ഉമേഷ് വള്ളിക്കുന്നിനെ
സര്‍വീസില്‍ നിന്ന്
പുറത്താക്കാന്‍ നീക്കം
ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ നീക്കം
ഉമേഷിന്റെ സര്‍വീസില്‍ ഇതുവരെയുള്ള അച്ചടക്ക ലംഘനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് ഉത്തരവിറക്കിയിരിക്കുകയാണ്.
2 Jun 2021, 06:12 PM
പൊലീസില്‍ നിന്നും തനിക്കുനേരിട്ട മോറല്‍ പൊലീസിങ്ങിനും അമിതാധികാരപ്രയോഗങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ച പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. ഉമേഷിന്റെ സര്‍വീസില്‍ ഇതുവരെയുള്ള അച്ചടക്ക ലംഘനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് ഉത്തരവിറക്കിയിരിക്കുകയാണ്. കോഴിക്കോട് സിറ്റി ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. ഏഴുദിവസത്തിനുള്ളില്‍ കുറ്റാരോപണ മെമ്മോ തയ്യാറാക്കി സമര്‍പ്പിക്കാനും രണ്ടുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് നിര്‍ദേശം.
തുടര്‍ച്ചയായി അച്ചടക്ക നടപടികള്‍ എടുത്ത് തന്നെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനാണ് എ.വി ജോര്‍ജ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് നേരത്തെ ട്രൂകോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ ഉമേഷ് പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ളതാണ് പുതിയ അന്വേഷണ ഉത്തരവ്.
ഉമേഷിന്റെ സര്‍വ്വീസ് ബുക്ക് പരിശോധിച്ചതില്‍ നിന്നും സേവന കാലയളവില്‍ വിവിധങ്ങളായ കുറ്റങ്ങള്‍ക്ക് ശിക്ഷിച്ചിരുന്നതായി കണ്ടെത്തിയെന്നും ഒരു അച്ചടക്ക സേനാംഗം എന്ന നിലയില്‍ സേവന കാലയളവില്‍ പാലിക്കേണ്ട അച്ചടക്കവും കൃത്യനിഷ്ഠയും സ്വഭാവഗുണവും പുലര്‍ത്തുന്നതില്‍ വിമുഖത കാണിക്കുന്നതായി വ്യക്തമാണെന്നും നിരവധി തവണ ശിക്ഷിക്കപ്പട്ട ആളെന്ന നിലയില്‍ കൃത്യവിലോപത്തെക്കുറിച്ച് സ്വയം ബോധവാനാകുകയും പുനര്‍വിചിന്തനത്തിന് തയ്യാറായി, ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കുന്നതിനു പകരം കൃത്യവിലോപം ആവര്‍ത്തിക്കുന്നതായി കാണുന്നുണ്ടെന്നും പറഞ്ഞാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 1958ലെ കെ.പി.ഡി.ഐ.പി ആന്റ് എ. ചട്ടങ്ങളിലെ 14 വകുപ്പ് അനുസരിച്ചാണ് ഇപ്പോഴത്തെ ഉത്തരവ്.
യുവതിയ്ക്ക് ഫ്‌ളാറ്റ് എടുത്തുനല്‍കിയത് കുറ്റകരമെന്ന് കണ്ടെത്തല്‍:
ഗായികയും അധ്യാപികയുമായ ആതിര എന്ന സുഹൃത്തിന് താമസിക്കാന്‍ ഫ്‌ളാറ്റെടുക്കാന്‍ സഹായിച്ചതിന്റെ പേരിലായിരുന്നു ഉമേഷിനെതിരെ ഏറ്റവുമൊടുവില്‍ പൊലീസ് നടപടിയുണ്ടായത്. മകളെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് ഉമേഷും ആതിരയും ലിവിങ് ടുഗതറായി താമസിക്കുകയാണെന്ന് ആരോപിച്ച് ആതിരയുടെ അമ്മ നല്‍കിയ പരാതിയില്‍ ഉമേഷിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് തനിയെ താമസിക്കുന്നതെന്നും ഫ്‌ളാറ്റ് എടുത്തുനല്‍കുക മാത്രമാണ് ഉമേഷ് ചെയ്തതെന്നുമുള്ള ആതിരയുടെ മൊഴി ഒട്ടും പരിഗണിക്കാതെ, ആതിരയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സസ്‌പെന്‍ഷന്‍ ഉത്തരവ് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ തന്റെ പേര് പരാമര്‍ശിച്ചതിനും അപകീര്‍ത്തികരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനും എതിരെ ആതിര ഐ.ജിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇരുവരും വിവാഹിതരായതിനു പിന്നാലെ ഉമേഷിനെതിരെ നടപടി പിന്‍വലിക്കുകയും തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഉമേഷിനെതിരായ ആരോപണങ്ങള്‍ തെളിയുന്നു എന്ന നിഗമനത്തോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടിന്മേലുള്ള നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് ഉമേഷ് തിങ്കിനോട് പറഞ്ഞത്.
തന്റെ ആത്മാഭിമാനത്തെ ആക്രമിക്കുന്ന തരത്തിലുള്ള സസ്‌പെന്‍ഷന്‍ ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ആതിര ഐ.ജിയ്ക്ക് നല്‍കിയ പരാതിയില്‍ കമ്മീഷണര്‍ എ.വി ജോര്‍ജിനു കീഴിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല നല്‍കിയത്. കമ്മീഷണര്‍ കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഐ.ജിയ്ക്കും മുഖ്യമന്ത്രിയ്ക്കും നല്‍കിയത്. പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞുള്ള റിപ്പോര്‍ട്ട് ആതിരയ്ക്കും നല്‍കി. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ഐ.ജിയ്ക്കു നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല.
എ.വി. ജോര്‍ജിന്റെ പ്രതികാരനടപടിയോ?
എ.വി ജോര്‍ജിന് തന്നോടുള്ള വ്യക്തിവിരോധമാണ് തന്നെ നിരന്തരം വേട്ടയാടുന്നതിനു പിന്നിലെന്ന് ഉമേഷ് നേരത്തെ തിങ്കിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു ഷോര്‍ട്ട് ഫിലിമിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അഞ്ച് വര്‍ഷം മുമ്പ് കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ ബോധവത്കരണം എന്ന ഉദ്ദേശ്യത്തോടെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു ഷോര്‍ട്ട് ഫിലിം തയ്യാറാക്കിയിരുന്നു. ഏതാണ്ട് ഇതേസമയത്ത് തന്നെ ഉമേഷ് കൂടി ഭാഗമായി, ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതേവിഷയത്തില്‍ "മയങ്ങുമ്പോള്‍' എന്ന പേരില്‍ മറ്റൊരു ഷോര്‍ട്ട് ഫിലിം പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. ഐ.ജിയുടെ ഷോര്‍ട്ട് ഫിലിമിനുവേണ്ടി "മയങ്ങുമ്പോള്‍' ന്റെ റിലീസ് നീട്ടിവെയ്ക്കാന്‍ എ.വി ജോര്‍ജ് തന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് ആവശ്യപ്പെട്ടിരുന്നെന്നും അതിന് വിസമ്മതിച്ചതോടെ "നീ നാളെ സര്‍വീസിലുണ്ടാവില്ല' എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നെന്നുമാണ് ഉമേഷ് പറഞ്ഞത്. ഈ സംഭവത്തിനു പിന്നാലെ ഉമേഷ് ഭാഗമായ ഷോര്‍ട്ട് ഫിലിമിന്റെ റിലീസിന്റെ തലേദിവസം അദ്ദേഹത്തെ ട്രാഫിക് പൊലീസിലേക്ക് സ്ഥലംമാറ്റിയിരുന്നു.
ഡോ. ബിജു സംവിധാനം ചെയ്ത "കാടുപൂക്കുന്ന നേരം' എന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് 2019ല്‍ ഉമഷിനെ കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തിരുന്നു.

പ്രമോദ് പുഴങ്കര
Nov 06, 2022
5 Minutes Read
അഡ്വ. ഷഹീൻ പിലാക്കൽ
Oct 23, 2022
13 Minutes Read
കെ.ജെ. ജേക്കബ്
Oct 22, 2022
6 Minutes Read
പ്രമോദ് പുഴങ്കര
Oct 21, 2022
6 Minutes Read
സല്‍വ ഷെറിന്‍
Oct 21, 2022
10 Minutes Watch
റിദാ നാസര്‍
Aug 29, 2022
8 Minutes Watch
സംഗമേശ്വരന്‍ മാണിക്യം
May 04, 2022
10 Minutes Read