'ഘാതകനി'ലെ ഗാന്ധിയും ഗോഡ്‌സെയും

കാലഘട്ടത്തിൽ അനിവാര്യമായും പിറക്കേണ്ടുന്ന ഒരു നോവൽ. നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ എന്ന ഞെട്ടിക്കുന്ന ചോദ്യത്തോടെയുള്ള ആരംഭം. ഘാതകൻ എന്ന കെ.ആർ. മീരയുടെ നോവൽ അവിശ്വനീയമാം വിധം സങ്കീർണ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോകാൻ വിധിക്കപ്പെട്ട ഒരു ഇന്ത്യൻ സ്ത്രീയുടെ ജീവിതം പറയുന്നതിലൂടെ സമകാലിക ഇന്ത്യയെ എഴുതുന്നു. ഇതിൽ മനുഷ്യജീവിതത്തിന്റെ സങ്കീർണമായ അനുഭവതലങ്ങളുണ്ട്. സ്ത്രീയവസ്ഥയുടെ പച്ചയായ ആവിഷ്‌കാരമുണ്ട്. സമകാലിക ഇന്ത്യൻ സാമൂഹ്യാവസ്ഥയുണ്ട്. ഇവയെ എല്ലാം സർഗാത്മകമായി ഇണക്കിച്ചേർത്ത ഗംഭീരമായ ആഖ്യാനമുണ്ട്. ഗോഡ്‌സേയുടെ ചിന്തയും രാഷ്ട്രീയവും ഭരണാശയമായി മാറിക്കഴിഞ്ഞ ഇന്ത്യയിൽ ജീവിക്കുന്ന മനുഷ്യരുടെ മഹാസങ്കടങ്ങളെ ഉള്ളുലയ്ക്കും വിധം ഉള്ളടക്കിയിട്ടുണ്ടിതിൽ. നിസ്വരായ ആ മനുഷ്യരുടെ അതിജീവനശ്രമങ്ങളുടെ നീറ്റലുകളെ അനുഭവിപ്പിക്കാൻപോന്ന ഏറ്റവും ഉതകുന്ന ഒരു ആഖ്യാനരീതിയാണ് നോവലിന്റേത്. ഘാതകൻ എന്ന ബൃഹത്തായ നോവലിനെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനമോ നിരൂപണമോ അല്ല ഈ കുറിപ്പ്. ഇവിടെ ഇക്കാലത്ത് ജീവിക്കുന്ന ഒരു രാഷ്ട്രീയജീവിയുടെ വായനാനുഭവം മാത്രമാണ്. ഘാതകനെ മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്ന് എന്ന് പറയാൻ ഇതിന്റെ വായനാനുഭവമാണ് പ്രേരണ.

2016 നവംബർ 8ന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ രാജ്യത്ത് നിരോധിക്കപ്പെട്ടതിന്റെ എട്ടാം ദിവസം ഒരു വധശ്രമത്തിൽനിന്ന് കഥാഖ്യാതാവായ സത്യപ്രിയ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നിടത്തു നിന്നാണ് നോവൽ ആരംഭിക്കുന്നത്. അവളുടെ അന്വേഷണം ആരംഭിക്കുന്നതും വളരുന്നതും മനുഷ്യർ നോട്ടിനുവേണ്ടി ക്യൂ നിന്ന് തളരുന്ന കാലയളവിലും. ഇന്ത്യനവസ്ഥയുടെ സമീപകാലഗതിവിഗതികളെ വിശകലനം ചെയ്യുന്ന നോവലിന്റെ രാഷ്ട്രീയതലം ഗാന്ധിയേയും ഗോഡ്‌സെയേയും പല മട്ടിൽ ആവിഷ്‌കരിക്കുന്നു. അവരുടെ ലഗസികളിലേയ്ക്ക് വായനക്കാരെ കൊണ്ടുപോവുന്നു. നമ്മുടെ ജീവിതപരിസരത്തുള്ള അവരുടെ പിൻമുറക്കാരെ ചൂണ്ടിക്കാട്ടിത്തരുന്നു. ഗാന്ധിയിലേയ്ക്കും ഗോഡ്‌സെയിലേയ്ക്കും അനവധി തവണ തിരിച്ചുപോകുകയും ഓരോ വരവിലും സമകാലത്തിൽ നിലയുറപ്പിക്കുകയും ചെയ്യുന്നു (ഘാതകൻ എന്ന പേരുതന്നെ ഗോഡ്‌സെയെ ഓർമിപ്പിക്കുമല്ലോ). "തന്റെ തന്നെ അപരനാൽ വെടിവച്ചുവീഴ്ത്തപ്പെട്ട' രാഷ്ട്രപിതാവിനെ സച്ചിദാനന്ദനും "ഗാന്ധിയായി വേഷം കെട്ടാനെളുപ്പമാണ്, ഉള്ള വേഷങ്ങൾ അഴിച്ചുവച്ചാൽ മതി' എന്നു കൽപ്പറ്റ നാരായണനും ഗാന്ധിയേയും ഗോഡ്‌സെയേയും വായിച്ചിട്ടുണ്ട്. ക്യൂവിൽ തിക്കിതിരക്കിനിൽക്കുന്ന ഗാന്ധിയേയും കാറിൽ വന്നിറങ്ങുന്ന ഗോഡ്‌സെയേയും എൻ.വി. കൃഷ്ണവാരിയർ കാണിച്ചുതന്നിട്ടുണ്ട്.

സച്ചിദാനന്ദൻ, കൽപ്പറ്റ നാരായണൻ

ഈ അപരത്തെ അകമേ പേറുന്നവരാണ് ഒരുപക്ഷേ നാമെല്ലാവരും. അതിനാൽതന്നെ നമ്മുടെ അനുഭവങ്ങളും കഥകളും. എന്നാൽ അപരനെ നാം വേണ്ടത്ര കാണാറില്ല. വേഷം അഴിച്ചുവച്ച് നോക്കാറില്ല. ഈ വേഷങ്ങളാണ് ഹിന്ദുത്വയുടെ ആവിഷ്‌കാരങ്ങൾക്ക് അതിന്റെ വഴികൾ സുഗമമാക്കിയത്. അവ നമ്മുടെ ജീവിതവുമായി അഗാധ ബന്ധിതമായിരിക്കുന്ന ഒന്നാണ്. ഹിന്ദുത്വ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുന്ന ഒന്നാണെന്നും അതു ഭരണകൂടാശയപദ്ധതി മാത്രമല്ലെന്നും ഒരുപക്ഷേ മനസ്സിലാക്കിയ ഒരാൾ ഗാന്ധി ആയിരുന്നു. അതിനെ അഭിമുഖീകരിക്കാൻ രാഷ്ട്രീയസമരങ്ങൾ പോരാതെവരുമെന്നും ധാർമികസമരങ്ങൾ പുറത്തും അകത്തും വേണ്ടിവരുമെന്നും അദ്ദേഹം മനസ്സിലാക്കിയിരിക്കണം. ഈ അഭിമുഖീകരണത്തിന് അപാരമായ ധാർമികധൈര്യം വേണം. നോവലിലെ കഥാഖ്യാതാവായ സത്യപ്രിയയ്ക്ക് അതുണ്ട്. അതിനാൽ അവർ എപ്പോഴും ഘാതകനെ മുഖാമുഖം കാണാനിഷ്ടപ്പെടുന്നു. ഘാതകനെ ആത്മാർത്ഥമായി സ്‌നേഹിക്കുകപോലും ചെയ്യുന്നു. ഘാതകനാവുക എന്നതൊരു മനുഷ്യാവസ്ഥയായി അലിവോടെ കാണുന്നു. 'ജീവിതമായാൽ ഒരു ഘാതകൻ വേണം.എന്റെ ഘാതകൻ ഒരു ദുഷ്ടനായിരുന്നു' (നിങ്ങളുടെ ഘാതകനെപ്പറ്റി നിങ്ങളാണ് പറയേണ്ടത് ).

സത്യം നേർക്കുനേർ വിളിച്ചുപറയാൻ ധൈര്യപ്പെടുന്നവരെ വകവരുത്താൻ ഒരാളുണ്ടാവും എപ്പോഴും. ഒരു ഘാതകൻ. കൊല്ലാൻ പ്രതിജ്ഞാബദ്ധനായ ഘാതകനും മരിക്കാൻ തയ്യാറാണെങ്കിലും കൊല എന്തിന് എന്നറിയാൻ ദൃഢപ്രതിജ്ഞയെടുത്ത സത്യപ്രിയയും ആണ് നോവലിനെ മുന്നോട്ട് നടത്തുന്നത്. "അനിയാ, ഇന്നെങ്കിലും വല്ലതും നടക്കുമോ?എത്ര നാളായി മനുഷ്യനെ മെനക്കെടുത്തുന്നു?' എന്നു സ്വന്തം ഘാതകനോട് ചോദിക്കുന്ന ആളാണ് സത്യപ്രിയ. ഒരാൾ മറ്റൊരാളുടെ ഏതെങ്കിലും തരത്തിലുള്ള ഘാതകനാകുന്നത് എങ്ങനെയായിരിക്കും എന്ന് സത്യപ്രിയയ്ക്ക് ചിന്തിക്കേണ്ടതുണ്ട്. സത്യാഗ്രഹത്തിന്റെ അർത്ഥകല്പനകളിൽ ഈ സത്യപ്രിയത്വം ആണുള്ളത്. വിമർശിക്കാൻ ധൈര്യപ്പെടുന്ന ഏതു ഇന്ത്യൻ സ്ത്രീയും നേരിടേണ്ടിവരുന്ന ഒന്നായിരുന്നു സത്യപ്രിയയുടെ ജീവിതസത്യാന്വേഷണം. സത്യപ്രിയയുടെ അന്വേഷണങ്ങൾ "എന്റെ സത്യാന്വേഷണപരീക്ഷണ'ങ്ങളെ സമകാലികമാക്കി മുന്നേറുന്ന ഒന്നായി വായിക്കാവുന്നതാണ്.

അന്വേഷണത്തിന്റെ ഒരോ ഘട്ടത്തിലും സത്യപ്രിയ തിരിച്ചറിയുന്ന ഭൂതവും വർത്തമാനവും ചരിത്രത്തെ സമഗ്രമാക്കുകയും പൂരിപ്പിക്കുകയും ചെയ്യുന്നു. ഫിക്ഷൻ കേവലചരിത്രാഖ്യാനത്തെ പൂരിപ്പിക്കുന്നത് അങ്ങനെയുമാണല്ലോ. സങ്കീർണയാഥാർത്ഥ്യം തേടിക്കൊണ്ട് അതു സൗന്ദര്യാനുഭൂതി സൃഷ്ടിക്കുന്നു. ആഖ്യാനത്തിലെ സവിശേഷതയാണ് ഈ നോവലിനെ മികച്ച വായനാനുഭവമാക്കിത്തീർക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ളത്. കുറ്റാന്വേഷണകഥനരീതിയാണ് മീര ഈ നോവലിൽ അവലംബിച്ചിരിക്കുന്നത്. കുറ്റാന്വേഷണം ഒരു തരം സന്യാസമാണെന്നും അതിൽ രാഗദ്വേഷങ്ങൾക്ക് സ്ഥാനമില്ലെന്നും സത്യപ്രിയ തിരിച്ചറിയുന്നുണ്ട്. സത്യപ്രിയയ്ക്ക് നേരെയുള്ള വധശ്രമം ഗൗരി ലങ്കേഷിന്റെ വധത്തെ ഓർമിപ്പിക്കാതിരിക്കില്ല (ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വത്തിനാണ് മീര കൃതി സമർപ്പിച്ചിരിക്കുന്നത്).

ചരിത്രത്തിലൂടെ, ഓർമകളിലൂടെ ആഖ്യാനം പടരവേ വായനക്കാർ ഗാന്ധിയേയും അദ്ദേഹത്തിന്റെ ഘാതകനേയും ഓർക്കാതിരിക്കില്ല. ചരിത്രബോധത്തിനും ഓർമകൾകൾക്കും ഇടർച്ച സംഭവിച്ചിട്ടില്ലാത്ത ഒരാൾ ഗോഡ്‌സെയുടെ പ്രവൃത്തിയിലൂടെ അനാവൃതമായ ആ ഘാതകത്വത്തെ കാണും. പൻസാരെയേയും കൽബുർഗിയേയും മറ്റനേകം മനുഷ്യരേയും ഓർത്തുപോവും. ഈ സത്യാന്വേഷകർക്ക് ജീവിതത്തിൽ സംഭവിച്ചത് മനസ്സിലേയ്ക്ക് വരും. അവർ നക്ഷത്രങ്ങളായി ജ്വലിച്ചുനിൽക്കുന്നതായി അനുഭവപ്പെടും. അഹിംസാപൂർവമായ സത്യാഗ്രഹപ്രവൃത്തികളായിരുന്നു അവരുടേത്. വസ്തുതകളെ കൃത്യമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു അവർ വിഗ്രഹങ്ങളെ ആശയപരമായി തകർത്തത്. അവരെ ഓർക്കുമ്പോൾ നാം അവരുടെ ഘാതകരേയും ഓർക്കും. സത്യപ്രിയയും എതിരാളികൾക്കും ഘാതകനുനേരെപ്പോലും വസ്തുതകൾ നേരിട്ട് സൗമ്യമായി നിരത്തിവയ്ക്കാനാണ് ആഗ്രഹിക്കുന്നത്. അതിനായി അവരെ മുഖാമുഖം കാണാനാണ് അഭിലഷിയ്ക്കുന്നത്.

ഗൗരി ലങ്കേഷ്

സത്യാനന്തരകാലത്തുനിന്ന് നോക്കുമ്പോൾ ഭൂതത്തിലും വർത്തമാനത്തിലും കൂടിക്കലർന്നുനിൽക്കുന്ന സത്യവും വ്യാജവും വേർതിരിച്ചറിയാൻ സത്യപ്രിയ വിഷമിക്കുന്നു. ഓരോ സത്യാന്വേഷണവും ആത്മാന്വേഷണമായിത്തീരുന്ന അവസ്ഥയിലേക്കവൾ പരിവർത്തിക്കപ്പെടുന്നു. പാരമ്പര്യത്തിന്റേയും പൂർവികത്വത്തിന്റേയും വെളിവാക്കപ്പെടുന്ന ജനിതകവിശേഷങ്ങൾ കണ്ട് ആശ്ചര്യപ്പെടുന്നു. ഗാന്ധിയെ കാണാൻ പോയ സ്വാതന്ത്ര്യദാഹിയായ തുരുത്തേൽ മൂപ്പിന്നിനേയും അയാളെ കുത്തിക്കൊന്ന പുളിക്കലാനേയും അറിയുന്നു. അവരുടെ പിന്തുടർച്ചാവകാശികളെ സമീപസ്ഥമായ യാഥാർത്ഥ്യമായി തിരിച്ചറിയുന്നു. സ്മൃതികളിലൂടെ ഉള്ള സഞ്ചാരങ്ങൾ അവളെ സങ്കടങ്ങളുടെയും ആത്മനിന്ദയുടെയും ഒപ്പം തന്റേടത്തിന്റേയും നന്മയുടേയും പുതിയ വൻകരകളുടെ കണ്ടെത്തലുകളിലേയ്ക്ക് നയിക്കുന്നു. വധശ്രമത്തിന് ഇരയാകലിനെ അതിമഹത്തായ ആത്മവിമുക്തിയുടെ നിമിഷങ്ങളായാണ് സത്യപ്രിയ കണക്കാക്കുന്നത്. 'അന്വേഷണത്തിനു പ്രേരിപ്പിക്കാത്ത ഒരനുഭവവും ആത്മാവിനെ മോചിപ്പിക്കുകയില്ല''.

ഹിംസയെ ബലപ്പെടുത്തുന്ന സത്യാനന്തരത വികാരത്തിൽനിന്നും വിശ്വാസത്തിൽനിന്നും വെള്ളവും വളവും വായുവും വലിച്ചെടുത്ത് വളരുന്നു. നവസാങ്കേതികതയുടെ വലകൾ സത്യത്തെ ശീർഷാസനത്തിൽ നിർത്തി ഇതിന് അടിത്തറയൊരുക്കുന്നു. നോവലിൽ പരമാർഥ് എന്ന കൗമാരക്കാരൻ സംഘി സോഷ്യൽ മീഡയയുടെ ഉൽപ്പന്നമായി നാം തിരിച്ചറിയുന്നു. ജോയെയെപ്പോലെ ഒറ്റനോട്ടത്തിൽ അരാഷ്ട്രീയമെന്നു തോന്നുന്ന ഫ്രീക്കത്തരം ഉള്ള ഒരു യുവാവ് ധാർമികധൈര്യത്താൽ പ്രചോദിതമായ യുവത്വത്തെ പ്രതിനിധാനം ചെയ്യുന്നുമുണ്ട്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കൽപ്പിതകഥകൾക്ക് വാസ്തവത്തേക്കാൾ ഉയർന്ന സ്ഥാനം ലഭിക്കുന്ന ഒരു രാഷ്ട്രീയപരിസരത്താണ് വായനക്കാർ എന്നതുകൊണ്ടാവാം, ഇതു കഥയാണെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് നോവൽ ആഖ്യാനം മുന്നേറുന്നത്. സമൂഹമാധ്യമനിർമിതമായ പൊതുബോധങ്ങൾ സത്യപ്രിയയുടെ സത്യാന്വേഷണത്തിനും സ്വത്വാന്വേഷണത്തിനും വിലങ്ങുകളായി മാറുന്നു. സത്യത്തിനും വ്യാജത്തിനും മധ്യേ കൽപ്പിതകഥകളുടെ ലീലകൾ നിറയുന്നു . എന്നാൽ അതിനെ മുറിച്ചുകടക്കാനുള്ള ധീരതയിലേയ്ക്ക് അവളെത്തുന്നു. ഈ അധീശലീലകളെ അഭിസംബോധന ചെയ്യുന്നിടത്താണ് സത്യാഗ്രഹമെന്ന ആശയത്തിൽ ഉറച്ചുനിൽക്കുന്ന ഇന്ത്യൻ സ്ത്രീയെ നാം സത്യപ്രിയയിൽ പരിചയപ്പെടുന്നത്.

കുറ്റാന്വേഷണനോവലിന്റെ ആഖ്യാനരീതി അവലംബിച്ചിട്ടുണ്ടങ്കിലും അതു സാമ്പ്രദായികരീതിയല്ല. നോവലിലുടനീളം സത്യപ്രിയയുടെ കുറ്റാന്വേഷണത്തിനൊപ്പം സഞ്ചരിച്ച് ആ അനുഭവലോകത്തിന്റെ ബഹുലതകളിൽ ആണ്ടിറങ്ങുകയും അവയിലെ രാഷ്ട്രീയാന്തർഗതങ്ങൾ മനസ്സിലാക്കുകയും ചെയ്യുമ്പോഴേ യഥാർത്ഥ ഘാതകനെ നമുക്കു കണ്ടെത്താനാകൂ. മരിച്ചവരുടെ ജീവിതത്തിൽനിന്നുവേണം ഒരു നല്ല ഡിറ്റക്ടീവ് അന്വേഷണം തുടങ്ങാൻ എന്ന് ആഖ്യാതാവ് പറയുന്നുണ്ട്. വധശ്രമത്തിനിരയായ സത്യപ്രിയയ്ക്കാകട്ടെ ഭരണകൂടത്തിന്റേയും വ്യവസ്ഥയുടേയും പ്രയോഗങ്ങളാൽ മുറിവേറ്റ സ്വന്തം ജീവിതത്തിൽനിന്നുതന്നെ തുടങ്ങണമായിരുന്നു അന്വേഷണം. സ്വന്തം പൂർവികരുടേയും ബന്ധുക്കളുടേയും വേണ്ടപ്പെട്ടവരുടേയും ജീവിതത്തിലേയ്ക്ക് ആഴ്ന്നിറങ്ങിമാത്രമേ തന്റെ കുറ്റാന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സത്യപ്രിയയ്ക്ക് കഴിയുമായിരുന്നുള്ളൂ. സത്യപ്രിയ പറയുന്നുണ്ട്, കണ്ടെത്തേണ്ടത് ഘാതകനെയല്ല അവന്റെ കഥയെയാണ് എന്ന്. ആ കഥയിൽ എന്റെ കഥയുണ്ട് എന്ന്. വേരുകൾ ചികഞ്ഞു പാതാളത്തോളം പോകേണ്ടിവരുന്ന അത്യന്തം വേദനാകരമായ ഒന്നായിരുന്നു ഈ അന്വേഷണം. അഗാധമായ സത്യസന്ധത തന്നോടുതന്നെ പുലർത്തിയാൽമാത്രം മുന്നോട്ടുപോകാൻ കഴിയുന്ന ഒന്നായിരുന്നു ജീവിത ഭൂപടത്തെ മാറ്റി വരച്ച ആ അന്വേഷണം. ഭൂതകാലത്തിലേയ്ക്ക് പോകുമ്പോൾതന്നെ താനിപ്പോൾ ജീവിക്കുന്ന കാലത്തേയ്ക്കും അതിന്റെ നിർദ്ദയമായ അനുഭവങ്ങളിലേയ്ക്കും വേഗത്തിൽ തിരിച്ചുവരേണ്ടിയുമിരുന്നു. ഓർമകളിലൂടെയുള്ള ഈ പുനഃസന്ദർശനയാത്രകൾ ഭീതിദമായ ഫാസിസ്റ്റവസ്ഥയുടെ ഇരുൾയാഥാർത്ഥ്യങ്ങളെ അനാവൃതമാക്കുന്നുണ്ട് (ഓർമിക്കൽ സത്യത്തിനുവേണ്ടിയുള്ള തിരച്ചിൽ ആയി മാറുന്നുവെന്ന് അവതാരികാകാരൻ). മരം വീഴുമ്പോൾ അതുവരേയും മണ്ണിനടിയിൽ ആയിരുന്ന അതിന്റെ ഭീമാകാരവും സങ്കീർണമായി കെട്ടുപിണഞ്ഞുകിടക്കുന്നതുമായ വേരുകൾ നമ്മെ വിസ്മയപ്പെടുത്താറുണ്ട്. സത്യപ്രിയയുടെ വേരന്വേഷണങ്ങളൊക്കെയും ആഴമേറിയ ജീവിതദർശനങ്ങൾക്ക് പിറവി നൽകുന്നവയായിരുന്നു. ജീവിതാന്വേഷണത്തിൽ നിന്നും നിർധാരണം ചെയ്‌തെടുത്ത നേരുകളാൽ സമൃദ്ധമാണ് അതിനാൽ ഈ നോവൽ. നിങ്ങൾ എപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിൽ ആരംഭിച്ച് പല സന്ദർഭങ്ങളിൽ പല മട്ട് ആവർത്തിക്കുന്ന നിങ്ങളെപ്പോഴെങ്കിലുംകൾ അതിജീവനത്തിന്റെ വാർഷികവലയങ്ങളായി നിലകൊള്ളുന്നു.

ജീവിതത്തിലെ സാധാരണസന്ദർഭങ്ങളിലെ സംഭാഷണങ്ങൾപോലും അനുഭവത്തെ ചരിത്രവൽക്കുന്നത് നോവലിൽ കാണാം. സവർണനായ അച്ഛന്റെ തറവാടായ കോയിക്കൽ വീട്ടിലേക്ക് ഗത്യന്തരമില്ലാതെ പോകേണ്ടിവരുന്ന സന്ദർഭത്തിൽ അമ്മയും രണ്ടു പെൺമക്കളും തമ്മിൽ നടക്കുന്ന സംഭാഷണം നോക്കുക. കീഴ്ജാതിക്കാരിയായ ("കീഴ്ജാതിക്കാർ കൊച്ചാക്കിയതിന്റെ മുറിവുകളൊക്കെ പഴുക്കും') സത്യപ്രിയയുടെ അമ്മ ആ നിർബന്ധിതാവസ്ഥയെ ബന്ധപ്പെടുത്തുന്നത് ഇങ്ങനെയാണ്:
""സോവിയറ്റ് യൂണിയൻ തകർന്നില്ലേ?''
""അതുകൊണ്ട്?''
""സോഷ്യലിസം തകർന്നാൽ പിന്നെ അവിടെ വരുന്നതാരാ?''
""ക്യാപ്പറ്റലിസം .അതായത് ജാതി ,മതം,മണിപവർ,മസിൽ പവർ...''
പോലിസ് ഓഫീസർ അനുരുപ് ഷെട്ടിയുടെ ചോദ്യം ചെയ്യലിനെ പോലും ജീവിതത്തെക്കുറിച്ചുള്ള നിരൂപണവും സമകാലിക രാഷ്ട്രീയാവസ്ഥയെക്കുറിച്ചുള്ള വിമർശനവും ആക്കി മാറ്റുന്നുണ്ട് തന്റെ പ്രതികരണങ്ങളിലൂടെ സത്യപ്രിയ. നോട്ടുനിരോധനവും കോടതിവിധികളും ഭരണകൂടഹിംസയും എല്ലാം അവിടേയ്ക്ക് കടന്നുവരുന്നുണ്ട്.

ആഴമേറിയ സാമൂഹ്യമനഃശ്ശാസ്ത്രസത്യങ്ങളാണ് സത്യപ്രിയയുടെ അന്വേഷണത്തിന്റെ ഫലമായി നോവലിൽനിന്ന് ഉരുവം കൊള്ളുന്നത്. "വയസ്സാകുന്തോറും മനുഷ്യർക്കു ജീവിതത്തിൽ ഒരു അമ്മ അത്യാവശ്യമാകും. സത്യത്തിൽ അവർ ആശ്രയിക്കുന്നത് അമ്മ എന്ന വ്യക്തിയെ അല്ല, അമ്മയെന്ന ആശയത്തെയാണ്. ഓരോരുത്തർക്കും ഓരോന്നാണ് ആ ആശയം.' "നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, പ്രായം കൂടുന്തോറും മനുഷ്യർ സ്വന്തം അച്ഛന് പുതിയ അടരുകൾ കണ്ടെത്തും. അവ ഉപയോഗിച്ച് സ്വന്തം അച്ഛനെ മഹത്വവൽക്കരിക്കാനോ ന്യായീകരിക്കാനോ ശ്രമിക്കും. കാരണം, അച്ഛനും അമ്മയെപ്പോലെ ഒരു ആശയമാണ്. പക്ഷേ, ആ ആശയം സമൂഹത്തിന്റേതാണ്.' കിട്ടാതെപോയ സ്‌നേഹവും നിഷേധിക്കപ്പെട്ട ആത്മാഭിമാനവും എങ്ങനെയാണ് മനുഷ്യരെ വിദ്വേഷത്തിന്റെ പ്രയോക്താക്കളാക്കുന്ന മനുഷ്യാവസ്ഥയിലെത്തിക്കുന്നതെന്ന സൂചനകളിടുകയാണ് ശിവപ്രസാദിന്റെ പിതൃത്വത്തെ സംബന്ധിച്ച രഹസ്യങ്ങളിലൂടെ നോവലിസ്റ്റ്. എന്തിനായിരുന്നു തന്റെ അച്ഛൻ ചെറിയ കുട്ടികളെ തേടിപ്പിടിച്ച് ലൈംഗികമായി ദ്രോഹിച്ചത് എന്ന സത്യപ്രിയയുടെ ചോദ്യത്തിന് പ്രായപൂർത്തിയായ സ്ത്രീകളെ ആ മനുഷ്യന് പേടിയായിരുന്നു എന്നുള്ള മകളോടുള്ള വെളിപ്പെടുത്തലിൽ ആണത്തമാനസികഘടനയെ സ്ത്രീയ്ക്ക് എത്ര കൃത്യമായി വായിക്കാൻ കഴിയും എന്ന കാര്യമാണ് വെളിപ്പെടുന്നത്.

അഹിംസയെ യാതനയിലൂടെ ജീവിതയാത്ര ചെയ്യുന്ന ഏറ്റവും അടിത്തട്ടുമനുഷ്യരുടെ കരുതലും അപരബഹുമാനവും അനുകമ്പയും എല്ലാം ചേർന്ന മാനസികാവസ്ഥയുടെ പേരായി വായിച്ചെടുക്കാൻ ഈ നോവലിന്റെ വായന നമ്മെ കരുത്തരാക്കും. ഒരു സത്യാഗ്രഹിക്ക് ഒഴിച്ചുകൂടാൻ പറ്റാത്തത് ആണ് അഹിംസ. അഹിംസയെന്നതിന് സത്യപ്രിയയുടെ ചെയ്തികൾ നൽകുന്ന അധികമാനങ്ങൾ നമുക്ക് കണ്ടെടുക്കാനാവേണ്ടതുണ്ട് . അതു യാഥാർത്ഥ്യത്തെ അതേ രൂപഭാവങ്ങളോടെ ആത്മാർത്ഥമായി അഭിമുഖീകരിക്കൽ ആണെന്നുകൂടി നോവൽ ഓർമപ്പെടുത്തുന്നു. സത്യപ്രിയ തന്റെ ഘാതകനെ തിരയുന്നത് അയാളുമായി സംവദിക്കാൻ കൂടിയാണ്.ആ മനഷ്യാവസ്ഥയെ അൻപോടെ മനസ്സിലാക്കാൻ കൂടി വേണ്ടിയാണ്. വാസ്തവാവസ്ഥയെ അതിന്റെ എല്ലാ സമഗ്രതയിലും അനിഷ്ടമില്ലാതെ അഭിമുഖീകരിക്കലാണ് ധീരത എന്നു മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രമിച്ച ഒരാൾ നമ്മുടെ രാഷ്ട്രപിതാവായിരുന്നല്ലോ. അതു ദാർശനികമായിത്തന്നെ മനസ്സിലാക്കിയ ഒരു മലയാളി നാരായണണഗുരു ആയിരിക്കണം. സത്യപ്രിയയും ഇതു അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ഒരാളാണെന്ന് അവരുടെ ബോധപൂർവ്വമായ അഭീമുഖീകരണശ്രമങ്ങൾ നമ്മോടു പറയുന്നു. സത്യാനന്തരകാലത്ത് ഈ അഭിമുഖീകരണങ്ങൾ അസ്ഥികൾ നുറുക്കുന്ന ഒന്നായിത്തീരുന്നു. അതു ഒരു പക്ഷേ ഒരു സ്ത്രീയ്ക്കു മാത്രമേ നടത്താൻ കഴിയൂ എന്നും നോവൽ പറയുന്നതായി തോന്നുന്നു. സത്യപ്രയയുടെ അമ്മ ഈ സത്യാന്വേഷണത്തിലെ ദാർശനികഗരിമയാർന്ന ഉജ്ജ്വലകഥാപാത്രമാണ്. ആത്മോപദേശശതകവും അനുകമ്പാദശകവും അദ്ധ്യാത്മരാമായണവും ചിന്താവിഷ്ടയായ സീതയും എല്ലാം ഹൃദിസ്ഥമാക്കിയ ഒരമ്മയുടെ വിപദിധൈര്യമാണ് തന്റെ സത്യാന്വേഷണത്തിൽ സത്യപ്രിയയ്ക്ക് ലഭിച്ച ഏറ്റവും വലിയ പിന്തുണ. അവർ തമ്മിലുള്ള ബന്ധം അഗാധമായ ഒരു പാരസ്പര്യമാണ്. സത്യപ്രിയയുടെ ചിന്തയെക്കൂടി പ്രസവിച്ചത് ആ അമ്മയാണെന്ന് തോന്നും അവരുടെ വേദനയിൽ കുരുത്ത ഫലിതങ്ങളുടെ പിന്നാമ്പുറം അറിഞ്ഞാൽ. ഈ കാലം ആവശ്യപ്പെടുന്ന സത്യാന്വേഷണമാണ് ഇരുവരും ചേർന്ന് നിർവഹിക്കുന്നത്. സത്യമെന്തെന്ന് കണ്ടെത്തി നിശ്ചയിക്കാനും ഉറപ്പിക്കാനുമുള്ള ഈ ആത്മസഞ്ചാരങ്ങൾ അതീവക്ലേശകരമാണ്. അതിലൂടെ കടന്നുപോവുമ്പോൾ നാം നടത്തുന്ന ഒളിച്ചോട്ടങ്ങൾ സ്വയം ഓർമപ്പെടുന്നു.

പണത്തിന്റെ വിനിമയങ്ങൾ ഏതൊരാളുടെ ജീവിതത്തിലുമെന്ന പോലെ സത്യപ്രിയയുടെ ജീവിതത്തിന്റേയും അവിഭാജ്യഭാഗമായുണ്ട്. നോവലിൽ അതിന് പ്രത്യേക പ്രസക്തി കൈവരുന്നുണ്ട്. അനേകം കടം വാങ്ങലുകൾ, വിൽക്കലുകൾ. സ്വന്തം വൃക്കയുൾപ്പെടെ വിൽക്കേണ്ടിവന്നവളാണ് സത്യപ്രിയ. അവളുടെ അന്വേഷണം ആരംഭിക്കുന്നതും വളരുന്നതും മനുഷ്യർ നോട്ടിനുവേണ്ടി ക്യൂ നിന്ന് തളരുന്ന കാലയളവിലും. ഒരുവേള നിശ്ശബ്ദരായി ജീവിച്ചിരുന്ന ഗോഡ്‌സേപ്രേമികൾ സങ്കോചമില്ലാതെ രംഗത്തുവരാൻ തുടങ്ങിയിരുന്നു. ഗാന്ധി തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തെ തുലച്ച അപശകുനമായി കരുതുന്നവർ കൂടിവരുന്ന കാലം. നിലവിലുള്ള നോട്ടിന് വിലയില്ലാതാക്കൽ അവശേഷിച്ചിട്ടുള്ള ഗാന്ധിയൻമൂല്യങ്ങളുടെ വിലയില്ലാതാക്കൽ കൂടിയായി വായിക്കപ്പെടേണ്ടതാണ്. ഓർമകളേയും മൂല്യങ്ങളേയും മായ്ച്ചുകൊണ്ടാണ് ഫാസിസ്റ്റുകൾ തങ്ങളുടെ പരിപാടി നടപ്പാക്കാനുള്ള കളമൊരുക്കുന്നത്. സത്യസന്ധമായ ജിവിതം കാമിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും പൗരിയ്ക്കും ഈ അവസ്ഥയെ അതിജീവിച്ചുവേണം മുന്നോട്ടുപോവാൻ. നോട്ടുനിരോധനത്തിലൂടെ മൂല്യവധം നടത്തിയ ഭരണാധികാരികളെ ഓർമിപ്പിച്ചുകൊണ്ട് വർത്തമാനത്തേയും ഭൂതത്തേയും ബന്ധിപ്പിക്കുന്ന പാലമായി സത്യപ്രിയയുടെ അന്വേഷണം മാറുന്നു. യഥാർത്ഥമൂല്യത്തേയും കൈമാറ്റധർമം നിർവഹിക്കുന്ന താൽകാലികമൂല്യത്തേയും നോട്ടിന്റേയും കള്ളനോട്ടിന്റേയും ഇമേജറിയിലൂടെ നോവലിസ്റ്റ് ആവിഷ്‌കരിക്കുന്നു. മൂല്യങ്ങൾക്ക് സത്യാനന്തരകാലത്ത് സംഭവിക്കുന്ന പിളർപ്പിനെ അതുവഴി വിശകലനം ചെയ്യുന്നു. അതിനെ കണ്ടെടുക്കാൻ കഴിയുന്നില്ലെങ്കിൽ വായനക്കാരേ, "പ്രതിശീർഷ വേദനയുടെ സാമ്പത്തിക ശാസ്ത്രം നിങ്ങൾ പഠിച്ചിട്ടില്ല'.

ഗാന്ധിയൻ ദർശനം പ്രദാനം ചെയ്യുന്ന പ്രതിരോധമുറകളാണ് സത്യപ്രിയയ്ക്ക് അവലംബം. അഹിംസയുടെ ക്രിയാരൂപങ്ങളെപ്പോലെയാണ് സത്യപ്രിയയുടെ അന്വേഷണയാത്രകൾ. തന്റെ ശരീരത്തേയും മനസ്സിനെയും പരീക്ഷണശാലയായിക്കണ്ട ഗാന്ധിജിയുടെ അഭിപ്രായത്തിൽ ആത്മാന്വേഷണത്തിന്റെ അവിഭാജ്യഭാഗമാണ് ആത്മശുദ്ധീകരണം. പ്രണയത്തിലും പകയിലും പ്രതികാരത്തിലും ചതിയിലും സ്വപ്നങ്ങളിലും എല്ലാം ആത്മീയതയെ ദർശിക്കുന്ന ഒരു സ്ഥിതപ്രജ്ഞത്വം സത്യപ്രിയയ്ക്കു് കരഗതമായിട്ടുണ്ട്. ഹിംസയുടെ മുമ്പിൽ പ്രതിരോധിക്കാതെ നിലയുറപ്പിക്കും ഒരു അഹിംസവാദി ചിലപ്പോൾ .സ്വയം പരിചയാകാതെ തന്നെത്തന്നെ തുറന്നിട്ടുകൊണ്ടുള്ള ജീവിതമാണത്. വ്യാജനിർമ്മിത ശരികൾ സത്യത്തിന്റെ അർത്ഥവും സ്വഭാവവും മാറ്റിമറിച്ച കാലത്ത് ജീവിതം ഏറ്റുമുട്ടലായി മാറുന്നു. ആര്,എന്തിന് തന്നെ കൊല്ലുന്നു എന്ന ചോദ്യങ്ങൾക്കുത്തരം തേടിയുള്ള അന്വേഷണയാത്ര ഒരു ഏറ്റിമുട്ടലായി മാറുകയാണ്. തോൽപിച്ചു മാഞ്ഞുപോയ ജീവിത യാഥാർഥ്യങ്ങളോട്, വീർപ്പുമുട്ടിക്കുന്ന സാമൂഹിക അനാചാരങ്ങളോട്, രാഷ്ട്രത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട സാമ്പത്തികപ്രത്യയശാസ്ത്രത്തോട്, ഭയം ഭരിക്കുകയും എല്ലാം നിശ്ചയിക്കുകയും ചെയ്യുന്ന അന്തരീക്ഷത്തോട്. അടച്ചിടപ്പെട്ട ലാബിൽ മുഖത്തു തുപ്പലും കാലുകൾക്കിടയിൽ ശുക്ലവും വീണു വിറയാർന്ന സത്യപ്രിയ ഇന്ത്യൻ സ്ത്രീജിവിതത്തിന്റെ നേർച്ചിത്രമാണ്.

""നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കഷ്ടം. അതിമഹത്തായ ആത്മവിമുക്തിയുടെ നിമിഷമാണ് അത്. ജീവിച്ചിരിക്കെത്തന്നെ ശരീരവും ആത്മാവും വിഘടിക്കും. രണ്ടും രണ്ടു വഴിക്ക് ചിറകടിക്കും. പക്ഷേ, ഒന്നുണ്ട്. കൊലപാതകത്തിൽനിന്നു രക്ഷപ്പെടുന്നതിനേക്കാൾ അഭികാമ്യം കൊല്ലപ്പെടുന്നതാണ്''. ബട്ട്, ദേർ ഈസ് ആൾവേയ്‌സ് എ ചാൻസ് ടു എസ്‌കേപ്പ്...

Comments