ആദ്യ ആദിവാസി വനിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അനുഭവം മാത്രം ഓർക്കാം

രാഷ്ട്രീയസാക്ഷരതയുടെ കുറവും പുരുഷനേതാക്കളുടെ മേൽക്കോയ്മയും കാരണം അധികാരമോ പങ്കാളിത്തമോ ഉത്തരവാദിത്വമോ ഭൂരിപക്ഷം സ്ത്രീപ്രതിനിധികൾക്കും ഇന്നും അന്യമാണ്​- ഫ്രീലാൻസ് ട്രാൻസ്ലേറ്റർ ആയി ജോലി ചെയ്യുന്ന, ട്രാൻസ്ലേഷൻ ആക്റ്റിവിസ്റ്റ് എന്ന രീതിയിൽ വളരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന അനുരാധ സാരംഗ്​ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

അനുരാധ സാരംഗ്: കണക്കുകൾ പരിശോധിച്ചാൽ അമ്പത് ശതമാനത്തിൽ കൂടുതൽ തന്നെയായിരിക്കും കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം എന്നാണെനിക്ക് തോന്നുന്നത്. പക്ഷെ ജനാധിപത്യവ്യവസ്ഥയിൽ അവർക്ക് ലഭിക്കുന്ന ഈ പ്രാതിനിധ്യം അധികാരമോ പങ്കാളിത്തമോ ഉത്തരവാദിത്വമോ അവർക്ക് നൽകുന്നുണ്ടോ എന്നത് പത്തരമാറ്റ് ചോദ്യം തന്നെയാണ്. ഇന്ന് കേരളത്തിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് താൻ സമ്പാദിക്കുന്ന പണം ചെലവാക്കാൻ അധികാരമുണ്ടോ എന്നുള്ളത് പോലെ തന്നെ കുഴപ്പിക്കുന്ന ഒരു ചോദ്യം.

ഒരു രാഷ്ട്രീയകക്ഷിയും പേരിനു പോലും മറയ്ക്കാൻ ശ്രമിക്കാത്ത പുരുഷാധിപത്യം തന്നെയാണ് കേരളരാഷ്ട്രീയത്തിന്റെ മുഖമുദ്ര. പലപ്പോഴും സംവരണ സീറ്റുകളിൽ തങ്ങൾക്ക് നിയന്ത്രിക്കാവുന്ന സ്ഥാനാർത്ഥികളെയാണ് ഓരോ പാർട്ടിയുടെയും നേതൃത്വവും തിരഞ്ഞെടുക്കുക. രാഷ്ട്രീയസാക്ഷരതയുടെ കുറവും പുരുഷനേതാക്കളുടെ മേൽക്കോയ്മയും കാരണം അധികാരമോ പങ്കാളിത്തമോ ഉത്തരവാദിത്വമോ ഭൂരിപക്ഷം സ്ത്രീപ്രതിനിധികൾക്കും ഇന്നും അന്യം തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അഥവാ തങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ നൽകുന്ന അധികാരം ഏൽക്കാൻ കഴിവുള്ള സ്ത്രീകളാണെങ്കിൽ നിലനിൽക്കാൻ പതിനെട്ടടവും പയറ്റേണ്ടി വരും.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന, ആദിവാസി വിഭാഗത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യത്തെ വനിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവിന്റെ അനുഭവം മാത്രം മതി ഉദാഹരണത്തിന്. ഭരണതലത്തിലും തന്റെ രാഷ്ട്രീയകക്ഷിയിലും പല സ്ഥാനങ്ങൾ വഹിച്ചിരുന്ന നേതാവ്, പൊതുജനസമ്മതിയുള്ള നേതാവ്. ‘അധികാര'സ്ഥാനങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ അവർക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനമുൾപ്പെടെ രാജിവെക്കേണ്ടി വന്നു.

പ്രാദേശിക തലങ്ങളിലെ പാർട്ടി മീറ്റിങ്ങുകൾ നോക്കൂ, പലപ്പോഴും സ്ത്രീകൾക്ക് സംബന്ധിക്കാൻ കഴിയാത്ത രാത്രി നേരങ്ങളിലായിരിക്കും. തീരുമാനങ്ങൾ പിന്നീട് അവരെ അറിയിക്കുകയാണ് ചെയ്യുക. ജനങ്ങളും പലപ്പോഴും പറയുന്നത് കേൾക്കാം, ‘വാർഡ് മെമ്പർ’ ‘ഡാഷ്' ചേച്ചിയെ കണ്ടിട്ട് കാര്യമില്ല, നമുക്ക ‘ഡാഷ് സാറിനെ കാണാം'. ഇങ്ങനെ ഇഴകീറാൻ നിന്നാൽ തീരില്ല.
എങ്കിലും എല്ലാം ഇരുട്ടാണെന്ന് പറഞ്ഞുകൂടാ, കുടുംബശ്രീ പോലുള്ള കൂട്ടായ്മകളിലൂടെ അധികാരം ഏറ്റും, തീരുമാനങ്ങളെടുത്തും, ഒരു പരിധി വരെ ജനാധിപത്യപ്രക്രിയയിൽ പരിശീലനം നേടിയും രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരുന്ന സ്ത്രീകൾ കുറേ കൂടി നന്നായി ഭരണം കൈയ്യാളുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

സംവരണം അധികാരത്തിലേക്കും ഭരണമികവിലേക്കും പരിവർത്തനം ചെയ്യപ്പെടണമെങ്കിൽ അടിസ്ഥാനപരമായി പുരുഷകേന്ദ്രീകൃതമായ നമ്മുടെ രാഷ്ട്രീയ ചട്ടക്കൂട് തന്നെ മാറണം, തിരഞ്ഞെടുക്കപ്പെടുന്നവർ, സ്ത്രീകളാവട്ടെ, ഭിന്നലിംഗക്കാരാവട്ടെ, പുരുഷന്മാരാവട്ടെ, ലിംഗഭേദമേന്യേ അവരെ ബഹുമാനത്തോടെ, ജനാധിപത്യമര്യാദയോടെ കാണുന്ന, അവരിൽ വിശ്വാസമുള്ള സമൂഹമുണ്ടാവണം, രാഷ്ട്രീയസാക്ഷരതയുള്ള, ആൺമേൽക്കോയ്മയെ ചെറുക്കാൻ കെൽപ്പുള്ള പ്രതിനിധികളുണ്ടാവണം.

സ്ത്രീ, പുരുഷൻ എന്നീ രണ്ട് കള്ളികളിൽ ഒതുക്കാവുന്നതല്ല ലിംഗസ്വത്വങ്ങൾ എന്നും കൂടി ഇവിടെ പറഞ്ഞേ മതിയാവൂ. അങ്ങനെ പറഞ്ഞു പറഞ്ഞു വരുമ്പോൾ എന്റെ ചിന്തകൾ എപ്പോഴത്തേയും പോലെ എത്തി നിൽക്കുന്നത് ഈ പരിശീലനം തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്നുള്ളിടത്തു തന്നെയാണ്. ഒരു സമൂഹത്തിൽ കുഞ്ഞുങ്ങൾക്ക് ലിംഗസമത്വം, ജനാധിപത്യപ്രക്രിയയിലെ അധികാരം, പങ്കാളിത്തം, ഉത്തരവാദിത്വം ഇതൊക്കെ എത്ര നേരത്തെ പരിശീലിക്കാൻ കഴിയുന്നുവോ അത്രയും വിജയകരമായിരിക്കും ആ സമൂഹത്തിലെ ഭരണവ്യവസ്ഥ.

2. നിയമസഭ - ലോകസഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

എനിക്ക് തോന്നുന്ന ഒരു പ്രധാന കാരണം, ഇത്രക്ക് പുരുഷകേന്ദ്രീകൃതമായ ഒരു ചട്ടക്കൂടിനകത്തേക്ക് ശക്തരായ സ്ത്രീകളോ ഭിന്നലിംഗക്കാരോ കടന്നുവരുന്നത് ഒരു വെല്ലുവിളി തന്നെയായിട്ടാണ് കാണപ്പെടുന്നത്. അത് തടയാൻ താഴേത്തട്ടിൽ നിന്നുതന്നെ ‘ഫിൽറ്റർ' ചെയ്ത് ചെയ്താണ് ഓരോ രാഷ്ട്രീയകക്ഷിയും മുന്നേറുന്നത്. മറ്റൊന്ന്, മികച്ച ഭരണം കാഴ്ച്ച വയ്ക്കുന്ന എത്രയോ പേർ നമുക്ക് മുമ്പിലുണ്ടെങ്കിലും അധികാരസ്ഥാനങ്ങൾ ഏൽക്കാൻ പുരുഷന്മാർക്കേ കഴിയൂ എന്നാണ് ഇന്നും സ്ത്രീകളുൾപ്പെടെയുള്ള നമ്മുടെ സമൂഹം വിശ്വസിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിലനിൽക്കുന്നത് യഥാർത്ഥത്തിൽ അധികാരപങ്കാളിത്തമല്ല, വെറും എണ്ണം തികയ്ക്കൽ മാത്രമാണെന്ന് വേണം ഇതിൽ നിന്ന് മനസ്സിലാക്കാൻ.

3. ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

ഈ വിഷയത്തെ സാമാന്യവത്കരിക്കാൻ എനിക്ക് ലേശം മടിയുണ്ട്. വളർന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ കുടുംബം വളരെ വൈവിധ്യമുള്ള ഒന്നാണല്ലോ, ജാതിപരമായും സാമ്പത്തികപരമായും മറ്റും പ്രിവിലേജുകൾ ഉള്ളവരുടെ അനുഭവങ്ങളായിരിക്കില്ലല്ലോ, അല്ലാത്തവരുടേത്. പക്ഷെ ഇതിനൊക്കെ കുറുകെ സമൂഹത്തിന്റെ ഒരു പരിച്ഛേദം എടുത്ത് നോക്കിയാൽ അധികാരമോ തുല്യതയോ പോയിട്ട് ഒരു ‘വോയ്‌സ്' പോലുമില്ലാത്തവരായിരിക്കും ഭൂരിപക്ഷം സ്ത്രീകൾ. ഏയ്, എനിക്കീ പ്രശ്‌നമില്ലല്ലോ എന്നാലോചിക്കാൻ വരട്ടെ, ഗാന്ധിജി പറഞ്ഞതു പോലെ ഒരു സമൂഹത്തിലേക്ക് കണ്ണു തുറക്കുമ്പോൾ ഏറ്റവും പ്രിവിലേജുകൾ ഉള്ളയാളുകളെ അല്ല കാണേണ്ടത് ഒട്ടും പ്രിവിലേജുകൾ ഇല്ലാത്തവരെയാണ്.

മാത്രമല്ല, നമുക്കുണ്ടെന്നു തോന്നുന്ന അധികാരം സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാക്കാം അതേ സാഹചര്യത്തിലുള്ള ഒരു പുരുഷനുള്ളത് പോലെ അനായാസമായി അല്ല അത് നമ്മുടെ കൈയ്യിൽ എത്തിയിരിക്കുന്നതെന്ന്.
ഞാൻ ഇപ്പോൾ ജീവിക്കുന്നത് നിത്യജീവിതത്തിൽ ജനാധിപത്യം ശീലിക്കുകയും അടുത്ത തലമുറയെ അത് പരിശീലിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിൽ ആയതുകൊണ്ട് അധികാരവും പങ്കാളിത്തവും ഉത്തരവാദിത്വവും ഒരു പോലെ അനുഭവിക്കുന്നുണ്ട്. സാമ്പത്തികകാര്യങ്ങളിലും അതുണ്ട്. ‘സാരംഗി’ൽ, വളർന്നു വരുന്ന കുഞ്ഞുങ്ങൾക്ക് പോലും ലിംഗവ്യത്യാസമില്ലാതെ ജനാധിപത്യം നൽകുന്ന അധികാരം ഉപയോഗിക്കാനും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും ഉള്ള സാഹചര്യമുണ്ടാക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ഇത് പച്ചപരമാർത്ഥം!g

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏത് തരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

ഇന്നും നമ്മുടെ സമൂഹത്തിൽ കുടുംബം നിലനിർത്തുന്നതും, കുഞ്ഞുങ്ങളെ വളർത്തുന്നതും സ്ത്രീയുടെ ചുമതലയാണ്. കുടുംബഭദ്രതയ്ക്ക് കോട്ടം വരാത്തതു വരെ സ്ത്രീയുടെ ആവിഷ്‌കാരങ്ങൾക്ക് പങ്കാളിയിൽ നിന്നും മറ്റ് കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ ലഭിയ്ക്കുന്ന സ്ത്രീകളുണ്ടെങ്കിൽ, നീയൊരു സ്ത്രീയായതു കൊണ്ട് ഇത്രയൊക്കെ മതി എന്ന് നിഷ്‌കർഷിക്കുന്ന കുടുംബങ്ങളുമുണ്ട്. കുടുംബങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് തങ്ങളുടെ ആവിഷ്‌ക്കാരങ്ങളുടെ കൊടുമുടി താണ്ടുന്ന എത്ര സ്ത്രീകളെ നമുക്ക് കാണാനാവും? അതേസമയം യാതൊരു പിന്തുണയും ലഭിക്കാത്ത കുടുംബങ്ങളിൽ നിന്ന് പുറത്ത് കടന്ന് സ്വതന്ത്രയായി ജീവിക്കുമ്പോഴും കുടുംബത്തേയോ കുട്ടികളേയോ പ്രതി കുറ്റബോധമില്ലാതെ ജീവിക്കാൻ കഴിയുന്ന എത്ര സ്ത്രീകളെ നമുക്ക് കാണാനാവും? ഇതേ കുറ്റബോധം എത്ര പുരുഷന്മാരിൽ കാണാനാവും?

ഇനി പരമ്പരാഗത കുടുംബസങ്കൽപ്പങ്ങളുടെ കെട്ടുപൊട്ടിച്ച് ജീവിക്കുന്ന ആളുകളെ നോക്കൂ, പങ്കാളികളും മക്കളും സന്തുഷ്ടർ, ചിലപ്പോൾ അടുത്ത ബന്ധുക്കളും സംതൃപ്തർ, രണ്ടു പേരും ആവിഷ്‌ക്കാരസ്വാതന്ത്ര്യമുള്ളവർ, പക്ഷെ അവർക്കും സമൂഹത്തിന്റെ സെൻസറിംഗിൽ നിന്ന് രക്ഷയുണ്ടോ? പങ്കാളിയും മക്കളുമൊക്കെ ചേർന്ന് സന്തോഷത്തോടെ യാത്രയ്ക്ക് പറഞ്ഞയച്ച സ്ത്രീയോട് എന്നും ഒരു ചോദ്യമുണ്ടാവുമല്ലോ, ‘നീ ആ മക്കളെ വിട്ടിട്ട് എവിടെ കറങ്ങി നടക്ക്വാ? കറക്കമൊക്കെ മതിയാക്കി കുടുംബം നോക്കാൻ നോക്ക്.'

കുടുംബം നിലനിർത്തേണ്ട ശാരീരിക അദ്ധ്വാനം മാത്രമല്ല, പലപ്പോഴും കാണാതെ പോകുന്ന ഒരു കുന്ന് വൈകാരിക അദ്ധ്വാനവും കൂടിയാണ് സ്ത്രീയുടെ ആവിഷ്‌ക്കാരത്തിന് തടയിടുന്നത്.


Comments