മത്സരിക്കുന്ന സ്ത്രീകൾ തെരെഞ്ഞെടുപ്പിനുശേഷം എവിടെപ്പോകുന്നു?

സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്ന ഒരു ഫെയ്‌സ്ബുക്ക് കുറിപ്പിൽ ‘ആദർശത്തിന്റെ ആൺരൂപം' എന്നെഴുതി കണ്ടു. ഇവിടെ ആൺരൂപം എന്നത് കേവലം എഴുത്തിൽ സംഭവിച്ച ഒരു പിഴവാകാൻ സാധ്യതയില്ല- ഗവേഷണ വിദ്യാർഥി കെ.എസ്​. ഇന്ദുലേഖ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗ തലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത് ? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

കെ.എസ്​.ഇന്ദുലേഖ: 1992 ലാണ് എഴുപത്തിമൂന്നാം ഭരണഘടനാഭേദഗതി പ്രകാരം ഇന്നു നാം കാണുന്ന ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വരുന്നത്. അതുവഴി മൂന്നിലൊന്നു സംവരണത്തിനുള്ള അവകാശം സ്ത്രീകൾക്ക് ലഭിച്ചു. 2009 ൽ വി. എസ്. അച്യുതാനന്ദൻ ഗവൺമെന്റാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50% സംവരണം നടപ്പാക്കിയത്. ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിനു മുമ്പ് സ്ത്രീസംവരണം നടപ്പാക്കിയത്. അതായത് കേരളത്തിൽ കഴിഞ്ഞ രണ്ടു ടേമുകളായി 50% പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട്.

പത്തു വർഷത്തിനിടയിൽ നടന്ന പലതരം സംവാദങ്ങളിലൂടെ സ്ത്രീകളുടെ സവിശേഷമായ അധികാരങ്ങളെക്കുറിച്ചും പ്രാതിനിധ്യത്തെക്കുറിച്ചുമുള്ള സാമാന്യമായൊരു ധാരണ പൊതുവിൽ സമൂഹത്തിൽ ഉണ്ടായി വന്നിട്ടുണ്ടെന്നതു യാഥാർത്ഥ്യമാണ്. പക്ഷേ സ്ത്രീകളുടെ കർതൃത്വം അംഗീകരിക്കാൻ തക്ക ശേഷിയൊന്നും നമ്മുടെ സമൂഹത്തിനുണ്ടായിട്ടില്ല. ഒരു വശത്ത് സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുക്കുമ്പോൾ തന്നെ മറുവശത്ത് പാർട്രിയാർക്കൽ ഘടനയെ നിലനിർത്താനുള്ള എല്ലാ ജാഗ്രതയും സമൂഹം പുലർത്തുന്നുമുണ്ട്.

നിയമപരമായ ബാധ്യതയെന്ന നിലയിലാണ് പലപ്പോഴും തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് സംവരണം നൽകുന്നത്. തികച്ചും സങ്കേതികമാണത്. അതല്ലാതെ, സ്ത്രീകൾക്ക് അധികാരത്തിൽ പങ്കാളിത്തം വേണമെന്നോ, നയരൂപീകരണത്തിൽ സ്ത്രീകളും പങ്കുചേരേണ്ടതുണ്ടെന്നോ ഉള്ള ബോധത്തിലേക്ക് നമ്മുടെ സംഘടനാ സംവിധാനം എത്തിയിട്ടില്ല. അത്തരത്തിൽ സമൂഹം പാകപ്പെട്ടിട്ടുമില്ല. അങ്ങനെ പാകപ്പെട്ടിരുന്നെങ്കിൽ പാർലമെന്ററി പൊളിറ്റിക്‌സിൽ ലഭിക്കുന്ന പ്രാതിനിധ്യത്തിനു തുല്യമായ പ്രാതിനിധ്യം സംഘടനാ നേതൃത്വത്തിലും സ്ത്രീകൾക്കു ലഭിക്കുമായിരുന്നു. ഒന്നാലോചിച്ചു നോക്കൂ, 50% സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്നു. പക്ഷേ, ആര് മത്സരിക്കണമെന്നു തീരുമാനിക്കുന്ന ബോഡികളിൽ സ്ത്രീകളില്ല. അഥവാ നാമമാത്രമാണ്. അതുതന്നെയാണ് പ്രശ്‌നം. തീരുമാനം പുരുഷന്റേതാണ്. ഈയൊരു വൈരുദ്ധ്യം സമൂഹത്തിന്റെ സമസ്ത മേഖലയിലുമുണ്ട്.

നമ്മുടെ ലോക്കൽ ബോഡി തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ത്രീകൾ തെരെഞ്ഞെടുപ്പിനു ശേഷം എവിടെയാണ് എന്ന അന്വേഷണം വളരെ പ്രധാനപ്പെട്ടതാണ്. കേരളത്തിൽ ആകെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുണ്ട്. ഇതിൽ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്കു പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും. ഇത്രയും ഇടങ്ങളിലേക്ക് സംവരണ സീറ്റുകളിൽ മാത്രം മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണമെടുത്താൽ ഏകദേശം പന്ത്രണ്ടായിരത്തോളം വരും. തെരെഞ്ഞെടുപ്പിൽ വിജയിച്ച സ്ത്രീകൾ പാർലമെന്ററി പൊളിറ്റിക്‌സിന്റെ ഭാഗമായി നിൽക്കുന്നുവെന്നു കരുതാം. പരാജയപ്പെട്ടവരോ? പരാജയപ്പെട്ട സ്ത്രീകൾ രാഷ്ട്രീയ പാർട്ടികളിൽ നേതൃത്വപരമായ പങ്കുവഹിക്കാൻ കെല്പുള്ളവരാണെന്നാണല്ലോ അവരുടെ സ്ഥാനാർത്ഥിത്വം തെളിയിക്കുന്നത്. എന്നാൽ പാർട്ടി സംവിധാനങ്ങൾക്കുള്ളിലെ കീ പോസ്റ്റുകളിലേക്ക് പിന്നീടവരെ പരിഗണിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. രാഷ്ട്രീയ പാർട്ടികളുടെ പരിപൂർണ്ണ നിയന്ത്രണത്തിലാണ് (വിപ്പ് ഉൾപ്പെടെ) പാർലമെന്ററി പാർട്ടി പ്രവർത്തിക്കുക.

പാർലമെന്ററി സംവിധാനങ്ങൾക്കകത്തു സ്ത്രീകളെ ഉൾപ്പെടുത്തുകയും നയരൂപീകരണം നടത്തുന്ന പാർട്ടി സംവിധാനങ്ങൾക്കകത്ത് അധികാര പദവികളിൽ സ്ത്രീകൾ ഇല്ലാതെ പോകുകയും ചെയ്യുന്നത് അധികാരമുള്ള സ്ത്രീയെ അംഗീകരിക്കാൻ സമൂഹം പാകപ്പെട്ടിട്ടില്ല എന്നതിനു തെളിവാണല്ലോ.

2) നിയമസഭ - ലോകസഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

സാങ്കേതികമായി നോക്കിയാൽ സ്ത്രീകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണത്തിൽ പങ്കാളിത്തം നൽകുന്ന ആർട്ടിക്കിൾ 243 D ക്കു തുല്യമായ വകുപ്പോ നിയമമോ ഇല്ലാത്തത് നിയമസഭയിലോ ലോകസഭയിലോ ജനസംഖ്യാനുപാതികമായ സ്ത്രീപങ്കാളിത്തം ലഭിക്കാതിരിക്കുന്നതിന്​കാരണമായി പറയാമെങ്കിലും പ്രധാനപ്പെട്ട പ്രശ്‌നം ജെൻഡർ സെൻസിറ്റീവായ ഒരു സമൂഹത്തിന്റെ അഭാവമാണ്. സ്ത്രീകളുടെ ഏജൻസിയെ ഉൾകൊള്ളാൻ നമ്മുടെ ഇൻസ്റ്റിറ്റ്യൂഷനുകൾക്ക് ഇപ്പോഴും സാധിക്കുന്നില്ല. അങ്ങനെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ നമ്മുടെ ആൺകോയ്മാ സമൂഹത്തിന് ഈ മട്ടിൽ തുടരാനാകില്ല. അതുകൊണ്ടുതന്നെയാണ് മറ്റധികാരങ്ങളിലേക്ക് സ്ത്രീകളുടെ പങ്കാളിത്തം കൺവർട്ട് ചെയ്യപ്പെടാത്തത്. സ്വാഭാവിക പ്രാതിനിധ്യം നേടാൻ ഇടയില്ലാത്ത വിഭാഗമായതുകൊണ്ടുതന്നെ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പുവരുത്താൻ അഫർമേറ്റീവ് ആക്ഷനുകൾ കൂടിയേ തീരൂ.

പോസിറ്റീവ് ഡിസ്‌ക്രിമിനേഷന് വ്യവസ്ഥയില്ലാത്ത സമൂഹങ്ങളിൽ ജനാധിപത്യമെന്നതിന് സമഗ്രാധിപത്യമെന്നു മാത്രമാണ് അർത്ഥം. അതുകൊണ്ടുതന്നെയാണ് തുല്യതയെക്കുറിച്ചുള്ള ഏതു വ്യവസ്ഥയും മേൽപ്പറഞ്ഞ രീതിയിലുള്ള അഫർമേറ്റീവ് ആക്ഷൻ കൂടി ഉൾപ്പെട്ടതാകണം എന്നു പറയുന്നത്.

വനിതാ സംവരണ ബില്ലിനെക്കുറിച്ച് കേട്ടു തുടങ്ങിയിട്ട് എത്രയോ കാലമായി. അത്തരമൊന്ന്​ പ്രാബല്യത്തിൽ വരാതെ നിയമനിർമ്മാണ സഭകളിലെ പ്രാതിനിധ്യം ഉയരുമെന്ന് ഇന്നത്തെ സാഹചര്യത്തിൽ പ്രതീക്ഷിക്കാനാവില്ല. നിയമനിർമ്മാണ സഭകളിലേക്ക് സ്ത്രീകൾക്ക്​ മത്സരിക്കാൻ അവസരംപോലും ലഭിക്കുന്നത് അപൂർവമായിട്ടാണ്. രാഷ്ട്രീയ പാർട്ടികളുടെ എക്സിക്യൂട്ടീവ് സമിതികളിൽ വനിതകളുടെ സാന്നിധ്യമില്ലെന്ന വസ്തുത കൂടി പരിഗണിക്കുമ്പോൾ നിയമസഭകളിലേക്ക് മത്സരിക്കാൻ അവസരമില്ലാത്തതിന്റെ കാര്യം വ്യക്തമാകും.

3) ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

ഓരോരുത്തരുടെയും ജീവിത പശ്ചാത്തലത്തിനനുസരിച്ച് മാറാവുന്ന ഒന്നാണ് ഈ ചോദ്യത്തിന്റെ ഉത്തരമെന്നു ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. പക്ഷേ, പൂർണ്ണമായും അതങ്ങനെയല്ല. ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെങ്കിലും കുടുംബത്തിന്റെ സ്ട്രക്ചർ പാർട്രിയാർക്കലാണ്. അതിന്റെ എല്ലാ പ്രശ്‌നങ്ങളും നമ്മുടെയെല്ലാം കുടുംബങ്ങൾക്കകത്തുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെല്ലാം കുടുംബം തകരണം എന്നു പറയുന്നത്. കുടുംബത്തിനകത്ത് പ്രവർത്തിക്കുന്ന പിതൃമേധാവിത്വമൂല്യങ്ങൾ തകരണമെന്നാണ് അതിനർത്ഥം.

കഴിഞ്ഞ അഞ്ചു വർഷമായി കാലടി സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ യു.ജി.സി ഫെല്ലോഷിപ്പോടെ ഗവേഷണം നടത്തുന്ന ഒരാളാണ് ഞാൻ. താരതമ്യേന നിയന്ത്രണങ്ങളൊന്നുമില്ലാത്ത ജീവിതപശ്ചാത്തലവും എനിക്കുണ്ട്. പക്ഷേ, അതൊരു പൊതുസ്ഥിതിയാണെന്നു ഞാൻ കരുതുന്നില്ല. യുജിസി ശമ്പളം വാങ്ങുന്ന ‘വീട്ടമ്മ'മാരെ സൃഷ്ടിക്കാൻ പണിപ്പെടുന്ന സമൂഹമാണ് ഇപ്പോഴും നമ്മുടേതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഗവേഷണ കാലയളിവിൽ ഏറ്റവും കൂടുതൽ മറുപടി പറയേണ്ടി വന്നിട്ടുള്ളത് വിവാഹത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്കാണ്. എന്നേക്കാൾ കൂടുതൽ ആ ചോദ്യം നേരിട്ടിരിക്കുക എന്റെ മാതാപിതാക്കളായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ സമൂഹത്തിൽ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കേണ്ടുന്ന ‘ബാധ്യത' മാതാപിതാക്കൾക്കാണല്ലോ. ഇത്തരം ചോദ്യങ്ങളുടെയെല്ലാം കാതലായ പ്രശ്‌നം കുടുംബജീവിതത്തെ സ്ത്രീയുടെ ജീവിതത്തിന്റെ പരമമായ സാക്ഷാത്കാരമായി കാണുന്നു എന്നതാണ്.

ഭാര്യാത്വവും മാതൃത്വവുമാണ് സ്ത്രീയുടെ ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്നും എഴുത്തും വായനയും മറ്റു നിലയിലുള്ള ഇടപെടലുകളും അതിനനുബന്ധമായോ അതിനുശേഷമോ നടത്താവുന്ന സംഗതികളാണെന്നുമുള്ള ധാരണ ഇപ്പോഴും സമൂഹത്തിൽ ശക്തമാണ്. കുടുംബത്തിനകത്തു പ്രവർത്തിക്കുന്ന ജനാധിപത്യ വിരുദ്ധത തിരിച്ചറിഞ്ഞാൽ നമ്മുടെ സ്ത്രീകൾ ആ സ്ട്രക്ചർ പൊളിക്കുമെന്നു പാർട്രിയാർക്കിക്കറിയാം. അതിനുള്ള ശേഷി പെൺകുട്ടികൾക്ക്​ കൈവരുന്നതിനു മുമ്പ് കുടുംബജീവിതത്തിലേക്കു തള്ളിവിടുകയാണ് പിതൃമേധാവിത്വഘടനയെ നിലനിർത്തുന്നതിനുള്ള ഏകവഴി.

ഇത്തരത്തിൽ രൂപപ്പെടുന്ന കുടുംബത്തിനകത്ത് സ്ത്രീക്ക് യാതൊരുവിധത്തിലുമുള്ള ഏജൻസിയും ഉണ്ടാകാറില്ല. സ്ത്രീയുടെ ശരീരവും ചിന്തയും മനസ്സും പുരുഷാധികാരത്തിനിണങ്ങും വിധം കണ്ടീഷൻ ചെയ്യപ്പെട്ട രീതിയിലാകും പ്രവർത്തിക്കുക. പക്ഷേ, പുതിയ കാലത്ത് ഈ സ്ഥിതിയിൽ വലിയ മാറ്റം വരുന്നുണ്ട് . ഇത്തരം അധികാരബന്ധങ്ങളിൽ നിന്ന്​ പുറത്തു കടക്കാനുള്ള ശേഷി നമ്മുടെ പെൺകുട്ടികൾ നേടിക്കഴിഞ്ഞിട്ടുണ്ട്. പൊസിഷനിൽ കോംപ്രമൈസ് ചെയ്യാത്ത ഒരു തലമുറ ഇവിടെ വളർന്നു വരുന്നുണ്ടെന്നാണ് വ്യക്തിപരമായ ബോധ്യം. കേരളത്തിൽ കൂടി വരുന്ന ഡിവോഴ്‌സ് കേസുകളെ ആ നിലയിൽ കൂടി മനസ്സിലാക്കേണ്ടതുണ്ട്. പഴയ മട്ടിൽ ‘സർവ്വം സഹ'യായി നിന്നുകൊണ്ട് മുന്നോട്ടുകൊണ്ടു പോകേണ്ട ഇടമല്ല കുടുംബമെന്ന ധാരണ പൊതുവിൽ ഉണ്ടായി വന്നിട്ടുണ്ട്.

4) രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

മറ്റെല്ലാ ഇൻസ്റ്റിറ്റ്യഷനുമെന്ന പോലെ സംഘടനകൾക്കും ഒരു പാട്രിയാർക്കൽ സ്വഭാവമുണ്ട്. അതെപ്പോഴും മസ്‌കുലിനായ ഒരു സ്വഭാവം പ്രകടിപ്പിച്ചുകൊണ്ടിരിക്കും. ആണധികാരത്തിന്റെ താൽപര്യങ്ങളെയും മൂല്യങ്ങളെയും ഉൽപാദിപ്പിക്കാനും അതിനെ സ്വാംശീകരിക്കാനുമാണ് ഓരോ അംഗങ്ങളെയും സംഘടന ശീലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ശീലങ്ങളിലും വിശ്വാസങ്ങളിലും നിലപാടുകളിലും എന്തെങ്കിലും പ്രശ്‌നമുണ്ടെന്നോ ‘സിസ്റ്റം ഓഫ് ബിലീഫി’നോട് തിരിച്ചെന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കണമെന്നോ സംഘടനാ പ്രവർത്തകരാരും തന്നെ കരുതുന്നുമില്ല. ഭൂരിഭാഗം അംഗങ്ങളും സ്വാഭാവികമെന്നോണമാണ് സംഘടനയുടെ പാർട്രിയാർക്കൽ സ്ട്രക്ചർ രൂപപ്പെടുത്തുന്ന അഭിരുചികളെയും തീരുമാനങ്ങളെയും താത്പര്യങ്ങളെയും നിലപാടുകളെയും സ്വീകരിക്കുന്നത്.

സ്വന്തം ഏജൻസിയെപ്പറ്റി ബോധ്യമുള്ള ഒരാൾ, പ്രത്യേകിച്ച് ഒരു സ്ത്രീ, എപ്പോഴാണോ സംഘടനയുടെ ഈയൊരു ഘടനയോട് ചോദ്യങ്ങൾ ചോദിക്കുന്നത്, ആ നിമിഷം മുതൽ ആ വ്യക്തി സംഘടനയ്ക്ക് അനഭിമതയാകും.
പലപ്പോഴും സംഘടനക്കകത്തെ പുരുഷന്റെ അംഗത്വവും സ്ത്രീയുടെ അംഗത്വവും തുല്യമല്ല. സംഘടനയുടെ ബൈലോയിലും മെമ്പർഷിപ്പ് തുകയിലും മാത്രമാണ് സ്ത്രീ - പുരുഷ- ട്രാൻസ് തുല്യത നിലനിൽക്കുന്നത്. അധികാരാവകാശങ്ങളിൽ പുരുഷന്റെ അംഗത്വത്തിന് പകുതിയിൽ താഴെ മാത്രം മൂല്യമാണ് സ്ത്രീയുടെ അംഗത്വത്തിനുള്ളത്. സംഘടന ഉറപ്പുതരുന്ന തുല്യ അംഗത്വത്തിൽ വിശ്വസിച്ച് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്ന സ്ത്രീകളെ എല്ലാ സമ്മർദ്ദവുമുപയോഗിച്ച് അടിച്ചമർത്തുകയാണ് പുരുഷാധികാരം ചെയ്യുക.

അകത്തു നിന്ന്​ കലഹിക്കുന്നവരെ നിശബ്ദരാക്കാൻ പലവിധ തന്ത്രങ്ങളും സംഘടന പ്രയോഗിച്ചുകൊണ്ടിരിക്കും. പാർട്രിയാർക്കിയുടെ താൽപര്യത്തിനിണങ്ങും വിധമുള്ള ഏതു കാര്യവും സംഘടനാ സംവിധാനങ്ങൾ അജണ്ട വച്ച്​ ചർച്ച ചെയ്യും. അതിനോടിടയുന്ന ചോദ്യങ്ങളെ സൗകര്യപൂർവ്വം ഒഴിവാക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നതാകും സംഘടന നയം. ഒട്ടുമേ സഹിക്കാൻ കഴിയാതാകുമ്പോൾ അഭിമാനമുള്ളവർ സ്വയം പുറത്തുപോകും. നിങ്ങൾക്കീ സംഘടനാ സംവിധാനത്തിനകത്ത് സ്‌പേസില്ലെന്ന് ബോധ്യപ്പെടുത്തി പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന ഈ വൈഭവത്തിന്റെ പേരാണ് പാർട്രിയാർക്കി. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണല്ലോ പാർവതി തിരുവോത്ത്.

പുരോഗമന വിപ്ലവ വിദ്യാർത്ഥി സംഘടനകൾക്കകത്തു പോലും ഈയൊരു പ്രശ്‌നം നിലനിൽക്കുന്നുണ്ട്. വനിത സഖാക്കൾ എന്ന വിശേഷണം പോലും ശ്രേണീകൃതമായ അസമത്വമായി പരിണമിക്കുന്നുവെന്നാണ് വ്യക്തിപരമായ അനുഭവം. പലപ്പോഴും സംഘടനക്കകത്ത് സ്ത്രീകൾ കേവലം പ്രദർശന വസ്തുക്കൾ പോലുമായി തീരാറുണ്ട്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ സംഘടനകളുടെ പ്രകടനങ്ങൾ നോക്കുക. ബാനർ പിടിക്കുന്നത് മിക്കവാറും സ്ത്രീകളായിരിക്കും. എല്ലാ കാലത്തും അത് സ്ത്രീകൾക്കു മാത്രമായി സംവരണം ചെയ്യപ്പെട്ട തൊഴിലായിട്ടാണ് തോന്നിയിട്ടുള്ളത്. അത്രയ്ക്കു സൂക്ഷ്മമായിട്ടാണ് അധികാരം പ്രവർത്തിക്കുക. ഇത്തരം പ്രവണതകളെ ചോദ്യം ചെയ്യുമ്പോഴെല്ലാം ഇതിലിത്ര കലഹിക്കാനെന്തിരിക്കുന്നു എന്നാകും ആൺകോയ്മയുടെ ചോദ്യം. അതൊരു സ്വാഭാവികതയായി നമ്മൾ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.

തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ടാണല്ലോ നമ്മൾ ഈ ചർച്ച നടത്തുന്നത്. അതിനോടനുബന്ധിച്ച് മറ്റൊരു കാര്യം പറയാം. ഇപ്പോൾ നവ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും കുറിപ്പുകളും ശ്രദ്ധിക്കുക. ‘പട നയിക്കാൻ പടനായകനിറങ്ങുന്നു ' എന്നാണ് ഒരു പോസ്റ്റിറിന്റെ ക്യാപ്ഷൻ കണ്ടത്. പട, പടനായകൻ തുടങ്ങിയ വാക്കുകളിലൂടെ രൂപപ്പെടുത്തുന്ന വീരപുരുഷ സങ്കല്പം എന്തുതരം രാഷ്ട്രീയ ബോധ്യങ്ങളെയാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്ന ഒരു ഫെയ്‌സ്ബുക്ക് കുറിപ്പിൽ ‘ആദർശത്തിന്റെ ആൺരൂപം' എന്നെഴുതി കണ്ടു. ഇവിടെ ആൺരൂപം എന്നത് കേവലം എഴുത്തിൽ സംഭവിച്ച ഒരു പിഴവാകാൻ സാധ്യതയില്ല. അതൊരു മനോഭാവം കൂടിയാണ്. ഈയൊരു മനോഭാവമാണ് സ്ത്രീകളുടെ അധികാരത്തിൻ കീഴിൽ പ്രവർത്തിക്കുമ്പോൾ പല പുരുഷൻമാർക്കും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്.

5) വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏത് തരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

നമ്മുടെ കുടുംബ സംവിധാനങ്ങളും സാമൂഹ്യബന്ധങ്ങളും ഇപ്പോഴും പാട്രിയാർക്കലായ അധികാര ബന്ധങ്ങളുടെയും വിക്ടോറിയൻ സദാചാരത്തിന്റെയും അകത്താണ് പ്രവർത്തിക്കുന്നത്. ഈയൊരു അധികാര വ്യവസ്ഥയോട്​ നിരന്തരം കലഹിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും പൊതുസമൂഹത്തിൽ വിസിബിലിറ്റിയുണ്ടാക്കിയെടുക്കുന്നത്.
ആരോഗ്യമന്ത്രി ശൈലജ ടീച്ചർ കോവിഡ് വിവരങ്ങൾ പങ്കുവയ്ക്കാൻ വാർത്താ സമ്മേളനം നടത്തുമ്പോൾ അവർക്ക് മീഡിയാ മാനിയയാണെന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആരോപിക്കുന്നു. അതേ സമയം ചെന്നിത്തല ഉൾപ്പെടെയുള്ള നമ്മുടെ രാഷ്ട്രീയ നേതാക്കൾ ദിവസത്തിൽ ഒന്നോ അതിലധികമോ തവണ മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്യുന്നു. ഈയൊരു വൈരുദ്ധ്യം വളരെ പ്രധാനമാണ്. കേരളത്തിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഇത്തരം പ്രവണതകൾ കാണുന്നുണ്ട്.

കഴിഞ്ഞ അമേരിക്കൻ തെരെഞ്ഞെടുപ്പു നോക്കൂ. തെരെഞ്ഞെടുപ്പു പ്രചരണങ്ങളിൽ ഡോണൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചത് എതിർ സ്ഥാനാർത്ഥിയായ ജോ ബൈഡനെയല്ല, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന കമല ഹാരിസിനെയാണ്. കമല തെരെഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയുടെ ദുരിതകാലം തുടങ്ങുമെന്നു പോലും ഒരു ഘട്ടത്തിൽ ട്രംപ് പ്രഖ്യാപിച്ചു. സ്ത്രീകളുടെ കൈകാര്യ കർതൃത്വത്തെ ദേശകാലമില്ലാതെ ഭയപ്പെടുകയും സ്ത്രീകളെ നിഷ്‌ക്രിയരാക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്ന ഒരു ആൺകോയ്മാ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന്​ മേൽസൂചിപ്പിച്ച രണ്ട് ഉദാഹരണങ്ങളിൽ നിന്നു വ്യക്തമാണ്.

കുടുംബത്തിന്റെ എല്ലാ അധികാരങ്ങളോടും കലഹിച്ചോ സമരസപ്പെട്ടോ അല്ലാതെ പുറംജീവിതം സാധ്യമല്ലെന്ന അവസ്ഥ ഇപ്പോഴും നമ്മുടെ സ്ത്രീകൾക്കുണ്ട്. അതുകൊണ്ടാണ് നേരത്തേ സൂചിപ്പിച്ചതു പോലെ യു ജി സി ശമ്പളം വാങ്ങുന്ന വീട്ടമ്മമാർ ഉണ്ടാകുന്നത്. സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാകുമ്പോൾ തന്നെ അധികാരത്തിൽ തുല്യതയില്ലാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. വിവാഹശേഷം പഠനത്തിനും ജോലി ചെയ്യുന്നതിനും അനുവാദം നൽകിയ പങ്കാളികളാടെ അപദാനങ്ങൾ നമ്മൾ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.

അതൊരൗദാര്യമല്ലെന്നും അവകാശമാണെന്നുമുള്ള ബോധത്തിലേക്ക് മാറാത്തിടത്തോളം സമൂഹത്തിൽ ജനാധിപത്യം ഫലപ്രദമാകില്ല. റേഷൻ കാർഡുകൾ സ്ത്രീകളുടെ പേരിലേക്കു മാറ്റി പരിഹരിക്കാവുന്ന ലളിതമായ പ്രശ്‌നമല്ല ഇത്. അടുക്കളയിലും കിടപ്പകങ്ങളിലും ജനാധിപത്യം പുലരണം. സ്ത്രീകളുടെ ചിന്തകളും അഭിപ്രായങ്ങളും താൽപര്യങ്ങളും ഇച്ഛകളും അഭിരുചികളും പ്രകടിപ്പിക്കാനുള്ള തുറന്ന സ്‌പേസുകൾ ഉണ്ടായി വരണം. അങ്ങനെയല്ലാത്തിടത്തോളം സാങ്കേതികമായി പുരോഗതി ഉണ്ടാകുമ്പോൾ തന്നെ പ്രായോഗികതലത്തിൽ സങ്കുചിതവും യഥാസ്ഥിതികവുമായ ജീവിതബന്ധങ്ങളിൽ തന്നെ കുരുങ്ങി കിടക്കുന്നതാകും ഫലം.


Comments