കോടിയേരിക്കെതിരെ നടക്കുന്നത്
മനുഷ്യത്വവിരുദ്ധതയുടെ
അങ്ങേയറ്റം
കോടിയേരിക്കെതിരെ നടക്കുന്നത് മനുഷ്യത്വവിരുദ്ധതയുടെ അങ്ങേയറ്റം
കോടിയേരി മറുപടി പറയുന്ന ലൈവ് സംപ്രേക്ഷണത്തിന് താഴെ, കോടിയേരിക്കെതിരായ പരിഹാസങ്ങളും ശാപവചനങ്ങളും നിറയുന്നത് മാധ്യമ പ്രവര്‍ത്തകര്‍ കാണുന്നുമുണ്ടായിരുന്നു. ഇന്നുവരെ ഒരു മാധ്യമ പ്രവര്‍ത്തകനും കെ പി സി സി പ്രസിഡന്റിനോടോ, ബി ജെ പി, മുസ്ലീംലീഗ് ഭാരവാഹികളോടോ ഈ മനുഷ്യത്വ ഹീനമായ നടപടിയെ സംബന്ധിച്ച് ഒരക്ഷരം ചോദിച്ചിട്ടില്ല. ആ കമന്റുകള്‍ കണ്ട് ഏതെങ്കിലും കമ്യൂണിസ്റ്റ് മനസ്സ് വേദനിക്കുന്നുണ്ടെങ്കില്‍ അത് വളരെ നല്ല കാര്യമാണെന്ന് നിലപാടാവണം ഇക്കൂട്ടര്‍ക്കുമുള്ളത്. സിപിഐ എം സംസ്ഥാന സെക്രട്ടറി ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇരയാവാനുള്ള വ്യക്തിയാണ് എന്ന രാഷ്ട്രീയ ബോധ്യമാണ് ഇവരെയും നയിക്കുന്നത്.
14 Aug 2022, 11:27 AM
സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മറ്റി യോഗങ്ങള്‍ കഴിഞ്ഞ് മാധ്യമങ്ങളെ കാണുകയാണ്. സി.പി.ഐ.എം. സംസ്ഥാന കമ്മറ്റിയുടേയും കോടിയേരിയുടേയും ഫേസ്ബുക്ക് പേജുകളിലും വാര്‍ത്താ ചാനലുകളിലുമൊക്കെ ലൈവായി ആ പത്രസമ്മേളനം പ്രക്ഷേപണം ചെയ്യുന്നുണ്ട്. അപ്പോഴാണ് ഒരു കൂട്ടമാളുകള്‍ കോടിയേരിയെ കളിയാക്കിയും ആക്ഷേപിച്ചും നുണകള്‍ പറഞ്ഞും ആ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോറങ്ങളില്‍ കമന്റുകള്‍ ഇടുന്നത് ലോകമാകെ ശ്രദ്ധിച്ചത്.
കോണ്‍ഗ്രസിന്റേയും ബി ജെ പിയുടേയും മുസ്ലീംലീഗിന്റേയുമൊക്കെ പ്രവര്‍ത്തകരും ആ പാര്‍ട്ടികളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ വിഭാഗം കൈകാര്യം ചെയ്യുന്ന ഫെയ്ക്ക് അക്കൗണ്ടുകളുമാണ് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത കമന്റുകളുമായി അവിടെ നിറഞ്ഞാടിയത്. അര്‍ബ്ബുദ ബാധിതനായതിന്റെയും വലതുമുട്ടിലുള്ള ഇന്‍ഫക്ഷനെ തുടര്‍ന്നുണ്ടായ കടുത്ത മുട്ടുവേദനയുടേയും അവശത കോടിയേരിക്കുണ്ട്. അത് മനുഷ്യത്വമുള്ള ആരിലും ആഹ്ലാദമുണര്‍ത്തുന്ന ഒരു കാര്യമല്ല. അതുകണ്ട് സംസ്‌കാരമുള്ള ഒരാള്‍ക്കും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്താന്‍ സാധിക്കുകയുമില്ല. എന്നിട്ടും ആക്രമിക്കാന്‍ തുനിഞ്ഞിറങ്ങുന്നുണ്ടെങ്കില്‍ അവര്‍ അത്രമാത്രം കോടിയേരിയെന്ന പാര്‍ട്ടി സെക്രട്ടറിയെ ഭയപ്പെടുന്നുണ്ട്. പണ്ട് എ കെ ജി രോഗശയ്യയില്‍ കിടക്കുന്ന ആശുപത്രിക്ക് മുന്നിലൂടെ, "കാലന്‍ വന്ന് വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ' എന്ന് മുദ്രവാക്യം വിളിച്ച വലതുപക്ഷ ചേരിയുടെ മാനസികനില, കാലമിത്രകഴിഞ്ഞിട്ടും അല്‍പ്പം പോലും മെച്ചപ്പെട്ടിട്ടില്ല എന്ന് ഇതിലൂടെ മനസിലാക്കാനാവും.
കഴിഞ്ഞ കുറെ കാലമായി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷപ്പെടാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയാണ്. കോവിഡാനന്തര ലോകം അതുവരെ തുടര്‍ന്നുവന്ന ആരോഗ്യശീലങ്ങളില്‍ നിന്നും രീതികളില്‍ നിന്നും മാറി നടക്കാന്‍ മനുഷ്യരെയാകെ പഠിപ്പിച്ചിരിക്കുന്നു. കോവിഡിനും മരണത്തിനും കീഴടങ്ങുകയില്ലെന്നുറപ്പിച്ച്, ജീവന്‍ സംരക്ഷിക്കാനായി വീടുകള്‍ക്കുള്ളില്‍ അടച്ചിരുന്നവരും മാസ്‌കുകളുടെ സുരക്ഷ എടുത്തണിഞ്ഞവരും സാനിറ്റൈസറും മറ്റുമുപയോഗിച്ച് ശുചിത്വം ഉറപ്പാക്കുന്നവരുമാണ് ഒരു മനുഷ്യന്റെ രോഗാവസ്ഥയെ ഈ വിധത്തില്‍ നോക്കി കാണുന്നത്. ഇവരൊക്കെ പരിഷ്‌കൃത മനുഷ്യര്‍ തന്നെയാണോ? ഇവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ഏത് വിധത്തിലുള്ള പരിഗണനയും കരുതലും സ്‌നേഹവും സുരക്ഷിതത്വവുമാണ് മനുഷ്യരാശി പ്രതീക്ഷിക്കുക.

അര്‍ബ്ബുദത്തിനുള്ള ചികിത്സയില്‍ ഏര്‍പ്പെടുമ്പോഴും വലതുകാലിലെ സഹിക്കാനാവാത്ത മുട്ടുവേദന കടിച്ചമര്‍ത്തുമ്പോഴും തന്നെ ഇതൊന്നും ബാധിക്കുന്നില്ലെന്ന നിലയില്‍ ചിരിക്കാനും ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനുമാണ് കോടിയേരി ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സിനെയും ഇച്ഛാശക്തിയേയും കീഴടക്കാന്‍ ഒരു രോഗത്തിനും സാധിക്കില്ല. കഴിക്കുന്ന ആഹാരത്തേക്കാള്‍ കൂടുതല്‍ മരുന്നുകള്‍, പ്രമേഹത്തിന്റെ അളവ് അറിയാനും നിയന്ത്രിക്കാനുമായി ശരീരത്തില്‍ ഘടിപ്പിച്ച ചെറുമോണിറ്ററുകള്‍, കീമോ അടക്കമുള്ള ഇഞ്ചക്ഷനുകള്‍, മുട്ടിന് തടവുന്ന മരുന്നുകളും കിഴികളും തുടങ്ങി പല വിധത്തിലുള്ള ചികിത്സാവിധികള്‍ക്ക് വിധേയനാവുമ്പോഴും കോടിയേരി ചിന്തിക്കുന്നത് പാര്‍ട്ടിയെ കുറിച്ചാണ്. കമ്മറ്റിയില്‍ സെക്രട്ടറിയെന്ന നിലയില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തേയും അതിന്റെ മൂര്‍ത്തതയേയും കുറിച്ചാണ്. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കൂടുതല്‍ ജനകീയവും ജനപ്രിയവുമാക്കാനുള്ള ഇടപെടലുകളെ കുറിച്ചാണ്. വര്‍ഗബഹുജന സംഘടനകളുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനെ കുറിച്ചാണ്. ശാരീരിക വേദനകളെയെല്ലാം മറന്ന് അദ്ദേഹം രോഗകിടക്കയില്‍ നിന്നും എഴുനേല്‍ക്കുന്നതും കമ്മറ്റികളിലേക്ക് പോകുന്നതും താന്‍ വിശ്വസിക്കുന്ന ആശയധാരയെ അത്രമേല്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടും അവസാനം വരെ അത് പ്രകാശിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതും കൊണ്ടാണ്.
കോടിയേരി ബാലകൃഷ്ണന്‍ ഒരു കമ്യൂണിസ്റ്റ് സൈദ്ധാന്തികനല്ല. സമാനതകളില്ലാത്ത സംഘാടന വൈഭവമാണ് കോടിയേരിയുടെ മുതല്‍ക്കൂട്ട്. ഏത് പ്രതിസന്ധിയേയും മറികടക്കാന്‍ കോടിയെരിയെന്ന പ്രായോഗികമതിയ്ക്ക് സാധിക്കും. പ്രായോഗിക രാഷ്ട്രീയം മാര്‍ക്‌സിയന്‍ ദര്‍ശനത്തിലൂന്നി നടപ്പിലാക്കുന്ന രീതി അദ്ദേഹത്തെ വ്യത്യസ്തനും ജനകീയനുമാക്കുന്നു. രാഷ്ട്രീയ എതിരാളികള്‍ പോലും കോടിയേരിയുടെ ജനപക്ഷ മുഖത്തെ അംഗീകരിക്കുവാന്‍ നിര്‍ബന്ധിതരാവുന്നു. ആര്‍ക്കും പ്രാപ്യനായ പാര്‍ട്ടി സെക്രട്ടറിയെന്നാണ് അവരുടെ വിലയിരുത്തല്‍. അവകാശവാദങ്ങളൊന്നുമില്ലാതെ കളത്തിലേക്കിറങ്ങുന്ന കോടിയേരി, കപ്പുംകൊണ്ട് തിരികെ പോവുമ്പോള്‍ വലതുപക്ഷ ക്യാമ്പ് അന്തിച്ചിരിപ്പായിരിക്കും. "അപകടകാരിയാണയാള്‍...' എന്ന് കോടിയേരിയെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവര്‍ അടയാളപ്പെടുത്തുന്നത് ചരിത്രത്തിലാദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണ തുടര്‍ച്ച ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ്.

ഇടതുപക്ഷ മുന്നണിയുടെ അടിത്തറ വിപുലീകരിക്കുന്നതില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെന്നുള്ള നിലയില്‍ കോടിയേരി വഹിച്ച പങ്കിനെ രാഷ്ട്രീയ എതിരാളികള്‍ വലിയ ഗൗരവത്തിലാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. കേരള കോണ്‍ഗ്രസ് എം നേയും രാഷ്ട്രീയ ജനതാദളിനേയും ജനാധിപത്യ കേരള കോണ്‍ഗ്രസിനേയും കേരള കോണ്‍ഗ്രസ് ബിയേയും ഇടതുപാളയത്തിലേക്ക് കൊണ്ടുവരുന്നതിന് നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയതും എതിര്‍പ്പുകളെ ഇല്ലാതാക്കുന്നതിന് സ്വതസിദ്ധമായ ശൈലിയില്‍ ഇടപെടലുകള്‍ നടത്തിയതും സിപിഐ എം സംസ്ഥാന സെക്രട്ടറിയായ കോടിയേരിയാണ്. ഐ.എന്‍ എല്ലിനെ ത്രിശങ്കു അവസ്ഥയില്‍ നിന്നും മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയതിലൂടെ തന്റെ രാഷ്ട്രീയ തന്ത്രജ്ഞത കോടിയേരി കൂടുതല്‍ ഉയരത്തില്‍ ഉയര്‍ത്തിക്കെട്ടി. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ഈ കാലഘട്ടത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിന് സാധിച്ചു എന്നത് ചില്ലറ കാര്യമല്ലല്ലോ.

നുണകളുടെ പേമാരി പെയ്തുതോരാത്ത ഭൂമികയിലൂടെ നടന്നാണ് കോടിയേരി മുന്നേറുന്നത്. വലതുപക്ഷ പാളയം കുത്തക മാധ്യമങ്ങളെ ഉപയോഗിച്ച് കോടിയേരിക്കെതിരെ നടത്തിയ വേട്ട സമാനതകളില്ലാത്തതാണ്. കോടിയേരി ബാലകൃഷ്ണും ഭാര്യയും താമസിക്കുന്നത് എ കെ ജി ക്വാട്ടേഴ്‌സിലാണ്. മക്കളാവട്ടെ അവരവരുടെ കുടുംബവുമായി അവരുടെ വീടുകളിലാണ് താമസിക്കുന്നത്. മക്കളുടെ ദൈനംദിന ജീവിതത്തില്‍ നിരന്തരം ഇടപെടുന്ന അച്ഛനല്ല കോടിയേരി. പക്ഷെ, മാധ്യമങ്ങള്‍ ഉണ്ടാക്കിയ ചിത്രം മറിച്ചാണ്. കോടിയേരിയുടെ ചിറകിനടിയിലാണ് എക്കാലത്തും മക്കളുണ്ടായിരുന്നത് എന്നാണ് അവര്‍ വരച്ചുവെച്ചത്. കോടിയേരിയുടെ ഇളയ മകനെ ഇ ഡിയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും വേട്ടയാടിപ്പോള്‍ മാധ്യമങ്ങളും വലതുപക്ഷവും അവര്‍ ചമച്ച നുണക്കഥകള്‍ക്ക് ചിറകുകള്‍ നല്‍കി. സത്യകഥകളായി അതൊക്കെ സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ചു.
തെളിവുകളൊന്നുമില്ലാതെ ഏജന്‍സികള്‍ കോടതിയില്‍ തലകുമ്പിട്ടത് രണ്ടുകോളം വാര്‍ത്തയിലും ഉച്ചനേരത്തെ വാര്‍ത്താവതരണങ്ങളിലും അവര്‍ ഒതുക്കി. നിരപരാധിത്വം വെളിപ്പെടുത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തുപോലുമില്ല. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോടിയേരിയെന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകനെ വേട്ടയാടുമ്പോള്‍, അദ്ദേഹം കൂടുതല്‍ രോഗഗ്രസ്തനാവുമെന്നാണ് ബി ജെ പി നേതൃത്വം കണക്കുകൂട്ടിയത്. ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്ക് മാധ്യമങ്ങള്‍ നല്‍കിയ കരുതലും പരിഗണനയും കോടിയേരിയുടെ മകന് നല്‍കേണ്ട കാര്യമില്ല. അദ്ദേഹം അതൊരിക്കലും ആവശ്യപ്പെട്ടിട്ടുമില്ല. എങ്കിലും മനുഷ്യത്വം കാണിക്കാമായിരുന്നു. കുത്തക മാധ്യമങ്ങളില്‍ നിന്നും അത് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അപ്പോഴും കേരളത്തിലെ കുത്തക മാധ്യമങ്ങളുടെ താക്കോല്‍സ്ഥാനത്തിരിക്കുന്ന പ്രതാപികളായ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചാല്‍ മാന്യനും പ്രാപ്യനും സൗമ്യനുമായ കോടിയേരിയെ കുറിച്ച് അവര്‍ വാചാലരാവും. വളഞ്ഞിട്ടാക്രമിക്കുന്ന അവസരങ്ങളില്‍ പോലും അവര്‍ക്ക് മുന്നില്‍ ദയാവായ്പിനായി കോടിയേരി കൈനീട്ടിയിട്ടില്ലെന്ന പരമമായ സത്യവും തങ്ങളുടെ ആക്രമണങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും കോടിയേരി സൗമ്യനും അക്ഷോഭ്യനുമായി തങ്ങളെ പരിഗണിച്ചിരുന്നുവെന്ന വസ്തുതയും അവര്‍ക്ക് മറച്ചുവെക്കാനാവില്ല.

റോഡിലെ കുഴിയെ പരാമര്‍ശിച്ചുള്ള ഒരു സിനിമയുടെ പരസ്യത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ ഇടതുപക്ഷ അനുഭാവികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത് സംബന്ധിച്ച് കോടിയേരിയുടെ പത്രസമ്മേളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചിരുന്നു. കോടിയേരി ആ ചോദ്യത്തിനുള്ള മറുപടി പറയുന്ന ലൈവ് സംപ്രേക്ഷണത്തിന് താഴെ, കോടിയേരിക്കെതിരായ പരിഹാസങ്ങളും ശാപവചനങ്ങളും നിറയുന്നത് മാധ്യമ പ്രവര്‍ത്തകര്‍ കാണുന്നുമുണ്ടായിരുന്നു. ഇന്നുവരെ ഒരു മാധ്യമ പ്രവര്‍ത്തകനും കെ പി സി സി പ്രസിഡന്റിനോടോ, ബി ജെ പി, മുസ്ലീംലീഗ് ഭാരവാഹികളോടോ ഈ മനുഷ്യത്വ ഹീനമായ നടപടിയെ സംബന്ധിച്ച് ഒരക്ഷരം ചോദിച്ചിട്ടില്ല. ആ കമന്റുകള്‍ കണ്ട് ഏതെങ്കിലും കമ്യൂണിസ്റ്റ് മനസ്സ് വേദനിക്കുന്നുണ്ടെങ്കില്‍ അത് വളരെ നല്ല കാര്യമാണെന്ന് നിലപാടാവണം ഇക്കൂട്ടര്‍ക്കുമുള്ളത്. സിപിഐ എം സംസ്ഥാന സെക്രട്ടറി ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇരയാവാനുള്ള വ്യക്തിയാണ് എന്ന രാഷ്ട്രീയ ബോധ്യമാണ് ഇവരെയും നയിക്കുന്നത്.
സല്‍വ ഷെറിന്‍
Feb 01, 2023
5 Minutes Read
Truecopy Webzine
Feb 01, 2023
3 Minutes Read
കെ. വേണു
Jan 31, 2023
23 Minutes Watch
അശോകന്‍ ചരുവില്‍
Jan 18, 2023
51 Minutes Watch
എസ്. ജോസഫ്
Jan 17, 2023
8 minutes read
സംഗമേശ്വരന്‍ മാണിക്യം
Jan 13, 2023
10 Minutes Read