തിരുവനന്തപുരത്തും ഉണ്ട്,
സോളാനസിന് ഒരിടം
തിരുവനന്തപുരത്തും ഉണ്ട്, സോളാനസിന് ഒരിടം
നഷ്ടപ്പെടുന്ന ഒരു സാംസ്‌കാരിക ഇടത്തെ കുറിച്ചാണ് അര്‍ജന്റീനന്‍ ചലച്ചിത്രകാരനായ ഫെര്‍ണാണ്ടോ സൊളാനസ് രണ്ടായിരാമാണ്ടില്‍ 'ദ ക്ലൗഡ്' എന്ന ചിത്രത്തിലൂടെ വേവലാതിപ്പെട്ടത്. മൂന്നാം ലോക ചലച്ചിത്രത്തിന്റെ രാഷ്ട്രീയം നിര്‍വചിച്ച മനുഷ്യന് അങ്ങനെയല്ലാതെ ആലോചിക്കാനും പറ്റില്ലായിരിക്കാം. സൊളാനസിലൂടെ നഷ്ടപ്പെടുന്നത് അവസാന ശുദ്ധവായുവിന് വേണ്ടിയുള്ള പോരാട്ടങ്ങളായിരിക്കാം. പ്രത്യേകിച്ചും ഗ്ലോബര്‍ റോഷയുടെ നാട്ടില്‍ ജയിര്‍ ബോല്‍സനാരോ ഭരിയ്ക്കുമ്പോള്‍
10 Nov 2020, 09:12 AM
ലോകത്തില്‍ നിന്ന് ലോകത്തിലേക്കുള്ള ദൂരം ചെറുതാണെന്ന് പറയപ്പെടുന്നു. തിരുവനന്തപുരമാണ് സ്ഥലം. കേരളത്തിന്റെ ഭരണം തിരിയുന്ന സെക്രട്ടേറിയറ്റിന് തൊട്ടുപിന്നില്‍. നിഗൂഢമായ കഥകള്‍ ചമയ്ക്കപ്പെടുന്ന മാധ്യമ പോരാളികളുടെ താവളത്തിന് തൊട്ടടുത്ത്.
ഏകദേശം നൂറോളം മുറികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഒരു പൂച്ച അയ്യപ്പനെ പോലെയായിരുന്നു. അവിടെ രവീന്ദ്രന്മാര്‍, (ചിന്തകന്മാര്‍ എന്നും വിളിക്കാം) മോഹന്‍ദാസുമാര്‍, പല തരത്തിലുള്ള ചിത്രകാരന്മാര്‍ എഴുത്തുകാര്‍ ഒക്കെ അധിവസിച്ചിരുന്നു. ഒരു പൊലിസുകാരന്‍ അത് കൈയടക്കുന്നതുവരെ ജനകീയവുമായിരുന്നു ആ ഇടം. മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്ന മനുഷ്യന്‍ ഒരു യക്ഷിയെ കണ്ടതും അവിടെ വച്ചായിരുന്നു.
തിരുവനന്തപുരം തന്നെയാണ് രണ്ടാമത്തെ ഇടം. അരവിന്ദാകാരം ഇല്ലാത്ത സ്ഥലം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഒരിടം. പക്ഷെ അവിടെ എന്‍. എല്‍. ബാലകൃഷ്ണന്‍ തൊട്ടുള്ളവര്‍ ഉണ്ടായിരുന്നു. അടുത്ത ഇടമാണ്. പ്രിയദര്‍ശന്മാര്‍, രാജീവ്കുമാര്‍മാര്‍, അശോക്കുമാര്‍മാര്‍, എസ്. കുമാര്‍മാര്‍ അങ്ങനെ പല റാഡിക്കലുകളും പക്ഷിക്കൂട്ടങ്ങളും നടന്ന ഇടം.
ഈ രണ്ട് ഇടങ്ങളും ഇന്ന് നഷ്ടഇടങ്ങള്‍.
ഇടമാണ് പ്രശ്‌നം.
പക്ഷെ വികസനം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഇടിച്ചുനിരത്തല്‍ പ്രക്രിയയകള്‍ പുരോഗമിക്കുമ്പോള്‍ സ്വതന്ത്രമായ ഇടങ്ങള്‍ നഷ്ടപ്പെടുന്നു.
അങ്ങനെ പൊതുജീവിതത്തിലേക്കും പൊതുബോധത്തിലേക്കും കടന്നുകയറുന്ന വികസനങ്ങള്‍ നമ്മുടെ കാടുകളെയും പുഴകളെയും വയലുകളെയും വിത്തുകളെയും സസ്യജാലങ്ങളെയും ചരിത്രത്തിന്റെ നീക്കിയിരുപ്പുകളെയും കൈയേറുന്നു. പ്രകൃതിയുടെ വര്‍ണചിത്രങ്ങള്‍ കേവല കൃത്രിമ നിറക്കൂട്ടുകള്‍ക്ക് വഴി മാറുന്നു. അത്തരത്തില്‍ നഷ്ടപ്പെടുന്ന ഒരു സാംസ്‌കാരിക ഇടത്തെ കുറിച്ചാണ് കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ അര്‍ജന്റീനന്‍ ചലച്ചിത്രകാരനായ ഫെര്‍ണാണ്ടോ സൊളാനസ് രണ്ടായിരാമാണ്ടില്‍ ദ ക്ലൗഡ് എന്ന ചിത്രത്തിലൂടെ വേവലാതിപ്പെട്ടത്.
പക്ഷെ അത് വെറും വേവലാതിപ്പെടുന്നതില്‍ ഒതുങ്ങുന്ന ഒരു ചിത്രമായിരുന്നില്ല. മറിച്ച് കടുത്ത പോരാട്ടത്തിലൂടെ ആ ഇടം തിരിച്ചുപിടിക്കുന്നതായിരുന്നു ആ ചിത്രം.

അതൊരു നാടകശാല ആയിരുന്നു. പരീക്ഷണങ്ങളും ആത്മനൊമ്പരങ്ങളും വെളിപ്പെടുത്താനുള്ള ഒരു വേദിയായിരുന്നു അത്. ആ ഇടം അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ കൈയടക്കുന്നത് നോക്കി നില്‍ക്കാന്‍ അവിടെ ജീവിച്ച് മനസിനെ പ്രതിഫലിപ്പിച്ച മനുഷ്യര്‍ക്ക് ആകുമായിരുന്നില്ല.
അവര്‍ പോരാട്ടം തന്നെ നടത്തി. ലോകം മുന്നാട്ടാണ് നടക്കുന്നത് എന്ന് ശാഠ്യം പിടിച്ചപ്പോള്‍ അവര്‍ പിന്നോട്ടാണ് നടക്കുന്നത് എന്ന് സ്വയം പ്രഖ്യാപിച്ചു.
സിനിമ അനലോഗില്‍ നിന്ന് ഡിജിറ്റലിലേക്ക് പിച്ചവെക്കുന്ന കാലമായിരുന്നു 2000. മാറി വരുന്ന പുതിയ സങ്കേതങ്ങളെ എങ്ങനെയാണ് തന്റെ രാഷ്ട്രീയം പറയാന്‍ ഉപയോഗിക്കുക എന്നതിന്റെ വ്യക്തമായ ചിത്രമായിരുന്നു ആ ഏഴ് പേരുടെ പിന്‍നടത്തങ്ങള്‍.

ഒരു വലിയ തെരുവ് മുഴുവന്‍ വികസനത്തിന്റെ മുന്നോട്ട് നടത്തം ശീലമാക്കുമ്പോള്‍ അവര്‍ മാത്രം പിന്നോട്ട് നടക്കുന്നു. ഒരു പക്ഷെ മൂന്നാം ലോക ചലച്ചിത്രത്തിന്റെ രാഷ്ട്രീയം നിര്‍വചിച്ച മനുഷ്യന് അങ്ങനെയല്ലാതെ ആലോചിയ്ക്കാനും പറ്റില്ലായിരിക്കാം.
1968ല്‍ തന്നെ തീച്ചൂളയുടെ കാലങ്ങള്‍ കണ്ട മനുഷ്യനായതുകൊണ്ടാവണം ക്ലൗഡ് തുടങ്ങുന്നത് മോണോലോഗിലൂടെയാണ്. അര്‍ജന്റീനയിലെ ആകാശം മേഘാവൃതമായിരിക്കുന്നു എന്ന്, പോരാട്ടങ്ങള്‍ മാത്രമാണ് ബാക്കിയെന്ന് പ്രവചിച്ച ഒരാളാണ് 2020ല്‍ നമുക്ക് നഷ്ടപ്പെടുന്നത്. സിനിമക്ക് രാഷ്ട്രീയമുണ്ടെന്ന് തെളിയിച്ച ഗ്ലോബര്‍ റോഷയില്‍ തുടങ്ങി ലാസ്റ്റ് സപ്പര്‍ അറ്റ് ദ അറേബ്യന്‍ ഗ്രേ ഹോഴ്‌സ് എടുത്ത് വിടപറഞ്ഞ മാസ്റ്റര്‍മാരില്‍ അവസാനത്തെ കണ്ണിയാകും ഒരു പക്ഷെ സൊളാനസ്.
വലതുപക്ഷ രാഷ്ട്രീയം അത്രമേല്‍ നമ്മുടെ ജീവിതാകാശങ്ങളെ മേഘാവൃതമാക്കുന്നു. ചെറുത്തുനില്‍പ്പുകള്‍ ചെറുതല്ലാത്ത രാഷ്ട്രീയം തീര്‍ത്തിരുന്ന ചെറിയ ഇടങ്ങള്‍ നഷ്ടമാകുന്നു. ബ്യൂണസ് അയേഴ്‌സിനെ ‘നല്ല കാറ്റ്' എന്നോ ‘ശുദ്ധമായ വായു' എന്നോ മൊഴിമാറ്റാം എന്ന് വിക്കിപ്പീഡിയ പറയുന്നു.
ഒരുപക്ഷെ സൊളാനസിലൂടെ നഷ്ടപ്പെടുന്നത് ആ അവസാന ശുദ്ധവായുവിന് വേണ്ടിയുള്ള പോരാട്ടങ്ങളായിരിക്കാം. പ്രത്യേകിച്ചും ഗ്ലോബര്‍ റോഷയുടെ നാട്ടില്‍ ജയിര്‍ ബോല്‍സനാരോ ഭരിയ്ക്കുമ്പോള്‍.
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
വിനീത വെള്ളിമന
Jan 07, 2021
6 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read