26 Jun 2022, 12:03 PM
"150 രൂപയാണ് കൂലി. ആർത്തവസമയത്ത് രണ്ട് ദിവസമെങ്കിലും അവധിയാകും. അന്ന് ആ വേദനയും സഹിച്ച് മക്കളെയും പട്ടിണിക്കിടണം. അതിനേക്കാൾ നല്ലത് ആർത്തവം ഇല്ലാതാക്കലല്ലേ '.
ആയുഷി പിറുപിറുത്തുകൊണ്ട് വെട്ടിയെടുത്ത കരിമ്പിൻതണ്ട് ദേഷ്യത്തോടെ നിലത്തേക്കെറിഞ്ഞു. അൽപ്പം നിന്നശേഷം കരിമ്പിന്റെ നീളത്തിലുള്ള പരുക്കൻ ഇലകൾ പിരിച്ച് കയറാക്കി. പത്തോളം കരിമ്പുകൾ ചേർത്ത് വച്ച് വരിഞ്ഞു കെട്ടി. കൈത്തണ്ടയിലെ ഉണങ്ങാത്ത മുറിവിൽ മൂർച്ചയുള്ള ഇലകൾ വീണ്ടും കൊണ്ടു കീറി. ആ കരിമ്പുകെട്ടിൽ ആയുഷിയുടെ രക്തവും കൂടിചേർന്നു.
വെയിൽ കനത്ത ഏപ്രിലിലാണ് മഹാരാഷ്ട്രയുടെ ഹൃദയമായ ബീഡിലേക്ക് വണ്ടി കയറിയത്. സമ്പൂർണ്ണ കാർഷിക ജില്ലയാണത്. പ്രധാന കൃഷി കരിമ്പ്. സമുദ്രം പോലെ അറ്റമില്ലാതെ വ്യാപിച്ചു കിടക്കുന്ന കരിമ്പ് പാടങ്ങളാണ് എവിടെയും. അവയ്ക്കിടയിൽ ചെറു ഗ്രാമങ്ങൾ. ഏതാനും മനുഷ്യർ. ഭൂമിക്ക് ശ്വാസം വിടാൻ ഇടമില്ലാത്തവണ്ണം മണ്ണിൽ നിറയെ കരിമ്പ്. കറുത്ത പുകതുപ്പുന്ന ശർക്കര നിർമ്മാണശാലകളും ഇടയ്ക്കിടെ കാണാം.
മുപ്പത്തിരണ്ടുകാരി ആയുഷിയെ ഗ്രാമവഴികളിൽ വച്ചാണ് കാണുന്നത്. അരയിൽ ചുറ്റിയ തോർത്തിൽ നീളൻ വെട്ടുകത്തിയുണ്ട്. ഒക്കത്ത് ചെറിയ കുഞ്ഞും. ബാക്കി രണ്ടുമക്കൾ ആദ്യമെത്താനുള്ള ഓട്ടത്തിലാണ്. വലതുകൈയിലെ ചെറിയ തൂക്കുപാത്രത്തിൽ റൊട്ടിയും പരിപ്പുകറിയുമുണ്ട്. നാലുവയർ നിറക്കാനുള്ള എന്ത് അത്ഭുതമാണ് അതിലെന്നു ചോദിച്ചപ്പോൾ അവർ തന്നെ പറഞ്ഞു. ഒരു ദിവസം പണി ഇല്ലാതായാൽ അതും ഉണ്ടാവില്ലെന്ന് പറഞ്ഞ് ചിരിച്ചു. വല്ലാത്ത വേദന ഒളിപ്പിച്ചു കൊണ്ട് മുഖത്ത് നോക്കാതെ തലതാഴ്ത്തി നടന്നു. അതിനിടക്ക് സംസാരിച്ചു. നിൽക്കാൻ നേരമില്ല. ഒരൽപ്പം നേരം വൈകിയാൽ അന്ന് പണിയില്ല. കരാറുകാരൻ സമ്മതിക്കില്ല.

സമയം പുലർച്ചെ അഞ്ച് മണി. ആയുഷി പറഞ്ഞത് ശരിയാണെന്ന് പാടത്തെ കാഴ്‌ച്ചകൾ വ്യക്തമാക്കി. കരിമ്പ് വെട്ടുന്ന തിരക്കിലാണ് നൂറോളം സ്ത്രീകൾ. ഒക്കത്തിരുന്ന കുഞ്ഞിനെ പാടവരമ്പിൽ വെട്ടിയിട്ട കരിമ്പിലകൾക്ക് മുകളിൽ കിടത്തി. ദൃതിയിൽ ഒരു മൂലയിൽ നിന്ന് കരിമ്പുവെട്ടാൻ തുടങ്ങി. ഗ്രാമത്തിന്റെ പേര് പറഞ്ഞെങ്കിലും വ്യക്തമായില്ല. പതിനാറാമത്തെ വയസ്സിലാണ് ആയുഷിയെ അനുരാഗ് വിവാഹം കഴിക്കുന്നത്. പേരറിയാത്ത അസുഖം അനുരാഗിന്റെ ജീവനെടുത്തപ്പോൾ ബാക്കിയായത് മൂന്ന് മക്കളാണ്. പിന്നീടങ്ങോട്ട് വിശപ്പുമായുള്ള യുദ്ധത്തിലായി.
ഏഴാം ക്ലാസ്സുകരിക്ക് ആകെ അറിയാവുന്നത് കൃഷിയാണ്. ഭൂമി ഇല്ലാത്തവർ പക്ഷെ എവിടെ കൃഷിചെയ്യും. അങ്ങനെയാണ് ഭർത്താവിന്റെ കരിമ്പ് വെട്ടുന്ന കത്തിയുമായി ജീവിതം തിരഞ്ഞ് ഇറങ്ങിയത്. വിശപ്പിനുള്ള ഉത്തരമായി അത് തുടർന്നു. എന്നാൽ മാസമുറ വില്ലനായി. രണ്ടോ മൂന്നോ ദിവസം അവധി എടുത്താൽ അരിക്കലം കാലിയാകും. വിശന്ന് കരയുന്ന മൂന്ന് കുഞ്ഞ് ജീവനുമുന്നിൽ ഉത്തരംമുട്ടും. അതിനെ അതിജീവിക്കാനാണ് ഗർഭപാത്രം ഒഴിവാക്കിയത്. അനായാസമായി ആ വേദനയെ ആയുഷി പറഞ്ഞു.

ബീഡ് ജില്ലയിൽ മാത്രം ഈ അടുത്ത കാലത്ത് അന്നത്തിനായി ഗർഭപാത്രം എടുത്ത് മാറ്റിയത് 4600 സ്‌ത്രീകളാണ്. എല്ലാവരും കരിമ്പ് കർഷകർ. ഇത് അവരുടെ സമാനതകളില്ലാത്ത ജീവിത പോരാട്ടങ്ങളുടെ കഥയാണ്. ആയുഷി അവരിൽ ഒരു പേരുമാത്രമാണ്.
ചോരകുതിർന്ന മണ്ണ്
28 മത്തെ വയസ്സിലാണ് ആയുഷിക്ക് ഗർഭപാത്രം നീക്കം ചെയ്യേണ്ടിവന്നത്. കാലുറക്കാത്ത മക്കളുടെ നിസ്സഹായ മുഖങ്ങളാണ് ശരീരം മുറിപ്പെടുത്താൻ തീരുമാനിച്ചതിന് പുറകിൽ. പറഞ്ഞാൽ തീരാത്ത ശാരീരിക അസ്വസ്ഥതകളാണ് അന്നുമുതൽ. ഭർത്താവ് ഉപേക്ഷിച്ചപ്പോൾ അത് ഇരട്ടിയായി. ആയുഷിയെപോലെ ജീവിതത്തെ ജയിക്കാൻ ഉറച്ച ആയിരങ്ങളുണ്ട് കരിമ്പ് പാടങ്ങളിൽ. മുറിച്ചു മാറ്റപ്പെട്ട ഗർഭപാത്രവുമായി.
ഗ്രാമത്തിലെ വിദ്യാഭ്യാസ നിലവാരവും നല്ല ജോലികിട്ടാൻ തടസ്സമാണ്. അപൂർവ്വം ചിലർ മാത്രമാണ് പുറത്തുപോയി പഠിച്ചത്. ജാതി മതിലുകളും ശക്തമാണ്. ദളിതന് ഉയർന്നു വരാൻ സാധിക്കാത്ത വിധം സവർണ്ണ ജനത അത് ബലപ്പെടുത്തിയിട്ടുണ്ട്. പാടങ്ങളിൽ പൊടിയുന്ന ചോരക്ക് പിന്നിലെ കഥ ചികഞ്ഞാൽ അത് വ്യക്തമാകും. ചരിത്ര പ്രധാനമായ മണ്ണുകൂടിയാണ് ബീഡ്. പതിറ്റാണ്ടുകൾക്ക് മുൻപുള്ള തകർന്നടിഞ്ഞ പ്രവേശന കവാടം മുതൽ തെളിവുകൾ അനവധിയാണ്.

പുരാതന കാലത്ത് ഈ നഗരം ചമ്പാവതി നഗരി എന്നാണ് അറിയപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ട് വരെ നിസാം രാജവാഴ്ചയുടെ കീഴിലായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളും നൈസാം സൈനികരും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് ശേഷമാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായത്. ചരിത്രത്തിന്റെ ചക്ര ചാലുകളിൽ നിറയെ ചോരകുതിർന്ന കഥയുണ്ട് ആ മണ്ണിന്. മറ്റൊരു രീതിയിൽ അത് ഇന്നും തുടരുന്നു.
തലമുറ ഇല്ലാത്തവർ
ചെറിയ പ്രായം മുതൽ ഗർഭപാത്രം നീക്കം ചെയ്യുന്നവരും കുറവല്ല. ജീവിതം വഴിമുട്ടുമ്പോഴാണ് ആർത്തവത്തെ അതിജയിക്കാനായി തെറ്റായ പ്രവണതക്ക് കീഴ്പ്പെടുന്നത്. കേവലം മൂന്ന് വർഷംകൊണ്ട് 4,600-ലധികം സ്ത്രീകളാണ് ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരായത്. സംസ്ഥാന ആരോഗ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.
ബീഡ് ജില്ലയിലെ 82309 സ്ത്രീകളിൽ നടത്തിയ സർവേയിൽ 13861 പേർ പത്തു വർഷത്തിനുള്ളിൽ സമാന ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. അതിൽ 35-40 നുള്ളിൽ പ്രായമുള്ള സ്‌ത്രീകളാണ് ഭൂരിഭാഗവും. പുറത്തുവന്ന ഈ റിപ്പോർട്ടുകളാണ് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവച്ചത്. വോട്ട് ബാങ്കല്ലാത്ത മനുഷ്യരുടെ ശബ്ദം അപ്പോഴാണ് ഭരണകൂടം കേൾക്കാൻ തയ്യാറായത്. ഡോ. നീലം ഗോരേയുടെ നേതൃത്വത്തിൽ ഏഴങ്ക നിയമസഭാ സമിതി അന്വേഷണം നടത്തി. 140 പേജുള്ള അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചു. അത് അവിടെ അവസാനിച്ചു.

ഗർഭപാത്രം എടുത്തുമാറ്റുന്ന സ്‌ത്രീകളുടെ എണ്ണം ഇന്നും അസാധാരണമാം വിധം മുകളിലേക്കാണെന്ന് അനൗദ്യോദിക പഠനങ്ങൾ അടിവരയിടുന്നു. ഭരണകൂടം എല്ലാം ചെയ്തു തീർത്ത ആശ്വാസത്തിലുമാണ്. ആ കണക്കുകൾക്ക് മുകളിൽ അവർക്ക് രാഷ്ട്രീയ ന്യായങ്ങളുണ്ട്. അപ്പോഴും മധുരം കിനിയുന്ന കരിമ്പ് തണ്ടിൽ ചോര പൊടിയുന്നുണ്ട്. ഈ കാലത്തെ അന്നമൂട്ടനായി അടുത്ത തലമുറക്കാണ് അമ്മമാർ ബലിയിടുന്നത്. കരിമ്പ് പാടങ്ങളിൽ മാഞ്ഞുപോകുന്നത് എന്താണെന്ന് അവർക്കറിയാം. നിസ്സഹായരായ ആ ജനതക്ക് പക്ഷെ മറ്റൊരു വഴി അറിയില്ല.
ജീവിതം തിരഞ്ഞുള്ള പലായനങ്ങൾ
പാകമായ കരിമ്പ് വെട്ടിയെടുത്തുകഴിഞ്ഞാൽ പിന്നെ അടുത്ത ഗ്രാമത്തിലാകും ജോലി. അതും കഴിഞ്ഞാൽ അടുത്ത ജില്ലയിൽ. അങ്ങനെ കൂടും കുടുക്കയുമായുള്ള പലായനങ്ങളാണ് ജീവിതം മുഴുവൻ. പുലർച്ചെ തുടങ്ങുന്ന ജോലി തീരുന്നത് സൂര്യൻ അസ്തമിക്കുമ്പോഴാണ്. 14 മണിക്കൂർ എങ്കിലും ഒരു ദിവസം പണിയെടുക്കണം. 150 രൂപ മുതൽ 250 വരെയാണ് കൂലി. ജാതിയും ലിംഗവും നോക്കിയാണ് കൂലി കൊടുക്കുന്നത്. ഒരു കരാറുകാരന്റെ കീഴിലായിരിക്കും എല്ലാവരും. മുതലാളിയുമായി നേരിട്ട് ബന്ധമില്ല. കരാറുകാരനാണ് അടുത്ത പാടത്തേക്ക് കൊണ്ടുപോകുന്നതും കൂലി കൊടുക്കുന്നതും. പണി വേഗം തീർക്കാൻ അയാൾ എന്ത് ഉപദ്രവവും ചെയ്യും.
ഗർഭപാത്രം നീക്കം ചെയ്യാനുള്ള എല്ലാ ഒത്താശക്കും മുന്നിൽ കരാറുകാരൻ ഉണ്ടാവും. ഹിസ്ട്രക്ടമി എന്ന ശസ്ത്രക്രിയക്ക് മുപ്പതിനായിരം രൂപവരെ ചിലവുണ്ട്. സ്വകാര്യ ആശുപത്രികൾ വഴിയേ ഇത് നടക്കു. അതിനായി ഇടനിലക്കാരും സജീവമാണ്. ഗഡുക്കളായി തിരിച്ചു പിടിക്കുന്ന തരത്തിൽ കരാറുകാരൻ സാമ്പത്തിക സഹായവും നൽകും. അത്തരത്തിൽ മനുഷ്യത്വ വിരുദ്ധമായ ചൂഷണങ്ങൾ സജീവമാണ് നിരക്ഷരതയുടെ പാടങ്ങളിൽ.
ആയുഷി ആ ജീവിതം പറഞ്ഞു തീർന്നപ്പോഴേക്കും പാടങ്ങളിൽ ഇരുട്ടുവീണു. ശസ്ത്രക്രിയക്ക് ശേഷം നാല് മണിക്കൂറിന് മുകളിൽ ഉറങ്ങാൻ സാധിച്ചിട്ടില്ല. ശക്തമായ വയറുവേദനയും മാനസിക പ്രശ്നങ്ങളുമാണ്. ഉറങ്ങാനുള്ള ഗുളിക പലത് പരീക്ഷിച്ചു. അല്പമെങ്കിലും ആശ്വാസം അതിലാണ്. നോക്കിനിൽക്കെ കരിമ്പ് പാടങ്ങളിൽ സൂര്യൻ മറഞ്ഞു. ഇരുട്ടിൽ എവിടെയോ ആയുഷിയെ കാണാതായി. ഏറെനേരം കാത്തെങ്കിലും വന്നില്ല. അവർ പോയിക്കാണണം. നിലാവ് പരന്ന പാടങ്ങൾ പിന്നിട്ട് ഞങ്ങളും യാത്ര തിരിച്ചു. വഴിയരികിലെ ശർക്കര യൂണിറ്റുകളിൽ കുന്നുകൂട്ടിയിട്ട കരിമ്പിൽ ചണ്ടി ആരൊക്കെയോ കത്തിക്കുന്നുണ്ട്. മധുരം വേർപെട്ടുകഴിഞ്ഞാൽ പിന്നെയെല്ലാം മാലിന്യമാണ്. ആ തീ ജ്വാലകൾക്ക് ആയുഷിയുടെ മുഖ സാദൃശ്യം.
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
എസ്.കെ. മിനി
Dec 24, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Oct 29, 2022
9 Minutes Watch
മനില സി.മോഹൻ
Oct 17, 2022
10 Minutes Watch
ഷഫീഖ് താമരശ്ശേരി
Oct 05, 2022
35 Minutes Watch
അലി ഹൈദര്‍
Sep 23, 2022
15 Minutes Watch