ഓർമയുടെ കല എന്നാൽ
സ്വപ്നത്തിന്റെയും കലയാണ്,
കരുണാകരന്റെ കവിതകളിൽ
ഓർമയുടെ കല എന്നാൽ സ്വപ്നത്തിന്റെയും കലയാണ്, കരുണാകരന്റെ കവിതകളിൽ
ഉള്ളടക്കമല്ല, ശൈലിയാണ് സാഹിത്യത്തിലെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നതെന്ന് ഈ കവിതകള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വാദിക്കുന്നു- കരുണാകരന്റെ കവിതാ സമാഹാരത്തിന്റെ വായന
7 Oct 2021, 02:59 PM
അനുഭവത്തിന്റെ നിമിഷങ്ങളെ വിവരിക്കുകയും ആ വിവരണങ്ങളില്‍ നിന്നും പൊരുളുകളെയും പരിഹാരങ്ങളെയും കണിശതയോടെ നിരാകരിക്കുകയും ചെയ്യുന്നവയാണ് കരുണാകരന്റെ കവിതകള്‍. പകരം അവ അതേ നിമിഷങ്ങളുടെ വിഭ്രമത്തെ തൊടുന്നു. ഇങ്ങനെയൊക്കെ ശരിക്കും സംഭവിച്ചോ എന്ന ആന്തലില്‍ മാത്രമേ ഒരനുഭവത്തിന്റെ കാവ്യസത്ത സത്യസന്ധമായി വെളിപ്പെടുകയുള്ളൂ എന്ന് സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ അവ പ്രമേയപ്രേരകമായ അനുഭവങ്ങളുടെ തീക്ഷ്ണതയെയോ വ്യാവഹാരിക സാധ്യതകളെയോ തീര്‍ത്തും പരിഗണിക്കുന്നില്ല. ഭാഷയില്‍ ആ അനുഭവങ്ങള്‍ എപ്രകാരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നുവെന്നതില്‍ മാത്രമാണ് അവയുടെ ഊന്നല്‍.
ഏതൊരു മനുഷ്യനും- കവിതയിലാകട്ടെ, ഏതൊരു ജീവിക്കും ഏതൊരു വസ്തുവിനും- വാസ്തവികതയുടെ സാമാന്യനിയമങ്ങളെ ലംഘിക്കുന്ന നിമിഷങ്ങള്‍ അനായാസം സാധ്യമാണെന്നിരിക്കെ വിശദീകരണങ്ങള്‍ക്ക് വിധേയപ്പെടാത്ത അത്തരം നിമിഷങ്ങള്‍ക്ക് വെളിപാടുകളുടെ പ്രഭാവലയവും അനാവശ്യമാണെന്ന വിചാരമാണ് തന്റെ കവിതകളുടെ ദര്‍ശനകേന്ദ്രമായി കരുണാകരന്‍ സ്വീകരിച്ചിരിക്കുന്നത്. അസാധാരണതകളില്‍ നിന്ന്അദ്ഭുതത്തെ അടര്‍ത്തിമാറ്റുന്ന സൗന്ദര്യശാസ്ത്ര പദ്ധതിയാണത്. നിര്‍മമമായ വിവരണകലയാണ് അതിന്റെ പ്രയോഗരീതി. തല കുത്തി നിന്നുകൊണ്ട് വര്‍ത്തമാനം പറയുന്ന ബുദ്ധന്റെ ചോര പൊടിയുന്ന പാദങ്ങള്‍ കാണുമ്പോള്‍ അങ്ങനെയൊരു പ്രതിമ താന്‍ കണ്ടിട്ടുണ്ടായിരുന്നില്ല എന്നു മാത്രമാണ് കവി ഓര്‍മിക്കുന്നത്. ബോധോദയം മാത്രമല്ല ബുദ്ധനെ അറിയാനുള്ള മാര്‍ഗം എന്ന പോലെ.

തത്സമയ വിവരണമല്ലാത്ത ഏതൊരാഖ്യാനത്തിന്റെയും ഇന്ധനം ഓര്‍മയാണ്. അനുഭവത്തെ പുനര്‍നിര്‍മ്മിക്കാന്‍ മാത്രമല്ല റദ്ദു ചെയ്യാനും ഓര്‍മ്മയുടെ വ്യാകരണത്തിനു കഴിയും. കരുണാകരന്റെ കവിതകളില്‍ ഓര്‍മയുടെ കലയെന്നത് സ്വപ്നത്തിന്റെയും കലയാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്നും മാറ്റിനിര്‍ത്താനാവാത്ത വിധം ഓര്‍മയെയും സ്വപ്നത്തെയും ഈ കവിതകള്‍ കുരുക്കിക്കെട്ടിയിരിക്കുന്നു. ഒരു നിമിഷത്തെ ഓര്‍മിക്കുകയെന്നാല്‍ ആ നിമിഷത്തിന്റെ അനന്തമായ സാധ്യതകളെയും അനന്തമായ അസാധ്യതകളെയും കൂടി ഓര്‍മിക്കുകയെന്നാണെന്ന് അവ പറയുന്നു. അതുകൊണ്ട് യാതൊരു കൂസലുമില്ലാതെ അവ സ്വന്തം ഉറപ്പില്ലായ്മകളെ ആഘോഷിക്കുന്നു. കുഴഞ്ഞുമറിഞ്ഞ നുണകളിലൂടെയല്ലാതെ വാഴ്വിന്റെ രഹസ്യങ്ങളിലേയ്ക്ക് പ്രവേശനമില്ലെന്ന് ഉദ്‌ഘോഷിക്കുന്നു. "ദൈവം ഇല്ലാത്തപ്പോഴും ദൈവത്തെ ഓര്‍മിക്കുന്നു.'
സാഹിത്യത്തില്‍ നായകപദവിയിലുള്ള നിഷേധികളുടെ അനവധിയനവധി വാര്‍പ്പുമാതൃകകള്‍ നിലവിലുള്ളപ്പോള്‍ കരുണാകരന്റെ കവിതകളിലെ നിഷേധികള്‍ നിഷേധിക്കുന്നത് നിഷേധികളുടെ വിരസമായ വാര്‍പ്പുമാതൃകകളെ തന്നെയാണ്. ഈ കവിതകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന പ്രേതങ്ങളും കാമുകീകാമുകന്മാരും തെരുവുനായകളും പൂച്ചകളും പക്ഷികളും മറക്കപ്പെട്ട എഴുത്തുകാരും അപകടകരമായി ജീവിച്ച് അപകടകരമായി മരിച്ചുപോയവരും കാരണരഹിതമായ ഓര്‍മകളാല്‍ വലയ്ക്കപ്പെടുന്നവരും സങ്കടപ്പെടുന്നവരും സന്തോഷിക്കുന്നവരും ലോകവ്യവസ്ഥയോടുള്ള തങ്ങളുടെ നിഷേധം പ്രകടമാക്കുന്നത് തങ്ങളുടെ ഭാഷയില്‍ നിര്‍മ്മിക്കുന്ന അനുഭവങ്ങളില്‍ നാടകീയമായ നിസ്സാരതകള്‍ നിറച്ചും ഓരോ നിസ്സാരതയിലെയും മഹത്തായ പിടികിട്ടായ്മകളില്‍ ആമോദത്തോടെ മുഴുകിയുമാണ്.
ഉള്ളടക്കമല്ല, ശൈലിയാണ് സാഹിത്യത്തിലെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നതെന്ന് ഈ കവിതകള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വാദിക്കുന്നു. പ്രത്യക്ഷമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അവയെ ബാധിക്കുന്നില്ല. നീതിനിഷേധത്തെ സ്ഥാപനവത്കരിക്കപ്പെട്ട ഒരു ക്രൂരതയായി അഭിമുഖീകരിക്കുന്നതിനു പകരം മനുഷ്യന്റെ ആത്മാവിനെ നിര്‍ദ്ദയമായി നശിപ്പിക്കുന്ന, മനുഷ്യന്റെ ഭാഷയ്ക്ക് പരിഹരിക്കാന്‍ കഴിയാത്ത ഒരു സ്വകാര്യവ്യഥയായി അവ അടയാളപ്പെടുത്തുന്നു. ഭാഷയിലെ ആവിഷ്‌കാരങ്ങളില്‍ നിസ്സഹായതയും നൃശംസതയും പോലും സൗന്ദര്യമാണ് ആഗ്രഹിക്കുന്നതെന്ന ബോധ്യത്തിന്റെ വെട്ടത്തില്‍, ചരിത്രം നിര്‍മിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ക്ക് പകരം ഓര്‍മയില്‍ അലഞ്ഞുതിരിയുന്ന ഒറ്റപ്പെട്ട മനുഷ്യരോട് അവ സംസാരിക്കുന്നു. 1992 ഡിസംബര്‍ ആറാം തീയതി ഡൽഹിയിൽ നിന്ന്വരികയായിരുന്ന തീവണ്ടിയില്‍ ശ്വാസം കിട്ടാതെ വിഷമിച്ച വൃദ്ധന്‍ ആരെങ്കിലും കൂടെ യാത്ര ചെയ്യുന്നുണ്ടോ എന്ന് ചോദിക്കുന്ന നഴ്‌സിനോട് മുഖം മേല്‍പ്പോട്ടുയര്‍ത്തിയും വലത്തെ കൈപ്പടത്തിന്റെ ചൂണ്ടാണിവിരലുയര്‍ത്തിയും രണ്ട് ആംഗ്യങ്ങള്‍ കാണിച്ചു എന്നാണ് ആഖ്യാതാവായ കവി വിവരിക്കുന്നത്. എന്നാല്‍ അതേ ആഖ്യാതാവില്‍ ആ നിമിഷം കവിതയായി രൂപാന്തരപ്പെടുന്നത് ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു നിമിഷത്തില്‍ അന്നത്തെ "കരിഞ്ഞ മണമുള്ള അതേ കാറ്റ്' തന്റെ മുഖത്ത് വന്ന് മുട്ടുമ്പോഴാണ്. അപ്പോളാണ് ആ വൃദ്ധന്റെ ആംഗ്യങ്ങള്‍ക്ക്-'ദൈവം മാത്രമേ ഉള്ളൂ എന്നോ ഒറ്റയ്ക്കാണെന്നോ പറഞ്ഞ രണ്ട് ആംഗ്യങ്ങള്‍'- "വഴി തെറ്റിയ രണ്ട് തുമ്പികള്‍ പോലെ' സഞ്ചരിക്കാനാവുന്നത്.

ഇത്തരമൊരു കാവ്യവഴിയുടെ നൈതികതയെ പറ്റി ചോദ്യങ്ങളുണ്ടാവാം, സമഗ്രാധിപത്യം ഒരു ദൈനംദിന യാഥാര്‍ത്ഥ്യമായി നമ്മെ വരിഞ്ഞുമുറുകുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. വൃദ്ധനെയോ അയാളുടെ ചരിത്രപരമായ പ്രതിസന്ധിയെയോ കവിത മാറ്റിനിര്‍ത്തുന്നത് മനുഷ്യത്വവിരുദ്ധമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാല്‍ ചരിത്രപരമായ പ്രതിസന്ധികള്‍ക്ക് ഭാഷയിലല്ല പ്രതിവിധികള്‍ ആരായേണ്ടതെന്നും അലസമായി ആവര്‍ത്തിക്കാവുന്ന മുദ്രാവാക്യങ്ങളിലൂടെയും വടിവൊത്ത പ്രതിനിധാനങ്ങളുടെ പുറംപൂച്ചുകളിലൂടെയും സാധ്യമാക്കുന്ന കവിതയിലെ രാഷ്ട്രീയശരികളും അവയുടെ പൊള്ളയായ നൈതികതയും സമഗ്രാധിപത്യത്തിന്റെ മറ്റൊരു മര്‍ദ്ദനോപകരണം മാത്രമാണെന്നും വിശ്വസിക്കുന്ന കവിക്ക് നീതിയുടെ പരമമായ സൗന്ദര്യം സൂത്രപ്പണികള്‍ക്ക് വഴങ്ങുന്നതല്ലെന്ന് പറയാതെ പറയേണ്ടതുണ്ട്.
(ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന കരുണാകരന്റെ കവിതാ സമാഹാരമായ "ഏകാന്തതയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളൂ’ എന്ന പുസ്തകത്തിനെഴുതിയ അവതാരിക)
വി.കെ. ബാബു
Jan 28, 2023
8 minutes read
എസ്. ജോസഫ്
Jan 17, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read