിലൂടെ മനസ്സിലാക്കാം. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ കര്‍ഷകരുടെ എതിര്‍പ്പ് ശക്തമാകും എന്ന് തിരിച്ചറിഞ്ഞാണ് കോവിഡ് കാലത്ത്, ധൃതിപിടിച്ച്, ഓര്‍ഡിനന്‍സുകള്‍ വഴി ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്.
കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പങ്ങള്‍ അവര്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് ഇഷ്ടമുള്ള വിലയ്ക്ക് വില്‍ക്കാനുള്ള അവസരമല്ലേ ഈ ബില്ലിലൂടെ സൃഷ്ടിക്കപ്പെടുന്നത്?
പുതിയ ബില്ലിലൂടെ രണ്ട് തരം വിപണികളാണ് രാജ്യത്ത് രൂപപ്പെടാന്‍ പോകുന്നത്. ഒന്ന് സര്‍ക്കാര്‍ നിയന്ത്രിത വിപണി. അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക സര്‍ക്കാര്‍ അധികൃതര്‍ തന്നെയായിരിക്കും. അവിടെ നികുതി, സെസ്സ്, ഫീസ് എന്നിവ ഏര്‍പ്പെടുത്തിയിരിക്കും. രണ്ടാമത്തെ വിപണി സ്വകാര്യ ഏജന്റുമാരുടെയും ട്രേഡ് കാര്‍ട്ടലുകളുടെയും നിയന്ത്രണത്തിലുള്ളതും സര്‍ക്കാര്‍ നിയന്ത്രണങ്ങളോ നികുതികളോ സെസ്സുകളോ ഒന്നും ഇല്ലാത്തതുമായിരിക്കും. ഭാഷ മുതല്‍ പെന്‍ഷന്‍ വരെ ഒന്നായിരിക്കണമെന്ന അഖണ്ഡ മന്ത്രം ഉരുവിടുന്നവരാണ് ഇത്തരത്തില്‍ രണ്ട് വിപണികള്‍ക്ക് അവസരം ഒരുക്കുന്നത്.
എന്താണ് യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്?
കര്‍ഷകര്‍ കാലാകാലങ്ങളായി ഉയിക്കുന്ന ആവശ്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
1. ഉത്പാദനച്ചെലവ്, (വിത്ത്, വളം, കുടുംബത്തിന്റേതടക്കമുള്ള കൃഷിയിലുള്ള അധ്വാനം) ഭൂമിയുടെ പാട്ടം എന്നിവയോടൊപ്പം ഉത്പാദനച്ചെലവിന്റെ 75% ചേര്‍ത്ത് എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും മിനിമം സഹായ വില പ്രഖ്യാപിക്കുക. മിനിമം സഹായവില നിയമപരമായ അവകാശമാണെന്ന് ഉറപ്പുവരുത്തുക.
2. സര്‍ക്കാര്‍ മണ്ഡികള്‍ (ചന്തകള്‍), സംഭരണ കേന്ദ്രങ്ങള്‍ എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. രാജ്യമെമ്പാടും 22,000 നെല്ല് സംഭരണ കേന്ദ്രങ്ങളും 44,000 ഗോതമ്പ് സംഭരണ കേന്ദ്രങ്ങളുമാണുള്ളത്. ഒരു പതിറ്റാണ്ടായി സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്തിരിഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ത്യയിലെ കാര്‍ഷിക ഉൽപ്പന്നങ്ങള്‍ പൂര്‍ണ്ണമായും സംഭരിക്കാന്‍ ശേഷിയുള്ളത്ര സംഭരണ കേന്ദ്രങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
3. സബ്‌സിഡികള്‍, സൗജന്യങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കും വിധം നിയമ നിര്‍മ്മാണം നടത്തുക. നിലവില്‍ രാസവള-കീടനാശിനി കമ്പനികള്‍ക്കാണ് അതുസംബന്ധിച്ച് ഇളവുകള്‍ നൽകുന്നത്. ഈ രീതി മാറണം.
4. കാര്‍ഷിക കടം എഴുതിത്തള്ളുമ്പോള്‍ ചെറുകിട കര്‍ഷകര്‍ക്ക് നേട്ടം ലഭ്യമാകുംവിധം നിയമനടപടി സ്വീകരിക്കുക. നിലവില്‍ എഴുതിത്തള്ളുന്ന കാര്‍ഷിക കടങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ വന്‍കിട കൃഷിക്കാര്‍ മാത്രമാണ്. ഇന്ത്യയിലെ ഏതാണ്ട് 85% കര്‍ഷകരും ചെറുകിട കര്‍ഷകരാണ്. അതായത് അഞ്ച് ഏക്കറില്‍ താഴെ മാത്രം ഭൂമിയുള്ളവര്‍. കൃത്യമായ ഭൂരേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ വട്ടിപ്പലിശക്കാരെയാണ് കടം വാങ്ങുന്നതിന് ഇവര്‍ സമീപിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കടാശ്വാസം അനുവദിക്കുമ്പോള്‍ ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും അതിന്റെ നേട്ടം ലഭിക്കാത്തതിന്റെ കാരണമിതാണ്.
5. കൃഷി ഭൂമി സംബന്ധിച്ച തര്‍ക്കം പരിഹരിച്ച്, കര്‍ഷകര്‍ക്ക് കൈവശാവകാശ രേഖ ലഭ്യമാക്കുന്നതിന് നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക. ഭൂമിയുടെ കൈവശാവകാശ രേഖ സംബന്ധിച്ച തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ലക്ഷക്കണക്കാണ്. മുഴുവന്‍ കോടതികളും അടുത്ത പത്ത് കൊല്ലം 24 മണിക്കൂര്‍ ചെലവഴിച്ച് പണിയെടുത്താല്‍ പോലും ഈ തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ പറ്റാത്ത സാഹചര്യമാണ്. അതുകൊണ്ട് ഭൂമി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും കര്‍ഷകര്‍ക്ക് ഭൂമിയിലുള്ള അവകാശം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
6. വനാവകാശ നിയമം നടപ്പിലാക്കുക. 2005ല്‍ പാസാക്കിയ വനാവകാശ നിയമത്തിന്റെ നേട്ടം ഒന്നരപ്പതിറ്റാണ്ടിന് ശേഷവും നാലുശതമാനം ആദിവാസികള്‍ക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇത് വനമേഖലയിലെ ആദിവാസി കര്‍ഷകരെ സംബന്ധിച്ച് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പുതിയ നിയമഭേദഗതികളിലൂടെ കാര്‍ഷിക മേഖലയില്‍ വന്‍തോതിലുള്ള സ്വകാര്യ നിക്ഷേപം കടന്നുവരുമെന്നാണല്ലോ സര്‍ക്കാര്‍ അവകാശപ്പെടുന്നത്? അത് കര്‍ഷകര്‍ക്ക് ഗുണകരമാകുകയില്ലേ?
കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളഞ്ഞശേഷം വന്‍കിട സ്വകാര്യ കമ്പനികളെ ആ മേഖലയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന ഏത് രാജ്യത്തെയും കര്‍ഷകരുടെ അവസ്ഥ പരിതാപകരമാണെന്നതിന് നിരവധി തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. 1960 മുതല്‍ കാര്‍ഷിക മേഖലയിലെ നിയന്ത്രണം എടുത്തു കളഞ്ഞ അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ വികസിത രാജ്യങ്ങളിലെ കര്‍ഷകരുടെ അവസ്ഥ തന്നെ ഉദാഹരണം. ഈ രണ്ട് രാജ്യങ്ങളിലും കര്‍ഷക ആത്മഹത്യ ഗണ്യമായ തോതില്‍ ഉയര്‍ന്നതിന് കാരണം മറ്റൊന്നല്ല. അമേരിക്കയിലെ കര്‍ഷകരുടെ വരുമാനം 1960നുശേഷം താഴോട്ടാണ് എന്നത് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
സ്വകാര്യ കമ്പനികള്‍ കര്‍ഷക വിരുദ്ധങ്ങളാകുന്നതെങ്ങിനെ എന്നറിയാന്‍ കൂടുതല്‍ ദൂരെ പോകേണ്ടതില്ല. 2016ല്‍ പെപ്‌സി കമ്പനി ഗുജറാത്ത് കര്‍ഷകരെ കോടതി കയറ്റിയത് മാത്രം ഓര്‍ത്താല്‍ മതി. പെപ്‌സി കമ്പനി വികസിപ്പിച്ചെടുത്ത എഫ്എല്‍-2027 എന്ന പ്രത്യേകയിനം ഉരുളക്കിഴങ്ങ് വിത്ത് കൃഷി ചെയ്തുവെന്നതിന്റെ പേരില്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു കമ്പനി. ജനകീയ പ്രതിഷേധം കാരണം മാത്രമായിരുന്നു അന്ന് കര്‍ഷകര്‍ അതില്‍ നിന്ന്രക്ഷപ്പെട്ടത്.
കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയുകയും വില നിശ്ചയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് ലഭിക്കുകയും ചെയ്തു കഴിഞ്ഞാല്‍ പാവപ്പെട്ട കര്‍ഷകരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.
കെ. സഹദേവന്‍
Jan 28, 2023
12 Minutes Read
കെ. സഹദേവന്‍
Jan 27, 2023
3 Minutes Read
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read
കെ. സഹദേവന്‍
Nov 10, 2022
16 Minutes Watch
കെ. സഹദേവന്‍
Nov 05, 2022
10 Minutes Read
മനില സി.മോഹൻ
Oct 17, 2022
10 Minutes Watch
ഡോ. സ്മിത പി. കുമാര്‍
Oct 06, 2022
6 Minutes Read
പ്രകാശൻ A
27 Sep 2020, 09:25 PM
കർഷകരുടെ അധ്വാനത്തേയും കർഷകനേയും നാമാവശേഷം ചെയ്യുന്ന ഈ അധമ നിയമത്തെ നിഷകരുണം തള്ളി കളയുക