'ഘർ വാപസി', വിജയിച്ച കർഷകർ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു

കർഷക സമരം മുൻപോട്ടു വെച്ച പ്രധാന ആവശ്യങ്ങൾ എല്ലാം സർക്കാർ ഔദ്യോഗികമായി തന്നെ അംഗീകരിച്ചതിനാൽ ദില്ലിയുടെ വിവിധ അതിർത്തികളിൽ കഴിഞ്ഞ ഒരു വർഷമായി നടന്നിരുന്ന ഐതിഹാസികമായ സമരം പിൻവലിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിക്കുകയും ഡിസംമ്പർ 11ന് സമരപ്പന്തലുകൾ നീക്കം ചെയ്ത് തിരികെപ്പോകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഈയവസരത്തിൽ പ്രക്ഷോഭ കേന്ദ്രങ്ങളിലെത്തിപ്പെട്ട മനുഷ്യരെ ഇത് എങ്ങിനെയൊക്കെ സ്വാധീനിച്ചുവെന്ന് പരിശോധിക്കുകയാണ് ലേഖിക

"ർ വാപസി' (വീടുകളിലേക്കുള്ള മടക്കം) എന്ന വാക്ക് ഈ ദശാബ്ദം ഏറ്റവും കൂടുതൽ കേട്ടത് സംഘപരിവാർ നാവുകളിൽ നിന്നാണ്. ആദിവാസി-മത ന്യൂനപക്ഷ വിഭാഗങ്ങളെ ഭീഷണിയുടെയും ഭയത്തിന്റെയും നിഴലിൽ നിർത്താൻ അവർ ഏറ്റവും കൂടുതൽ ഉപയോഗിച്ചതും ഈ വാക്ക് തന്നെ. സ്വയം തിരഞ്ഞെടുപ്പിന്റെയും സ്വാഭിമാനത്തിന്റെയും നിഷേധ രൂപമെന്ന നിലയിലായിരുന്നു വർത്തമാന ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ ഈ പദം വിന്യസിക്കപ്പെട്ടത്. ദക്ഷിണേന്ത്യക്കാർക്ക് പൊതുവിൽ അന്യമായ ഈ പദം കർഷക പ്രക്ഷോഭ കേന്ദ്രങ്ങളിലൊന്നായ തിക്രിയിലെ ഗ്രാമീണ കർഷകരുടെ മുഖത്തുനിന്നും കേട്ടപ്പോൾ ചെറിയൊരു വിമ്മിഷ്ടം അനുഭവപ്പെട്ടുവെന്നത് സത്യമാണ്. എന്നാൽ പഞ്ചാബിലെ ബർണാലയിലെ തുനോല ഗ്രാമത്തിൽ നിന്നുള്ള 75 വയസ്സുകാരിയായ കൽവിന്ദർ കൗർ പഞ്ചാബി കലർന്ന ഹിന്ദിയിൽ വളരെ ആവേശത്തോടെയും അതിലുപരി അഭിമാനത്തോടെയും "ഘർ വാപ്സി'യെക്കുറിച്ച് സംസാരിച്ചപ്പോൾ, ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന സങ്കുചിതവും ഏകാത്മകവുമായ അർത്ഥതലങ്ങളല്ല അതിനുള്ളതെന്നും, നിശ്ചയദാർഢ്യത്തിന്റെയും നേടിയെടുക്കലിന്റെയും വ്യാപ്തി അത് ഉൾക്കൊള്ളുന്നുണ്ടെന്ന് ബോധ്യമായി.

കൽവിന്ദർ കൗർ 2020 നവമ്പർ 26ന് ദില്ലിയിലേക്കുള്ള ട്രാക്ടർ റാലിയിൽ പങ്കെടുത്ത് ഹരിയാന-ദില്ലി അതിർത്തികളിലൊന്നായ തിക്രിയിൽ എത്തിയ അനേകം സ്ത്രീകളിൽ ഒരാളാണ്. ഭാരതീയ കിസാൻ യൂണിയൻ ഏകത (ഉഗ്രാഹ്)യിലെ അംഗമായ കൽവിന്ദർ ഈ ഒരു വർഷക്കാലയളവിൽ വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ബർണാലയിലെ വീട്ടിലേക്ക് പോയിരുന്നുള്ളൂ. ഇപ്പോൾ മാസങ്ങൾക്ക് ശേഷം കർഷക സംഘടനകൾ മുന്നോട്ടുവെച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് "ഘർ വാപ്സി'ക്കുള്ള തയ്യാറെടുപ്പ് നടത്തുമ്പോൾ, നാട്ടിൽ നിന്ന് തിരിച്ചുവന്ന അതേ കൽവിന്ദർ കൗർ അല്ല തിരികെ പോകുന്നതെന്ന് അവരുടെ വാക്കുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇത് കേവലം ഒരു കൽവിന്ദറിന്റെയോ അല്ലെങ്കിൽ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഏതാനും സ്ത്രീകളുടെയോ മാത്രം കാര്യമല്ല. കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത ഓരോ വ്യക്തിയുടെയും മനോഭാവങ്ങളിൽ ആഴത്തിലുള്ള മുദ്രകൾ പതിപ്പിക്കാൻ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ പ്രക്ഷോഭത്തിന് സാധിച്ചുവെന്നത് നിഷേധിക്കാൻ കഴിയാത്ത സംഗതിയാണ്.

കർഷക സമരം മുൻപോട്ടു വെച്ച പ്രധാന ആവശ്യങ്ങൾ എല്ലാം സർക്കാർ ഔദ്യോഗികമായി തന്നെ അംഗീകരിച്ചതിനാൽ ദില്ലിയുടെ വിവിധ അതിർത്തികളിൽ കഴിഞ്ഞ ഒരു വർഷമായി നടന്നിരുന്ന ഐതിഹാസികമായ സമരം പിൻവലിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിക്കുകയും ഡിസംമ്പർ 11ന് സമരപ്പന്തലുകൾ നീക്കം ചെയ്ത് തിരികെപ്പോകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഈയവസരത്തിൽ പ്രക്ഷോഭ കേന്ദ്രങ്ങളിലെത്തിപ്പെട്ട മനുഷ്യരെ ഇത് എങ്ങിനെയൊക്കെ സ്വാധീനിച്ചുവെന്ന കാര്യം പരിശോധിക്കുന്നത് കൗതുകകരമാണ്.

സമരം ഒരു സർവ്വകലാശാലയാകുന്നു എന്ന് പറഞ്ഞത് പഞ്ചാബിലെ സംഗ്രൂരിൽ നിന്നുള്ള സുഹൃത്തായ സമിന്ദർ സിംഗ് ലോംഗോവാൾ ആണ്. സമര മുഖത്തുള്ള കർഷകരുമായുള്ള സംഭാഷണങ്ങളെല്ലാം ബോധ്യപ്പെടുത്തിയതും അത് തന്നെയാണ്. സാമൂഹിക മുന്നേറ്റങ്ങൾ സംഘടിത പഠനത്തിന്റെ അല്ലെങ്കിൽ ഗുപ്ത പഠനത്തിന്റെ (ഹിഡൻ ലേർണിംഗ്) വലിയതും തുറന്നതുമായ ക്ലാസ് മുറികൾ ആണ് ഒരുക്കുന്നത്. ആ പഠനാനുഭവങ്ങളാവട്ടെ കൂടുതൽ സ്ഥായിത്വമുള്ളതും, അനുഭവപരമായ ആശയ സമ്പാദനത്തെ മുൻനിർത്തിയതും ആയിരിക്കും. തുടക്കംതൊട്ടുതന്നെ സമര സ്ഥലത്തു എത്തിയവരും, സമരത്തിൽ പങ്കെടുക്കാൻ വേണ്ടി ഗ്രാമങ്ങളിൽ നിന്ന് ഊഴം അനുസരിച്ചു വന്നുപോകുന്നവരും ഒരേപോലെ സമരത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചും, തങ്ങൾ നേരിടുന്ന ദുരിതങ്ങളുടെ യഥാർത്ഥ കാരണങ്ങളെ കുറിച്ചും അവബോധരാണ് എന്ന് കാണാം. സ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള, പഞ്ചാബിൽ നിന്നുള്ള ബൽവിന്ദർ സിംഗ് പങ്കുവെച്ചത് കോർപറേറ്റു ഭീമന്മാർ എങ്ങിനെയാണ് രാജ്യത്തെ പൗരന്റെ അവകാശങ്ങളെ കവർന്നെടുക്കുന്നത് എന്നതിനെ കുറിച്ച് മാത്രമല്ല സൂക്ഷ്മമായി തന്നെ പഞ്ചാബിലെ കാർഷിക മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ -പ്രത്യേകിച്ച് ജല പ്രശ്നം, മണ്ണിന്റെ ഉർവ്വരതാ നഷ്ടം- കുറിച്ചുള്ള സ്ഥിതിവിവര കണക്കുകളോടു കൂടിയ നിരീക്ഷണങ്ങൾ ആയിരുന്നു.

പുതിയ കാർഷിക നിയമങ്ങക്കെതിരെ രൂപപ്പെട്ട പ്രതിഷേധം വെറുമൊരു ഫാസിസ്റ്റു ഭരണകൂടത്തിന്റെ സേച്ഛാധിപത്യപരമായ നിലപാടുകൾക്ക് എതിരായ ഒരു മുന്നേറ്റമായി മാത്രം പരിമിതപ്പെടാതെ ശക്തമായ പ്രതിരോധങ്ങൾ തീർത്തുകൊണ്ടു ചങ്ങാത്ത മുതലാളിത്തത്തിനെതിരെയും അതിനു പശ്ചാത്തലമാകുന്ന ഉദാരവൽക്കരണ രാഷ്ട്രീയ നയങ്ങളെയും പ്രതികൂട്ടിൽ നിർത്തി കൊണ്ട് കൂടുതൽ വിശാലാർത്ഥത്തിൽ കരുത്താർജ്ജിക്കുകയായിരുന്നു. അത്തരമൊരു സമര ലക്ഷ്യത്തിന്റെ രാഷ്ട്രീയ യുക്തിക്കു കാർഷിക മേഖലയിലെ ഭൂവുടമകളെയും, ഭൂരഹിതരെയും, കർഷക തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ തൊഴിലാളി വർഗ്ഗങ്ങളെയും, പാരിസ്ഥിതിക ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സാമൂഹിക വിഭാഗങ്ങളെയും ഉൾകൊള്ളാൻ സാധിക്കുമെന്ന് തുടക്കത്തിലേ തിരിച്ചറിഞ്ഞതു തന്നെയാണ് സമരത്തിന്റെ വിജയത്തിലേക്കും ഭരണകൂടത്തിന്റെ പരാജയത്തിലേക്കും നയിച്ചത്. മോദിയെയും, അദാനി-അംബാനിമാരെയും ധൈര്യപൂർവം വെല്ലുവിളിക്കുന്ന മുദ്രാവാക്യങ്ങൾ ഒരു ജനാവലിയിൽ നിന്ന് മാത്രമല്ല, സമര വീഥികളിൽ നമ്മൾ കണ്ടു മുട്ടുന്ന ഗ്രാമീണ സ്ത്രീകളുടെ ചെറു സംഘങ്ങളിൽ നിന്ന് പോലും കേൾക്കുമ്പോൾ സാമൂഹിക മുന്നേറ്റങ്ങൾ നിർവഹിക്കുന്ന വിദ്യാഭ്യാസപരമായ ദൗത്യങ്ങൾ നമ്മുക്ക് എളുപ്പം തിരിച്ചറിയാൻ സാധിക്കും. സമരം ഉണ്ടാക്കിയ ഈ രാഷ്ട്രീയ ഉണർവ് വരും നാളുകളിൽ സംസ്ഥാനങ്ങളുടെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കാതിരിക്കില്ല എന്ന് അവരും ഉറപ്പിക്കുന്നുണ്ട്. അസ്വസ്ഥമാകുന്ന സിവിൽ സമൂഹത്തിന്റെ കൂടിച്ചേരലുകളും, അവർക്കിടയിൽ ഉണ്ടാകുന്ന രാഷ്ട്രീയ ഉണർവും, അതിൽ നിന്ന് രൂപപ്പെട്ടു വ്യാപിക്കുന്ന സാമൂഹിക മുന്നേറ്റങ്ങളുമാണ് ലോകത്തെവിടെയും ഫാസിസ്റ്റു ഭരണാധികാരികളെ എടുത്തു പുറത്തു കളഞ്ഞിട്ടുള്ളത്. കർഷക രോഷത്തിനു മുൻപിൽ മോദി ഭരണകൂടത്തിനേറ്റ ഈ രാഷ്ട്രീയ പ്രഹരം വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്കെല്ലാമുള്ള രാഷ്ട്രീയ പാഠമാവുകയും ചെയ്യുന്നു.

കേവലമായ ജനസഞ്ചയമല്ല നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് നിരന്തരമായി നമ്മെ ബോധ്യപ്പെടുത്തികൊണ്ടിരുന്നു, സമര സ്ഥലത്തെ ഓരോ കർഷകനും അവരൊരുക്കിയ സമര സജ്ജീകരണങ്ങളും. സാമൂഹിക മുന്നേറ്റങ്ങൾ എങ്ങിനെയാണ് നിശ്ചയ ദാർഢ്യത്തിന്റെ, നൈര്യന്തരത്തിന്റെ, നവീകരണത്തിന്റെ അനന്യമായ വഴികൾ തിരയേണ്ടതും കണ്ടെത്തേണ്ടതും നടപ്പിലാക്കേണ്ടതും എന്ന് പഠിപ്പിക്കാൻ കർഷക സമരത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് കാണാം. തുടക്കം മുതൽ തന്നെ പരിചിതമായ സമര ശൈലികളിൽ നിന്ന് ഭിന്നമായി തനതായ സമരമുറകൾ സമയോചിതമായി പരീക്ഷിക്കാനും, പുതുക്കാനും കർഷക നേതൃത്വം ശ്രമിച്ചതിന്റെ ഫലമാണ് അതിർത്തികളിൽ നിന്ന് ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും രാജ്യമൊട്ടാകെയും പടർന്ന സമരോർജ്ജത്തെയും പ്രതീക്ഷകളെയും ജ്വലിപ്പിച്ചു നിർത്തിയത്. വിജയിക്കേണ്ട 'സംഘടിത മുന്നേറ്റങ്ങൾ' നേതൃത്വങ്ങളാലല്ല സ്വയാവബോധരായ അണികളാലാണ് നയിക്കപ്പെടുന്നത് എന്ന പുതിയ സമര ബോധനശാസ്ത്രം (Prottse Pedagogy) മുൻപോട്ടു വെക്കാൻ കർഷക സമരത്തിനു സാധിച്ചു. തങ്ങൾക്കു ചെയ്യാൻ കഴിയുന്ന സേവനങ്ങൾ കൊണ്ട് സമരവേദികളിലേക്ക് എത്തുന്നവരെ സമര പങ്കാളിത്തത്തിലേക്കു ഒന്ന് ചേർക്കുന്ന 'ഇൻക്ലൂസിവിറ്റി' ആയിരുന്നു ആ സമര ബോധനശാസ്ത്രത്തിന്റെ പ്രവർത്തന തത്വം. സമര സ്ഥലത്ത് യുവാക്കൾ എവിടെ എന്ന ഞങ്ങളുടെ തന്നെ ചോദ്യങ്ങൾക്കു അവർ പറഞ്ഞ് 'ഞങ്ങൾ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ച്, സമരത്തിന് വേണ്ടി പറ്റാവുന്ന വിഭവങ്ങൾ സമാഹരിച്ചു, ആളുകളെ സംഘടിപ്പിച്ചു, സാമൂഹിക മാധ്യമങ്ങൾ വഴി നിരന്തരം സമരത്തെ കുറിച്ച് ലോകത്തെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു, സമര ഗാനങ്ങൾ തയ്യാറാക്കി ....'. നേതൃ വിജയം എന്നില്ലാതെ പ്രത്യക്ഷ ജനാധിപത്യത്തിന്റെ വിജയമായി ഈ സമരം അടയാളപ്പെടുത്തുന്നതും അതുകൊണ്ടു തന്നെയായിരിക്കും.

സാമൂഹിക മുന്നേറ്റങ്ങളിൽ പങ്കാളിത്തം നിർവഹിക്കുന്നതിലും ഒരു പൊതു ആവശ്യത്തെ മുൻനിർത്തി സംഘടിച്ചു മുൻപോട്ടു വരുന്നതിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഏറെ കടമ്പകൾ താണ്ടേണ്ടി വരുന്ന സാഹചര്യം ഇന്ത്യൻ സമൂഹത്തിലുണ്ട്. അത് പ്രധാനമായും ആണധികാര സമൂഹം നിർമ്മിച്ചെടുത്ത സ്ത്രീ പദവിയെ സംബന്ധിച്ച, അവരുടെ ഉത്തരവാദിത്വങ്ങളെ സംബന്ധിച്ച ചട്ടക്കൂടുകളും അതിർവരമ്പുകളും തന്നെയാണ്. സാമൂഹിക കർതൃത്വം ആർജ്ജിച്ചെടുത്തുകൊണ്ട് സംഘടിത ബോധ്യത്തിന്റെ ഒപ്പം സഞ്ചരിക്കാൻ തുടങ്ങുന്ന സ്ത്രീകൾ ഒരേസമയം പൊളിച്ചെഴുതുന്നത് ഈ ആണധികാര സാമൂഹിക ഘടനയെയും ഒപ്പം തങ്ങളുടെ തന്നെ വ്യക്തിഗത ഇടങ്ങളെയും കൂടിയാണ്. സിംഘു, തിക്രി അതിർത്തികളിലെ സമര കുടിലുകളിൽ കണ്ടുമുട്ടി സംസാരിച്ച പല സ്ത്രീകളും ഇത്തരം സത്താപരമായ പരിണാമങ്ങളിലൂടെ കടന്നുപോയവരാണെന്നു ഉറപ്പിച്ചു പറയാം. സാമൂഹിക ഘടനയിലും, വിഭവാധികാരങ്ങളിലും പുരുഷാധിപത്യ പ്രവണത കൂടുതലുള്ള, ദേശീയ ശരാശരിയേക്കാൾ സ്ത്രീ -പുരുഷ അനുപാതം കുറഞ്ഞിരിക്കുന്ന സംസ്ഥാനങ്ങൾ ആണ് പഞ്ചാബും ഹരിയാനയും. പാരമ്പര്യ സ്വത്തുക്കളിൽ യാതൊരു അവകാശവും ഉന്നയിക്കാൻ സമൂഹം അനുവദിക്കാത്ത ഇവിടുന്നുള്ള സ്ത്രീകൾ പറയുന്നത് ഇത്രമാത്രമാണ് ''ഞങ്ങളുടെ മക്കൾക്ക് അവകാശപ്പെട്ട ഭൂമി തട്ടിയെടുക്കാൻ ഒരു കോർപറേറ്റുകളെയും ഞങ്ങൾ അനുവദിക്കില്ല''. തുല്യ വിഭവാധികാരത്തിലേക്കുള്ള നാളെയുടെ സ്വപ്നങ്ങളേക്കാൾ അവരിന്നു പ്രാധാന്യം നൽകുന്നത് തങ്ങളുടേതെന്നു കരുതുന്ന മണ്ണ് നഷ്ട്ടപെടാതിരിക്കാനുള്ള പോരാട്ടങ്ങൾക്കാണ്. ഭരണകൂടങ്ങളുടെയോ, കോർപറേറ്റുകളുടെയോ വിഭവകൊള്ളകൾ, അതുമൂലമുണ്ടാകുന്ന വിഭവ ലഭ്യതയിലെ പരിമിതികൾ എന്നിവ ഏറ്റവും അധികം ബാധിക്കുന്നതു സ്ത്രീകളെ തന്നെയാണ്. ആയതു കൊണ്ട് തന്നെ തങ്ങളുടെ പോരാട്ടം ആത്യന്തികമായി ഇവർക്കെതിരായിട്ടായിരിക്കണം എന്ന തിരിച്ചറിവ് കൂടിയാണ് ഇത്തരം സമരങ്ങളിലൂടെ സ്ത്രീകൾ നേടുന്നത്. സ്ത്രീകളിൽ സമരമുണ്ടാക്കിയ ഉണർവ്വിനെ, ഒത്തൊരുമയെ, കർതൃത്വ ബോധത്തെ മുന്നോട്ടു കൊണ്ട് പോവേണ്ട ആവശ്യകതയെ കുറിച്ച് തിക്രി ബോർഡറിൽ വെച്ച് ഭാരതീയ കിസാൻ യൂണിയന്റെ ഉഗ്രഹ് വിഭാഗം പഞ്ചാബ് സംസ്ഥാന വനിതാ നേതാവായ ഹരീന്ദർ കൗർ ബിന്ദു എടുത്തു പറഞ്ഞു.

കൊവിഡ്-19 മഹാമാരിയെ തുടർന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പുകൾ ഇല്ലാതെ തന്നെ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ഗ്രാമീണ മേഖലകളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. കാർഷിക ജോലികൾ ചെയ്തിരുന്നവരും, മറ്റു ചെറുകിട വ്യവസായ സംരംഭങ്ങളിൽ ഏർപ്പെട്ടിരുന്നതുമായ സ്ത്രീകളെ സാമ്പത്തിക ഞെരുക്കത്തിലേക്കും പിന്നീട് കടക്കെണിയിലേക്കും ഈ അടച്ചു പൂട്ടൽ കൊണ്ടുചെന്നെത്തിച്ചു. സ്ത്രീകളായ കർഷകത്തൊഴിലാളികൾ, ഭൂരഹിതരായ സ്ത്രീ തൊഴിലാളികൾ, നാമമാത്ര കൃഷിസ്ഥലമുള്ള കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾ എന്നിവർ പല ആവശ്യങ്ങൾക്കുമായി മൈക്രോഫിനാൻസ് കമ്പനികളെയാണ് ആശ്രയിക്കുന്നത്. പഞ്ചാബിൽ മൈക്രോ ഫിനാൻസ് കമ്പനികളുടെ കടക്കെണിയിൽ വീണു ദുരിതമനുഭവിക്കുന്ന ഒട്ടേറെ സ്ത്രീ തൊഴിൽ സംരംഭകർ ഉണ്ട്. കന്നുകാലികളെ വാങ്ങുന്നതിനോ, മറ്റു ഗാർഹിക ആവശ്യങ്ങൾക്കോ, ചെറിയ തോതിലുള്ള വസ്ത്ര വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനോ മറ്റുമാണ് സ്വയം സഹായക സംഘങ്ങളിലെ അംഗങ്ങൾ ഒന്നിച്ചോ, അല്ലെങ്കിൽ വ്യക്തിഗതമായോ ലോണുകൾ എടുക്കുന്നത്. മൈക്രോ ഫൈനാൻസിങ് കമ്പനികൾ ഗ്രാമീണ-നഗര മേഖലകളിലെ സ്ത്രീകൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നല്കുന്നു എന്ന് പറയുമ്പോഴും യഥാർത്ഥത്തിൽ സ്ത്രീകളെ രക്ഷപ്പെടാനാവാത്ത കടക്കെണികളിലേക്കു തള്ളിയിടുകയാണ് ചെയ്യുന്നത്. മുപ്പതിനായിരം മുതൽ മൂന്നു ലക്ഷം വരെയുള്ള ലോണുകൾ വലിയ പലിശയോടും, അടവ് പിഴയോടും കൂടിയാണ് മൈക്രോഫിനാൻസിങ് കമ്പനികൾ സ്ത്രീകൾക്ക് നൽകുന്നത്. കാർഷിക മേഖലയിലെ മന്ദിപ്പും, അപ്രതീക്ഷിതമായി വന്ന മഹാമാരി കാലവും ഈ സ്ത്രീ തൊഴിലാളികൾക്കും, സംരംഭകർക്കും ഇരുട്ടടി തന്നെയായിരുന്നു. 2020 സെപ്റ്റംബറിൽ തന്നെ പഞ്ചാബിലെ പല ജില്ലകളിലും, പ്രത്യേകിച്ച് മൻസാ, സംഗ്രൂർ, പട്യാല, ബറ്റിണ്ട എന്നിവിടങ്ങളിൽ ഇത്തരം മൈക്രോഫിനാൻസിങ് കമ്പനികൾക്കെതിരെ സ്ത്രീകൾ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംഘടിക്കുകയും പ്രതിഷേധങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു.

കാർഷിക ബില്ലുകൾക്കെതിരെ നവംബറിൽ കർഷക സമരം തുടങ്ങിയപ്പോൾ ആദ്യഘട്ടങ്ങളിൽ സ്ത്രീ പങ്കാളിത്തം ചുരുക്കം ആയിരുന്നെങ്കിലും പിന്നീടത് പതുക്കെ പതുക്കെ കൂടുന്നത് നാം കണ്ടു. കാർഷിക മേഖലയിലെയും, തൊഴിൽ മേഖലയിലെയും വർധിച്ചുവരുന്ന ആശങ്കകളും, സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സേച്ഛാധിപത്യപരമായ നിയമ നിർമ്മാണ നടപടികളും കർഷകരെയും, സ്ത്രീകളെയും സമര സജ്ജരാക്കി മാറ്റുന്നതിന് ഒരുപോലെ പങ്കുവഹിച്ചെന്നു കാണാം. മൈക്രോഫിനാൻസിങ് ഇടപാടുകൾ മൂലം പഞ്ചാബിലെ സ്ത്രീകൾക്കിടയിൽ ഉണ്ടായ കടുത്ത നിരാശയും, മാനസിക സമ്മർദ്ദങ്ങളും കർഷക സമരത്തിന്റെ വിശാല ലക്ഷ്യങ്ങളിലേക്കു കൂടി സ്ത്രീകൾ സ്വയം അവബോധരായി കടന്നുവന്നതിനുള്ള പശ്ചാത്തലം ഒരുക്കി എന്ന് പഞ്ചാബ് കിസാൻ യൂണിയന്റെ സംസ്ഥാന സമിതി അംഗമായ ജസ്ബിർ കൗർ നഥുമായുള്ള സംഭാഷണ മദ്ധ്യേ അവർ സൂചിപ്പിച്ചിരുന്നു. കേവല കാണികൾ എന്ന നിലയിൽ നിന്ന് ശക്തരായ സമര പങ്കാളികളായി സ്ത്രീകൾ മാറുകയും സമരത്തിന് പിന്തുണ സമാഹരിക്കുക, സമരാവശ്യങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുക, ഫണ്ട് സ്വരൂപിക്കുക, പ്രതിഷേധ വേദികൾ സജീവമായി നിലനിർത്തുക തുടങ്ങിയവ സ്ത്രീകൾ സ്വയം ഏറ്റെടുക്കുകയും ചെയ്തതിലൂടെ സ്ത്രീ പങ്കാളിത്തം സമരത്തിന്റെ വിജയത്തിലേക്കുള്ള സുപ്രധാന ചാലക ശക്തിയായി പരിണമിച്ചു എന്ന് ജസ്ബിർ കൗർ ഊന്നിപ്പറഞ്ഞു.

ജനാധികാരത്തിന്റെ മൂർത്തരൂപങ്ങൾ ഫലവത്താവുന്നത് തുല്യ ജനാധിപത്യത്തിന്റെ പ്രയോഗ സാദ്ധ്യതകൾ പരമാവധി ഉൾച്ചേർക്കുമ്പോഴാണ് എന്നുകൂടി കർഷക സമരം ഉറപ്പു വരുത്തുന്നുണ്ട്. മേൽസൂചിപ്പിച്ച പോലെ പുരുഷാധികാര പ്രയോഗങ്ങൾക്കു മേൽകൈ ഉള്ള ഒരു സമൂഹത്തിൽ നിന്നുള്ളവരാണ് സമരപ്പന്തലിലേക്കു കടന്നുവന്നവർ എന്നിരിക്കിലും സഹവർത്തിത്വത്തിന്റെ സമരാന്തരീക്ഷം അവരിലുണ്ടാക്കിയ പരിവർത്തനങ്ങൾ ആന്തരികമായുള്ളതുകൂടിയായിരിക്കും. സമരത്തിനായി പുരുഷ കർഷകർ നഗരങ്ങളിലേക്ക് പോന്നപ്പോൾ ഗ്രാമങ്ങളിൽ കാർഷിക ജോലികൾ ഏറ്റെടുത്തതും ഒപ്പം സമര ബോധവൽക്കരണത്തിനും സ്ത്രീകൾ മുന്നിട്ടിറങ്ങി. അവരുടെ കുടുംബത്തിലെ പുരുഷന്മാരാവട്ടെ സമര സ്ഥലങ്ങളിൽ തങ്ങൾ അന്നേവരെ ചെയ്തിട്ടില്ലാത്ത പാചകം, വൃത്തിയാക്കൽ തുടങ്ങിയവ ഏറ്റെടുത്തു ചെയ്യാനും തുടങ്ങി. സമരം ഉണ്ടാക്കിയ ഈ ജൻഡർ റോൾ ഷിഫ്റ്റിംഗ്-നെ സംബന്ധിച്ച് സന്തോഷത്തോടെയാണ് സ്ത്രീകൾ പങ്കുവെച്ചത്. സമര ജീവിതം കൂടുതൽ തുല്യാവബോധത്തോടെ ഗാർഹിക ജീവിതത്തിൽ ഇടപെടാൻ ഓരോരുത്തരെയും പാകപ്പെടുത്തും എന്ന് തന്നെ അവർ എല്ലാം ഉറച്ചു വിശ്വസിക്കുന്നു. സമൂഹത്തിലോ ,വ്യക്തിഗതമായോ ഉണ്ടാക്കുന്ന മാറ്റങ്ങൾ മാത്രമല്ല സമരം പ്രദാനം ചെയ്തതെന്ന് കാണാം. സത്ലജ്ജ് -യമുന ജല തർക്കവുമായി ബന്ധപെട്ടു പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഭിന്നിപ്പുകളെയും അപര -വിദ്വേഷങ്ങളെയും അലിയിക്കുവാൻ അതിർത്തികളിലെ ഈ കൂടിച്ചേരലുകൾ കാരണമായിട്ടുണ്ട് എന്ന് പല കർഷകരും ആവർത്തിച്ചു പറഞ്ഞു . കൂടുതൽ അവധാനതയോടെ, സഹാനുഭൂതിയോടെ ഈ ജലത്തർക്കം പുനരാലോചിക്കാനും പരിഹരിക്കാനും സംസ്ഥാന സർക്കാരുകൾ ശ്രമിക്കും എന്ന് തന്നെ കഴിഞ്ഞ ഒരു വർഷം ഒന്നിച്ചു സമരം ചെയ്യുകയും ,സമര സ്ഥലത്തു ഒന്നിച്ചു വിഭവങ്ങൾ പങ്കു വെച്ച് ജീവിക്കുകയും ചെയ്ത ജനങ്ങൾ നിസംശയം പറയുന്നു.

സാമൂഹിക മുന്നേറ്റങ്ങൾ ഒരേ സമയം വ്യക്തി തലത്തിലും ,സാമൂഹിക തലത്തിലും അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാനുള്ള തുറന്ന വഴികളാണ് ഒരുക്കുന്നത്. അത്തരം ആന്തരിക -ബാഹ്യ സഞ്ചാരങ്ങൾ സ്വയം നവീകരണത്തിന്റെ പുതിയ പഠനാനുഭവങ്ങൾ നൽകുകയും ചെയ്യുന്നു. ദില്ലിയിലെ സമര കേന്ദ്രങ്ങളിൽ നിന്നും, ഹരിയാനയിലെയും പഞ്ചാബിലെയും ടോൾബൂത്തുകൾക്ക് മുന്നിലെ പ്രക്ഷോഭവേദികളിൽ നിന്നും കർഷകർ പിൻവാങ്ങുമ്പോൾ തീർച്ചയായും ഒരു കാര്യം ഉറപ്പിച്ച് പറയാൻ സാധിക്കും. പ്രക്ഷോഭത്തിനായ് വീടുകളിൽ നിന്ന് പുറപ്പെട്ട അതേ ആളുകളല്ല മടങ്ങിപ്പോകുന്നത്. ഒരു വർഷം നീണ്ടുനിന്ന പ്രക്ഷോഭാനുഭവങ്ങൾ അവർക്ക് നൽകിയ ആത്മവിശ്വാസവും ഐക്യബോധവും അളവില്ലാത്തതാണ്. കർഷകരുടെ 'ഘർ വാപ്സി' ഇന്ത്യൻ ജനാധിപത്യത്തിലും സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിലും പുതുചലനങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും.

Comments