കഥകൾ ഒരു സിനിമാക്കാരോടും ചെന്ന് പറയരുത് - ജി.ആർ. ഇന്ദുഗോപൻ

Truecopy Webzine

താങ്കളുടെ കഥകൾ പലതും സിനിമയാകുന്നു. സിനിമയാക്കാൻ വേണ്ടി രചിക്കപ്പെടുന്ന കഥകളാണ് എന്ന് ആക്ഷേപമില്ലേ?

ജി.ആർ. ഇന്ദുഗോപൻ :ആക്ഷേപിക്കാം. അതുകൊണ്ട് ആക്ഷേപിക്കുന്നവർക്ക് ഗുണമില്ല. അതിൽ തൽപരകക്ഷികളുണ്ടെങ്കിൽ അവർക്ക് ഗുണപരമായ ചിലത് പറയാം. എനിക്ക് എഴുത്തിൽ രഹസ്യം സൂക്ഷിക്കുന്ന പരിപാടിയൊന്നുമില്ല. വ്യക്തമാക്കാം. നിങ്ങളൊരു ആശയത്തെ ആവാഹിക്കുന്നു. ഉറപ്പിക്കുന്നു. കാരണം കഥാപരിസരം, അതിൽ വ്യക്തതയുണ്ട്. കഥാതന്തുവിൽ വ്യക്തതയുണ്ട്. പരിണാമഗുപ്തി കാണില്ല. പക്ഷേ അതിനോ, അതിലെ കഥാപാത്രങ്ങൾക്കോ പിന്നെയും യാത്രയുണ്ടെന്ന് നമുക്ക് മനസ്സിലാകണം. ആ യാത്ര ദീർഘമാകുന്നത് ഏതു കഥാപാത്രത്തിലൂടെയാണ് എന്നറിയാൻ, അഞ്ചും ആറും തവണ ഓരോ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിൽ എഴുതി നോക്കണം. തിരുത്തല്ല. ഒന്നേയൊന്ന്. അഞ്ചോ ആറോ തവണ. നല്ല യാതനയാണ്.
മറ്റൊന്ന്, കഥകൾ ഒരു സിനിമാക്കാരോടും ചെന്ന് പറയരുത്. ത്രെഡ് അവർക്ക് സ്വയം ഇഷ്ടപ്പെടേണ്ടതാണ്. മുതൽമുടക്ക് കാര്യമായി വേണ്ട പരിപാടിയാണ്. ഒരു പ്രോജക്ടാവാനുള്ള ഇന്ധനം അതിലുണ്ടെങ്കിൽ അവർ ഇങ്ങോട്ടു വന്നോളും. നമ്മളെയല്ല. നമ്മളുടെ ഉൽപന്നത്തെയാണ് അവർക്കുവേണ്ടത്. ഉൽപന്നം മോശമായാൽ, ആരും വരില്ല. ആവശ്യമുള്ളവർക്ക് സ്വന്തമായി നിലപാടുണ്ടെന്നത്​നല്ലതാണ്​.

എന്റെ കാര്യം: ഞാൻ മധ്യവയസിലെത്തിക്കഴിഞ്ഞ ഒരാളാണ്. തൊഴിൽ കൊണ്ട് കാൽനൂറ്റാണ്ട് പത്രപ്രവർത്തനം ചെയ്തു. വാർത്തകളുടെ യുദ്ധക്കളത്തിന്റെ നടുവിൽ. സ്ഥാപനത്തിലെ സാങ്കേതിക മാറ്റത്തിനൊപ്പം നിൽക്കണം. പേജും പ്രൂഫും നോക്കണം. വലിയ ടീമിനൊപ്പം സർവശക്തിയും ഉപയോഗിച്ചു നിൽക്കണം. അങ്ങനെ വല്ലാതെ അധ്വാനിച്ചുതളർന്ന ഒരാളാണ്. ഇനിയുള്ള മരുന്ന്, പൊടിക്ക് കരുതി ഉപയോഗിച്ചേ പറ്റൂ. അതുകൊണ്ട് ഞാൻ ചെയ്യുന്നത്: ഞാനെന്റെ കഥയോ പുസ്തകമോ പ്രസിദ്ധപ്പെടുത്തുന്നു. അതിൽ ഒരുപാട് അടരുകൾ വികസിക്കാതെ കിടക്കുന്നുണ്ടാവാം. എനിക്കറിയാം. എന്റെ പരിധിയിൽ നിന്ന് വികസിപ്പിച്ചവയാണ്. നമ്മുടെ ശേഷിക്കുറവുകൊണ്ട് ബാക്കി ഉപേക്ഷിച്ചതാണ്. സിനിമയിലേയ്ക്ക് വരികയാണെങ്കിൽ, അതിന് കുറേ കൂടി സഹായം, കൂടിയാലോചന, തിരുത്ത് എന്നിവ കിട്ടും. കുറേ കൂടി ആ ഐഡിയയുടെ തലം വർധിക്കും. ഞാൻ നേരത്തെ ആലോചിക്കാത്ത തലത്തിൽ ചൂണ്ടിക്കാണിക്കപ്പെടും. ചെയ്ത തെറ്റുകൾ തിരുത്തപ്പെടും. ആ ഐഡിയയുടെ വേലക്കാരനോ ആരാധകനോ ആണ് നമ്മൾ. അതാണ് നമ്മുടെ പാഷൻ. ആ ഐഡിയ. അതിലെ ഉൾപ്പിരിവുകൾ. സ്വാഭാവികമായി നമുക്ക് ഒരു ഉപജീവനം സിനിമ തരും. അതല്ലാതെ അതിന്റെ സൗകര്യങ്ങളുടെ പുറമേ, അത്യാവശ്യമുണ്ടെങ്കിലല്ലാതെ നടക്കരുത്. തിരുവനന്തപുരത്ത് കവടിയാറിൽ ഒരു വർക്ക് ഷെയറിങ് പ്ലെയ്സിൽ ഒരു കസേരയും ലാപ് ടോപ്പും വച്ച്, റിയൽഎസ്റ്റേറ്റ് ഏജന്റുമാർക്കും, ജാവ പഠിപ്പിക്കുന്നവർക്കും, ചെറിയ സംരംഭകർക്കുമിടയിൽ... ആ ബഹളത്തിനിടയിലാണ് ഞാൻ ഇരിക്കുന്നത്. വല്ലതും കുത്തിക്കുറിക്കുന്നത്. നമ്മളെന്താണെന്ന് മനസ്സിലാക്കിയാൽ, വലിയ വേദനകൾ ഒഴിവായി കിട്ടും.

അഭിമുഖത്തിന്റെ പൂർണ രൂപം ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 70 വായിക്കാം
സാഹിത്യം കരിയറാക്കുമ്പോൾ സംഭവിക്കുന്ന അപകടത്തെക്കുറിച്ച് ബോധ്യം വേണം | ജി.ആർ. ഇന്ദുഗോപൻ / അഞ്ജലി അനിൽകുമാർ

Comments