കർഷക സമരത്തിൽ നിന്നും പുരുഷന്മാർ പഠിച്ച ഫെമിനിസ്റ്റ് പാഠങ്ങൾ

കർഷക സമരം ഗ്രാമീണ സ്ത്രീകളുടെ ജീവിതങ്ങളിലുണ്ടാക്കിയ പുതിയ ഉണർവിനെക്കുറിച്ച് ഭാരതീയ് കിസാൻ യൂണിയൻ ഏകതാ ഉഗ്രാഹാൻ നേതാവ് ഹരീന്ദർ കൗർ ബിന്ദു വിശദീകരിക്കുന്നു

Truecopy Webzine

പുരുഷൻമാരുടെ മദ്യാസക്തി കുറയുകയും സ്ത്രീകളെ അംഗീകരിക്കാൻ തുടങ്ങുകയും ചെയ്തതും സ്ത്രീകൾ സീരിയൽ കാണുന്നത് നിർത്തി സമരപരിപാടികൾ ഫോണിൽ ശദ്ധിക്കാൻ തുടങ്ങിയതും കർഷക സമരം ഗ്രാമങ്ങളിലുണ്ടാക്കിയ മാറ്റമാണെന്ന് ഭാരതീയ് കിസാൻ യൂണിയൻ ഏകതാ ഉഗ്രാഹാൻ നേതാവ് ഹരീന്ദർ കൗർ ബിന്ദു പറയുന്നു.
ഗ്രാമങ്ങളിലെ സ്ത്രീകൾക്കിടയിൽ രാഷ്ട്രീയബോധം ഉണ്ടായിവന്നു. വർഷങ്ങളായി ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്ന കാര്യങ്ങളായിരുന്നു ഇവയൊക്കെ. സമരം തുടങ്ങി ഒരുവർഷം കൊണ്ടുതന്നെ വലിയ മാറ്റങ്ങളാണ് സമരപ്രവർത്തകർക്കിടയിൽ ഉണ്ടായത്. മറ്റൊരു കാര്യം, എല്ലാ മതത്തിലും പെട്ടവർ ഒരുമിച്ചു പ്രവർത്തിക്കുന്നു എന്നതാണെന്നും ഹരീന്ദർ കൗർ ബിന്ദു പറഞ്ഞു. ഹരീന്ദർ കൗർ ബിന്ദുവുമായി ട്രൂകോപ്പി വെബ്‌സീനിനു വേണ്ടി നീതു ദാസ് നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം പാക്കറ്റ് 55ൽ വായിക്കാം.

ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് എഴുതാനും വായിക്കാനും അറിയില്ല, അവർ വീടുകളിലെ പണി ചെയ്ത് കുട്ടികളെ നോക്കി ജീവിച്ചാൽ മതിയെന്നാണ് പൊതുവിൽ കരുതുന്നത്. എനിക്ക് 30 വയസ്സുള്ളപ്പോൾ മുതൽ ഗ്രാമങ്ങളിലെ സ്ത്രീകൾക്കിടയിൽ പ്രവർത്തിച്ചുവരുന്നു. അവരെ ഒരുമിച്ചുചേർക്കാനും പിന്തുണക്കാനുമാണ് സംഘടന ശ്രമിച്ചിട്ടുള്ളത്. സ്ത്രീകൾക്ക് ഏറ്റവും പരിഗണന നൽകുന്ന ഒരു സംഘടനയാണ് ഞങ്ങളുടേത്. നിലവിൽ സ്ത്രീകൾ സംഘടനയിൽ അങ്ങനെയൊരു സ്ഥാനം നേടിക്കഴിഞ്ഞു. പല തട്ടുകളിലുള്ള നേതൃത്വത്തിലേക്ക് സ്ത്രീകൾ വന്നുകഴിഞ്ഞു. സ്ത്രീകളോടുകൂടി അന്വേഷിച്ചുകൊണ്ടാണ് സംഘടന തീരുമാനങ്ങളെടുക്കുന്നത്.

ഹരീന്ദർ കൗർ ബിന്ദു

സംഘടനാ പ്രവർത്തനങ്ങൾക്കായി ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് അവർ സഞ്ചരിക്കുന്നു. ഇതിനായി ഡ്രൈവിങ് പരിശീലനവും സ്ത്രീകളായ നേതാക്കൾ നേടി. പരിശീലനം നേടിക്കഴിഞ്ഞവർ മറ്റുള്ള സ്ത്രീകളെയും ഡ്രൈവിങ് പഠിപ്പിച്ചു. ടിക്രിയിലെ സമരപ്പന്തലിൽ ആഴ്ചയിൽ ഒരു ദിവസം സ്ത്രീകളുടേത് മാത്രമാണ്. സ്റ്റേജിൽ പരിപാടി സംഘടിപ്പിക്കുന്നതും സ്ത്രീകളാണ്. ഇതുവരെ നടന്ന സമരപരിപാടികളിലെല്ലാം വലിയ തോതിലാണ് സ്ത്രീകൾ പങ്കാളികളായത്. സ്ത്രീകൾ സംഘടിച്ചാണ് കർഷക സമരത്തിനെതിരെ സംസാരിച്ച ബി.ജെ.പി നേതാവിനെതിരെ പ്രതിഷേധിച്ചത്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ അറുപതിനായിരത്തോളം സ്ത്രീകളാണ് സമരപ്പന്തലുകളിലേക്ക് എത്തിച്ചേർന്നത്. കടുക് പൂവിന്റെ നിറമുള്ള ഷാളുകൾ അണിഞ്ഞുകൊണ്ടാണ് അവരിവിടെ നിറഞ്ഞത്.

ഭൂമി സ്വന്തമായി ഉള്ളവർക്കിടയിൽ സ്ത്രീകൾ കൃഷിയിടത്ത് ജോലി ചെയ്യില്ലെന്ന സംസ്‌കാരമാണ് പഞ്ചാബിൽ അടുത്തകാലത്ത് ഉണ്ടായി വന്നിട്ടുള്ളത്. അവിടെ മെഷീനുകളാണ് കൂടുതൽ ജോലിയും ചെയ്യുന്നത്. എന്നാൽ മുമ്പ് പഞ്ചാബിലെ സ്ത്രീകളും കൃഷിസ്ഥലത്ത് ജോലികൾ ചെയ്തിരുന്നു. കൊയ്യാനും, പരുത്തി നുള്ളാനും പച്ചക്കറി വിളവെടുക്കാനും അവരുണ്ടാകുമായിരുന്നു. പിന്നീട് അതില്ലാതായി. എന്നാൽ ഈ സമരം തുടങ്ങിയശേഷം, ചില സ്ത്രീകൾ അവരുടെ കൃഷിയിടങ്ങളിൽ ട്രാക്ടറുകൾ ഓടിക്കുക, ജലസേചനം തുടങ്ങിയ ജോലികൾ ചെയ്യാൻ തുടങ്ങി. മറ്റൊരു പ്രധാന കാര്യം സമരം, പുരുഷന്മാർക്കിടയിൽ ഉണ്ടാക്കിയ മാറ്റങ്ങളാണ്.

എത്ര വലിയ സമ്മേളനമാണെങ്കിലും അവിടെ സ്ത്രീകൾ ഭക്ഷണം പാകം ചെയ്യില്ലെന്ന് സമരത്തിനെത്തിയ സ്ത്രീകൾ ഉറപ്പിച്ചുപറഞ്ഞു. പുരുഷന്മാർ തന്നെ ഭക്ഷണം വെക്കണം. വസ്ത്രം കഴുകലും, പാത്രം കഴുകലും എല്ലാം അവരുടെ തന്നെ ജോലിയായിരിക്കും. സ്ത്രീകൾ സ്റ്റേജിൽ നടക്കുന്ന പ്രഭാഷണങ്ങളും മറ്റും കേൾക്കും. വീട്ടിൽ ചെയ്യുന്ന ജോലികൾ തന്നെ ഇവിടെ വന്നും ചെയ്യുകയാണെങ്കിൽ പിന്നെ ചിന്തിക്കാനോ സ്വയം വികസിക്കാനോ ഉള്ള അവസരം സ്ത്രീകൾക്ക് കിട്ടില്ല. സമരപ്രവർത്തകരും നേതാക്കളുമായ ഞങ്ങളുടെ സഹോദരന്മാർ അക്കാര്യം അംഗീകരിച്ചു. സ്ത്രീകളുടെ പങ്കാളിത്തമില്ലെങ്കിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതാണ് ആശ്വാസകരമായ കാര്യം. സ്ത്രീകളായ നേതാക്കൾ ഇല്ലാത്ത ഗ്രാമങ്ങളിൽ പുരുഷന്മാരായ നേതാക്കളാണ് യോഗം കൂടി സ്ത്രീകളെ ഒരുമിച്ചുചേർക്കാൻ പ്രയത്‌നിക്കുന്നത്. അങ്ങനെ സ്ത്രീകൾ ഗ്രാമത്തിന്റെയും ബ്ലോക്കിന്റെയും ജില്ലയുടെയും സംസ്ഥാനത്തിന്റെയും കമ്മിറ്റികളിൽ ഭാഗമായി. പുരുഷന്മാർ ചെയ്യുന്നത് പോലെ തന്നെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവരും ജോലി ചെയ്യുന്നു. അതിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങൾ വനിതാ നേതാക്കൾ രാത്രിയിലും സഞ്ചരിക്കാറുണ്ട്- ഹരീന്ദർ കൗർ ബിന്ദു പറയുന്നു.

പാത്രം കഴുകുകയല്ല, ഡ്രൈവിങ് പഠിക്കുകയാണ് ഗ്രാമീണ സ്ത്രീ കർഷകർ
ഹരീന്ദർ കൗർ ബിന്ദു / നീതു ദാസ്

ട്രൂകോപ്പി വെബ്‌സീനിൽ വായിക്കാം

Comments