‘കൃഷിയെ ഡിജിറ്റൈസ്​ ചെയ്യാനുള്ള കേന്ദ്ര പദ്ധതിയിൽ ഞങ്ങൾക്ക്​ ആശങ്കകളുണ്ട്​’

കാർഷിക രംഗത്തെ ഡിജിറ്റൈസ് ചെയ്യാനുള്ള കേന്ദ്ര സർക്കാറിന്റെ IDEA പദ്ധതിയുടെ കരടിൽ ആശങ്ക പ്രകടിപ്പിച്ച് ASHA Kisan Swaraj, Bharatiya Kisan Union (Tikait), Jai Kisan Andolan, Internet Freedom Foundation, Rethink Aadhaar, Swathanthra Malayalam Computing(SMC) തുടങ്ങി 91 കർഷക, ഡിജിറ്റൽ റൈറ്റ്‌സ് സംഘടനകൾ കേന്ദ്രത്തിന് സംയുക്തമായി നൽകിയ കത്ത്

Think

കാർഷിക മേഖലയെ ഡിജിറ്റൈസ്​ ചെയ്യാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇന്ത്യൻ ഡിജിറ്റൽ എക്കോസിസ്റ്റം ഓഫ് അഗ്രിക്കൾച്ചറിനെ (IDEA) കുറിച്ച്​ പ്രതികരണം ആരായുന്ന സർക്കാർ നടപടിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. IDEA- യെ കുറിച്ച് ജൂൺ ഒന്നിന് കേന്ദ്ര കാർഷിക, കർഷക ക്ഷേമ വകുപ്പ് മന്ത്രാലയം ജനങ്ങൾക്കുമുന്നിൽ സമർപ്പിച്ച കൺസൾട്ടേഷൻ പേപ്പറിനെക്കുറിച്ച്​ ചില ആശങ്കകൾ പങ്കുവെക്കുകയാണ്​.

കർഷക ശാക്തീകരണത്തിനും അവരുടെ ഉപജീവന മാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ ടെക്‌നോളജിയുടെ ചില സാധ്യതകൾ യാഥാർഥ്യമാക്കേണ്ടത് അനിവാര്യമാണെന്ന് ആദ്യം തന്നെ ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ അത്തരം ഒരു ഡിജിറ്റൽ സംവിധാനത്തിന്റെ ആന്തരഘടന വികസിപ്പിക്കുന്നതിൽ തുടങ്ങി, അതിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പും സർക്കാറിൽ നിക്ഷിപ്തമായിരിക്കണം, മറിച്ച് സ്വകാര്യ കമ്പനികളിലാവരുത്. അതു കൊണ്ടു തന്നെ, ഇത് നടപ്പിലാക്കുന്ന രീതിയെ കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്.

ഉദാഹരണത്തിന്, ഒരു ഡിജിറ്റൽ എക്കോസിസ്റ്റത്തിൽ കർഷകർക്ക് വേണ്ട ആവശ്യങ്ങളെ ജനാധിപത്യ പ്രക്രിയയിലൂടെ മനസ്സിലാക്കുന്നതിന് പകരം, നിലവിൽ ഗവർമെൻറിന്റെ പക്കലുള്ള പരിമിതികളും, കുറവുകളുമുള്ള ഡാറ്റാബേസുകളെ അടിസ്ഥാനമാക്കിയാണ് ഇതിനെ സമീപിച്ചു തുടങ്ങുന്നത്. അതുപോലെ, പാരിസ്ഥിതിക സുസ്ഥിരത, സാമൂഹിക നീതി ഉറപ്പു വരുത്തൽ, സാമ്പത്തിക സുരക്ഷ തുടങ്ങിയ ലക്ഷ്യങ്ങളെയല്ല പ്രസ്തുത പദ്ധതി അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നത്. ഇത്തരം ലക്ഷ്യങ്ങളുടെ അസാന്നിധ്യം കർഷകർക്ക് തിരിച്ചടിയാണ്.

അതിനാൽ, പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളേയും മറ്റു തൽപരകക്ഷികളേയും ചേർത്ത് അർത്ഥപൂർണവും സമഗ്രവുമായ കൂടിയാലോചന നടത്തുന്നതു വരെ ഇത് നടപ്പിലാക്കരുതെന്ന് ഇന്ത്യൻ സർക്കാറിനോട് പൊതുവേയും, Development of Centralised Farmers’ Database and creation of framework for Digital Ecosystem of Agriculture ടാസ്‌ക്‌ഫോഴ്‌സിനോട് പ്രത്യേകിച്ചും ഞങ്ങൾ ആവശ്യപ്പെടുന്നു. ആത്യന്തികമായി ഡിജിറ്റൽ എക്കോസിസ്റ്റം നിർമാണത്തിനായി കർഷകരുടെ ഡാറ്റയാണല്ലോ പ്രധാനമായും ഉപയോഗിക്കുന്നത്.

ഞങ്ങളുടെ ആശങ്കകൾ

1. കൂടിയാലോചനകൾക്ക് മുമ്പ് പദ്ധതി നടപ്പിലാക്കിയത്: വിവിധ ഐ.ടി. കോർപറേഷനുകളുമായി ധാരണപത്രത്തിൽ ഒപ്പു വെച്ചതിലൂടെ, കൺസൾട്ടേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ പദ്ധതി നടപ്പിലാക്കിയാതായി മനസ്സിലാക്കാം. പങ്കാളിത്ത സമീപനത്തിലൂടെ വിശാലമായ അടിസ്ഥാനഘടന നിർമ്മിക്കുന്നതു വരെയെങ്കിലും ഇത്തരം പ്രാരംഭഘട്ട പരീക്ഷണങ്ങൾ നടത്താൻ കാത്തിരിക്കാമായിരുന്നു.

2. ഉള്ളടക്കം അപ്രാപ്യം: കൺസൾട്ടേഷൻ പേപ്പർ ഇംഗ്ലീഷിലാണെന്നു മാത്രമല്ല, സാങ്കേതിക പദങ്ങൾ കുത്തിനിറച്ചുമാണത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിലെ ഉള്ളടക്കം സാധാരണ കർഷകന് അപ്രാപ്യമാകുന്നതോടെ അർത്ഥവത്തായ കൂടിയാലോചനകൾക്ക് സാധ്യതയില്ലാതാവും.

3. ഭൂരേഖകളുടെ അഭാവം:ഡിജിറ്റെസ്ഡ് ഭൂരേഖകളുടെ പരിതാപകരമായ അവസ്ഥ കണക്കിലെടുക്കുമ്പോൾ, ഇതിന്റെ അടിസ്ഥാനത്തിൽ കർഷകരുടെ ഡാറ്റാബേസ് നിർമ്മിക്കാനുള്ള തീരുമാനം ഒഴിവാക്കലുകളിലേക്കും മറ്റു പ്രശ്‌നങ്ങളിലേക്കും നയിക്കും. കർഷകരുടേയും ഭൂമി നിയന്ത്രിക്കുന്ന ആളുകളുടേയും വിവരങ്ങൾ ശേഖരിക്കുന്നതിൽ ഭൂ രേഖകളുടെ ഡിജിറ്റെസ്ഡ് ശേഖരം പരാജയമാണ്.

4. ഉടമസ്​ഥത അവ്യക്​തം:IDEA/Agristack -ന്റെ ഉടമസ്ഥതയും, ഇതിന്റെ വിവിധ ഘടകങ്ങളും അവ്യക്തമാണ്. തത്വപരമായും നയപരമായും, കാർഷിക രംഗത്തിന് വേണ്ടി വികസിപ്പിക്കുന്ന ഡിജിറ്റൽ ആന്തരഘടനയുടെ ഉടമസ്ഥത, നിയന്ത്രണം, എന്നിവ കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ നിക്ഷിപ്തമായിരിക്കണം.

5. ഈ പദ്ധതിയിൽ ആർക്കാണ് ലാഭം?: കർഷകരുടെ സാമ്പത്തിക താൽപര്യങ്ങൾ ഉറപ്പുവരുത്താനുള്ള വ്യവസ്ഥകൾ ഇതിൽ ഇല്ലാതിരിക്കുമ്പോഴും, ഡിജിറ്റൽ എക്കോസിസ്റ്റത്തിൽ ഭാഗഭാക്കാവുന്ന മറ്റ് കക്ഷികൾ സ്വീകരിക്കേണ്ട റവന്യു മോഡൽ ഊഹിക്കാവുന്നതാണ്. ഈ ഡിജിറ്റൽ എക്കോസിസ്റ്റത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന കർഷകർക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തിലും, പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ചും അവ കർഷക സൗഹാർദമായിരിക്കുമോ എന്നതിനെക്കുറിച്ചും വ്യക്തതയില്ല. സ്റ്റേറ്റ് ഡിപാർട്ട്‌മെന്റുകളും ഏജൻസികളും ഉൾപ്പടെ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ കക്ഷികളുടെ അക്കൗണ്ടബിലിറ്റി മെക്കാനിസത്തെ കുറിച്ചും പരാമർശമില്ല.

6. ഡാറ്റയുടെ മേലുള്ള പരമാധികാരവും കർഷകരുടെ അനുമതിയും: കർഷകർക്ക് അവരുടെ ഡാറ്റയിടെ മേൽ മെച്ചപ്പെട്ട നിയന്ത്രണം നൽകി, അവരുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ശക്തമായ കൺസൻറ്​ ഫ്രെയിംവർക്ക് രൂപീകരിക്കേണ്ടത് അനിവാര്യമാണ്. ഒരു വ്യക്തിയുടെ ഡാറ്റ ഉപയോഗിച്ച് നടത്തുന്ന ഏതൊരു പദ്ധതിയിലും പ്രസ്തുത വ്യക്തിയെ അതിന്റെ ഭരണപ്രക്രിയയുടെ ഭാഗമാക്കി പദ്ധതിയിലെ തൽപരകക്ഷിയായി ഉൾപ്പെടുത്തണം.

7. കർഷക താൽപര്യം സംരക്ഷിക്കപ്പെടുമോ?:ഡാറ്റാ സംരക്ഷണ നിയമങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിൽ ഈ പ്രക്രിയ നിയമസാധുതയുടെ അഭാവത്തിലാണ് നടക്കുന്നത്. അതു വഴി കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടാതെ പോകും.

8. കർഷക നിയന്ത്രണം വേണം:കർഷകർക്ക് തങ്ങളുടെ ഡാറ്റയുടെ മേലുള്ള അധികാരം ഉറപ്പാക്കാൻ ഡാറ്റ കൈമാറ്റങ്ങളിൽ ആവശ്യമായ നിയന്ത്രണങ്ങൾ വേണം.

9. കർഷക പ്രാതിനിധ്യമില്ല:നിലവിലുള്ള ടാസ്‌ക് ഫോഴ്സിലോ, IDEA യുടെ ഭരണപരമായ ഘടനയിലോ കർഷകർക്ക് പ്രാതിനിധ്യം ഇല്ല.

10. ഫെഡറൽ വ്യവസ്​ഥിതിക്ക്​ ദോഷകരം:സംസ്ഥാനങ്ങളിലെ സാമ്പത്തിക നിക്ഷേപങ്ങളെ ഈ പ്രൊജക്ടിന്റെ ഏറ്റെടുക്കലുമായി ബന്ധിപ്പിക്കുകയും, പ്രസ്തുത പ്രൊജക്ട് ഏറ്റെക്കാനും നടപ്പിൽ വരുത്താനും സംസ്ഥാനങ്ങളെ നിർബന്ധിക്കുകയും വഴി ഭരണഘടന പ്രദാനം ചെയ്യുന്ന ഫെഡറൽ വ്യവസ്ഥിതിയെ ഇത് ദോഷകരമായി ബാധിക്കും. സംസ്ഥാനങ്ങളിൽ നിന്ന് സമാഹരിച്ച ആകെയുള്ള ഡാറ്റ (aggregated database), കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി പങ്കു വെക്കില്ലെന്നാണ് പ്രാരംഘട്ടത്തിലെ റിപ്പോർട്ടുകളും അനുഭവങ്ങളും സൂചിപ്പിക്കുന്നത്.

11. അസന്തുലിതാവസ്​ഥ:നിലവിലുള്ള അസമത്വങ്ങളോടൊപ്പം, അപര്യാപ്തമായ ഡിജിറ്റൽ പ്രാപ്യതയും സാക്ഷരതയും കൂടിച്ചേരുന്നതോടെ, അസന്തുലിതമായ നിലമൊരുങ്ങും. പദ്ധതിയിൽ കർഷകന് എത്രത്തോളം അധികാരം ഉണ്ടായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അവൾക്ക്/ അവന് ഭാഗികമായ പങ്കാളിത്തത്തിന് താൽപര്യമുണ്ടെങ്കിൽ അതിനോ, അതല്ല പൂർണ്ണമായും മാറിനിൽക്കാൻ സാധിക്കുമോ എന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.

മേൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടവയാണ്, മറിച്ച് നിലവിൽ ശ്രമിക്കുന്നതു പോലെ തിടുക്കപ്പെട്ട് ഡിജിറ്റേഷൻ പ്രക്രിയ ആരംഭിക്കുകയല്ല വേണ്ടത്. ഉദാഹരണത്തിന്, മിക്കവാറും സംസ്ഥാനങ്ങളിൽ സമഗ്രമായ റീ സർവെ ഇല്ലാതെയാണ് ഭൂ രേഖകൾ ഡിജിറ്റൈസ് ചെയ്തത്. ഇതു കാരണം ഭൂവുടമസ്ഥരുടേയും കർഷരുടേയും കൃത്യമായ വിവരങ്ങൾ ലഭിക്കാതെ യഥാർത്ഥ സാഹചര്യം രേഖപ്പെടുത്താതെ പോകും. ഇത് ചെറുകിട കർഷകരുടെ അവകാശങ്ങൾക്ക് തിരിച്ചടിയാവും.

കൺസൾട്ടേഷൻ പേപ്പർ സമഗ്രമായി പുനഃപരിശോധിക്കാനും, കാർഷികവൃത്തിയിൽ ഡിജിറ്റൽ ടെക്‌നോളിക്കുള്ള സ്ഥാനം നിർണയിക്കാൻ വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും നിർദേശങ്ങളും പരിഗണിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഡിജിറ്റൈസേഷൻ പ്രക്രിയ തിടുക്കപ്പെട്ട് നടത്തുന്നത് പുതിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഭൂ രേഖകൾ ഡിജിറ്റൈസ് ചെയ്തപ്പോൾ സംഭവിച്ചതുൾപ്പടെയുള്ള ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. സോഫ്റ്റ്‌വെയർ കോഡുകൾ കൊണ്ട് നിയമത്തേയും, ഡിജിറ്റൽ ആർക്കിഡെക്ച്ചർ ഡിസൈൻ കൊണ്ട് നയരൂപീകരണത്തേയും പുനഃസ്ഥാപിക്കാൻ പാടില്ല. ഒരു ടെക്‌നിക്കൽ ഡോക്യുമെന്റായി പ്രസിദ്ധീകരിച്ച ഈ പേപ്പർ കാർഷിക നയത്തെ അടിസ്ഥാനപരമായി ബാധിക്കുമെന്ന് ഞങ്ങൾ ഭയക്കുന്നു.

മേൽ പറഞ്ഞതു പോലെ, പൊതുവായ ചർച്ചകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നിരുന്നാലും അതിനെ അർത്ഥപൂർണവും, പങ്കാളിത്ത സമീപന പ്രക്രിയയും ആക്കി കർഷകരുടെ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ, ചില കാര്യങ്ങൾ നടപ്പിലാക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു.

പൊതുജനങ്ങളിൽ നിന്നും കർഷകരിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിന്റെ അവസാന തിയ്യതി നീട്ടണം. സാധാരണക്കാരന് മനസ്സിലാക്കാനും വിലയിരുത്താനും പറ്റുന്ന രീതിയിൽ വിവിധ ഇന്ത്യൻ ഭാഷകളിൽ കൺസൾട്ടേഷൻ പേപ്പറിലെ ഉള്ളടക്കം പ്രസിദ്ധീകരിക്കണം.

കർഷകരുടേയും കർഷക സംഘടനകളുടേയും, മറ്റു മേഖലകളിലെ വിദഗ്ധരുടേയും പങ്കാളിത്തം ഉറപ്പുവരുത്താൻ കൺസൾട്ടേഷനും, ഓറൽ ഹിയറിങ്ങും നടത്തണം.

മേൽ പറഞ്ഞ കൺസൾട്ടേഷൻ പ്രക്രിയ പൂർത്തിയാക്കി, അതിൽ നിന്ന്​ലഭിക്കുന്ന നിർദേശങ്ങൾ കൂടി ഉൾക്കൊള്ളിക്കുന്നതു വരെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നത് നിർത്തിവെക്കണം. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത സാഹചര്യത്തിൽ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ കമ്പനികളുമായി പങ്കുവെക്കുമ്പോൾ പ്രത്യേകിച്ചും.

കാർഷികമേഖലയുടെ ഡിജിറ്റൽ എക്കോസിസ്റ്റം നിർമിക്കുന്ന പ്രക്രിയയിൽ സർക്കാർ പൊതുജനാഭിപ്രായം തേടുന്നതിനാൽ ഞങ്ങളിത് സമർപ്പിക്കുന്നു. ഈ കത്തിൽ പരാമർശിച്ചിരിക്കുന്ന ആശങ്കകളും, മേൽ പറഞ്ഞ പ്രകാരമുള്ള വിശാലാർത്ഥത്തിലുള്ള കൂടിക്കാഴ്ചകളിൽ നിന്നു ലഭിക്കുന്ന നിർദേശങ്ങളും പരിഗണിച്ച് നിലവിലത്തെ സമീപനത്തിൽ ടാസ്‌ക് ഫോഴ്‌സ് മൗലികമായ മാറ്റങ്ങൾ കൊണ്ടു വരാനും തയ്യാറാകണം.

ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുന്ന മൂന്ന് Annexure അടങ്ങുന്ന കത്തിന്റെ പൂർണ്ണരൂപം വായിക്കാം


Comments