അരുമയായൊരു
സ്വപ്നം പോലെ
അരുമയായൊരു സ്വപ്നം പോലെ
ഗ്രാമവൃക്ഷത്തിലെ കുയിലിന് തിയേറ്ററില്‍ ആളില്ലാത്തതില്‍ പലരും വിഷമം പറഞ്ഞു. പക്ഷേ, എന്തിന്? കൊട്ടകകളില്‍ ആളുകൂടുന്നത് എന്റര്‍ടെന്‍മെന്റിനു മാത്രമാണ്. ടിക്കറ്റു വച്ചുള്ള സിനിമാ പ്രദര്‍ശനം വിനോദോപാധി മാത്രമായിക്കഴിഞ്ഞിട്ട്, നാളേറെയായി. അടൂര്‍ ഗോപാലകൃഷ്ണനും കെ.പി. കുമാരനും എം.പി. സുകുമാരന്‍ നായരും മുതല്‍ വിപിന്‍ വിജയ് യും ലിജോ ജോസും ഡോണ്‍ പാലത്തറയും വരെയുള്ള മലയാളത്തിന്റെ ആര്‍ട്ട് ഹൗസ് ചലച്ചിത്രകാരര്‍ തങ്ങളുടെ സമാന്തര പ്രദര്‍ശനയിടങ്ങളും വിപണിയും വേറെ കണ്ടെത്തുകയേ ഇനി മാര്‍ഗ്ഗമുള്ളൂ എന്നു തോന്നുന്നു.
15 Apr 2022, 11:46 AM
മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കെ.പി. കുമാരന്‍ സംവിധാനം ചെയ്ത "ഗ്രാമവൃക്ഷത്തിലെ കുയില്‍' സഹൃദയരായ സകല മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണ്. നാരായണഗുരുവിലെ അന്‍പ് കിനിഞ്ഞിറങ്ങിയുറച്ച ലോകദര്‍ശനത്തിലേക്ക് രതിവിരതികളുടെ ആത്മസംഘര്‍ഷം കലര്‍ന്നൊഴുകിയ ആ കാവ്യജീവിതത്തിന്റെ അന്ത്യവര്‍ഷങ്ങള്‍ പിടിച്ചെടുക്കാന്‍ കെ.പി. കുമാരന്‍ എന്ന നിത്യസാഹസി നടത്തുന്ന ഉജ്ജ്വലപരിശ്രമമാണ് ഈ ചിത്രം.
നിയമങ്ങള്‍ കഴിഞ്ഞു നിത്യമാ-
പ്രിയഗോദാവരിതന്‍ തടങ്ങളില്‍
പ്രിയനൊത്തു വസിപ്പതോര്‍പ്പു ഞാന്‍
പ്രിയയായും പ്രിയശിഷ്യയായുമേ.
ഒരു ദമ്പതിമാരുമൂഴിയില്‍
കരുതാത്തോരു വിവിക്തലീലയില്‍
മരുവീ ഗതഗര്‍വ്വര്‍ ഞങ്ങള-
ങ്ങിരുമെയ്യാര്‍ന്നൊരു ജീവിപോലവേ.
നളിനങ്ങളറുത്തു നീന്തിയും
കുളിരേലും കയമാര്‍ന്നു മുങ്ങിയും
പുളിനങ്ങളിലെന്നൊടോടിയും
കളിയാടും പ്രിയനന്നു കുട്ടിപോല്‍
പറയേണ്ടയി! ഞങ്ങള്‍, ബുദ്ധിയില്‍
കുറവില്ലാത്ത മൃഗങ്ങള്‍പോലെയും
നിറവേറ്റി സുഖം വനങ്ങളില്‍
ചിറകില്ലാത്ത ഖഗങ്ങള്‍പോലെയും
എന്നിങ്ങനെ ശരീരരതി തുളുമ്പുന്ന വാങ്മയചിത്രങ്ങള്‍ എന്റെ കൗമാരയൗവ്വനകാലങ്ങളെ അടിമുടി ആവേശിച്ചിരുന്നെങ്കിലും, പ്രായഭേദം മറന്ന് മഹാകവിയെ വരിച്ച പ്രിയശിഷ്യ ഭാനുമതിയുടെ ആത്മാംശം സീതാകാവ്യത്തില്‍ കണ്ടത് ഇന്നലെ കുമാരേട്ടന്റെ ദൃശ്യവ്യാഖ്യാനത്തിലൂടെയാണ്.

അതിവേഗങ്ങളുടെയും കടുനിറങ്ങളുടെയും ന്യൂ ജെന്‍ റിയലിസത്തിന്റെയും കാലത്ത്, 84ാം വയസ്സില്‍, താന്‍ ദീര്‍ഘനാള്‍ അനുശീലിച്ച ചലച്ചിത്രരീതിയെ മുറുകെ പിടിച്ചു കൊണ്ടാണ് കെ.പി. കുമാരന്‍ തന്റെ സ്വപ്നപദ്ധതികളിലൊന്നായ "ഗ്രാമവൃക്ഷത്തിലെ കുയില്‍' സാക്ഷാത്കരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആവിഷ്‌കാരെശൈലിയോട് വിയോജിപ്പുള്ളവരുണ്ടാവാം. പക്ഷേ, ഈ സിനിമയുടെ പരീക്ഷണാത്മകതയും സാഹസികതയും ആര്‍ക്കും നിഷേധിക്കാനാവില്ല. എനിക്കാവട്ടെ, ഇതിന്റെ കാഴ്ച എന്റെ മഹാകവിയെക്കുറിച്ച് ഇന്നലെക്കണ്ട അരുമയായൊരു സ്വപ്നം പോലെ. അതെ, ഇപ്പോഴും തുടരുന്ന സ്വപ്നം പോലെ; ചിത്രണത്തിലെ അയഥാര്‍ത്ഥപ്രതീതി
കൊണ്ടും എക്‌സ്പ്രഷനിസ്റ്റ് ആഖ്യാനം കൊണ്ടും.
രതിയും പെണ്മയും പോലെ പ്രധാനമാണ് ആശാന്‍ കവിതയില്‍ ജലവും പച്ചപ്പും. ആര്‍ദ്രവും അഗാധവുമായ ജലബിംബങ്ങളാലും ഇരുണ്ട് നിഗൂഡമായ പച്ചപ്പിന്റെ ദൃശ്യ പശ്ചാത്തലങ്ങളാലും കാമുകനും ലൗകികനുമായ കുമാരനാശാനെ ഹൃദ്യമായി നിബന്ധിക്കാന്‍ ഈ ദൃശ്യവ്യാഖ്യാനത്തിന് കഴിയുന്നുണ്ട്. നനവും വിയര്‍പ്പും കണ്ണീരും, മഴയും ചോലയും പൊയ്കയും, കായലും പൊഴിയും കടലുമെല്ലാം ആശാന്‍കവിതയിലെന്നപോലെ "ഗ്രാമവൃക്ഷത്തിലെ കുയിലിലും' സ്പര്‍ശവും ഓളവും തിരയും ചുഴിയുമായി നിറയുന്നുണ്ട്.
രാഷ്ട്രീയ കാലുഷ്യങ്ങള്‍ നിറഞ്ഞ പുറംജീവിതത്തെ വിവേകോദയം പ്രസ്സിലെ ഓഫീസ് മുറിയിലും ആശാന്റെ ആത്മഭാഷണത്തിലും സഹോദരന്‍ അയ്യപ്പന്‍ മൂര്‍ക്കോത്തു കുമാരന്‍ എന്നിവരെ കണ്ടുമുട്ടലിലുമായി ചുരുക്കുന്നുവെങ്കിലും കാവ്യാലാപനത്തിന്റെയും അന്തരംഗാവിഷ്‌കാരത്തിന്റെയും വേളകളില്‍ കെ. ജി. ജയന്റെ ക്യാമറയ്ക്ക് പച്ചപ്പിന്റെ തടശോഭകളില്‍ വ്യാപരിക്കുവാന്‍ യഥേഷ്ടം അനുവാദം കിട്ടുന്നുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയം ഗരിസപ്പയിലെ വരികള്‍ക്കു സമാന്തരമായി വികസിക്കുന്ന ദൃശ്യങ്ങളാണ്. ക്യാമറക്കണ്ണ് ചെറുചെറു പച്ചപ്പുകളിലൂടെ നടന്ന് വനമേലാപ്പുകള്‍ ഇടതൂര്‍ന്ന മൊണ്ടാഷ് ആയി മാറുകയും വെള്ളച്ചാട്ടത്തിന്റെ വന്യതയുമായി വിലയിക്കുകയും ചെയ്യുന്നു.

"ദീപ്തദീപശിഖപോലെണീറ്റവള്‍' എന്നും
"എരിയുന്ന മഹാവനങ്ങള്‍ ത/ന്നരികില്‍ ശീതള നീര്‍ത്തടാകമോ?' എന്നും "വ്യോമത്തിന്‍ മലിനത്വമേറ്റിയവിടെ -/ പ്പൊങ്ങുന്നതെന്തോ മഹാ/ഭീമത്വം കലരുന്ന കാലഫണി തന്‍ ജിഹ്വാജലം പോലവേ...' എന്നുമെല്ലാം തീയുടെ രൂപകങ്ങള്‍ ആശാന്‍ കവിതയുടെ വൈകാരിക പരിസരത്തില്‍ നീറിപ്പിടിക്കാറുണ്ട്. അതുപോലെ ഉടനീളമുണ്ട് സൂര്യന്റെയും കാറ്റിന്റെയും നിരവധി പകര്‍ച്ചകള്‍. പക്ഷേ, കവിയുടെ ഗാര്‍ഹസ്ഥ്യകാലത്തെ "ശീതള നീര്‍ത്തടാക' സ്വച്ഛതയിലാണ് കെ പി. കുമാരന്റെ ദൃശ്യവാച്യം മുഖ്യമായും ഊന്നുന്നത്. അരികിലെ "എരിയുന്ന മഹാവനങ്ങള്‍' നാം വായിച്ചെടുക്കേണ്ട വ്യംഗ്യമാണെന്നര്‍ത്ഥം.
എങ്കിലും റെഡീമര്‍ ബോട്ടിലെ അന്ത്യയാത്രയെത്തുമ്പോള്‍, സിനിമയില്‍ അതുവരെ സ്വച്ഛമായിരുന്ന ജലാകരങ്ങള്‍ "അലതല്ലുന്ന ചിന്തയാം കട'ലായി ഇരമ്പിത്തുടങ്ങുന്നു. നിശ്ചലമായ സമീപ - മദ്ധ്യ ദൃശ്യങ്ങളുടെ ലളിതശൈലി വിടാതെതന്നെ മൃത്യുവിന്റെ ഇരുളിമ മഹാകവിക്കു ചുറ്റും ഉരുണ്ടു കൂടുന്നത് സിനിമ അന്ത്യസീനില്‍ വല്ലാതെ അനുഭവിപ്പിക്കുന്നുണ്ട്. ഉച്ചത്തിലെത്തിയ ജലാരവത്തിനും സംഗീതത്തിനുമൊപ്പം ക്ഷുബ്ധമായ ഓളപ്പാത്തികളുടെ ദൃശ്യം പൊടുന്നനെ ഇല്ലാതായി സിനിമയും കുമാരനാശാനും ഒരു ബ്ലാങ്ക് ഫെയിമിന്റെ ന്യൂനോക്തിയില്‍ അവസാനിക്കുമ്പോള്‍, സീതയിലെ പ്രശസ്തമായ മൃത്യുദര്‍ശനശ്ലോകത്തിന്റെ
അസാന്നിധ്യം തലയില്‍ മുഴങ്ങും പോലെ:
നിലയറ്റ സുഖാസുഖങ്ങളാ-
മലയില്‍ താണുമുയര്‍ന്നുമാര്‍ത്തനായ്
പലനാള്‍ കഴിയുമ്പൊള്‍, മോഹമാം
ജലധിക്കക്കരെ ജീവിയേറിടാം
ഗ്രാമവൃക്ഷത്തിലെ കുയിലിനെ സാര്‍ത്ഥകമാക്കുന്നതില്‍ കുമാരനാശാനായി വേഷമിട്ട ശ്രീവല്‍സന്‍ ജെ. മേനോന്റെ ഒതുക്കമുള്ള അഭിനയവും ആകാരവും കാവ്യാലാപനങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കൃതഹസ്തയായൊരു അഭിനേതാവിന്റെ സൂക്ഷ്മചാരുതയുണ്ട്, ഭാനുമതിയായി പകര്‍ന്ന ഗാര്‍ഗ്ഗിക്ക്. പതിറ്റാണ്ടുകളായി പരിചിതമായ കെ.ജി. ജയന്റെ ഛായയും ബി. അജിത്ത്കുമാറിന്റെ സന്നിവേശവും കൃഷ്ണനുണ്ണിയുടെ ശബ്ദപഥവും പതിവുപോലെ കൃത്യം, സൂക്ഷമം.

ഇന്നലെ തൃശൂരിലെ ശ്രീ തിയേറ്ററില്‍ വീണ്ടും പോയി. വിരലിലെണ്ണാവുന്നവരേ ഉള്ളൂ. പക്ഷേ, ഒരപൂര്‍വ്വ സാന്നിദ്ധ്യം അവിടെയുണ്ടായിരുന്നു. നൂറ്റിരണ്ടുവയസ്സു പിന്നിട്ട പി. ചിത്രന്‍ നമ്പൂതിരിപ്പാട്. പടം കഴിഞ്ഞിറങ്ങും വഴി ഞാന്‍ ചേദിച്ചു:
"മാഷ് സഹോദരന്‍ അയ്യപ്പനെ കണ്ടിട്ടുണ്ടോ?'
"ഇല്ല, ഒരിക്കല്‍ ശ്രമിച്ചിട്ടുണ്ട്. പറ്റിയില്ല. പക്ഷേ കവിത്രയത്തെ മൂവരെയും കണ്ട ഓര്‍മ്മയുണ്ട്.'
"സിനിമയില്‍ ശ്രീവല്‍സന്‍ എങ്ങനെ, ആശാനുമായി സാമ്യമുണ്ടോ?'
"ഉണ്ടുണ്ട്. അവസാന ബോട്ടുയാത്രയില്‍ നല്ല സാദൃശ്യമുണ്ട്.'
"അക്കാലത്ത് നാട് ഇത്ര വിജനമായിരുന്നോ?'
"ആയിരുന്നു. വളരെ വിജനമായിരുന്നു.'
ഒപ്പമുണ്ടായിരുന്ന മണിലാല്‍:
"പടം എങ്ങനെ?'
നൂറു വര്‍ഷങ്ങള്‍ക്കു പിന്നില്‍ നിന്നെന്നോണം ഒരു പുഞ്ചിരി ഓര്‍ത്തെടുത്ത്
നമ്പൂതിരിപ്പാട് മാഷ് പറഞ്ഞു:
"നല്ല സിനിമ '
തിയേറ്ററില്‍ ആളില്ലാത്തതില്‍ പലരും വിഷമം പറഞ്ഞു. പക്ഷേ, എന്തിന്? കൊട്ടകകളില്‍ ആളുകൂടുന്നത് എന്റര്‍ടെന്‍മെന്റിനു മാത്രമാണ്. അതായത് വിനോദസിനിമ കാണാന്‍. ടിക്കറ്റു വച്ചുള്ള സിനിമാ പ്രദര്‍ശനം വിനോദോപാധി മാത്രമായിക്കഴിഞ്ഞിട്ട്, നാളേറെയായി. അടൂര്‍ ഗോപാലകൃഷ്ണനും കെ.പി. കുമാരനും എം.പി. സുകുമാരന്‍ നായരും മുതല്‍ വിപിന്‍ വിജയ് യും ലിജോ ജോസും ഡോണ്‍ പാലത്തറയും വരെയുള്ള മലയാളത്തിന്റെ ആര്‍ട്ട് ഹൗസ് ചലച്ചിത്രകാരര്‍ തങ്ങളുടെ സമാന്തര പ്രദര്‍ശനയിടങ്ങളും വിപണിയും വേറെ കണ്ടെത്തുകയേ ഇനി മാര്‍ഗ്ഗമുള്ളൂ എന്നു തോന്നുന്നു. "ഗ്രാമവൃക്ഷത്തിലെ കുയില്‍' സാഹിത്യ വിദ്യാര്‍ത്ഥികളുടെ കൂടി സിനിമയായതിനാല്‍ അത് കേളത്തിലെ വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ പൊതു വിദ്യാഭ്യാസ രംഗത്തെയും സര്‍വ്വകലാശാലകളിലെയും അക്കാദമിക് അധികാരം കയ്യാളുന്നവര്‍ മുന്‍കയ്യെടുക്കുന്നത് ഉചിതമാവും. ഹയര്‍സെക്കന്ററി - ബിരുദ തലങ്ങളിലെ സാഹിത്യ സിലബസ്സിലും ഇത് ഉള്‍പ്പെടുത്താവുന്നതാണ്.
ഭാവിയിലേക്കുള്ള ഒരു ചരിത്രദൃശ്യരേഖ കൂടിയാണ് ഗ്രാമവൃക്ഷത്തിലെ കുയില്‍. സാഹസികമായി അത് നിര്‍വ്വഹിച്ച പിതൃതുല്യനായ ഞങ്ങളുടെ കുമാരേട്ടന് നന്ദി.
കവി, ഗാനരചയിതാവ്
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
റിന്റുജ ജോണ്‍
Jan 20, 2023
4 Minutes Watch
റിന്റുജ ജോണ്‍
Jan 19, 2023
4 Minute Watch
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
നിയാസ് ഇസ്മായിൽ
Jan 07, 2023
4 Minutes Read
വി.കെ. ബാബു
Jan 07, 2023
8 minutes read
Sajeevan N M
27 Apr 2022, 11:08 PM
മികച്ച സിനിമ, മികച്ച നിരൂപണം