അധികാരം, അഭിപ്രായം പറയാനുള്ള അവസരങ്ങൾ എന്നിവ ഞാൻ ആവശ്യപ്പെടാതെ തന്നെ എന്നിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്

സ്ത്രീകൾക്ക് സംവരണം കൊടുക്കേണ്ടി വന്നത് കൊണ്ട് മാത്രം പത്രപ്രവർത്തക യൂണിയനിൽ നാല് വർഷമായി കുറച്ചു സ്ത്രീകൾ ഭാരവാഹികളായുണ്ട്. എന്നാൽ, അവരിൽ ഭൂരിഭാഗം പേരും നേരിടുന്ന 'ഒതുക്കൽ' ഒരു എത്തിക്സും ഇല്ലാത്തതാണ്- മാധ്യമപ്രവർത്തക ജിഷ എലിസബത്ത്​ എഴുതുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗ തലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

ജിഷ എലിസബത്ത്​:അധികാരമുള്ള സ്ത്രീയിലേക്ക് വളരാൻ ഇനിയും ഏറെ വേദനകളും സഹനങ്ങളും പരിശ്രമങ്ങളും ഉണ്ടാകാനിരിക്കുന്നു. എന്നാൽ പോലും ‘അധികാരമുള്ള സ്ത്രീ' എന്നത് സ്വാഭാവികത ആയി മാറാനുള്ള പ്രയാണത്തിലാണ് കേരളത്തിലെ സ്ത്രീ സമൂഹം എന്ന് വിശ്വസിക്കുന്നുണ്ട്. ഗർഭത്തിൽ ആയിരിക്കെ കൊന്നു കളയപ്പെട്ടിരുന്നു സ്ത്രീകൾ. ജനിക്കാൻ പോലും അവകാശം ഉണ്ടായിരുന്നില്ല. ജനിച്ചു വീഴുന്നവർക്കാകട്ടെ, വിദ്യാഭ്യാസവും ജോലിയും സ്വയം നിർണയാവകാശവും ദൂരെയായിരുന്നു.

ഒരു ന്യൂനപക്ഷം, തുലോം ആണും കുറെ പെണ്ണും അടങ്ങുന്ന ഒരു ചെറിയ കൂട്ടം എക്കാലവും ഓരോ കടമ്പകളും കടക്കാൻ സ്ത്രീകളെ സഹായിച്ചു വന്നു. അത്തരത്തിൽ കടമ്പകൾ കടക്കും മുൻപ് സ്ത്രീ സമൂഹം നേരിട്ട അടിച്ചമർത്തലുകൾ സ്ത്രീകളുടെ ത്യാഗമാണ്. ആ ത്യാഗത്തെ ഊറ്റിക്കുടിച്ചാണ് പുരുഷന്മാരായ ഒരുകൂട്ടം അധികാരികൾ സാമ്പത്തികം, രാജ്യഭരണം, നിയമനിർമാണം, സമൂഹ നിലപാട് രൂപീകരണം, കുടുംബ ഭരണം എന്നിവ നടത്തി പോന്നത്. ഈ ത്യാഗങ്ങൾ എന്ന് നമ്മൾ വിവക്ഷിക്കുന്ന മിക്കതും അടിമകൾക്ക് മേൽ നിർബന്ധിക്കപ്പെട്ട ചൂഷണോപാധികൾ ആണെന്ന് പതുക്കെയെങ്കിലും സ്ത്രീകൾ അടക്കമുള്ള പൊതുസമൂഹം മനസിലാക്കി വരുന്നുണ്ട്.

‘സ്ത്രീകൾ അടക്കം' എന്ന് പറയുമ്പോൾ എതിരഭിപ്രായങ്ങൾ ഉണ്ടാകാം. സമൂഹത്തിന്റെ നിലപാടുകൾ കഥകളിലൂടെയും സിനിമകളിലൂടെയും പുരുഷ കേന്ദ്രീകൃതമായ ചിന്താധാരകൾ ഉപയോഗിച്ച് കെട്ടിപ്പടുത്തതാണ്. ആ നിലപാടുകൾ തലച്ചോറിൽ കുത്തിവെപ്പിക്കപ്പെട്ട കുറെ ആണുങ്ങളും അത്ര തന്നെ പെണ്ണുങ്ങളും അവയുടെ സജീവ പ്രചാരകർ കൂടിയാണ്. വാർത്ത എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്ന ഇടങ്ങൾ പോലും അത്തരം പുരുഷകേന്ദ്രീകൃത നിലപാടുകളിൽ നിന്ന് മുക്തമായെന്നോ സ്ത്രീ സൗഹൃദ നിലപാടുകളിലേക്കു വളർന്നെന്നോ ഞാൻ വിശ്വസിക്കുന്നില്ല. അവിടെ പോലും അധികാരമുള്ള സ്ത്രീകൾ തുലോം വിരളമാണ്. അഥവാ നിലപാട് പറയുന്ന സ്ത്രീകൾക്ക്, അവരുടെ അസാന്നിധ്യത്തിൽ വേണ്ടുവോളും ആക്ഷേപവും അധിക്ഷേപവും കേൾക്കാൻ ഒരുപാട് അവസരങ്ങൾ ഉണ്ട്.

നിലപാടുകൾ രൂപവൽക്കരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന മാധ്യമസ്ഥാപനങ്ങളിൽ കൂടി ഇതാണ് അവസ്ഥയെങ്കിൽ, സമൂഹത്തിന്റെ മറ്റുവിഭാഗങ്ങളിൽ സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകളെ കൂടുതൽ വിശദമാക്കേണ്ടതില്ലല്ലോ.

സ്ത്രീ സമൂഹം പരിപൂർണമായും സ്വാതന്ത്ര്യം നേടിയിട്ടില്ല. വിദ്യാഭ്യാസം കൊണ്ടുള്ള സമൂല പരിവർത്തനം പൂർണമാകുന്ന കാലത്തു മാത്രമാണ് സ്ത്രീ സമൂഹം സ്വാതന്ത്ര്യത്തെ പുൽകൂ. വിദ്യാഭ്യാസം നേടിയ സ്ത്രീകൾക്ക് വരുമാനം നേടാനുള്ള അവസരങ്ങൾ കൂടുതലാണ്. സമ്പത്തിന്റെ ക്രയ വിക്രയം സാധ്യമാകുന്ന ആളുകൾക്ക് മാത്രമാണ് സമൂഹം സ്വയം നിർണയാവകാശം കൽപ്പിച്ചു കൊടുത്തിരിക്കുന്നത്. പോക്കറ്റുകൾ ഇല്ലാത്ത വസ്ത്ര ധാരണ രീതി ഉണ്ടായിരുന്ന സ്ത്രീ സമൂഹത്തിൽ നിന്ന്​ നിറയെ പോക്കറ്റുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സമീപകാല നിലപാട് മാറ്റങ്ങൾ ശ്രദ്ധിച്ചാൽ തന്നെയറിയാം, സമ്പത്തും താൻ കാര്യം തീരുമാനിക്കലും സ്ത്രീകളിൽ വന്നു ചേർന്നിട്ടുണ്ടെന്ന്​. സ്വാഭാവികമായും, സ്വാഭാവികതയുള്ള അധികാരപദവികളിലേക്കുള്ള പ്രയാണം സ്ത്രീ സമൂഹം ആരംഭിച്ചിട്ടുണ്ട്.

ചോദ്യത്തിൽ സൂചിപ്പിച്ച 2010 ഒരു നമ്പർ മാത്രമാണ്. അവിടെ നിന്നിങ്ങോട്ടുള്ള 10 കൊല്ലം എന്നത് സാമൂഹിക ചരിത്ര പഠനത്തിൽ കേവലം തുച്ഛമായ നമ്പറാണ്. അതിനാൽ ഇനി വരുന്ന പത്തു കൊല്ലം കൊണ്ട് പോലും സമ്പൂർണ മാറ്റം ഉണ്ടാകുമെന്ന്​ കരുതാനാകില്ല. എങ്കിലും, സമയമെടുത്തിട്ടാണെങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യും. അധികാര കേന്ദ്രങ്ങളിലേക്കു മത്സരിക്കാൻ സ്ഥാനാർത്ഥിയാകണം എന്നുപറഞ്ഞ് സ്വമേധയാ മുന്നോട്ടു വരികയും അധികാരം അതിന്റെ പൂർണാർത്ഥത്തിൽ, സ്വയം നിർണയവാകാശത്തോടെ പ്രയോഗിക്കാൻ കഴിയുകയും ചെയ്യുന്ന സ്ഥിതി വരും. അതുവരെ അവസരം കിട്ടാത്ത സ്ത്രീകൾ ഉണ്ടാകും, അവസരം കിട്ടിയ സ്ത്രീകളെ അധികാരം പ്രയോഗിക്കാൻ കഴിയാത്ത തരത്തിൽ വഴിതെറ്റിക്കുന്നവർ ഉണ്ടാകും, അഥവാ സ്വയം നിർണയാവകാശത്തോടെ അധികാരം പ്രയോഗിക്കുകയും ജനനന്മക്കു ഉപയോഗിക്കുകയും ചെയ്യുന്ന സ്ത്രീകളെ ‘ഞങ്ങൾ അവസരം കൊടുത്ത് കൊണ്ട് മാത്രം തിളങ്ങുന്നവർ' എന്ന് ഔദാര്യ -പുച്ഛ ഭാവത്തിൽ വിലയിരുത്തുന്നവർ ഉണ്ടാകും.

കഴിഞ്ഞൊരു ദിവസം ആരോഗ്യമന്ത്രി കെ. കെ. ശൈലജയെ കുറിച്ചുള്ള ഒരു ചർച്ചക്കിടെ, സ്വയം ഇടതുപക്ഷമെന്നും, അതുകൊണ്ടു തന്നെ സ്വാഭാവികമായും സ്ത്രീ പക്ഷമെന്നും കരുതുന്ന ഒരാൾ, അതും ഒരു വനിത, ശൈലജയെന്ന പ്രഗത്ഭമതിയായ മന്ത്രിയെ കുറിച്ച് ഇത്തരത്തിൽ കമന്റ് പറഞ്ഞപ്പോൾ അല്പമൊന്നു അന്ധാളിക്കേണ്ടി വന്നു. ഇത്തരം ഔദാര്യ അവസരം നൽകുന്നവർ ഇക്കാലഘട്ടത്തിലെ ഭൂരിപക്ഷമാണ്. അവർ ന്യൂനപക്ഷമാകുന്ന ഒരു കാലം വരും, അന്ന് നമുക്കൊരു ആദ്യ വനിതാ മുഖ്യമന്ത്രി ഉണ്ടാകും. സംവരണം ഇപ്പോൾ ഔദാര്യമാകുന്ന സമയം കടന്നു പോകും. പിന്നീടുള്ള കാലഘട്ടത്തിൽ, രാഷ്ട്രനിർമാണവും നിയമനിർമാണവും ജനപ്രതിനിധ്യവും അവകാശമായും ഒഴിച്ച് കൂടാനാകാത്ത ചുമതലയായും കരുതുന്ന സ്ത്രീകൾ ഭൂരിപക്ഷമാകും. അതിനു ഇനിയും കാലം കടന്നു പോകേണ്ടതുണ്ട്.

practices makes man perfect എന്നാണ്. പഴഞ്ചൊല്ലിൽ പോലും ജെണ്ടർ ന്യൂട്രാലിറ്റി / ജെണ്ടർ ഇക്വാലിറ്റി കൊണ്ട് വരാൻ ഇനിയും കഴിയാത്ത സമൂഹമാണ് നമ്മുടേത്. ഈ പഴഞ്ചൊല്ലലിലെ MAN എന്നത് മനുഷ്യകുലം എന്ന് മൊത്തമായി വിവക്ഷിക്കുന്നത് ആണെന്ന് വാദം വരാം. എങ്കിൽകൂടി ഒരിടത്തും practices makes woman perfect എന്ന് എഴുതാൻ കഴിയാത്ത സമൂഹമാണ്. WOMAN എന്നതിന് മനുഷ്യകുലത്തെ മൊത്തം പ്രതിനിധീകരിക്കാൻ കഴിയില്ലെന്നും ഉപജ്ഞാതാക്കൾ കരുതിക്കാണണം.

ഈ പഴഞ്ചൊല്ല്​ കടമെടുത്തു തന്നെ പറയാം, സ്ഥിരമായി പ്രയോഗിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുമ്പോഴാണ് സമ്പത്ത്​ ക്രയവിക്രയം ചെയ്യാനും വിമാനം പറത്താനും ഭരണം കയ്യാളാനും രാഷ്ട്രീയം പറയാനും പ്രസംഗിക്കാനും കാർ ഓടിക്കാനും വാർത്തകളുടെ പേജിനേഷൻ നടത്താനും തെങ്ങിൽ കയറാനും പറ്റുന്നത്​. അതുകൊണ്ട് തന്നെ പ്രാക്ടീസ് ചെയ്താൽ ഇതെല്ലം പെണ്ണിനും കഴിയും. ചിലരുണ്ട്, നമ്മൾ ഒരു നിലപാട് പറഞ്ഞു വരുമ്പോഴേക്കും ഉടനെ ‘എങ്കിൽ തെങ്ങിൽ കയറി കാണിക്കൂ' എന്ന് പറയും. അങ്ങനെ പറഞ്ഞാൽ സ്ത്രീകളായ സ്ത്രീകളൊക്കെ മിണ്ടാതിരിക്കും എന്ന് അവർ കരുതി കാണണം. എന്നാൽ, തെങ്ങിൽ കയറാൻ പഠിക്കുകയും സ്ഥിരമായി പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന എത്രയോ സ്ത്രീകളുണ്ട്. സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിൽ കൂടി എന്റെ അമ്മ ഷേർലി തെങ്ങിൽ കയറും. അതിനുള്ള പരിശീലനം അവർക്കു കാർഷിക സർവകലാശാലയിൽ നിന്ന്​കിട്ടിയിട്ടുണ്ട്. എന്റെ അമ്മയുടെ പിതാവ് കവുങ്ങു കയറ്റക്കാരൻ ആയിരുന്നു. ഒരു കവുങ്ങിൽ നിന്ന്​ മറ്റൊരു കവുങ്ങിലേക്ക്​, ഇരിക്കുന്ന മരം ആട്ടിയാട്ടി കയറി പോകും. എന്നാൽ, ആ പിതാവിന്റെ രണ്ടാണും മൂന്നു പെണ്ണുമായ മക്കളിൽ എന്റെ അമ്മ മാത്രമാണ് തെങ്ങു കയറാൻ, പിൽക്കാലത്താണെങ്കിലും പരിശീലനം നേടിയത്.

അതായത്​, പൊളിറ്റിക്‌സിനെയും ഭരണത്തെയും ഒരു കവുങ്ങോ തെങ്ങോ ആയി കണക്കു കൂട്ടുക. അതിൽ കയറാൻ താല്പര്യം ഉള്ള ആണും പെണ്ണും ഉണ്ടാകും. താല്പര്യം ഉണ്ടാകുന്നതുപോലും മിക്ക സന്ദർഭങ്ങളിലും സഹവാസം കൊണ്ടും പ്രവൃത്തി പരിചയം കൊണ്ടും ഉണ്ടാകുന്ന അറിവുകൊണ്ടു കൂടിയാണ്​. അത്തരം അറിവ് ലഭിക്കാനുള്ള വഴികൾ പോലും അടച്ചുവെച്ചുകൊണ്ടാണ് ‘എന്നാൽ നിങ്ങളൊന്നു തെങ്ങിൽ കയറി കാണിക്കൂ' എന്ന് പറയുന്നത്.

2. നിയമസഭ - ലോകസഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

ഇപ്പോൾ തന്നെ ഇതൊരു ഔദാര്യമാണ് എന്ന നിലയിലാണ് രാഷ്ട്രീയക്കാർ സംവരണത്തെ കാണുന്നത്. എങ്കിൽ പോലും കഴിഞ്ഞ പത്തു വർഷം കൊണ്ട് ഭരണനിർവഹണത്തിൽ പ്രാക്ടീസ് കിട്ടിയ നിരവധി സ്ത്രീകളുണ്ട് എന്ന് നമ്മൾ കാണാതിരുന്നു കൂടാ. പലയിടത്തും പിൻസീറ്റ് ഭരണം നടക്കുന്നെന്ന് ആക്ഷേപം ഉണ്ട്. ഇന്ത്യയ്ക്ക് 1947 ൽ ഭരണം കിട്ടിയ ശേഷം 50 വർഷത്തിലധികം കഴിഞ്ഞ് 2010 ലാണ് ഇത് പ്രാക്ടീസ് ചെയ്യാനുള്ള മാന്യമായ അവസരം, മാന്യമായ എണ്ണം സീറ്റുകൾ സ്ത്രീകളിൽ എത്തിച്ചേരുന്നത്.

അമ്പതു വർഷം കൊണ്ട് പുരുഷന്മാർ ഭരണനിർവഹണം നടത്തി വന്നതിന്റെ പ്രവൃത്തി പരിചയം, സഹവാസ പരിചയം എന്നിവയുള്ളതു കൊണ്ടാണ് ‘പ്രഗത്ഭമതികളായ പുരുഷന്മാർ' എന്ന് പലരും വീമ്പു പറയുന്നത്. അവർക്കു കിട്ടിയ അവസരങ്ങളെ തട്ടിച്ചു നോക്കുമ്പോൾ രണ്ടു ടേമുകൾ മാത്രം ട്രെയ്‌നിങ് ഉള്ളവർ എന്തുകൊണ്ട് മറ്റു അധികാര പങ്കാളിത്തത്തിൽ എത്തുന്നില്ല എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അവർക്ക്​ സമയം കൊടുക്കുക. ഒരു സമയത്ത് അവരെ മാറ്റി നിറുത്താൻ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ മുന്നേറുന്നത് എന്ന് ശുഭാപ്തി വിശ്വാസമുണ്ട്.

താഴെത്തട്ടിൽ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ട്രെയ്‌നിങ് കൊണ്ട് ഏറെ വൈകാതെ വലിയ സ്ഥാനങ്ങളിലേക്ക് അധികാരിയായ സ്ത്രീ എത്തും. എന്തുകൊണ്ടാണ് 25 കൊല്ലം മുമ്പ്​ ഉദ്യോഗസ്ഥയായ സ്ത്രീകളുടെ അനുപാതം കുറഞ്ഞിരുന്നത്​? ഇപ്പോൾ അവസ്ഥ എന്താണ്? പടിപടിയായുള്ള വളർച്ച, അതും ശരവേഗത്തിലുള്ള വളർച്ചയാണ് കേരളസമൂഹത്തിൽ സ്ത്രീകളുടെ വിഷയത്തിൽ കാണാൻ കഴിയുന്നത്.

3. ഒരു സ്ത്രീയെ സംബന്ധിച്ച്​, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

കണ്ടീഷൻ ചെയ്യപ്പെട്ട സമൂഹമാണ്. അതുകൊണ്ട് തന്നെ ഷെല്ലിനകത്തു നിന്ന്​പുറത്തു വരികയെന്നത് വലിയൊരു പരിശ്രമം ആണ്. വിശാലാർത്ഥത്തിൽ പുരുഷന് ഉണ്ടുറങ്ങാനും തൊഴിലെടുത്ത്​ സമ്പത്തുണ്ടാക്കാനും അതുവഴി അധികാരം കൊണ്ട് നടക്കാനും കഴിയുന്നത് സ്ത്രീകളുടെ മൂല്യം അളക്കപ്പെടാത്ത, ശമ്പളമില്ലാത്ത തൊഴിലെടുപ്പു കൊണ്ടാണ്. വീട്ടിലെ ജോലികൾക്ക്​ മൂല്യം കണാക്കപ്പെടുന്നില്ല. അതുകൊണ്ടു തന്നെ നോട്ടു രൂപത്തിൽ സമ്പത്തു കൊണ്ടുവരുന്ന പുരുഷൻ ഉടമയും നോട്ടു പരുവത്തിൽ കൂലി കിട്ടാത്ത ജോലി ചെയ്യുന്ന സ്ത്രീ അടിമയും ആണെന്ന മനോഭാവമുണ്ട്. ഇത് ചെയ്യുന്നതാണ് ഉത്തമ കുലസ്ത്രീയുടെ ഉത്തമ ഉദാഹരണം എന്നും കരുതി അഭിമാനിക്കുന്ന സ്ത്രീകളെ ഉരുവപ്പെടുത്തിയതും ഇതേ സമൂഹമാണ്.

അതിനാൽ വീട്ടിനകത്തു തന്നെ തുടർന്നുകൊണ്ടുതന്നെ കുടുംബ നീക്കുപോക്കുകൾ സ്ത്രീകൾ ഭംഗിയായി നടത്തി, പുരുഷനെ സ്വതന്ത്രമാക്കി വിടണം എന്ന് അടുത്ത തലമുറയോട് പറഞ്ഞുകൊടുക്കുന്ന കാരണവന്മാരും കാരണവത്തികളും ഇപ്പോഴും ഒട്ടും കുറവല്ലല്ലോ. വ്യക്തിപരമായ ഒരു അനുഭവം പറഞ്ഞാൽ, ഞാൻ ആരെ വിവാഹം കഴിക്കണം, ഏതുവരെ പഠിക്കണം, തൊഴിൽ തെരഞ്ഞെടുക്കുന്നുണ്ടെങ്കിൽ എന്തുതരം തൊഴിലെടുക്കണം എന്നൊക്കെ ആജ്ഞാപിക്കുകയും നിർദ്ദേശിക്കുകയും ചെയ്യുന്ന ധാരാളം സ്വന്തക്കാരും ബന്ധുക്കളും നാട്ടുകാരും എനിക്ക് ഉണ്ടായിരുന്നു. ഭാഗ്യവശാൽ, അവരുടെ ഭാഷയിൽ ‘എന്റെ പിടിവാശി' കാരണം 20 വയസിൽ വിവാഹിതയാകേണ്ട ഗതികേട് ഒത്തുവന്നില്ല.

ഇതെല്ലം പ്രാക്ടീസ് ചെയ്യാൻ കഴിയുന്ന കുടുംബാന്തരീക്ഷമാണ് നിലവിലുള്ളത്, നേരത്തെ അത് അത്ര എളുപ്പമുള്ള സംഗതി ആയിരുന്നില്ല. അവസരങ്ങൾ തട്ടിപ്പറിക്കേണ്ടി വരികയും അപ്പോഴെല്ലാം അധിക്ഷേപത്തിന് വിധേയയാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന വരുമാനമുള്ള ജോലി, അതും എന്റെ അഭിരുചി അനുസരിച്ചുള്ള ജോലി ചെയ്യാൻ കഴിഞ്ഞു. സ്വാഭാവികമായും സമ്പത്ത്​ വന്നു ചേർന്നു. നേരത്തെയും അടിവസ്ത്രത്തിനുവേണ്ടി പോലും ഭർത്താക്കന്മാർക്കും പിതാക്കന്മാർക്കും മുന്നിൽ കൈനീട്ടേണ്ടി വരുന്ന സ്ത്രീകളുടെ അപമാനകരമായ അനുഭവകഥകൾ കേട്ടിട്ട്, അതെനിക്ക് സംഭവിക്കരുത് എന്നൊരു തോന്നൽ ചെറിയ പ്രായത്തിൽ തന്നെ ഉള്ളിലുണ്ടായിരുന്നു എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ ഓർമ വരുന്നുണ്ട്.

റീമ കല്ലിങ്കൽ ‘പൊരിച്ച മീനിനു വേണ്ടി ആവശ്യപ്പെട്ടാണ് ഞാനൊരു ഫെമിനിസ്റ്റ്' ആയത്​ എന്ന് പറഞ്ഞപ്പോൾ, ആണധികാര പ്രമത്തതയിൽ അഭിരമിക്കുന്ന കുറെ പേർക്ക് ട്രോളുകൾ ഇറക്കാനും ഓരോ ഫെമിനിസ്റ്റ് ചിന്തകളെയും പരിഹസിക്കാനും അത്യുത്സാഹം കണ്ടിരുന്നു. അത്തരത്തിൽ എന്റെ പരാമർശം ട്രോളുകൾ ആയി ഇറക്കാനും സാമൂഹിക മാധ്യമങ്ങളുടെ ഭാഷയിൽ പറയുന്ന ‘പൊങ്കാല' യിടാനും മത്സരിക്കുന്ന കുറെ പേരെ ഞാൻ ഇതെഴുതുമ്പോൾ മനസ്സിൽ കാണുന്നുണ്ട്. പക്ഷെ, വിദ്യാഭ്യാസം ഉണ്ടായിട്ടും, തൊഴിലെടുക്കാൻ ആഗ്രഹം ഉണ്ടായിട്ടും അതിന്​ കഴിയാതെ, ചില്ലറ പൈസക്ക് പോലും മറ്റൊരാളുടെ മുന്നിൽ കൈനീട്ടേണ്ടി വരുന്ന ആളുകളുടെ മാനസികാവസ്ഥ ഈ സമൂഹത്തിനു മനസ്സിലാകുമോ എന്നറിയില്ല.

എന്റെ കാര്യത്തിൽ വരുമാനത്തിന്റെ കൈകാര്യം, സ്വയം നിർണയാവകാശത്തിൽ ഊന്നിയുള്ള നിലപാടുകൾ, അധികാരത്തിൽ തുല്യ പങ്കാളിത്തം എന്നിവ സാധ്യമായി. ഇത്തരം അധികാരം, അഭിപ്രായം പറയാനുള്ള അവസരങ്ങൾ എന്നിവ ഞാൻ ആവശ്യപ്പെടാതെ തന്നെ എന്നിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അത് വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും ഉള്ള അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇത് എന്റെ മാത്രം അനുഭവം ആകാനിടയില്ല എന്നാണു കരുതുന്നത്. ഇതേ അനുഭവമുള്ള ആയിരക്കണക്കായ സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. അധിക്ഷേപത്തിലും അവർ അവകാശങ്ങൾ നേടിയെടുക്കും. ആദ്യ ചോദ്യത്തിൽ നമ്മൾ പരാമർശിക്കുന്ന അധികാരത്തിന്റെ ആ സ്വാഭാവിക, അനായാസമായ വന്നുചേരൽ അപ്പോഴാണ് സംഭവിക്കുന്നത്.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ സ്ത്രീയുടെ അധികാര നില പൊതുവിൽ പരിതാപകരമാണ്. കേരളത്തിൽ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഇതുവരെ എന്തുകൊണ്ട് ഉണ്ടായില്ല എന്നത് തന്നെ പരിശോധിച്ചാൽ മതിയല്ലോ. അത് അനേക വർഷങ്ങളായി സ്ത്രീകൾക്ക് കിട്ടിയ അവസരക്കുറവിന്റെ തുടർച്ചയായി കണ്ടാൽ മതി. സീനിയർ സ്ഥലങ്ങളിലെല്ലാം ഇപ്പോഴും പുരുഷന്മാരാണ്. മാധ്യമ സ്ഥാപനങ്ങളുടെ ഉന്നത എഡിറ്റോറിയൽ വിങ്ങിൽ , മാധ്യമ സ്ഥാപനങ്ങളിലെ യൂണിയൻ ഭാരവാഹികളിൽ ഇന്ത്യയൊട്ടാകെ പരതിയാലും സ്ത്രീകളുടെ എണ്ണം വിരലിൽ എണ്ണാവുന്നതാണ്. സ്വന്തമായി ആരംഭിച്ച ചില സ്ഥാപനങ്ങളുടെ ഉന്നത പോസ്റ്റിൽ സ്ത്രീകൾ ഉണ്ടായിരിക്കാം, എന്നാൽ ഞാനതല്ല പറയുന്നത്.

രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമോ അത്തരം പാർട്ടികളുടെ യുവജന സംഘടനയിൽ പ്രവർത്തിക്കാൻ അവസരമോ ലഭിക്കാത്ത ആളാണ് ഞാൻ. അവർ തരാത്തത് കൊണ്ടല്ല. അത്തരം സംഘടനകളുടെ വിളനിലമായ റെഗുലർ കോളജുകളിൽ വിദ്യാഭ്യാസം നടത്താൻ കഴിയാത്ത ഒരാളാണ് ഞാൻ. പത്താം ക്ലാസ്​ കഴിഞ്ഞുള്ള ഉന്നത വിദ്യാഭാസ കാലം മുഴുവൻ പാരലൽ കോളജുകളിൽ ആണ് പൂർത്തിയാക്കിയത് എന്ന് പറയാൻ ഒരു കാലഘട്ടം വരെ എനിക്ക് അപമാനം തോന്നിയിരുന്നു. എന്നാൽ, അന്നത്തെ കുടുംബ പശ്ചാത്തലം, സാമ്പത്തിക പശ്ചാത്തലം അതായിരുന്നു. റെഗുലർ കോളജുകളിൽ പോയാൽ വീട്ടിലെ പ്രധാന വരുമാന മാർഗമായ പശുവിൻ പാൽ വില്പനയും വീടുകളിലെ വിതരണവും ഒക്കെ ക്രമം തെറ്റും. അപ്പോൾ അതുകൂടി മുടങ്ങിയാൽ ഇപ്പോൾ ഉള്ള വിദ്യാഭ്യാസ അവസരം പോലും നഷ്ടമാകും എന്ന അവസ്ഥയിലാണ് കടന്നുപോയത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ മുഖ്യധാരാ യുവജന പ്രസ്ഥാനങ്ങളിൽ യോഗങ്ങളിൽ പങ്കെടുത്തോ സമരത്തിന് മുദ്രാവാക്യം വിളിച്ചോ ഭരണ നിർവഹണത്തിൽ പങ്കാളിയായോ രാഷ്ട്രീയ പാർട്ടി / സംഘടനാ പരിശീലനം ലഭിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ അധികാരഘടനയിലേക്കുള്ള പ്രവേശനം ദുസ്സഹമായിരുന്നു. തുടർന്നുള്ള പ്രവർത്തനങ്ങൾക്കും തടസങ്ങൾ ഒരുപാട് ഉയർന്നു വരും. അതുകൊണ്ട് തന്നെ ഭാരവാഹി എന്ന നിലയിൽ ഞാൻ എന്നെ തന്നെ നൂറിൽ ഇരുപതോ അതിൽ താഴെയോ മാർക്കിട്ടാണ് അടയാളപ്പെടുത്തുക. എന്നാൽ, ഇതെല്ലം എനിക്ക് കിട്ടാതെ പോയ അനുഭവ പരിജ്ഞാനത്തിന്റെ കുറവായാണ് വിലയിരുത്തുന്നത്. നാലോ അഞ്ചോ പത്തോ വർഷങ്ങൾ കഴിയുമ്പോൾ ഒരുപക്ഷെ സംഘടനയുടെ ഉയർന്ന പോസ്റ്റിലേക്ക് മത്സരിക്കാൻ ഞാൻ എന്നെത്തന്നെ കൊണ്ട് നിറുത്തിയേക്കാം. അപ്പോഴേക്കും സംഘടനാ പ്രവർത്തനം, ഭരണനിർവഹണം എന്നിവയിൽ ഞാൻ മികച്ച രീതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരാളായി മാറിയേക്കും.

തൊഴിലുമായി ബന്ധപ്പെട്ട ഒരു സംഘടനയിൽ ആദ്യമായി മത്സരിക്കാൻ നിന്നപ്പോഴുണ്ടായ അനുഭവം മോശമായിരുന്നു. സ്ത്രീകൾക്ക് സംവരണം കൊടുക്കേണ്ടി വന്നതുകൊണ്ടുമാത്രം പത്രപ്രവർത്തക യൂണിയനിൽ നാല് വർഷമായി കുറച്ചു സ്ത്രീകൾ ഭാരവാഹികളായുണ്ട്. എന്നാൽ, അവരിൽ ഭൂരിഭാഗം പേരും നേരിടുന്ന ‘ഒതുക്കൽ' ഒരു എത്തിക്സും ഇല്ലാത്തതാണ്.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏത് തരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

ഇന്ത്യയിലെ കുടുംബ വ്യവസ്ഥ സ്ത്രീയുടെ പല ആവിഷ്‌കാരങ്ങൾക്കും ഏറ്റവും പ്രതികൂലമായ ഘടകമാണ്. മറ്റു ചില രാജ്യങ്ങളിൽ കുടുംബം എന്ന വ്യവസ്ഥ ഉണ്ടായിട്ടുപോലും പല തരം ആവിഷ്‌കാരങ്ങളിൽ തിളങ്ങുന്ന സ്ത്രീകൾ ഉണ്ട്. അപ്പോൾ, അത് ആത്യന്തികമായി കുടുംബം എന്ന വ്യവസ്ഥ എന്നതിനേക്കാൾ, ‘ഏതു സമൂഹത്തിലെ കുടുംബം ' എന്നതരത്തിൽ വിശകലനം ചെയ്യേണ്ടി വരുന്നു. ഭാര്യയും ഭർത്താവും എന്ന നിലയിലും മാതാപിതാക്കളും മക്കളും എന്ന നിലയിലും കുടുംബം എന്ന വ്യവസ്ഥ ലോകത്തിൽ മിക്കയിടത്തും നിലനിന്നു പോരുന്നുണ്ട്. ഈ വ്യവസ്ഥയെ ലംഘിക്കുന്നവരെ നേരിടേണ്ടി വരുന്ന, അതിന്​ ഊർജം പാഴാക്കേണ്ടി വരുന്ന ഘടകങ്ങളെക്കാൾ ആയാസരഹിതമാണ് കുടുംബം എന്ന വ്യവസ്ഥ, അതൊരു തരം എസ്‌കേപിസം ആയും വേണമെങ്കിൽ വിലയിരുത്താം. ഇതൊക്കെ എഴുതുന്ന എനിക്ക് പോലും കുടുംബം എന്ന വ്യവസ്ഥയുടെ പല അതിർത്തികളും മറികടക്കാനോ ചങ്ങല മുറിച്ചിടാനോ കഴിയാത്ത നിസ്സഹായാവസ്ഥ കടന്നുവരാറുണ്ട്. ഒരു വയസുള്ള കുഞ്ഞുമായി സംഘടനാ തെരെഞ്ഞെടുപ്പിനു വരുമ്പോൾ, അത് കൂടുതൽ കാലം തുടരാൻ കഴിയും എന്ന് കരുതിയിട്ടില്ല. കാരണം ‘ഇൻക്ലൂസിവ്' എന്ന വാക്കിനു മൂല്യമില്ലാത്ത സമൂഹമാണ് നമ്മുടേത്.

സ്ത്രീകളെ എങ്ങനെ ഉൾക്കൊള്ളിക്കാം, ട്രാൻസ് ജെൻററുകളെ എങ്ങനെ ഉൾക്കൊള്ളിക്കാം, ദളിതരെ / മത്സ്യതൊഴിലാളികളെ/ ആദിവാസികളെ/ കുട്ടികളെ എങ്ങനെ ഉൾക്കൊള്ളിക്കാം എന്നൊന്നും യാതൊരു തിട്ടവുമില്ല. ഈ സമൂഹത്തിന്റെ പരിച്ഛേദമായ ഭരണകൂടം, തൊഴിലിടം, വിവിധ സംഘടനകൾ എന്നിവയിലും ഇൻക്ലൂഷൻ കാണാൻ കിട്ടില്ല. ആദ്യ ചോദ്യത്തിന് ഉത്തരം പറഞ്ഞത് പോലെ, വർഷങ്ങൾ കൊണ്ടുള്ള പരിണാമത്തിനാണ് സാധ്യത. അതിലേക്കുള്ള വേഗത കൂട്ടാൻ അവസരങ്ങൾ ധാരാളമായി ഒരുക്കുക, ഒറ്റപ്പെട്ട ശബ്ദങ്ങളെ ഉയർത്തികാണിക്കുക, അതിനായി നെറ്റ്​വർക്കുകൾ ഉണ്ടാക്കുക എന്നിവയൊക്കെയാണ് ചെയ്യേണ്ടത്.


Comments