ലൈവ് മ്യൂസിക്കോടെ കാണാം, ക്ലാസിക്കുകളിലെ ക്ലാസിക്​; ‘നോസ്‌ഫെറാതു’

എഫ്.ഡബ്ല്യു. മുർണോയുടെ ക്ലാസിക്കുകളായി അറിയപ്പെടുന്ന സിനിമകൾ ഇക്കുറി ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളായ ‘സൺറൈസ്', ‘ദ ലാസ്റ്റ് ലാഫ്', ‘നോസ്‌ഫെറാതു' എന്നിവ ഉൾപ്പെടെ അഞ്ചുചിത്രങ്ങൾ. അതിൽ ശ്രദ്ധേയമായ സംഗതി, ‘നോസ്‌ഫെറാതു' അവതരിപ്പിക്കുന്നത് ലൈവ് മ്യൂസിക്കോടെ ആണെന്നതാണ്. യു.കെയിലെ അറിയപ്പെടുന്ന സംഗീത സംവിധായകനും നിരവധി നിശ്ശബ്ദചിത്ര ഫിലിം ഫെസ്റ്റിവലുകളുടെ ഡയറക്ടറുമായ ജോണി ബെസ്റ്റ്, ഗ്രാൻഡ് പിയാനോയിൽ വായിക്കുന്ന ലൈവ് മ്യൂസിക്കോടെ ഏറ്റവും മികച്ച പ്രിന്റിൽ ‘നോസ്‌ഫെറാതു' കാണാൻ ഐ.എഫ്.എഫ്.കെ അവസരമൊരുക്കും.

ലോകസിനിമയിലെ ക്ലാസിക്കായി കണക്കാക്കപ്പെടുന്ന എഫ്.ഡബ്ല്യു. മുർണോയുടെ "നോസ്‌ഫെറാതു'വിന്റെ നൂറാം വർഷമാണിത്. 1922 ൽ ജർമനിയിൽ ഏതാനും തിയേറ്ററുകളിൽ മാത്രമാണ് "നോസ്‌ഫെറാതു' റിലീസ് ചെയ്തിരുന്നത്. അതിന് ഒരു കാരണമുണ്ടായിരുന്നു. ജർമൻ എക്​സ്​പ്രഷണലിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഈ ചിത്രം നിർമിച്ചത് അവിടുത്തെ സിനിമാകമ്പനിയായ ‘പ്രാണ'യാണ്. സിനിമ നിർമിക്കുക മാത്രമല്ല, സിനിമയുടെ ആശയവും കലാസംവിധാനത്തിന്റെ ഭാഗങ്ങളും കൊണ്ടുവന്നിരുന്നത് പ്രാണയായിരുന്നു.

എന്തെന്നാൽ, നിഗൂഡതയെ അതിരറ്റ് പ്രണയിച്ചിരുന്ന, സാഹിത്യപ്രേമിയായ ആൽബിൻ ഗ്രൗ എന്ന മനുഷ്യനാണ് പ്രാണയെ നയിച്ചിരുന്നത്. ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുളയുടെ ചലച്ചിത്രഭാഷ്യമൊരുക്കാൻ മുതിർന്ന അവർക്ക് പക്ഷേ സ്റ്റോക്കറുടെ ഭാര്യയിൽ നിന്ന്​ (ബ്രോം സ്റ്റോക്കർ 1912 ൽ അന്തരിച്ചു) അതിനുള്ള അവകാശം ലഭിച്ചില്ല.

ഡ്രാക്കുളയ്ക്ക് സമാനമായ ഒരു കഥയുണ്ടാക്കിയാണ് പകർപ്പവകാശ പ്രതിസന്ധിയെ പ്രാണ മറികടന്നത്. ഡ്രാക്കുള പ്രഭുവിനുപകരം ഓർലോക്ക് പ്രഭു, ജോനാഥാനു പകരം ഹട്ടർ, മിന ഹാർക്കറിനു ബദലായി എലെൻ ഹട്ടർ, പ്രൊഫസർ വാൻ ഹെൽഡിങ്കിനു സമാനമായി പ്രൊഫസർ ബൾവർ. കാർപ്പാത്തിയൻ മലനിരകളിലെ പഴയകോട്ടയിലെ രക്തരക്ഷസ്സിന്റെ കഥ പേരിൽ മാത്രം രൂപഭേദം വന്ന് ‘നോസ്‌ഫെറാതു'വായി.

എഫ്.ഡബ്ല്യു. മുർണോ

നാടകത്തിന്റെ തട്ടകത്തിൽ നിന്ന്​ സിനിമയിലെത്തിയ എഫ്.ഡബ്ല്യു. മുർണോ ജർമൻ സിനിമയിൽ അപ്പോഴേക്കും ശ്രദ്ധേയനായിരുന്നു. മുർണോ ഈ കഥയെ തന്റേതായ കാഴ്ചപ്പാടുകളോടെ അവതരിപ്പിക്കാൻ തയ്യാറായി. പിന്നീട് പുറത്തിറങ്ങിയ നിരവധി ഡ്രാക്കുള സിനിമകളിലെപ്പോലെ വിഡ്ഢിത്തങ്ങളും നാടകീയതയും കുത്തിനിറച്ച പരിഹാസ്യകഥാപാത്രമായിരുന്നില്ല മുർണോയുടെ രക്തരക്ഷസ്സ്​.

‘നോസ്‌ഫെറാതു' വിലെ ഓർലോക്ക് ഒരു യഥാർത്ഥ മനുഷ്യനാണ്. പൂർണ്ണമായും ഭൗതികമായ നിലനിൽപ്പുള്ള ഒരു വ്യക്തി. അദ്ദേഹം കഷ്ടപ്പെടുകയും വേദനിക്കുകയും ചെയ്യുന്നതായി നമുക്ക് തോന്നും. ഓർലോക്ക് പ്രഭുവായി അഭിനയിച്ച മാക്‌സ് ഷ്രെക്കിന്റെ മുഖഭാവവും ശാരീരിക സവിശേഷതകളും കഥാപാത്രത്തിന്റെ ഭൗതികമായ നിലനിൽപ്പിന് അനുയോജ്യമാവുകയും ചെയ്തു. മുർണോ മനുഷ്യമനസ്സിന്റെ ആഴങ്ങളിൽ ആകൃഷ്ടനായിരുന്നു. ഷോപ്പൻഹോവർ, നീഷെ, ഷേക്​സ്​പിയർ എന്നിവരും ചെറുപ്പത്തിൽ അദ്ദേഹം സംവിധാനം ചെയ്ത നിരവധി ഇസ്‌ബെൻ നാടകങ്ങളും മുർണോയെ ഇക്കാര്യത്തിൽ വല്ലാതെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും പ്രതിഫലിക്കുന്ന അടിസ്ഥാനദർശനമാണ് മനുഷ്യമനസ്സിന്റെ സൂക്ഷ്മതകളിലേക്കുള്ള ഈ അന്വേഷണം.

നോസ്‌ഫെറാതുവിൽ നിന്ന്

‘നോസ്‌ഫെറാതു' പൂർത്തിയായി റിലീസിംഗ് പ്രഖ്യാപിച്ചപ്പോഴാണ് ബ്രോം സ്റ്റോക്കറുടെ ഭാര്യ കോടതിയെ സമീപിക്കുന്നത്. പകർപ്പവകാശത്തിന്റെ പേരിൽ കോടതി ചിത്രത്തിന്റെ റിലീസിംഗ് തടയുകയും മുഴുവൻ പ്രിന്റുകളും നശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. നഷ്ടപരിഹാരം നൽകാൻ കഴിയാത്തവിധം ‘പ്രാണ' സാമ്പത്തികമായി പപ്പാരായിരുന്നു. എന്നാൽ റിലീസിനായി അപ്പോഴേക്കും തിയേറ്ററുകളിലേക്ക് അയച്ച പ്രിന്റുകളിൽ ഒന്ന് നശിപ്പിക്കപ്പെടാതെയിരുന്നു. അതുകൊണ്ടുമാത്രമാണ് സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ ഒരു ഫാന്റസി, ഹൊറർ ചിത്രം ആസ്വദിക്കാൻ പിൽക്കാലത്തെ ചലച്ചിത്രപ്രേമികൾക്ക് കഴിഞ്ഞത്. കാലത്തെ വെല്ലുന്ന അത്ഭുതമായി ഇന്നും ‘നോസ്‌ഫെറാതു' ലോകസിനിമയിലെ ക്ലാസിക്കുകളിൽ ക്ലാസിക്കായി നിലനിൽക്കുന്നു.

കേവലം ഡ്രാക്കുള പ്രഭുവിന്റെ രക്തക്കൊതിയെ മറ്റൊരു പേരിൽ പരിഭാഷപ്പെടുത്തുക മാത്രമല്ല ‘നോസ്‌ഫെറാതു' ചെയ്യുന്നത്. ഒന്നാം ലോകയുദ്ധത്തിനുശേഷമാണ് ഈ ചിത്രം നിർമിക്കപ്പെടുന്നത്. ഒന്നാംലോകയുദ്ധത്തിൽ വൈമാനികനായി പങ്കെടുക്കുകയും ഏഴുതവണ മരണത്തിന്റെ വക്കിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്ത ആളാണ് എഫ്. ഡബ്ല്യു. മുർണോ.

ബ്രോം സ്റ്റോക്കർ

യുദ്ധം ഒരു നാടിനെ നശിപ്പിക്കുന്നതിന്റെ അടയാളങ്ങൾ ‘നോസ്‌ഫെറാതു'വിൽ നിരൂപകർ വായിക്കുന്നുണ്ട്. പ്ലേഗായി സിനിമയിൽ പ്രത്യക്ഷമാകുന്നത് ഒരർത്ഥത്തിൽ ഒന്നാംലോകയുദ്ധമാണ്. വിസ്‌ബോർഗ് നഗരത്തിലെ മനുഷ്യരെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന, രക്തത്തിനുവേണ്ടിയുള്ള ഓർലോക്കിന്റെ ആർത്തിയെ പ്ലെഗെന്ന മഹാമാരിയുമായി ബന്ധിപ്പിച്ച് മുർണോ യുദ്ധത്തെ ധ്വനിപ്പിക്കുകയാണ്.

ക്യാമറയെ ആത്മനിഷ്ഠമായി ഉപയോഗിക്കുന്ന ആദ്യത്തെ മുഖ്യധാരാ സംവിധായകരിൽ ഒരാളാണ് മുർണോ. അക്കാലത്തെ നിശ്ചലമായ ക്യാമറാ ഉപയോഗത്തെ ഒരു കഥ പറയാനുള്ള ഉപകരണമായി അദ്ദേഹം നിരന്തരം ചലിപ്പിച്ചു. കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളും വികാരങ്ങളും പ്രതിഫലിപ്പിക്കുന്നതിനായി അവയുടെ സ്ഥാനം അടിക്കടി മാറ്റുകയും ചെയ്തു. സ്റ്റുഡിയോകളിൽ നിന്ന്​ മാറി യഥാർത്ഥ ലൊക്കേഷനുകളിൽ സിനിമ ചിത്രീകരിക്കാൻ അദ്ദേഹം അന്ന് ധൈര്യം കാണിച്ചു.

അക്കാലത്ത് സ്‌പെഷൽ ഇഫക്റ്റുകൾ മനോഹരമായി തന്റെ സിനിമയിൽ നിബന്ധിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. രാത്രി/ പകൽ, പ്രകാശം/ ഇരുട്ട്, പ്രകൃതി / മനുഷ്യൻ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളിലൂടെ അങ്ങേയറ്റം നവീനമായ ഒരു ചലച്ചിത്രഭാഷ സൃഷ്ടിക്കാൻ ‘നോസ്‌ഫെറാതു' വിൽ മുർണോയ്ക്ക് കഴിയുന്നുണ്ട്. നിശ്ശബ്ദസിനിമയുടെ കാലത്തെ മാത്രമല്ല, എക്കാലത്തെയും ലോകസിനിമയിലെ പ്രതിഭാശാലിയായ സംവിധായകരിൽ ഒരാളാണ് എഫ്. ഡബ്ല്യു. മുർണോ. വിമാനാപകടങ്ങളിൽ നിന്ന് അവിശ്വസനീയമാംവിധം ഏഴുതവണ രക്ഷപ്പെട്ട അദ്ദേഹം പക്ഷേ, 42-ാം വയസ്സിൽ ദുരൂഹമായ കാറപകടത്തിൽ മരിക്കുന്നു.

സൺറൈസ്

മുർണോയുടെ ക്ലാസിക്കുകളായി അറിയപ്പെടുന്ന സിനിമകൾ Light And Shadows Of F. W. Murnau എന്ന വിഭാഗത്തിൽ ഇക്കുറി ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളായ ‘സൺറൈസ്', ‘ദ ലാസ്റ്റ് ലാഫ്', ‘നോസ്‌ഫെറാതു' എന്നിവ ഉൾപ്പെടെ അഞ്ചുചിത്രങ്ങൾ. അതിൽ ശ്രദ്ധേയമായ സംഗതി, ‘നോസ്‌ഫെറാതു' അവതരിപ്പിക്കുന്നത് ലൈവ് മ്യൂസിക്കോടെ ആണെന്നതാണ്. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പിയാനിസ്റ്റും യു.കെയിലെ അറിയപ്പെടുന്ന സംഗീത സംവിധായകനും നിരവധി നിശ്ശബ്ദചിത്ര ഫിലിം ഫെസ്റ്റിവലുകളുടെ ഡയറക്ടറുമായ ജോണി ബെസ്റ്റ്, ഗ്രാൻഡ് പിയാനോയിൽ വായിക്കുന്ന ലൈവ് മ്യൂസിക്കോടെ ഏറ്റവും മികച്ച പ്രിന്റിൽ ‘നോസ്‌ഫെറാതു' കാണാൻ ഇക്കുറി ഐ.എഫ്.എഫ്.കെ അവസരമൊരുക്കും.
ഈ സന്ദർഭം ഐ.എഫ്.എഫ്.കെയിലെത്തുന്ന പ്രേക്ഷകർ ഓർത്തുവെക്കേണ്ടതാണെന്നു മാത്രം പറയട്ടെ. Don't Miss It.

Comments