പ്രതീക്ഷകള്‍ നല്‍കുന്ന അപ്രായോഗിക നിര്‍ദേശങ്ങളും തീവ്ര കേന്ദ്രീകരണത്തിനുള്ള അനന്തസാധ്യതകളുമാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നത്. ഇതിലെ മിക്ക നിര്‍ദേശങ്ങളും പൊതുസ്ഥാപനങ്ങള്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കും. അതേസമയം, കോര്‍പ്പറേറ്റ്, സ്വകാര്യ സ്വാശ്രയ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അവലോകനം ചെയ്യുന്നു
6 Aug 2020, 06:14 PM
പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് രാജ്യത്തെ വിദ്യഭ്യാസ സമ്പ്രദായം അടിമുടി ഉടച്ചുവാര്‍ക്കുമെന്ന് അവകാശപ്പെടുന്ന ഈ നയം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ വിദ്യഭ്യാസ സംവിധാനങ്ങളെ പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന തരത്തിലാണ് നയം രൂപകല്‍പന ചെയ്തിട്ടുള്ളത്. ഇത് രാജ്യത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊതു ഉന്നത വിദ്യഭ്യാസസ്ഥാപനങ്ങളെയും സര്‍വകലാശാലകളെയും ‘അംഗവിച്ഛേദം' ചെയ്യുന്നതിന് തുല്യമാണ്.
സംസ്ഥാനത്തിന് എത്രമാത്രം ഗുണകരമാണ്?
34 വര്‍ഷത്തിനുശേഷം പ്രഖ്യാപിക്കുന്ന രാജ്യത്തിന്റെ വിദ്യാഭ്യാസ നയമാണിത്. ഒന്നിലധികം റഗുലേറ്ററി ബോഡികളും നിരവധി പുതിയ നിര്‍ദേശങ്ങളും അതിലുണ്ട്. ഗ്രോസ് എന്റോള്‍മെന്റ് അനുപാതം 50% ആയി ഉയര്‍ത്തുമെന്നും ജി.ഡി.പിയുടെ 6% വിദ്യാഭ്യാസത്തിന് മാറ്റിവയ്ക്കുമെന്നും പ്രഖ്യാപിച്ചിട്ടൂള്ളത് സ്വാഗതാര്‍ഹമാണെങ്കിലും ആ ലക്ഷ്യത്തിലെത്തുന്നതിന് സംസ്ഥാനങ്ങള്‍ക്കാവശ്യമായ ധനസഹായങ്ങളെക്കുറിച്ച് വ്യക്തമായ നിര്‍ദേശം ഇല്ല. മാത്രവുമല്ല, പൂര്‍ണമായും കേന്ദ്രീകൃത നിയന്ത്രിതമായ ഒരു നയമായി മാത്രമേ ഇതിനെ വിലയിരുത്താന്‍ കഴിയൂ. കടുത്ത നിയന്ത്രണങ്ങളും കുറവ് ധനസഹായവുമുള്ള ഒരു നയം. സംസ്ഥാനങ്ങളുടെയും
പട്ടിക വിഭാഗങ്ങള്‍, സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ പിന്നിട്ടു നില്‍ക്കുന്നവര്‍, പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങള്‍ തുടങ്ങി താഴേത്തട്ടിലുള്ളവര്‍ പഠിക്കുന്ന പൊതുസ്ഥാപനങ്ങള്‍ ക്രമേണ ഇല്ലാതാകുന്നതിന് നയം കാരണമാകുമെന്നുള്ളത് ആശങ്ക ഉയര്‍ത്തുന്നു
സര്‍വകലാശാലകളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളൂം പൂര്‍ണമായും ഒഴിവാക്കിയാണ്, നയം രൂപീകരിച്ചിരിക്കുന്നത്. സാമൂഹ്യനീതി ഉറപ്പുവരുത്തുന്നത്തിനും ഫെഡറലിസം സംരക്ഷിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളൊന്നും നയത്തില്‍ ഇല്ല. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി-എക്‌സിറ്റ്, നാലുവര്‍ഷ ഡിഗ്രി, മള്‍ട്ടി ഡിസ്സിപ്ലിനറി പഠനം, ക്രെഡിറ്റ് ബാങ്കും ക്രെഡിറ്റ് കൈമാറ്റവും തുടങ്ങിയ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യാമെങ്കിലും പ്രായോഗിക തലത്തില്‍ കടമ്പകള്‍ നിരവധിയാണ്. ജി.ഡി.പിയുടെ 6 ശതമാനം വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെങ്കില്‍ അത് നിയമം മൂലം നിര്‍ബന്ധമാക്കേണ്ടതുണ്ട്. ഈ നയം മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ക്കുള്ള കേന്ദ്ര ധനസഹായത്തെക്കുറിച്ച് വ്യക്തത ഉണ്ടായാല്‍ മാത്രമേ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇതുകൊണ്ടുണ്ടാവുന്ന മാറ്റങ്ങളെ കുറിച്ച് പ്രവചിക്കുവാന്‍ സാധിക്കൂ.
നിയന്ത്രണ ഏജന്‍സി വരുന്നു
രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഏക നിയന്ത്രക സംവിധാനമായ ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (HECI) സ്ഥാപിക്കുമെന്നാണ് നയം വ്യക്തമാക്കുന്നത്. നിലവിലെ കേന്ദ്ര ഏജന്‍സികളായ യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയവ (മെഡിക്കലും നിയമവും ഒഴികെ) നിറുത്തലാക്കും. ഇത്തരത്തില്‍, ഒരൊറ്റ റെഗുലേറ്റര്‍ നിലവില്‍ വരുമ്പോള്‍ ഉന്നത വിദ്യാഭ്യാസ നയങ്ങളിലെ അനിശ്ചിതത്വങ്ങള്‍ നീക്കംചെയ്യുമെന്നും മള്‍ട്ടി ഡിസ്സിപ്ലിനറി വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നുമാണ് NEP അവകാശപ്പെടുന്നത്. എന്നാല്‍, ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമായിട്ടുകൂടി സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണമായും അപ്രാപ്യമാകുന്ന തരത്തിലാകും ഏക നിയന്ത്രക സംവിധാനത്തിന്റെ വരവോടെ സംഭവിക്കാന്‍ പോകുന്നത്. നിലവിലെ ഏജന്‍സികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന്റെ ഏകോപനവും മാനദണ്ഡങ്ങളുടെ നിര്‍ണയവും പരിപാലനവും മാത്രമായിരുന്നു ചുമതലയെങ്കില്‍ HECI യെ ഉന്നതവിദ്യാഭ്യാസത്തെ പൂര്‍ണമായും നിയന്ത്രിക്കാന്‍ അധികാരമുള്ള ഏജന്‍സിയായിട്ടാണ് കൊണ്ടുവരുന്നത്. സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ എന്ത് പഠിക്കണമെന്നും എങ്ങനെ പഠിപ്പിക്കണമെന്നും ഏതൊക്കെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അടച്ചുപൂട്ടണമെന്നും HECI തീരുമാനിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ചെന്നെത്തും.
പിന്നാക്കക്കാർക്കും സാധാരണക്കാർക്കും അവസരം കുറയും
ഗ്രോസ് എന്റോള്‍മെന്റ് അനുപാതം നിലവിലെ 25% ത്തില്‍ നിന്ന് 50% ആയി ഉയര്‍ത്തുമെന്നും ജി.ഡി.പി യുടെ 6% വിദ്യാഭ്യാസത്തിന് മാറ്റിവയ്ക്കുമെന്നും നയത്തില്‍ പ്രഖ്യാപിച്ചിട്ടൂള്ളത് പ്രത്യക്ഷത്തില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഗ്രോസ് എന്റോള്‍മെന്റ് അനുപാതം ഇരട്ടിയായി വര്‍ധിപ്പിക്കുന്നതിന്, നിലവിലെ കോഴ്സുകള്‍ക്ക് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനും പുതിയ കോഴ്സുകള്‍ ആരംഭിക്കുവാനും ഫ്രീഷിപ്പോ സ്‌കോളര്‍ഷിപ്പോ നല്‍കുവാനുമുള്ള നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയും പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും സ്‌കോളര്‍ഷിപ്പ് ഫണ്ട് സ്വരൂപിക്കുകയും വേണം. സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളില്‍ ഇതിനാവശ്യമാകുന്ന ഭീമമായ തുക
സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ എന്ത് പഠിക്കണമെന്നും എങ്ങനെ പഠിപ്പിക്കണമെന്നും ഏതൊക്കെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അടച്ചുപൂട്ടണമെന്നും HECI തീരുമാനിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ചെന്നെത്തും
കേന്ദ്രവിഹിതമായി നല്‍കിയില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ ഞെരുങ്ങുന്ന അവസ്ഥ വരും. അത്തരത്തിലുള്ള ഒരു നിര്‍ദേശങ്ങളും ഈ നയത്തില്‍ ഇല്ല. ഇത്, നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ, ധനകാര്യ സ്വയംഭരണത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുകയും ഉയര്‍ന്ന ഫീസ് വിദ്യാര്‍ഥിയില്‍ നിന്ന് ഈടാക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ ഈ അവസരം മുതലെടുക്കുകയും വ്യാപകമായി പുതിയ കോഴ്സുകള്‍ ആരംഭിക്കുകയും, ഉയര്‍ന്ന ഫീസ് ഈടാക്കുന്ന സാഹചര്യം സംജാതമാവുകയും ചെയ്യും. ചുരുക്കത്തില്‍, 2035 ഓടെ രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പടെ മറ്റു പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കുറയും.
മറ്റ് നിര്‍ദേശങ്ങള്‍ എങ്ങനെ ബാധിക്കും?
കോളേജ് പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ: ദേശീയ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നിര്‍ദിഷ്ട പ്രവേശന പരീക്ഷ ദേശീയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നാണ് നയത്തില്‍ സൂചിപ്പിക്കുന്നത്. ഇത് ഒന്നിലധികം പരീക്ഷകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ വിദ്യാര്‍ഥികളിലുണ്ടാക്കുന്ന സമ്മര്‍ദം ഒഴിവാക്കാന്‍ സഹായിക്കും. ഓരോ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന്, വിദ്യാര്‍ഥിക്ക് ആവശ്യമായ നൈപുണ്യവും കഴിവും അടിസ്ഥാനമാക്കി, പൊതു പ്രവേശന പരീക്ഷയില്‍ നിന്ന് പ്രവേശനം നല്‍കാം. ദേശീയ ടെസ്റ്റിംഗ് ഏജന്‍സി , വര്‍ഷത്തില്‍ രണ്ടു തവണ പരീക്ഷ നടത്തുമെന്നാണ് പറഞ്ഞിട്ടുള്ളത്. തത്വത്തില്‍ ഇതിനെ സ്വാഗതം ചെയ്യാമെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ പ്രായോഗിക തലത്തിലുണ്ടാകാവുന്ന പ്രയാസങ്ങള്‍ മനസിലാകുകയുള്ളു.
പുതിയ യുജി, പിജി പ്രോഗ്രാമുകള്‍: രണ്ടു തരത്തിലുള്ള യു.ജി പ്രോഗ്രാമുകളാണ് മുന്നോട്ട് വയ്ക്കുന്നത്. മൂന്ന് അല്ലെങ്കില്‍ നാല് വര്‍ഷമുള്ള മള്‍ട്ടി-ഡിസിപ്ലിനറി യുജി പ്രോഗ്രാമുകള്‍. 12 + 3 നുശേഷം ഒരു വര്‍ഷം അധികമായി ചേര്‍ക്കുന്നതുകൊണ്ട് മികച്ച ആഗോള പ്രോഗ്രാമുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുങ്ങും. ഇതുപോലെ തന്നെ രണ്ടു തരത്തിലുള്ള പി.ജി പ്രോഗ്രാമുകളും ഉണ്ട്. ഒന്ന് അല്ലെങ്കില്‍ രണ്ട് വര്‍ഷമുള്ള പി.ജി പ്രോഗ്രാമുകള്‍. ഇതു കൂടാതെ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും കൂടി നല്‍കുന്നു.
എംഫില്‍ പ്രോഗ്രാം നിറുത്തലാക്കുമെന്നും നയത്തിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലുള്ള നൂതന കോഴ്സുകള്‍ ആരംഭിക്കാനുള്ള നടപടി വളരെ മുമ്പേ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ സര്‍വകലാശാലകളിലും കോളജുകളിലും നടന്നുകൊണ്ടിരിക്കുന്ന കോഴ്‌സുകള്‍ പുനഃസംഘടിപ്പിക്കേണ്ട സ്ഥിതി ഉണ്ടായാല്‍ അധ്യാപകരുടെ എണ്ണത്തില്‍ കുറവോ കൂടുതലോ ഉണ്ടാകും. കൂടുതല്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനവശ്യമായ അദ്ധ്യാപക തസ്തിക സൃഷ്ടിക്കാന്‍ കേന്ദ്ര ഫണ്ടിങ് ലഭിച്ചില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും വിദ്യഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് പോവുകയും ചെയ്യും.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്: കോഴ്‌സിനിടയ്ക്കുവച്ച് പഠനം നിറുത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്നീട് പഠനം പൂര്‍ത്തിയാക്കാനുള്ള അവസരം നല്‍കുന്ന മള്‍ട്ടി എന്‍ട്രി-എക്‌സിറ്റ് നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകും. പഠനം തുടരുന്നതിനും കരിയര്‍ തിരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കി തീരുമാനങ്ങള്‍ എടുക്കുന്നതിനും ഇത് അവസരമൊരുക്കും. അക്കാദമിക് ക്രെഡിറ്റ് ബാങ്ക് സ്ഥാപിച്ച് ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ നടപ്പിലാക്കുമെന്നും നയത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഇത് നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടതായിട്ടുമുണ്ട്.
സ്ഥാപനങ്ങളെ മൂന്നു വിഭാഗങ്ങളായി തരംതിരിക്കല്‍: രാജ്യത്തെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുമെന്നാണ് നയം വ്യക്തമാക്കുന്നത്- തീവ്ര ഗവേഷണം നടത്തുന്ന സര്‍വകലാശാലകള്‍, അധ്യാപനവും ഗവേഷണവും നല്‍കുന്ന സര്‍വകലാശാലകള്‍, ബിരുദം നല്‍കുന്ന സ്വയംഭരണ കോളേജുകള്‍ എന്നിങ്ങനെ. നിലവിലെ കോളജുകള്‍ക്ക് സര്‍വ്വകലാശാലയുമായുള്ള അഫിലിയേഷന്‍ 2035 ഓടെ ഘട്ടം ഘട്ടമായി അവസാനിപ്പിച്ച് കോളജുകള്‍ക്ക് ഡിഗ്രി നല്‍കുന്നതിനുള്ള സ്വയംഭരണ പദവി അനുവദിക്കുമെന്നും നയം പറയുന്നുണ്ട്. കേരളത്തില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കും. പിന്നോക്ക മേഖലയിലുള്ള മിക്ക സ്ഥാപനങ്ങളും പ്രതിസന്ധിയിലാകാനുള്ള സാഹചര്യം സംജാതമാകും. സ്വയംഭരണ പദവി ലഭിക്കുന്ന സ്ഥാപനങ്ങള്‍ സാമ്പത്തിക സ്വയംഭരണം ആര്‍ജിക്കുന്നതിന് വേണ്ടി വിദ്യര്‍ഥികളുടെ ഫീസ് ഉയര്‍ത്തേണ്ട സാഹചര്യവും ഉടലെടുക്കും. മാത്രവുമല്ല, വിദേശ സര്‍വകലാശാലകളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന സമീപനം രാജ്യത്തെ ഉന്നത വിദ്യഭ്യാസം പൂര്‍ണമായും സ്വകാര്യ
കോളജുകള്‍ക്ക് സര്‍വ്വകലാശാലയുമായുള്ള അഫിലിയേഷന്‍ ഘട്ടം ഘട്ടമായി അവസാനിപ്പിച്ച് കോളജുകള്‍ക്ക് ഡിഗ്രി നല്‍കുന്നതിനുള്ള സ്വയംഭരണ പദവി അനുവദിക്കുമെന്ന് നയം പറയുന്നുണ്ട്. കേരളത്തില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കും
കുത്തകകളുടെ കൈകളിലെത്തിക്കും. കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം സാധിക്കുന്ന ബ്രഹത് സര്‍വ്വകലാശാലകള്‍ എന്ന നിര്‍ദേശം NEP മുന്നോട്ടുവയ്ക്കുന്നത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. രാജ്യത്ത് മള്‍ട്ടിഡിസിപ്ലിനറി വിദ്യാഭ്യാസവും ഗവേഷണവും നല്‍കുന്ന മാതൃകാ സര്‍വകലാശാലകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കുമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക പരിഷ്‌കരണത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വളരെ നേരത്തെ തുടങ്ങിയതാണ്. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരെ പങ്കെടുപ്പിച്ച് ചര്‍ച്ചകളും നടത്തിയിരുന്നു. നാലുവര്‍ഷ ഓണേഴ്സ് കോഴ്സുകളും ഇന്റഗ്രേറ്റഡ് പി.ജി കോഴ്സുകളും സംസ്ഥാനത്തെ ചില സര്‍വകലാശാലകളിലും കോളേജുകളിലും മുമ്പ് മുതല്‍തന്നെ നടന്നുവരുന്നുണ്ട്. സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളേജുകളിലും ഈ വര്‍ഷം പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം ആലോചിക്കുന്നുമുണ്ട്. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച സമിതി, പുതുതായി നാലുവര്‍ഷ ഡിഗ്രി, ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളും നൂതന മേഖലയിലെ കോഴ്സുകളും ആരംഭിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദേശം പരിഗണിച്ച് തീരുമാനമെടുക്കാന്‍ സര്‍വ്വകലാശാലകളോട് പറഞ്ഞിട്ടുണ്ട്. പുതിയ കോഴ്സുകള്‍, സര്‍ക്കാര്‍ - എയ്ഡഡ് സ്ഥാപനങ്ങളിലാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയവുമായി ഇതിന് ബന്ധമില്ല.
കോളജുകളുടെ സ്വയംഭരണ പദവി
ദേശീയാവിദ്യഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന മറ്റൊരു നിര്‍ദേശമാണ്, 2035 ഓടെ, അഫിലിയേറ്റിങ് സംവിധാനം അവസാനിപ്പിച്ച് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്വയംഭരണ കോളേജുകള്‍ കൊണ്ടുവരും എന്നത്. സ്വയംഭരണ പദവി ലഭ്യമാകുന്നതിന് നിലവിലെ നിബന്ധന പ്രകാരം NAAC ല്‍ A ഗ്രേഡോ അതിന് മുകളിലോ നിര്‍ബന്ധമാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ഏകദേശം 40 ശതമാനം സ്ഥാപനങ്ങളും സ്വയംഭരണ പദവി ലഭിക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത നേടിയിട്ടുണ്ട്. മറ്റു സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം ഉയര്‍ന്നതാണെങ്കിലും, അടിസ്ഥാന സൗകര്യങ്ങള്‍ കുറേക്കൂടി മെച്ചപ്പെടേണ്ടതുണ്ട്. ഇത് സാധ്യമാകണമെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കുകയോ വിദ്യാര്‍ഥികളുടെ ഫീസ് വര്‍ദ്ധിപ്പിക്കുകയോ വേണം. സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ നയം പിന്തുടരുന്നതിനാല്‍ വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതിനാല്‍, സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളാകണമെന്ന നയം പ്രായോഗികമല്ല. ഈ തലത്തിലേക്ക് പൊതു സ്ഥാപനങ്ങളെ ഉയര്‍ത്തുന്നതിന് കേന്ദ്ര ധനസഹായം ലഭിക്കേണ്ടതുണ്ട്. പക്ഷെ, ദേശീയാവിദ്യഭ്യാസ നയം ഇക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുകയാണ് ചെയ്യുന്നത്.
സംവരണത്തില്‍ മൗനം
സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പദപ്രയോഗങ്ങള്‍ക്കും അപ്രായോഗിക നിര്‍ദേശങ്ങള്‍ക്കും പുറമെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തെ നിരാകരിക്കുന്ന നയമായി മാത്രമേ NEP യെ കാണാന്‍ കഴിയൂ. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും പ്രതിനിധാനം ചെയ്യുന്ന പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്ക സമുദായങ്ങള്‍ക്കും ഭരണഘടനാപരമായി ഉറപ്പുവരുത്തേണ്ട സംവരണത്തെ കുറിച്ച് മൗനം പാലിക്കുന്നത് പ്രധാന
പാഠ്യപദ്ധതിയും സിലബസും തയ്യാറാക്കുന്നതിന് പുറമെ ഏതു വിഷയത്തില്‍ ഗവേഷണം നടത്തണമെന്നുകൂടി കേന്ദ്രം തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു
ന്യൂനതയാണ്. പാഠ്യപദ്ധതിയും സിലബസും തയ്യാറാക്കുന്നതിന് പുറമെ ഏതു വിഷയത്തില്‍ ഗവേഷണം നടത്തണമെന്നുകൂടി കേന്ദ്രം തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
ചുരുക്കത്തില്‍, പ്രതീക്ഷകള്‍ നല്‍കുന്ന അപ്രായോഗിക നിര്‍ദേശങ്ങളും തീവ്ര കേന്ദ്രീകരണത്തിനുള്ള അനന്തസാധ്യതകളുമാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നത്. ഇതിലെ മിക്ക നിര്‍ദേശങ്ങളും പൊതുസ്ഥാപനങ്ങള്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കും. അതേസമയം, കോര്‍പ്പറേറ്റ്, സ്വകാര്യ സ്വാശ്രയ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യും. എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരേ മാനദണ്ഡം വരുന്നതോടെ പൊതുസ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെടും. അടിസ്ഥാന വര്‍ഗമായ എസ്.സി, എസ്.ടി വിഭാഗങ്ങള്‍, സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ പിന്നിട്ടു നില്‍ക്കുന്നവര്‍, പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങള്‍ തുടങ്ങി താഴേത്തട്ടിലുള്ളവര്‍ പഠിക്കുന്ന പൊതുസ്ഥാപനങ്ങള്‍ ക്രമേണ ഇല്ലാതാകുന്നതിന് ദേശീയ വിദ്യാഭ്യാസ നയം കാരണമാകുമെന്നത് ആശങ്ക ഉയര്‍ത്തുന്നതു തന്നെയാണ്.
Shamsudheen SA
6 Aug 2020, 07:37 PM
New Education Policy brings friends and foes simultaneously. First, friends of this policy are related the ruling class and their supporters whose benchmark is known to everybody.Those who oppose this policy are leftist groups, minorities, Obc's and sidelined communities. The prime question is why some people support wholeheartedly. Their support for this policy is extreme rightist or those who are supporting corporate or crony capitalists whose whereabouts are known to us. The real problem is why this policy was not tabled in the parliament or subject committees or why it was passed without public debate, even though,the govt had received suggestions (around two lakhs). The problematic or dynamic change in the education system brings more doubts and confusions than clarity; gray areas have to cleared within the federal system of India since the education is in the concurrent list. Majority of scholars and leaders are kept aloof from this discourse. A minority of people who thinks that this system brings more flexibility and acceptability.We can hope that the concerned parties shall come forward to clarify those doubts which is the democratic way to solve problems.
കെ. സഹദേവന്‍
Jan 13, 2021
7 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
കെ. സഹദേവന്‍
Jan 06, 2021
4 Minutes Read
കെ.എം. സീതി
Jan 01, 2021
10 Minutes Read
പ്രസന്‍ജീത് ബോസ്/ എന്‍. കെ. ഭൂപേഷ്
Dec 29, 2020
10 Minutes Read
ഡോ. സ്മിത പി. കുമാര്‍
Dec 21, 2020
10 Minutes Read
Sam George Mathew
10 Aug 2020, 05:16 PM
സർ , ഞാൻ ഈ മെസ്സേജ് അയക്കുന്നതു LLB കോഴ്സ് പ്രവേശനത്തെ സംബന്ധിച്ച കാര്യം അങ്ങയുടെ ശ്രദ്ധയിൽപെടുത്താനാണ്.ഗവണ്മെന്റ് ലോ കോളേജുകളിലെ സീറ്റുക( both 3 ഇയർ and 5 ഇയർ llb courses) വെട്ടികുറച്ചിരിക്കുന്നു.നാല് ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് ഏകദെശം 120(3ഇയർ LLB )സീറ്റ് വെട്ടിക്കുറച്ചു.അതിനു പകരം പ്രൈവറ്റ് ലോ കോളേജിന് അധിക സീറ്റ് അനുവദിച്ചിട്ടുണ്ട്.ഈ തീരുമാനം മിടുക്കരായ വിദ്യാർത്ഥിക്കളയും സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരെയും ബാധിക്കും.പ്രൈവറ്റ് ലോ കോളേജിൽ അഡ്മിഷൻ നേടണമെങ്കിൽ ഏകദേശം ഒരു ലക്ഷം രൂപയാകും.ഇതു സാധാരണകാറായ മിടുക്കാരായ വിദ്യാർഥികളെ ബാധിക്കും.അവർക്കു നിയമ പഠനം അസാധ്യമാകും.ഈ തീരുമാനം പുനപരിശോദിച് ഉചിതമായ തീരുമാനം കൈകൊള്ളേണമേയെന്നു #justiceforllbrankholders